ഗിനി വിര—അതിന്റെ അന്ത്യനാളുകൾ
നൈജീരിയായിലെ ഉണരുക! ലേഖകൻ
എല്ലാ ദിവസത്തെയുംപോലെ ഈ ദിവസവും ചൂടുള്ളതാണ്. ചിൻയെർ തന്റെ കുട്ടിയെ അവളുടെ പുറത്തു വച്ചുകെട്ടുന്നു, ഉണങ്ങിയ രണ്ടു ചുരയ്ക്കാ എടുത്തുകൊണ്ട് പൊടിനിറഞ്ഞ പാതയിൽ മററുഗ്രാമവാസികളോടു ചേരുന്നു. അവരൊന്നിച്ചു വെയിലേററു പൊരിഞ്ഞുകിടക്കുന്ന വയലുകൾ പിന്നിട്ട് ഒരു ചെറിയ തടാകത്തിലേക്കു നടക്കുന്നു. അത് ആ പ്രദേശത്തുള്ള ജലത്തിന്റെ ഏക ഉറവിടമാണ്. തടാകത്തിങ്കൽ വെള്ളം കോരാൻ അവൾ വഴുവഴുത്ത തീരങ്ങളിൽക്കൂടി മുട്ടോളം വെള്ളത്തിലേക്കു ശ്രദ്ധയോടെ ഇറങ്ങുന്നു.
തീരത്തുള്ള ഉണങ്ങിയ പുല്ലിൽ മയങ്ങിക്കിടക്കുന്നതും തടാകത്തിലെ ജലോപരിതലത്തിനു തൊട്ടുതാഴെ അലസമായി പതുങ്ങിക്കിടക്കുന്നതുമായ മുതലകളെ അവൾ ശ്രദ്ധിക്കുന്നു. എന്നാൽ അവൾ അവയെ ഭയപ്പെടുന്നില്ല. തടാകക്കരയിലുള്ള ഒരു മനുഷ്യൻ പറയുന്നതുപോലെ, “ഞങ്ങൾ അവയെ ശല്ല്യപ്പെടുത്തുന്നില്ല; അവ ഞങ്ങളെയും ശല്ല്യപ്പെടുത്തുന്നില്ല.”
അത്തരമൊരു പ്രസ്താവന തടാകത്തിൽ ജീവിക്കുന്ന മററുചില ജീവികളെ സംബന്ധിച്ചു ചെയ്യാവുന്നതല്ല. ചിൻയെർ അവയെ കാണുന്നില്ല, കാണാൻ കഴിയില്ല; അവ വളരെ ചെറുതാണ്. അവളുടെ ജലപ്പാത്രങ്ങളിലേക്കൊഴുകുന്ന വെള്ളത്തിൽ അവയുണ്ട്.
അപകടകാരിയായ ഗിനിവിര
ചിൻയെർ, മൺകട്ടകൊണ്ടു പണിതതും ഓല മേഞ്ഞതുമായ അവളുടെ വീട്ടിലേക്കു മടങ്ങിപ്പോയി, ഒരു മൺകലത്തിൽ വെള്ളം ഒഴിച്ചുവയ്ക്കുന്നു. ഊറൽ അടിഞ്ഞശേഷം അവൾ വെള്ളമെടുത്തു കുടിയ്ക്കുന്നു. ഒരു വർഷം കഴിഞ്ഞു തന്റെ കാലിന്റെ താഴെ വീർത്ത ചെറിയ സിരപോലെ തോന്നിക്കുന്ന എന്തോ ഒന്ന് അവൾ കാണുന്നു. എന്നാൽ അതു സിരയല്ല. അവൾ കുടിച്ച വെള്ളത്തിലുണ്ടായിരുന്ന ഒരു സൂക്ഷ്മാണുജീവി വണ്ണംകുറഞ്ഞ, 80 സെൻറീമീററർ നീളമുള്ള ഒരു ഗിനിവിര ആയി വളർന്നിരിക്കുന്നു.
