വികലപോഷണത്തിന് ഉടൻ അവസാനം!
“ഇന്നലെകളെ അപേക്ഷിച്ചു നോക്കിയാൽ ഇന്നു നാം സമൃദ്ധിയുടെ ലോകത്താണ് ജീവിക്കുന്നത്. . . . താത്ത്വികമായി പറഞ്ഞാൽ . . . എല്ലാവർക്കും ആവശ്യമായതിലും അധികം ഭക്ഷണമുണ്ട്.” ലോകാരോഗ്യ സംഘടനയുടെ ഒരു പഠന റിപ്പോർട്ടാണ് അപ്രകാരം പറഞ്ഞത്. ഇതു സത്യമാണെങ്കിൽ വികലപോഷണത്തിനു കാരണമായ യഥാർഥ പ്രശ്നം എന്താണ്?
“ഭക്ഷണം ഉത്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതും സമമായിട്ടല്ല എന്നതാണു പ്രശ്നം” എന്നു ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു. “ദുഃഖകരമെന്നു പറയട്ടെ, ഫലഭൂയിഷ്ഠമായ വികസ്വരരാജ്യങ്ങളിലെ സമൃദ്ധമായ വിളകൾ മിക്കപ്പോഴും പണത്തിനു വേണ്ടി കയറ്റുമതി ചെയ്യുമ്പോൾ വെറുംകൈയോടെ ഒട്ടിയവയറുമായി നോക്കിനിൽക്കാനേ അവിടത്തെ ദരിദ്രനു കഴിയാറുള്ളൂ. ഒരു ന്യൂനപക്ഷം ഇതിൽ നിന്നു ഹ്രസ്വകാല ലാഭം കൊയ്യുമ്പോൾ ബഹുഭൂരിപക്ഷത്തിന് ഇതു ദീർഘകാല നഷ്ടം വരുത്തിവെക്കുന്നു.” എഫ്എഒ അടുത്തകാലത്ത് നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് ഭൂഗ്രഹത്തിലെ ‘ഏറ്റവും സമ്പന്നരായ 20 ശതമാനം ആളുകൾ ആകെയുള്ള മത്സ്യത്തിന്റെയും മാംസത്തിന്റെയും 45 ശതമാനം കഴിക്കുമ്പോൾ ഏറ്റവും ദരിദ്രരായ 20 ശതമാനത്തിനു കിട്ടുന്നത് ആകെയുള്ളതിന്റെ വെറും 5 ശതമാനമാണ്’ എന്നാണ്.
മാത്രമല്ല, “ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസത്തിന്റെയും കൃത്യതയുള്ള വിവരങ്ങളുടെയും അഭാവവും വികലപോഷണത്തിലേക്കു നയിക്കുന്നു” എന്ന് യൂനിസെഫ് പറയുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “വിജ്ഞാനം പ്രദാനം ചെയ്യുന്നതിനായി ശ്രദ്ധാപൂർവം ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളും മെച്ചമായ വിദ്യാഭ്യാസം വ്യാപകമായി ലഭ്യമാക്കാനുള്ള ഫലപ്രദമായ മാർഗങ്ങളും ഇല്ലാതെ വികലപോഷണത്തോടു പൊരുതാൻ ആവശ്യമായ പ്രാപ്തിയും അവബോധവും ശീലങ്ങളും ആളുകളിൽ വളർത്തിയെടുക്കാൻ സാധ്യമല്ല.” എന്നാൽ ഭക്ഷണം ലഭിക്കാതെ വരുമ്പോൾ ഒരുവന്റെ ആരോഗ്യം ക്ഷയിക്കുകയും വിദ്യാഭ്യാസം നേടുന്നതിനുള്ള കഴിവു കുറയുകയും ചെയ്യുന്നു. അങ്ങനെ വീണ്ടും ഒരു വിഷമവൃത്തം തീർക്കപ്പെടുന്നു.
