ഇന്ത്യയിലെ കൊയ്ത്തിൽ ആനന്ദംകൊള്ളുന്നു
എഫ്. ഇ. സ്കിന്നർ പറഞ്ഞപ്രകാരം
എന്നെ സംബന്ധിച്ചിടത്തോളം അത് വിശ്വസിക്കാനാവുന്നതിലപ്പുറമായിരുന്നു—പത്തു ഭാഷകളിലായി 21 കൺവെൻഷനുകൾ, ദിവ്യനീതിയുടെ അർത്ഥം ഗ്രഹിക്കാൻ 15,000 പേരുടെ ഹാജർ, നീതിയുടെ മഹാദൈവമായ യഹോവയോടുള്ള തങ്ങളുടെ സ്നേഹം ലക്ഷ്യപ്പെടുത്തിയ 545 പേരുടെ സ്നാപനം! ഇന്ത്യയിലെ 9,000 യഹോവയുടെ സാക്ഷികൾക്ക് ഈ സംഗതി 1989ലെ മുഖ്യ സവിശേഷതയായിരുന്നു. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അത് ആനന്ദിക്കുന്നതിനുള്ള ഒരു കാരണമായിരുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ 1926 ജൂലൈയിൽ ഞാൻ ആദ്യമായി ഇന്ത്യൻ മണ്ണിൽ കാലുകുത്തിയപ്പോൾ ഇത്രത്തോളം മഹാസംഭവങ്ങൾ അന്നെനിക്ക് സങ്കൽപ്പിക്കുവാനേ കഴിയുമായിരുന്നില്ല. അന്ന് ഈ രാജ്യത്താകമാനം രാജ്യസന്ദേശത്തിന്റെ പ്രസാധകരായി 70ൽ താഴെ ആളുകളെ ഉണ്ടായിരുന്നുള്ളു. എത്ര വലിയ ഒരു നിയോഗമാണ് 64 വർഷങ്ങൾക്ക് മുമ്പ് എനിക്കും എന്റെ പങ്കാളിക്കും ലഭിച്ചത്!
ഞാൻ ഇന്ത്യയിൽ വന്നത്
ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയാറ് മെയ് മാസത്തിൽ ലണ്ടനിലെ ഒരു വലിയ കൺവെൻഷനിൽ ഞാൻ പങ്കെടുക്കുകയുണ്ടായി. അതിനെ തുടർന്ന് ഞാൻ ഷെഫീൽഡിലുള്ള എന്റെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. രണ്ടു ദിവസത്തിനുശേഷം, വയൽസേവനം കഴിഞ്ഞു മടങ്ങി വന്ന എന്നെയും കാത്ത് ഒരു ടെലഗ്രാം കിടക്കുന്നത് കണ്ടു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ജഡ്ജ് റതർഫോർഡിന് നിങ്ങളെ കാണണം.”
വാച്ച്ററവർ സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡൻറായിരുന്ന റതർഫോർഡ് സഹോദരൻ ആ കൺവെൻഷനുവേണ്ടി ന്യൂയോർക്കിൽ നിന്ന് വന്നതായിരുന്നു. അദ്ദേഹം ലണ്ടനിൽ തന്നെയുണ്ടായിരുന്നു. പിറെറ ദിവസം രാവിലെ തിരിച്ചു ലണ്ടനിലേക്കുള്ള ട്രെയിനിൽ ഇരുന്നുകൊണ്ട് ഞാൻ ആശ്ചര്യപ്പെട്ടു, ‘എന്താണിതിന്റെ അർത്ഥം?’ ബ്രാഞ്ചോഫീസിൽ വെച്ച് എന്നെ റതർഫോർഡ് സഹോദരന്റെ അരികിലേക്ക് കൊണ്ടുപോയി, അദ്ദേഹം എന്നോട് ഇങ്ങനെ ചോദിച്ചു: “ലോകത്തിന്റെ ഏതു ഭാഗത്തു വേല ചെയ്യുന്നു എന്നുള്ളത് നിങ്ങൾ കാര്യമായി എടുക്കുന്നുണ്ടോ?
“ഇല്ല,” ഞാൻ മറുപടി പറഞ്ഞു.
“ഇന്ത്യയിലേക്ക് പോകുന്നതിനെക്കുറിച്ച് എന്ത് തോന്നുന്നു?”
