ലോകത്തെ വീക്ഷിക്കൽ
ദാരിദ്ര്യവും പരിസ്ഥിതിയും
സാമ്പത്തിക വളർച്ച ഉണ്ടെങ്കിലും, ലോകവ്യാപകമായി 130 കോടിയിലധികം ആളുകൾ ഓരോ ദിവസവും കഷ്ടിച്ച് രണ്ടു ഡോളർ കൊണ്ട് ഉപജീവനം കഴിക്കുന്നു. ദാരിദ്ര്യം തുടരുക മാത്രമല്ല അതു കൂടുതൽ വഷളാകുകയുമാണ് എന്ന് ഒരു യുഎൻ റിപ്പോർട്ട് പ്രസ്താവിക്കുന്നു. 100 കോടിയിലധികം ആളുകൾ 20-ഓ 30-ഓ 40-ഓ പോലും വർഷങ്ങൾക്കു മുമ്പ് സമ്പാദിച്ചിരുന്നതിനെക്കാൾ കുറവാണ് ഇന്ന് സമ്പാദിക്കുന്നത്. “ദാരിദ്ര്യം, ദീർഘകാല പരിസ്ഥിതി സംരക്ഷണ ശ്രമങ്ങൾക്ക് തുരങ്കം വെക്കുംവിധം പ്രകൃതി വിഭവങ്ങളുടെ പെട്ടെന്നുള്ള ചൂഷണത്തിലേക്കു നയിക്കുന്നു” എന്നതിനാൽ ഇത് ക്രമത്തിൽ പരിസ്ഥിതിയുടെ വിനാശത്തിനു കളമൊരുക്കുന്നു എന്ന് യുനെസ്കോ സോഴ്സസ് എന്ന മാഗസിൻ പ്രസ്താവിക്കുന്നു. “ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ, 50-ൽ താഴെ വർഷംകൊണ്ട് കരീബിയയിലെ വനങ്ങൾ പൂർണമായും നാമാവശേഷമാകും . . . ദേശീയ തലത്തിൽ കാര്യാദികൾ ഇതിലും മോശമാണ്: 30 വർഷംകൊണ്ട് ഫിലിപ്പീൻസിലെയും 16 വർഷംകൊണ്ട് അഫ്ഗാനിസ്ഥാനിലെയും 15 വർഷംകൊണ്ട് ലബനോനിലെയും വനങ്ങൾ അപ്രത്യക്ഷമാകും.”
ആശാഭംഗത്തിന്റെ അപകടം
“ദിവസേന 20 സിഗരറ്റു വലിക്കുന്നതുകൊണ്ട് ഹൃദയത്തിന് ഉണ്ടാകുന്ന അത്രയും ദോഷം ആശാഭംഗത്തിനും ഉണ്ടാക്കാനാകുമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു,” ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. “ആശാഭംഗം ആതെറോസ്ക്ലെറോസിസിനുള്ള അഥവാ ധമനികളുടെ കട്ടി വർധിക്കുന്നതിനുള്ള അപകടകരമായ സാധ്യതയിലേക്കു നയിച്ചു എന്ന് മധ്യവയസ്കരായ ഏതാണ്ട് 1,000 ഫിൻലൻഡുകാരിൽ നടത്തിയ ഒരു ചതുർ-വർഷ പഠനം കണ്ടെത്തി.” മാനസിക അവസ്ഥയ്ക്ക് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ആഴമായി ബാധിക്കാനാകുമെന്നും ആ പഠനം പ്രകടമാക്കി. “മാനസികവും വൈകാരികവും ആയ അവസ്ഥ ആരോഗ്യത്തിന്റെ കാര്യത്തിൽ ഒരു പങ്കുവഹിക്കുന്നു എന്ന് നാം തുടർച്ചയായി കണ്ടെത്തുന്നു,” ഈ ഗവേഷണത്തിന്റെ അധ്യക്ഷയായ ഡോ. സൂസെൻ ഇവേഴ്സൺ അഭിപ്രായപ്പെടുന്നു. “നിരാശയ്ക്ക് ആരോഗ്യത്തിന്മേൽ അപകടകരമായ ഒരു സ്വാധീനമാണ് ഉള്ളത് എന്നും അത് രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു എന്നും ചികിത്സകർ തിരിച്ചറിയേണ്ടതുണ്ട്. തങ്ങൾക്കു നിരാശയോ ആശാഭംഗമോ തോന്നുമ്പോൾ സഹായം തേടേണ്ടതുണ്ട് എന്ന് ആളുകളും മനസ്സിലാക്കേണ്ടതുണ്ട്.”
