എയ്ഡ്സ് തളയ്ക്കപ്പെടുമോ? എങ്കിൽ, എങ്ങനെ?
എയ്ഡ്സ് എന്ന ഭീകര യാഥാർഥ്യത്തെ നിഷേധിക്കാനുള്ള ഒരു പ്രവണതയാണ് കഴിഞ്ഞകാലങ്ങളിൽ പല ആഫ്രിക്കൻ രാജ്യങ്ങളിലും കണ്ടുവന്നിട്ടുള്ളത്. പലരും ഈ വിഷയത്തെ കുറിച്ചു ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല. എങ്കിലും ജനങ്ങളെ, വിശേഷിച്ചും യുവജനങ്ങളെ ബോധവത്കരിക്കാനും തുറന്ന ചർച്ചകൾ പ്രോത്സാഹിപ്പിക്കാനുമുള്ള ശ്രമങ്ങൾ അടുത്ത കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും അത്ര വിജയകരമായിരുന്നിട്ടില്ല. ആളുകളുടെ ജീവിതരീതിയും ശീലങ്ങളുമൊക്കെ വേരുറച്ചുപോയിരിക്കുന്നു. അതിനു മാറ്റം വരുത്തുക അത്ര എളുപ്പമല്ല.
വൈദ്യശാസ്ത്ര രംഗത്തെ പുരോഗതി
വൈദ്യശാസ്ത്ര രംഗത്ത് ശാസ്ത്രജ്ഞർ എച്ച്ഐവി-യെ കുറിച്ച് വളരെയേറെ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. തത്ഫലമായി പലർക്കും ആയുസ്സ് നീട്ടിക്കൊടുത്തിരിക്കുന്ന മരുന്നുകൾ അവർ വികസിപ്പിച്ചെടുത്തിരിക്കുന്നു. റെട്രോവൈറസിനെ പ്രതിരോധിക്കുന്ന മൂന്നു മരുന്നുകളെങ്കിലും ഒരുമിച്ച് ഉപയോഗിച്ചുകൊണ്ടുള്ള ഒരു ചികിത്സ—തീവ്ര റെട്രോവൈറസ് പ്രതിരോധക ചികിത്സ—ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്.
രോഗം സൗഖ്യമാക്കുകയില്ലെങ്കിലും, ഈ മരുന്നുകൾ എച്ച്ഐവി ബാധിതരുടെ മരണനിരക്ക് കുറയ്ക്കുന്നതിൽ വിജയിച്ചിട്ടുണ്ട്, പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ. ഈ മരുന്നുകൾ വികസ്വര രാഷ്ട്രങ്ങളിൽ ലഭ്യമാക്കുന്നത് എത്ര പ്രധാനം ആണെന്നതിന് പലരും ഊന്നൽ നൽകിയിരിക്കുന്നു. എന്നാൽ ഇത്തരം രാജ്യങ്ങളിൽ താമസിക്കുന്ന മിക്കവർക്കും വളരെ വിലകൂടിയ ഈ മരുന്നുകൾ വാങ്ങാനുള്ള ശേഷിയില്ല.
ഇത് പിൻവരുന്ന ചോദ്യം ഉയർത്തിയിരിക്കുന്നു: സാമ്പത്തിക ലാഭമാണോ മനുഷ്യജീവനെക്കാൾ പ്രധാനം? ബ്രസീലിന്റെ എച്ച്ഐവി/എയ്ഡ്സ് പരിപാടിയുടെ ഡയറക്ടറായ ഡോ. പൗലൂ റ്റേഷേര ഇപ്പോൾ നിലവിലുള്ള സാഹചര്യം അംഗീകരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “സാധാരണ ഉണ്ടാക്കുന്നതിന്റെ പല മടങ്ങ് ലാഭം ഉണ്ടാക്കാൻ നടത്തുന്ന ശ്രമം മൂലം അതിജീവിക്കാനുള്ള മരുന്നില്ലാതെ വരുന്ന ആയിരക്കണക്കിന് ആളുകളെ നിസ്സഹായരായി വിടാൻ നമുക്കാവില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “സദാചാരപരവും മനുഷ്യത്വപരവുമായ പരിഗണനകളെ വാണിജ്യ താത്പര്യങ്ങൾക്കു മുമ്പിൽ അടിയറ വെക്കാൻ പാടില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.”
