ബൈബിളിന്റെ വീക്ഷണം
വൈദ്യചികിത്സ സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പ് പ്രാധാന്യം അർഹിക്കുന്നുവോ?
രോഗങ്ങളും പരിക്കുകളുമൊന്നും മനുഷ്യർക്കു പുതുമയുള്ള കാര്യങ്ങളല്ല. ആരോഗ്യം അപകടത്തിലാകുന്ന ഇത്തരം സാഹചര്യങ്ങളിൽ അനേകരും വൈദ്യസഹായം തേടുന്നു. ഇതു പ്രയോജനകരമാണെന്ന് യേശുക്രിസ്തു സമ്മതിക്കുകയുണ്ടായി. അവൻ ഇങ്ങനെ പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.”—ലൂക്കൊസ് 5:31, പി.ഒ.സി. ബൈബിൾ.
ആ വാക്കുകൾ എഴുതിയ ബൈബിൾ എഴുത്തുകാരനായ ലൂക്കൊസ് തന്നെയും ഒരു വൈദ്യനായിരുന്നു. (കൊലൊസ്സ്യർ 4:14) ഒരുപക്ഷേ ലൂക്കൊസിനോടൊപ്പമുള്ള യാത്രാവേളകളിൽ അപ്പൊസ്തലനായ പൗലൊസ് അവന്റെ വൈദ്യപരിജ്ഞാനത്തിൽനിന്നു പ്രയോജനം അനുഭവിച്ചിരിക്കാം. എന്നാൽ, ക്രിസ്ത്യാനികൾക്ക് ഏതെല്ലാം തരത്തിലുള്ള ചികിത്സകൾ സ്വീകരിക്കാം എന്നതു സംബന്ധിച്ച് തിരുവെഴുത്തുകൾ എന്തെങ്കിലും മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യുന്നുണ്ടോ? നിങ്ങൾ ഏതു തരത്തിലുള്ള ചികിത്സ തിരഞ്ഞെടുക്കുന്നു എന്നത് പ്രാധാന്യം അർഹിക്കുന്നുവോ?
തിരുവെഴുത്തുപരമായ മാർഗനിർദേശങ്ങൾ
വൈദ്യചികിത്സ സംബന്ധിച്ച് ജ്ഞാനപൂർവകമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ ബൈബിൾ നൽകുന്നുണ്ട്. ഉദാഹരണത്തിന്, മന്ത്രവാദം പോലുള്ള സംഗതികൾ യഹോവയ്ക്ക് “വെറുപ്പാകുന്നു” എന്ന് ആവർത്തനപുസ്തകം 18:10-12 വ്യക്തമായി പറയുന്നു. പൗലൊസ് മുന്നറിയിപ്പു നൽകിയ “ആത്മവിദ്യാചാര”ത്തിൽ, ദൈവം കുറ്റംവിധിക്കുന്ന അത്തരം നടപടികളും ഉൾപ്പെടുന്നുണ്ട്. (ഗലാത്യർ 5:19-21, NW) അതുകൊണ്ട്, ആത്മവിദ്യ ഉൾപ്പെടുന്ന എല്ലാ തരത്തിലുള്ള രോഗനിർണയ നടപടികളും ചികിത്സാ രീതികളും സത്യക്രിസ്ത്യാനികൾ ഒഴിവാക്കുന്നു.
ജീവനെയും രക്തത്തെയും സ്രഷ്ടാവ് അങ്ങേയറ്റം പവിത്രമായി കരുതുന്നുവെന്നും ബൈബിൾ വെളിപ്പെടുത്തുന്നു. (ഉല്പത്തി 9:3, 4) ‘രക്തം വർജിക്കുക’ എന്ന ബൈബിൾ കൽപ്പന അനുസരിക്കാൻ ദൃഢചിത്തരായ യഹോവയുടെ സാക്ഷികൾ അതു ലംഘിക്കുന്ന തരത്തിലുള്ള വൈദ്യ നടപടികൾ സ്വീകരിക്കുകയില്ല. (പ്രവൃത്തികൾ 15:28, 29) അവർ എല്ലാ തരത്തിലുള്ള വൈദ്യചികിത്സകളും നിരസിക്കുന്നുവെന്ന് ഇതിന് അർഥമില്ല. വാസ്തവത്തിൽ, തങ്ങൾക്കും തങ്ങളുടെ കുട്ടികൾക്കും ഏറ്റവും നല്ല ചികിത്സ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് യഹോവയുടെ സാക്ഷികൾ. എന്നുവരികിലും, തങ്ങളുടെ മതപരമായ ബോധ്യങ്ങൾക്കു ചേർച്ചയിലുള്ള ചികിത്സകൾ നൽകണമെന്ന് അവർ ഡോക്ടർമാരോടും നഴ്സുമാരോടും അഭ്യർഥിക്കുന്നു.