വർഷങ്ങളോളം യാത്രയിൽ
ഇറ്റലിയിലെ പ്രമുഖ നഗരങ്ങളിൽ വസിക്കുന്നവർ തങ്ങളുടെ വീട്ടിൽനിന്നും ജോലി സ്ഥലത്തേക്കോ സ്കൂളിലേക്കോ അവിടെ നിന്നു തിരിച്ചോ യാത്ര ചെയ്യുന്നതിനായി ധാരാളം സമയം ചെലവഴിക്കുന്നു. എത്ര സമയം? ഇറ്റലിയിലെ ഒരു പരിസ്ഥിതി സംഘടനയായ ലേഗാംബ്യെന്റെ പറയുന്നത് അനുസരിച്ച്, നേപ്പിൾസിലെ പൗരന്മാർ ഓരോ ദിവസവും യാത്രയ്ക്കായി 140 മിനിറ്റ് ചെലവഴിക്കുന്നു. ശരാശരി ആയുസ്സ് 74 വർഷമായി കണക്കാക്കിയാൽ, നേപ്പിൾസുകാരനായ ഒരാൾ തന്റെ ജീവിതത്തിന്റെ 7.2 വർഷവും യാത്രയ്ക്കായി നഷ്ടപ്പെടുത്തുന്നു. ഓരോ ദിവസവും 135 മിനിറ്റു വീതം യാത്ര ചെയ്യുന്ന ഒരു റോമാക്കാരന് 6.9 വർഷം നഷ്ടമാകും. മറ്റു നഗരങ്ങളിലെ സാഹചര്യവും ഇതിൽനിന്ന് മെച്ചമല്ല. ബൊലോന്യയിലെ ആളുകൾക്ക് 5.9 വർഷവും മിലാനിലെ ആളുകൾക്ക് 5.3 വർഷവും നഷ്ടപ്പെടുമെന്ന് ലാ റിപ്പൂബ്ലിക്കാ റിപ്പോർട്ടു ചെയ്യുന്നു.
മധ്യപൂർവ സമയം
സമയ മാറ്റം മധ്യപൂർവ ദേശത്തു സങ്കീർണമായേക്കാം. അതിനൊരു ഉദാഹരണമാണ് ഇറാൻ. വർഷങ്ങളോളം ഈ രാജ്യത്തെ “ക്ലോക്കുകളിൽ, മിക്ക രാജ്യങ്ങളും ചെയ്യുന്നതുപോലെ ഒരു മണിക്കൂർ കൂട്ടിവെക്കുന്നതിനു പകരം ഗ്രീനിച്ച് സമയത്തെക്കാൾ മൂന്നര മണിക്കൂർ കൂട്ടിവെച്ചിരിക്കുന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ് പ്രസ്താവിക്കുന്നു. “ഉദാഹരണത്തിന്, ബിബിസി വേൾഡ് സർവിസിൽ നിന്ന് രാവിലെ 5.00-ന് പ്രക്ഷേപണം ചെയ്യുന്ന വാർത്ത കേൾക്കാനായി രാവിലെ 8.30-ന് നിങ്ങൾ ശ്രമിക്കേണ്ടതുണ്ട്. കൂടാതെ നിങ്ങളുടെ വാച്ചിലെ സമയം തെറ്റാണെന്നു സൂചിപ്പിക്കുന്ന ബിഗ് ബെൻ അലാറത്തെ അവഗണിക്കുകയും ചെയ്യേണ്ടതുണ്ട്.” ഈ പ്രദേശത്ത് സെപ്റ്റംബറിലെ അവസാന വാരാന്ത്യത്തിൽ ആണ് സാധാരണമായി ഒരു മണിക്കൂർ കൂട്ടിവെക്കാറുള്ളതെങ്കിലും, ഇക്കഴിഞ്ഞ വർഷം ഇസ്രായേലിൽ സെപ്റ്റംബർ 13-നാണ് ആ മാറ്റം വരുത്തിയത്. വാരാന്ത്യം നിർണയിക്കുന്നതും ബുദ്ധിമുട്ടാണ്. പേർഷ്യൻ ഗൾഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലും വാരാന്ത്യം വ്യാഴവും വെള്ളിയും ആണ്. എന്നാൽ ഈജിപ്തിലും അതിന്റെ മിക്ക അയൽ രാജ്യങ്ങളിലും വെള്ളിയും ശനിയും ആണ് വാരാന്ത്യം. അതേസമയം