കുട്ടികൾക്ക് ആവശ്യമായിരിക്കുന്നത് നൽകൽ
അതേ, കൊച്ചു കുട്ടികൾക്ക് ഒരുപാടു ശ്രദ്ധ ആവശ്യമാണ്. പക്ഷേ, അവരിൽ അനേകർക്കും ആവശ്യമായത്ര ശ്രദ്ധ ലഭിക്കുന്നില്ല. ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ അതു തന്നെയാണു സൂചിപ്പിക്കുന്നത്. “നമ്മുടെ യുവജനങ്ങൾ തങ്ങളുടെ കുടുംബങ്ങളിൽനിന്ന് മുമ്പ് ഒരിക്കലും ഇത്രത്തോളം അകന്നുപോയിട്ടില്ല; അവർക്കു പ്രായോഗിക പരിചയവും പ്രായോഗിക ജ്ഞാനവും ഇത്രയും ഇല്ലാതായ ഒരു സമയവും ഉണ്ടായിട്ടില്ല” എന്ന് ഒരു ഗവേഷക ദുഃഖത്തോടെ പറയുന്നതായി കാനഡയിലെ ടൊറൊന്റോയിൽ പ്രസിദ്ധീകരിക്കുന്ന വർത്തമാനപത്രമായ ദ ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ടു ചെയ്തു.
എവിടെയാണു പിശകു സംഭവിച്ചിരിക്കുന്നത്? തീരെ ചെറിയ കുട്ടികൾക്ക് ശ്രദ്ധ നൽകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാൻ കഴിയാതെ പോയതാണ് ഭാഗികമായെങ്കിലും ഇതിനു കാരണം എന്നു പറയാൻ കഴിയുമോ? “മാതാപിതാക്കൾ ആയിരിക്കേണ്ടത് എങ്ങനെയെന്ന് നാം എല്ലാവരും പഠിക്കേണ്ടതുണ്ട്” എന്ന് താഴ്ന്ന വരുമാനക്കാരായ സ്ത്രീകളെ തങ്ങളുടെ നവജാത ശിശുക്കൾക്കായി കരുതേണ്ടത് എങ്ങനെയെന്നു പഠിക്കാൻ സഹായിക്കുന്ന ഒരു മനശ്ശാസ്ത്രജ്ഞ പറയുന്നു. “ഇപ്പോൾ നാം നമ്മുടെ കുഞ്ഞുങ്ങളുമായി ചെലവിടുന്ന സമയത്തിനു പ്രതിഫലമായി ഭാവിയിൽ നിരവധി അനുഗ്രഹങ്ങൾ നമ്മെ പൊതിയും എന്നു നാം തിരിച്ചറിയേണ്ടതുണ്ട്.”
ശിശുക്കൾക്കു പോലും നിരന്തരമായ പ്രബോധനം ആവശ്യമാണ്. വല്ലപ്പോഴും ഏതാനും മിനിട്ടു നേരത്തേക്കല്ല മറിച്ച്, ക്രമമായി—അതേ, ദിവസം മുഴുവനും—അതു നൽകേണ്ടതുണ്ട്. കുഞ്ഞുങ്ങളോടൊത്ത് ശൈശവം മുതലേ ചെലവഴിക്കുന്ന സമയം അവരുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
തയ്യാറെടുക്കേണ്ടതിന്റെ ആവശ്യം
തങ്ങളുടെ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിന് മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിന്റെ വരവിനുവേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്. മുന്നമേ ആസൂത്രണം ചെയ്യേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് യേശുക്രിസ്തു ചൂണ്ടിക്കാണിച്ച ഒരു തത്ത്വത്തിൽ നിന്ന് അവർക്കു പഠിക്കാവുന്നതാണ്. അവൻ പറഞ്ഞു: “നിങ്ങളിൽ ആരെങ്കിലും ഒരു ഗോപുരം പണിവാൻ ഇച്ഛിച്ചാൽ ആദ്യം ഇരുന്നു . . .കണക്കു നോക്കുന്നില്ലയോ?” (ലൂക്കൊസ് 14:28) പലപ്പോഴും 20 വത്സര പദ്ധതി എന്നു വിളിക്കാറുള്ള കുട്ടികളെ വളർത്തൽ പരിപാടി ഒരു ഗോപുരം പണിയുന്നതിനെക്കാളെല്ലാം വളരെയേറെ സങ്കീർണമാണ്. അതുകൊണ്ട് കുട്ടിയെ വിജയകരമായി വളർത്തിക്കൊണ്ടു വരുന്നതിന് ഒരു പ്ലാൻ അനിവാര്യമാണ്—ഒരു കെട്ടിട നിർമാതാവിന് ബ്ലൂപ്രിന്റ് ആവശ്യമായിരിക്കുന്നതുപോലെ.