പെട്ടെന്നുതന്നെ ഈ വിര അവളുടെ തൊലിപ്പുറത്തു വേദനാകരമായ ഒരു വ്രണം ഉളവാക്കും. എന്നിട്ട്, വ്രണം പൊട്ടി ക്രീം നിറത്തിലുള്ള വിര പുറത്തുവരാൻ തുടങ്ങും, ഓരോ ദിവസവും ഏതാണ്ടു രണ്ടു സെൻറീമീററർ നീളത്തിൽ. അതു പൂർണ്ണമായും പുറത്തുവരാൻ രണ്ടുമുതൽ നാലാഴ്ചവരെ—ഒരുപക്ഷേ അതിൽകൂടുതൽ—എടുക്കും. ആ സമയത്തിന്റെ അധികഭാഗത്തും ചിൻയെർ ശാരീരികമായി കഴിവില്ലാത്തവളായിരിക്കാനിടയുണ്ട്. അവളുടെ വേദന തീവ്രവുമായിരിക്കും. പൊട്ടിയ വ്രണം ടെററനസ്സിനോ അഴുകുന്നതിനോ സന്ധിവീക്കത്തിനോ പരുവിനോ ഇടയാക്കിക്കൊണ്ടു ബാക്ടീരിയാ ബാധിതമായിത്തീർന്നേക്കാം.
ചിൻയെർ കേവലം ഒരു വിരയിൽനിന്നാണു കഷ്ടമനുഭവിക്കുന്നത്. എന്നാൽ ഒരാളിൽ ഒരേ സമയത്ത് അനേകം, ഒരു ഡസനോ അതിലധികമോ, വിരകൾ ബാധിക്കുന്നത് അസാധാരണമല്ല. സാധാരണമായി അവ കാലുകളുടെ അടിഭാഗത്താണു പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചിലപ്പോൾ അവ തോൾപ്പലക, സ്തനം, നാക്ക് എന്നിങ്ങനെ ശരീരത്തിന്റെ മററു ഭാഗങ്ങളിലേക്കു മാറുകയും അവിടെനിന്നു പുറത്തുവരികയും ചെയ്യാറുണ്ട്.
എന്നിരുന്നാലും, ഒരു അന്തർദ്ദേശീയ നിർമ്മാർജ്ജനപരിപാടി നിമിത്തം ഈ വിരയെ പെട്ടെന്നുതന്നെ ജയിച്ചടക്കാൻ കഴിഞ്ഞേക്കും. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ലോകവ്യാപകമായി ഇപ്പോൾ അതു മുപ്പതു ലക്ഷത്തോടടുത്ത് ആളുകളെ ബാധിക്കുന്നു. അവരിൽ എല്ലാവരുംതന്നെ പാക്കിസ്ഥാനിലും ഇൻഡ്യയിലും 17 ആഫ്രിക്കൻ രാജ്യങ്ങളിലും ജീവിക്കുന്നു. ഏകദേശം ഒരു ദശകത്തിനുമുമ്പ് അത് ഒരു കോടിയോടടുത്ത് ആളുകളെ ബാധിച്ചിരുന്നു. ഏഷ്യയിൽ ഇപ്പോൾ ഗിനിവിര നിർമ്മാർജ്ജനത്തിന്റെ വക്കത്താണ്; ഈ ബാധയുള്ള മിക്ക ആഫ്രിക്കൻ രാജ്യങ്ങളിലും ഈ പരാദം തീർച്ചയായും 1995-ന്റെ അവസാനത്തോടടുത്തു തുടച്ചുനീക്കപ്പെട്ടേക്കാം.
ഒരു നീണ്ട ചരിത്രം
പ്രാചീനകാലം മുതലേ ഗിനിവിര മനുഷ്യവർഗ്ഗത്തെ ബാധിച്ചിട്ടുണ്ട്, വിശേഷിച്ചു മദ്ധ്യപൂർവ്വദേശത്തും ആഫ്രിക്കയിലും. ഈജിപ്ററിൽ കണ്ടെത്തിയ 13 വയസ്സുള്ള ഒരു പെൺകുട്ടിയുടെ കേടുവരാതെ സൂക്ഷിക്കപ്പെട്ടിരുന്ന ശവശരീരത്തിൽനിന്നു പൊടിഞ്ഞ ഒരു ഗിനിവിരയെ കണ്ടെടുത്തു. ദുഃഖകരമായി, അവളുടെ ഇരുകാലുകളും മുറിച്ചുകളഞ്ഞിരുന്നു, ഒരുപക്ഷേ ഗിനിവിരയുടെ ബാധയിൽനിന്നുള്ള അഴുകലിനെ തടയാൻ.
