മുത്തശ്ശീമുത്തശ്ശന്മാർ അവരുടെ സന്തോഷങ്ങളും വെല്ലുവിളികളും
“വല്യപ്പച്ചനായിരിക്കാൻ എനിക്കു വളരെ ഇഷ്ടമാണ്! പേരക്കുട്ടികളുടെ കാര്യങ്ങളിൽ ഉത്തരവാദിത്വം വഹിക്കാതെതന്നെ നിങ്ങൾക്ക് അവരുമായുള്ള ബന്ധം ആസ്വദിക്കാം. അവരുടെ ജീവിതത്തെ സ്വാധീനിക്കാൻ കഴിയുമെങ്കിലും അവരുടെ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടി വരുന്നില്ല. കാരണം അതിനുള്ള ഉത്തരവാദിത്വം അവരുടെ മാതാപിതാക്കൾക്കാണ്.”—പേരക്കുട്ടിയുള്ള ജീൻ.
ഒരു മുത്തശ്ശൻ ആയിരിക്കുന്നതിൽ ഇത്ര ഉത്സാഹം കൊള്ളാൻ മാത്രം എന്താണുള്ളത്? അച്ഛനമ്മമാർ മക്കളുടെ മേൽ സ്വാഭാവികമായി വെക്കുന്ന നിബന്ധനകൾ അവർ തമ്മിലുള്ള ബന്ധത്തിൽ വളരെ പിരിമുറുക്കം ഉളവാക്കിയേക്കാം എന്നു ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മുത്തശ്ശീമുത്തശ്ശന്മാർക്കു സാധാരണഗതിയിൽ അത്തരം നിബന്ധനകളൊന്നും വെക്കേണ്ടതില്ലാത്തതിനാൽ അവരും പേരക്കുട്ടികളും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം നന്നേ കുറവായിരിക്കും. ആർതർ കൊൺഹാബർ, എം.ഡി. പറയുന്നതുപോലെ “മുത്തശ്ശീമുത്തശ്ശന്മാർ ആയിരിക്കുന്നതുകൊണ്ടുതന്നെ” അവർക്കു സ്വാതന്ത്ര്യപൂർവം പേരക്കുട്ടികളെ സ്നേഹിക്കാനും ലാളിക്കാനും കഴിയും. കൊച്ചുമക്കളുള്ള എസ്ഥേർ പറയുന്നു: “എന്റെ മക്കളുടെ കാര്യത്തിൽ അവർ ചെയ്യുന്ന ഓരോ പ്രവൃത്തിയും എന്നെ വൈകാരികമായി ബാധിച്ചിരുന്നു. എന്നാൽ ഒരു മുത്തശ്ശി എന്ന നിലയിൽ മറ്റ് ഉത്തരവാദിത്വങ്ങളൊന്നും ഇല്ലാതെ എന്റെ പേരക്കുട്ടികളെ സ്നേഹിക്കാനും അവരുമായുള്ള ബന്ധം ആസ്വദിക്കാനും എനിക്കു കഴിയുന്നു.”
പ്രായമേറുന്തോറും ജ്ഞാനവും കാര്യശേഷിയും വർധിക്കും. (ഇയ്യോബ് 12:12) അനുഭവപരിചയമില്ലാത്ത ചെറുപ്പക്കാരിൽനിന്നു വ്യത്യസ്തമായി മുത്തശ്ശീമുത്തശ്ശന്മാർക്കു മക്കളെ വളർത്തുന്നതിൽ അനേക വർഷത്തെ പരിചയമുണ്ട്. വന്നുപോയിട്ടുള്ള പിഴവുകളിൽനിന്നു പാഠം ഉൾക്കൊണ്ടിരിക്കുന്നതിനാൽ കുട്ടികളെ കൈകാര്യം ചെയ്യുന്നതിൽ ചെറുപ്പം ആയിരുന്നപ്പോഴത്തെതിനെക്കാൾ കാര്യശേഷി അവർക്കു കൈവന്നിട്ടുണ്ടാകാം.