ലബനോനിൽ ആകട്ടെ, അത് ശനിയും ഞായറും ആണ്. ‘ഉദാഹരണത്തിന്, ബുധനാഴ്ച ഉച്ചയ്ക്ക് അബുദാബിയിൽ എത്തിയിട്ട് അവിടെ നിന്നും വെള്ളിയാഴ്ച വൈകുന്നേരം ബെയ്റൂട്ടിലേക്കു പറക്കാൻ പ്ലാൻ ചെയ്യുന്ന ഒരു യാത്രികന് ഒരു ചതുർ-ദിന വാരാന്ത്യം ആസ്വദിക്കാനാകും. തൊഴിൽ ആസക്തരെ സംബന്ധിച്ചിടത്തോളം യാത്ര നേരേ തിരിച്ച് ക്രമീകരിക്കേണ്ടതിന്റെ ആവശ്യമേ ഉള്ളൂ’ എന്ന് ടൈംസ് അഭിപ്രായപ്പെടുന്നു.
ഫ്രഞ്ചിന് ഭീതി
ഫ്രഞ്ച് സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ “ഫ്രഞ്ച് ഭാഷയുടെ സാർവലൗകികത്വം” ആഘോഷിക്കാനായി വിയറ്റ്നാമിലെ ഹാനോയിയിൽ സംഘടിപ്പിച്ച ഒരു ത്രിദിന സമ്മേളനത്തിൽ അടുത്ത കാലത്തു സംബന്ധിക്കുകയുണ്ടായി എന്ന് പാരീസ് വർത്തമാന പത്രമായ ല ഫിഗാറോ റിപ്പോർട്ടു ചെയ്തു. പത്തു കോടിയിലധികം ആളുകൾ സാധാരണമായി ഫ്രഞ്ച് സംസാരിക്കുന്നു. ഫ്രഞ്ച് ഭാഷ കത്തിജ്വലിച്ചുനിന്ന 17-ാം നൂറ്റാണ്ടിൽ ഇത് അന്താരാഷ്ട്ര നയതന്ത്ര കാര്യാദികളുടെ ഭാഷയായിരുന്നു. “വിഭജിത യൂറോപ്പിൽ, യുദ്ധങ്ങളും കലഹങ്ങളും അവസാനിച്ചത് ഫ്രഞ്ചിൽ എഴുതിയ സമാധാന ഉടമ്പടികളിലായിരുന്നു” എന്ന് പ്രസ്തുത വർത്തമാന പത്രം പ്രസ്താവിക്കുന്നു. എന്നാൽ, ഇപ്പോൾ ഫ്രഞ്ചു ഭാഷ “ലോകത്തിൽ അതിന്റെ സ്ഥാനം നിലനിർത്താനായി പണിപ്പെടുകയാണ്.” വിശേഷിച്ച്, വ്യാവസായിക ഭാഷ എന്ന നിലയിൽ ഇംഗ്ലീഷിന്റെ ഉപയോഗത്തിലുണ്ടായ വർധനവ് ആണ് ഫ്രഞ്ചിന്റെ അപക്ഷയത്തിന് കാരണം എന്നു പറയാവുന്നതാണ്. ഈ വിടവു നികത്താനുള്ള ലക്ഷ്യത്തിൽ, വിജ്ഞാന സൂപ്പർ ഹൈവേയിൽ ഫ്രഞ്ചിന്റെ ഉപയോഗം വർധിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ആഹ്വാനം ചെയ്തു. എന്നുവരികിലും ഫ്രഞ്ച് ഭാഷയുടെ ഭാവിയിലുള്ള തന്റെ ആകുലത പ്രകടിപ്പിക്കവേ ഒരു രാഷ്ട്രതന്ത്രജ്ഞൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ലോക വ്യാപകമായി, ഫ്രഞ്ചു ഭാഷ ഉപയോഗിക്കുക എന്ന ആശയം പൊതു ജനങ്ങളുടെയോ വാർത്താ മാധ്യമങ്ങളുടെയോ രാഷ്ട്ര തന്ത്രജ്ഞരുടെയോ താത്പര്യത്തെ ഉണർത്തുന്നില്ല. ഈ താത്പര്യമില്ലായ്മ മറ്റു രാജ്യങ്ങളിലെക്കാൾ കൂടുതൽ പ്രകടമായിരിക്കുന്നത് ഫ്രാൻസിലാണെന്നു തോന്നുന്നു.”
