അരുണ ഗ്രഹത്തിൽ വീണ്ടുമൊരു സന്ദർശനം
സൗരയൂഥത്തിലെ നമ്മുടെ അയൽഗ്രഹമായ ചൊവ്വയിലേക്കു ഭൂമിയിൽനിന്ന് രണ്ട് “ഡിറ്റക്റ്റീവുകളെ” അയച്ചിരിക്കുന്നു. അരുണ ഗ്രഹത്തിന്റെ ഭൂതകാലത്തെയും അതിന്റെ ഇന്നത്തെ അവസ്ഥയെയും കുറിച്ചുള്ള ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനാണ് ആ “ഡിറ്റക്റ്റീവുകൾ” അയയ്ക്കപ്പെട്ടത്.
പ്രാചീന കാലം മുതൽക്കേ മനുഷ്യ ഭാവനയെ ഉണർത്തിയിട്ടുള്ള ഒരു ഗ്രഹമാണ് ചൊവ്വ. നിശാനഭസ്സിൽ മറ്റു നക്ഷത്രങ്ങളെ അപേക്ഷിച്ച് വേഗത്തിൽ ചരിക്കുന്ന ശോഭയേറിയ ഈ ഗ്രഹത്തിന് അസാധാരണമായ എന്തോ പ്രത്യേകത ഉള്ളതായി നമ്മുടെ പൂർവികർ കരുതിയിരുന്നു. ഇതിനു ചുവപ്പുനിറം ഉള്ളതിനാൽ പണ്ടുകാലത്തെ ബാബിലോണിയരും ഗ്രീക്കുകാരും റോമാക്കാരുമൊക്കെ ഈ ഗ്രഹത്തിനു തങ്ങളുടെ യുദ്ധദേവന്മാരുടെയും മൃത്യുദേവന്മാരുടെയും പേരുകൾ നൽകി. ഇരുമ്പ് ഓക്സൈഡിന്റെ ധൂളി നിറഞ്ഞ ഉപരിതലമാണ് അതിന് ആ നിറം നൽകുന്നതെന്ന വസ്തുത അവർക്ക് അറിഞ്ഞുകൂടായിരുന്നു.
കുറേക്കൂടി അടുത്ത കാലത്ത് ജ്യോതിശ്ശാസ്ത്രജ്ഞർ ശക്തിയേറിയ ദൂരദർശിനികൾ ഉപയോഗിച്ച് സൗരയൂഥത്തെ നിരീക്ഷിച്ചു. അതിന്റെ ഫലമായി, നമ്മുടെ അയൽവാസിയായ അരുണ ഗ്രഹത്തിൽ ഋതുഭേദങ്ങളും മഞ്ഞു മൂടിയ ധ്രുവങ്ങളും തുടങ്ങി ഭൂമിയുടേതിനു സമാനമായ പല സവിശേഷതകളും ഉണ്ടെന്ന് അവർക്കു മനസ്സിലാക്കാൻ കഴിഞ്ഞു. 20-ാം നൂറ്റാണ്ടിൽ സോവിയറ്റ് യൂണിയനും ഐക്യനാടുകളും അയച്ച, ഉപഗ്രഹങ്ങളും ഉപരിതലത്തിൽ ചെന്നിറങ്ങുന്ന വാഹനങ്ങളും (ലാൻഡർ) ഉൾപ്പെടെയുള്ള നിരവധി ബഹിരാകാശ പര്യവേക്ഷണ ഉപകരണങ്ങൾ അഥവാ പേടകങ്ങളാണ് ചൊവ്വയുടെ ആദ്യകാല നിരീക്ഷണത്തിന് ഉപയോഗിച്ചത്. അതിനൊക്കെ ശേഷമാണ് പാത്ത്ഫൈൻഡർ ചൊവ്വയിൽ ഇറങ്ങുന്നത്. 1997 ജൂലൈയിൽ അത് കോടിക്കണക്കിനു ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചെടുത്തു.a
ഇപ്പോൾ, ‘മാഴ്സ് ഗ്ലോബൽ സർവേയർ’ എന്ന കൃത്രിമോപഗ്രഹം ഈ അരുണ ഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. തത്ഫലമായി ധാരാളം വിവരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും, ചൊവ്വയെ കുറിച്ചുള്ള പല അടിസ്ഥാന ചോദ്യങ്ങൾക്കും ഇനിയും ഉത്തരം കിട്ടിയിട്ടില്ല.
