ലോകത്തെ വീക്ഷിക്കൽ
ചൊവ്വ ബഹിരാകാശവാഹന പ്രശ്നങ്ങൾ
ഡിസംബറിൽ, ‘മാഴ്സ് പോളാർ ലാൻഡർ’ എന്ന ബഹിരാകാശവാഹനം ചൊവ്വയുടെ അന്തരീക്ഷത്തിലേക്കു പ്രവേശിച്ചശേഷം നാസയ്ക്ക് അതുമായുള്ള സമ്പർക്കം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ല. ലാൻഡറിൽനിന്നു ഭൂമിയിലേക്കു വിവരങ്ങൾ അയയ്ക്കുന്നതിൽ സഹായിക്കേണ്ടിയിരുന്ന ‘മാഴ്സ് ക്ലൈമെറ്റ് ഓർബിറ്റർ’ ഏതാണ്ട് രണ്ടു മാസം മുമ്പ് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഈ തിരിച്ചടി. ലാൻഡറിന്റെ പരാജയ കാരണം അജ്ഞാതമാണ്. എന്നാൽ, ഓർബിറ്റർ ഗതിമാറി പോകാനുള്ള ഒരു കാരണം അതിന്റെ ഗതിനിയന്ത്രണ സിഗ്നലുകൾ ശരിക്കും കൈമാറാൻ കഴിയാതെ പോയി എന്നതായിരിക്കാം. സാധാരണമായി ഉപയോഗിക്കുന്ന മെട്രിക്ക് സമ്പ്രദായത്തിനു പകരം ഇംഗ്ലീഷ് അളവു സമ്പ്രദായം ഉപയോഗിച്ചു സിഗ്നലുകൾ നൽകിയതാണു വിനയായത്! സംഭവിച്ച പരാജയങ്ങളിൽ ദുഃഖിതരാണെങ്കിലും തങ്ങളുടെ ലക്ഷ്യങ്ങളുമായി മുന്നോട്ടു പോകാൻ നാസാ ശാസ്ത്രജ്ഞർ ദൃഢചിത്തരാണെന്ന് സിഎൻഎൻ പറയുന്നു. “ഈ അരുണഗ്രഹത്തിന്റെ കാലാവസ്ഥ, പാറ, മണ്ണ് എന്നിവയുടെ ചരിത്രം പഠിക്കുക; ജീവന്റെ തുടിപ്പിനായി അന്വേഷിക്കുക; മനുഷ്യ പര്യവേക്ഷണങ്ങൾക്കായുള്ള അടിത്തറ പാകുക” എന്നിവയാണ് അവരുടെ ലക്ഷ്യങ്ങൾ.
മൺമറയുന്ന ചൈനീസ് എഴുത്തുരീതി
നൂറ്റാണ്ടുകളോളം ദക്ഷിണ ചൈനയിലെ ഹൂനാൻ പ്രവിശ്യയിലെ ഒരു കൂട്ടം കൊച്ചു ഗ്രാമങ്ങളിൽ, സ്ത്രീകൾക്കു മാത്രം അറിയാവുന്ന ഒരു അസാധാരണ ലിപിന്യാസം അഥവാ എഴുത്തുരീതി ആയ നൂ ഷൂ ഉപയോഗത്തിലുണ്ടായിരുന്നു. പെൺകുട്ടികൾക്ക് ഔദ്യോഗിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് കർഷക സ്ത്രീകൾ വികസിപ്പിച്ചെടുത്തതാണ് ഇത്. ആയിരക്കണക്കിന് ചൈനീസ് ചിത്രലിപികളുടെ സ്ഥാനത്ത് ഇതിന് 700-ഓളം ഉച്ചാരണ ലിപികളാണുള്ളത്. വളഞ്ഞതും ചെരിഞ്ഞതുമായ നേരിയ വരകൾ ഉപയോഗിച്ചാണ് ഇത് എഴുതുന്നത്. നൂ ഷൂവിനെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി തയ്യാറാക്കിയ ചലച്ചിത്ര നിർമാതാവായ യാങ് യൂച്ചിങ് അവയെ “വളരെ കമനീയവും സ്ത്രൈണത നിഴലിക്കുന്നവയും . . . വർണനാത്മകവും—അതുകൊണ്ട് അവ തുണിയിൽ തുന്നിയോ നെയ്തോ പിടിപ്പിക്കുക പതിവായിരുന്നു—ആയ” ലിപികൾ എന്നു വിശേഷിപ്പിച്ചതായി ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. നൂ ഷൂ ലിപി ഉപയോഗിച്ചു സ്ത്രീകൾ നാടൻ പാരമ്പര്യങ്ങൾ രേഖപ്പെടുത്തുകയും തങ്ങളുടെ ജീവിത ഭാഗധേയത്തെ കുറിച്ചുള്ള പാട്ടുകളും കവിതകളും എഴുതുകയും ചെയ്തിരുന്നു. 