ഏതാനും രാഷ്ട്രങ്ങൾ വലിയ ഔഷധ കമ്പനികളുടെ നിർമാണ അവകാശങ്ങളെ അവഗണിച്ചുകൊണ്ട് ചില മരുന്നുകളുടെ വ്യാപാര നാമമില്ലാത്ത പകർപ്പുകൾ വളരെ കുറഞ്ഞ വിലയ്ക്കു നിർമിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു.a “[വ്യാപാര നാമമില്ലാത്ത മരുന്നുകളുടെ] ഏറ്റവും കുറഞ്ഞ വില സാധാരണ യു.എസ്. വിലയെക്കാൾ 82% കുറവാണെന്ന്” ഒരു പഠനം വെളിപ്പെടുത്തിയതായി സൗത്ത് ആഫ്രിക്കൻ മെഡിക്കൽ ജേർണൽ റിപ്പോർട്ടു ചെയ്യുന്നു.
ചികിത്സയ്ക്കുള്ള പ്രതിബന്ധങ്ങൾ
കുറച്ചു കഴിഞ്ഞപ്പോൾ വലിയ ഔഷധ കമ്പനികൾ എയ്ഡ്സ് ഔഷധങ്ങൾ ആവശ്യമുള്ള വികസ്വര രാഷ്ട്രങ്ങൾക്ക് വളരെ കുറഞ്ഞ വിലയ്ക്ക് അവ ലഭ്യമാക്കാൻ തുടങ്ങി. ഇതിന്റെ ഫലമായി അനേകർക്കും കൂടെ ഈ മരുന്നുകളിൽനിന്നു പ്രയോജനം നേടാനാകുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാൽ വികസ്വര രാഷ്ട്രങ്ങളിലെ ജനങ്ങൾക്ക് ഈ മരുന്നുകൾ അനായാസേന ലഭ്യമാക്കുന്നതിന് വലിയ പ്രതിബന്ധങ്ങളെ മറികടക്കേണ്ടതായുണ്ട്. അതിലൊന്ന് അതിന്റെ വിലയാണ്. വില വളരെയധികം വെട്ടിക്കുറച്ചിട്ടുണ്ടെങ്കിൽപ്പോലും ഇപ്പോഴും അത് ആവശ്യക്കാരിൽ ഭൂരിപക്ഷത്തിന്റെയും കൊക്കിലൊതുങ്ങില്ല.
മറ്റൊരു പ്രശ്നം ഈ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ അത്ര എളുപ്പമല്ല എന്നതാണ്. ദിവസവും കഴിക്കേണ്ട ധാരാളം ഗുളികകളുണ്ട്, അവ കൃത്യ സമയത്തു കഴിക്കുകയും വേണം. മരുന്ന് സമയം തെറ്റി കഴിക്കുകയോ മുടക്കുകയോ ചെയ്താൽ എച്ച്ഐവി-യുടെ ഔഷധപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ രൂപംകൊണ്ടേക്കാം. ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ചികിത്സാ സൗകര്യങ്ങളും ആവശ്യത്തിനില്ലാത്ത ആഫ്രിക്കയിലെ സാഹചര്യത്തിൽ രോഗികൾ കൃത്യമായ അളവിലുള്ള മരുന്ന് ക്രമമായി കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തുക പ്രയാസമാണ്.
