വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 5/07 പേ. 26-27
  • ഊണിനെന്താ, ചക്രവർത്തിയോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഊണിനെന്താ, ചക്രവർത്തിയോ?
  • ഉണരുക!—2007
  • സമാനമായ വിവരം
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1998
  • മണ്ണിരകളുടെ മാസ്‌മര ലോകം
    ഉണരുക!—2003
  • അഴകുള്ള ശലഭം
    ഉണരുക!—2001
  • ഗിനി വിര—അതിന്റെ അന്ത്യനാളുകൾ
    ഉണരുക!—1993
ഉണരുക!—2007
g 5/07 പേ. 26-27

ഊണിനെന്താ, ചക്രവർത്തിയോ?

സാംബിയയിലെ ഉണരുക! ലേഖകൻ

പുഴുക്കളെ തിന്നുന്ന കാര്യം ചിന്തിക്കാൻപോലും ഇഷ്ടപ്പെടാത്തവരാണ്‌ പലരും. എന്നാൽ ചിലർക്ക്‌ പുഴുവെന്നു കേട്ടാൽമതി ‘വായിൽ കപ്പലോടാൻ.’ ആഫ്രിക്കയുടെ ചില ഭാഗങ്ങളിലെ ഒരു വിശിഷ്ടഭോജ്യമാണ്‌ ചക്രവർത്തി ശലഭത്തിന്റെ (emperor moth) പുഴു. ഇംബ്രേഷ്യ ബെലിന എന്നാണ്‌ ഇതിന്റെ ശാസ്‌ത്രനാമം. അവിടെയിത്‌ മോപെയ്‌ൻ പുഴു എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. മോപെയ്‌ൻ മരമാണ്‌ കക്ഷിക്ക്‌ ഭക്ഷണവും താമസവും പ്രദാനംചെയ്യുന്നത്‌; അങ്ങനെയാണ്‌ ഈ പേരു കിട്ടിയത്‌. നാട്ടിൻപുറങ്ങളിലെ പല സമൂഹങ്ങളും, പോഷകസമൃദ്ധവും സ്വാദിഷ്‌ഠവുമായ പുളയുന്ന ഈ ഭോജ്യം ഉണ്ടാകുന്ന കാലത്തിനായി ‘കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കും.’ “പ്രോട്ടീന്റെ കലവറയാണത്‌,” കലഹാരി കൺസർവേഷൻ സൊസൈറ്റിയിലെ കീത്ത്‌ ലെഗറ്റ്‌ പറയുന്നു. വരണ്ടുണങ്ങി അത്ര ഫലഭൂയിഷ്‌ഠമല്ലാത്ത പ്രദേശത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുന്നതിലും ഈ പുഴുക്കൾ സുപ്രധാനമായ പങ്കുവഹിക്കുന്നു.

നവംബർ ആരംഭത്തിൽ വന്നെത്തുന്ന വേനൽമഴ തെക്കൻ ആഫ്രിക്കയെ നനയ്‌ക്കുന്നതോടെ, മണ്ണിലുറങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിനു പ്യൂപ്പകൾ മനോഹരങ്ങളായ ശലഭങ്ങളായി മാറുകയായി. ഏതാനും ആഴ്‌ചകൾക്കുള്ളിൽ അവയുടെ മുട്ട വിരിഞ്ഞ്‌ ലാർവകളുണ്ടാകും; ഈ ലാർവകൾ പിന്നെ നിറപ്പകിട്ടാർന്ന, സോസേജിന്റെ ആകൃതിയിലുള്ള നീണ്ടുരുണ്ട ശലഭപ്പുഴുക്കൾ ആയിത്തീരുന്നു.