പുരാതന എഴുത്തുകളിൽ ഇതിനെക്കുറിച്ചുള്ള പരാമർശനങ്ങൾ ധാരാളമുണ്ട്. ഗിനിവിരയെക്കുറിച്ചുള്ള ഏററവും പുരാതനമായ പരാമർശനം ഒരു ഈജിപ്ഷ്യൻ പാഠത്തിൽ കാണപ്പെടുന്നു. പുറത്തുവരുന്ന വിരയെ ഒരു വടിയിൽ ചുററുന്ന രീതിയെ അതു വിവരിച്ചു. അഗത്തർകിടിസ് എന്നു പേരുള്ള നിഡസ്സിലെ ഒരു ഗ്രീക്കുകാരൻ പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) രണ്ടാം നൂററാണ്ടിൽ ഇപ്രകാരം എഴുതി: “ചെങ്കടലിൽ രോഗം ബാധിച്ച ആളുകൾ വിചിത്രവും മുമ്പ് അറിയപ്പെടാതിരുന്നതുമായ അനേകം ആക്രമണങ്ങളാൽ ദുരിതമനുഭവിച്ചു. മററു വിരകളുടെ കൂട്ടത്തിൽ അവരുടെമേൽ വന്ന ചെറിയ പാമ്പുകൾ അവരുടെ കാലുകളെയും കൈകളെയും കാർന്നുതിന്നുകയും സ്പർശിക്കുമ്പോൾ തിരികെ പേശിക്കുള്ളിലേക്കു മടങ്ങി ചുരുളുകയും അവിടെ അത്യന്തം അസഹനീയമായ വേദന ജനിപ്പിക്കുകയും ചെയ്തു.”
ചികിത്സ
“ചെളിയിൽ ചവിട്ടിയിട്ടു കാൽ കഴുകുന്നതിനെക്കാൾ ചവിട്ടാതിരിക്കുന്നതാണു ഭേദം” എന്ന ചൊല്ല് തീർച്ചയായും ഗിനിവിര നിമിത്തമുള്ള രോഗത്തിനു ബാധകമാകുന്നു. വാസ്തവത്തിൽ ഒരു ചികിത്സയുമില്ല. ഗിനിവിരയുടെ ലാർവ്വയുള്ള വെള്ളം ഒരു വ്യക്തി ഒരിക്കൽ കുടിച്ചാൽ, ഒരു വ്രണമുണ്ടാക്കി വിര പുറത്തുവരാറാകുന്നതിനുമുമ്പു വൈദ്യശാസ്ത്രപരമായി ഒന്നും ചെയ്യാൻ സാധ്യമല്ല. ആ ഘട്ടത്തിൽ വിദഗ്ദ്ധനായ ഒരു ഡോക്ടർക്കു വിരയുടെ ഒരു വശത്ത് അതിന്റെ നീളത്തിന്റെ മദ്ധ്യഭാഗത്തായി ഒരു ചെറിയ മുറിവുണ്ടാക്കി പരാദത്തെ ചിലപ്പോൾ നീക്കം ചെയ്യാൻ കഴിയും. അദ്ദേഹം ചൂണ്ടപോലുള്ള ഒരു ഉപകരണം ഉപയോഗിച്ചു വിരയുടെ ഒരു ഭാഗം പുറത്തെടുത്തു ചർമ്മത്തിനു മുകളിൽ ഒരു കൊളുത്തുണ്ടാക്കുന്നു. ഒടുവിൽ അദ്ദേഹം വിരയുടെ ശേഷിച്ച ഭാഗം ശ്രദ്ധാപൂർവ്വം പുറത്തേക്കു വലിച്ചെടുക്കുന്നു, പല മിനിട്ടുകൾക്കൊണ്ടു പൂർത്തിയാകുന്ന ഒരു ശസ്ത്രക്രിയ.