അതുകൊണ്ട് ഡോ. കൊൺഹാബർ ഇങ്ങനെ നിഗമനം ചെയ്യുന്നു: “മുത്തശ്ശീമുത്തശ്ശന്മാരുടെയും പേരക്കുട്ടികളുടെയും ഇടയിൽ ആരോഗ്യാവഹമായ ബന്ധവും സ്നേഹവും ഉണ്ടായിരിക്കേണ്ടത് മൂന്നു തലമുറകളുടെയും വൈകാരിക ആരോഗ്യത്തിനും സന്തോഷത്തിനും അനിവാര്യമാണ്. ഈ ബന്ധം കുട്ടികളുടെ ജന്മാവകാശമാണ്, . . . കുടുംബത്തിലെ എല്ലാവർക്കും പ്രയോജനപ്രദമായ, പ്രായമായവരിൽനിന്ന് അവകാശമായി ലഭിക്കുന്ന ഒരു സ്വത്ത്.” സമാനമായി കുടുംബ ബന്ധങ്ങൾ എന്ന ഇംഗ്ലീഷ് പത്രിക ഇങ്ങനെ പറയുന്നു: “മുത്തശ്ശീമുത്തശ്ശന്മാർ എന്ന നിലയിലുള്ള തങ്ങളുടെ ധർമം മനസ്സിലാക്കി പ്രവർത്തിക്കുന്നവർ മനക്കരുത്തും വർധിച്ച സന്തോഷവും സംതൃപ്തിയും വളർത്തിയെടുക്കുന്നു.”
ഒരു മുത്തശ്ശന്റെ അല്ലെങ്കിൽ മുത്തശ്ശിയുടെ ധർമം
മുത്തശ്ശീമുത്തശ്ശന്മാർക്കു നിർവഹിക്കാൻ കഴിയുന്ന അനേകം വിലപ്പെട്ട ധർമങ്ങൾ ഉണ്ട്. “വിവാഹിതരായ മക്കളെ പിന്തുണയ്ക്കാൻ അവർക്കു കഴിയും,” ജീൻ പറയുന്നു. “അങ്ങനെ ചെയ്യുകവഴി യുവമാതാപിതാക്കൾ എന്ന നിലയിൽ തങ്ങളുടെ മക്കൾ നേരിടുന്ന ദുഷ്കരമായ ചില സാഹചര്യങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്നതിന് അവർക്കു കഴിയും.” പേരക്കുട്ടികളെ പിന്തുണയ്ക്കുന്നതിലും മുത്തശ്ശീമുത്തശ്ശന്മാർക്കു ചെയ്യാൻ സാധിക്കുന്ന വളരെ കാര്യങ്ങളുണ്ട്. കുടുംബ ചരിത്രത്തെ കുറിച്ച് ഒരു കുട്ടിക്കു പറഞ്ഞു കൊടുക്കുന്നതു മിക്കപ്പോഴും മുത്തശ്ശീമുത്തശ്ശന്മാർ ആണ്. കൂടാതെ, കുടുംബത്തിന്റെ മതപൈതൃകം കൈമാറുന്നതിലും അവർ മുഖ്യ പങ്കു വഹിക്കുന്നുണ്ട്.
പല കുടുംബങ്ങളിലും മുത്തശ്ശീമുത്തശ്ശന്മാർ വിശ്വസ്ത ഉപദേശകരായും വർത്തിക്കുന്നു. “മാതാപിതാക്കളോടു പറയാൻ മടിക്കുന്ന കാര്യങ്ങൾ കുട്ടികൾ ഒരുപക്ഷേ നിങ്ങളോടു പറഞ്ഞെന്നിരിക്കും,” ആദ്യ ലേഖനത്തിൽ പരാമർശിച്ച ജെയ്ൻ പറയുന്നു. മാതാപിതാക്കൾ ഇത്തരം സഹായം സ്വാഗതം ചെയ്യുകയാണു പതിവ്. ഒരു പഠനം കാണിക്കുന്നതനുസരിച്ച് “കൗമാരപ്രായക്കാരിൽ 80 ശതമാനത്തിലധികം പേരും തങ്ങളുടെ മുത്തശ്ശീമുത്തശ്ശന്മാരെ ആത്മമിത്രങ്ങളായി കണക്കാക്കിയിരുന്നു. . . . പ്രായപൂർത്തിയായ പേരക്കുട്ടികളിൽ വലിയൊരു ശതമാനം തങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള മുത്തശ്ശിയുമായി അല്ലെങ്കിൽ മുത്തശ്ശനുമായി പതിവായി സമ്പർക്കം പുലർത്തുന്നു.”
