“സുവർണ ഭൂമി”യായ മ്യാൻമാർ
മ്യാൻമാറിലെ ഉണരുക! ലേഖകൻ
ഒരു മതിൽക്കെട്ടുപോലെ വർത്തിക്കുന്ന പർവതനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന “സുവർണ ഭൂമി.” ഏഷ്യൻ അയൽരാജ്യങ്ങളിൽനിന്ന് അതിനെ വേർതിരിക്കുന്നത് ഈ പ്രകൃതിദത്ത അതിർത്തിയാണ്. തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലും ആൻഡമാൻ കടലും 2,000-ത്തിലേറെ കിലോമീറ്റർ വരുന്ന അതിന്റെ തീരപ്രദേശത്തെ തഴുകുന്നു. പടിഞ്ഞാറ് ബംഗ്ലാദേശും ഇന്ത്യയും; വടക്ക് ചൈന; കിഴക്ക് ലാവോസും തായ്ലൻഡും. മഡഗാസ്കറിനെക്കാൾ അൽപ്പം വലുതും വടക്കേ അമേരിക്കൻ സംസ്ഥാനമായ ടെക്സസിനെക്കാൾ ചെറുതുമാണ് അത്. ഏതാണ് ഈ ദേശം? മുമ്പ് ബർമ എന്ന് അറിയപ്പെട്ടിരുന്ന മ്യാൻമാർ.
ആദ്യകാല കുടിയേറ്റക്കാർ സുവർണ ഭൂമി എന്നു വിളിച്ച മ്യാൻമാർ പ്രകൃതി വിഭവങ്ങളാൽ സമൃദ്ധമാണ്. പെട്രോളിയം, പ്രകൃതി വാതകം, ചെമ്പ്, വെളുത്തീയം, വെള്ളി, ടങ്സ്റ്റൺ തുടങ്ങിയ അനേകം ധാതുക്കളും നീലക്കല്ല്, മരതകം, മാണിക്യം, അക്കിക്കല്ല് എന്നിങ്ങനെയുള്ള അമൂല്യ രത്നങ്ങളും ഇവിടെ ധാരാളമുണ്ട്. തേക്ക്, ഈട്ടി, പഡൗക് തുടങ്ങിയ അപൂർവ മരങ്ങൾ ഉള്ള ഉഷ്ണമേഖലാ മഴക്കാടുകളാണ് മറ്റൊരു നിധി. ഈ വനങ്ങളിൽ കുരങ്ങ്, പുലി, കരടി, പോത്ത്, ആന തുടങ്ങിയ അനേകം വന്യജന്തുക്കളെയും കാണാം. എന്നാൽ സുവർണ ഭൂമിയുടെ യഥാർഥ സമ്പത്ത് അവിടത്തെ ജനങ്ങളാണ്.
മ്യാൻമാറിലെ ജനങ്ങൾ
പൊതുവേ സൗമ്യരും ശാന്തരുമാണ് മ്യാൻമാറിലെ ജനങ്ങൾ. കൂടാതെ, നല്ല മര്യാദയുള്ളവരും അതിഥിപ്രിയരും. അവർ സന്ദർശകരോട് ബഹുമാനത്തോടും ആദരവോടും കൂടെ ഇടപെടുന്നു. കുട്ടികൾ സാധാരണഗതിയിൽ മുതിർന്നവരെ അങ്കിൾ എന്നും ആന്റി എന്നുമാണ് വിളിക്കാറ്.
മ്യാൻമാർ സന്ദർശിക്കുന്നവർ പലപ്പോഴും അവിടത്തെ പ്രായമുള്ളവരുടെ ചുളിവുകളില്ലാത്ത മിനുസമുള്ള ചർമത്തെ കുറിച്ച് അഭിപ്രായപ്പെടാറുണ്ട്. തങ്ങളുടെ ചർമത്തിന്റെ രഹസ്യം തനക്കാ വൃക്ഷത്തിൽനിന്നു ലഭിക്കുന്ന ഒരുതരം സൗന്ദര്യവർധക വസ്തുവാണെന്ന് അവിടത്തെ സ്ത്രീകൾ പറയുന്നു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന, ഇളം സ്വർണ നിറമുള്ള ഈ വസ്തുവിന്റെ പേരും തനക്കാ എന്നുതന്നെ. മരക്കൊമ്പിന്റെ ഒരു കഷണം വെള്ളം ചേർത്ത് പരന്ന കട്ടിയുള്ള ഒരു കല്ലിൽ ഉരയ്ക്കുമ്പോൾ കിട്ടുന്ന കുഴമ്പുരൂപത്തിലുള്ള പദാർഥം സ്ത്രീകൾ കലാപരമായ രീതിയിൽ മുഖത്തു തേച്ചു പിടിപ്പിക്കുന്നു. ഈ ലേപനത്തിന് ശരീര ധാതുക്കളെ സങ്കോചിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. മുഖത്തിനു കുളിർമ നൽകുന്നതിനു പുറമേ തനക്കാ ഉഷ്ണമേഖലാ സൂര്യന്റെ കടുത്ത രശ്മികളിൽനിന്നുള്ള ഒരു സംരക്ഷണമായും ഉതകുന്നു.