വെള്ളം എവിടെ?
ഈ ചോദ്യങ്ങളിലെ ഒരു പൊതുവായ ഘടകം വെള്ളം ആണ്. വളരെ പണ്ട് ചൊവ്വാ ഗ്രഹം ഇന്നത്തേതിൽനിന്നും വളരെ വ്യത്യസ്തമായ അവസ്ഥയിൽ ആയിരുന്നതായി ശാസ്ത്രജ്ഞർ കണക്കാക്കുന്നു. ചൂടു കൂടിയ കാലാവസ്ഥയും ഈർപ്പമുള്ള വായുവും ഉപരിതലത്തിന് അലങ്കാരമായി ഒഴുകുന്ന നദികളുമുള്ള ഒരു ഗ്രഹമായിരുന്നു അതെന്നാണ് അവർ പറയുന്നത്. എന്നാൽ വെള്ളം എവിടെയോ അപ്രത്യക്ഷമായപ്പോൾ, പിന്നെ ശേഷിച്ചത് ഭൂമിയിലെ മരുഭൂമികളെ പോലും ഹരിതാഭമെന്നു തോന്നിപ്പിക്കാൻ പോന്നവിധം വരണ്ടുണങ്ങിയ, പൊടിനിറഞ്ഞ, സദാ കാറ്റടിക്കുന്ന ഒരു ഗ്രഹമാണ്. അപ്പോൾ അതിലെ വെള്ളം എവിടെ പോയി? ചൊവ്വയിൽ ഇപ്പോൾ വെള്ളം എവിടെ കണ്ടെത്താൻ കഴിയും, ഏതു രൂപത്തിൽ? ചൊവ്വയുടെ അന്തരീക്ഷസ്ഥിതിയെയും കാലാവസ്ഥയെയും വെള്ളം എങ്ങനെയാണു സ്വാധീനിക്കുന്നത്?
“അത് ഒരു ഡിറ്റക്റ്റീവ് കഥയാണ്.” കാലിഫോർണിയയിലെ പാസഡിനയിലുള്ള നാസയുടെ ജെറ്റ് പ്രൊപ്പൾഷൻ ലബോറട്ടറിയിലെ ചൊവ്വാ പര്യവേക്ഷണ ഓഫീസിന്റെ മുൻ തലവനായ നോർമാൻ ഹെയ്ൻസ് ആണ് അങ്ങനെ പറയുന്നത്. “ചൊവ്വയിലെ വെള്ളത്തിന് എന്തു സംഭവിച്ചു എന്നു കണ്ടുപിടിക്കുന്നതാണ് യഥാർഥ വെല്ലുവിളി.” താമസിയാതെ, അതിന് ഉത്തരം കണ്ടെത്താനാകുമെന്നു ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നു. ഭൂമിയും ചൊവ്വയും നേർരേഖയിൽ വരുന്ന ഓരോ രണ്ടു വർഷത്തിലും, ചൊവ്വയുടെ നിഗൂഢത ക്രമേണ അനാവരണം ചെയ്യാനായി റോബോട്ട് നിയന്ത്രിത പര്യവേക്ഷണ ഉപകരണങ്ങൾ അവിടേക്കു വിക്ഷേപിക്കാൻ ഗവേഷകർ പദ്ധതിയിടുന്നു.
ധ്രുവപ്രദേശത്തിനു മുകളിലായി ഭ്രമണം ചെയ്യാൻ രൂപകൽപ്പന ചെയ്യപ്പെട്ട ഒരു കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹവും നിലത്തിറങ്ങി രാസപരിശോധന നടത്താൻ കഴിയുന്ന ഒരു റോബോട്ടുമാണ് ഏറ്റവും പുതിയ അത്തരം രണ്ടു “ഡിറ്റക്റ്റീവുകൾ.” ചൊവ്വയുടെ ഭൂഗർഭത്തെ കുറിച്ച് ശാസ്ത്രജ്ഞർക്കു കൂടുതൽ വിവരങ്ങൾ പ്രദാനം ചെയ്യാൻ അവ ഉപകരിക്കും. ‘മാഴ്സ് ക്ലൈമെറ്റ് ഓർബിറ്റർ’ എന്നും ‘മാഴ്സ് പോളാർ ലാൻഡർ’ എന്നുമാണ് അവയുടെ പേരുകൾ.