“ഞാൻ എപ്പോഴാണ് പോകേണ്ടത്?” ഒരു മടിയും കൂടാതെ ഞാൻ മറുപടി പറഞ്ഞു. അങ്ങനെ മൂന്നാഴ്ചകൾക്ക് ശേഷം ഞാനും ജോർജ് റൈററും ഇന്ത്യയിലേക്കുള്ള കപ്പലിൽ കയറി. എനിക്ക് 31 വയസ്സായിരുന്നു. ജീവിതം സംബന്ധിച്ച് എന്തു ചെയ്യണമെന്നുള്ള കാര്യത്തിൽ എന്റെ മനസ്സിലും ഹൃദയത്തിലും യാതൊരു സന്ദേഹവുമില്ലായിരുന്നു.
ഒരു ജീവിതഗതി സംബന്ധിച്ച് തീരുമാനം ചെയ്യുന്നു
ആയിരത്തിത്തൊള്ളായിരത്തിപതിനെട്ടായപ്പോൾ ഒന്നാം ലോകമഹായുദ്ധം അവസാനിക്കുകയും ഞാൻ ബ്രിട്ടീഷ് സൈന്യത്തിൽ നാലു വർഷം പൂർത്തിയാക്കുകയും ചെയ്തു. എനിക്ക് ഫോട്ടോഗ്രാഫിയിലും റേഡിയോ പ്രക്ഷേപണത്തിലും താൽപ്പര്യമുണ്ടായിരുന്നു. അതിനാൽ നല്ല ബിസിനസ്സ് സാദ്ധ്യതകളും എനിക്ക് തുറന്ന് കിടപ്പുണ്ടായിരുന്നു. മാത്രമല്ല, ഞാൻ വിവാഹത്തെ കുറിച്ച് ആലോചിച്ചു വരികയുമായിരുന്നു. എന്നാൽ, അതേ സമയംതന്നെ, എന്റെ ജീവിതത്തിന്റെ മുഴു കേന്ദ്രീകരണത്തെയും മാററിമറിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച ഒരു ഗ്രാഹ്യത്തിലേക്ക് വരികയായിരുന്നു ഞാൻ.
എന്റെ പിതാവിന് തിരുവെഴുത്തിലെ പാഠങ്ങൾ എന്ന ഗ്രൻഥത്തിന്റെ ഒരു സെററ് ലഭിച്ചിരുന്നു. ഒരു കോൾപോർട്ടർ (പയനിയർമാർ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) ഞങ്ങളുടെ കുടുംബത്തോടൊത്ത് ബൈബിൾ പഠിക്കാൻ ആരംഭിക്കുകയും ചെയ്തു. ആ സ്ത്രീ ഒരു സ്കൂൾ അദ്ധ്യാപികയായിരുന്നു. കാലാന്തരത്തിൽ, എന്റെ പ്രായത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാർ എല്ലാ ശനിയാഴ്ചയും ഒരു കപ്പ് ചായ കുടിക്കുന്നതിനും ബൈബിൾ അദ്ധ്യയനത്തിനുമായി അവളുടെ വീട്ടിൽ പോകുക പതിവായിത്തീർന്നു. യഹോവക്ക് ഞങ്ങളെതന്നെ ലഭ്യമാക്കാൻ അവൾ ആവർത്തിച്ച് ഞങ്ങളോട് പറയുമായിരുന്നു: “ഒരു നിയോഗത്തെ ഒരിക്കലും തിരസ്കരിക്കരുത്.” ഏകാകിയായി നിലകൊള്ളുന്നതിനും അവൾ എന്നെ പ്രോൽസാഹിപ്പിച്ചിരുന്നു.
എന്താണ് ചെയ്യേണ്ടിയിരുന്നതെന്ന് സംബന്ധിച്ച് കുറച്ചുകാലം ഞാൻ ചിന്താകുഴപ്പത്തിലായിരുന്നു. എന്നാൽ മത്തായി 19:21-ലെ ധനികനായ യുവഭരണാധികാരിയോടുള്ള യേശുവിന്റെ പിൻവരുന്ന വാക്കുകൾ എന്നെ സഹായിച്ചു: “നീ പൂർണ്ണനാകാൻ ഇച്ഛിക്കുന്നുവെങ്കിൽ പോയി നിന്റെ വസ്തുവകകൾ ദരിദ്രർക്കു വില്ക്കുക, അപ്പോൾ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകും. എന്നിട്ട് വന്നെന്റെ അനുഗാമിയായിത്തീരുവിൻ.” ഞാൻ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിൽ നിന്നും രാജിവെക്കുകയും മൂന്നുമാസത്തിനകം ഒരു കോൾപോർട്ടർ ആയിത്തീരുകയും ചെയ്തു. ഈ സംഗതിയിലും, ഏകാകിയായിരിക്കുന്നതിനുള്ള എന്റെ തീരുമാനവും ഏതാണ്ട് നാലു വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്കുള്ള ആ അമൂല്യ നിയോഗം സ്വീകരിക്കാൻ എന്നെ യോഗ്യനാക്കിത്തീർത്തു.