1949-ൽ ചൈനയിൽ സ്ത്രീസമത്വം നിലവിൽ വന്നതോടെ നൂ ഷൂ-വിന്റെ ഉപയോഗം കുറഞ്ഞുതുടങ്ങി. ഇന്ന് ഈ പുരാതന ലിപി എഴുതാനറിയാവുന്ന മൂന്നു പേർ മാത്രമേയുള്ളൂ എന്നാണ് അറിവ്. അവർ മൂവരും വൃദ്ധകളാണ്.
അക്രമാസക്ത വീഡിയോ ഗെയിമുകൾ
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള സൈമൺ ഫ്രേസർ സർവകലാശാലയിലെ ഗവേഷകനായ ബ്രെന്റ് സ്റ്റാഫോർഡ്, വീഡിയോ ഗെയിമുകൾ കളിക്കുന്ന 600 കുട്ടികളിൽ നടത്തിയ ഒരു പഠനത്തെ അടിസ്ഥാനമാക്കി ഈ മുന്നറിയിപ്പു നൽകി: മിക്ക കളികളും “നമ്മുടെ കുട്ടികളെ അക്രമത്തിൽ രസിക്കാൻ പരിശീലിപ്പിക്കുകയാണ്.” മക്ലീൻസ് മാസിക ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “യാഥാർഥ്യം തുടിക്കുന്നതും ഏറ്റവും അക്രമാസക്തവുമായ കളികൾ ഇഷ്ടപ്പെടുന്ന തഴമ്പിച്ച കളിക്കാരിൽ ചിലർ ഒരൊറ്റ രാത്രിയിൽ 1000-ത്തോളം ‘അവതാരങ്ങളെ’ (സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ) മിക്കപ്പോഴും രക്തപങ്കിലമായ രംഗങ്ങളിൽ ‘കൊല്ലുന്നു.’” കളിക്കാരന്റെ വികാരങ്ങൾ ഉണർത്തുന്നതിനും “കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള അക്രമങ്ങൾ കണ്ടാൽ ഒന്നും തോന്നാത്ത വിധത്തിൽ ഹൃദയങ്ങളെ കല്ലാക്കിത്തീർക്കുന്ന കളികളുടെ ലോകത്ത് ഇളം മനസ്സുകളെ പിടിച്ചിരുത്തുന്നതിനും” പറ്റിയവിധത്തിൽ എത്ര വിദഗ്ധമായാണ് അക്രമാസക്തമായ വീഡിയോ ഗെയിമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതിനു ഗവേഷണം തെളിവു നൽകി. വീഡിയോ ഗെയിം വിപണിയുടെ പ്രതിവർഷ വരുമാനം 1,700 കോടി ഡോളറാണ്. “ചലച്ചിത്ര, ടെലിവിഷൻ വ്യവസായങ്ങളുടെ മൊത്തം വരുമാനത്തെക്കാൾ കൂടുതലാണ്” ഇത്. കുട്ടികൾ തിരഞ്ഞെടുക്കുന്ന കളികളെ കുറിച്ചു ബോധവാന്മാരായിരിക്കാനും ആസക്തരാകാനുള്ള എന്തെങ്കിലും പ്രവണത കുട്ടികളിലുണ്ടോ എന്ന് എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കാനും സ്റ്റാഫോർഡ് മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുന്നു.
