ചൊവ്വയിൽ ഒരു റോബോട്ട് പര്യവേക്ഷണം നടത്തുന്നു
മാഴ്സ് പാത്ഫൈൻഡറെ വഹിച്ചുകൊണ്ടുള്ള റോക്കറ്റ്, കേപ്പ് കനാവറലിലെ വിക്ഷേപണ സ്ഥാനത്തുനിന്നു കുതിച്ചുയരുന്നത് ഞാനും കുടുംബവും ആകാംക്ഷയോടെ നോക്കിനിന്നു. ഞങ്ങൾ ചിന്തിച്ചു, ‘ഇത് വിജയകരമായി ചൊവ്വയിൽ ചെന്നിറങ്ങുമോ? പുതിയ എന്തെല്ലാം കാര്യങ്ങളാണാവോ കണ്ടെത്താൻ പോകുന്നത്?’
പാത്ത്ഫൈൻഡറിന്റെ വിജയം സംബന്ധിച്ച ഉത്കണ്ഠയ്ക്കുള്ള ഭാഗികമായ കാരണം മാഴ്സ് ഒബ്സർവർ, മാഴ്സ് 96 എന്നീ ബഹിരാകാശ വാഹനങ്ങൾ ചൊവ്വയിൽ ഇറക്കാൻ നടത്തിയ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതായിരുന്നു. തന്നെയുമല്ല, മുമ്പൊരിക്കലും നടത്തിയിട്ടില്ലാത്ത വിധം ദുഷ്കരമായ രീതിയിലായിരുന്നു പാത്ത്ഫൈൻഡറെ ചൊവ്വയിൽ ഇറക്കേണ്ടിയിരുന്നത്.
മണിക്കൂറിൽ ഏതാണ്ട് 27,000 കിലോമീറ്റർ വേഗത്തിൽ ആ ബഹിരാകാശ വാഹനം ചൊവ്വയുടെ അന്തരീക്ഷത്തിലൂടെ ചീറിപ്പാഞ്ഞു. വേഗം കുറയ്ക്കാനായി അതിന്റെ പാരച്യൂട്ട് നിവർന്നുവന്നു. ചൊവ്വയുടെ ഉപരിതലത്തോട് 98 മീറ്റർ അടുത്തെത്തിയപ്പോൾ വേഗം കുറേക്കൂടെ കുറയ്ക്കാൻ അത് റോക്കറ്റുകൾ വിക്ഷേപിച്ചു. ബഹിരാകാശ വാഹനത്തിന്റെ സംരക്ഷണാർഥം വാതകം നിറച്ച വലിയ എയർബാഗുകൾ അതിനുണ്ടായിരുന്നു. 1997 ജൂലൈ 4-ന് മണിക്കൂറിൽ 65 കിലോമീറ്റർ വേഗത്തിൽ മാഴ്സ് പാത്ത്ഫൈൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ ചെന്നുപതിച്ചു.
ആദ്യത്തെ ഇടിയിൽ ആ ബഹിരാകാശ വാഹനം ഏതാണ്ട് 15 മീറ്റർ ഉയർന്നു. ഒരു കൂറ്റൻ പന്തുപോലെ 15-ഓ അതിലധികമോ പ്രാവശ്യം തെറിച്ചു പൊങ്ങിയശേഷം അതു നിശ്ചലമായി. പിന്നീട്, എയർബാഗുകൾക്കുള്ളിലെ വാതകം ചോർന്നുപോയി അവ ചുരുങ്ങി. ശരിയായ വിധത്തിലല്ല ചെന്നിറങ്ങുന്നതെങ്കിൽ സ്വയം ക്രമീകരണങ്ങൾ നടത്താനുള്ള സജ്ജീകരണങ്ങളോടെയാണ് രൂപകൽപ്പന ചെയ്യപ്പെട്ടിരുന്നതെങ്കിലും പാത്ത്ഫൈൻഡറിന് അതിന്റെ ആവശ്യം വന്നില്ല. ഒടുവിൽ പുഷ്പത്തിന്റേതുപോലുള്ള അതിന്റെ ദളങ്ങൾ വിടർന്നു, ശാസ്ത്രീയ ഉപകരണങ്ങളും റേഡിയോ ആന്റിനകളും സോളാർ പാനലുകളും സോജേർണർ എന്നു പേരുള്ള ഒരു റോവറും ദൃശ്യമായി.
