ആർത്രൈറ്റിസ്—ദുർബലീകരിക്കുന്ന ഒരു രോഗം
“ഈ വേദന എന്താണെന്ന് അത് അനുഭവിച്ചാലേ മനസ്സിലാവൂ. മരണത്തിനു മാത്രമേ ആശ്വാസം നൽകാനാവൂ എന്നു ഞാൻ വിചാരിച്ചു.”—സെറ്റ്സുക്കോ, ജപ്പാൻ.
“എനിക്കു 16 വയസ്സുള്ളപ്പോഴാണ് ഈ രോഗം പിടിപെട്ടത്. അത് എന്റെ യൗവനം കവർന്നെടുത്തതു പോലെ എനിക്കു തോന്നുന്നു.”—ഡാറെൻ, ഗ്രേറ്റ് ബ്രിട്ടൻ.
“രോഗം ബാധിച്ചു കിടപ്പിലായതു നിമിത്തം ജീവിതത്തിലെ രണ്ടു വർഷമാണ് എനിക്കു നഷ്ടമായത്.”—കാറ്റ്യാ, ഇറ്റലി.
“സന്ധികളിലെല്ലാം വേദന തുടങ്ങിയ അന്നു മുതൽ എന്നും വേദന തിന്നാണ് ഞാൻ ജീവിച്ചത്.”—ജോയ്സ്, ദക്ഷിണാഫ്രിക്ക.
ആർത്രൈറ്റിസ് (സന്ധി വീക്കം) എന്ന രോഗത്താൽ യാതന അനുഭവിക്കുന്ന ചിലരുടെ വിലാപ വാക്കുകളാണിവ. വേദന, ചലനശേഷി നഷ്ടം, വൈകല്യം എന്നിവയിൽനിന്നുള്ള ആശ്വാസം തേടി ഓരോ വർഷവും ദശലക്ഷക്കണക്കിന് ആർത്രൈറ്റിസ് രോഗികൾ ഡോക്ടർമാരുടെ അടുക്കൽ എത്തുന്നു.
ഐക്യനാടുകളിൽ മാത്രം 4.2 കോടിയിലധികം ആളുകളെ ആർത്രൈറ്റിസ് ബാധിച്ചിട്ടുണ്ട്. അവരിൽ 6 രോഗികളിൽ ഒരാൾക്കു വീതം വൈകല്യം സംഭവിക്കുന്നു. ആ രാജ്യത്ത് വൈകല്യത്തിന് ഇടയാക്കുന്ന മുഖ്യ കാരണമാണ് ആർത്രൈറ്റിസ്. ഈ രോഗവുമായി ബന്ധപ്പെട്ടുള്ള ചികിത്സാച്ചെലവും തൊഴിൽ രംഗത്തെ ഉത്പാദനക്ഷമതയിൽ ഉണ്ടാകുന്ന കുറവും കണക്കിലെടുത്താൽ ഓരോ വർഷവും അമേരിക്കക്കാർക്ക് 6,400 കോടി ഡോളറിന്റെ നഷ്ടമാണ് സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ രോഗത്തിന് സമ്പദ്വ്യവസ്ഥയുടെ മേലുള്ള ഫലം “ഏതാണ്ട് ഒരു ശരാശരി സാമ്പത്തിക മാന്ദ്യത്തിന്റേതിനോട് ഒത്തുവരും” എന്ന് ‘രോഗനിയന്ത്രണത്തിനും പ്രതിരോധത്തിനുമായുള്ള ദേശീയ കേന്ദ്രങ്ങൾ’ പറയുന്നു. ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ച്, ഇന്ത്യ, ഇന്തൊനീഷ്യ, ചിലി, ചൈന, തായ്ലൻഡ്, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ബ്രസീൽ, മലേഷ്യ, മെക്സിക്കോ തുടങ്ങിയ വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേകൾ കാണിക്കുന്നത് അത്തരം രാഷ്ട്രങ്ങളിലും ആർത്രൈറ്റിസും മറ്റു വാതരോഗങ്ങളും ഏതാണ്ട് “വികസിത ലോകത്തിലേതു പോലെതന്നെ”യുള്ള ഒരു വലിയ പ്രശ്നമാണെന്നാണ്.
