യഹോവ, യൗവനംമുതൽ എന്റെ ശരണം
ബേസിൽ സെയ്റേറാസ് പറഞ്ഞ പ്രകാരം
വർഷം 1920; സ്ഥലം, ഗ്രീസിലെ മനോജ്ഞമായ പെലെപനിസസിലുള്ള ആർക്കെഡിയാ കുന്നുകൾ. ലോകത്തിൽ വീശിയടിച്ചുകൊണ്ടിരുന്ന ഭയാനകമായ സ്പാനീഷ് ഇൻഫ്ളൂവൻസായാൽ ഞാൻ കടുത്ത രോഗം ബാധിച്ചു കിടപ്പിലായിരുന്നു.
പള്ളിമണി മുഴങ്ങുന്ന ഓരോ പ്രാവശ്യവും അതു മറെറാരു ഇരയുടെ മരണം അറിയിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞു. അടുത്തതു ഞാനായിരിക്കുമോ? ദൈവാധീനത്താൽ ഞാൻ രോഗവിമുക്തനായി, എന്നാൽ ലക്ഷങ്ങൾ വിമുക്തരായില്ല. എനിക്കന്ന് എട്ടു വയസ്സേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ ഭയാനകമായ അനുഭവം എന്റെ ഓർമയിൽ ഇപ്പോഴും സജീവമായി തങ്ങിനിൽക്കുന്നു.
ആദ്യകാല ആത്മീയ ഉത്കണ്ഠകൾ
കുറച്ചു കാലത്തിനുശേഷം വല്യപ്പൻ മരിച്ചു. ശവസംസ്കാരത്തിനുശേഷം അമ്മ ഞങ്ങളുടെ വീടിന്റെ ബാൽക്കണിയിൽവെച്ച് എന്റെ അനുജത്തിയുടെയും എന്റെയും അടുക്കലേക്കു വന്നതു ഞാൻ ഓർക്കുന്നു. ഞങ്ങളുടെ ദഃഖത്തെ മയപ്പെടുത്താനാണ് അവർ ശാന്തമായി ഇങ്ങനെ പറഞ്ഞത് എന്നതിൽ സംശയമില്ല: “കുട്ടികളേ, നാമെല്ലാം പ്രായമാകുകയും മരിക്കുകയും വേണം.”
അമ്മ തന്റെ വാക്കുകൾ അതീവ സൗമ്യമായിട്ടാണു പറഞ്ഞതെങ്കിലും അവ എന്നെ അസ്വസ്ഥനാക്കി. ‘എത്ര ദുഃഖകരം! എത്ര അന്യായം!’ എന്നു ഞാൻ ചിന്തിച്ചുപോയി. “എന്നിരുന്നാലും കർത്താവു വീണ്ടും വരുമ്പോൾ അവിടുന്നു മരിച്ചവരെ ഉയിർപ്പിക്കും, നാം പിന്നെ മരിക്കുകയേ ഇല്ല!” എന്ന് അമ്മ കൂട്ടിച്ചേർത്തപ്പോൾ ഞങ്ങൾ ഇരുവരും പ്രസന്നരായി. ഹാ, അത് ആശ്വാസദായകമായിരുന്നു!
അന്നുമുതൽ ആ സന്തോഷകരായ സമയം എപ്പോൾ വന്നെത്തിയേക്കാമെന്നു കണ്ടെത്താൻ ഞാൻ അതീവ തത്പരനായിത്തീർന്നു. ഞാൻ പലരോടും ചോദിച്ചു, എന്നാൽ ആർക്കും അത് എന്നോടു പറയാൻ കഴിഞ്ഞില്ല, തന്നെയുമല്ല, അക്കാര്യം ചർച്ചചെയ്യാൻ ആർക്കെങ്കിലും താത്പര്യമുള്ളതായിപ്പോലും കണ്ടില്ല.
എനിക്കു 12 വയസ്സായിരുന്നപ്പോൾ ഒരു ദിവസം എന്റെ പിതാവിനു ഐക്യനാടുകളിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠനിൽനിന്ന് ഒരു പുസ്തകം ലഭിച്ചു. അതു വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്ട് സൊസൈററി പ്രസിദ്ധീകരിച്ച ദൈവത്തിന്റെ കിന്നരം (The Harp of God) എന്ന ശീർഷകത്തിലുള്ള പുസ്തകമായിരുന്നു. ഞാൻ അതിന്റെ ഉള്ളടക്കത്തിന്റെ പട്ടിക നോക്കി, “നമ്മുടെ കർത്താവിന്റെ തിരിച്ചുവരവ്” എന്ന അധ്യായം കണ്ടപ്പോൾ എന്റെ കണ്ണുകൾ പ്രകാശമാനമായി. വലിയ താത്പര്യത്തോടെ ഞാൻ അതു വായിച്ചു, എന്നാൽ തിരിച്ചുവരവിന്റെ വർഷം നൽകാതിരുന്നതിനാൽ ഞാൻ നിരാശനായി. എന്നിരുന്നാലും അതു വിദൂരമല്ലെന്നു പുസ്തകം സൂചിപ്പിച്ചു.