കൂടാതെ, ചികിത്സയിൽ ആയിരിക്കുന്നവരെ നിരീക്ഷിക്കുന്നതു പ്രധാനമാണ്. വൈറസ് പ്രതിരോധശേഷി വളർത്തിയെടുക്കുന്നു എന്നു കണ്ടാൽ രോഗിക്ക് മരുന്നുകൾ മാറ്റി കൊടുക്കേണ്ടതുണ്ട്. ഇതിന് അനുഭവസമ്പന്നരായ ചികിത്സകർ വേണം, ചെലവേറിയ ടെസ്റ്റുകൾ നടത്തണം. മാത്രമല്ല, ഈ മരുന്നുകൾ പാർശ്വഫലങ്ങൾ ഉള്ളവയുമാണ്. വൈറസിന്റെ ഔഷധപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ രൂപംപ്രാപിച്ചുകൊണ്ടിരിക്കുകയുമാണ്.
എയ്ഡ്സിനെ കുറിച്ചു ചർച്ച ചെയ്യുന്നതിന് 2001 ജൂണിൽ യുഎൻ പൊതുസഭ വിളിച്ചുകൂട്ടിയ പ്രത്യേക യോഗത്തിൽ വികസ്വര രാഷ്ട്രങ്ങളെ സഹായിക്കുന്നതിന് ഒരു ആഗോള ആരോഗ്യ നിധി രൂപീകരിക്കാനുള്ള നിർദേശം ഉണ്ടായി. 700 കോടി ഡോളറിനും 1,000 കോടി ഡോളറിനും ഇടയ്ക്കുള്ള ഒരു തുക വേണ്ടിവരുമെന്നു കണക്കാക്കപ്പെട്ടു. എന്നാൽ ഈ സഹായനിധിയിലേക്ക് ഇതുവരെ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള മൊത്തം തുക അതിനെക്കാളൊക്കെ വളരെ കുറവാണ്.
ഈ രോഗത്തിന് ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത വാക്സിനുകൾ പരീക്ഷിച്ചു നോക്കുന്നുണ്ട്. എന്നാൽ ഈ ശ്രമങ്ങൾ വിജയിച്ചാൽത്തന്നെ ഒരു വാക്സിൻ വികസിപ്പിച്ചെടുത്ത് അതിന്റെ സുരക്ഷിതമായ ഉപയോഗം പരീക്ഷിച്ച് ഉറപ്പുവരുത്താൻ വളരെ വർഷങ്ങൾ പിടിക്കും.
ഉഗാണ്ട, തായ്ലൻഡ്, ബ്രസീൽ എന്നിങ്ങനെയുള്ള ചില രാജ്യങ്ങൾക്ക് ചികിത്സയോടുള്ള ബന്ധത്തിൽ കാര്യമായ വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. പ്രാദേശികമായി നിർമിക്കുന്ന മരുന്നുകൾ ഉപയോഗിച്ച് എയ്ഡ്സുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം പകുതിയായി കുറയ്ക്കാൻ ബ്രസീലിനു സാധിച്ചിരിക്കുന്നു. ആവശ്യത്തിനു സാമ്പത്തിക ശേഷിയുള്ള ബോട്സ്വാന എന്ന കൊച്ചു രാജ്യത്ത് അവിടത്തെ ആവശ്യക്കാർക്ക് എല്ലാവർക്കും റെട്രോവൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകളും അനിവാര്യമായ ചികിത്സാ സൗകര്യങ്ങളും ലഭ്യമാക്കാനുള്ള ശ്രമം നടന്നു വരുന്നു.
എയ്ഡ്സ് കീഴടങ്ങുന്നു
മറ്റു പല പകർച്ചവ്യാധികളിൽനിന്നും എയ്ഡ്സിനെ വേർതിരിച്ചു നിറുത്തുന്ന പ്രധാനപ്പെട്ട ഒരു സവിശേഷത ഉണ്ട്: അത് തടയാനാകുന്ന ഒന്നാണ്. അടിസ്ഥാന ബൈബിൾ തത്ത്വങ്ങളോടു പറ്റിനിൽക്കാൻ വ്യക്തികൾ തയ്യാറാകുന്നെങ്കിൽ മിക്കപ്പോഴും എയ്ഡ്സ് പിടിപെടുന്നത് തടയാൻ സാധിക്കും.
ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ വ്യക്തമാണ്. വിവാഹിതരല്ലാത്തവർ ലൈംഗിക ബന്ധത്തിൽനിന്നു വിട്ടുനിൽക്കണം. (1 കൊരിന്ത്യർ 6:18) വിവാഹിതർ തങ്ങളുടെ ഇണയോടു വിശ്വസ്തത പാലിക്കുകയും വ്യഭിചാരം ഒഴിവാക്കുകയും വേണം. (എബ്രായർ 13:4) രക്തം വർജിക്കുക എന്ന ബൈബിളിന്റെ ഉദ്ബോധനം അനുസരിക്കുന്നതും ഒരു സംരക്ഷണമായി ഉതകും.—പ്രവൃത്തികൾ 15:28, 29.
ഇപ്പോൾ തന്നെ രോഗബാധിതർ ആയിരിക്കുന്നവർക്ക് ദൈവം സമീപഭാവിയിൽ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന രോഗവിമുക്തമായ ലോകത്തെ കുറിച്ചു മനസ്സിലാക്കുന്നതിൽനിന്നും ദൈവത്തിന്റെ നിബന്ധനകൾ അനുസരിച്ചു ജീവിക്കുന്നതിൽനിന്നും വളരെ സന്തോഷവും ആശ്വാസവും ലഭിക്കും.
രോഗം ഉൾപ്പെടെയുള്ള മനുഷ്യന്റെ സകല വ്യഥകൾക്കും അവസാനം വരുമെന്ന് ബൈബിൾ ഉറപ്പു നൽകുന്നു. വെളിപ്പാടു പുസ്തകത്തിൽ ഈ വാഗ്ദാനം കാണാം: “സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:3-5.
ചെലവേറിയ ചികിത്സ നടത്താൻ കഴിവുള്ളവർക്കു മാത്രമല്ല ഈ ഉറപ്പു നൽകപ്പെട്ടിരിക്കുന്നത്. വെളിപ്പാടു 21-ാം അധ്യായത്തിലെ പ്രാവചനിക വാഗ്ദാനം യെശയ്യാവു 33:24-ലും കാണാം: “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” ആ സമയത്ത് ഭൂമിയിലെ നിവാസികൾ എല്ലാവരും ദൈവനിയമങ്ങൾ അനുസരിക്കുന്നവർ ആയിരിക്കും. അവർ എല്ലാവരും പൂർണ ആരോഗ്യം ആസ്വദിക്കുകയും ചെയ്യും. അങ്ങനെ എയ്ഡ്സിന്റെ—മറ്റു രോഗങ്ങളുടെയും—മരണക്കൊയ്ത്ത് എന്നെന്നേക്കുമായി അവസാനിക്കും. (g02 11/08)
[അടിക്കുറിപ്പുകൾ]
a മറ്റ് ഔഷധ കമ്പനികൾ നിർമാണ അവകാശം നേടിയിട്ടുള്ള മരുന്നുകളുടെ പകർപ്പുകളാണ് വ്യാപാര നാമമില്ലാത്ത മരുന്നുകൾ. ലോക വ്യാപാര സംഘടനയിലെ അംഗ രാഷ്ട്രങ്ങൾ അടിയന്തിര സാഹചര്യങ്ങളിൽ ഔഷധ നിർമാണവകാശങ്ങളെ നിയമപരമായി മറികടന്നേക്കാം.
[9, 10 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഇത്തരത്തിലുള്ള യഥാർഥ സൗഖ്യമാക്കലാണ് ഞാൻ ആഗ്രഹിച്ചത്
ആഫ്രിക്കയുടെ തെക്കു ഭാഗത്താണ് ഞാൻ താമസിക്കുന്നത്. വയസ്സ് 23. എനിക്ക് എച്ച്ഐവി ഉണ്ടെന്ന് അറിഞ്ഞ ആ ദിവസം ഇന്നും ഓർമയിൽ മായാതെ നിൽക്കുന്നു.