നീതിയും മറ്റുള്ളവരിലുള്ള നിസ്സ്വാർഥ താത്പര്യവും
ഇത്തരം നിരാശാജനകമായ തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും ഈ രംഗത്തു പ്രവർത്തിക്കുന്ന ചില വിദഗ്ധർ ഇപ്പോഴും ശുഭാപ്തിവിശ്വാസം കൈവിട്ടിട്ടില്ല. ഉദാഹരണത്തിന്, എഫ്എഒ-യുടെ ഡയറക്ടർ ജനറലായ ഷാക്ക് ജൂഫ് തന്റെ ശുഭപ്രതീക്ഷ ഇപ്രകാരം വിവരിക്കുന്നു: “ഓരോ പുരുഷനും സ്ത്രീക്കും കുട്ടിക്കും ദിവസവും പോഷകസമ്പുഷ്ടവും സുരക്ഷിതവുമായ ആഹാരം ലഭിക്കുന്ന ഒരു ലോകം ഞാൻ ഭാവനയിൽ കാണുന്നു. അവിടെ സമ്പന്നതയും ദാരിദ്ര്യവും തമ്മിൽ ഇന്നു കാണുന്ന ഞെട്ടിക്കുന്ന അകലം ഉണ്ടായിരിക്കുകയില്ല. വിവേചനത്തിനു പകരം സഹിഷ്ണുതയും ആഭ്യന്തരകലഹത്തിനു പകരം സമാധാനവും ആയിരിക്കും അവിടെ ഉണ്ടായിരിക്കുക. പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കാതെ പ്രകൃതിയുടെ വിഭവസ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതും തളർത്തുന്ന നിരാശയ്ക്കു പകരം പൊതുവേ എല്ലാവരും സമൃദ്ധി ആസ്വദിക്കുന്നതുമായ ഒരു അവസ്ഥ ഞാൻ വിഭാവന ചെയ്യുന്നു.”
നാം കണ്ടുകഴിഞ്ഞതുപോലെ, ഈ പ്രതീക്ഷകൾ പൂവണിയുന്നതിന് ഭക്ഷ്യോത്പാദനത്തിലും വിതരണത്തിലുമുള്ള വർധനയെക്കാൾ അധികം ആവശ്യമാണ്. അതേ, വ്യാപകമായ തോതിൽ നീതി നടപ്പാക്കപ്പെടുകയും മനുഷ്യർ പരസ്പരം നിസ്സ്വാർഥ താത്പര്യം പ്രകടമാക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ ഈ ശ്രേഷ്ഠ ഗുണങ്ങളൊന്നും ഇന്നത്തെ വ്യാപാരരംഗത്ത് സാധാരണമല്ല എന്നതാണു വാസ്തവം.
അത്യാഗ്രഹം, ദാരിദ്ര്യം കലാപം സ്വാർഥത എന്നിങ്ങനെയുള്ള വലിയ പ്രതിബന്ധങ്ങളെ തുടച്ചുനീക്കിക്കൊണ്ട് ഭൂഗ്രഹത്തെ വികലപോഷണത്തിന്റെ പിടിയിൽനിന്നും വിമുക്തമാക്കുക സാധ്യമാണോ? അതോ ഇതു വെറുമൊരു സ്വപ്നമാണോ?
ഒരേയൊരു യഥാർഥ പരിഹാരം
ബൈബിൾ പറയുന്നതനുസരിച്ച്, വികലപോഷണത്തിനു വഴിമരുന്നിടുന്ന പ്രശ്നങ്ങൾ നമ്മെ അതിശയിപ്പിക്കേണ്ടതില്ല. ദൈവവചനം ഇപ്രകാരം പറയുന്നു: “അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും, ദ്രവ്യാഗ്രഹികളും . . . വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും . . . സൽഗുണദ്വേഷികളും . . . ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
അടിയുറച്ചുപോയ ഇത്തരം ചിന്താഗതികൾ ദൈവത്തിന്റെ സഹായമില്ലാതെ ഉന്മൂലനം ചെയ്യാൻ മനുഷ്യവർഗത്തിനു സാധ്യമാണോ? സാധ്യമാണെന്നു തോന്നുന്നില്ല, അല്ലേ? ഭരണരംഗത്തുള്ള ചിലർ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കാനായി സദുദ്ദേശ്യത്തോടെ മുന്നിട്ടിറങ്ങാറുണ്ടെങ്കിലും മറ്റുള്ളവരുടെ ഭാഗത്തെ സ്വാർഥതയും പണസ്നേഹവും അപൂർണതകളുമെല്ലാം ഈ സത്ശ്രമങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നതായി നിങ്ങൾ ഒരുപക്ഷേ നിരീക്ഷിച്ചിട്ടുണ്ടായിരിക്കാം. ഏറ്റവും ആത്മാർഥമായ ശ്രമങ്ങൾപോലും ഇങ്ങനെ നിഷ്ഫലമായിത്തീരുന്നു.—യിരെമ്യാവു 10:23.