ഒന്നാമതായി, മാതാപിതാക്കൾ ആയിരിക്കുന്നതിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിന് മാനസികവും ആത്മീയവുമായ തയ്യാറെടുപ്പുകൾ നടത്തേണ്ടതു സുപ്രധാനമാണ്. ഒരു കുഞ്ഞ് ഉണ്ടാകാനായി നോക്കിപ്പാർത്തിരുന്ന അമ്മമാരുടെ കുഞ്ഞുങ്ങൾ, അങ്ങനെ ആഗ്രഹിക്കാതിരുന്ന സ്ത്രീകൾക്കുണ്ടായ കുഞ്ഞുങ്ങളെ അപേക്ഷിച്ച് വൈകാരികമായും ശാരീരികമായും വളരെയേറെ ആരോഗ്യമുള്ളവരായിരുന്നു എന്ന് ജർമനിയിലെ 2,000 ഗർഭിണികളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തി. അതേസമയം, പ്രശ്നകലുഷിതമായ ഒരു ദാമ്പത്യം നയിക്കേണ്ടി വരുന്ന സ്ത്രീ വൈകാരികമോ ശാരീരികമോ ആയി ക്ഷതം ഉള്ള കുഞ്ഞിന് ജന്മം നൽകാനുള്ള സാധ്യത, സ്വസ്ഥമായ ദാമ്പത്യം ആസ്വദിക്കുന്ന സ്ത്രീയെക്കാൾ 237 ശതമാനം കൂടുതലാണ് എന്ന് ഒരു ഗവേഷകൻ കണക്കാക്കുന്നു.
അതേ, കുട്ടിയുടെ വിജയകരമായ വളർച്ചയ്ക്ക് പിതാവിന്റെ ഭാഗധേയം പ്രധാനമാണെന്നു വ്യക്തമാണ്. ഡോ. തോമസ് വെർനി ഇപ്രകാരം നിരീക്ഷിക്കുന്നു: “ഗർഭിണിയായ ഭാര്യയെ ദ്രോഹിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പിതാവിനെക്കാൾ, വൈകാരികവും ശാരീരികവുമായി കുഞ്ഞിന് അപകടം ഉയർത്തുന്ന കാര്യങ്ങൾ അധികമൊന്നുമില്ല.” വാസ്തവത്തിൽ, ഒരു കുഞ്ഞിന് ലഭിക്കാവുന്ന ഏറ്റവും മികച്ച സമ്മാനം അവന്റെ അമ്മയെ സ്നേഹിക്കുന്ന ഒരു അച്ഛനാണ് എന്നു പറയപ്പെട്ടിരിക്കുന്നു.
