ലോകത്തെ വീക്ഷിക്കൽ
മീൻ പിടിക്കുന്ന ചെന്നായ്ക്കൾ
ചെന്നായ്ക്കളുടെ ഭക്ഷണം, മാനിനെ പോലുള്ള കരയിലെ മൃഗങ്ങൾ മാത്രമാണെന്നാണ് വർഷങ്ങളായി കരുതിപ്പോന്നിരുന്നത്. എന്നാൽ, ബ്രിട്ടീഷ് കൊളംബിയയുടെ മധ്യ തീരപ്രദേശത്തുള്ള മഴക്കാടുകളിൽ ജീവിക്കുന്ന ചെന്നായ്ക്കൾ കക്കകൾ, ചിപ്പികൾ, കല്ലിന്മേൽക്കായ്, സാൽമൺ മത്സ്യങ്ങൾ എന്നിവയെ പിടിച്ചുതിന്നുന്നതായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് കാനഡയിലെ വാൻകുവർ സൺ റിപ്പോർട്ടു ചെയ്യുന്നു. “ഒരു മണിക്കൂറിനുള്ളിൽ 20 എണ്ണത്തെയെങ്കിലും അവ അകത്താക്കും.” ചെന്നായ് ഒരു മത്സ്യത്തെ നോട്ടമിടുന്നു, എന്നിട്ട് “ഒറ്റക്കുതിപ്പിന് അതിന്റെമേൽ ചാടിവീഴുന്നു.” ഇങ്ങനെ 10 പ്രാവശ്യം ശ്രമിക്കുമ്പോൾ നാലു പ്രാവശ്യമെങ്കിലും അവ വിജയിക്കും. ചെന്നായ്ക്കൾ സാൽമൺ മത്സ്യങ്ങളുടെ തല മാത്രമേ തിന്നാറുള്ളൂ. ഇത് ഗവേഷകരെ അമ്പരപ്പിക്കുന്നു. സാൽമണുകളുടെ തലയിൽ ഒരുപക്ഷേ ചെന്നായ്ക്കൾക്ക് ആവശ്യമായ പോഷണം അടങ്ങിയിരിക്കാം, അല്ലെങ്കിൽ ഈ മത്സ്യങ്ങളുടെ ഉടലിൽ ഉപദ്രവകാരികളായ പരാദങ്ങൾ ഉണ്ടായിരിക്കാം എന്ന് ഗവേഷകനായ ക്രിസ് ഡാരിമൊണ്ട് അഭിപ്രായപ്പെടുന്നു. “ഈ ചെന്നായ്ക്കൾ ഞങ്ങൾക്ക് ഇപ്പോഴും ഒരു വിസ്മയമാണ്. മഴക്കാടുകൾക്കുള്ളിൽ ഇനിയും എത്രയോ രഹസ്യങ്ങൾ ഒളിച്ചിരിപ്പുണ്ടാകാം എന്നു ഞങ്ങൾ അതിശയിക്കുന്നു,” ഡാരിമൊണ്ട് പറയുന്നു. (g03 6/22)
അതു കുറ്റകരമല്ല
“ജയിൽ ചാടുന്നത് മെക്സിക്കോയിൽ ഒരു കുറ്റമല്ല.” ദ കൊറിയ ഹെറാൾഡ് ആണ് ഇതു പറഞ്ഞത്. “എല്ലാ മനുഷ്യർക്കും സ്വതന്ത്രരായിരിക്കാനുള്ള അടിസ്ഥാന ആഗ്രഹമുണ്ട് എന്ന് മെക്സിക്കോയുടെ നിയമവ്യവസ്ഥ തിരിച്ചറിയുന്നു. അതുകൊണ്ട് അതിനുവേണ്ടി ശ്രമിക്കുന്നവരെ ശിക്ഷിക്കാറില്ല.” തടവുകാർ രക്ഷപെടുന്ന വഴിക്ക് നിയമലംഘനം നടത്തുകയോ ആരെയെങ്കിലും മുറിവേൽപ്പിക്കുകയോ വസ്തുവകകൾക്കു നാശം വരുത്തുകയോ കൈക്കൂലി കൊടുക്കുകയോ മറ്റു തടവുകാരുമായി ഗൂഢാലോചന നടത്തുകയോ മറ്റോ ചെയ്താൽ മാത്രമേ അവർ ശിക്ഷിക്കപ്പെടുകയുള്ളൂ. എന്നിരുന്നാലും ഒരു