എന്നിരുന്നാലും ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നത് ഒരു പാഴ്കിനാവല്ല. ദൈവരാജ്യം സകല അനീതിക്കും ഇന്നു മനുഷ്യവർഗത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന എല്ലാ ദുരിതങ്ങൾക്കും അവസാനം വരുത്തുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു.
യെശയ്യാവു 9:6-7-ൽ നമുക്കായി ഈ മഹത്തായ പ്രത്യാശ നൽകിയിരിക്കുന്നു: “നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാനപ്രഭു എന്നു പേർ വിളിക്കപ്പെടും. അവന്റെ ആധിപത്യത്തിന്റെ വർദ്ധനെക്കും സമാധാനത്തിന്നും അവസാനം ഉണ്ടാകയില്ല; ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവൻ അതിനെ ന്യായത്തോടും നീതിയോടും കൂടെ സ്ഥാപിച്ചു നിലനിർത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും.”
കർത്താവിന്റെ പ്രാർഥന ഉരുവിട്ടുകൊണ്ട് “നിന്റെ രാജ്യം വരേണമേ” എന്ന് പറയുമ്പോൾ ആളുകൾ ഈ രാജ്യത്തിനുവേണ്ടിയാണു പ്രാർഥിക്കുന്നത്. (മത്തായി 6:9, 10) “സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവർത്തിക്കും” എന്ന് യെശയ്യാവ് പറഞ്ഞതു ശ്രദ്ധിക്കുക. അതേ, മനുഷ്യരുടെ ആവശ്യങ്ങൾക്കായി കരുതുന്നതിൽ യഹോവയാം ദൈവം എല്ലായ്പോഴും അതീവ തത്പരനായിരുന്നിട്ടുണ്ട്. സകലർക്കും വേണ്ടുവോളം ഭക്ഷണം ഉത്പാദിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് അവൻ ഈ ഭൂഗ്രഹത്തെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യഹോവയെ കുറിച്ച് സങ്കീർത്തനം 65:9-13 ഇങ്ങനെ പറയുന്നു: “നീ ഭൂമിയെ സന്ദർശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയിൽ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവർക്കു ധാന്യം കൊടുക്കുന്നു. നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിർക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു. . . . മേച്ചല്പുറങ്ങൾ ആട്ടിൻകൂട്ടങ്ങൾകൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകൾ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു.”
തീർച്ചയായും, സ്രഷ്ടാവായ യഹോവയാണ് മനുഷ്യവർഗത്തിന്റെ ഏറ്റവും വലിയ ദാതാവ്. അവൻ ‘സകലജഡത്തിന്നും ആഹാരം കൊടുക്കുന്നു: അവന്റെ ദയ എന്നേക്കുമുള്ളതാണ്.’—സങ്കീർത്തനം 136:25.
ക്രിസ്തുവിന്റെ കീഴിലുള്ള ദൈവരാജ്യം സകലരെയും പരിപാലിക്കും എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും” എന്നു ബൈബിൾ പറയുന്നു. അന്ന് യാതൊരു വിവേചനയും കൂടാതെ ഭക്ഷ്യവസ്തുക്കൾ എല്ലാവർക്കും ലഭ്യമായിരിക്കും. എന്തെന്നാൽ ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും [യേശുക്രിസ്തു] വിടുവിക്കും. ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.’ (സങ്കീർത്തനം 72:12, 13, 16) അതുകൊണ്ട് പ്രത്യാശയുള്ളവരായിരിക്കുക! വികലപോഷണം എന്ന അടിയന്തിര പ്രശ്നം എന്നേക്കുമായി പരിഹരിക്കപ്പെടാൻ പോകുന്നു. (g03 2/22)
[11-ാം പേജിലെ ആകർഷക വാക്യം]
“തത്ത്വത്തിൽ, പട്ടിണിയും വികലപോഷണവും നിർമാർജനം ചെയ്യുക സാധ്യമാണ്. അതിന് ആവശ്യമായ വിഭവങ്ങൾ ലഭ്യമാണ്. പക്ഷേ . . . ദേശീയവും അന്തർദേശീയവുമായ തലത്തിൽ ശ്രമങ്ങൾ ഏകോപിപ്പിക്കുക എന്നതാണു വെല്ലുവിളി.”—ലോകാരോഗ്യ സംഘടന
[10-ാം പേജിലെ ചിത്രം]