ഞങ്ങളുടെ വായനക്കാരിൽനിന്ന്
യുദ്ധം “ബൈബിളിന്റെ വീക്ഷണം: ദൈവം യുദ്ധങ്ങളെ അംഗീകരിക്കുന്നുവോ?” (ജൂൺ 8, 2002) എന്ന ലേഖനം വായിച്ചശേഷം എനിക്കെത്ര ആശ്വാസം തോന്നിയെന്നോ. കാരണം യഹോവയുടെ സാക്ഷികളിൽ ഒരാൾ എന്ന നിലയിൽ വയൽശുശ്രൂഷയിൽ ആയിരിക്കുമ്പോൾ പലരും, പുരാതന ഇസ്രായേൽ ജനത എന്തുകൊണ്ടാണു നിരവധി യുദ്ധങ്ങൾ നടത്തിയത് എന്ന് എന്നോടു ചോദിച്ചിട്ടുണ്ട്. ഞാൻ അതു വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും മതിയായ വിവരങ്ങൾ എന്റെ പക്കൽ ഇല്ലായിരുന്നു. ഈ ലേഖനം വളരെ ലളിതവും ബോധ്യം വരുത്തുന്നതും ആയിരുന്നു. ആവശ്യം വരുമ്പോൾ ഉപയോഗിക്കാനായി, ഇതിലെ ആശയങ്ങൾ എല്ലാം ഞാൻ എഴുതി വെച്ചിട്ടുണ്ട്. നമുക്കു തീർച്ചയായും ഇത്തരം ലേഖനങ്ങളുടെ ആവശ്യമുണ്ട്!
വി. എസ്., റഷ്യ (g03 1/22)
രണ്ടാം ലോകമഹായുദ്ധ മുന്നണിയിലെ ഹെവി ടാങ്ക് ഡ്രൈവർ ആയിരുന്നു ഞാൻ. ഒരു ദിവസം രാവിലെ ഞങ്ങൾ ശത്രുക്കളുടെ തന്ത്രപ്രധാനമായ ഒരു മല കീഴടക്കി. അതിനുശേഷം അവിടെത്തന്നെ ഞങ്ങൾ ഒരു അൾത്താര പണിതു. മൂന്നു യുദ്ധടാങ്കുകളിലെ പടയാളികൾ ആ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തി നിൽക്കുന്നതും സൈനിക പുരോഹിതൻ അവരെ അനുഗ്രഹിക്കുന്നതും ഞാൻ ഇപ്പോഴും ഓർക്കുന്നു. അധികം താമസിയാതെ ശത്രുക്കളുമായുള്ള ഒരു ഏറ്റുമുട്ടലിൽ മൂന്നു ടാങ്കുകളിലെയും പട്ടാളക്കാർ കൊല്ലപ്പെട്ടു. 1957-ൽ ഞാനും ഭാര്യയും യഹോവയുടെ സാക്ഷികൾ ആയി. ആ യുദ്ധത്തിൽ ദൈവം ഒരു പക്ഷത്തും ഇല്ലായിരുന്നു എന്ന് അപ്പോൾ ഞങ്ങൾ മനസ്സിലാക്കി. അന്നു മുതൽ ഞങ്ങൾ ഒരു ആത്മീയ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്നാൽ ഈ യുദ്ധത്തിൽ ദൈവം ഏതു പക്ഷത്താണെന്നു ഞങ്ങൾക്കു വ്യക്തമായി അറിയാം.
എഫ്. എസ്., ന്യൂസിലൻഡ് (g03 1/22)
മാതൃധർമം “മാതൃധർമം—അതു നിർവഹിക്കാൻ അസാധാരണ ശേഷി ആവശ്യമോ?” (മേയ് 8, 2002) എനിക്കു വെറും 13 വയസ്സേ ഉള്ളൂ. പക്ഷേ എന്റെ അമ്മ അനുഭവിച്ച കാര്യങ്ങളെക്കുറിച്ചും ഇപ്പോൾ അഞ്ചരമാസം ഗർഭിണിയായിരിക്കുന്ന അമ്മ അനുഭവിക്കാനിടയുള്ള സംഗതികളെക്കുറിച്ചും മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. ഞാൻ ഈ മാസിക വായിച്ചു കഴിഞ്ഞതേ ഉള്ളൂ. എന്റെ അമ്മയെ ആദരിക്കാനും ഏറെ ബഹുമാനിക്കാനും ഞാൻ ഇപ്പോൾ നന്നായി ശ്രമിക്കുന്നുണ്ട്.
എൻ. ബി., ഐക്യനാടുകൾ (g03 1/22)
ഉയർന്ന രക്തസമ്മർദം “ഉയർന്ന രക്തസമ്മർദം—പ്രതിരോധിക്കലും നിയന്ത്രിക്കലും” (മേയ് 8, 2002) എന്ന നല്ല ലേഖനത്തിനു നന്ദി. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് എന്നെ ആശുപത്രിയിലാക്കേണ്ടിവന്നു. അതിനുശേഷമാണു ഞാൻ ഈ ലേഖനം വായിക്കാനിടയായത്. ഉയർന്ന രക്തസമ്മർദത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നു വളരെ വിശദമായി ഇതിൽ പ്രതിപാദിച്ചിരുന്നു. എന്റെ ഡോക്ടറും പോഷകവിദഗ്ധനും എനിക്കു വേണ്ടുവോളം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. എങ്കിലും ഈ ലേഖനം വളരെ ലളിതവും മനസ്സിലാക്കാൻ എളുപ്പവുമാണ്. യഹോവ എനിക്കു തന്ന ജീവനെ നന്നായി പരിപാലിക്കുന്നതിൽ ഞാൻ ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കും!