ഒരു ബൃഹത്തായ പുതിയ വയൽ
എനിക്കും ജോർജ് റൈററിനും ഇന്ത്യയിൽ മാത്രമല്ല ബർമ്മയിലും (ഇപ്പോൾ മ്യാൻമാർ) സിലോണിലും (ഇപ്പോൾ ശ്രീലങ്ക) രാജ്യപ്രസംഗത്തിന്റെ മേൽനോട്ടം നിർവ്വഹിക്കുന്നതിനുള്ള നിയോഗം ലഭിച്ചു. പിന്നീട് പേർഷ്യയും (ഇപ്പോൾ ഇറാൻ) അഫ്ഗാനിസ്ഥാനും കൂടെ ചേർക്കപ്പെട്ടു. ഇന്ത്യയുടെ വിസ്തൃതി ഐക്യനാടുകളുടേതിനെക്കാളും ഏതാണ്ട് കുറവായിരുന്നു, പക്ഷേ ജനസംഖ്യ അനവധി മടങ്ങ് അധികമായിരുന്നു. അത് വ്യത്യസ്തമായ ആഹാരരീതികളോടും ആചാരങ്ങളോടും ഭാഷകളോടും കൂടിയ ഒരു പ്രദേശമായിരുന്നു. അവിടുത്തെ ജനങ്ങൾ വിവിധ മതവിശ്വാസങ്ങളോട് കൂടിയവരായിരുന്നു—ഹിന്ദുക്കൾ, മുസ്ലീങ്ങൾ, പാഴ്സികൾ, ജൈനമതക്കാർ, സിക്കുകാർ, ബുദ്ധമതക്കാർ, കൂടാതെ കത്തോലിക്കരും പ്രോട്ടസ്ററൻറുകാരും.
ഇന്ത്യയിൽ 1905ൽ പ്രസംഗവേല ആരംഭിച്ചിരുന്നു. 1912ൽ വാച്ച്ററവർ സൊസൈററിയുടെ ആദ്യ പ്രസിഡണ്ട് ആയിരുന്ന ചാൾസ് ററി. റസ്സലിന്റെ സന്ദർശനത്തോടെ അതിന്റെ ആക്കം വർദ്ധിച്ചു. തീക്ഷ്ണതയുള്ള ഒരു ബൈബിൾ വിദ്യാർത്ഥിയായ എ. ജെ. ജോസഫുമായുള്ള റസ്സലിന്റെ കൂടിക്കാഴ്ച തുടർന്നുള്ള പ്രസംഗപ്രവർത്തനത്തിനായി ഒരു സ്ഥിരമായ ക്രമീകരണത്തിലേക്ക് നയിച്ചു. ജോസഫ് ബൈബിൾ സാഹിത്യങ്ങൾ തന്റെ മാതൃഭാഷയായ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും വ്യാപകമായി, വിശേഷിച്ചും ദക്ഷിണേന്ത്യയിൽ യാത്ര ചെയ്യുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു. ഇന്ന്, ഇന്ത്യയിലെ പ്രസാധകരിൽ പകുതിയോളം മലയാളം സംസാരിക്കുന്ന ഈ പ്രദേശത്താണ് ജീവിക്കുന്നത്, ഇന്ത്യൻ ജനസംഖ്യയുടെ ഏകദേശം 3 ശതമാനത്തോളം മാത്രമേ ഇവിടെ ഉള്ളുവെങ്കിലും. മുമ്പ് തിരുവിതാംകൂറും കൊച്ചിയും ആയിരുന്ന ഈ പ്രദേശം 1956ൽ കേരള സംസ്ഥാനമായി രൂപം പ്രാപിച്ചു.