യുദ്ധ വാർത്തകൾ
“ലോകമെമ്പാടുമായി ഇപ്പോൾ 27 യുദ്ധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്” എന്ന് സൈക്കോളജി ടുഡേ പറയുന്നു. സ്റ്റോക്ക്ഹോം അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ടനുസരിച്ച് ലൈബീരിയയിലെ ഏഴു വർഷ ആഭ്യന്തര യുദ്ധത്തിൽ 1,50,000-ലധികം പേർക്കു തങ്ങളുടെ ജീവൻ നഷ്ടമായി. നീണ്ട 15 വർഷത്തെ ആഭ്യന്തര കലാപത്തിൽ അംഗോളയിൽ മരിച്ചതാകട്ടെ 5,00,000 പേരും. തുർക്കിയിൽ 1984 മുതൽ നടന്ന പോരാട്ടങ്ങളിൽ 37,000-ലധികം പേരും 1983 മുതൽ ശ്രീലങ്കയിൽ നടന്ന യുദ്ധങ്ങളിൽ 60,000-ത്തോളം പേരും കൊല്ലപ്പെട്ടു. “മൊത്തം 2 കോടിയിലധികം ആളുകൾ—മിക്കവരും സൈനികരല്ല—രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നടന്ന യുദ്ധങ്ങളിൽ മരിച്ചിട്ടുണ്ട്” എന്നു മാസിക പറയുന്നു. “ഉൾപ്പെട്ടിരിക്കുന്ന സാമ്പത്തിക ഘടകം കാരണം . . . യുദ്ധം ഒഴിവാക്കാനാവാത്ത ഒന്നായി തുടർന്നേക്കാം. ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിൽ ഒന്നാണ് യുദ്ധം. അതിന്റെ പേരിൽ ഓരോ വർഷവും ചെലവാകുന്നത് 80,000 കോടി ഡോളറാണ്. ചിലർക്കൊക്കെ അതു വൻ നേട്ടങ്ങളും കൈവരുത്തുന്നു.” മാസികയുടെ മുഖപ്രസംഗം ഇങ്ങനെ പ്രസ്താവിച്ചു: “സ്വന്തം വർഗത്തോട് ഇത്രയും ക്രൂരമായി ഇടപെടുന്ന നമ്മൾ വിചിത്ര ജീവികൾ തന്നെ.” ഐക്യരാഷ്ട്ര സംഘടന ഈ വർഷത്തെ അന്താരാഷ്ട്ര സമാധാന വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
പുകവലിയും അന്ധതയും
“അന്ധതയ്ക്കുള്ള ഒരു പ്രമുഖ കാരണം പുകവലിയാണ്” എന്ന് കാൻബെറാ ടൈംസ് പത്രം റിപ്പോർട്ടു ചെയ്യുന്നു. ഓസ്ട്രേലിയൻ ദേശീയ സർവകലാശാലയിലെയും സിഡ്നി സർവകലാശാലയിലെയും ഗവേഷകരുടെ കണക്കനുസരിച്ച്, 50 വയസ്സു കഴിഞ്ഞ ഓസ്ട്രേലിയക്കാരിലെ 20 ശതമാനം അന്ധതയ്ക്കും കാരണം പുകവലിയാണ്. പുകവലിക്കാർക്ക്, പ്രായാധിക്യവുമായി ബന്ധപ്പെട്ട മാക്കുലർ ഡീജനറേഷൻ (കണ്ണിലെ മാക്കുല ലൂട്ടിയ എന്ന ഭാഗത്തിനു ക്ഷയം സംഭവിക്കുന്നതു മൂലമുണ്ടാകുന്ന കാഴ്ചത്തകരാറ്) ഉണ്ടാകാനുള്ള സാധ്യത പുകവലിക്കാത്തവരെ അപേക്ഷിച്ച് രണ്ടു മുതൽ അഞ്ചു വരെ ഇരട്ടിയാണെന്ന് ഓസ്ട്രേലിയ, ഐക്യനാടുകൾ, യൂറോപ്പ് എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തിൽ ഗവേഷകർ പറഞ്ഞു. അതുകൊണ്ട്, സിഗരറ്റ് പാക്കറ്റുകളിൽ ‘പുകവലി—അന്ധതയ്ക്കുള്ള ഒരു പ്രമുഖ കാരണം’ എന്ന മുന്നറിയിപ്പു കൊടുക്കാൻ ഓസ്ട്രേലിയൻ ദേശീയ സർവകലാശാലയിലെ ഡോ. വെയ്ൻ സ്മിത്ത് നിർദേശിച്ചു.