സമ്മർദവും ഉത്കണ്ഠയുമായി ബന്ധപ്പെട്ട ഹോർമോണുകൾ അമ്മയുടെ രക്തത്തിലേക്കു സ്രവിക്കപ്പെടുമ്പോൾ അതു ഗർഭസ്ഥശിശുവിനെ ബാധിച്ചേക്കാം. എന്നിരുന്നാലും, വല്ലപ്പോഴും മാതാവു നേരിടുന്ന നിഷേധാത്മക വികാരങ്ങളോ സമ്മർദപൂരിതമായ സംഭവങ്ങളോ അല്ല മറിച്ച്, തീവ്രവും നീണ്ടുനിൽക്കുന്നതുമായ ഉത്കണ്ഠയാണ് അപകടകരം ആയിരിക്കുന്നതെന്നു കരുതപ്പെടുന്നു. ഗർഭവതിയായിരിക്കുന്ന മാതാവിന് തന്റെ അജാതശിശുവിനോടുള്ള മനോഭാവമാണ് ഇതിലെല്ലാം പ്രധാനമായിരിക്കുന്നത് എന്നു തോന്നുന്നു.a
ഇനി, നിങ്ങൾ ഗർഭിണിയായിരിക്കുകയും നിങ്ങളുടെ ഭർത്താവ് പിന്താങ്ങാതിരിക്കുകയോ അമ്മയാകുന്നതിനോട് നിങ്ങൾക്കുതന്നെ വ്യക്തിപരമായി അനിഷ്ടം തോന്നുകയോ ചെയ്യുന്നെങ്കിൽ എന്ത്? സാഹചര്യങ്ങൾ നിമിത്തം ഒരു സ്ത്രീക്ക് താൻ ഗർഭിണിയായിരിക്കുന്നതു സംബന്ധിച്ച് വിഷാദം അനുഭവപ്പെടുന്നത് അസാധാരണമല്ല. എന്നാൽ, നിങ്ങളുടെ കുട്ടി അതിന് ഉത്തരവാദിയല്ല എന്ന കാര്യം എല്ലായ്പോഴും ഓർക്കുക. അതുകൊണ്ട് പ്രതികൂല സാഹചര്യങ്ങളിൽപ്പോലും ശാന്തമായ ഒരു മനോനില പാലിക്കാൻ ശ്രമിക്കുക. എന്നാൽ നിങ്ങൾക്ക് അതിന് എങ്ങനെ കഴിയും?
ദൈവവചനമായ ബൈബിളിൽ പ്രദാനം ചെയ്തിരിക്കുന്ന ജ്ഞാനപൂർവമായ മാർഗനിർദേശം ലക്ഷക്കണക്കിനാളുകൾക്ക് സഹായകമെന്നു തെളിഞ്ഞിട്ടുണ്ട്. ദൈവവചനം ഇപ്രകാരം പറയുന്നു: “എല്ലാററിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” ഈ വാക്കുകൾ പ്രാവർത്തികമാക്കുന്നത്, “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു [“ഉത്കണ്ഠപ്പെടരുത്,” NW]” എന്ന ബുദ്ധിയുപദേശം പിൻപറ്റാൻ നിങ്ങളെ എത്രമാത്രം സഹായിക്കുന്നുവെന്നു കാണുമ്പോൾ വാസ്തവത്തിൽ നിങ്ങൾ അത്ഭുതപ്പെടും. (ഫിലിപ്പിയർ 4:6, 7) നിങ്ങളെ പരിപാലിക്കാൻ കഴിവുള്ള സ്രഷ്ടാവിന്റെ കരുതൽ നിങ്ങൾ അനുഭവിച്ചറിയും.—1 പത്രൊസ് 5:7.
അസാധാരണ അനുഭവമല്ല
പ്രസവശേഷം ആദ്യത്തെ ഏതാനും ആഴ്ചത്തേക്ക് ചില യുവമാതാക്കൾക്ക് അകാരണമായ സങ്കടവും മന്ദതയും അനുഭവപ്പെടാറുണ്ട്. കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചിരുന്ന സ്ത്രീകൾക്കുപോലും മ്ലാനത അനുഭവപ്പെടാറുണ്ട്. ഇത്തരം ഭാവ വ്യതിയാനങ്ങൾ അസാധാരണമല്ല. കാരണം പ്രസവശേഷം സ്ത്രീകളിലെ ഹോർമോൺ നിലയിൽ നാടകീയ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇനി, സമയത്തെ കുറിച്ച് യാതൊരു അവബോധവും ഇല്ലാത്ത കുഞ്ഞിന്റെ ആവശ്യങ്ങൾ നോക്കിനടത്തുന്നതിന്റെ—മുലയൂട്ടുക, കുഞ്ഞിന്റെ ഡയപ്പറുകൾ മാറ്റുക, കുഞ്ഞിനു ശ്രദ്ധ നൽകുക എന്നിവ—സമ്മർദങ്ങൾക്ക് ഒരു പുതിയ മാതാവ് അടിപ്പെട്ടു പോകുന്നതും സാധാരണമാണ്.