കൈക്കൂലിക്കു വിരാമമിടാൻ ശ്രമിക്കുന്നു
ചൈനയിൽ ഹ്വേലു എന്നും കെനിയയിൽ കിറ്റു കിഡോഗോ എന്നുമാണ് ഇത് അറിയപ്പെടുന്നത്. മെക്സിക്കോയിൽ യൂനാ മൊർദിദാ; റഷ്യയിൽ ഫ്സ്യാറ്റ്ക; മധ്യപൂർവ ദേശത്ത് ബക്ഷീഷ് എന്നീ പദപ്രയോഗങ്ങൾ അതിനെ സൂചിപ്പിക്കുന്നു. മിക്ക ദേശങ്ങളിലും, കൈക്കൂലി കൊടുക്കുന്നത് ഒരു ജീവിതരീതി ആണ്. മാത്രമല്ല, ചിലപ്പോൾ വാണിജ്യപരമായ കാര്യാദികളിൽ ഏർപ്പെടാനോ ചിലതരം പ്രത്യേക വസ്തുക്കൾ ഉത്പാദിപ്പിക്കാനോ നീതി ലഭിക്കാൻ പോലുമോ ഉള്ള ഒരേയൊരു മാർഗം ആണ് അത്. എന്നിരുന്നാലും, രാജ്യാന്തര വാണിജ്യ ഇടപാടുകളിൽ കൈക്കൂലി ഒഴിവാക്കാനായി ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കരാറിൽ അടുത്തയിടെ 34 രാഷ്ട്രങ്ങൾ ഒപ്പു വെച്ചിരിക്കുന്നു. സാമ്പത്തിക സഹകരണ, വികസന സംഘടനയിലെ 29 അംഗരാഷ്ട്രങ്ങളും അർജന്റീന, ബ്രസീൽ, ബൾഗേറിയ, ചിലി, സ്ലൊവാക്യ എന്നീ രാഷ്ട്രങ്ങളും അതിൽ ഉൾപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളായ ലോക ബാങ്കും അന്താരാഷ്ട്ര നാണ്യ നിധിയും ഔദ്യോഗിക അഴിമതിക്ക് എതിരെ നടപടി കൈക്കൊള്ളുന്നു. 69 രാഷ്ട്രങ്ങളിൽ 40 ശതമാനം വാണിജ്യ ഇടപാടുകളും കൈക്കൂലിയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത് എന്ന് ലോക ബാങ്ക് നടത്തിയ ഒരു സർവേ പ്രകടമാക്കിയതിനെ തുടർന്നാണ് ഈ നടപടികൾ കൈക്കൊണ്ടത്. അഴിമതി കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രങ്ങൾക്കു സഹായം നൽകുന്നത് നിർത്തലാക്കാൻ ഈ രണ്ടു സ്ഥാപനങ്ങളും ഇപ്പോൾ അനുമതി നൽകുന്നു.