അവഗണനയും ശിശുദ്രോഹവും
ജപ്പാനിൽ, റിപ്പോർട്ടു ചെയ്യപ്പെട്ട ശിശുദ്രോഹ കേസുകളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 1998 സാമ്പത്തിക വർഷത്തിൽ 30 ശതമാനം വർധനവ് ഉണ്ടായതായി ആസാഹി ഈവനിങ് ന്യൂസ് റിപ്പോർട്ടു ചെയ്തു. “അമ്മമാർ വർധിച്ച സമ്മർദത്തിൻകീഴിൽ—അവരിൽ പലരും കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന്റെ മുഴു ഉത്തരവാദിത്വവും ഒറ്റയ്ക്കു പേറുന്നവരായിരുന്നു—ആയിരിക്കുന്നതും” ദുഷ്പെരുമാറ്റവും അവഗണനയും റിപ്പോർട്ടു ചെയ്യേണ്ട ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്ന “പൊതുജനങ്ങൾക്കിടയിലെ വർധിച്ച അറിവു”മാണ് ഇതിനു കാരണമെന്നു വിദഗ്ധർ കരുതുന്നു. വീട്ടിലോ പാർക്കു ചെയ്ത കാറിലോ ഒക്കെ ഒറ്റയ്ക്കിട്ടിട്ടു പോകുന്ന കൊച്ചുകുട്ടികൾ മരിക്കുന്നതായുള്ള കേസുകളും ജപ്പാനിൽ വർധിച്ചിരിക്കുന്നതായി ദ ഡെയ്ലി യൊമിയൂറീ പറയുന്നു. ചില സന്ദർഭങ്ങളിൽ അവരുടെ മാതാപിതാക്കൾ പിൻബോൾ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പാച്ചിങ്കോ ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അടുത്തകാലംവരെ വളരെ അപൂർവമായേ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ മാതാപിതാക്കളുടെ പേരിൽ ക്രിമിനൽ കുറ്റം ചുമത്തിയിരുന്നുള്ളു. എന്നാൽ ഇപ്പോൾ, ഗുരുതരമായ അവഗണന പ്രകടമാക്കുന്ന മാതാപിതാക്കളുടെ പേരിൽ കേസെടുക്കാൻ അധികാരികൾ തീരുമാനിച്ചിരിക്കുകയാണ്.