ചൊവ്വയിലേക്കുള്ള യാത്രയിൽ
ഫ്ളോറിഡയിലെ കേപ്പ് കനാവറലിലുള്ള കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് 1998 ഡിസംബർ 11-ന് ആണ് ‘മാഴ്സ് ക്ലൈമെറ്റ് ഓർബിറ്റർ’ വിക്ഷേപിച്ചത്. അത് ചൊവ്വയിൽ എത്താൻ ഒമ്പതു മാസം എടുക്കുമായിരുന്നു. ചൊവ്വയുടെ ഉപരിതലത്തിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഒരു ഭ്രമണപഥത്തിൽ നിന്നുകൊണ്ട് ആ ഗ്രഹത്തിന്റെ അന്തരീക്ഷവും ഉപരിതല സവിശേഷതകളും ധ്രുവഹിമത്തൊപ്പികളും നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു അതു രൂപകൽപ്പന ചെയ്യപ്പെട്ടത്. ഈ നിരീക്ഷണങ്ങൾ ഒരു ചൊവ്വാവർഷക്കാലം, അതായത് 687 ഭൗമദിനങ്ങൾ, നീണ്ടുനിൽക്കേണ്ടിയിരുന്നു.
സെപ്റ്റംബർ 23-ന്, അതായത് ക്ലൈമെറ്റ് ഓർബിറ്റർ ചൊവ്വാ നിരീക്ഷണം തുടങ്ങേണ്ടിയിരുന്ന ദിവസം അതുമായുള്ള വിനിമയബന്ധം നഷ്ടപ്പെട്ടതായി നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ ശാസ്ത്രജ്ഞർ പറഞ്ഞു. “ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാൾ കൂടുതൽ അത് ചൊവ്വയുടെ ഉപരിതലത്തോട് അടുത്തുപോയി,” ദൗത്യസംഘത്തിന്റെ പ്രൊജക്റ്റ് മാനേജർ റിച്ചാർഡ് കുക്ക് പറഞ്ഞു. “അതുകൊണ്ടായിരിക്കാം ആ സംരംഭം പരാജയപ്പെട്ടത്.” ചൊവ്വയുടെ ഉപരിതലത്തിലെ ഋതുഭേദങ്ങൾ നിരീക്ഷിക്കുകയും അതിന്റെ ആദിമ കാലാവസ്ഥാ ചരിത്രത്തെ കുറിച്ചുള്ള സുപ്രധാന സൂചനകൾ ശാസ്ത്രജ്ഞർക്കു ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു ഓർബിറ്ററിന്റെ ദൗത്യം. അത്തരം വിവരങ്ങൾ ചൊവ്വയുടെ ഉപരിതലത്തിന് അടിയിൽ ഉണ്ടായിരുന്നേക്കാവുന്ന ദ്രവരൂപത്തിലുള്ള ജലശേഖരത്തെ കുറിച്ചു കൂടുതൽ വിവരങ്ങൾ ഗവേഷകർക്കു നൽകുമായിരുന്നു.
എന്നിരുന്നാലും, തങ്ങൾ അമ്പേ പരാജയപ്പെട്ടിട്ടില്ലെന്നു തന്നെയാണ് ശാസ്ത്രജ്ഞർ കരുതുന്നത്. കാരണം രണ്ടാമത്തെ ബഹിരാകാശ പര്യവേക്ഷണ ഉപകരണമായ മാഴ്സ് പോളാർ ലാൻഡർ ചൊവ്വയിലേക്കുള്ള യാത്രയിലാണ്. 1999 ജനുവരി 3-ന് വിക്ഷേപിച്ച അത് ഡിസംബർ ആദ്യം ചൊവ്വയിൽ എത്തും. പരമാവധി പ്രയോജനം ലഭിക്കണമെങ്കിൽ ഈ ലാൻഡർ എവിടെയാണ് ഇറങ്ങേണ്ടത്?
എവിടെ ഇറങ്ങണം?