പ്രശ്നമുണ്ട്. ആരെങ്കിലും തടവുചാടുന്നതു കണ്ടാൽ വെടിവെക്കാനുള്ള അധികാരം ജയിൽ കാവൽക്കാർക്കുണ്ട്. ഇതു നിമിത്തം ചിലർ തടവുചാടുന്നതിന് വളരെ തന്ത്രപരമായ ചില വഴികൾ അവലംബിച്ചിരിക്കുന്നു. ഉദാഹരണത്തിന് 1998-ൽ, തടവിലായിരുന്ന ഒരു കൊലപ്പുള്ളി ഭക്ഷണത്തിന്റെ അളവു നിയന്ത്രിച്ചുകൊണ്ട് തന്റെ തൂക്കം 50 കിലോഗ്രാമായി കുറച്ചു. എന്തിനായിരുന്നെന്നോ? ഭാര്യയ്ക്ക് അയാളെ ചുമന്നുകൊണ്ടുപോകാനുള്ള സൗകര്യത്തിന്. ഒരു ദിവസം അയാളുടെ ഭാര്യ അയാളുടെ മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കാനായി വീട്ടിലേക്കു കൊണ്ടുപോകുന്ന സ്യൂട്ട്കേസിൽ അയാളെ ഇരുത്തി ചുമന്നുകൊണ്ടുപോയി. ഒമ്പതു മാസം കഴിഞ്ഞ് അയാളെ അറസ്റ്റു ചെയ്തെങ്കിലും അയാൾ വീണ്ടും തടവുചാടി, പിന്നെ അയാളെ കണ്ടിട്ടേയില്ല. (g03 8/22)
പക്ഷികളുടെ വിസ്മയാവഹമായ സന്തുലിതാവസ്ഥ
പക്ഷികളുടെ ആന്തരകർണത്തിൽ സന്തുലിതാവസ്ഥ നിലനിറുത്തുന്ന ഒരു അവയവം ഉണ്ട്. പക്ഷികൾ പറക്കുമ്പോൾ അവയുടെ ചലനം ക്രമീകരിക്കുന്നത് ഈ അവയവമാണ്. എന്നാൽ ലംബമായി നിൽക്കുന്നതിനും നടക്കുന്നതിനുമുള്ള പ്രാപ്തി പക്ഷികൾക്ക് എങ്ങനെ ഉണ്ടാകുന്നു എന്നുള്ളത് ഈ അവയവത്തിന്റെ പ്രവർത്തനത്തിൽനിന്നു വ്യക്തമല്ല. “കാരണം, പക്ഷികളുടെ ശരീരം മനുഷ്യരുടേതുപോലെ ലംബമല്ല തിരശ്ചീനമാണ്, ശരീരത്തിന്റെ സമതുലനം നിലനിറുത്താൻ അവയുടെ വാൽ പര്യാപ്തവുമല്ല” എന്ന് ജർമനിയുടെ ലൈപ്റ്റ്സിഗർ ഫൊക്സ്സ്റ്റൈറ്റുങ് പറയുന്നു. “നാലുവർഷത്തെ ഗവേഷണങ്ങൾക്കു ശേഷം ജന്തു ശരീരശാസ്ത്രജ്ഞനായ റൈൻഹോൾട്ട് നെക്കർ, പ്രാവുകളിൽ ഒരു രണ്ടാം സമതുലന അവയവം കണ്ടെത്തി” എന്ന് പത്രം വിശദീകരിക്കുന്നു. പക്ഷികളുടെ വസ്തിപ്രദേശത്ത് ദ്രാവകം നിറഞ്ഞ രന്ധ്രങ്ങളും നാഡീകോശങ്ങളും നെക്കർ കണ്ടെത്തി. തെളിവനുസരിച്ച് ഇവ പക്ഷികളുടെ സന്തുലിതാവസ്ഥ ക്രമീകരിക്കുന്നു. “ഈ രന്ധ്രങ്ങളിലെ ദ്രാവകം നീക്കം ചെയ്യുകയും പ്രാവുകളുടെ കണ്ണുമൂടിക്കെട്ടുകയും ചെയ്തപ്പോൾ അവയ്ക്ക് നേരെ ഇരിക്കാനോ നടക്കാനോ കഴിഞ്ഞില്ല. അവ ചേക്കേറിയിരിക്കുന്ന സ്ഥലത്തുനിന്ന് താഴെവീഴുകയും വശങ്ങളിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. എന്നാലും അവയുടെ പറക്കലിനെ ഇതു ബാധിച്ചില്ല” എന്ന് റിപ്പോർട്ടു പറയുന്നു. (g03 8/08)