ഭവനത്തിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം സ്നേഹനിധിയായ ഒരു മുത്തശ്ശൻ അല്ലെങ്കിൽ മുത്തശ്ശി ഉണ്ടായിരിക്കുന്നതു വിശേഷിച്ചും പ്രധാനമായിരിക്കും. “കുട്ടിക്കാലത്തു വല്യമ്മച്ചിയായിരുന്നു എന്റെ എല്ലാം,” സെൽമ വാസർമാൻ എഴുതുന്നു. “എന്റെ ജീവിതത്തിലേക്കു കടന്നുവന്ന് സ്നേഹം കൊണ്ട് അതിനെ നിറച്ചത് എന്റെ വല്യമ്മച്ചിയായിരുന്നു. മിയാമി ബീച്ചിനെക്കാൾ വിശാലമായ ഒരു മടിത്തട്ടായിരുന്നു വല്യമ്മച്ചിയുടേത്. അവിടെ ഞാൻ സുരക്ഷിതയാണെന്ന് എനിക്ക് അറിയാമായിരുന്നു. . . . എന്നെ കുറിച്ചുതന്നെയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ—ഞാൻ സ്നേഹിക്കപ്പെടുന്നുവെന്നും അതുകൊണ്ടുതന്നെ സ്നേഹിക്കാൻ കൊള്ളാവുന്നവൾ ആണെന്നുമൊക്കെ—ഞാൻ മനസ്സിലാക്കിയതു വല്യമ്മച്ചിയിൽ നിന്നായിരുന്നു.”—ദൂരത്തുള്ള വല്യമ്മച്ചി (ഇംഗ്ലീഷ്).
കുടുംബത്തിലെ സംഘർഷങ്ങൾ
മുത്തശ്ശീമുത്തശ്ശന്മാർക്കും പിരിമുറുക്കങ്ങളും പ്രശ്നങ്ങളുമൊക്കെ ഉണ്ടായേക്കാം. ഉദാഹരണത്തിന്, കുഞ്ഞിനെ ഏമ്പക്കം വിടുവിക്കുന്നതിനുള്ള ശരിയായ വിധം ഏതെന്നതിനെ ചൊല്ലി തന്റെ അമ്മയുമായി വലിയ തർക്കം ഉണ്ടായതായി ഒരു സ്ത്രീ ഓർക്കുന്നു. “ഞങ്ങൾ തമ്മിൽ വലിയ അകൽച്ചയ്ക്ക് അതിടയാക്കി. ഞാൻ വൈകാരികമായി വളരെ സമ്മർദം അനുഭവിച്ചിരുന്ന ഒരു സമയത്തായിരുന്നു അതു സംഭവിച്ചത്.” തങ്ങൾ മക്കളെ വളർത്തുന്ന രീതി അച്ഛനും അമ്മയും അംഗീകരിക്കണമെന്നു യുവ മാതാപിതാക്കൾ ആഗ്രഹിച്ചേക്കാം. അതുകൊണ്ട് തങ്ങളുടെ മാതാപിതാക്കളുടെ സദുദ്ദേശ്യപരമായ നിർദേശങ്ങൾ രൂക്ഷമായ വിമർശനങ്ങളായി അവർക്കു തോന്നിയേക്കാം.