തന്റെ കുഞ്ഞ് കരയുന്നത് തന്നെ ദണ്ഡിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് ഒരു അമ്മയ്ക്ക് തോന്നി. “കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടിവരുന്ന സമ്മർദത്തിൽനിന്ന് ആരും ഒഴിവുള്ളവരല്ല” എന്ന് ജപ്പാനിലെ ഒരു ശിശുപരിപാലന വിദഗ്ധൻ പറഞ്ഞതിൽ അതിശയിക്കാനില്ല. അദ്ദേഹം പറയുന്നതനുസരിച്ച്, “ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം ഒരിക്കലും സ്വയം ഒറ്റപ്പെടുത്താതിരിക്കുക” എന്നതാണ്.
അമ്മയ്ക്ക് ചിലപ്പോഴൊക്കെ വിഷാദം അനുഭവപ്പെടുന്നുണ്ടെങ്കിൽത്തന്നെ തന്റെ ഭാവ വ്യതിയാനങ്ങൾ കുഞ്ഞിനെ ബാധിക്കാതിരിക്കാൻ അവൾക്കു ശ്രദ്ധിക്കാൻ കഴിയും. “തങ്ങളുടെ മ്ലാനമായ മാനസികാവസ്ഥയെ തരണം ചെയ്ത് കുഞ്ഞുങ്ങൾക്കു ധാരാളം ശ്രദ്ധ കൊടുക്കുകയും അവരോടൊത്തു കളിക്കുകയും ചെയ്ത വിഷാദമഗ്നരായ അമ്മമാരുടെ കുട്ടികളിൽ മസ്തിഷ്ക പ്രവർത്തനം സാധാരണ രീതിയിൽ നടന്നതായും ആ കുട്ടികൾ കൂടുതൽ ആഹ്ലാദചിത്തരായിരുന്നതായും” ടൈം മാസിക പറയുകയുണ്ടായി.b
പിതാവിന് സഹായിക്കാൻ കഴിയുന്ന വിധം
ആവശ്യമായ സഹായവും പിന്തുണയും നൽകാൻ പലപ്പോഴും ഏറ്റവും പറ്റിയ സ്ഥാനത്തായിരിക്കുന്നതു കുഞ്ഞിന്റെ പിതാവാണ്. കുഞ്ഞ് അർധരാത്രിയിൽ ഉണർന്നു കരയുമ്പോൾ പല സാഹചര്യങ്ങളിലും കുഞ്ഞിന്റെ ആവശ്യങ്ങൾ നോക്കിനടത്താൻ പിതാവിനു കഴിയും, അപ്പോൾ തന്റെ ഇണയ്ക്ക് ഉറക്കമിളക്കേണ്ടി വരില്ല. ബൈബിൾ ഇപ്രകാരം പറയുന്നു: “ഭർത്താക്കന്മാർ . . . എല്ലായ്പോഴും തങ്ങളുടെ ഭാര്യമാരോട് പരിഗണനയോടെ ഇടപെടണം.”—1 പത്രൊസ് 3:7, യെരൂശലേം ബൈബിൾ.
ഭർത്താക്കന്മാർക്കു പിന്തുടരാനായി യേശുക്രിസ്തു ഒരു പൂർണ ദൃഷ്ടാന്തം വെച്ചു. അവൻ തന്റെ അനുഗാമികൾക്കായി ജീവൻപോലും നൽകി. (എഫെസ്യർ 5:28-30; 1 പത്രൊസ് 2:21-24) കുഞ്ഞിനെ വളർത്തുന്നതിനോടുള്ള ബന്ധത്തിൽ ചില സാഹചര്യങ്ങളിൽ മുൻകൈയെടുത്തുകൊണ്ട് സ്വന്തം സുഖങ്ങൾ ത്യജിക്കുന്ന ഭർത്താക്കന്മാർ ക്രിസ്തുവിനെ അനുകരിക്കുകയാണ് ചെയ്യുന്നത്. അതേ, കുട്ടികളെ വളർത്തുക എന്നത് മാതാവും പിതാവും സഹകരിച്ചു ചെയ്യേണ്ട കൂട്ടായ ഒരു ഉദ്യമമാണ്.