ഇനിമുതൽ അവൻ “അജ്ഞാത ശിശുവല്ല”
ആയിരത്തിത്തൊള്ളായിരത്തിപന്ത്രണ്ട് ഏപ്രിലിൽ ടൈറ്റാനിക് ആഴിയുടെ അഗാധതയിലെത്തി 90 വർഷങ്ങൾക്കു ശേഷം, അന്ന് ജീവൻ പൊലിഞ്ഞവരിൽപ്പെട്ട ഒരു കുഞ്ഞിനെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ലണ്ടനിലെ ദ ടൈംസ് പറയുന്നു. തിരിച്ചറിയപ്പെടാഞ്ഞ മറ്റ് 43 പേരോടൊപ്പം വെള്ളത്തിൽ പൊങ്ങിക്കിടന്ന അവന്റെ ശരീരം കാനഡയിലെ നോവാ സ്കോഷയിലാണ് അടക്കിയത്. അവന്റെ ശവകുടീരത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “ഒരു അജ്ഞാത ശിശു.” എന്നാൽ ശാസ്ത്രജ്ഞന്മാർ, ചരിത്രകാരന്മാർ, വംശാവലി പഠിക്കുന്നവർ, ദന്തവിദഗ്ധർ എന്നിവർ അടങ്ങിയ 50 പേരുടെ ഒരു സംഘം ഡിഎൻഎ ഉപയോഗിച്ച് ആ കുട്ടിയെ തിരിച്ചറിഞ്ഞു. തന്റെ അമ്മയോടും നാലു സഹോദരന്മാരോടും ഒപ്പം മരണമടഞ്ഞ 13 മാസം പ്രായമുള്ള ഏനോ പാനൂലാ എന്ന ആൺകുട്ടിയായിരുന്നു അത്. ഈ ഫിന്നിഷ് കുടുംബം ഒരു പുതുജീവിതത്തിന്റെ സ്വപ്നങ്ങളുമായി അമേരിക്കയിലേക്കു യാത്രതിരിച്ചതായിരുന്നു. ഏനോയുടെ പിതാവ് നേരത്തേതന്നെ അമേരിക്കയിൽ എത്തി ഇവരെയും കാത്ത് ഇരിക്കുകയായിരുന്നു. ആ കാത്തിരിപ്പ് നിഷ്ഫലമായി. ഈ കുട്ടിയുടെ ശരീരം ആരും അവകാശപ്പെടുകയോ തിരിച്ചറിയുകയോ ചെയ്യാതെ വന്നപ്പോൾ കാനഡയിലെ റിക്കവറി കപ്പലിലെ ജോലിക്കാർ ഇവനെ “ദത്തെടുത്ത്,” അവന്റെ ശവസംസ്കാരത്തിനുള്ള ചെലവു വഹിക്കുകയും കല്ലറ ഒരുക്കാൻ താത്പര്യം കാട്ടുകയും ചെയ്തു. ടൈറ്റാനിക്കലെ പേരറിയാത്ത മറ്റ് ഹതഭാഗ്യരെയും ഡിഎൻഎ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിഞ്ഞേക്കും. അന്വേഷണത്തെ സഹായിക്കുന്നതിന്, മരിച്ച ഒരു വ്യക്തിയുടെ “100-ാം ജന്മദിനം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ അമ്മവഴിക്കുള്ള ഒരു ബന്ധു രക്ത സാമ്പിൾ നൽകുകയുണ്ടായി” എന്ന് ദ ടൈംസ് പറഞ്ഞു.