മാതാപിതാക്കളും മുത്തശ്ശീമുത്തശ്ശന്മാരും തമ്മിൽ (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഡോ. കൊൺഹാബർ സാധാരണമായ മറ്റൊരു പ്രശ്നം അഭിമുഖീകരിക്കുന്ന രണ്ടു വ്യക്തികളുടെ ഉദാഹരണം ചൂണ്ടിക്കാട്ടുന്നു. അവരിൽ ഒരാൾ ഒരു അമ്മയാണ്. അവർ പറയുന്നത് ഇങ്ങനെയാണ്: “അച്ഛനും അമ്മയും എന്റെ എല്ലാ കാര്യത്തിലും കൈകടത്താൻ വരും. വീട്ടിൽ വരുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ അവർക്കു ദേഷ്യമാണ്. . . . എന്നെ കുറിച്ച് അവർക്ക് ഒരു ചിന്തയുമില്ല, എന്റെ വികാരങ്ങളെയോ സ്വകാര്യതയെയോ കുറിച്ചൊന്നും.” മറ്റേ വ്യക്തി, ഒരു പിതാവ്, ഇങ്ങനെ പറയുന്നു: “എന്റെ മകളെ സ്വന്തമാക്കി വെക്കാനാണ് അവരുടെ മോഹം. സൂസിയുടെ എല്ലാ കാര്യത്തിലും എന്റെ മാതാപിതാക്കൾക്ക് ഇടപെടണം . . . മാറിത്താമസിക്കുന്നതിനെ കുറിച്ചു ഞങ്ങൾ ആലോചിക്കുകയാണ്.”
കണ്ടതെല്ലാം വാങ്ങിക്കൊടുത്ത് മുത്തശ്ശീമുത്തശ്ശന്മാർ പേരക്കുട്ടികളെ വഷളാക്കുന്നു എന്ന പരാതിയും ചിലപ്പോൾ ഉയർന്നുവരാറുണ്ട്. സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുന്നത് ഒരു മുത്തശ്ശനെയോ മുത്തശ്ശിയെയോ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. എന്നാൽ ചിലർ ഇക്കാര്യത്തിൽ അതിരുകടക്കുന്നതായി കാണപ്പെടുന്നു. ചിലപ്പോൾ മാതാപിതാക്കളുടെ അത്തരം പരാതി അസൂയയിൽനിന്ന് ഉടലെടുത്തതായിരിക്കാം. (സദൃശവാക്യങ്ങൾ 14:30) “അച്ഛനും അമ്മയും എന്നോടു കർക്കശമായും പരുക്കൻ മട്ടിലുമാണു പെരുമാറിയിരുന്നത്,” മിൽഡ്രഡ് പറയുന്നു. “പക്ഷേ എന്റെ മക്കൾക്ക് അവർ എന്തു വേണമെങ്കിലും വാങ്ങിക്കൊടുക്കും, [അവർ ചെയ്യുന്ന എന്തും വകവെച്ചു കൊടുക്കുകയും] ചെയ്യും. എന്നോടുള്ള പെരുമാറ്റത്തിൽ അവർ അൽപ്പം പോലും മാറ്റം വരുത്തിയിട്ടില്ലാത്തതു കൊണ്ടാണ് എനിക്ക് അസൂയ തോന്നുന്നത്.” ഉദ്ദേശ്യമോ കാരണമോ എന്തുതന്നെ ആയിരുന്നാലും സമ്മാനങ്ങൾ വാങ്ങിക്കൊടുക്കുന്ന കാര്യത്തിൽ മുത്തശ്ശനോ മുത്തശ്ശിയോ കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും താത്പര്യങ്ങളെ മാനിക്കുന്നില്ലെങ്കിൽ അതു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.
അതുകൊണ്ട് ഇക്കാര്യത്തിൽ മുത്തശ്ശീമുത്തശ്ശന്മാർ വിവേകം പ്രകടമാക്കുന്നതു ബുദ്ധിയായിരിക്കും. എത്ര നല്ല കാര്യമാണെങ്കിലും അമിതമായാൽ അതു ദോഷം ചെയ്യും എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 25:27) ഏതു തരത്തിലുള്ള സമ്മാനങ്ങളാണ് ഉചിതം എന്നു നിശ്ചയമില്ലെങ്കിൽ കുട്ടിയുടെ മാതാപിതാക്കളുമായി അതു ചർച്ച ചെയ്യുക. ഇങ്ങനെ ചെയ്യുകവഴി നിങ്ങൾ ‘നല്ല ദാനങ്ങളെ [“സമ്മാനങ്ങൾ,” NW] കൊടുപ്പാൻ അറിയും.’—ലൂക്കൊസ് 11:13.