‘നടപ്പു സൂക്ഷിച്ചുകൊള്ളുക’
ശലോമോൻ രാജാവ് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) ഒരു ചികിത്സാ നടപടിയിൽ ബൈബിൾ തത്ത്വങ്ങളുടെ വ്യക്തമായ ലംഘനം ഉൾപ്പെടാത്തപ്പോൾ പോലും ഒരു വ്യക്തി ‘തന്റെ നടപ്പു സൂക്ഷിക്കേണ്ടതുണ്ട്.’ എല്ലാത്തരത്തിലുള്ള ചികിത്സകളും പ്രയോജനകരമല്ല. ‘രോഗികൾക്കു വൈദ്യനെ ആവശ്യമാണ്’ എന്നു പറഞ്ഞപ്പോൾ തന്റെ കാലത്ത് നിലവിലുണ്ടായിരുന്ന ഏതു ചികിത്സയും സ്വീകരിക്കാം എന്ന് യേശു അർഥമാക്കിയില്ല. ചില ചികിത്സാ രീതികൾ നല്ലതായിരിക്കെ മറ്റു ചിലത് ദോഷകരമാണെന്ന് യേശുവിന് അറിയാമായിരുന്നു.a
സമാനമായി, ഇന്നത്തെ ചില ചികിത്സാ നടപടികൾ നിഷ്ഫലമോ വഞ്ചനാത്മകം പോലുമോ ആയിരുന്നേക്കാം. വിവേകപൂർവം ചിന്തിച്ച് തീരുമാനമെടുത്തില്ലെങ്കിൽ നാം അപകടങ്ങളിൽ ചെന്നു ചാടാൻ ഇടയുണ്ട്. അതുപോലെതന്നെ, ഒരു വ്യക്തിയുടെ കാര്യത്തിൽ ഗുണകരമെന്നു തെളിഞ്ഞ ചികിത്സ മറ്റൊരാൾക്ക് ഗുണം ചെയ്തില്ലെന്നു വരാം, ചിലപ്പോൾ ദോഷകരം പോലും ആയിരുന്നേക്കാം. ചികിത്സ സംബന്ധിച്ച് ഒരു തീരുമാനം എടുക്കേണ്ടി വരുമ്പോൾ, വിവേകമുള്ള ഒരു വ്യക്തി “ഏതു വാക്കും വിശ്വസിക്കു”കയില്ല. പകരം, ഉപദേശം തരുന്നത് ഉറ്റ സുഹൃത്തുക്കൾ ആണെങ്കിൽപ്പോലും ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് അദ്ദേഹം കാര്യങ്ങൾ നന്നായി വിലയിരുത്തും. കാര്യജ്ഞാനത്തോടെയുള്ള തീരുമാനം എടുക്കാൻ തക്കവണ്ണം ആശ്രയയോഗ്യമായ വിവരങ്ങൾക്കായി തിരഞ്ഞുകൊണ്ട് അദ്ദേഹം ‘സുബോധം’ പ്രകടമാക്കും.—തീത്തൊസ് 2:13.
യാഥാർഥ്യബോധവും ന്യായബോധവും ഉള്ളവരായിരിക്കുക
സ്വന്തം ആരോഗ്യത്തെ കുറിച്ചു ചിന്തയുണ്ടായിരിക്കുന്നത് ഉചിതമാണ്. ശാരീരിക ആരോഗ്യത്തിന് വേണ്ടത്ര ശ്രദ്ധ നൽകുന്നത് ജീവൻ എന്ന സമ്മാനത്തെയും അതു നൽകിയ ദൈവത്തെയും നാം വിലമതിക്കുന്നു എന്നു പ്രകടമാക്കുന്നു. (സങ്കീർത്തനം 36:9) എങ്കിലും, ആരോഗ്യകാര്യങ്ങളിൽ സമനിലയുള്ളവരായിരിക്കാൻ ക്രിസ്ത്യാനികൾ ശ്രദ്ധിക്കും. കാരണം, സാമാന്യം ആരോഗ്യമുള്ള ഒരു വ്യക്തി തന്റെ ആരോഗ്യത്തെ കുറിച്ച് അമിതചിന്ത പുലർത്തുന്ന പക്ഷം “കൂടുതൽ പ്രാധാന്യമുള്ള സംഗതിക”ൾ വിട്ടുകളയുന്നതിന് അത് ഇടയാക്കിയേക്കാം.—ഫിലിപ്പിയർ 1:10, NW; 2:3, 4.