(g03 8/08)
എർത്ത് സിമുലേറ്റർ
ഇന്നുവരെ നിർമിച്ചിട്ടുള്ളതിലേക്കും ഏറ്റവും ശക്തമായ സൂപ്പർ കമ്പ്യൂട്ടർ ജപ്പാനിലെ എഞ്ചിനീയർമാർ പ്രവർത്തിപ്പിച്ചു തുടങ്ങി. 2002 മാർച്ച് 11-നായിരുന്നു ഇത്. “നമ്മുടെ ഭൂഗ്രഹത്തിന്റെ ഒരു തനിപ്പകർപ്പ് ഉണ്ടാക്കുക” എന്നതായിരുന്നു അവരുടെ ലക്ഷ്യം എന്ന് ടൈം മാസിക പറയുന്നു. എർത്ത് സിമുലേറ്റർ എന്നു വിളിക്കുന്ന ഈ കമ്പ്യൂട്ടറിന് നാലു ടെന്നീസ് കോർട്ടിന്റെ വലുപ്പമുണ്ട്. ഇതിന്റെ ചെലവാകട്ടെ 1,700 കോടി രൂപയും. ഒരു സെക്കന്റിൽ ഇതിന് 35 ലക്ഷം കോടി കണക്കുകൂട്ടലുകൾ നടത്താൻ കഴിയും. ഇതുകഴിഞ്ഞാൽ പിന്നെ ഏറ്റവും വേഗം, ഒരു സെക്കന്റിൽ 7.2 ലക്ഷം കോടി കണക്കുകൂട്ടലുകൾ നടത്താൻ കഴിവുള്ള ഒരു അമേരിക്കൻ സൈനിക കമ്പ്യൂട്ടറിനാണ്. എന്നാൽ എർത്ത് സിമുലേറ്ററിന് അതിനെക്കാൾ അഞ്ച് ഇരട്ടി വേഗതയുണ്ട്. “ഉപഗ്രഹങ്ങളിൽനിന്നും സമുദ്രബോയാകളിൽനിന്നും ലഭിക്കുന്ന യഥാർഥ കാലാവസ്ഥാ വിവരങ്ങൾ എർത്ത് സിമുലേറ്ററിൽ പകർത്തിക്കൊണ്ട് ഗവേഷകർക്ക് മുഴു ഭൂഗ്രഹത്തിന്റെയും ഒരു കമ്പ്യൂട്ടർ മാതൃക ഉണ്ടാക്കാൻ കഴിയും. ഇത് ഉപയോഗിച്ച് ഭാവിയിൽ നമ്മുടെ പരിസ്ഥിതിക്ക് എന്തു സംഭവിക്കും എന്നു മുൻകൂട്ടി പറയാൻ കഴിയും. അടുത്ത 50 വർഷത്തേക്കുള്ള ആഗോള സമുദ്ര താപമാനം ശാസ്ത്രജ്ഞന്മാർ ഇതിനോടകം പ്രവചിച്ചു കഴിഞ്ഞു.” (g03 8/08)
വായനയുടെ മൂല്യം
“കുട്ടികൾ അവരുടെ വിശ്രമവേളകളിൽ വായിക്കാൻ താത്പര്യമെടുക്കുന്നത് അവരുടെ കുടുംബത്തിന്റെ സാമ്പത്തിക-സാമൂഹിക നിലയെക്കാൾ അധികമായി വിദ്യാഭ്യാസ രംഗത്തെ അവരുടെ വിജയത്തെ സ്വാധീനിക്കുന്നു” എന്ന് ലണ്ടന്റെ ദി ഇൻഡിപ്പെൻഡന്റ് പറയുന്നു. 