സ്നേഹവും ആദരവും അടിസ്ഥാന സംഗതികൾ!
സങ്കടകരമെന്നു പറയട്ടെ, തങ്ങൾ പേരക്കുട്ടികളെ നോക്കുന്നതും പരിപാലിക്കുന്നതുമൊന്നും വിലമതിക്കപ്പെടാറില്ലെന്നു ചില മുത്തശ്ശീമുത്തശ്ശന്മാർ പരാതിപ്പെടുന്നു. പേരക്കുട്ടികളുമായി ആവശ്യത്തിന് ഇടപഴകാൻ മക്കൾ സമ്മതിക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുമുണ്ട്. പ്രശ്നം എന്താണെന്നു പോലും പറയാതെയാണു മക്കൾ പേരക്കുട്ടികളെ തങ്ങളിൽനിന്ന് അകറ്റി നിർത്തുന്നത് എന്നതാണു മറ്റു ചിലരുടെ സങ്കടം. കുടുംബാംഗങ്ങൾ പരസ്പരം സ്നേഹവും ആദരവും കാണിക്കുകയാണെങ്കിൽ ഇത്തരം വേദനാജനകമായ പ്രശ്നങ്ങൾ മിക്കപ്പോഴും ഒഴിവാക്കാനാകും. ബൈബിൾ ഇപ്രകാരം പറയുന്നു: “സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. . . . സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല. . . . എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.”—1 കൊരിന്ത്യർ 13:4, 5, 7.
നിങ്ങൾ ഒരു യുവ മാതാവാണെന്നിരിക്കട്ടെ. അൽപ്പം അലോസരപ്പെടുത്തുന്നതെങ്കിലും സദുദ്ദേശ്യപരമായ ഒരു നിർദേശം അല്ലെങ്കിൽ അഭിപ്രായം അമ്മ നിങ്ങളോടു പറയുന്നെങ്കിലോ? ‘ദേഷ്യപ്പെടാൻ’ യഥാർഥ കാരണങ്ങൾ ഉണ്ടോ? “യൌവനക്കാരത്തികളെ ഭർത്തൃപ്രിയമാരും പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും . . . ആയിരിപ്പാൻ ശീലിപ്പിക്കേണ്ട”ത് പ്രായമായ ക്രിസ്തീയ സ്ത്രീകളാണെന്നു ബൈബിൾ പറയുന്നു. (തീത്തൊസ് 2:3-5) മാത്രമല്ല, നിങ്ങളും കുട്ടികളുടെ വല്യപ്പച്ചനും വല്യമ്മച്ചിയും ആഗ്രഹിക്കുന്നത് ഒന്നുതന്നെയല്ലേ—നിങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ലതു വരണമെന്ന്? സ്നേഹം ‘സ്വാർത്ഥം അന്വേഷിക്കുന്നില്ലാ’ത്തതുകൊണ്ട് കുട്ടിയുടെ ആവശ്യങ്ങളിൽ—നിങ്ങളുടെ വികാരങ്ങളിലല്ല—ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആയിരിക്കാം ഏറ്റവും നല്ലത്. അങ്ങനെ ചെയ്യുന്നത് ഓരോ നിസ്സാര കാര്യങ്ങളെയും ചൊല്ലി “പരസ്പരം ഒരു ബലപരീക്ഷണത്തിലേക്കു വലിച്ചിഴയ്ക്കുന്നത്” ഒഴിവാക്കാൻ നിങ്ങളെ സഹായിച്ചേക്കും.—ഗലാത്യർ 5:26, NW അടിക്കുറിപ്പ്.