മരച്ചീനി, ചോളം തുടങ്ങി അന്നജം അടങ്ങിയ ഭക്ഷ്യവസ്‌തുക്കൾ മുഖ്യാഹാരമായിരിക്കുന്ന പ്രദേശങ്ങളിൽ ശലഭപ്പുഴുക്കളുണ്ടെങ്കിൽ ഊണു കുശാലായി. പലരുടെയും പ്രിയപ്പെട്ട ഭക്ഷണമല്ല പുഴുക്കൾ എങ്കിലും അവയുടെ 60-ലധികം ശതമാനവും പ്രോട്ടീനാണ്‌ എന്നത്‌ അവയെ മൂല്യവത്തായ ഒന്നാക്കിമാറ്റുന്നു, പ്രോട്ടീന്‌ വിലക്കൂടുതലുള്ള അല്ലെങ്കിൽ അതു കിട്ടാനില്ലാത്ത സ്ഥലങ്ങളിൽ വിശേഷിച്ച്‌. പോഷണത്തിന്റെ കാര്യത്തിൽ ഇറച്ചിയോടും മത്സ്യത്തോടും കിടപിടിക്കാൻ ശലഭപ്പുഴുക്കൾക്കാകും. ഒരു നേരം കഴിക്കുന്ന ശലഭപ്പുഴുവിൽനിന്ന്‌, പ്രായപൂർത്തിയായ ഒരാൾക്ക്‌ ഒരു ദിവസംവേണ്ട പ്രോട്ടീന്റെയും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഏകദേശം നാലിൽ മൂന്നുഭാഗം ലഭിക്കും. അതേ, ഈ കൊച്ചുജീവികൾ പോഷകഗുണമുള്ളതാണ്‌ എന്നതിനു തർക്കമില്ല!

മറ്റിടങ്ങളിൽ കൃഷിക്കാർ പോഷകങ്ങളുടെ കലവറയായ ഈ ജീവികളെ കൊന്നൊടുക്കുന്നതിനായി കയ്യിലുള്ള പണം മുടക്കി രാസയുദ്ധം നടത്തുന്നതിന്റെ ഔചിത്യം മനസ്സിലാകാതെ മൂക്കത്തു വിരൽവെക്കുന്നു പുഴുപ്രിയർ. ഈ ജീവികൾ ആഹാരം കഴിക്കുമ്പോൾ, ഭക്ഷ്യയോഗ്യമല്ലാത്തതോ വിഷകരമായതോ ആയ ഇലകൾ പോഷകഗുണമുള്ള ഭക്ഷ്യവസ്‌തുവായി മാറുകയാണു ചെയ്യുന്നത്‌; അതും വിലപിടിപ്പുള്ള കാർഷിക ഉപകരണങ്ങളുടെ സഹായമില്ലാതെതന്നെ. മൃഗഡോക്ടർക്ക്‌ കൊടുക്കേണ്ട ഫീസും ലാഭം! ലാർവയെ കൈ കൊണ്ടു ശേഖരിക്കാൻ കഴിയുമെന്നതിനാൽ കാര്യമായ ശ്രമമില്ലാതെ വിളവെടുക്കാനാകും.

കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശത്തിന്റെ ഫലഭൂയിഷ്‌ഠതയും സന്തുലിതാവസ്ഥയും നിലനിറുത്തുന്നതിൽ മോപെയ്‌ൻ പുഴുക്കൾ വഹിക്കുന്ന പങ്ക്‌ നിസ്സാരമല്ല. വലുപ്പത്തിന്റെയും കഴിക്കുന്ന ഭക്ഷണ ത്തിന്റെയും കാര്യത്തിൽ ആഫ്രിക്കൻ ആനകൾ കേമന്മാരാണെങ്കിലും ദഹനപ്രക്രിയയുടെ കാര്യമെടുത്താൽ അവ മോപെയ്‌ൻ പുഴുക്കളുടെ മുമ്പിൽ ശിശുക്കൾ മാത്രം. ആറാഴ്‌ചത്തെ കൊച്ചുജീവിതകാലത്ത്‌ ലാർവക്കൂട്ടങ്ങൾ ഈ ആനകൾ കഴിക്കുന്നതിന്റെ പത്തിരട്ടി ഇലകൾ വെട്ടിവിഴുങ്ങുകയും നാലിരട്ടി വളം ഉത്‌പാദിപ്പിക്കുകയും ചെയ്യുന്നു. വെറുതെയല്ല, ലാർവയുടെ ഭാരം 4,000 മടങ്ങു വർധിക്കുന്നത്‌! കയ്യും കണക്കുമില്ലാത്ത ‘പുഴുവെടുപ്പ്‌’ മണ്ണിന്റെ വളക്കൂറിനെയും സന്തുലിതാവസ്ഥയെയും ബാധിക്കുന്നതിൽ അതിശയിക്കാനുണ്ടോ?