ചൊവ്വയിൽ വെള്ളം ഉണ്ടോ എന്ന ചോദ്യമാണ് ആ ഗ്രഹത്തെ കുറിച്ചുള്ള പര്യവേക്ഷണത്തിലെ സുപ്രധാന ഘടകം. ആ ഗ്രഹത്തിൽ വെള്ളത്തെ കുറിച്ചു പഠനം നടത്താൻ ഏറ്റവും പറ്റിയ സ്ഥലം ഏതാണ്? പല സ്ഥലങ്ങളിൽ നാനാവിധ ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആയിരക്കണക്കിനു വ്യതിരിക്ത പഠനങ്ങളുടെ ഫലങ്ങൾ താരതമ്യം ചെയ്താണ് ഭൂമിയിലെ അന്തരീക്ഷസ്ഥിതി, കാലാവസ്ഥ, ജലപരിവൃത്തി തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുന്നത്. എന്നാൽ, മറ്റു ഗ്രഹങ്ങളുടെ പര്യവേക്ഷണത്തിന് അതിലുമൊക്കെ വളരെ ശ്രദ്ധാപൂർവമായ ഒരു രീതിയാണ് ആവശ്യം. ചൊവ്വയെ അതിന്റെതന്നെ ഉപരിതലത്തിൽനിന്ന് പഠിക്കുന്നതിനുള്ള അവസരങ്ങൾ അപൂർവമായതിനാൽ അയയ്ക്കേണ്ട ഉപകരണങ്ങൾ ഏതൊക്കെ എന്നും എവിടേക്കാണ് അവ അയയ്ക്കേണ്ടത് എന്നും തീരുമാനിക്കുമ്പോൾ ശാസ്ത്രഗവേഷകർ വളരെ സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.
ചൊവ്വയിലെ ധ്രുവപ്രദേശങ്ങൾ, രണ്ടു വർഷം മുമ്പ് മാഴ്സ് പാത്ത്ഫൈൻഡർ ഇറങ്ങിയ, കല്ലുകൾ നിറഞ്ഞ, പ്രളയസമതലത്തിൽനിന്നും തികച്ചും വ്യത്യസ്തങ്ങളാണ്. എങ്കിലും, കാലാവസ്ഥയെ കുറിച്ചു പഠിക്കാൻ ഈ ധ്രുവപ്രദേശങ്ങളാണ് ഏറ്റവും അനുയോജ്യം. ഈ ധ്രുവപ്രദേശങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കാറുണ്ട്. കാലിക ധൂളീവാതങ്ങളുടെ ഫലമായി ധ്രുവപ്രദേശങ്ങളിൽ ധൂളിയുടെ ഒരു നേർത്ത പടലം ഉണ്ടാകുന്നതായി കരുതപ്പെടുന്നു. ശൈത്യം വന്നെത്തുമ്പോൾ ഈ ധൂളി, കാർബൺ ഡൈ ഓക്സൈഡിന്റെയും ഹിമത്തിന്റെയും അടിയിൽ തണുത്തുറയുന്നു. അങ്ങനെ കാലക്രമേണ പല പാളികൾ രൂപം കൊള്ളുന്നു. “[ചൊവ്വയുടെ] കാലാവസ്ഥാ ചരിത്രം സൂക്ഷിക്കുന്നവയാണ് ഈ പാളികൾ,” അരിസോണ യൂണിവേഴ്സിറ്റിയിലെ റാൽഫ് ലോറൻസ് പറയുന്നു. ഈ പുതിയ പ്രദേശത്തു നടത്തുന്ന പര്യവേക്ഷണം ചൊവ്വാ ഗവേഷണത്തിൽ നിർണായകമായ ഒരു പടി ആയിരിക്കുമെന്നു വിദഗ്ധർ വിശ്വസിക്കുന്നു. എപ്രകാരം? നിലത്തിറങ്ങിയ ശേഷം ലാൻഡർ എന്തു ചെയ്യും?
ഉപരിതലത്തിനടിയിലെ ഗവേഷണം
എട്ടുകാലിയെ പോലെ തോന്നിക്കുന്ന യന്ത്രമായ ലാൻഡറിന് ഒരു മീറ്റർ ഉയരമുണ്ട്. മൂന്നു കാലുകളുള്ള ഇതിന് രണ്ടു മീറ്റർ നീളമുള്ള ഒരു യന്ത്രക്കയ്യും ഉണ്ട്, അതിന്റെ അറ്റത്ത് ഒരു കോരികയും. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങുന്നതിനു മുമ്പുതന്നെ അതിന്റെ ദൗത്യം ആരംഭിക്കും. അരുണ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്, ലാൻഡർ ഒരു ബാസ്ക്കറ്റ് ബോളിന്റെ അത്രയും വലിപ്പമുള്ള ഒരു ജോടി ഷെല്ലുകൾ ഉപരിതലത്തിലേക്ക് ഇടും.