15 വയസ്സുകാരായ കുട്ടികളുടെ വായനാശീലത്തെ കുറിച്ച് നടത്തിയ ഒരു അന്താരാഷ്ട്ര പഠനം വെളിപ്പെടുത്തുന്നത്, “ഉത്സുകരായ വായനക്കാർ ആയിരിക്കുന്നതും” “വായന പതിവാക്കുന്നതും” വിദ്യാസമ്പന്നരും നല്ല ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥരുമായ മാതാപിതാക്കൾ ഉള്ളതിനെക്കാൾ പ്രയോജനം ചെയ്യുന്നു എന്നാണ്. ഒരു പഠനം അനുസരിച്ച് “പാവപ്പെട്ട പശ്ചാത്തലത്തിൽനിന്നു വന്നവരും എന്നാൽ വായനയിൽ അങ്ങേയറ്റം താത്പര്യം ഉള്ളവരുമായ 15 വയസ്സുകാരായ കുട്ടികൾ, വായനാപ്രാപ്തി പരിശോധിക്കുന്ന പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങി (ശരാശരി 540). എന്നാൽ ഉയർന്ന ഉദ്യോഗസ്ഥരുടെ മക്കളും വായനയിൽ താത്പര്യമില്ലാത്തവരുമായ കുട്ടികൾക്ക് പ്രസ്തുത പരീക്ഷകളിൽ അവരെക്കാൾ മാർക്കു കുറവായിരുന്നു (491)” എന്നു പത്രം പറയുന്നു. “ആൺകുട്ടികളെ അപേക്ഷിച്ച് പെൺകുട്ടികളാണ് ആസ്വാദനത്തിനുവേണ്ടി വായിക്കാൻ സാധ്യത കൂടുതൽ ഉള്ളത്” എന്ന് 1,000-ലധികം കൗമാരപ്രായക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സർവേ കാണിക്കുന്നു. കഴിഞ്ഞ മാസം തങ്ങൾ ഒരു പുസ്തകം വായിച്ചുവെന്ന് 75 ശതമാനം പെൺകുട്ടികളും പറഞ്ഞപ്പോൾ ആൺകുട്ടികളിൽ 55 ശതമാനമേ അങ്ങനെ പറഞ്ഞുള്ളൂ. (g03 8/08)
കൊതുകിൽനിന്നുള്ള സംരക്ഷണം
“കൊതുകുകൾ ഈ ഭൂമിയിൽ എല്ലായിടത്തുമുണ്ട്, 2,500-ലധികം സ്പീഷീസുകൾ” എന്ന് മെഹീക്കൊ ഡെസ്കോനോസീഡോ മാസിക പറയുന്നു. ആൺകൊതുകുകളും പെൺകൊതുകുകളും പൂന്തേൻ ഭക്ഷിക്കുന്നവയാണ്. എന്നാൽ പെൺകൊതുകുകൾ മാത്രമേ കുത്തുകയുള്ളൂ. അങ്ങനെ അവ മലമ്പനി, ഡെംഗി, വെസ്റ്റ് നൈൽ വൈറസ് എന്നിവ മനുഷ്യരിലേക്ക് പരത്തുന്നു. കൊതുകുകളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ സംരക്ഷണം നേടാം? മേൽപ്പറഞ്ഞ റിപ്പോർട്ട്, പിൻവരുന്ന ചില നിർദേശങ്ങൾ നൽകുന്നു: (1) സന്ധ്യ മയങ്ങിക്കഴിഞ്ഞും രാത്രിയിലും