സഹകരിച്ചു ചെയ്യുന്ന, കൂട്ടായ ഒരു ഉദ്യമം
“ഞങ്ങളുടെ മകളെ എങ്ങനെ വളർത്തിക്കൊണ്ടുവരണം എന്നതു സംബന്ധിച്ച് ഞങ്ങൾ ഭാര്യയും ഭർത്താവും വിശദമായി ചർച്ചചെയ്തിട്ടുണ്ട്” എന്ന് രണ്ടു വയസ്സുള്ള പെൺകുഞ്ഞിന്റെ പിതാവായ യോയിചിരോ പറയുന്നു. “എന്തെങ്കിലും പ്രശ്നമുണ്ടാകുന്ന ഓരോ തവണയും എങ്ങനെ മുന്നോട്ടു പോകണമെന്ന് ഞങ്ങൾ ചർച്ച ചെയ്യും.” തന്റെ ഇണയ്ക്ക് ആവശ്യത്തിനു വിശ്രമം വേണമെന്ന് യോയിചിരോ തിരിച്ചറിയുന്നു. അതിനാൽ അദ്ദേഹം എന്തെങ്കിലുമൊക്കെ ആവശ്യത്തിനായി പുറത്തുപോകുമ്പോൾ മിക്കപ്പോഴും തന്റെ കുഞ്ഞുമകളെയും കൊണ്ടുപോകും.
മുൻകാലങ്ങളിൽ കുടുംബങ്ങൾ പൊതുവേ വലുതും കുടുംബ ബന്ധങ്ങൾ സുദൃഢവുമായിരുന്നതിനാൽ കുഞ്ഞുങ്ങളെ വളർത്തിക്കൊണ്ടുവരാൻ മൂത്ത കുട്ടികളുടെയും ബന്ധുക്കളുടെയും സഹായം മാതാപിതാക്കൾക്ക് ലഭ്യമായിരുന്നു. ജപ്പാനിലെ കാവസാക്കിയിലുള്ള, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനു പിന്തുണ നൽകുന്ന ഒരു കേന്ദ്രത്തിലെ ഒരു ജോലിക്കാരി ഇപ്രകാരം പറഞ്ഞതിൽ അതിശയിക്കാനില്ല, “മിക്ക കേസുകളിലും തങ്ങളുടെ പ്രശ്നത്തെ കുറിച്ചു മറ്റുള്ളവരോടു സംസാരിക്കുമ്പോൾ അമ്മമാർക്ക് സഹായം ലഭിക്കുന്നതായി കാണാൻ കഴിയും. ചെറിയ ഒരു സഹായമാണ് ലഭിക്കുന്നതെങ്കിൽ പോലും അനേകം അമ്മമാർക്ക് തങ്ങളുടെ പ്രതിബന്ധങ്ങളെ നേരിടാൻ കഴിഞ്ഞിരിക്കുന്നു.”
മാതാപിതാക്കൾക്ക് “തങ്ങളുടെ ആകുലതകൾ പങ്കുവെക്കാനായി സമീപിക്കാൻ കഴിയുന്ന വ്യക്തികളുടെ ഒരു ശൃംഖലതന്നെ ആവശ്യമാണ്” എന്ന് മാതാപിതാക്കൾ (ഇംഗ്ലീഷ്) എന്ന മാസിക പറയുന്നു. അത്തരമൊരു ശൃംഖല എവിടെ കണ്ടെത്താൻ കഴിയും? സ്വന്തം മാതാപിതാക്കളും ഇണയുടെ മാതാപിതാക്കളും പറയുന്നതു ശ്രദ്ധിക്കാൻ മനസ്സൊരുക്കവും തുറന്ന മനസ്ഥിതിയും പ്രകടമാക്കിക്കൊണ്ട് പുതിയ അമ്മമാർക്കും അച്ഛന്മാർക്കും ഗണ്യമായ പ്രയോജനം നേടാൻ കഴിയും. തീർച്ചയായും, അന്തിമ തീരുമാനം യുവമാതാപിതാക്കളുടേത് ആയിരിക്കണം എന്ന വസ്തുത മുത്തശ്ശീമുത്തശ്ശന്മാർ തിരിച്ചറിയേണ്ടതുണ്ട്.c
യുവമാതാപിതാക്കൾക്ക് പലപ്പോഴും ആശ്രയിക്കാൻ പറ്റുന്ന മറ്റൊരു ഉറവ് തങ്ങളുടെ സഹമതവിശ്വാസികളാണ്. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക സഭയിൽ, കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിൽ നിരവധി വർഷത്തെ അനുഭവപരിചയമുള്ള, നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ മനസ്സൊരുക്കമുള്ള, ആളുകളെ നിങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞേക്കാം. നിങ്ങൾക്കു സഹായകമായ ചില നിർദേശങ്ങൾ നൽകാൻ അവർക്കാകും. പലപ്പോഴും, യുവ സ്ത്രീകളെ സഹായിക്കാൻ മനസ്സുള്ള ‘വൃദ്ധമാരെ’—ക്രിസ്തീയ ജീവിതരീതിയിൽ അനുഭവസമ്പന്നരായവരെ ബൈബിൾ അങ്ങനെയാണ് വിളിക്കുന്നത്—സമീപിക്കാൻ നിങ്ങൾക്കു കഴിയും.—തീത്തൊസ് 2:3-5.