ബോംബെ ഓഫീസ് കാര്യങ്ങളുടെ മേൽനോട്ടവും വിസ്തൃതമായ പ്രസംഗപര്യടനങ്ങളും, ഞാനും ജോർജ്ജ് റൈററും മാറിമാറി ചെയ്തുകൊണ്ടിരുന്നു. ഇന്ത്യയിലെ റെയിൽ റോഡുകളേയും, കുതിരകളേയും കാളവണ്ടികളെയും ഞങ്ങൾ പൂർണ്ണമായി ഉപയോഗപ്പെടുത്തി. പിന്നീട് ഞങ്ങൾ ഒരു കാറ് ഉപയോഗിക്കുകയുണ്ടായി. കേവലം സാഹിത്യങ്ങൾ കൊടുത്തിട്ടു പോരുകയും ഒരു കൂട്ടഅദ്ധ്യയനത്തിനായി ഒരു യോഗസ്ഥലത്തേക്കു വരാൻ ആളുകളെ ക്ഷണിക്കുകയും ചെയ്യുക എന്നതായിരുന്നു അന്നത്തെ രീതി. ഞങ്ങൾ നാമമാത്രമായി ഉണ്ടായിരുന്ന ഇംഗ്ലീഷ് സംസാരിക്കുന്ന ക്രിസ്ത്യാനികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
പ്രാരംഭത്തിൽ, സകല വാച്ച്ററവർ വരിക്കാരുടെയും പേരും മേൽവിലാസവും എനിക്ക് നൽകപ്പെട്ടിരുന്നു. ഇവരിൽ മിക്കവരും റെയിൽവേ അല്ലെങ്കിൽ ടെലഗ്രാഫ് ജീവനക്കാരായിരുന്നു. യഥാർത്ഥ താൽപ്പര്യമുള്ളവരെ അന്വേഷിച്ചു കണ്ടെത്താൻ ഞാൻ ഇവരെയെല്ലാവരെയും തന്നെ സന്ദർശിക്കുകയുണ്ടായി. അനേക വർഷക്കാലം ജനുവരിയിൽ ഞാൻ ഉത്തരേന്ത്യയിലുള്ള പഞ്ചാബിലേക്ക് പോകുകയും ലാഹോർ മുതൽ കറാച്ചി വരെ പര്യടനം നടത്തുകയും ചെയ്യുമായിരുന്നു. ജനങ്ങൾ ബൈബിളിനോട് എതിർപ്പുള്ളവരായിരുന്നതുകൊണ്ട് നാമമാത്ര ക്രിസ്ത്യാനികളുണ്ടായിരുന്ന ഗ്രാമങ്ങൾ വളരെ കുറവും പരസ്പരം അകലത്തിലുമായിരുന്നു.
ഒരു സഹോദരൻ വ്യാഖ്യാനിയായി എന്നോടൊത്ത് സഞ്ചരിച്ചിരുന്നു. ഞങ്ങൾ ജനങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയും അവരോടൊത്ത് ജീവിക്കുകയും ചെയ്തിരുന്നു. മണ്ണുകൊണ്ട് നിർമ്മിച്ചതും പലകയടിച്ചതോ മേഞ്ഞതോ ആയ മേൽക്കൂരയോട് കൂടിയതുമായ വീടുകളിലാണ് അവിടുത്തെ ഗ്രാമീണർ താമസിച്ചിരുന്നത്. കയറ് കെട്ടിയ നാലുകാലുള്ള ചെറു തടിക്കട്ടിലുകളിലാണ് അവർ കിടന്നിരുന്നത്. പലപ്പോഴും അവിടുത്തെ കർഷകർ കൈയിൽ ബൈബിളുമായി രണ്ടു മൂന്നടി നീളമുള്ള ഒരു പൈപ്പും പുകച്ച്, ഞങ്ങൾ ദൈവിക സത്യം അവർക്ക് വിശദീകരിച്ചു കൊടുക്കുമ്പോൾ തിരുവെഴുത്തുകൾ ഒന്നൊന്നായി മറിച്ചു നോക്കിക്കൊണ്ട് തങ്ങളുടെ കയററ്കട്ടിലുകളിൽ അങ്ങനെ ഇരിക്കും. വർഷത്തിന്റെ അധികസമയവും മഴയില്ലാത്തതായതിനാൽ വാതിൽപ്പുറയോഗങ്ങളായിരുന്നു കൂടുതൽ ഉത്തമമെന്ന് തെളിഞ്ഞത്. യൂറോപ്പ്യൻമാർ അധികപങ്കും അത്തരം യോഗങ്ങൾക്ക് ഹാജരാകാതവണ്ണം ഡംഭികളായിരുന്നെങ്കിലും ഇന്ത്യക്കാർ എവിടെയും കൂടിവരാൻ മനസ്സുള്ളവരായിരുന്നു.