എച്ച്ഐവി-യുമായി ജനിക്കുന്ന കുഞ്ഞുങ്ങൾ
“എയ്ഡ്സ് രോഗത്തിന് ഇടയാക്കുന്ന വൈറസായ എച്ച്ഐവി-യുമായാണ് ആഫ്രിക്കയിലെ കുഞ്ഞുങ്ങളിൽ പകുതിയും ജനിക്കുന്നത്” എന്ന് യുണൈറ്റഡ് പ്രസ്സ് ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്യുന്നു. എച്ച്ഐവി-യുടെയും എയ്ഡ്സിന്റെയും ഫലമായി ആഫ്രിക്കയുടെ ചില ഭാഗങ്ങളിലുള്ളവരുടെ ആയുർപ്രതീക്ഷ മുമ്പത്തേതിനെക്കാൾ 25 വർഷം കുറഞ്ഞിരിക്കുന്നതായി എച്ച്ഐവി/എയ്ഡ്സ് സംയുക്ത ഐക്യരാഷ്ട്ര പദ്ധതിയുടെ എക്സിക്യൂട്ടിവ് ഡയറക്ടറായ ഡോ. പീറ്റർ പ്യോ പറഞ്ഞു. റിപ്പോർട്ട് ഇങ്ങനെ കൂട്ടിച്ചേർത്തു: “ലോകത്തിൽ, എച്ച്ഐവി ബാധിതരുടെ നിരക്ക് ഏറ്റവും കൂടുതലുള്ള 21 രാജ്യങ്ങളും ആഫ്രിക്കയിലാണ്. അതിൽ 10 രാജ്യങ്ങളിൽ, ജനസംഖ്യയുടെ 10 ശതമാനത്തെ എങ്കിലും ഇതു ബാധിച്ചിട്ടുണ്ട്.” ലോകവ്യാപകമായി എയ്ഡ്സ് മൂലം മരണമടഞ്ഞിട്ടുള്ളവരിൽ ഏതാണ്ട് 80 ശതമാനവും ആഫ്രിക്കയിൽ നിന്നുള്ളവരായിരുന്നു.
സൈക്കിൾ മാഹാത്മ്യം
“ഏറ്റവും കുറച്ച് ഊർജം നഷ്ടപ്പെടുത്തുന്ന ഒരു ഗതാഗതമാർഗം ആയിരിക്കാം സൈക്കിൾ—ഇന്ധനം ഉപയോഗിക്കാത്തതുകൊണ്ടു മാത്രമല്ല മറിച്ച്, ഊർജ നഷ്ടം ഏറ്റവും കുറയ്ക്കുന്ന ഒരു രൂപഘടന ഉള്ളതുകൊണ്ടും കൂടെ” എന്നു റോയിറ്റേഴ്സ് വാർത്താ ഏജൻസിയുടെ ഒരു റിപ്പോർട്ടു പറയുന്നു. ഇൻഫ്രാറെഡ് കാമറ ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ നിയന്ത്രിത സൈക്കിൾ ഡ്രൈവ്ലൈൻ പരിശോധിച്ച ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലാ എൻജിനീയർമാർ സൈക്കിളിന്റെ ചെയിൻ ചലിക്കുമ്പോൾ വളരെ കുറച്ചു താപമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളു എന്നു കണ്ടെത്തി. റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ചെയിൻ സംവിധാനത്തിന്റെ ഊർജക്ഷമത 98.6 ശതമാനം ആയിരുന്നു എന്നത് എൻജിനീയർമാരെ അത്ഭുതപ്പെടുത്തി. അതിന്റെ അർഥം മുന്നിലെ പൽച്ചക്രം തിരിക്കാൻ ഉപയോഗിച്ച ഊർജത്തിന്റെ 2 ശതമാനത്തിൽ താഴെ മാത്രമേ താപമായി നഷ്ടപ്പെട്ടുപോയുള്ളു എന്നാണ്. വ്യത്യസ്ത അവസ്ഥകളിൻകീഴിൽ നടത്തിയ പരീക്ഷണങ്ങളിൽ, ഏറ്റവും കൂടിയത് 19 ശതമാനം വരെ ഊർജമേ നഷ്ടപ്പെട്ടുള്ളുവെന്ന് അവർ കണ്ടെത്തി.” പഠനത്തിനു നേതൃത്വം നൽകിയ ജെയിംസ് സ്പൈസർ പറഞ്ഞു: “ഇത് അതിശയകരം തന്നെയാണ്, പ്രത്യേകിച്ചും ഒരു നൂറ്റാണ്ടിലധികമായി ഇതിന്റെ ചെയിൻ സംവിധാനത്തിന്റെ അടിസ്ഥാന ഘടനയ്ക്കു മാറ്റം വന്നിട്ടില്ല എന്നതു കണക്കിലെടുക്കുമ്പോൾ.”