കണ്ടതെല്ലാം വാങ്ങിക്കൊടുത്താൽ നിങ്ങളുടെ കുട്ടി വഷളായിപ്പോകും എന്നു നിങ്ങൾ ഭയന്നേക്കാം. എന്നാൽ സാധാരണഗതിയിൽ വല്യമ്മച്ചിയോ വല്യപ്പച്ചനോ എന്തെങ്കിലും ദുരുദ്ദേശ്യത്തോടു കൂടിയല്ല പേരക്കുട്ടിക്കു സമ്മാനം വാങ്ങിക്കൊടുക്കുന്നത്. മാതാപിതാക്കൾ കുട്ടിക്കു നൽകുന്ന പരിശീലനവും ശിക്ഷണവുമാണ് മുത്തശ്ശന്റെയോ മുത്തശ്ശിയുടെയോ വല്ലപ്പോഴുമുള്ള ഇടപെടലിനെ അപേക്ഷിച്ച് അവന്റെ മേൽ ഗണ്യമായ പ്രഭാവം ചെലുത്തുന്നത് എന്നു മിക്ക ശിശുപരിപാലന വിദഗ്ധരും സമ്മതിക്കുന്നു. “നർമബോധം പുലർത്തുന്നതു സഹായകമാണ്” എന്ന് ഒരു ഡോക്ടർ നിർദേശിക്കുന്നു.
കുട്ടിയെ നോക്കുന്ന വിധം സംബന്ധിച്ചു ന്യായമായ ഉത്കണ്ഠയ്ക്കു വകയുണ്ടെങ്കിൽത്തന്നെ അവനും മുത്തശ്ശനും അല്ലെങ്കിൽ മുത്തശ്ശിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുകയല്ല വേണ്ടത്. “വിശ്വസ്ത സംഭാഷണമില്ലാത്തിടത്തു പദ്ധതികളുടെ ഒരു വിഫലമാക്കൽ ഉണ്ട്” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 15:22, NW) “തക്കസമയത്തു” ഗൗരവമായി കാര്യങ്ങൾ ചർച്ച ചെയ്യുകയും നിങ്ങളുടെ ഉത്കണ്ഠകൾ വെളിപ്പെടുത്തുകയും ചെയ്യുക. (സദൃശവാക്യങ്ങൾ 15:23) മിക്കപ്പോഴും പരിഹാരങ്ങൾ കണ്ടെത്താൻ സാധിക്കും.
നിങ്ങൾ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ആണോ? ആണെങ്കിൽ കുട്ടിയുടെ മാതാപിതാക്കളോട് ആദരവു കാട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. കൊച്ചുമകനോ കൊച്ചുമകളോ അപകടത്തിലാണെന്നു മനസ്സിലാകുമ്പോൾ അതേ കുറിച്ചു സംസാരിക്കാനുള്ള കടമയുണ്ടെന്നു തോന്നുന്നതു സ്വാഭാവികമാണ്. എന്നാൽ പേരക്കുട്ടികളോടുള്ള നിങ്ങളുടെ സ്നേഹവും വാത്സല്യവും സഹജമാണെങ്കിലും മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കാണ്—അല്ലാതെ മുത്തശ്ശനും മുത്തശ്ശിക്കുമല്ല. (എഫെസ്യർ 6:4) തങ്ങളുടെ മാതാപിതാക്കളെ ആദരിക്കാനും അനുസരിക്കാനും നിങ്ങളുടെ പേരക്കുട്ടികളോടു ബൈബിൾ കൽപ്പിക്കുന്നു. (എഫെസ്യർ 6:1-3; എബ്രായർ 12:9) അതുകൊണ്ട്, ആവശ്യപ്പെടാതെയുള്ള ഉപദേശങ്ങൾകൊണ്ട് മക്കളെ വീർപ്പുമുട്ടിക്കുകയോ മാതാപിതാക്കളെന്ന നിലയിലുള്ള അവരുടെ അധികാരത്തിൽ കൈകടത്തുകയോ ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.—1 തെസ്സലൊനീക്യർ 4:12 താരതമ്യം ചെയ്യുക.