ശലഭപ്പുഴു ഭ്രമം
ദക്ഷിണാഫ്രിക്കയിലെ പാവപ്പെട്ട ഗ്രാമീണരുടെ ഭക്ഷണക്രമത്തിൽ മോപെയ്ൻ ശലഭപ്പുഴു സ്ഥാനം പിടിച്ചിട്ട് ദീർഘകാലമായി. ഒരു മാംസ്യ സ്രോതസ്സ് എന്ന നിലയിലാണ് അവർ അവയെ ആശ്രയിക്കുന്നത്. എംബറർ ശലഭത്തിന്റെ കുഞ്ഞുങ്ങളായ അവ ഭക്ഷണം തേടുന്ന മോപെയ്ൻ വൃക്ഷങ്ങളിൽ നിന്നാണ് ഈ പേരു വീണത്. ഏപ്രിൽ മാസത്തിലും ഡിസംബർ മാസത്തിലും സ്ത്രീകൾ ശലഭപ്പുഴുക്കളെ ശേഖരിക്കുന്നു. വയറു കീറി കുടൽ കളഞ്ഞിട്ട്, അവയെ തിളപ്പിക്കുകയും തുടർന്നു വെയിലത്തു വെച്ച് ഉണക്കുകയും ചെയ്യുന്നു. മാംസ്യം, കൊഴുപ്പ്, ജീവകം, കലോറി മൂല്യം എന്നിവയുടെ കാര്യത്തിൽ അവ മാംസത്തെയും മത്സ്യത്തെയും പോലെയാണ്. എന്നുവരികിലും, ഇപ്പോൾ മോപെയ്ൻ ശലഭപ്പുഴു ദക്ഷിണാഫ്രിക്കൻ റെസ്റ്ററന്റുകളിലെ ജനപ്രീതി ആർജിച്ച ഒരു ഭക്ഷണ ഇനമായി മാറുകയാണ്. ഈ ഭക്ഷ്യഭ്രമം യൂറോപ്പിലേക്കും ഐക്യനാടുകളിലേക്കും കൂടി വ്യാപിച്ചിരിക്കുന്നു. എന്നാൽ ഇത് ആഫ്രിക്കയിലെ ഗ്രാമീണരെ പരിഭ്രാന്തരാക്കിയിരിക്കുന്നു. എന്തുകൊണ്ട്? “ആവശ്യം വർധിക്കുന്നതിനാൽ, ഈ വർഗം അതിജീവിക്കുമോ എന്ന ഭയം നിലവിലുണ്ട്” എന്ന് ലണ്ടനിലെ ദ ടൈംസ് പ്രസ്താവിക്കുന്നു. ഇതിനോടകം തന്നെ, “അയൽ രാജ്യങ്ങളായ ബോട്സ്വാനയുടെയും സിംബാബ്വേയുടെയും വൻ ഭൂഭാഗങ്ങളിൽ നിന്നു മോപെയ്ൻ അപ്രത്യക്ഷമായിരിക്കുന്നു.”
പുകവലിയുടെ അപകടം അപരിഹാര്യമോ?
പുകവലി നിമിത്തം ധമനികൾക്ക് ഉണ്ടാകുന്ന കുഴപ്പങ്ങൾ സ്ഥിരമായിരുന്നേക്കാം എന്ന് ഒരു സമീപകാല പഠനം പ്രകടമാക്കുന്നു. സിഗരറ്റു വലിയും മറ്റുള്ളവർ വലിച്ചു വിടുന്ന പുക ശ്വസിക്കുന്നതും ധമനികൾക്ക് പരിഹരിക്കാൻ ആകാത്ത വിധം കേടുവരുത്തിയേക്കാം എന്ന് ദ ജേർണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷനിൽ ഗവേഷകർ റിപ്പോർട്ടു ചെയ്തു. ഈ പഠനം 45-നും 65-നും ഇടയ്ക്കു പ്രായമുള്ള 10,914 പുരുഷന്മാരെയും സ്ത്രീകളെയും അടുത്തു നിരീക്ഷിക്കുകയുണ്ടായി. ഇവരിൽ പുകവലിക്കാർ, മുൻ പുകവലിക്കാർ, പുകവലിക്കാരല്ലെങ്കിലും മറ്റുള്ളവർ വലിച്ചു വിടുന്ന പുക സാധാരണമായി ശ്വസിക്കുന്നവർ, പുകവലിക്കാത്തവരും പൊതുവേ മറ്റുള്ളവരുടെ പുകവലിക്ക് ഇരയാകാത്തവരുമായവർ എന്നീ ഗണങ്ങളിൽ പെട്ട ആളുകൾ ഉൾപ്പെട്ടിരുന്നു. ഗവേഷകർ അൾട്രാസൗണ്ട് ഉപയോഗിച്ച് ഇവരുടെ കഴുത്തിലെ കരോട്ടിഡ് ധമനിയുടെ കട്ടി അളക്കുകയുണ്ടായി. മൂന്നു വർഷം കഴിഞ്ഞ് വീണ്ടും അത് അളന്നുനോക്കി.