തീർച്ചയായും, മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുമ്പോൾ മാതാപിതാക്കൾ വിവേചന പ്രകടമാക്കേണ്ടതുണ്ട്. “ഞങ്ങൾക്കു ചുറ്റുമുള്ളവർ പെട്ടെന്നാണ് ശിശു-പരിപാലന വിദഗ്ധർ ആയിത്തീർന്നത്” എന്ന് യോയിചിരോ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ റ്റാക്കാക്കോ ഇപ്രകാരം സമ്മതിക്കുന്നു: “ഒരു മാതാവെന്ന നിലയിലുള്ള എന്റെ അനുഭവപരിചയമില്ലായ്മയെ മറ്റുള്ളവർ വിമർശിക്കുന്നതായി തോന്നിയതിനാൽ ആദ്യമൊക്കെ അവരുടെ നിർദേശങ്ങൾ എന്നെ അലോസരപ്പെടുത്തിയിരുന്നു.” എങ്കിലും, മറ്റുള്ളവരിൽ നിന്നു പഠിക്കുകവഴി, നിരവധി ഭർത്താക്കന്മാരും ഭാര്യമാരും തങ്ങളുടെ കുട്ടികൾക്ക് ആവശ്യമായതു പ്രദാനം ചെയ്യുന്നതു സംബന്ധിച്ച് സന്തുലിതമായ ഒരു വീക്ഷണം വെച്ചുപുലർത്താൻ സഹായിക്കപ്പെട്ടിരിക്കുന്നു.
ലഭ്യമായതിൽ വെച്ച് ഏറ്റവും നല്ല സഹായം
ഇനി, നിങ്ങളെ സഹായിക്കാൻ ആരെയും കണ്ടെത്തിയില്ലെങ്കിൽപ്പോലും ശക്തിയുടെ ആശ്രയയോഗ്യമായ ഒരു ഉറവുണ്ട്. അത് നമ്മെ സൃഷ്ടിച്ച, ഭൂമിയിൽ ജനിക്കുന്നവരെ അവർ ‘ഭ്രൂണാവസ്ഥയിൽ’ ആയിരിക്കുമ്പോൾ പോലും കാണാൻ കഴിവുള്ള യഹോവയാം ദൈവമാണ്. (സങ്കീർത്തനം 139:16, NW) യഹോവ പുരാതന നാളുകളിലെ തന്റെ ജനത്തോട് ഒരിക്കൽ പറഞ്ഞ വാക്കുകൾ ബൈബിളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താൻ പ്രസവിച്ച മകനോടു കരുണ, തോന്നാതിരിക്കുമോ? അവർ മറന്നുകളഞ്ഞാലും ഞാൻ നിന്നെ മറക്കയില്ല.”—യെശയ്യാവു 49:15; സങ്കീർത്തനം 27:10.
ഇല്ല, യഹോവ മാതാപിതാക്കളെ മറന്നുകളയുകയില്ല. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിന് സഹായകമായ ഉത്തമ മാർഗനിർദേശങ്ങൾ ബൈബിളിലൂടെ അവൻ നൽകിയിരിക്കുന്നു. ഉദാഹരണത്തിന്, ഏതാണ്ട് 3,500 വർഷം മുമ്പ് ദൈവത്തിന്റെ പ്രവാചകനായ മോശെ ഇങ്ങനെ എഴുതി: “നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” തുടർന്ന് മോശെ പറഞ്ഞു: “ഇന്നു ഞാൻ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങൾ [യഹോവയെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുക എന്ന അനുശാസനം ഉൾപ്പെടെ] നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്തകം 6:5-7.