ചൊവ്വയെ നിരീക്ഷിക്കൽ
താമസിയാതെ പാത്ത്ഫൈൻഡറിന്റെ ക്യാമറ ചുറ്റുമുള്ള സ്ഥലം നിരീക്ഷിക്കാൻ തുടങ്ങി. ആഴ്സ് വല്ലിസ് അഥവാ “ചൊവ്വയിലെ താഴ്വര” എന്ന് അറിയപ്പെടുന്ന ഒരു പ്രദേശത്തിനരികിലുള്ള, “സ്വർണത്തിന്റെ സമതലപ്രദേശങ്ങൾ” എന്നർഥമുള്ള ക്ര്യൂസേ പ്രാനിറ്റ്യ എന്ന ഒരു വിസ്തൃത സമതലപ്രദേശത്ത് നിലയുറപ്പിച്ചുകൊണ്ട് പാത്ത്ഫൈൻഡർ പാറക്കെട്ടുകൾ നിറഞ്ഞ, നിമ്നോന്നതമായ ഒരു പ്രതലവും അകലെയായി കുന്നുകളും വെളിപ്പെടുത്തി—സോജേർണറിന് പര്യവേക്ഷണം നടത്താൻ പറ്റിയ പ്രദേശമായിരുന്നു അത്. 65 സെന്റിമീറ്റർ നീളം വരുന്ന, പ്രവർത്തനക്ഷമമായ ഈ കൊച്ചു റോബോട്ട് അതിന്റെ ക്യാമറ ഉപയോഗിച്ച് ചുറ്റുപാടുകൾ നിരീക്ഷിക്കുകയും ഒരു സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് പാറകളിലും മണ്ണിലും ഉള്ള രാസമൂലകങ്ങളുടെ അളവു കണക്കാക്കുകയും ചെയ്യണമായിരുന്നു.
ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ശാസ്ത്രജ്ഞന്മാരും എഞ്ചിനീയർമാരും സോജേർണർ ഉപയോഗിച്ചു നിരീക്ഷണം ആരംഭിച്ചു. ഭൂമിക്കും ചൊവ്വയ്ക്കും ഇടയിൽ സഞ്ചരിക്കാൻ റേഡിയോ സംജ്ഞകൾക്ക് കുറേ മിനിറ്റുകൾതന്നെ വേണ്ടിവരുമായിരുന്നതിനാൽ ദൗത്യത്തിൽ ഏർപ്പെട്ടിരുന്നവർക്ക് സോജേർണർ നേരിട്ട് ഓടിക്കാൻ സാധിച്ചില്ല. അതുകൊണ്ട് ചൊവ്വയുടെ ഉപരിതലത്തിലെ അപകടങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാൻ സോജേർണറിന് സ്വന്തം പ്രവർത്തനക്ഷമതയിൽ വളരെയധികം ആശ്രയിക്കേണ്ടിവന്നു. അതിനായി സോജേർണർ ലേസർ രശ്മികൾ ഉപയോഗിച്ച് പാതയിലുള്ള പാറകൾ വലുപ്പവും സ്ഥാനവും തിട്ടപ്പെടുത്തി. പാറക്കെട്ടുകൾ ചെറുതാണെങ്കിൽ അവയ്ക്കു മുകളിലൂടെ പോകാനും വളരെ വലുതാണെങ്കിൽ ഗതി മാറി പോകാനും അതിന്റെ കമ്പ്യൂട്ടർ നിർദേശിക്കുമായിരുന്നു.
സാഹസിക യാത്രയും കണ്ടുപിടിത്തവും
വർത്തമാനപത്രങ്ങളും മാസികകളും പാത്ത്ഫൈൻഡർ ചൊവ്വയുടെ ഉപരിതലത്തിൽ വെച്ചെടുത്ത ചിത്രങ്ങൾ പ്രസിദ്ധീകരിച്ച് കോടിക്കണക്കിനാളുകളെ രസിപ്പിച്ചു. ചൊവ്വയിൽനിന്നുള്ള പുതിയ പുതിയ ദൃശ്യങ്ങൾ വന്നെത്തിയതോടെ സഞ്ചരിക്കുന്ന റോവറിന്റെ വിദ്യകൾ ആളുകളിൽ കൗതുകമുണർത്തി, പാറകളും കുന്നുകളും നിറഞ്ഞ പ്രകൃതി ദൃശ്യങ്ങൾ അവരെ രസിപ്പിച്ചു, ചൊവ്വയുടെ ആകാശത്തിലെ മേഘങ്ങളും സൂര്യാസ്തമയങ്ങളും അവരെ വിസ്മയഭരിതരാക്കി. സംരംഭത്തിന്റെ ആദ്യ മാസത്തിൽ പാത്ത്ഫൈൻഡറിന്റെ വെബ് പേജ് ആ ബഹിരാകാശ വാഹനത്തിന്റെ പ്രവർത്തനങ്ങളിൽ തത്പരരായവരിൽനിന്നുള്ള 50 കോടിയിലധികം “ഹിറ്റുകൾ” രേഖപ്പെടുത്തി.
ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ശാസ്ത്രജ്ഞന്മാർപോലും പ്രതീക്ഷിച്ചതിലധികം വിവരങ്ങൾ പാത്ത്ഫൈൻഡർ കാഴ്ചവെച്ചു. മരവിപ്പിക്കുന്ന പൂജ്യം ഡിഗ്രി സെൽഷ്യസിനും തണുത്തുറയുന്ന -80 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്കുള്ള താപനിലയിലാണ് അതു പ്രവർത്തിച്ചത്. ഈ ദൗത്യയാത്ര വെളിപ്പെടുത്തിയത് എന്തെല്ലാമായിരുന്നു?
ക്യാമറകളും ഉപകരണങ്ങളും പാറകൾ, മണ്ണ്, വ്യത്യസ്ത രാസഘടകങ്ങളും നിറങ്ങളും ഘടനയുമുള്ള വായുജന്യ ധൂളികൾ എന്നിവ കണ്ടെത്തി. ചൊവ്വയുടെ പ്രകൃതിയിൽ സങ്കീർണമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് ഇതു സൂചിപ്പിക്കുന്നു. ചുറ്റുമുള്ള പ്രദേശത്തെ കൊച്ചു മൺകൂനകൾ വടക്കുകിഴക്കൻ കാറ്റുകളാൽ മണ്ണ് കുന്നുകൂടിയതാണ് എന്നുള്ളതിന്റെ തെളിവായിരുന്നു. പ്രഭാതത്തിനുമുമ്പ് ആകാശത്തുണ്ടായിരുന്ന മേഘങ്ങളിൽ ഹിമകണങ്ങളുണ്ടായിരുന്നു. മേഘങ്ങൾ നീങ്ങിപ്പോകുകയും പുലരി വന്നെത്തുകയും ചെയ്തപ്പോൾ ആകാശത്തിന് ചുവപ്പുനിറം കൈവന്നു. അന്തരീക്ഷത്തിലെ നേർത്ത പൊടിപടലമാണ് ഇതിനു കാരണം. ചിലപ്പോഴൊക്കെ ധൂളീഭൂതങ്ങൾ—പൊടി പാറിക്കുന്ന ചുഴലിക്കാറ്റുകൾ—ബഹിരാകാശ വാഹനത്തിനു മുകളിലൂടെ കടന്നുപോയി.
മാഴ്സ് പാത്ത്ഫൈൻഡർ ഞങ്ങൾക്ക് അസാധാരണമായ അനുഭവം നൽകി. അടുത്ത ദശകങ്ങളിൽ ചൊവ്വയിലേക്കു കൂടുതൽ ദൗത്യയാത്രകൾ നടത്താൻ ഐക്യനാടുകളും ജപ്പാനും പദ്ധതിയിടുന്നുണ്ട്. മറ്റ് ശാസ്ത്രീയ പര്യവേക്ഷണങ്ങൾക്കായി മാഴ്സ് ഗ്ലോബൽ സർവേയർ എന്ന ഉപഗ്രഹം ചൊവ്വയിലെത്തിയിട്ടുണ്ട്. ബഹിരാകാശ വാഹനത്തിന്റെ ക്യാമറാകണ്ണുകളിലൂടെ ആ ചെമന്ന ഗ്രഹം ചുറ്റിക്കാണവേ നാം ചൊവ്വയെ കൂടുതൽ അടുത്തറിയും.—സംഭാവന ചെയ്യപ്പെട്ടത്.
[26-ാം പേജിലെ ചിത്രങ്ങൾ]
കുതിച്ചുയരുന്നു
ചെന്നിറങ്ങുന്നു
ചൊവ്വയിൽ
[കടപ്പാട്]
എല്ലാ ചിത്രങ്ങളും: NASA/JPL