പ്രതീക്ഷിച്ചതു പോലെ, സ്ഥിരം പുകവലിക്കാരുടെ ധമനികളുടെ കട്ടി വളരെ കൂടിയിരുന്നു. 33 വർഷമായി ദിവസേന ശരാശരി ഒരു പായ്ക്കറ്റ് സിഗരറ്റു വീതം വലിച്ചിരുന്നവരുടെ കാര്യത്തിൽ അത് 50 ശതമാനം ആയിരുന്നു. പുകവലിക്കാത്തവരുടെ ധമനികളെക്കാൾ 25 ശതമാനം വേഗത്തിൽ മുൻകാല പുകവലിക്കാരുടെ ധമനികൾ ചുരുങ്ങുകയുണ്ടായി. ചിലരുടെ കാര്യത്തിലാകട്ടെ, പുകവലി ഉപേക്ഷിച്ചിട്ട് 20 വർഷങ്ങൾക്കു ശേഷം പോലും. പുകവലിക്കാർ അല്ലെങ്കിലും മറ്റുള്ളവർ വലിച്ചു വിടുന്ന പുക ശ്വസിച്ചവരുടെ ധമനികളുടെ കട്ടി അത്തരം പുക ശ്വസിക്കാത്തവരുടേതിനെക്കാൾ 20 ശതമാനം കൂടിയിരുന്നു. പ്രസ്തുത പഠനം അനുസരിച്ച്, ഓരോ വർഷവും ഐക്യനാടുകളിൽ മാത്രമായി കണക്കാക്കപ്പെടുന്ന 30,000 മുതൽ 60,000 വരെ മരണങ്ങൾക്കും കാരണം മറ്റുള്ളവർ വലിച്ചു വിടുന്ന പുക ശ്വസിക്കുന്നതാണ്.
മോടി പിടിപ്പിക്കലല്ല
ഒടുവിൽ, ഏഴു വർഷത്തെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കു ശേഷം ഈജിപ്തിലെ സ്ഫിങ്സ് പ്രതിമ അതിനു ചുറ്റുമുണ്ടായിരുന്ന താങ്ങുകളുടെ സഹായമില്ലാതെ നിൽക്കാൻ തുടങ്ങി. “സ്ഫിങ്സിനെ നേരെ ആക്കുന്നതിനായി 1990-നും 1997-നും ഇടയ്ക്ക് ഒരു ലക്ഷം കല്ലുകൾ ഉപയോഗിക്കുകയുണ്ടായി” എന്ന് ആ മേഖലയിലെ പുരാവസ്തുക്കളുടെ ചുമതല വഹിക്കുന്ന ആച്ച്മ അൽഹഗാർ പ്രസ്താവിച്ചു. എന്നിരുന്നാലും, ഈ അതിസൂക്ഷ്മ പുനരുദ്ധാരണ പ്രവർത്തനത്തിൽ, “പാതി സിംഹരൂപത്തിലും പാതി മനുഷ്യരൂപത്തിലും ഉള്ള ഈ ഭീമാകാര ചുണ്ണാമ്പുകൽ പ്രതിമ”യുടെ കേടുപറ്റിയ മുഖം ഉൾപ്പെടുന്നില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.