സ്വതന്ത്രമായി താഴേക്കു പതിക്കുന്ന ഈ ഷെല്ലുകൾ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത്തിലായിരിക്കും നിലത്തു വന്നിടിക്കുക. വന്നിടിക്കുമ്പോൾ പൊട്ടാൻ പാകത്തിലാണ് ഈ ഷെല്ലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അവ പൊട്ടിക്കഴിയുമ്പോൾ പുറത്തുവരുന്ന ഒരു ജോടി ചെറിയ ഉപകരണങ്ങൾ മണ്ണിൽ ഒരു മീറ്ററോളം ആഴ്ന്നിറങ്ങും. ഉടൻ, ആ ഉപകരണങ്ങൾ ചെറിയ രണ്ടു ഡ്രില്ലുകൾ പുറത്തുവിടുകയും ചൊവ്വയിലെ മണ്ണിന്റെ രാസഘടന പരിശോധിച്ചു തുടങ്ങുകയും ചെയ്യും. മണ്ണിനടിയിൽ ജലം ഉറഞ്ഞുപോയതിന്റെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടോ എന്നായിരിക്കും അത് ആദ്യം പരിശോധിക്കുക.
ഗവേഷണ ഉപകരണം നിലത്തിറങ്ങി താമസിയാതെ, ലാൻഡർ ഒരു പാരച്യൂട്ടിൽ താഴേക്കിറങ്ങും. ക്യാമറകളും സെൻസറുകളുമുള്ള ഈ ലാൻഡർ ചൊവ്വയിലെ മണ്ണിനെയും കാലാവസ്ഥയെയും കുറിച്ചു പഠിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അതു താഴേക്ക് ഇറങ്ങുമ്പോഴും നിലത്ത് ഇറങ്ങിയതിനു ശേഷവും ചിത്രങ്ങൾ എടുക്കും. അതിലുള്ള മൈക്രോഫോൺ ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി റെക്കോർഡ് ചെയ്യും. നിലത്ത് ഇറങ്ങിയശേഷം 90 ദിവസം പ്രവർത്തിക്കാൻ പോന്ന വിധത്തിലാണ് ലാൻഡർ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
പര്യവേക്ഷണത്തിനുള്ള പ്രോത്സാഹനം
ചൊവ്വയെ കുറിച്ചു കൂടുതൽ പഠിക്കുന്നതിനുള്ള 16 വർഷത്തെ ഒരു യത്നത്തിന്റെ ഭാഗമാണ് ഈ സംരംഭം. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങൾ പഠിക്കാനും വിശകലനം ചെയ്യാനും ശാസ്ത്രജ്ഞർക്കു തീർച്ചയായും വർഷങ്ങൾതന്നെ വേണ്ടിവരും. നാസയ്ക്കു പുറമേ, യൂറോപ്പിലെയും ജപ്പാനിലെയും റഷ്യയിലെയും ബഹിരാകാശ ഏജൻസികളും ഇത്തരം ദൗത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഒടുവിൽ, ഭാവി സംരംഭങ്ങളുടെ ഫലമായി ചൊവ്വയിലെ മണ്ണിന്റെ സാമ്പിളുകൾ വിശകലനത്തിനായി ഭൂമിയിലുള്ള പരീക്ഷണശാലകളിലേക്ക് എത്തിക്കാൻ കഴിയുമെന്നു ശാസ്ത്രജ്ഞർ പ്രത്യാശിക്കുന്നു. അങ്ങനെ, അരുണവർണത്തിലുള്ള നമ്മുടെ അയൽഗ്രഹമായ ചൊവ്വയിലെ കാലാവസ്ഥയ്ക്ക് എന്തു സംഭവിച്ചു എന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരം കണ്ടെത്താൻ കഴിഞ്ഞേക്കും.