മഴയുടെ വികൃതി
ചൈനയിലെ സ്വയംഭരണ മേഖലയായ ഷിൻജ്യാങ് വീഗറിലെ ടുർപാനിൽ ഒരു അസാധാരണ പ്രാകൃതിക പ്രതിഭാസം ഉണ്ടാകാറുണ്ട്. മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോഴും താഴെ കാലാവസ്ഥ ചൂടുള്ളതും ഈർപ്പരഹിതവും ആയിരിക്കും എന്ന് ചൈനാ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. ആകാശത്തുനിന്നു മഴത്തുള്ളികൾ വീഴുന്നതു കാണാം; കൈ ഉയർത്തി വീശുകയാണെങ്കിൽ അവ കൈയിൽ വീഴുകയും ചെയ്യും. എന്നാൽ ടുർപാനിലെ അത്യന്തം വരണ്ട കാലാവസ്ഥയിൽ മഴ പെയ്യുന്നതിനെക്കാൾ വളരെ വേഗമാണു ബാഷ്പീകരണം നടക്കുന്നത്. അങ്ങനെ നിലംതൊടുന്നതിനു മുമ്പ് മഴത്തുള്ളികൾ ആവിയായിപ്പോകുന്നു.
മാരകമായ ഭക്ഷണം
പശ്ചിമേന്ത്യയിലെ കൂച്ച് ജില്ലയിലെ ഒരു വെറ്ററിനെറി ശസ്ത്രക്രിയാവിദഗ്ധൻ അടുത്തകാലത്ത്, സുഖമില്ലാതായ ഒരു പശുവിന്റെ വയറ്റിൽനിന്നു 45 കിലോഗ്രാം വരുന്ന പ്ലാസ്റ്റിക് കവറുകൾ പുറത്തെടുത്തതായി ഇന്ത്യയിലെ കേരളത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന ദ വീക്ക് മാസിക പറയുന്നു. കവറുകൾക്കു പുറമേ തുണി, തേങ്ങയുടെ തൊണ്ട്, ചുറ്റിവെച്ചിരുന്ന കുറേ വയറ്, ഒരു സ്ക്രൂ എന്നിവയും അദ്ദേഹം കണ്ടെത്തി. ഇന്ത്യയിലെ അലഞ്ഞുനടക്കുന്ന പശുക്കൾ മുഖ്യമായും ചപ്പുചവറാണു തിന്നുന്നത്. അക്കൂട്ടത്തിൽ കാണുന്ന പ്ലാസ്റ്റിക് കവറുകൾ അവയ്ക്കു വളരെ അപകടകരമാണ്. കറവപ്പശുക്കൾപോലും പലപ്പോഴും മേച്ചിൽസ്ഥലങ്ങളിലേക്കു പോകുന്നവഴിക്ക് റോഡരികിൽ കിടക്കുന്ന ചപ്പുചവറ് തിന്നുന്നു. വെറ്ററിനെറി ഡോക്ടറായ ജഡേജയുടെ അഭിപ്രായത്തിൽ കുളമ്പുദീനം കഴിഞ്ഞാൽപ്പിന്നെ പശുക്കളെ ബാധിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഈ പ്ലാസ്റ്റിക് തീറ്റിയാണ്. ദഹിക്കാതെ കിടക്കുന്ന പ്ലാസ്റ്റിക് ഉദരത്തിൽ തടസ്സം സൃഷ്ടിക്കുന്നതിന്റെ ഫലമായി പശുക്കൾക്ക് അയവിറക്കാൻ കഴിയാതാകുന്നു; അവ ചാകുകയാണു പതിവ്. ചെരിപ്പുകുത്തികളാണ് ഈ സ്ഥിതിവിശേഷം ഡോ. ജഡേജയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ചത്ത പശുക്കളുടെ തോൽ ഉരിഞ്ഞെടുക്കുമ്പോഴാണ് അവർ അവയുടെ വയറ്റിലുള്ള പ്ലാസ്റ്റിക് കൂമ്പാരം കണ്ടത്.