നിങ്ങളുടെ അഭിപ്രായത്തിൽ, ദൈവവചനത്തിലെ ഈ മാർഗനിർദേശത്തിന്റെ സത്ത എന്താണ്? അത്, നിങ്ങളുടെ കുട്ടികളെ പ്രബോധിപ്പിക്കുന്നത് ക്രമമായും തുടർച്ചയായും ഓരോ ദിവസവും നിവർത്തിക്കേണ്ട ഒരു പ്രക്രിയ ആയിരിക്കണം എന്നതല്ലേ? വാസ്തവത്തിൽ, നിങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കാനായി ‘ഗുണമേന്മയുള്ള സമയം’ എന്നു പൊതുവേ വിളിക്കുന്ന ഒന്ന് വല്ലപ്പോഴും പട്ടികപ്പെടുത്തുന്നത് മതിയാകുന്നില്ല. ആശയവിനിമയത്തിന്റെ സുവർണനിമിഷങ്ങൾ പലപ്പോഴും സ്വാഭാവികമായി ഉരുത്തിരിയുന്നത് ആണ്. അതുകൊണ്ട് നിങ്ങളുടെ കുട്ടിയോടൊപ്പം നിങ്ങൾ ക്രമമായി സമയം ചെലവിടേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത്, “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക” എന്ന ബൈബിൾ കൽപ്പന നിവർത്തിക്കാൻ നിങ്ങളെ പ്രാപ്തനാക്കും.—സദൃശവാക്യങ്ങൾ 22:6.
കുഞ്ഞുങ്ങൾക്കു നൽകുന്ന ഉചിതമായ പരിശീലനത്തിൽ അവരെ ഉറക്കെ വായിച്ചു കേൾപ്പിക്കുന്നത് ഉൾപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിലെ ശിഷ്യനായ തിമൊഥെയൊസ് ‘തിരുവെഴുത്തുകളെ ബാല്യംമുതൽ [“ശൈശവം മുതൽ,” NW] അറിഞ്ഞിരുന്നു’ എന്ന് ബൈബിൾ നമ്മോടു പറയുന്നു. അതുകൊണ്ട്, അവൻ തീരെ കുഞ്ഞായിരുന്നപ്പോൾ അമ്മ യൂനീക്കയും വല്യമ്മ ലോവീസും അവനെ ഉറക്കെ വായിച്ചു കേൾപ്പിച്ചിരുന്നു എന്നു വ്യക്തമാണ്. (2 തിമൊഥെയൊസ് 1:5; 3:14, 15) നിങ്ങളുടെ ശിശുവിനോടു നിങ്ങൾ സംസാരിക്കാൻ തുടങ്ങുമ്പോൾ മുതൽ ഇതു ചെയ്യുന്നതു നല്ലതാണ്. എന്നാൽ എന്താണ് നിങ്ങളുടെ കുഞ്ഞിനെ വായിച്ചു കേൾപ്പിക്കേണ്ടത്? ഇത്ര ശൈശവത്തിലേ നിങ്ങൾക്കവനെ ഏറ്റവും നന്നായി എങ്ങനെ പഠിപ്പിക്കാൻ കഴിയും?
അവനെ ബൈബിൾ വായിച്ചു കേൾപ്പിക്കുക. തെളിവനുസരിച്ച് തിമൊഥെയൊസിനെ വായിച്ചു കേൾപ്പിച്ചതും അതുതന്നെയാണ്. വർണ ചിത്രങ്ങളിലൂടെ ബൈബിളിനെ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന, പുസ്തകങ്ങളും ലഭ്യമാണ്. ബൈബിൾ പഠിപ്പിക്കുന്ന കാര്യങ്ങൾ ഭാവനയിൽ കാണാൻ ഇവ കുട്ടികളെ സഹായിക്കുന്നു. ഉദാഹരണത്തിന്, എന്റെ ബൈബിൾ കഥാ പുസ്തകം, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്നീ പുസ്തകങ്ങൾ. ഇത്തരം പുസ്തകങ്ങൾ ബൈബിൾ പഠിപ്പിക്കലുകൾ തങ്ങളുടെ മനസ്സിലും ഹൃദയത്തിലും പതിപ്പിക്കാൻ ലക്ഷക്കണക്കിനു കൊച്ചുകുട്ടികളെ സഹായിച്ചിരിക്കുന്നു.