സാധ്യമാകുന്നിടത്തോളം ഭാഷകളിൽ സാഹിത്യങ്ങൾ പ്രസിദ്ധീകരിക്കാൻ ഞങ്ങൾ ശ്രമിച്ചു. കാനറീസ് ഭാഷയിലുള്ള ലോകാരിഷ്ടത എന്ന ചെറുപുസ്തകം സവിശേഷ വിജയം നേടി. ഇത് ഒരു കാനറീസ് മതമാസികയുടെ പത്രാധിപർ തന്റെ പത്രത്തിലേക്ക് ലേഖനങ്ങൾ നൽകാൻ ഞങ്ങളെ ക്ഷണിക്കുന്നതിനിടയാക്കി. അങ്ങനെ കുറച്ചുകാലം ഞങ്ങൾ വിമോചനം പുസ്തകം ഒരു സീരിയലായി പ്രസിദ്ധീകരിച്ചു.
ആയിരത്തിത്തൊള്ളായിരത്തിഇരുപത്തിയാറു മുതൽ 1938 വരെയുള്ള സംവൽസരങ്ങൾ ഊർജ്ജസ്വലരായ പയനിയർമാരുടെ ബൃഹത്തായ അളവിലുള്ള പ്രസംഗവേല കാണുകയുണ്ടായി. ഞങ്ങൾ ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ചു, ഭീമമായ അളവിൽ സാഹിത്യങ്ങൾ സമർപ്പിച്ചു, പക്ഷേ വർദ്ധനവ് പരിമിതമായിരുന്നു. 1938 ആയപ്പോൾ ഇന്ത്യയിൽ ഒട്ടാകെ 24 സഭകളിലായി വെറും 18 പയനിയർമാരും 273 പ്രസാധകരും മാത്രമെ ഉണ്ടായിരുന്നുള്ളു.
രണ്ടാം ലോകമഹായുദ്ധകാലത്ത്
ആയിരത്തിതൊള്ളായിരത്തിമുപ്പത്തിയൊൻപതിൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടുവെങ്കിലും ഞങ്ങൾ ഞങ്ങളുടെ പ്രസംഗവുമായി തുടർന്നു മുന്നോട്ട് പോയി. യഥാർത്ഥത്തിൽ, 1940ൽ തന്നെ തെരുവുസാക്ഷീകരണവേല ആരംഭിക്കുകയുണ്ടായി. ഞങ്ങളുടെ ഇന്ത്യൻ സഹോദരിമാർപോലും പങ്കെടുത്തു, പ്രാദേശിക ആചാരങ്ങൾ കണക്കിലെടുക്കുമ്പോൾ അതൊരു വൻകാര്യം തന്നെയായിരുന്നു. വർഷങ്ങൾക്കുശേഷം ഒരു ബൈബിൾ വിദ്യാർത്ഥി തെരുവ് സാക്ഷീകരണവേലക്ക് തന്നെ ക്ഷണിച്ച ഒരു സാക്ഷിയോട് ഇപ്രകാരം പറയുകയുണ്ടായി: “ഞാൻ ഒരു ഇന്ത്യൻ സ്ത്രീയാണ്. ഞാൻ തെരുവിൽ ഒരു പുരുഷനുമായി സംസാരിക്കുന്നത് ഒരിക്കലും കാണപ്പെടാൻ പാടില്ല. കാരണം, പരിസരവാസികളുടെയെല്ലാം മുമ്പിൽ എനിക്കത് മാനക്കേട് വരുത്തും. എനിക്ക് തെരുവിൽ ഒരു പുരുഷനോട് അയാൾ എന്റെ ബന്ധുവാണെങ്കിൽകൂടിയും സംസാരിക്കാൻ പാടില്ല.” എന്നിരുന്നാലും, ഇന്ത്യയിലുള്ള നമ്മുടെ ക്രിസ്തീയ സഹോദരിമാർ തീക്ഷ്ണതയുള്ള പരസ്യ ശുശ്രൂഷകരായി മാറിയിരിക്കുന്നു.