യേശുവിന്റെ നാളിലെ രോഗിയായ ഒരു സ്ത്രീ തന്റെ മാറാരോഗം ഒന്നു ഭേദമായിക്കിട്ടുന്നതിനു വേണ്ടി പല വൈദ്യന്മാരെയും പോയിക്കണ്ടു. ചികിത്സയ്ക്കായി അവൾ “തനിക്കുള്ളതൊക്കെയും ചെലവഴി”ച്ചു. ഫലമെന്തായിരുന്നു? അസുഖം ഭേദമാകുന്നതിനു പകരം അവളുടെ അവസ്ഥ ഒന്നുകൂടെ വഷളാകുകയാണു ചെയ്തത്. അത് അവളെ മാനസികമായി തളർത്തിക്കളഞ്ഞിരിക്കണം. (മർക്കൊസ് 5:25, 26) രോഗത്തിൽനിന്നു മുക്തി നേടുന്നതിനുവേണ്ടി സാധ്യമായ എല്ലാ ചികിത്സാ രീതികളും അവൾ പരീക്ഷിച്ചു നോക്കി. എന്നാൽ ഒന്നും പ്രയോജനം ചെയ്തില്ല. ആ സ്ത്രീയുടെ അനുഭവം അവളുടെ കാലത്തെ വൈദ്യശാസ്ത്രത്തിന്റെ പരിമിതികൾ എടുത്തുകാട്ടുന്നു. വൈദ്യശാസ്ത്ര ഗവേഷണവും സാങ്കേതികവിദ്യയും വളരെയധികം പുരോഗമിച്ചിരിക്കുന്ന ഈ നാളുകളിലും സാഹചര്യം വ്യത്യസ്തമല്ല. യേശുവിന്റെ നാളിലെ ആ സ്ത്രീയുടേതിനോടു സമാനമായ സാഹചര്യത്തെ അഭിമുഖീകരിക്കുന്ന ആളുകൾ ഇന്നുമുണ്ട്. അതുകൊണ്ട് വൈദ്യശാസ്ത്രത്തിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ സംബന്ധിച്ച് യാഥാർഥ്യ ബോധത്തോടെയുള്ള ഒരു വീക്ഷണം ഉണ്ടായിരിക്കേണ്ടതു പ്രധാനമാണ്. പൂർണ ആരോഗ്യം എന്നത് ഇന്ന് അസാധ്യമാണ്. “ജാതികളുടെ രോഗശാന്തി”ക്കുള്ള ദൈവത്തിന്റെ സമയം വരാനിരിക്കുന്നതേയുള്ളു എന്നു ക്രിസ്ത്യാനികൾക്ക് അറിയാം. (വെളിപ്പാടു 22:1, 2) അതുകൊണ്ട് വൈദ്യചികിത്സ സംബന്ധിച്ച് സമനിലയുള്ള ഒരു വീക്ഷണം നാം വളർത്തിയെടുക്കേണ്ടതുണ്ട്.—ഫിലിപ്പിയർ 4:5, NW.
വൈദ്യചികിത്സ സംബന്ധിച്ച നമ്മുടെ തിരഞ്ഞെടുപ്പുകൾ പ്രാധാന്യം അർഹിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. അതുകൊണ്ട് ചികിത്സ സംബന്ധിച്ച് നാം എടുക്കുന്ന തീരുമാനം നല്ല ആരോഗ്യം ഉണ്ടായിരിക്കാനും അതോടൊപ്പം ദൈവവുമായി ആരോഗ്യകരമായ ഒരു ബന്ധം നിലനിറുത്താനുമുള്ള നമ്മുടെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം. അങ്ങനെ ചെയ്യുമ്പോൾത്തന്നെ, ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല’ എന്ന യഹോവയുടെ വാഗ്ദാനം നിവൃത്തിയേറുന്ന മഹത്തായ പുതിയ ലോകത്തിനായി ഉറപ്പോടെ നോക്കിപ്പാർത്തിരിക്കുന്നതിൽ നമുക്കു തുടരാം.—യെശയ്യാവു 33:24. (g01 1/8)
[അടിക്കുറിപ്പ്]
a ഉദാഹരണത്തിന്, ഒന്നാം നൂറ്റാണ്ടിൽ ഡൈയൊസ്കോരിഡിസ് രചിച്ച വൈദ്യ വിജ്ഞാനകോശത്തിൽ, മഞ്ഞപ്പിത്തത്തിന് പ്രതിവിധിയായി നിർദേശിച്ചിരുന്നത് വീഞ്ഞും ആട്ടിൻ കാഷ്ഠവും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ്. അത്തരം ചികിത്സാവിധികൾ രോഗം സുഖപ്പെടുത്തുന്നതിനു പകരം രോഗിയുടെ അവസ്ഥ ഒന്നുകൂടെ വഷളാക്കുകയേ ചെയ്യുമായിരുന്നുള്ളൂ എന്ന് ഇന്നു നമുക്കറിയാം.
[18-ാം പേജിലെ ചിത്രങ്ങൾ]
“ദ ഡോക്ടർ,” 1891, സർ ലൂക്ക് ഫൈൽഡ്സ് വരച്ചത്
[കടപ്പാട്]
Tate Gallery, London/Art Resource, NY