ബൈബിൾ പറയുന്നതുപോലെ, “മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” (സങ്കീർത്തനം 127:3) നിങ്ങളുടെ സ്രഷ്ടാവ് നിങ്ങൾക്ക് ‘ഒരു അവകാശം,’ അഭിമാനത്തിനും ആഹ്ലാദത്തിനും ഉറവാകാൻ കഴിയുന്ന പ്രിയങ്കരനായ ഒരു ശിശുവിനെ ഭരമേൽപ്പിച്ചിരിക്കുകയാണ്. കുട്ടികളെ, വിശേഷാൽ തങ്ങളുടെ സ്രഷ്ടാവിന്റെ സ്തുതിപാഠകരായി വളർത്തിക്കൊണ്ടു വരുന്നത് തീർച്ചയായും പ്രതിഫലദായകമായ ഒരു വേലതന്നെയാണ്! (g03 12/22)
[അടിക്കുറിപ്പുകൾ]
a സമ്മർദ ഹോർമോണുകൾ മാത്രമല്ല, നിക്കോട്ടിൻ, മദ്യം, മറ്റു ലഹരിപദാർഥങ്ങൾ എന്നിവയും ഗർഭസ്ഥശിശുവിനു ദോഷം ചെയ്തേക്കാം. ഗർഭിണികളായ അമ്മമാർ അപകടകരമായ ഏതുതരം പദാർഥങ്ങളും ഒഴിവാക്കണം. കൂടാതെ, മരുന്നു കഴിക്കുന്നത് ഗർഭസ്ഥശിശുവിന്മേൽ ഉളവാക്കുന്ന ഫലം സംബന്ധിച്ച് ഒരു ഡോക്ടറോടു ചോദിക്കുന്നതും പ്രധാനമാണ്.
b ഒരു അമ്മയ്ക്ക് കഠിനമായ ദുഃഖവും നിരാശയും കുഞ്ഞിനോടും ലോകത്തോടും അകൽച്ചയും അനുഭവപ്പെടുന്നെങ്കിൽ അവൾക്ക് പ്രസവാനന്തര വിഷാദം ഉണ്ടായിരിക്കാം. അതാണു കാര്യമെങ്കിൽ അവൾ തന്റെ പ്രസവ ചികിത്സാവിദഗ്ധനെ കാണേണ്ടതാണ്. ദയവായി 2002 സെപ്റ്റംബർ 8 ലക്കം ഉണരുക!-യുടെ 19-23 പേജുകളും, 2003 ജൂൺ 8 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്) 21-3 പേജുകളും കാണുക.
c ദയവായി ഉണരുക!-യുടെ 1999 മാർച്ച് 22 ലക്കത്തിലെ, “മുത്തശ്ശീമുത്തശ്ശന്മാർ—അവരുടെ സന്തോഷങ്ങളും വെല്ലുവിളികളും” എന്ന ലേഖനം വായിക്കുക.
[8-ാം പേജിലെ ചിത്രം]
അജാതശിശുവിനോടുള്ള അമ്മയുടെ മനോഭാവം സുപ്രധാനമാണ്
[9-ാം പേജിലെ ചിത്രം]
പ്രസവശേഷം ഒരു പുതിയ മാതാവിന് ചിലപ്പോൾ മാനസിക നിലയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നെങ്കിലും കുഞ്ഞിന് താൻ സ്നേഹിക്കപ്പെടുന്നുവെന്നും സുരക്ഷിതനാണെന്നും തോന്നാൻ തക്കവണ്ണം അവൾക്ക് പലതും ചെയ്യാൻ കഴിയും
[10-ാം പേജിലെ ചിത്രം]
കുഞ്ഞിനെ പരിപാലിക്കുന്നതിൽ പങ്കുവഹിക്കാനുള്ള ഉത്തരവാദിത്വം പിതാക്കന്മാർക്കുണ്ട്
[10-ാം പേജിലെ ചിത്രം]
കുഞ്ഞിനെ വായിച്ചു കേൾപ്പിക്കുന്നത് ശൈശവം മുതൽ തുടങ്ങേണ്ടതുണ്ട്