ആ ആദ്യസംവൽസരങ്ങളിൽ കൺവെൻഷനുകളും ക്രമീകരിക്കപ്പെട്ടിരുന്നു. രാവിലെ സമയം വയൽസേവനത്തിനായി നീക്കിവെച്ചിരുന്നു. അതിലധികവും ഉൾപ്പെട്ടിരുന്നത് അനേകം മൈലുകൾ നടന്നുകൊണ്ട് തദ്ദേശവാസികളോടും വഴിപോക്കരോടും പരസ്യയോഗങ്ങളെക്കുറിച്ച് പറയുക എന്നതായിരുന്നു. ഇവയിലൊന്നിൽ 300 പേർ ഹാജരാകുകയുണ്ടായി. മുളയും പനയോലയുംകൊണ്ട് ഉണ്ടാക്കിയ ഒരു പന്തലിന്റെ തണലിലായിരുന്നു പരിപാടികൾ നടത്തിയത്. പക്ഷേ പരിപാടികൾ തുടങ്ങാൻ ഒരു നിശ്ചിതസമയം വെക്കാൻ കഴിയുകയില്ലായിരുന്നു. കാരണം ഒരു റൈറംപീസ് വളരെക്കുറച്ചുപേർക്കേ ഉണ്ടായിരുന്നുള്ളു. തങ്ങൾക്ക് വരണമെന്ന് തോന്നുമ്പോൾ ആളുകൾ ഇങ്ങുപോരും. ആവശ്യത്തിന് ആളായിക്കഴിയുമ്പോൾ യോഗങ്ങൾ ആരംഭിക്കുകയായി. യോഗം പുരോഗമിക്കുന്നതിനിടയിൽ ചുററിത്തിരിഞ്ഞ് ഓരോരുത്തർ വന്നുചേർന്നുകൊണ്ടേയിരിക്കും.
പരിപാടി സാധാരണ രാത്രി പത്തുമണിവരെ തുടർന്നു പോകാറുണ്ടായിരുന്നു. അപ്പോൾ അനേകർക്കും തിരികെ വീട്ടിലെത്താൻ മൈലുകൾ സഞ്ചരിക്കേണ്ടി വന്നു. നല്ല നിലാവുള്ളപ്പോൾ വളരെ നന്നായിരുന്നു; തണുത്ത ആസ്വാദ്യകരമായ അന്തരീക്ഷമായിരിക്കും. നിലാവില്ലാത്തപ്പോൾ ആളുകൾ ചൂട്ടു പിരിച്ച് ഒരു പന്തം കത്തിക്കും. ഈ പന്തം ചുവന്ന നിറത്തിൽ എരിഞ്ഞുകൊണ്ടിരിക്കും. കൂടുതൽ വെളിച്ചം വേണ്ടിവരുമ്പോൾ പന്തം വായുവിൽ ഒന്നു വീശും, അപ്പോൾ അത് ആളിക്കത്തും. ഇത് ദുർഘടമായ സ്ഥലങ്ങളിലൂടെ പോകുമ്പോൾ വഴി കണ്ടുപിടിക്കാൻ ആവശ്യത്തിന് വെളിച്ചം നൽകിയിരുന്നു.
ഏതാണ്ട് ഈ സമയത്ത് ഇന്ത്യയിലേക്കും സിലോണിലേക്കുമുള്ള സൊസൈററിയുടെ സാഹിത്യങ്ങളുടെ ഇറക്കുമതിയിൻമേൽ ഗവൺമെൻറ് നിരോധനം ഏർപ്പെടുത്തി. തിരുവിതാംകൂറിലുള്ള ഞങ്ങളുടെ ചെറിയ അച്ചടിപ്രസ്സ് കണ്ടുകെട്ടി, അങ്ങനെ ഞങ്ങളുടെ സാഹിത്യ അച്ചടി നിരോധിക്കപ്പെട്ടു. പിന്നീട്, 1944ൽ വൈസ്റോയിയുടെ കാബിനററിൽ ഒരു മന്ത്രിയായ സർ ശ്രീവാസ്തവയുടെ മുമ്പാകെ ഈ നിരോധനത്തിന്റെ പ്രശ്നം അവതരിപ്പിക്കപ്പെടുകയുണ്ടായി. അദ്ദേഹം അന്ന് ഞങ്ങളുടെ ഒരു സഹോദരന്റെ അടുക്കൽ ചികിൽസയിലായിരുന്നു.
“നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട,” സർ ശ്രീവാസ്തവ സഹോദരനോട് പറഞ്ഞു. മി. ജെങ്കിൻസ് (ഞങ്ങളുടെ വേലയോട് എതിർപ്പുണ്ടായിരുന്ന ഒരു മന്ത്രി) താമസിയാതെ വിരമിക്കുമെന്നും സർ ശ്രീവാസ്തവയുടെ ഒരു നല്ല സുഹൃത്ത് അദ്ദേഹത്തിനു പകരം വരുമെന്നും അദ്ദേഹം സഹോദരനോട് പറഞ്ഞു. “മി. സ്കിന്നറിനോട് വരാൻ പറയൂ, ഞാൻ അദ്ദേഹത്തെ സർ ഫ്രാൻസിസ് മൂഡിക്ക് (ജെൻകിൻസിന് പകരമുള്ളയാൾ) പരിചയപ്പെടുത്താം. അങ്ങനെ എന്നെ വിളിക്കുകയും, ഞാൻ മൂഡിയുമായി സംസാരിക്കയും ചെയ്തു. 1944 ഡിസംബർ 9ന് നിരോധനം ഔദ്യോഗികമായി നീക്കം ചെയ്യപ്പെട്ടു.
ആനന്ദിക്കുന്നതിനുള്ള കാരണങ്ങൾ
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിയേഴിൽ ആദ്യത്തെ ഗിലയാദ്-പരിശീലിത മിഷനറിമാർ ഇന്ത്യയിൽ വന്നത് വർദ്ധിച്ച സന്തോഷത്തിനുള്ള കാരണമായിരുന്നു. അവരുടെ ആഗമനം ഇന്ത്യൻ ചരിത്രത്തിലെ ഒരു നിർണ്ണായക സമയത്തോട് ബന്ധപ്പെട്ടായിരുന്നു. അതായത് ആ വർഷം തന്നെ ഓഗസ്ററ് 15-ാം തീയതി ബ്രിട്ടീഷ് വാഴ്ചയിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടുകയുണ്ടായി. രാഷ്ട്രം ഹിന്ദു ഇന്ത്യയും മുസ്ലീം പാകിസ്ഥാനുമായി വിഭജിക്കപ്പെട്ടപ്പോൾ രക്തരൂക്ഷിതമായ നരഹത്യ അരങ്ങേറി. എന്നിട്ടും, ഓഗസ്ററ് 14ന് ഒരു സ്വതന്ത്രരാഷ്ട്രമായിത്തീർന്ന പാകിസ്ഥാനിലേക്ക് രണ്ട് ഗിലയാദ് ബിരുദധാരികൾ അയക്കപ്പെട്ടു. താമസിയാതെ ഇന്ത്യയിൽതന്നെ പത്ത് മിഷനറിമാർ കൂടെ പ്രവർത്തിക്കാൻ തുടങ്ങി. പിൻവന്ന വർഷങ്ങളിൽ കൂടുതലായി അനേകർ സഹായത്തിനായി എത്തിച്ചേർന്നു.
സംഘടനാപരമായ ക്രമീകരണങ്ങൾ സ്ഥാപിക്കപ്പെട്ടപ്പോൾ എന്റെ ഉള്ളത്തിന് അത് ഏറെ ആനന്ദം കൈവരുത്തി. ആദ്യത്തെ സർക്കിട്ട് മേൽവിചാരകനായി ഒരു ഗിലയാദ് ബിരുദധാരിയായ ഡിക് കോട്ടെറിൽ സഹോദരൻ നിയമിതനായതോടെ 1955ൽ സർക്കിട്ട് പ്രവർത്തനം ആരംഭിച്ചു. 1988ലെ അദ്ദേഹത്തിന്റെ മരണംവരെ വിശ്വസ്തമായി അദ്ദേഹം സേവിച്ചു. പിന്നെ 1960ൽ ഞങ്ങളുടെ ആദ്യത്തെ ഡിസ്ട്രിക്ട് മേൽവിചാരകന്റെ ക്രമീകരണം നിലവിൽ വന്നു. അത് സർക്കിട്ടുകളെ വളരെ സഹായിക്കുകയും ചെയ്തു. 1966നുശേഷം കൂടുതൽ വിദേശ മിഷനറിമാരെ രാജ്യത്തിനകത്തേക്ക് അനുവദിച്ചിരുന്നില്ല. എന്നാൽ പെട്ടെന്ന് തന്നെ പ്രത്യേകപയനിയർ വേല ആരംഭിക്കുകയും യോഗ്യരായ ഇന്ത്യൻ പയനിയർമാർ ഇന്ത്യയുടെ പലഭാഗങ്ങളിലേക്ക് അയക്കപ്പെടുകയും ചെയ്തു. ഇന്ന് ഈ വേലയിൽ ഏകദേശം 300 പേരുണ്ട്.