ഡോക്ടർ അദ്ദേഹത്തിന്റെ കൺസൽട്ടിങ് റൂമിൽ വെച്ച് എന്നോട് ഇതു പറയുമ്പോൾ ഒപ്പം അമ്മയും ഉണ്ടായിരുന്നു. ജീവിതത്തിൽ ഞാൻ കേട്ടിട്ടുള്ളതിലേക്കും ദുഃഖകരമായ വാർത്തയായിരുന്നു അത്. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ലബോറട്ടറിക്കാർക്കു തെറ്റു പറ്റിയതായിരിക്കുമെന്നു ഞാൻ വിചാരിച്ചു. എന്തു ചെയ്യണമെന്നോ പറയണമെന്നോ എനിക്ക് അറിയില്ലായിരുന്നു. കരയണമെന്നു തോന്നി, പക്ഷേ എന്തോ കണ്ണുനീരെല്ലാം വറ്റിപ്പോയതു പോലെ ആയിരുന്നു. റെട്രോവൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ ഉപയോഗിച്ചുകൊണ്ട് ചികിത്സ തുടങ്ങുന്നതിനെ കുറിച്ചും മറ്റും ഡോക്ടർ അമ്മയോടു പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അതൊന്നും കേൾക്കാനോ മനസ്സിലാക്കാനോ പറ്റിയ മാനസിക അവസ്ഥയിലായിരുന്നില്ല ഞാൻ.
കോളജിലെ ആരിൽനിന്നെങ്കിലും ആയിരിക്കണം എനിക്കു രോഗം പകർന്നത് എന്നു ഞാൻ തിരിച്ചറിഞ്ഞു. എന്റെ സാഹചര്യം മനസ്സിലാക്കുന്ന ആരോടെങ്കിലും ഉള്ളു തുറന്നു സംസാരിക്കാൻ ഞാൻ വളരെ ആഗ്രഹിച്ചു. എന്നാൽ അങ്ങനെയുള്ള ആരും ഉണ്ടായിരുന്നില്ല. എന്നെ ഒന്നിനും കൊള്ളില്ലെന്നും ഞാനൊരു പരാജയമാണെന്നും ഒക്കെയുള്ള ചിന്തകൾ എന്നെ കീഴ്പെടുത്തി. എന്റെ കുടുംബം പിന്തുണയേകിയെങ്കിലും എനിക്കു നിരാശയും ഭയവും തോന്നി. എല്ലാ യുവജനങ്ങളെയും പോലെതന്നെ എനിക്കുമുണ്ടായിരുന്നു പല സ്വപ്നങ്ങളും. ശാസ്ത്രത്തിൽ ബിരുദം നേടാൻ രണ്ടു വർഷം കൂടിയേ ശേഷിച്ചിരുന്നുള്ളൂ. എന്നാൽ എന്റെ പ്രതീക്ഷകളെല്ലാം തകർന്നുടഞ്ഞു.
ഡോക്ടറുടെ നിർദേശപ്രകാരം റെട്രോവൈറസിനെ പ്രതിരോധിക്കാനുള്ള മരുന്നുകൾ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ ഞാൻ ആരംഭിച്ചു. കൂടാതെ എയ്ഡ്സ് രോഗികളെ ഉപദേശിക്കുന്ന കൗൺസലർമാരെയും പോയി കണ്ടു. ഇതൊക്കെയായിട്ടും ഞാൻ വിഷാദത്തിന് അടിമയായിരുന്നു. മരിക്കുന്നതിനു മുമ്പ് സത്യ ക്രിസ്തീയ മതം ഏതാണെന്ന് എനിക്കു കാണിച്ചുതരേണമേ എന്നു ഞാൻ ദൈവത്തോട് അപേക്ഷിച്ചു. ഞാനൊരു പെന്തെക്കൊസ്ത് സഭയിലെ അംഗമായിരുന്നു. എന്നാൽ എന്റെ സഭയിൽനിന്ന് ആരും എന്നെ ഒന്നു വന്ന് കാണുക പോലും ചെയ്തില്ല. മരണ ശേഷം ഞാൻ എങ്ങോട്ടു പോകും എന്നതിനെ കുറിച്ചുള്ള സത്യം മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചു.