ഒരിക്കൽ വിര തന്നെത്താൻ പുറത്തുവരാൻ തുടങ്ങിയാൽ തൊലിപൊട്ടിയ ഭാഗത്തെ വീക്കം വിരയെ എളുപ്പത്തിൽ വലിച്ചെടുക്കുന്നതിനെ തടയുന്നു. രോഗിക്കു ചെയ്യാൻ കഴിയുന്ന മിക്കവാറും ഏററവും നല്ല മാർഗ്ഗം വിര പുറത്തുവരുമ്പോൾ ശ്രദ്ധാപൂർവ്വം ഒരു ചെറിയ വടിയിൽ ചുററുകയെന്ന പുരാതനരീതി പിൻപററുകയെന്നുള്ളതാണ്. വിര പൊട്ടിപ്പോകാതിരിക്കാൻ ശ്രദ്ധ ചെലുത്തണം. അതു പൊട്ടിപ്പോയാൽ അവശേഷിക്കുന്ന ഭാഗം വീണ്ടും തൊലിയ്ക്കുള്ളിലേക്കു പ്രവേശിക്കുകയും നീരിനും വേദനയ്ക്കും അണുബാധയ്ക്കും ഇടയാക്കുകയും ചെയ്യുന്നു.
മാനുഷിക ഇരയുടെ ഉള്ളിലുള്ള ഗിനിവിരയോടു പോരാടാൻ വൈദ്യശാസ്ത്രപരമായി ഒന്നും ചെയ്യാൻ സാധ്യമല്ല. മനുഷ്യശരീരത്തിനുപുറത്തു വച്ച് ഈ പരാദത്തോടു പോരാടാൻ വളരെയധികം ചെയ്യാൻ കഴിയും.
ഗിനിവിരയെ ജയിച്ചടക്കൽ
ഗിനിവിരയുടെ ലാർവ്വയ്ക്കു മലിനീകരിക്കാൻ കഴിയാത്ത കുഴിച്ച കിണറുകൾപ്പോലെ സുരക്ഷിതമായ ജലയുറവുകൾ പ്രദാനം ചെയ്യുകയെന്നുള്ളതാണ് ഒരു വിധം. മറെറാരു വിധം, കുടിയ്ക്കുന്ന വെള്ളം തിളപ്പിക്കാനോ ഒരു നല്ല തുണിയിലൂടെ ഒഴിച്ചുകൊണ്ട് അരിച്ചെടുക്കാനോ ഗ്രാമീണരെ പഠിപ്പിക്കുകയെന്നുള്ളതാണ്. മൂന്നാമത്തെ വിധം, ഈ ലാർവ്വയെ കൊല്ലുന്നതും എന്നാൽ മനുഷ്യർക്കോ മൃഗങ്ങൾക്കോ അപകടം വരുത്താത്തതുമായ ഒരു രാസവസ്തു തടാകത്തിൽ ചേർക്കുക എന്നുള്ളതാണ്.
ഈ രോഗം സാധാരണമായി കാണുന്ന ശേഷിക്കുന്ന രാജ്യങ്ങളിൽ ബാധിതഗ്രാമങ്ങൾ കണ്ടുപിടിച്ചു രോഗബാധ തടയാൻ നിവാസികളെ സഹായിക്കുന്നതിന് ഊർജ്ജിതമായ നിർമ്മാർജ്ജന പരിപാടികൾ നടക്കുന്നുണ്ട്. ഇത്രത്തോളം ഈ ശ്രമങ്ങൾ വളരെ വിജയകരമാണെന്നു തെളിഞ്ഞിരിക്കുന്നു. ഗിനിവിര അതിന്റെ അന്ത്യനാളുകളിലേക്കു പ്രവേശിച്ചിരിക്കുന്നതായി തോന്നുന്നു. അതിന്റെ നഷ്ടത്തിൽ ആരും വിലപിക്കുകയില്ല. (g93 2/8)
[20-ാം പേജിലെ ചിത്രം]
ആദ്യമെ തിളപ്പിക്കുകയോ അരിച്ചെടുക്കുകയോ ചെയ്യാത്തപക്ഷം മലിനജലം കുടിയ്ക്കരുത്