മ്യാൻമാറിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും സാധാരണ വേഷം ലുങ്കിയാണ്. ഏകദേശം രണ്ടു മീറ്റർ നീളമുള്ള ഒരു തുണിയുടെ രണ്ടറ്റവും കൂട്ടിത്തുന്നി, വളരെ എളുപ്പത്തിൽ അത് ഉണ്ടാക്കാം. ലുങ്കി വട്ടത്തിൽ പിടിച്ച് അതിനകത്തേക്കു കയറിയ ശേഷം സ്ത്രീകൾ അത് അരയിൽ ചുറ്റിയെടുത്ത് ബാക്കി വരുന്ന ഭാഗം അരയിൽ കുത്തുന്നു. എന്നാൽ പുരുഷന്മാരാകട്ടെ, അത് രണ്ടു വശത്തുനിന്നും മുന്നിലേക്ക് എടുത്ത് അയച്ചു കെട്ടുകയാണ് ചെയ്യാറ്. ഒഴുകി കിടക്കുന്ന മാന്യ വസ്ത്രമായ ലുങ്കി ഉഷ്ണമേഖലയിൽ താമസിക്കുന്നവർക്കു വളരെ യോജിച്ചതാണ്.
മ്യാൻമാറിലെ കമ്പോളങ്ങൾ സന്ദർശിച്ചാൽ അവിടത്തെ ആളുകൾ നല്ല കലാവാസന ഉള്ളവരാണെന്നു മനസ്സിലാകും. പട്ട് നെയ്യുന്നതിലും കൈകൊണ്ട് ആഭരണങ്ങൾ പണിയുന്നതിലും മരപ്പണിയിലുമെല്ലാം അവർ നിപുണരാണ്. തേക്ക്, പഡൗക് തുടങ്ങിയ തടികൾ കൊണ്ട് മനുഷ്യൻ, പുലി, കുതിര, പോത്ത്, ആന എന്നിവയുടെയെല്ലാം മനോഹരമായ രൂപങ്ങൾ ഉണ്ടാക്കുന്നു. മേശയുടെ മുകൾ ഭാഗം, മുറി തിരിക്കാൻ ഉപയോഗിക്കുന്ന മറകൾ, കസേരകൾ എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങൾ പോലും സങ്കീർണ കൊത്തുപണികളാൽ മോടിപിടിപ്പിക്കുന്നു. എന്നാൽ നിങ്ങൾക്ക് എന്തെങ്കിലും വാങ്ങണമെന്നുണ്ടെങ്കിൽ വില പേശേണ്ടി വരും!
വാർണിഷു ചെയ്ത മനോഹരമായ സാധനസാമഗ്രികൾ നിർമിക്കുന്ന കാര്യത്തിലും മ്യാൻമാറിലെ ജനങ്ങൾ വിദഗ്ധരാണ്. കൊത്തു പണികളോടുകൂടിയ വൈവിധ്യമാർന്ന രൂപമാതൃകകളാണ് കോപ്പകൾ, തളികകൾ, പെട്ടികൾ എന്നിങ്ങനെയുള്ള സാധനങ്ങളെ സവിശേഷതയുള്ളതാക്കുന്നത്. ആദ്യം, മുളയുടെ ചീളുകൾ വേണ്ട ആകൃതിയിൽ മിടഞ്ഞെടുക്കുന്നു. (ഗുണനിലവാരം കൂടിയ വസ്തുക്കൾ നിർമിക്കുന്നത് മുളയും കുതിരരോമവും കൂട്ടി മിടഞ്ഞാണ്.) ഇതിന്മേൽ തിറ്റ്സേ വൃക്ഷത്തിന്റെ അഥവാ കോലരക്കു മരത്തിന്റെ എണ്ണയും എല്ലുപൊടി കരിച്ചതും കൂട്ടി ഉണ്ടാക്കുന്ന ഒരു തരം വാർണിഷ് ഏഴു പ്രാവശ്യംവരെ പൂശുന്നു.