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് ആഗസ്റ്റ് ആദ്യം ഒരു ദിവസം രാവിലെ രണ്ട് യഹോവയുടെ സാക്ഷികൾ എന്റെ വാതിലിൽ മുട്ടി. അന്ന് എനിക്ക് തീരെ സുഖമില്ലായിരുന്നു. എന്നിട്ടും സ്വീകരണമുറിയിലേക്കു ഞാൻ ചെന്നു. തങ്ങളെത്തന്നെ പരിചയപ്പെടുത്തിയ ശേഷം അവർ മറ്റുള്ളവരെ ബൈബിൾ പഠിക്കാൻ സഹായിക്കുകയാണെന്ന് പറഞ്ഞു. ഒടുവിൽ എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം കിട്ടിയപ്പോൾ എത്ര ആശ്വാസം തോന്നിയെന്നോ! എന്നാൽ ആ സമയം ആയപ്പോഴേക്കും ഞാൻ വളരെ അവശനിലയിലായിരുന്നു. കൂടുതൽ നേരം വായിക്കാനോ എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ എനിക്കു കഴിയുമായിരുന്നില്ല.
എന്നിട്ടും എനിക്കു ബൈബിൾ പഠിക്കണമെന്നു ഞാൻ അവരോടു പറഞ്ഞു. എന്നെ വീണ്ടും വന്നു കാണാൻ അവർ ഒരു സമയം ക്രമീകരിച്ചു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അതിനു മുമ്പുതന്നെ വിഷാദത്തിനു ചികിത്സിക്കാനായി എന്നെ ഒരു മനോരോഗ ആശുപത്രിയിൽ കൊണ്ടുപോയി. മൂന്ന് ആഴ്ച കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെനിന്നു പോന്നത്. സാക്ഷികൾ എന്നെ മറന്നിട്ടില്ല എന്നു കണ്ടപ്പോൾ എനിക്ക് ആശ്വാസമായി. അവരിലൊരാൾ ഇടയ്ക്കിടെ എന്റെ ക്ഷേമം അന്വേഷിച്ചുകൊണ്ടിരുന്നു. എന്റെ ശാരീരിക ആരോഗ്യം ഒരുവിധം മെച്ചപ്പെട്ടു. അങ്ങനെ വർഷാവസാനത്തോടെ ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങി. എന്നാൽ എന്റെ ആരോഗ്യസ്ഥിതി മാറിമറിഞ്ഞുകൊണ്ടിരുന്നതിനാൽ പഠിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടായിരുന്നു. എങ്കിലും എന്നെ ബൈബിൾ പഠിപ്പിച്ചിരുന്ന വ്യക്തി വളരെയധികം ക്ഷമയും സഹാനുഭൂതിയും പ്രകടമാക്കി.
യഹോവയെയും അവന്റെ ഗുണങ്ങളെയും കുറിച്ചു ബൈബിളിൽനിന്നു മനസ്സിലാക്കിയ സംഗതികൾ എന്നിൽ വളരെ മതിപ്പുളവാക്കി. യഹോവയെ അറിയുക എന്നു പറഞ്ഞാൽ യഥാർഥത്തിൽ എന്താണെന്നും നിത്യജീവനായി നോക്കിപ്പാർത്തിരിക്കുക എന്നതിന്റെ അർഥമെന്തെന്നും ഞാൻ മനസ്സിലാക്കി. ജീവിതത്തിൽ ആദ്യമായി മനുഷ്യന്റെ കഷ്ടപ്പാടുകൾക്കുള്ള കാരണം എന്താണെന്ന് എനിക്കു വ്യക്തമായി. എല്ലാ മനുഷ്യ ഗവൺമെന്റുകളെയും നീക്കം ചെയ്ത ശേഷം തത്സ്ഥാനത്തു പെട്ടെന്നുതന്നെ വരാൻ പോകുന്ന ദൈവരാജ്യത്തെ കുറിച്ചുള്ള അറിവ് എനിക്കു വളരെ സന്തോഷം നൽകി. എന്റെ ജീവിത ഗതിക്കു പൂർണമായ മാറ്റം വരുത്താൻ അതെന്നെ പ്രേരിപ്പിച്ചു.