1958 ആയപ്പോഴാണ് ഒടുവിൽ ഞങ്ങൾക്ക് 1,000 രാജ്യപ്രസാധകർ എന്നതിലേക്കെത്താൻ കഴിഞ്ഞത്. എന്നാൽ അതോടെ അതിന് ആക്കം വർദ്ധിക്കുകയും ഇപ്പോൾ ഞങ്ങൾ 9,000ൽപരം ആകുകയും ചെയ്തിരിക്കുന്നു. കൂടാതെ, 1989ലെ 24,144പേരുടെ സ്മാരകഹാജർ സൂചിപ്പിക്കുന്നത് ഇനിയും അനേകം താല്പര്യക്കാർ സഹായം കാംക്ഷിക്കുന്നുവെന്നാണ്. ശ്രീലങ്ക ഇന്നൊരു പ്രത്യേക ബ്രാഞ്ചാണ്. അവർ, തങ്ങളുടെ രാജ്യത്ത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന കലാപത്തിൻ മദ്ധ്യെയും 1944ലെ രണ്ട് പ്രസാധകരിൽ നിന്നും ഇന്നത്തെ 1,000ൽ പരമായി വർദ്ധിച്ചിരിക്കുന്നത് കാണുന്നത് എത്ര ആനന്ദകരമാണ്.
പ്രസാധകരിലുള്ള വളർച്ച ബ്രാഞ്ചിന്റെ വളർച്ചയെയും അർത്ഥമാക്കി. തിരക്കുപിടിച്ച ബോംബെയിലെ 52 വർഷങ്ങൾക്കുശേഷം 1978ൽ ഞങ്ങളുടെ ആസ്ഥാനം സമീപനഗരമായ ലൊണാവ്ലയിലേക്ക് മാററുകയുണ്ടായി. മെപ്സ് കമ്പ്യൂട്ടറുകളും ഒരു വലിയ ദ്വിവർണ്ണ അച്ചടി യന്ത്രവും പോലുള്ള ആധുനിക സജ്ജീകരണങ്ങൾ വിവിധ ഇന്ത്യൻ ഭാഷകളിൽ സാഹിത്യം അച്ചടിക്കാൻ ഞങ്ങൾക്ക് ലഭ്യമാകുമെന്ന് ഞാൻ ഒരിക്കലും സങ്കൽപ്പിച്ചിരുന്നില്ല. ഇന്ന് ഞങ്ങൾ ദ വാച്ച്ററവർ 9 ഭാഷകളിലും മററു സാഹിത്യങ്ങൾ 20 ഭാഷകളിലും ഉൽപ്പാദിപ്പിക്കുന്നുണ്ട്.
ഞങ്ങളുടെ രണ്ടു-പേർ-ബ്രാഞ്ചിന്റെ കാലം എന്നേ കഴിഞ്ഞുപോയിരിക്കുന്നു. ഇപ്പോൾ ഞങ്ങൾക്ക് 60ലധികം അംഗങ്ങളടങ്ങുന്ന ഒരു ബെഥേൽ ഭവനമുണ്ട്! 95-ാം വയസ്സിലും ബ്രാഞ്ചാഫീസിൽ മുഴുസമയസേവനത്തിലായിരിക്കുന്നതിലും ഇന്ത്യയുടെ ബ്രാഞ്ച് കമ്മിററിയിലെ ഒരു അംഗമായി സേവിക്കുന്നതിലും എനിക്ക് സന്തോഷമുണ്ട്. വിശേഷിച്ചും ഈ അന്ത്യനാളുകളിലെ കൊയ്ത്തു വേലക്ക് സാക്ഷ്യം വഹിക്കുന്നതിലും ഞാൻ പുളകം കൊള്ളുന്നു. സത്യമായും ഇത് ആനന്ദം കൊള്ളുന്നതിനുള്ള ഒരു സംഗതിയാണ്. (w90 1/1)
[29-ാം പേജിലെ എഫ്. ഇ. സ്കിന്നറുടെ ചിത്രം]