ഈ വാർണിഷ് ഉണങ്ങിക്കഴിഞ്ഞാൽ പണിക്കാരൻ ഉരുക്കുകൊണ്ടുള്ള ഒരു ഉപകരണം ഉപയോഗിച്ച് അതിന്മേൽ എന്തെങ്കിലും ഒരു ഡിസൈൻ ആലേഖനം ചെയ്യും. പിന്നെ, അൽപ്പം പെയിന്റും പോളീഷുമെല്ലാം പൂശിക്കഴിയുമ്പോൾ ഒന്നാന്തരമൊരു കരകൗശല വസ്തു മാത്രമല്ല വീട്ടിൽ ഉപയോഗപ്രദമായ ഒരു വസ്തുവും സൃഷ്ടിക്കപ്പെടുന്നു.
മതത്തിന്റെ വൻ സ്വാധീനം
മ്യാൻമാറിലെ ജനങ്ങളിൽ ഏകദേശം 85 ശതമാനവും ബുദ്ധമതക്കാരാണ്. ബാക്കിയുള്ളവർ പ്രധാനമായും ഇസ്ലാം മതക്കാരും ക്രൈസ്തവരുമാണ്. തെക്കുകിഴക്കൻ ഏഷ്യയുടെ മിക്ക ഭാഗങ്ങളിലെയും പോലെതന്നെ മ്യാൻമാറിലും മതം ജനജീവിതത്തെ വലിയ തോതിൽ സ്വാധീനിക്കുന്നു. എന്നിരുന്നാലും അവിടത്തെ ചില മതാചാരങ്ങൾ സന്ദർശകർക്ക് തീർത്തും അപരിചിതം ആയിരുന്നേക്കാം.
ഉദാഹരണത്തിന്, ബുദ്ധ സന്ന്യാസിമാർ സ്ത്രീകളെ സ്പർശിക്കില്ലെന്നു പ്രതിജ്ഞ ചെയ്യുന്നു. അതുകൊണ്ട് അവരോടുള്ള ആദരവു നിമിത്തം അവരുടെ അടുത്തേക്ക് പോകാതിരിക്കാൻ സ്ത്രീകൾ ശ്രദ്ധിക്കുന്നു. മതാചാരങ്ങൾ ബസ് യാത്രയോടുള്ള ബന്ധത്തിൽ പോലും ദൃശ്യമാണ്. “ലക്ഷ്യസ്ഥാനത്ത് എപ്പോഴാണ് എത്തുകയെന്ന് ദയവായി ഡ്രൈവറോടു ചോദിക്കരുത്” എന്ന് ബസ്സിൽ എഴുതിവെച്ചിരിക്കുന്നത് കാണുമ്പോൾ പാശ്ചാത്യ ദേശത്തുനിന്നുള്ള ഒരു സന്ദർശകൻ അതിശയിച്ചു പോയേക്കാം. ഡ്രൈവർമാർ ക്ഷമയില്ലാത്ത യാത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് മടുത്തതിനാലാണോ അങ്ങനെ എഴുതിവെച്ചിരിക്കുന്നത്? അല്ല! അത്തരമൊരു ചോദ്യം ‘നതുകളെ’ അഥവാ ആത്മാക്കളെ അപ്രീതിപ്പെടുത്തുമെന്നും അവർ ബസ് വൈകിക്കുമെന്നും അവിടത്തെ ബുദ്ധമതക്കാർ വിശ്വസിക്കുന്നു!
മ്യാൻമാറിന്റെ ചരിത്രം
മ്യാൻമാറിന്റെ ഏറ്റവും പുരാതനമായ ചരിത്രത്തെ കുറിച്ചുള്ള വ്യക്തമായ രേഖകളില്ല. എന്നാൽ അയൽരാജ്യങ്ങളിൽനിന്ന് നിരവധി ഗോത്രങ്ങൾ ഈ ദേശത്തേക്കു കുടിയേറുകയാണ് ഉണ്ടായത് എന്നു കരുതപ്പെടുന്നു. അതിൽ മോൻ വർഗക്കാരാണ് ദേശത്തിന് “സുവർണ ഭൂമി” എന്നർഥമുള്ള ‘തൂവുണഭൂമി’ എന്ന പേർ നൽകിയത് എന്നു പറയപ്പെടുന്നു. ടിബെറ്റോ-ബർമാക്കാർ ഹിമാലയത്തിന്റെ കിഴക്കുഭാഗത്തുനിന്നും തായ് ഗോത്രക്കാർ ഇപ്പോഴത്തെ തെക്കുപടിഞ്ഞാറൻ ചൈനയിൽനിന്നും വന്നവരാണ്. മ്യാൻമാറിന്റെ ദുർഘടം പിടിച്ച ഭൂപ്രകൃതി ഗോത്രങ്ങളെ തമ്മിൽ അകറ്റി നിറുത്തി. ഇന്ന് ഇവിടെ കാണുന്ന അനവധി ഗോത്രങ്ങൾക്കും ഭാഷാക്കൂട്ടങ്ങൾക്കും നിദാനം ഇതാണ്.
ഇന്ത്യയിൽ പുതുതായി കോളനി സ്ഥാപിച്ച ബ്രിട്ടീഷുകാർ 19-ാം നൂറ്റാണ്ടിന്റെ ആദ്യം ഇവിടേക്കും വന്നുതുടങ്ങി. ആദ്യം അവർ ദക്ഷിണ മേഖലയിൽ വേരുറപ്പിക്കുകയും ക്രമേണ മുഴു രാജ്യത്തെയും അധീനതയിലാക്കുകയും ചെയ്തു. 1886 ആയപ്പോഴേക്കും അന്ന് ബർമ എന്നറിയപ്പെട്ടിരുന്ന മ്യാൻമാർ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിത്തീർന്നിരുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഈ ദേശം കടുത്ത പോരാട്ടത്തിനു വേദിയായി. ഏതാനും മാസങ്ങൾക്കകം, 1942-ൽ ജാപ്പനീസ് സൈന്യം ബ്രിട്ടീഷുകാരെ അവിടെനിന്നും തുരത്തി. തുടർന്ന് കുപ്രസിദ്ധ “മരണ റെയിൽപ്പാളം” പണിയപ്പെട്ടു. ദുർഘടമായ വനാന്തരങ്ങളിലൂടെയും പർവതപ്രദേശങ്ങളിലൂടെയും പണിത 400 കിലോമീറ്റർ നീളമുള്ള ഈ പാളം ബർമയിലെ താംപ്പ്യൂസയ പട്ടണത്തെയും തായ്ലൻഡിലെ നോങ് പ്ലാഡുക്ക് പട്ടണത്തെയും തമ്മിൽ ബന്ധിപ്പിച്ചു. ലോഹ ക്ഷാമം നിമിത്തം മധ്യ മലയയിലെ (ഇപ്പോൾ മലേഷ്യ) നിരവധി പാളങ്ങൾ പൊളിച്ചാണ് ഈ പാളത്തിന്റെ ഭൂരിഭാഗവും പണിതത്. ഈ പദ്ധതിയുടെ ചെറിയൊരു ഭാഗം—ക്വൈ നദിയുടെ മുകളിലൂടെയുള്ള പാലം പണി—പിന്നീട് ജനപ്രീതിയാർജിച്ച ഒരു സിനിമയുടെ ഇതിവൃത്തമായിത്തീർന്നു.
നാനൂറ് ആനകളുടെ സഹായത്തോടെ 3,00,000-ത്തിലധികം ആളുകൾ—യുദ്ധ തടവുകാരും ഇന്ത്യയിലെയും ബർമയിലെയും ജനങ്ങളും—ചേർന്നാണ് പാളം പണിതത്. പതിനായിരക്കണക്കിന് ആളുകൾ പണിക്കിടയിൽ മരിച്ചു. സഖ്യകക്ഷികളുടെ കൂടെക്കൂടെയുള്ള ബോംബാക്രമണം നിമിത്തം ഈ റെയിൽപ്പാളംകൊണ്ട് വലിയ ഉപയോഗമൊന്നും ഉണ്ടായില്ല. ക്രമേണ ഈ പാളം പൂർണമായും ഉപേക്ഷിക്കപ്പെട്ടു. പാളത്തിന്റെ മിക്ക ഭാഗങ്ങളും പൊളിച്ചു മാറ്റി പിന്നീട് മറ്റിടങ്ങളിലെ പണിക്കായി ഉപയോഗിച്ചു.
ബ്രിട്ടീഷുകാർ വീണ്ടും പടവെട്ടി 1945-ൽ ഈ രാജ്യം ജപ്പാൻകാരുടെ കൈയിൽനിന്നു തിരിച്ചുപിടിച്ചു. എന്നാൽ അവരുടെ ഭരണം അധികം നീണ്ടുനിന്നില്ല, 1948 ജനുവരി 4-ന് ബർമ ബ്രിട്ടീഷ് ആധിപത്യത്തിൽനിന്നു സ്വാതന്ത്ര്യം നേടി. 1989 ജൂൺ 22-ാം തീയതി ഐക്യരാഷ്ട്രങ്ങൾ മ്യാൻമാർ എന്ന പുതിയ പേരിന് അംഗീകാരം നൽകി.
സുവർണ തലസ്ഥാനങ്ങളുടെ നാട്
കഴിഞ്ഞ നൂറ്റാണ്ടുകളിൽ പല പ്രാവശ്യം മ്യാൻമാറിന്റെ തലസ്ഥാനത്തിനു മാറ്റം വന്നിട്ടുണ്ട്. ഉദാഹരണത്തിന് സുവർണ നഗരം എന്നു പൊതുവേ വിളിക്കപ്പെടുന്ന മാൻഡലേ മ്യാൻമാറിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിൽ പണിത നൂറുകണക്കിന് പഗോഡകളുള്ള 5,00,000 പേർ പാർക്കുന്ന ഈ നഗരമായിരുന്നു ബ്രിട്ടീഷ് അധിനിവേശത്തിനു തൊട്ടു മുമ്പത്തെ തലസ്ഥാനം. മിൻഡോൺ രാജാവ് 1857-ൽ തനിക്കും റാണിമാർക്കുമായി ഇവിടെ ഒരു വലിയ കൊട്ടാരം പണിതത് ഈ നഗരത്തെ ഉന്നത സ്ഥാനത്തേക്ക് ഉയർത്തി. 4 ചതുരശ്ര കിലോമീറ്ററുള്ള പഴയ നഗരം 8 മീറ്റർ ഉയരമുള്ള ഒരു മതിൽക്കെട്ടിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. മതിലിന്റെ ചുവട്ടിലത്തെ വീതി 3 മീറ്ററാണ്. ഈ മതിലിനോടു ചേർന്ന് 70 മീറ്റർ വീതിയുള്ള ഒരു കിടങ്ങുമുണ്ട്.
ബ്രിട്ടീഷുകാർ 1885-ൽ മിൻഡോണിന്റെ അനന്തരാവകാശിയായ തീബൗ രാജാവിനെ ഇന്ത്യയിലേക്കു നാടുകടത്തി. എന്നാൽ അവർ കൊട്ടാരം നശിപ്പിച്ചില്ല. എങ്കിലും രണ്ടാം ലോകമഹായുദ്ധ കാലത്ത് കൊട്ടാരം പൂർണമായി അഗ്നിക്കിരയായി. എന്നാൽ നിശ്ചയദാർഢ്യത്തോടെ മ്യാൻമാറിലെ ജനങ്ങൾ കൊട്ടാരത്തിന്റെയും അതിനോടു ചേർന്നുണ്ടായിരുന്ന ചുവപ്പും സ്വർണവും കൂടിയ പ്രൗഢഗംഭീരമായ തടിക്കെട്ടിടങ്ങളുടെയും തനി പകർപ്പ് അവ സ്ഥിതിചെയ്തിരുന്ന അതേ സ്ഥാനത്തു തന്നെ പണിതുയർത്തി. ഇന്ന് ഇവിടം സന്ദർശിക്കുന്നവർക്ക് ഇതു കാണാൻ കഴിയും.
മാൻഡലേയിൽനിന്ന് നദി ഒഴുകുന്ന ദിശയിൽ 200 കിലോമീറ്റർ പോയാൽ പഗാനിൽ എത്തും. ഇതും ഒരു മുൻ തലസ്ഥാനമായിരുന്നു. ക്രിസ്തുവർഷത്തിന്റെ ആദ്യ സഹസ്രാബ്ദത്തിൽ സ്ഥാപിച്ച ഈ നഗരം 11-ാം നൂറ്റാണ്ടിൽ പ്രൗഢിയുടെ കൊടുമുടിയിൽ എത്തി. എന്നാൽ വെറും 200 വർഷങ്ങൾക്കു ശേഷം നഗരം ഉപേക്ഷിക്കപ്പെട്ടു. എന്നിരുന്നാലും, ഏതാനും ചെറിയ ഗ്രാമങ്ങളിലും അവയുടെ പരിസരങ്ങളിലുമായി ചിതറിക്കിടക്കുന്ന തകർന്ന നൂറുകണക്കിനു ക്ഷേത്രങ്ങളും പഗോഡകളും കഴിഞ്ഞകാല പ്രൗഢിയുടെ സാക്ഷ്യപത്രങ്ങളാണ്.
ഇന്നത്തെ തലസ്ഥാനമായ യാൻഗോൺ (1989 വരെ റംഗൂൺ എന്നായിരുന്നു ഇതിന്റെ ഔദ്യോഗിക പേര്) 30 ലക്ഷത്തിലധികം ജനങ്ങൾ പാർക്കുന്ന ഒരു സജീവ നഗരമാണ്. കാറുകളും ബസ്സുകളും ഇരുവശവും തുറന്ന ടാക്സികളും ഹോൺ മുഴക്കിക്കൊണ്ട് നിരത്തുകളിലൂടെ ചീറിപ്പായുന്നു. രണ്ടു വശത്തും മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുള്ള യാൻഗോണിന്റെ വീതി കൂടിയ നിരത്തുകളിലൂടെ പോകുമ്പോൾ ബ്രിട്ടീഷ് അധിനിവേശത്തിന്റെ ബാക്കിപത്രങ്ങളായ അനവധി പഴയ കെട്ടിടങ്ങൾ കാണാം, ഒപ്പം അംബരചുംബികളായ ആധുനിക ഹോട്ടലുകളും ഓഫീസ് കെട്ടിടങ്ങളും.
കൂടാതെ, 2,500 വർഷം പഴക്കമുള്ള ഷ്വേഡഗോൺ പഗോഡയുടെ 98 മീറ്റർ ഉയരമുള്ള സ്വർണം പൂശിയ താഴികക്കുടവും പോയ നാളുകളിലെ സമൃദ്ധിയെയും വാസ്തുശിൽപ്പകലാ വൈഭവത്തെയും വിളിച്ചറിയിക്കുന്നു. ഏതാണ്ട് 7,000 വജ്രങ്ങളും മറ്റ് അമൂല്യ രത്നങ്ങളും ഇതിലുണ്ടത്രേ! അതിന്റെ അഗ്രം 76 കാരറ്റുള്ള ഒരു വജ്രത്താൽ അലങ്കരിച്ചിരിക്കുന്നു. മ്യാൻമാറിലെ പല പഴയ കെട്ടിടങ്ങളെയും പോലെതന്നെ ഷ്വേഡഗോണിനും ഭൂകമ്പങ്ങളുടെയും യുദ്ധങ്ങളുടെയും ആഘാതം ഏൽക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ അതിന്റെ മിക്ക ഭാഗങ്ങളും പുതുക്കിപ്പണിതിട്ടുള്ളവയാണ്.
എന്നാൽ യാൻഗോണിന്റെ യഥാർഥ ആകർഷണം അവിടത്തെ സ്വർണം പൂശിയ സൂലെ പഗോഡയാണെന്ന് പറയുന്നവർ ഉണ്ട്. നാൽപ്പത്താറ് മീറ്റർ ഉയരമുള്ള സൂലെ പഗോഡയ്ക്ക് 2,000 വർഷം പഴക്കമുണ്ട്. നാല് പ്രമുഖ നഗരവീഥികൾ വന്നു ചേരുന്ന ജങ്ഷനിൽ ഒരു ഗതാഗത നിയന്ത്രണ സ്ഥാനമായി അതു നിലകൊള്ളുന്നു. പഗോഡയ്ക്കു ചുറ്റും അനേകം കടകളും കാണാം.
ആത്മീയ സ്വർണം
മൂല്യമേറിയ സ്വർണത്തെ, ആത്മീയ സ്വർണത്തെ വിലമതിക്കുന്ന ആളുകളെ അന്വേഷിച്ച് 1914-ൽ രണ്ട് അന്താരാഷ്ട്ര ബൈബിൾ വിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) ഇന്ത്യയിൽനിന്ന് റംഗൂണിൽ എത്തി. 1928-ലും 1930-ലും കൂടുതൽ മിഷനറിമാർ എത്തിച്ചേർന്നു. 1939 ആയപ്പോഴേക്കും 28 സാക്ഷികൾ അടങ്ങുന്ന മൂന്നു സഭകൾ സ്ഥാപിതമായിരുന്നു. 1938 വരെ യഹോവയുടെ സാക്ഷികളുടെ ബോംബെയിൽ പ്രവർത്തിച്ചിരുന്ന ഇന്ത്യാ ബ്രാഞ്ചാണ് അവിടത്തെ വേലയുടെ മേൽനോട്ടം വഹിച്ചിരുന്നത്. പിന്നീട് ആ ഉത്തരവാദിത്വം ഓസ്ട്രേലിയ ബ്രാഞ്ച് ഏറ്റെടുത്തു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1947-ൽ മ്യാൻമാറിന്റെ സ്വന്തം ബ്രാഞ്ച് ഓഫീസ് റംഗൂണിൽ പ്രവർത്തനം ആരംഭിച്ചു.
പിന്നീട്, 1978 ജനുവരിയിൽ ബ്രാഞ്ച് ഓഫീസ് ഇന്യാ റോഡിലേക്കു മാറ്റി. മൂന്നു നിലയുള്ള ഈ ഹെഡ്ക്വാർട്ടേഴ്സ് കെട്ടിടമാണ് മ്യാൻമാറിലെ ബെഥേൽ ഭവനം. 52 പേരടങ്ങുന്ന ബെഥേൽ കുടുംബം രാജ്യത്തെ 3,000-ത്തോളം സജീവ സാക്ഷികളുടെ ആവശ്യങ്ങൾക്കായി കരുതുന്നതിൽ തിരക്കിട്ടു പ്രവർത്തിക്കുന്നു. മ്യാൻമാറിൽ അനേകം ഗോത്ര ഭാഷകൾ ഉള്ളതിനാൽ ബ്രാഞ്ചിൽ നടക്കുന്ന ഒരു പ്രധാന വേല പരിഭാഷയാണ്.
യഹോവയുടെ സാക്ഷികളുടെ കഠിനാധ്വാനം സുവർണ ഭൂമിയുടെ വിഭവസമൃദ്ധിക്ക് കൂടുതലായി സംഭാവന ചെയ്യുന്നു. (g01 12/08)
[17-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ബംഗ്ലാ ദേശ്
ഇന്ത്യ
ചൈന
ലാവോസ്
തായ്ലൻഡ്
മ്യാൻമാർ
മാൻഡലേ
പഗാൻ
യാൻഗോൺ
ബംഗാൾ ഉൾക്കടൽ
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[17-ാം പേജിലെ ചിത്രങ്ങൾ]
മുകളിൽനിന്ന്: പുരുഷന്മാരും സ്ത്രീകളും ധരിക്കുന്നത് ലുങ്കിയാണ്; ചെറുപ്രായക്കാരനായ ഒരു ബുദ്ധമത സന്ന്യാസി; മുഖത്തു “തനക്കാ” പുരട്ടിയ സ്ത്രീകൾ
[18-ാം പേജിലെ ചിത്രം]
ഒരു നിലക്കടല പാടത്ത് സാക്ഷീകരിക്കുന്നു
[18-ാം പേജിലെ ചിത്രം]
തടിയിൽ കൊത്തിയുണ്ടാക്കിയ വസ്തുക്കൾ പ്രാദേശിക മാർക്കറ്റിൽ ലഭ്യമാണ്
[കടപ്പാട്]
chaang.com
[18-ാം പേജിലെ ചിത്രം]
മുകൾ ഭാഗം വാർണിഷു ചെയ്ത മേശയിൽ ഡിസൈൻ ആലേഖനം ചെയ്യുന്നു
[18-ാം പേജിലെ ചിത്രം]
വാർണിഷു ചെയ്ത മനോഹരമായ ഒരു പാത്രം
[കടപ്പാട്]
chaang.com
[20-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികളുടെ മ്യാൻമാർ ബ്രാഞ്ച് ഓഫീസ്
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Jean Leo Dugast/Panos