[അടിക്കുറിപ്പുകൾ]
a 1998 ജൂൺ 22 ലക്കം ഉണരുക!യിൽ വന്ന “ചൊവ്വയിൽ ഒരു റോബോട്ട് പര്യവേക്ഷണം നടത്തുന്നു” എന്ന ലേഖനം കാണുക.
[15-ാം പേജിലെ ചതുരം/ചിത്രം]
ജീവൻ വന്നത് ചൊവ്വയിൽനിന്നോ?
‘ഉൽക്ക എഎൽഎച്ച്84001.’ ചൊവ്വയിൽനിന്ന് ഉള്ളതാണെന്നു കരുതപ്പെടുന്ന ഈ ഉൽക്ക 1984-ൽ അന്റാർട്ടിക്കയിൽ നിന്നാണ് കണ്ടെടുത്തത്. വ്യക്തമായതല്ലെങ്കിലും ജീവന്റെ തെളിവ്—അതായത് ജൈവ സംയുക്തങ്ങൾ, ധാതുനിക്ഷേപങ്ങൾ, ഫോസിലായിത്തീർന്ന സൂക്ഷ്മാണുക്കൾ എന്നിവ—ഉരുളക്കിഴങ്ങിന്റെ വലിപ്പമുള്ള ഈ പാറക്കഷണത്തിൽ ഉണ്ടെന്ന് നാസയിലെ ജോൺസൺ സ്പെയ്സ് സെന്ററിലെയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെയും ചില ഗവേഷകർ 1996 ആഗസ്റ്റിൽ പ്രഖ്യാപിക്കുകയുണ്ടായി. ഭൂമിയിലെ ജീവൻ ചൊവ്വയിൽനിന്നു വന്നതായിരിക്കാം എന്നതായിരുന്നു അതിന്റെ സൂചന.
എന്നിരുന്നാലും, ജീവൻ ചൊവ്വയിൽനിന്നു വന്നു എന്നതിന് ഈടുറ്റ തെളിവു നൽകാൻ ഈ ഉൽക്കയ്ക്കു സാധിക്കില്ല എന്നു ശാസ്ത്ര സമൂഹത്തിലെ എല്ലാവർക്കുംതന്നെ അറിയാം. “ജൈവപ്രവർത്തനത്തിന്റെ അവശിഷ്ടങ്ങൾ അവർ കണ്ടെത്തിയിരിക്കാനുള്ള സാധ്യത തീരെയില്ലെന്നു ഞാൻ കരുതുന്നു,” ലോസാഞ്ചലസിലുള്ള കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ വില്യം ഷോഫ് പറയുകയുണ്ടായി. സമാനമായി, കെയ്സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ റാൽഫ് പി. ഹാർവി ഇപ്രകാരം പറഞ്ഞു: “ചൊവ്വയിൽ ജീവൻ ഉണ്ട് എന്ന ആശയം നമ്മിൽ പലർക്കും ആകർഷകമായി തോന്നിയേക്കാവുന്ന ഒന്നാണെങ്കിലും, എഎൽഎച്ച്[84001]-ൽ അതിനുള്ള വ്യക്തമായ തെളിവ് ഇല്ല.”b
[അടിക്കുറിപ്പ്]
b ഭൂമിയിലെ ജീവോത്പത്തിയെ കുറിച്ചുള്ള വിശ്വാസയോഗ്യമായ വിവരങ്ങൾക്ക്, വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 3 മുതൽ 5 വരെയുള്ള അധ്യായങ്ങൾ കാണുക.
[16, 17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ചൊവ്വാ പര്യവേക്ഷണത്തിന്റെ നാലു പതിറ്റാണ്ടുകൾ
◼ 1960-ൽ, ചൊവ്വാഗ്രഹത്തെ ലക്ഷ്യമാക്കിയുള്ള ആദ്യത്തെ പര്യവേക്ഷണ ഉപകരണങ്ങൾ സോവിയറ്റ് യൂണിയൻ വിക്ഷേപിച്ചെങ്കിലും അവ ഭ്രമണപഥത്തിൽ എത്തിയില്ല.
◼ 1965 ജൂലൈ 14-ന് ഐക്യനാടുകളിൽ നിന്നുള്ള ‘മറൈനർ 4’ ചൊവ്വയുടെ സമീപത്തുകൂടി കടന്നുപോകുകയും ചിത്രങ്ങളും അളവുകളും ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്തു.
