രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ബർമ്മയിൽ ‘വിള പാകമായിരിക്കുന്നു’
◻ മനോഹരമായ ബർമ്മാ രാജ്യത്ത് 1,500ൽപരം സുവാർത്താഘോഷകരുണ്ട്. അവരുടെ അടുത്ത കാലത്തെ കൺവെൻഷനുകൾ ബർമ്മീസ്, ലൂഷായി, ഹാക്കാ ചിൻ എന്നീ ഭാഷകളിൽ നടത്തപ്പെട്ടു. മൊത്തം ഹാജർ 2,273 ആയിരുന്നു. ചുവടെ ചേർക്കുന്ന അനുഭവങ്ങൾ ചെമ്മരിയാടുതുല്യരായ ആളുകൾക്ക് രാജ്യസന്ദേശത്തിലുള്ള താത്പര്യത്തെ വെളിപ്പെടുത്തുകയും യോഹന്നാൻ ദർശനത്തിൽ കണ്ടതിനെ ദൃഢീകരിക്കുകയും ചെയ്യുന്നു: “ഭൂമിയിലെ വിള പൂർണ്ണമായും പാകമായിരിക്കുന്നു”—വെളിപ്പാട് 14:15.
അത് ദിനാമിൽ സംഭവിച്ചു
◻ മാട്ടുപ്പിയിൽ വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കെ, ഒരു പ്രത്യേക പയനിയർ ഒരു വിദ്യാർത്ഥിയെ കണ്ടുമുട്ടി, അയാൾ വിശേഷാൽ നരകത്തെക്കുറിച്ച് അറിയാൻ തല്പരനായിരുന്നു. ബൈബിൾനരകം മനുഷ്യവർഗ്ഗത്തിന്റെ പൊതു ശവക്കുഴിയാണെന്ന് അയാളോടു വിശദീകരിച്ചപ്പോൾ അയാൾ വളരെ അതിശയിച്ചുപോയി. അയാൾക്ക് അത് തന്നിൽത്തന്നെ ഒതുക്കിവെക്കാൻ കഴിഞ്ഞില്ല. എന്നാൽ തന്റെ ദിനാം ഗ്രാമത്തിലെ ബന്ധുക്കളോടു പറയാൻ ആഗ്രഹിച്ചു. സ്ക്കൂളവധിദിവസങ്ങളിൽ അയാൾ തന്റെ ഗ്രാമത്തിലേക്കു തിരികെ പോകുകയും നരകത്തെക്കുറിച്ചുള്ള സത്യം പരത്തുകയുംചെയ്തു. അയാളുടെ അളിയന് കൂടുതൽ അറിയാൻ വളരെയധികം താല്പര്യമുണ്ടായി, തന്നിമിത്തം പയനിയറോടുതന്നെ സംസാരിക്കാൻ അയാൾ വിദ്യാർത്ഥിയോടുകൂടെ മാട്ടുപ്പിയിലേക്കു തിരികെപോയി. അയാൾ മാട്ടുപ്പിയിൽ വാരങ്ങളോളം താമസിക്കുകയും പയനിയറോടുകൂടെ പഠിക്കുകയുംചെയ്തു. പിന്നീട് മാട്ടുപ്പിയിലേക്കുള്ള അയാളുടെ രണ്ടാമത്തെ സന്ദർശനസമയത്ത് പയനിയർമാർ തന്റെ ഗ്രാമം സന്ദർശിക്കണമെന്ന് അയാൾ നിർബന്ധിച്ചു. കാരണം അനേകം താല്പര്യക്കാർ അവിടെ ഉണ്ടെന്ന് അയാൾ പറഞ്ഞു. മൂന്നു പയനിയർമാരും സസന്തോഷം ക്ഷണം സ്വീകരിച്ചു. ദിനാമിൽ എത്താൻ അവർ 12 കഠിനമണിക്കൂർ എടുത്തു.