എൻ. ഐ., ജപ്പാൻ (g03 1/22)
എനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്. അതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഉപ്പിന്റെ അളവ്, ദിവസം ഏതാണ്ട് രണ്ടു ഗ്രാം ആയി കുറയ്ക്കാൻ ആരോഗ്യപരിപാലന വിദഗ്ധർ എന്നോടു നിർദേശിക്കുകയുണ്ടായി. എന്നാൽ 24-ാം പേജിൽ, ‘ദ തേർഡ് ബ്രസീലിയൻ കൺസെൻസസ് ഓൺ ആർട്ടിരിയൽ ഹൈപ്പർടെൻഷൻ’ പറയുന്നത്
, ദിവസവും ആറു ഗ്രാം ഉപ്പു കഴിക്കാമെന്നാണ്. ഇത് ഒരു അച്ചടി പിശക് ആണോ?
എഫ്. എസ്., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: ഈ പ്രസ്താവനയുടെ ഉറവിടം പറയുന്നത് 100mEq-ൽ (മില്ലി ഇക്വേലന്റിൽ) കൂടുതൽ, അതായത് 5.85 ഗ്രാമിൽ അധികം ഉപ്പ് കഴിക്കരുത് എന്നാണ്. ഒരു ടീസ്പൂണിൽ എടുക്കാവുന്ന ഉപ്പിന്റെ അളവ് 5.18 ഗ്രാം ആണ്. ഉയർന്ന രക്തസമ്മർദമോ സമാനമായ രോഗങ്ങളോ ഉള്ളവർ എത്രമാത്രം ഉപ്പ് കഴിക്കാം എന്ന് അറിയാൻ ഒരു ഡോക്ടറെ സമീപിക്കണം എന്ന് അടിക്കുറിപ്പിൽ കാണിച്ചിരുന്നു. പ്രസ്തുത രോഗമുള്ളവർ ഉപ്പിന്റെ അളവു വീണ്ടും കുറയ്ക്കുന്നതു പ്രയോജനം ചെയ്യും.(g03 1/22)
യുവജനങ്ങൾ ചോദിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു. . . കൂടെ താമസിക്കാൻ പറ്റിയ ഒരു വ്യക്തിയെ എങ്ങനെ കണ്ടെത്താം?” (ജൂൺ 8, 2002) എന്ന ലേഖനം വളരെ വിജ്ഞാനപ്രദമായിരുന്നു. ഞാൻ ചെറുപ്പക്കാരി അല്ല, വിവാഹമോചനം നേടിയ ഒരു വ്യക്തിയാണ്. ജീവിത ചെലവുകൾ എനിക്കു തനിയെ താങ്ങാവുന്നതിലും ഉയർന്നതാണ് എന്നു ഞാൻ നടുക്കത്തോടെ മനസ്സിലാക്കി. അതിനാൽ ചെലവുകൾ പങ്കിടാൻ സാധിക്കുമാറ് ആരുടെയെങ്കിലും കൂട്ടത്തിൽ താമസിക്കുകയായിരുന്നു ഏക പോംവഴി. എന്റെ ഈ പ്രായത്തിൽ ഇതു വലിയ വെല്ലുവിളി ആണെന്നു തോന്നി. ഞങ്ങളുടെ സഭയോടൊത്തു പുതുതായി സഹവസിക്കുന്ന ഒരു യുവസഹോദരിയും ഇങ്ങനെയൊരു ക്രമീകരണം ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. ഞങ്ങൾ ഒന്നിച്ചു താമസിക്കാൻ തീരുമാനിച്ചു. അത് തികച്ചും അനുഗ്രഹകരമായിരുന്നു. കുറച്ചു നാളുകൾക്കു ശേഷം ഞങ്ങൾക്കു ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായി. അപ്പോൾ മറ്റൊരു സഹോദരിയും ഞങ്ങളോടൊപ്പം താമസിക്കാൻ എത്തി. 60 വയസ്സുകാരി വല്യമ്മച്ചിയും വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള രണ്ടു യുവതികളും ഇത്ര സന്തോഷത്തോടെ സ്നേഹത്തിൽ ഒരുമിച്ചു ജീവിക്കുന്ന കാഴ്ച യഹോവയുടെ സംഘടനയിൽ മാത്രമേ കാണാൻ കഴിയൂ എന്ന് എനിക്ക് ഉറപ്പോടെ പറയാൻ കഴിയും. ഞങ്ങൾ ഇന്ന് ചെറിയ ഒരു കുടുംബം ആയി മാറിയിരിക്കുന്നു. ജീവിതത്തിലെ ഏകാന്തതയിൽ നിന്നു മോചനം നേടുന്നതിനു പല വിധങ്ങളിൽ ഇതു ഞങ്ങളെ സഹായിച്ചിരിക്കുന്നു.
എൽ. ജി., ഐക്യനാടുകൾ (g02 1/8)