◼ 1971-ൽ സോവിയറ്റ് ഗവേഷണ ഉപകരണമായ ‘മാഴ്സ് 3’ ഒരു പേടകം താഴേക്ക് ഇടുകയും അതു ചൊവ്വയുടെ ഉപരിതലത്തിൽ സാവധാനം ചെന്നിറങ്ങുകയും ചെയ്തു. അതേ വർഷം ഐക്യനാടുകളുടെ പര്യവേക്ഷണ ഉപഗ്രഹമായ ‘മറൈനർ 9’ ചൊവ്വയിൽ എത്തി ഉപരിതലത്തിന്റെ മിക്ക ഭാഗത്തിന്റെയും ചിത്രങ്ങൾ എടുത്തു. ‘മറൈനർ 9’ ഈ ഗ്രഹത്തിന്റെ രണ്ടു ചെറിയ ചന്ദ്രന്മാരായ ഫോബോസിന്റെയും ഡീമസിന്റെയും ചിത്രങ്ങളും എടുത്തു.
◼ ഐക്യനാടുകളുടെ രണ്ട് ബഹിരാകാശ ഉപഗ്രഹങ്ങളായ വൈക്കിങ് 1-ഉം വൈക്കിങ് 2-ഉം 1976-ൽ ചൊവ്വയിൽ ഇറങ്ങി. ആ ഉപഗ്രഹങ്ങൾ വർഷങ്ങളോളം അവിടെ പ്രവർത്തിച്ച് സങ്കീർണമായ പരീക്ഷണങ്ങൾ നടത്തുകയുണ്ടായി.
◼ 1988-ൽ സോവിയറ്റ് ശാസ്ത്രജ്ഞർ രണ്ട് ബഹിരാകാശ വാഹനങ്ങൾ, ഫോബോസ് 1-ഉം ഫോബോസ് 2-ഉം, ചൊവ്വയിലേക്കു വിക്ഷേപിച്ചു. ഫോബോസ് 1 പറക്കലിൽ പരാജയപ്പെട്ടെങ്കിലും ഫോബോസ് 2 ചൊവ്വയിൽ എത്തി ദിവസങ്ങളോളം അതിന്റെ കണ്ടെത്തലുകൾ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരുന്നു.
◼ 1992-ൽ ഐക്യനാടുകൾ മാഴ്സ് ഒബ്സർവർ എന്ന പര്യവേക്ഷണ ഉപകരണം വിക്ഷേപിച്ചെങ്കിലും അതിനു ദൗത്യം പൂർത്തിയാക്കാനായില്ല.
◼ സോജേണർ റോവറിനെയും വഹിച്ചുകൊണ്ടുള്ള മാഴ്സ് പാത്ത്ഫൈൻഡർ 1997 ജൂലൈ 4-ന് ചൊവ്വയിൽ ഇറങ്ങി. അത് അരുണ ഗ്രഹത്തിന്റെ ഉപരിതലത്തിൽനിന്ന് അമ്പരപ്പിക്കുന്ന കളർചിത്രങ്ങൾ ഭൂമിയിലേക്ക് അയച്ചുതന്നു.
[ചിത്രങ്ങൾ]
മറൈനർ 4
വൈക്കിങ് ലാൻഡറുകളിൽ ഒന്ന്
ഫോബോസ് 2
[15-ാം പേജിലെ ചിത്രം]
മാഴ്സ് ക്ലൈമെറ്റ് ഓർബിറ്റർ
[15-ാം പേജിലെ ചിത്രം]
മാഴ്സ് പോളാർ ലാൻഡർ
[16, 17 പേജുകളിലെ ചിത്രം]
ചൊവ്വാ ഉപരിതലത്തിന്റെ ദൃശ്യഭംഗി, മാഴ്സ് പാത്ത്ഫൈൻഡർ എടുത്ത ചിത്രം
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പേജ് 15; ഉൽക്ക: NASA photo; പശ്ചാത്തലം: NASA/U.S. Geological Survey; കൃത്രിമ ഉപഗ്രഹവും ലാൻഡറും: NASA/JPL/Caltech
പേജുകൾ 16, 17: ഉപരിതലദൃശ്യം, മറൈനർ 4, വൈക്കിങ് ലാൻഡർ: NASA/JPL/Caltech; ഗ്രഹം: NASA photo; ഫോബോസ് 2: NASA/National Space Science Data Center