പയനിയർമാർ എത്തിയ ദിവസം ദിനാമിൽ ഒരു ശവസംസ്ക്കാരം ഉണ്ടായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽനിന്നും ഈ ബൈബിൾനരകത്തെക്കുറിച്ചു കൂടുതൽ കേൾക്കാൻ ആളുകൾ വന്നിട്ടുണ്ടായിരുന്നു. അവരെല്ലാം സന്ദർശകരെ കാണാൻ പാഞ്ഞെത്തി. തുടർന്ന് ഒരു ബൈബിൾചർച്ച നടന്നു. അത് വൈകുന്നേരം 7 മണി മുതൽ രാത്രി 11 വരെ നീണ്ടു. ജനക്കൂട്ടത്തിൽ ഗ്രാഹ്യമുള്ള ഒരു മനുഷ്യൻ അടുത്ത ദിവസത്തിനുവേണ്ടി അല്പം വിശ്രമിക്കാൻ പയനിയർമാരെ അനുവദിച്ചുകൊണ്ട് ചർച്ച 11 മണിക്കു നിർത്തിച്ചു. അടുത്ത പ്രഭാതത്തിൽ, ഏതാണ്ട് ഏഴുമണിക്ക് അവർ ചർച്ച തുടങ്ങി. ഭക്ഷണംകഴിക്കാൻ അല്പം ഇടവേളയെടുത്തുകൊണ്ട് വൈകുന്നേരം പത്തുവരെ ബൈബിൾ ചർച്ച തുടർന്നു. പയനിയർമാർ ഗ്രാമം വിട്ടുപോയപ്പോൾ അവർ മടങ്ങിവന്ന് തങ്ങളോടൊത്ത് കൂടുതൽ സമയം ചെലവഴിക്കണമെന്ന് ചെമ്മരിയാടുതുല്യർ അപേക്ഷിച്ചു. ഉപദേശപാത്രതയുള്ള അത്തരമാളുകളെ വിലയേറിയ രാജ്യത്തിന്റെ സുവാർത്തകൊണ്ടു സഹായിക്കുന്നത് എന്തോരു പദവിയാണ്. സത്യത്തിൽ ബർമ്മയിൽ വിള ‘പാക’മായിരിക്കുകയാണ്!
ഉപേക്ഷിക്കപ്പെട്ട ഒരു പുസ്തകത്തിൽനിന്ന് സത്യംകിട്ടുന്നു
◻ബർമ്മയിലെ ഒരു മനുഷ്യൻ പാഴ്കടലാസ് എന്ന നിലയിൽ പഴയ പുസ്തകങ്ങളും വർത്തമാനപ്പത്രങ്ങളും വില്ക്കുന്ന തന്റെ സ്നേഹിതനെ സന്ദർശിക്കുകയായിരുന്നു. പാഴ്കടലാസ്സുകളുടെ ഇടയിൽ അയാൾ കവറില്ലാത്ത ഒരു പഴയ പുസ്തകം കണ്ടു. അയാളതെടുത്തു വായിച്ചുതുടങ്ങി. പെട്ടെന്ന് അയാൾ അതിൽ ലയിച്ചു. അത് വാച്ച്ററവർ സൊസൈററിയുടെ മഹദഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകമായിരുന്നു. കൂടുതൽ പുസ്തകങ്ങൾ കിട്ടാൻ അയാൾ സൊസൈററിയുടെ ബ്രാഞ്ചാഫീസിലേക്ക് എഴുതി. ബ്രാഞ്ചാഫീസ് ഉടൻതന്നെ അയാളെ സന്ദർശിക്കാൻ പെട്ടെന്ന് ഒരു പയനിയറെ അയച്ചു. അയാളുമായി ഒരു അദ്ധ്യയനം തുടങ്ങി. വെറും ചുരുക്കം ചില അദ്ധ്യയനങ്ങൾക്കു ശേഷം അയാൾ സത്യത്തിന്റെ നാദം തിരിച്ചറിയുകയും ദുശ്ശീലങ്ങൾ നീക്കി തന്റെ ജീവിതത്തെ ശുദ്ധീകരിച്ചുതുടങ്ങുകയും പിന്നീട് തന്റെ ഹൈന്ദവമതവിഗ്രഹങ്ങൾ നീക്കംചെയ്യുകയുംചെയ്തു. അധികം താമസിയാതെ, അയാളും അയാളുടെ ഏററം മൂത്ത പുത്രിയും യഹോവക്കു തങ്ങളെത്തന്നെ സമർപ്പിക്കുകയും സ്നാപനമേൽക്കുകയും ചെയ്തു.
സത്യത്തിൽ, ബർമ്മയിലെ ഫലോല്പാദകമായ വയലിൽ “കൊയ്ത്തു വലുതാണ്, എന്നാൽ വേലക്കാർ ചുരുക്കമാണ്”.—മത്തായി 9:37, 38. (g89 2⁄1)