ഇത്തരത്തിലുള്ള യഥാർഥ സൗഖ്യമാക്കലാണ് ഞാൻ ആഗ്രഹിച്ചത്. യഹോവ ഇപ്പോഴും എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി കരുതുകയും ചെയ്യുന്നുണ്ട് എന്നു മനസ്സിലാക്കിയത് എത്ര സാന്ത്വനദായകമായിരുന്നു! ദൈവം എന്നെ വെറുക്കുന്നുവെന്നും അതുകൊണ്ടാണ് എനിക്ക് ഈ രോഗം വന്നതെന്നുമാണ് ഞാൻ നേരത്തേ വിചാരിച്ചിരുന്നത്. എന്നാൽ യേശുക്രിസ്തുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കാനുള്ള കരുതൽ യഹോവ സ്നേഹപൂർവം ചെയ്തിട്ടുണ്ടെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. ദൈവം എനിക്കുവേണ്ടി കരുതുന്നുണ്ടെന്ന് എനിക്കു ബോധ്യപ്പെട്ടു. 1 പത്രൊസ് 5:7 ഇങ്ങനെ പറയുന്നുണ്ടല്ലോ: “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”
യഹോവയുമായി കഴിയുന്നത്ര അടുക്കാൻ ഞാൻ പരിശ്രമിക്കുകയാണ്. അതുകൊണ്ട് ഞാൻ ദിവസവും ബൈബിൾ പഠിക്കുകയും രാജ്യഹാളിലെ യോഗങ്ങളിൽ സംബന്ധിക്കുകയും ചെയ്യുന്നു. ഞാൻ എന്റെ ഉത്കണ്ഠകളെല്ലാം പ്രാർഥനയിൽ യഹോവയെ അറിയിക്കുകയും—ഇത് എല്ലായ്പോഴും എളുപ്പമല്ല—ശക്തിക്കും ആശ്വാസത്തിനുമായി അവനോട് അപേക്ഷിക്കുകയും ചെയ്യുന്നു. അതുപോലെ സഭയിലെ സഹോദരങ്ങളും എന്നെ പിന്തുണയ്ക്കുന്നു. അതുകൊണ്ട് ഞാൻ സന്തുഷ്ടയാണ്.
പ്രാദേശിക സഭയോടൊപ്പം ഞാൻ ക്രമമായി സുവിശേഷ വേലയിൽ പങ്കെടുക്കുന്നു. മറ്റുള്ളവരെ ആത്മീയമായി സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ചും എന്റേതിനോടു സമാനമായ സാഹചര്യങ്ങൾ ഉള്ളവരെ. 2001 ഡിസംബറിൽ ഞാൻ സ്നാപനമേറ്റു.
[ചിത്രം]
ദൈവരാജ്യത്തെ കുറിച്ചുള്ള അറിവ് എനിക്കു വളരെ സന്തോഷം നൽകി
[8-ാം പേജിലെ ചിത്രം]
ബോട്സ്വാനയിൽ എയ്ഡ്സ് രോഗികളെ ഉപദേശിക്കുന്ന സംഘം
[10-ാം പേജിലെ ചിത്രം]
പറുദീസാ ഭൂമിയിൽ എല്ലാവരും പൂർണ ആരോഗ്യം ആസ്വദിക്കും