അതിനുശേഷം ഞാൻ ഹൈസ്കൂളിൽ പോകാൻ തുടങ്ങുകയും പഠനത്തിൽ ആമഗ്നനാകുകയും ചെയ്തു. അമേരിക്കയിലുള്ള എന്റെ അമ്മാവൻ കാലാകാലങ്ങളിൽ വീക്ഷാഗോപുരത്തിന്റെ പ്രതികൾ അയച്ചുതന്നു. അതിന്റെ വായന ഞാൻ ആസ്വദിച്ചു. കൂടാതെ, ഓരോ ഞായറാഴ്ചയും ഞാൻ സൺഡേസ്കൂളിൽ പോയി. അവിടെ കൂടെക്കൂടെ ബിഷപ്പ് വരികയും ഞങ്ങളോടു സംസാരിക്കുകയും ചെയ്യുമായിരുന്നു.
ഒരു പ്രത്യേക ഞായറാഴ്ച ബിഷപ്പ് വളരെ ക്ഷുഭിതനായി പറഞ്ഞു: “സന്ദർശകർ നമ്മുടെ നഗരത്തെ പാഷാണ്ഡോപദേശം നിറഞ്ഞ പ്രസിദ്ധീകരണങ്ങൾകൊണ്ടു നിറക്കുകയാണ്.” എന്നിട്ട് അദ്ദേഹം വീക്ഷാഗോപുരത്തിന്റെ ഒരു പ്രതി ഉയർത്തിപ്പിടിച്ച് ഇങ്ങനെ അലറി: “നിങ്ങൾ ആരെങ്കിലും വീട്ടിൽ ഇതുപോലുള്ള പ്രസിദ്ധീകരണങ്ങൾ കണ്ടാൽ, അവ പള്ളിയിലെത്തിക്കണം, ഞാനതു കത്തിച്ചുകളയും.”
അദ്ദേഹത്തിന്റെ ശബ്ദം എന്നെ വിഷമിപ്പിച്ചു, അതിൽക്കൂടുതലായി അദ്ദേഹത്തിന്റെ പ്രതികാത്മാവു എന്നെ വിഷമിപ്പിച്ചു. അതുകൊണ്ട് അദ്ദേഹത്തിന്റെ അപേക്ഷ ഞാൻ അനുസരിച്ചില്ല. പക്ഷേ, മേലാൽ വാച്ച് ടവർ പ്രസിദ്ധീകരണങ്ങൾ അയക്കരുതെന്നു ഞാൻ അമ്മാവന് എഴുതി. എന്നുവരികിലും ക്രിസ്തുവിന്റെ തിരിച്ചുവരവ് എന്ന വിഷയത്തെക്കുറിച്ച് ഞാൻ തുടർന്നും ആഴമായി ചിന്തിച്ചു.
ആത്മീയ വിശപ്പു വർധിക്കുന്നു
വേനൽ അവധി വന്നപ്പോൾ എന്റെ വസ്ത്രങ്ങൾ അടുക്കിവെക്കാൻ എന്റെ സ്യൂട്ട്കേസ് ഞാൻ പുറത്തെടുത്തു. അതിന്റെ അടിയിൽ വാച്ച് ടവർ സൊസൈററി അച്ചടിച്ച മൂന്നു ചെറുപുസ്തകങ്ങൾ ഉണ്ടായിരുന്നു. എന്തോ, ഞാൻ അതിനുമുമ്പ് അതു ശ്രദ്ധിച്ചിരുന്നില്ല. ഒന്നിന്റെ പേർ മരിച്ചവർ എവിടെ? (Where are the Dead?) എന്നായിരുന്നു.
‘അതു രസാവഹമായി തോന്നുന്നല്ലോ’ എന്നു ഞാൻ ചിന്തിച്ചു. ബിഷപ്പിന്റെ മുന്നറിയിപ്പു ഓർക്കുന്നുണ്ടായിരുന്നെങ്കിലും, ചെറുപുസ്തകങ്ങളിലുണ്ടാകുമെന്നു ഞാൻ വിചാരിച്ച തെററുകൾ കണ്ടെത്താൻ അവ ശ്രദ്ധാപൂർവം വായിക്കാൻ ഞാൻ തീരുമാനിച്ചു. ഒരു പെൻസിൽ എടുത്തുകൊണ്ടു ശ്രദ്ധാപൂർവം ഞാൻ എന്റെ അന്വേഷണം ആരംഭിച്ചു. ഞാൻ അതിശയിച്ചുപോകുമാറ്, പുസ്തകത്തിലുള്ളതെല്ലാം ന്യായയുക്തമായി കാണപ്പെട്ടു, വായനക്കാരനു ബൈബിൾ പരിശോധിക്കാൻ കഴിയേണ്ടതിന് ഓരോ പ്രസ്താവനയോടുമൊപ്പം തിരുവെഴുത്തുകൾ ഉദ്ധരിച്ചിരുന്നു.