എങ്ങനെയാണ്‌ ലാർവകളെ ശേഖരിക്കുന്നത്‌? മഴക്കാലമെത്തുമ്പോൾ നാട്ടിൻപുറത്തെ സ്‌ത്രീകൾ ആദ്യത്തെ വിളവെടുപ്പു നടത്തും; വർഷത്തിൽ രണ്ടു വിളവെടുപ്പാണുള്ളത്‌. വിളവെടുപ്പ്‌ ഏതാനും ആഴ്‌ചകൾ നീണ്ടുനിൽക്കും. തുടർന്ന്‌ ആന്തരാവയവങ്ങൾ നീക്കിയതിനുശേഷം പുഴുങ്ങി ഉണക്കാനിടും. എന്നാൽ ഭക്ഷ്യയോഗ്യമായ മറ്റു ചില ലാർവകളുടെ കാര്യത്തിൽ വിളവെടുപ്പിനും തുടർന്ന്‌ അതു പാകപ്പെടുത്തുന്നതിനും നല്ല ശ്രദ്ധ വേണം. ചില ഇനങ്ങളുടെ ശരീരത്തെ ആവരണം ചെയ്‌ത്‌ രോമങ്ങളും മുള്ളുകളും ഉണ്ടാകും; അതു നീക്കം ചെയ്യേണ്ടതുണ്ട്‌. ഇവയെ ശേഖരിക്കുമ്പോൾ ശ്രദ്ധിക്കണം; കാരണം മനുഷ്യശരീരത്തിനു ഹാനികരമായ ഇലകളാണു ചില ലാർവകളുടെ ആഹാരം. ഉണക്കി പാകപ്പെടുത്തിയ ഇവയെ ‘കറുമുറെ’ തിന്നാം. എന്നാൽ പലപ്പോഴും അവ സ്റ്റ്യൂവിൽ പുഴുങ്ങിയെടുക്കുകയോ തക്കാളിയും ഉള്ളിയും ചേർത്തു പൊരിക്കുകയോ ചെയ്യുന്നു.

ഈ പുഴുപ്പുരാണം രണ്ടു വിധത്തിൽ നിങ്ങളെ ബാധിച്ചേക്കാം: ഒന്നുകിൽ നിങ്ങൾക്കു മനംപിരട്ടൽ അനുഭവപ്പെടും; അല്ലെങ്കിൽ നിങ്ങൾ പുഴുവിനെ ഭക്ഷിക്കുകയെന്ന ‘സാഹസ’ത്തിനു മുതിരും. ഈ വിചിത്രമാംസം ഭക്ഷിക്കേണ്ടെന്നു നിങ്ങൾ തീരുമാനിച്ചേക്കാം. പക്ഷേ ഒന്നോർക്കണം: പ്രോട്ടീന്റെ കലവറയാണത്‌, ആഫ്രിക്കയിലെ പല കുടുംബങ്ങളുടെയും വരുമാന മാർഗവും.

[26-ാം പേജിലെ ചിത്രം]

മോപെയ്‌ൻ പുഴുവിലെ പ്രോട്ടീൻ അതിനെ വിശിഷ്ടമായ ഒരു ഉത്‌പന്നമാക്കിമാറ്റുന്നു

[27-ാം പേജിലെ ചിത്രം]

ആറാഴ്‌ചത്തെ ആയുഷ്‌കാലത്ത്‌ മോപെയ്‌ൻ പുഴുവിന്റെ ഭാരം 4,000 മടങ്ങ്‌ വർധിക്കുന്നു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക