ലോകത്തെ വീക്ഷിക്കൽ
ഉച്ചമയക്കം ഉന്മേഷം പകരും
ഉച്ചയ്ക്ക് ഉറക്കം വരുമ്പോൾ അത് അകറ്റാൻ കഫീനെ ആശ്രയിക്കുന്ന ശീലം വിപരീതഫലം ഉളവാക്കും എന്ന് ദ ന്യൂയോർക്ക് ടൈംസ് പറയുന്നു. “കഫീൻ അടങ്ങിയ പദാർഥങ്ങൾ വാസ്തവത്തിൽ ഉറക്കം വരുത്തുകയാണ് ചെയ്യുന്നത്” എന്ന് കോർണെൽ യൂണിവേഴ്സിറ്റിയിലെ നിദ്രാഗവേഷകനായ ഡോ. ജെയിംസ് മാസ് പറയുന്നു. “ഉറക്കമിളച്ച സമയം ഉറങ്ങിത്തന്നെ തീർക്കണം, ഉത്തേജക വസ്തുക്കൾ കഴിക്കുന്നത് അതിനൊരു പരിഹാരമാകുന്നില്ല.” കാപ്പിയെ ആശ്രയിക്കാതെ അൽപ്പസമയം ഉറങ്ങാൻ മാസ് നിർദേശിക്കുന്നു. അത് “കാര്യങ്ങൾക്ക് അടുത്ത ശ്രദ്ധ കൊടുക്കാനും നിർണായകമായ തീരുമാനങ്ങൾ എടുക്കാനും ഉള്ള പ്രാപ്തിയെ വളരെയേറെ വർധിപ്പിക്കു”മെന്ന് അദ്ദേഹം പറയുന്നു. ഉച്ചയ്ക്ക് 30 മിനിറ്റിൽ കുറഞ്ഞ സമയം ഉറങ്ങുന്നത്, ഒരു വ്യക്തിക്ക് ഉന്മേഷം പകരുമെന്ന് ടൈംസ് പറയുന്നു. അതേസമയം അത് ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുന്നതു ബുദ്ധിമുട്ടാക്കിത്തീർക്കുകയോ രാത്രിയിലെ ഉറക്കത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ലെന്നും ആ പത്രം അഭിപ്രായപ്പെട്ടു. “ഉച്ചമയക്കത്തെ തുച്ഛീകരിച്ചു കാണരുത്” എന്ന് മാസ് പറയുന്നു. “ദിവസേനയുള്ള വ്യായാമം പോലെതന്നെ പ്രധാനപ്പെട്ടതാണ് ഉച്ചമയക്കം.”
സഭകളുടെ സ്ഥാനം ചലച്ചിത്രങ്ങൾ കൈയടക്കുന്നു
“കൗമാരപ്രായക്കാരെ സംബന്ധിച്ചിടത്തോളം പരമ്പരാഗത സഭകളെ അപേക്ഷിച്ച് ടെർമിനേറ്റർ 2, ടൈറ്റാനിക്, സ്റ്റാർ വാർസ് എന്നീ സിനിമകൾ ആഴമായ മതാനുഭവങ്ങൾ പ്രദാനം ചെയ്യുന്ന”തായി ലണ്ടന്റെ വർത്തമാനപത്രമായ ദി ഇൻഡിപ്പെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിലെ ബഹുജന മാധ്യമ കേന്ദ്രത്തിലെ ഡോ. ലിൻ ക്ലാർക്ക് 200 യുവജനങ്ങളോട് അവരുടെ മതവിശ്വാസങ്ങളുമായി ഏറ്റവും അടുത്ത സാമ്യം ഉണ്ടായിരുന്നത് ഏത് സിനിമയ്ക്കായിരുന്നെന്ന് ചോദിച്ചു. ടെർമിനേറ്റർ 2 എന്നായിരുന്നു പലരുടെയും മറുപടി. നന്മയും തിന്മയും തമ്മിലുള്ള ഒരു പോരാട്ടത്തെ ചിത്രീകരിക്കുന്ന സിനിമയാണ് അത്. ഭാവിയിൽ ലോകത്തിന്റെ ‘രക്ഷകൻ’ ആകാനിരിക്കുന്ന കുട്ടിയെ രക്ഷിക്കുന്നതിനായി നായകൻ ഭൂതകാലത്തിലേക്കു ചെല്ലുന്നതായും മറ്റും സിനിമയിൽ കാണിച്ചിട്ടുണ്ട്. സ്കോട്ട്ലൻഡിലെ എഡിൻബർഗിൽ നടന്ന ഒരു സമ്മേളനത്തിൽ പ്രസംഗിക്കവെ ഡോ. ക്ലാർക്ക് ഇങ്ങനെ ഉപസംഹരിച്ചു: “ജീവിതത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനായി യുവജനങ്ങൾ ഇപ്പോൾ ഡാർത്ത് വേഡറിനെയും എക്സ് ഫയൽസനെയുമാണ് ആശ്രയിക്കുന്നത്. എക്സ് ഫയൽസ് ആകർഷകമായിരിക്കാനുള്ള കാരണം, ഒരു അജ്ഞാത ശക്തി പ്രപഞ്ചത്തെ നിയന്ത്രിക്കുന്നുവെന്ന ആശയത്തെ അത് വിശേഷവത്ക്കരിക്കുന്നു എന്നതാണ്. ശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത സംഗതികളുണ്ട് എന്ന് അതു സൂചിപ്പിക്കുന്നു. അത് മതം കൈകാര്യം ചെയ്യേണ്ട സംഗതികളാണ്, എന്നാൽ അവ ശരിയായ രീതിയിൽ കൈകാര്യം ചെയ്യാൻ മതത്തിനു കഴിയുന്നില്ല.”
പഞ്ഞി തരുന്നത് ചെമ്മരിയാടോ?
യുവ കർഷകരുടെ യൂറോപ്യൻ സമിതി അടുത്ത കാലത്തു നടത്തിയ ഒരു സർവേ വെളിപ്പെടുത്തിയതനുസരിച്ച്, “യൂറോപ്യൻ യൂണിയനിലെ കുട്ടികളിൽ 50 ശതമാനത്തിന് പഞ്ചസാര ലഭിക്കുന്നത് എവിടെ നിന്നാണ് എന്നറിയില്ല, 75 ശതമാനത്തിന് . . . എവിടെ നിന്നാണ് പഞ്ഞി ലഭിക്കുന്നത് എന്നറിയില്ല, 25 ശതമാനത്തിലധികം പേരും വിശ്വസിക്കുന്നത് പഞ്ഞി തരുന്നത് ചെമ്മരിയാട് ആണെന്നാണ്.” അതിനു പുറമേ, ബ്രിട്ടനിലെയും നെതർലൻഡ്സിലെയും ഒമ്പതും പത്തും വയസ്സുള്ള കുട്ടികളിൽ 25 ശതമാനവും ഓറഞ്ചും ഒലിവും തങ്ങളുടെ നാട്ടിൽ ഉണ്ടാകുന്നുണ്ടെന്നു വിശ്വസിക്കുന്നു. കുട്ടികൾ കാർഷികോത്പന്നങ്ങളുമായി മുഖ്യമായും സമ്പർക്കത്തിൽ വരുന്നത് കൃഷിസ്ഥലത്തുവെച്ചല്ല, പിന്നെയോ സൂപ്പർമാർക്കറ്റിൽ വെച്ചാണ്. സ്കൂളിൽനിന്നാണ് അവർ മുഖ്യമായും കൃഷിയെ കുറിച്ചു പഠിക്കുന്നത്. യൂറോപ്പിലെ പല കുട്ടികൾക്കും കാർഷികവൃത്തി ആകർഷകമായി തോന്നാത്തതിന്റെ കാരണങ്ങളിൽ ചിലത് അവയായിരിക്കാം. “യൂറോപ്യൻ യൂണിയനിലെ കുട്ടികളിൽ ശരാശരി 10 ശതമാനത്തിനു മാത്രമേ ഭാവിയിൽ ഒരു കർഷകൻ ആകാനുള്ള ‘തീവ്രമായ മോഹം’ ഉണ്ടായിരിക്കുകയുള്ളൂ” എന്ന് സമിതി പ്രസ്താവിക്കുന്നു.
‘കലാകാരന്മാരായ’ ആനകൾ
കേരളത്തിൽ ഒറ്റപ്പാലത്ത് ആനക്കുട്ടികളെ പെയിന്റിങ് പഠിപ്പിക്കുന്നു. തുമ്പിക്കൈകൊണ്ട് ബ്രഷ് പിടിച്ചാണ് ആനകൾ ചിത്രരചന നടത്തുന്നത്. ആനകൾ വരച്ചചിത്രങ്ങൾ വിറ്റുകൊണ്ട് അവയുടെ സംരക്ഷണത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ പ്രകൃതി സംരക്ഷണവാദികൾ ഏഷ്യൻ എലഫന്റ് ആർട്ട് ആൻഡ് കൺസർവേഷൻ പ്രൊജക്ട് സ്ഥാപിച്ചിരിക്കുന്നതായി ദി ഇൻഡ്യൻ എക്സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. ആറു വയസ്സുകാരനായ ഗണേശൻ എന്ന കുട്ടിക്കൊമ്പൻ വിശേഷിച്ചും തന്റെ ‘കലാരചന’ ആസ്വദിക്കുന്നതായി കാണുന്നു. പെയിന്റ് ചെയ്യാനുള്ള മൂഡിലാണെങ്കിൽ അവൻ ചെവികൾ ആട്ടും, പരിശീലകന്റെ കയ്യിൽനിന്ന് ബ്രഷ് വാങ്ങും. പെയിന്റിങ്ങിനിടയ്ക്ക് ആരും തന്നെ ശല്യം ചെയ്യുന്നത് ഗണേശന് ഇഷ്ടമല്ല, എന്തിന് പക്ഷികളോ അണ്ണാറക്കണ്ണന്മാരോ പോലും സമീപത്തുണ്ടായിരിക്കുന്നത് അവന് അരിശമാണ്. നിറത്തിൽ മുക്കിയ ബ്രഷ്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കോറിയിട്ട ശേഷം അവൻ അൽപ്പ സമയം അനങ്ങാതെ നിൽക്കും, തന്റെ ചിത്രമൊന്നു നിരീക്ഷിക്കുന്ന മട്ടിൽ. എന്നാൽ തങ്ങളെ “കലാകാരന്മാർ” ആക്കാനുള്ള ശ്രമം എല്ലാ ആനക്കുട്ടികൾക്കും അത്ര രസിക്കുന്നില്ല. ചിലർ പെയിന്റിങ് ബ്രഷ് ഒടിച്ചുകളഞ്ഞു കൊണ്ടാണത്രെ തങ്ങളുടെ അനിഷ്ടം പ്രകടിപ്പിക്കുന്നത്.
രണ്ടാമതൊരു അഭിപ്രായം ആരായേണ്ടതുണ്ടോ?
“രോഗം സംബന്ധിച്ച് മറ്റൊരു ഡോക്ടറുടെ അഭിപ്രായം ആരായേണ്ട സന്ദർഭം വരുമ്പോൾ നമ്മിൽ മിക്കവരും അമിത മര്യാദ പ്രകടമാക്കുന്നു. എന്നാൽ അതിന്റെ ഫലമായി രോഗികൾക്ക് വലിയ വില ഒടുക്കേണ്ടി വന്നേക്കാം, ഒരുപക്ഷേ തങ്ങളുടെ ജീവൻതന്നെ” എന്ന് മെക്സിക്കോ നഗരത്തിലെ ദ ന്യൂസ് പറയുന്നു. രണ്ടാമതൊരു ഡോക്ടറുടെ അഭിപ്രായം ചോദിക്കേണ്ടതുണ്ടെന്നു പറഞ്ഞാൽ തങ്ങളുടെ ഡോക്ടർക്ക് അത് അപമാനമായി തോന്നുമോ എന്ന് രോഗികൾ പലപ്പോഴും ഭയക്കുന്നു. എന്നാൽ “മിക്ക ഡോക്ടർമാർക്കും തങ്ങളുടെ രോഗികൾ വേറൊരു ഡോക്ടറുടെ അഭിപ്രായം കൂടെ തേടുന്നതിൽ നീരസം തോന്നാറില്ല” എന്ന് പത്രം പറയുന്നു. “നീരസം തോന്നുന്നപക്ഷം അതു പ്രശ്നം സൃഷ്ടിച്ചേക്കാം.” രോഗികൾക്ക് ഏറ്റവും നല്ല ചികിത്സ ഉറപ്പു വരുത്താനുള്ള ഒരു നല്ല മാർഗമായിട്ടാണു ഡോക്ടർമാരും ഇൻഷ്വറൻസ് കമ്പനികളും ഇന്ന് അതിനെ വീക്ഷിക്കുന്നത്. രോഗികൾ രണ്ടാമതൊരു ഡോക്ടറെ സമീപിച്ച് അഭിപ്രായം ആരായുമ്പോൾ മിക്കപ്പോഴും അവർക്ക് തന്റെ നിർദേശങ്ങളിൽ കൂടുതൽ വിശ്വാസം തോന്നാൻ ഇടയാകുന്നു എന്നും അതുകൊണ്ടുതന്നെ താൻ അപ്രകാരം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കാറുണ്ട് എന്നും ജോർജിയ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓൺകോളജിയുടെ പ്രസിഡന്റ് ഡോ. മൈക്കൾ ആൻഡ്രൂസ് പറയുന്നു. ഒരു പൊതുജനാരോഗ്യ സംഘടനയുടെ ഡയറക്ടർ ഇപ്രകാരം പറഞ്ഞു: “തങ്ങളുടെ ജീവനാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന് രോഗികൾ ഓർമിക്കേണ്ടതുണ്ട്.”