ഞങ്ങളുടെ കൈവശം ഒരു ബൈബിൾ ഇല്ലാതിരുന്നതിനാൽ ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എഴുത്തുകാരുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ തെററായി പ്രയോഗിച്ചിട്ടുണ്ടായിരിക്കുമോ എന്നു ഞാൻ സംശയിച്ചു. അതുകൊണ്ടു സമ്പൂർണ ബൈബിളിന്റെ ഒരു കോപ്പി എനിക്കയച്ചു തരാൻ ആവശ്യപ്പെട്ടുകൊണ്ടു ഞാൻ അമ്മാവന് എഴുതി. അദ്ദേഹം ഉടൻതന്നെ ഒരു ബൈബിൾ അയച്ചുതന്നു. ഞാൻ ബൈബിൾ ആദിയോടന്തം രണ്ടു പ്രാവശ്യം വായിച്ചു, എനിക്കു മനസ്സിലാക്കാൻ കഴിയാഞ്ഞ പലകാര്യങ്ങൾ അതിലുണ്ടായിരുന്നെങ്കിലും ദാനീയേൽ, വെളിപ്പാടു എന്നീ പുസ്തകങ്ങൾ എന്റെ താത്പര്യത്തെ ഉണർത്തി. അവ മുൻകൂട്ടിപ്പറഞ്ഞ സംഗതികൾ മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു, പക്ഷേ എന്നെ സഹായിക്കാൻ കഴിയുന്ന ആരും അവിടെ ഉണ്ടായിരുന്നില്ല.
ആയിരത്തിത്തൊള്ളായിരത്തിരുപത്തൊമ്പതിൽ ഞാൻ സ്കൂൾ വിട്ടു, താമസിയാതെ അമേരിക്കയിലുള്ള എന്റെ അമ്മാവൻ വീണ്ടും വീക്ഷാഗോപുരത്തിന്റെ പ്രതികൾ എനിക്കയച്ചുതന്നു. ഞാൻ അവ കൂടുതൽക്കൂടുതൽ ആസ്വദിക്കാൻ തുടങ്ങുകയും അദ്ദേഹത്തോട് അവ മുടങ്ങാതെ അയച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു. മാസികകളിൽനിന്നു മനസ്സിലാക്കിയ ഭാവിപ്രത്യാശയെപ്പററി ഞാൻ മററുള്ളവരോടു സംസാരിക്കാനും തുടങ്ങി. എന്നാൽ അതോടെ എന്റെ ജീവിതത്തിനു നാടകീയമായ മാററം സംഭവിച്ചു.
ബർമയിൽവെച്ച് ആത്മീയ പുരോഗതി
എന്റെ അമ്മയുടെ സഹോദരൻമാർ ബർമയിലേക്കു (ഇപ്പോൾ മ്യാൻമാർ) കുടിയേറിപാർത്തിരുന്നു. ഞാൻ അവരോടൊപ്പം ചേർന്നാൽ എന്റെ അനുഭവപരിചയം വിശാലമാകുമെന്നും ഒരുപക്ഷേ എനിക്കു ബിസിനസ് അവസരങ്ങൾ തുറന്നുകിട്ടുമെന്നും ആ കുടുംബം തീരുമാനിച്ചു. പൗരസ്ത്യദേശം എന്നും എന്നെ ആകർഷിച്ചിരുന്നു, അതിനാൽ അങ്ങോട്ടു പോകുന്നതിന്റെ പ്രതീക്ഷയിൽ ഞാൻ ആവേശഭരിതനായി. ബർമയിൽ എന്റെ അമ്മാവനിൽനിന്നു വീക്ഷാഗോപുരം എനിക്കു തുടർന്നും ലഭിച്ചുപോന്നു. എന്നാൽ അന്നു ബൈബിൾവിദ്യാർഥികൾ എന്നറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളെയും എനിക്കു വ്യക്തിപരമായി കണ്ടുമുട്ടാൻ കഴിഞ്ഞില്ല.
ബൈബിൾ പുസ്തകമായ വെളിപ്പാടിനെ വിശദീകരിച്ച പ്രകാശം (Light) എന്ന പുസ്തകത്തിന്റെ രണ്ടു വാല്യങ്ങൾ സംബന്ധിച്ചുള്ള ഒരു അറിയിപ്പ് വീക്ഷാഗോപുരത്തിൽ കണ്ടപ്പോൾ ഞാൻ പുളകിതനായി. കൂടാതെ, ബർമയിലെ ബൈബിൾ വിദ്യാർഥികളുടെ പ്രവർത്തനത്തിന്റെ മേൽനോട്ടം വഹിച്ചതു ബോംബെയിൽ സ്ഥിതിചെയ്തിരുന്ന വാച്ച് ടവർ സൊസൈററിയുടെ ഇൻഡ്യാ ബ്രാഞ്ചാണെന്നു ഞാൻ മനസ്സിലാക്കി. പ്രകാശം പുസ്തകങ്ങൾക്കുവേണ്ടി അപേക്ഷിക്കാനും ഇൻഡ്യയിലെ ബൈബിൾ വിദ്യാർഥികളെ ബർമയിൽ പ്രസംഗിക്കാൻ അയക്കണമെന്ന് അഭ്യർഥിക്കാനും ഞാൻ ഉടനെ എഴുതി.
സത്വരം തപാലിൽ പുസ്തകങ്ങൾ എത്തിച്ചേർന്നു, ഒരാഴ്ചയോ മറേറാ കഴിഞ്ഞപ്പോഴേക്കും പ്രാദേശിക ബർമക്കാരായ ബൈബിൾ വിദ്യാർഥികൾ എന്നെ സന്ദർശിച്ചു. ബർമയുടെ തലസ്ഥാനമായ റംഗൂണിൽ (ഇപ്പോൾ യാങൻ) ഞാൻ താമസിച്ചിരുന്ന സ്ഥലത്ത് അവരുടെ ഒരു ചെറിയ കൂട്ടം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കിയപ്പോൾ എനിക്കു സന്തോഷമായി. അവരുടെ സാധാരണ ബൈബിൾ പഠന ക്ലാസിൽ സംബന്ധിക്കാനും വീടുതോറുമുള്ള പ്രസംഗവേലയിൽ അവരോടൊപ്പം പങ്കുകൊള്ളാനും അവർ എന്നെ ക്ഷണിച്ചു. ആദ്യം എനിക്ക് അൽപ്പം വൈമനസ്യമായിരുന്നു, എന്നാൽ താമസിയാതെ ഞാൻ നാമമാത്ര ക്രിസ്ത്യാനികളെ കൂടാതെ ബുദ്ധമതക്കാർ, ഹിന്ദുക്കൾ, മുസ്ലീങ്ങൾ എന്നിവരുമായി ബൈബിൾ പരിജ്ഞാനം പങ്കുവെക്കുന്നത് ആസ്വദിക്കാൻ തുടങ്ങി.
ഇൻഡ്യാ ബ്രാഞ്ച് അന്നു റംഗൂണിലേക്കു (പയനിയർമാർ എന്നു വിളിക്കപ്പെടുന്ന) രണ്ടു മുഴുസമയ ശുശ്രൂഷകരായ യുവാർട്ട് ഫ്രാൻസിസിനെയും റാൻറൽ ഹോപ്ളിയെയും അയച്ചു. അവർ വാസ്തവത്തിൽ ഇംഗ്ലണ്ടിൽനിന്നുള്ളവരായിരുന്നു, എന്നാൽ അവർ പല വർഷങ്ങളായി ഇൻഡ്യയിൽ സേവിക്കുകയായിരുന്നു. അവർ എന്നെ നന്നായി പ്രോത്സാഹിപ്പിച്ചു, യഹോവക്കുള്ള എന്റെ സമർപ്പണത്തിന്റെ പ്രതീകമായി 1934-ൽ ഞാൻ സ്നാപനമേററു.
ഒരു ധീര സാക്ഷി
കാലക്രമത്തിൽ ഇൻഡ്യാ ബ്രാഞ്ച് കൂടുതൽ പയനിയർമാരെ ബർമയിലേക്കയച്ചു. അവരിൽ രണ്ടുപേരായ ക്ലോഡ് ഗുഡ്മാനും റോൺ ടിപ്പിനും ഒരു റയിൽവേ സ്റേറഷൻ സന്ദർശിച്ചു സ്റേറഷൻ മാസ്റററായ സിഡ്നി കുട്ടിനോടു സംസാരിച്ചു. അദ്ദേഹം പുസ്തകങ്ങൾ സ്വീകരിക്കുകയും അവ മുഴുവൻ വായിക്കുകയും മാണ്ടലെയിലുള്ള അദ്ദേഹത്തിന്റെ വിവാഹിതയായ സഹോദരി ഡെയ്സി ഡിസൂസയ്ക്ക് എഴുതുകയും ചെയ്തു. അവരും പുസ്തകങ്ങളിൽ തത്പരയായി, കൂടുതൽ പുസ്തകം ആവശ്യപ്പെട്ടു.
കത്തോലിക്കാ മതം ആചരിച്ചിരുന്ന ഡെയ്സി അസാമാന്യ ധൈര്യമുള്ള ഒരു വ്യക്തിയായിരുന്നു. അവർ അയൽക്കാരെ സന്ദർശിച്ചു താൻ മനസ്സിലാക്കിയ കാര്യങ്ങൾ പറയാൻ തുടങ്ങി. ഇടവക പുരോഹിതൻ അവരെ സന്ദർശിച്ചു പള്ളിയിൽ വരവു നിർത്തിയത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ചപ്പോൾ, അദ്ദേഹം പഠിപ്പിച്ചിരുന്ന, കത്തുന്ന ഒരു നരകംപോലുള്ള സംഗതികളെ ബൈബിൾ പിന്താങ്ങുന്നില്ലെന്ന് അവർ വിശദീകരിച്ചു.
അവസാനം അദ്ദേഹം അവരോടു ചോദിച്ചു: “ഇക്കാലമത്രയും കത്തുന്ന ഒരു നരകത്തെക്കുറിച്ചു പറഞ്ഞശേഷം ഇപ്പോൾ അത്തരമൊരു സ്ഥലമില്ലെന്ന് എനിക്ക് അവരോട് എങ്ങനെയാണു പറയാൻ കഴിയുക? പിന്നെ ആരും പള്ളിയിലേക്കു വരാൻ ആഗ്രഹിക്കയില്ല.”
“നിങ്ങൾ സത്യസന്ധതയുള്ള ഒരു ക്രിസ്ത്യാനിയാണെങ്കിൽ ഭവിഷ്യത്തുകൾ നോക്കാതെ അവരെ സത്യം പഠിപ്പിക്കു”മെന്നു ഡെയ്സി മറുപടി പറഞ്ഞു. “നിങ്ങൾ അതു ചെയ്യുന്നില്ലെങ്കിൽ ഞാൻ ചെയ്യും” എന്നുകൂടി അവർ പറഞ്ഞു. അവർ അതു ചെയ്യുകയും ചെയ്തു.
ഡിക്കും ഡേയ്സിയും അവരുടെ മൂത്ത രണ്ടു പെൺമക്കളും റംഗൂണിൽവെച്ചു ഞാൻ സ്നാപനമേററ സമയത്തുതന്നെ സ്നാപനമേററു. മൂന്നുവർഷത്തിനുശേഷം 1937-ൽ ഞാൻ അവരുടെ രണ്ടാമത്തെ പുത്രിയായ ഫിലിസിനെ വിവാഹം ചെയ്തു.
ഇൻഡ്യയിലേക്കുള്ള രക്ഷപെടൽ
രണ്ടാം ലോകമഹായുദ്ധത്തിനിടയ്ക്കു ജപ്പാൻ സൈന്യം ബർമയെ ആക്രമിച്ചു, 1942 മാർച്ച് 8-നു റംഗൂൺ കീഴടങ്ങി. വിദേശപൗരൻമാർ ധൃതിപിടിച്ച് ഇൻഡ്യയിലേക്കു കടക്കാൻ നിർബന്ധിതരായി. നൂറുകണക്കിനാളുകൾ കാട്ടിലൂടെ കടന്നുപോകാൻ ശ്രമിച്ചു, എന്നാൽ അനേകരും വഴിയിൽവെച്ചു മൃതിയടഞ്ഞു. ഒഴിച്ചുമാററലിന്റെ ചുമതലയുണ്ടായിരുന്ന ഓഫീസറെ എനിക്കു വ്യക്തിപരമായി പരിചയമുണ്ടായിരുന്നതിനാൽ റംഗൂണിൽനിന്നു കൽക്കട്ടയിലേക്കു വിട്ട അവസാനത്തെ ചരക്കുബോട്ടുകളിലൊന്നിൽ ടിക്കററു നേടാൻ എനിക്കു കഴിഞ്ഞു. ഇത്ര ധൃതിയിൽ ഞങ്ങളുടെ വീടും വസ്തുവകകളിലധികവും വിട്ടേച്ചുപോരുന്നതു ഞങ്ങൾക്കെല്ലാവർക്കും സങ്കടകരമായ ഒരു നിമിഷമായിരുന്നു. ജപ്പാൻകാർ ബർമയെ 1942 മുതൽ 1945 വരെ അധീനത്തിൽ വെച്ചു.
ഞങ്ങൾ ഇൻഡ്യയിലെത്തിയപ്പോൾ ഞങ്ങളുടെ പക്കൽ പണം കുറവായിരുന്നു. ജോലി കണ്ടെത്തുന്നത് എളുപ്പമായിരുന്നുമില്ല. ഇതു വിശ്വാസത്തിന്റെ ഒരു പരീക്ഷയിൽ കലാശിച്ചു. നല്ല വരുമാനമുള്ള, യുദ്ധം ചെയ്യേണ്ടതില്ലാത്ത, ഒരു ജോലി എനിക്കു വാഗ്ദാനം ചെയ്ത ഒരു ബ്രിട്ടീഷ് ഓഫീസറെ ഞാൻ കണ്ടുമുട്ടി, എന്നാൽ അതിൽ സൈനിക സ്ഥാപനത്തിന്റെ ഭാഗമെന്നനിലയിലുള്ള സേവനം ഉൾപ്പെട്ടിരുന്നു. യഹോവയുടെ സഹായത്താൽ ആ വാഗ്ദാനം തിരസ്കരിക്കാനും അങ്ങനെ ഒരു ശുദ്ധമായ ക്രിസ്തീയ മനസ്സാക്ഷി കാത്തുസൂക്ഷിക്കാനും എനിക്കു കഴിഞ്ഞു. (യെശയ്യാവു 2:2-4) മററുവിധങ്ങളിലും യഹോവയുടെ സ്നേഹഹസ്തം ഞങ്ങൾക്ക് അനുഭവപ്പെട്ടു.
ഞങ്ങൾ ഇൻഡ്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ താമസമാക്കി, അവിടെ താമസസൗകര്യം ലഭിക്കുന്നതു മിക്കവാറും അസാധ്യമായിരുന്നു. എന്നിരുന്നാലും, നഗരത്തിന്റെ കേന്ദ്രഭാഗത്തുതന്നെ വിശാലമായ ഒരു അപ്പാർട്ടുമെൻറ് ഞങ്ങൾ കണ്ടെത്തി. പ്രത്യേകമായ ഒരു പ്രവേശനകവാടം സഹിതം വിശാലമായ ഒരു പൊതു വിശ്രമമുറി അതിന് ഉണ്ടായിരുന്നു, ഈ മുറി അടുത്ത ഏതാനും വർഷത്തേക്കു യഹോവയുടെ സാക്ഷികളുടെ ഡൽഹി സഭയുടെ രാജ്യഹാളായി ഉതകി. എന്നിരുന്നാലും, ഇൻഡ്യയിൽ വാച്ച് ടവർ സൊസൈററിയുടെ പ്രസിദ്ധീകരണങ്ങളുടെമേൽ 1941-ൽ ഏർപ്പെടുത്തിയ നിരോധനംമൂലം ഞങ്ങൾക്കു ബൈബിൾ സാഹിത്യങ്ങൾ ലഭിച്ചിരുന്നില്ല.
നിരോധനം നീക്കപ്പെട്ട വിധം
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിമൂന്നിൽ ഒരു ഞായറാഴ്ച ഡൽഹിയിലുള്ള പള്ളികളിൽ ശുശ്രൂഷയിൽ പങ്കെടുത്തവർക്കു വ്യത്യസ്ത സഭകളിലെ 13 പുരോഹിതർ ഒപ്പിട്ട ഒരു ലഘുലേഖ ലഭിച്ചു. അത് ഇങ്ങനെ മുന്നറിയിപ്പു നൽകി: “ഡൽഹിയിലെ പൗരൻമാർ യഹോവയുടെ സാക്ഷികളെ സൂക്ഷിക്കണം.” രാഷ്ട്രീയ കാരണങ്ങളാൽ ഇൻഡ്യയിൽ നമ്മെ നിരോധിച്ചിരിക്കുന്നു എന്നതായിരുന്നു ആരോപണം.
ബോബെയിലെ ബ്രാഞ്ച് ഓഫീസിന്റെ അനുമതിയോടെ പെട്ടെന്നുതന്നെ ഞങ്ങൾ പുരോഹിതൻമാരെ തുറന്നുകാണിച്ച ഒരു ലഘുലേഖ അടിച്ചു വിതരണം ചെയ്തു. ഞാൻ അധ്യക്ഷമേൽവിചാരകൻ ആയിരുന്നതുകൊണ്ട് എന്റെ പേരും അഡ്രസ്സും കടുത്ത വാക്കുകളടങ്ങിയ ആ ലഘുലേഖയുടെ അടിയിൽ അച്ചടിച്ചിരുന്നു. അതിനുശേഷം ഉടനെ ഞാനും മാഗ്രിററ് ഹോഫ്മാനും ലഘുലേഖയുടെ പ്രതികൾ വിതരണം ചെയ്യുന്നതായി പൊലീസ് കണ്ടെത്തിയപ്പോൾ ഞങ്ങളെ അറസ്ററു ചെയ്തു തടവിലാക്കി. എന്നിരുന്നാലും, ഉടനെ ഞങ്ങൾ ജാമ്യത്തിലിറങ്ങി.
പിന്നീട്, തന്റെ ശുശ്രൂഷാവേളയിൽ മാർഗ്രിററ് ഇൻഡ്യൻ വൈസ്രോയിയുടെ മന്ത്രിസഭയിലെ ഒരു പ്രശസ്ത മന്ത്രിയായ സർ ശ്രീവാസ്തവയുടെ ഭവനം സന്ദർശിച്ചു. സർ ശ്രീവാസ്തവ ആതിഥ്യപൂർവം അവരെ സ്വീകരിച്ചു, സംഭാഷണത്തിനിടയിൽ ഞങ്ങളുടെ സാഹിത്യം ഇൻഡ്യയിൽ അന്യായമായി നിരോധിക്കപ്പെട്ടിരിക്കയാണെന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അതേ ദിവസംതന്നെ മദ്രാസിൽനിന്നുള്ള ഒരു പാർലമെൻറ് അംഗത്തെയും അവർ കാണാനിടയായി. പാർലമെൻറ് യോഗത്തിൽ പങ്കെടുക്കാൻ നഗരത്തിൽ എത്തിയതായിരുന്നു അദ്ദേഹം. നമ്മുടെ സാഹിത്യത്തിൻമേൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനത്തിന്റെ നീതികേട് അവൾ അദ്ദേഹത്തോടു സൂചിപ്പിച്ചു, അടുത്ത യോഗത്തിൽ ഈ പ്രശ്നം ഉന്നയിക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ആ കാലത്ത് ഒരു പ്രാദേശിക ആശുപത്രിയിൽ ഞാൻ ഫിസിയോതെറാപ്പിസ്ററായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെയിരിക്കെ, സർ ശ്രീവാസ്തവക്ക് ഒരു പരുക്കേൽക്കാനിടയായി, ഫിസിയോതെറാപ്പി അദ്ദേഹത്തിനു ഗുണം ചെയ്യുമോ എന്നറിയാൻ ആശുപത്രിയധികൃതർ എന്നെ അദ്ദേഹത്തിന്റെ അടുക്കലേക്ക് അയച്ചു. സർ ശ്രീവാസ്തവ സൗമ്യനാണെന്നു ഞാൻ കണ്ടെത്തി, ഞങ്ങൾ സംഭാഷിച്ചുകൊണ്ടിരിക്കെ മിസ്സ് ഹോഫ്മാനും ഞാനും ജയിലിൽനിന്നു ജാമ്യത്തിൽ ഇറങ്ങിയിരിക്കയാണെന്ന് അനൗപചാരികമായി സൂചിപ്പിച്ചു. പുരോഹിതൻമാരുടെ സമ്മർദം മൂലമാണു ഞങ്ങളുടെ ബൈബിൾ സാഹിത്യങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ നിരോധിക്കപ്പെട്ടിരിക്കുന്നതെന്നും എന്നാൽ ഞങ്ങൾ അശേഷം രാഷ്ട്രീയക്കാരല്ലെന്നും ഞാൻ വിശദീകരിച്ചു. ഞങ്ങളുടെ ബ്രാഞ്ച് പ്രതിനിധിയായ എഡ്വിൻ സ്കിന്നർ ഞങ്ങളുടെ നിലപാടു വിശദീകരിക്കാൻ ഒരു അഭിമുഖത്തിനായി അപേക്ഷിച്ചിട്ട്, അതു നിരാകരിക്കപ്പെടുകയാണുണ്ടായത് എന്നും ഞാൻ തുടർന്നുപറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞ് സർ ശ്രീവാസ്തവ എന്നോടിങ്ങനെ പറഞ്ഞു: “ശ്രീ. ജെങ്കിൻസ് [ഞങ്ങളുടെ വേലയോടു അനുകൂലമില്ലാതിരുന്ന ഗവൺമെൻറ് ഉദ്യോഗസ്ഥൻ] ഏതാനും ദിവസങ്ങൾക്കുള്ളിൽ ജോലിയിൽനിന്നു വിരമിക്കും, അദ്ദേഹത്തിന്റെ സ്ഥാനത്ത് സർ ഫ്രാൻസിസ് മൂഡി വരും. ശ്രീ. സ്കിന്നറോടു വരാൻ പറയൂ, ഞാൻ അദ്ദേഹത്തെ സർ ഫ്രാൻസിസിനു പരിചയപ്പെടുത്താം.”
സർ ശ്രീവാസ്തവ വാഗ്ദാനം ചെയ്തിരുന്ന പ്രകാരം കൂടിവരവിന് ഏർപ്പാടു ചെയ്തു. ആ സമയത്ത്, സർ. ഫ്രാൻസിസ് മൂഡി, സ്കിന്നർ സഹോദരനോട് ഇങ്ങനെ പറഞ്ഞു: “താങ്കളോട് എനിക്കൊന്നും വാഗ്ദാനം ചെയ്യാൻ കഴിയില്ല, എന്നാൽ ഞാൻ സംഗതി അന്വേഷിക്കാം.” പാർലമെൻറ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമായിരുന്നതുകൊണ്ടു സ്കിന്നർ സഹോദരൻ ഫലമറിയാൻ അവിടെ തങ്ങി. തന്റെ വാക്കു പാലിച്ചുകൊണ്ടു മദ്രാസിൽനിന്നുള്ള പാർലമെൻറംഗം എഴുന്നേററ് ഇപ്രകാരം ചോദിച്ചു: “വാച്ച് ടവർ ബൈബിൾ ആൻറ് ട്രാക്ട് സൊസൈററിയുടെ പ്രസിദ്ധീകരണങ്ങൾ രാഷ്ട്രീയ കാരണങ്ങളാൽ നിരോധിച്ചിരിക്കുന്നതു സത്യമാണോ?”
“അല്ല, നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് ഒരു മുൻകരുതൽ എന്ന നിലയിലാണ്, എന്നാൽ നിരോധനം റദ്ദാക്കാൻ ഗവൺമെൻറ് ഇപ്പോൾ തീരുമാനിച്ചിരിക്കയാണ്” എന്നു സർ ഫ്രാൻസിസ് മൂഡി മറുപടി പറഞ്ഞു.
ആ വാർത്ത കേട്ടപ്പോൾ ഞങ്ങൾക്ക് അത് എന്തൊരു പുളകപ്രദമായ നിമിഷമായിരുന്നു! ഒരാഴ്ച കഴിഞ്ഞു നിരോധനത്തിന്റെ അന്ത്യം സ്ഥിരീകരിച്ചുകൊണ്ടു ബോംബെ ബ്രാഞ്ച് ഓഫീസിനു ഒരു എഴുത്തു കിട്ടി.
യുദ്ധക്കെടുതിയിലായ ബർമയിലേക്കു വീണ്ടും
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ബർമയിൽ വീണ്ടും ബ്രിട്ടീഷുഭരണം ഏർപ്പെടുത്തി, ഏതാനും മാസങ്ങൾക്കുശേഷം സാക്ഷികളായ ഞങ്ങളിൽ പത്തുപേർ റംഗൂണിലേക്കു തിരിച്ചുപോയി. അവിടെ ശേഷിച്ചിരുന്ന കുറച്ചു പ്രാദേശിക സാക്ഷികളെ വീണ്ടും കണ്ടതിൽ ഞങ്ങൾ സന്തുഷ്ടരായി. രാജ്യം ഒരു ശോചനീയ അവസ്ഥയിലായിരുന്നു. വിദ്യുച്ഛക്തിയും പൊതുഗതാഗതവും പോലുള്ള പൊതുജനസേവനങ്ങൾ ലഭ്യമല്ലായിരുന്നു. അതുകൊണ്ടു ഞങ്ങൾ സൈന്യത്തിൽനിന്ന് ഒരു ജീപ്പ് വാങ്ങി. തിരിച്ചെത്തിയ ഉടൻ ഞങ്ങൾ സംഘടിപ്പിച്ച യോഗങ്ങളിലേക്ക് ആളുകളെ എത്തിക്കാൻ അതു നന്നായി ഉപയോഗപ്പെടുത്തി.
ഒരു താത്പര്യക്കാരൻ ഞങ്ങൾക്കു സ്ഥലം ദാനമായി നൽകി, ആ പ്രദേശത്തെ ദയാസമ്പന്നരായ ആളുകളുടെ സഹായത്താൽ ഞങ്ങൾ സാമാന്യം വലിയ ഒരു രാജ്യഹാൾ പണിതു. ബലിഷ്ഠമായ മുളത്തൂണുകളും മുള പാകിയ ഭിത്തികളും പുല്ലുമേഞ്ഞ മേൽക്കൂരയും സഹിതമാണ് അതു പണിതത്. ഇവിടെ 1947 ഏപ്രിലിൽ അന്നത്തെ വാച്ച് ടവർ സൊസൈററി പ്രസിഡൻറായ നാഥാൻ എച്ച്. നോറും അദ്ദേഹത്തിന്റെ സെക്രട്ടറി മിൽട്ടൺ ജി. ഹെൻഷലും റംഗൂണിലെ അവരുടെ സന്ദർശനവേളയിൽ പ്രസംഗിച്ചു. ആ സമയത്തു ബർമയിൽ ആകെ 19 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ന്യൂ എക്സെൾസിയർ തിയേറററിൽ നടത്തപ്പെട്ട നോർ സഹോദരന്റെ പരസ്യപ്രസംഗം കേൾക്കാൻ 287 പേർ സന്നിഹിതരായിരുന്നു!
ഞങ്ങൾ ആസ്ട്രേലിയയിൽ താമസമുറപ്പിക്കുന്നു
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പെത്തെട്ടു ജനുവരി 4-ാം തീയതി ബർമയ്ക്കു ഗ്രേററ് ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം ലഭിച്ചു, മിക്ക യൂറോപ്യരും രാജ്യം വിട്ടുപോകുന്നതാണ് ഏററവും നല്ലതെന്നു വിചാരിച്ചു. പ്രാർഥനാപൂർവകമായ പരിചിന്തനത്തിനുശേഷം ഞാനും ഫിലിസ്സും ഞങ്ങളുടെ മകളെയുംകൊണ്ട് ആസ്ട്രേലിയയിലേക്കു കുടിയേറാൻ തീരുമാനിച്ചു. ഞങ്ങൾ പശ്ചിമ ആസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്തിൽ താമസമുറപ്പിച്ചു.
ഇപ്രാവശ്യം എന്നെന്നേക്കുമായി വീണ്ടും ബർമ വിട്ടുപോരുന്നതു ഞങ്ങൾക്കു വളരെ സങ്കടകരമായ ഒരു സമയമായിരുന്നു. അവിടെയുള്ള പ്രിയപ്പെട്ടവരിൽനിന്നു ഞങ്ങൾക്കു ചിലപ്പോഴൊക്കെ എഴുത്തു കിട്ടിയിരുന്നു, ആ രാജ്യത്തു രാജ്യവേല സ്ഥിരമായി മുന്നേറുകയായിരുന്നു എന്നറിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു.
ഞങ്ങൾക്ക് 1978 മുതൽ നാലു വർഷം ആസ്ട്രേലിയയുടെ വൻനഗരങ്ങളിൽ ഗ്രീക്ക് സംസാരിക്കുന്ന എല്ലാ സഭകളിലും സേവിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. ഈ വലിയ രാജ്യത്തിന്റെ പശ്ചിമതീരത്തുനിന്നു പൂർവതീരംവരെ 4,200 കിലോമീറററിലധികമുള്ളതിനാൽ ഇതു വിപുലമായ യാത്രയെ അർഥമാക്കി. കുറച്ചു നാളുകൾക്കുശേഷം ഓരോ സംസ്ഥാനത്തിലേയും ഗണ്യമായ വ്യത്യാസമുള്ള കാലാവസ്ഥ ഞങ്ങളുടെ ആരോഗ്യം ക്ഷയിക്കാനിടയാക്കി. അതുകൊണ്ടു ഞങ്ങൾ വീണ്ടും പെർത്തിൽ താമസമാക്കി, അവിടെ നഗരത്തിലെ 44 സഭകളിലൊന്നിൽ ഞാൻ ഒരു മൂപ്പനായി സേവിക്കുന്നതിൽ തുടർന്നുപോരുന്നു.
വർഷങ്ങൾ കടന്നുപോയതോടെ എന്റെ കാഴ്ച കൂടുതൽ മങ്ങിത്തുടങ്ങിയിരിക്കുകയാണ്, വായന ദുഷ്കരമായിത്തീർന്നിരിക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞങ്ങളുടെ ഹൃദയം ഇപ്പോഴും ചെറുപ്പമാണ്. ഞങ്ങൾ രണ്ടുപേരും, യഹോവയെ ഭയപ്പെടുന്ന എല്ലാവരും അവിടുത്തെ പ്രീതിയുടെ സൂര്യപ്രകാശം “തന്റെ ചിറകിൻകീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കു”ന്നതും [ഞങ്ങൾ] “പുറപ്പെട്ടു തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടു”ന്നതും കാണുന്ന സന്തുഷ്ട ദിനത്തിനുവേണ്ടി ആത്മവിശ്വാസത്തോടെ നോക്കിപ്പാർത്തിരിക്കുന്നു.—മലാഖി 4:2.a
[അടിക്കുറിപ്പ്]
a ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂററിരണ്ടു ഡിസംബർ 13-ന് ഈ ജീവിതകഥ എഴുതിത്തീർത്തുകൊണ്ടിരുന്നപ്പോൾ സെയ്റേറാസ് സഹോദരൻ മരണത്തിൽ നിദ്ര പ്രാപിച്ചു.
[24-ാം പേജിലെ ചിത്രം]
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തേഴിൽ ബർമയിൽ (മ്യാൻമാറിൽ) എന്റെ കുടുംബം ഹെൻഷൽ, നോർ എന്നീ സഹോദരൻമാരുമൊത്ത്
[25-ാം പേജിലെ ചിത്രം]
ബേസിൽ സെയ്റേറാസും ഭാര്യ ഫിലിസും, ആസ്ട്രേലിയയിൽ