പ്രായമായവരെ മാത്രം ബാധിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ് എന്ന ധാരണ തെറ്റാണ്. പ്രായമാകുന്തോറും ഈ രോഗം കൂടുതൽ ഗുരുതരമായ രീതിയിൽ ആളുകളെ ബാധിക്കും എന്നതു ശരിയാണ്. എന്നാൽ ഇതിന്റെ ഏറ്റവും സാധാരണ വകഭേദങ്ങളിൽ ഒന്നായ റൂമറ്റോയ്ഡ് ആർത്രൈറ്റിസ് 25-നും 50-നും ഇടയ്ക്കു പ്രായമുള്ളവരെയാണ് പൊതുവേ ബാധിക്കുന്നത്. ഐക്യനാടുകളിൽ ആർത്രൈറ്റിസ് ഉള്ള 5 പേരിൽ ഏതാണ്ട് 3 പേർ വീതം 65 വയസ്സിൽ താഴെയുള്ളവരാണ്. സമാനമായി ഗ്രേറ്റ് ബ്രിട്ടനിൽ 80 ലക്ഷം രോഗികളിൽ 12 ലക്ഷം പേർക്കും 45 വയസ്സിൽ കുറവാണ്. അവരിൽ 14,500-ലധികം പേർ കുട്ടികളാണ്.
ഓരോ വർഷവും ആർത്രൈറ്റിസ് രോഗികളുടെ എണ്ണത്തിൽ വലിയ വർധന ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാനഡയിൽ അടുത്ത പത്തു വർഷത്തിനകം പത്തു ലക്ഷം ആർത്രൈറ്റിസ് രോഗികൾ കൂടെ ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു. യൂറോപ്പിലേതിനോടു താരതമ്യപ്പെടുത്തുമ്പോൾ ആഫ്രിക്കയിലും ഏഷ്യയിലും ആർത്രൈറ്റിസ് കുറവാണെങ്കിലും അവിടങ്ങളിലും ഈ രോഗം കൂടുതൽ വ്യാപകം ആയിത്തീരുകയാണ്. ആർത്രൈറ്റിക് രോഗങ്ങളിലെ ഈ വൻ വർധന 2000-2010-നെ ‘അസ്ഥി, സന്ധി ദശക’മായി പ്രഖ്യാപിക്കാൻ ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചിരിക്കുന്നു. ഈ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള ഡോക്ടർമാരും ആരോഗ്യ-പരിപാലന വിദഗ്ധരും പേശികളെയും അസ്ഥികളെയും ബാധിക്കുന്ന ആർത്രൈറ്റിസ് പോലുള്ള രോഗങ്ങളാൽ കഷ്ടപ്പെടുന്നവരുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു കൂട്ടായ ശ്രമം നടത്തും.
വേദനാജനകമായ ഈ രോഗത്തെ കുറിച്ച് എന്തൊക്കെ വിവരങ്ങൾ ലഭ്യമാണ്? ഇതു വരാൻ സാധ്യതയുള്ളത് ആർക്കാണ്? ആർത്രൈറ്റിസ് രോഗികൾക്ക് അതിന്റെ ദുർബലീകരിക്കുന്ന ഫലങ്ങളുമായി എങ്ങനെ പൊരുത്തപ്പെടാൻ സാധിക്കും? ഭാവിയിൽ ഇതിന് ഒരു പരിഹാരം ഉണ്ടാകുമോ? അടുത്ത ലേഖനങ്ങൾ ഈ സംഗതികളെ കുറിച്ചു ചർച്ച ചെയ്യും. (g01 12/08)
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
എക്സ്റേ: Used by kind permission of the Arthritis Research Campaign, United Kingdom (www.arc.org.uk)