പുറത്തുപോകുന്നത് ഒഴിവാക്കുക. കാരണം കൊതുകുകൾ സജീവമായിരിക്കുന്നത് ഈ സമയത്താണ്. (2) കൊതുകുവല ഉപയോഗിക്കുക. കീടനാശിനികൾ കൊണ്ടു പ്രതിരോധിച്ചത് ആണെങ്കിൽ നന്ന്. (3) കൈനീളമുള്ളതും അയഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുക. ആവശ്യമെങ്കിൽ തലമുഴുവനും മൂടത്തക്കവിധത്തിൽ നെറ്റുകൊണ്ടുള്ള ഒരു തൊപ്പി ധരിക്കുക. (4) പുറത്തു കാണുന്ന ശരീരഭാഗങ്ങളിൽ കൊതുകു പ്രതിരോധക വസ്തു പുരട്ടുക. (5) ദിവസവും 300 മില്ലിഗ്രാം വിറ്റാമിൻ ബി1 കഴിക്കുക. ചിലരുടെ വിയർപ്പ് കൊതുകുകൾക്ക് അനിഷ്ടമായിത്തീരാൻ ഇത് ഇടയാക്കുന്നു. (6) ചതുപ്പു പ്രദേശങ്ങളിൽ ആയിരിക്കുമ്പോൾ അടിയന്തിര സംരക്ഷണം എന്നനിലയിൽ മണ്ണെടുത്ത് നിങ്ങളുടെ തൊലിപ്പുറത്തു തേച്ചുപിടിപ്പിക്കുക. ഇനി, നിങ്ങളെ കൊതുകു കുത്തിയെങ്കിൽത്തന്നെ അവിടെ ചൊറിയരുത്. പകരം ഒരു കലാമിൻ ലോഷൻ പുരട്ടുക. ചൊറിഞ്ഞു പൊട്ടുന്നത് അണുബാധയ്ക്കു കാരണമാകും. (g03 8/08)
വ്യത്യസ്ത വർഷങ്ങളിൽ ജനിച്ച ഇരട്ടകൾ
“ഇരട്ടകളായ കാലേയ്ക്കും എമിലിക്കും ഒരുപാടു സമാനതകളുണ്ട്. പക്ഷേ അവരുടെ ജന്മദിനം മാത്രം വ്യത്യസ്തമാണ്—അവർ ഭൂജാതരായത് വ്യത്യസ്ത വർഷങ്ങളിലാണ്” എന്ന് ന്യൂയോർക്കിന്റെ ഡെയ്ലി ന്യൂസ് പറയുന്നു. “ഡിസംബർ 31-ാം തീയതി രാത്രി 11:24-നാണ് കാലേയ് ജനിച്ചത്, എമിലിയാകട്ടെ ജനുവരി 1, വെളുപ്പിന് 12:19-നും.” ന്യൂ ജേഴ്സിയിലെ ബാർനിഗറ്റിലുള്ള അവരുടെ അമ്മ, ഡോൺ ജോൺസൺ, വളരെ ആഹ്ലാദത്തിമിർപ്പിലാണ്. “ഇരട്ടകളാണെങ്കിലും, അവർക്ക് അവരുടേതായ തനിമ ഉണ്ടായിരിക്കാൻ ഞാൻ ആഗ്രഹിച്ചു,” അവൾ പറഞ്ഞു. “അവർക്കത് ഉണ്ടെന്ന് തുടക്കത്തിലേ അവർ തെളിയിച്ചു.” ഈ ഇരട്ടകൾ ജനിക്കേണ്ട തീയതി ഫെബ്രുവരി 2 ആയിരുന്നു. പക്ഷേ ഒരുമാസം മുമ്പേ അവരെത്തി. (g03 8/22)