മനസ്സിലുള്ളതു തുറന്നു പറയാനുള്ള ആഗ്രഹം കടിച്ചമർത്തി എന്തു സംഭവിക്കും എന്ന ഉത്കണ്ഠയോടെ മാറിനിൽക്കാനും കുട്ടിയുടെ അച്ഛനും അമ്മയും അവരുടെ ഇഷ്ടംപോലെ ചെയ്തുകൊള്ളട്ടെ എന്നു കരുതാനും എപ്പോഴും എളുപ്പമായിരിക്കില്ല. എന്നാൽ ജീൻ പറയുന്നതു പോലെ, “അവർ ഉപദേശം ചോദിക്കുന്നതുവരെ തങ്ങളുടെ മക്കൾക്ക് ഏറ്റവും നല്ലത് എന്ന് അവർ കരുതുന്ന കാര്യങ്ങളോടു നിങ്ങൾ സഹകരിക്കേണ്ടിവരും.” ജെയ്ൻ പറയുന്നു: “‘ഇങ്ങനെയേ അതു ചെയ്യാവൂ!’ എന്നൊക്കെ പറയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു കാര്യംതന്നെ പല വിധത്തിൽ ചെയ്യാൻ കഴിയുമല്ലോ. ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്ന മനോഭാവം പ്രശ്നങ്ങൾ സൃഷ്ടിക്കുകയേ ഉള്ളൂ.”
മുത്തശ്ശീമുത്തശ്ശന്മാർക്കു നൽകാൻ കഴിയുന്നത്
കൊച്ചുമക്കളെ ദൈവത്തിൽനിന്നുള്ള ഒരു അനുഗ്രഹമായിട്ടാണു ബൈബിൾ വിശേഷിപ്പിക്കുന്നത്. (സങ്കീർത്തനം 128:3-6) പേരക്കുട്ടികളിൽ താത്പര്യം കാട്ടുകവഴി അവരുടെ ജീവിതത്തിന്മേൽ ശക്തമായ പ്രഭാവം ചെലുത്താനും ദൈവിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ അവരെ സഹായിക്കാനും നിങ്ങൾക്കു കഴിയും. (ആവർത്തനപുസ്തകം 32:7 താരതമ്യം ചെയ്യുക.) ബൈബിൾ കാലങ്ങളിൽ ലോവീസ് എന്ന സ്ത്രീ തന്റെ കൊച്ചുമകനായ തിമൊഥെയൊസിനെ ഒരു മികച്ച ദൈവശുശ്രൂഷകനായി വളർത്തിക്കൊണ്ടു വരുന്നതിൽ ശ്രദ്ധേയമായ പങ്കു വഹിച്ചു. (2 തിമൊഥെയൊസ് 1:4, 5) ദൈവിക പരിശീലനത്തോടു നിങ്ങളുടെ പേരക്കുട്ടികൾ അനുകൂലമായി പ്രതികരിക്കുമ്പോൾ നിങ്ങൾക്കും അതേ ആനന്ദം അനുഭവിക്കാൻ സാധിക്കും.
സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ഉറവായിരിക്കാനും നിങ്ങൾക്കു കഴിയും. സ്നേഹവും വാത്സല്യവും മനസ്സിൽ ഒതുക്കി നിർത്തുന്ന പ്രകൃതമായിരിക്കാം ഒരുപക്ഷേ നിങ്ങളുടേത്. എന്നാൽ പേരക്കുട്ടികളുടെ കാര്യങ്ങളിൽ ആത്മാർഥവും നിസ്സ്വാർഥവുമായ താത്പര്യം കാണിച്ചു കൊണ്ടും നിങ്ങൾക്കു ദൈവിക സ്നേഹം പ്രകടിപ്പിക്കാൻ കഴിയും. എഴുത്തുകാരിയായ സെൽമ വാസർമാൻ പറയുന്നു: “കുട്ടി നിങ്ങളോടു പറയുന്ന കാര്യത്തിൽ താത്പര്യം കാണിക്കുന്നത് . . . തീർച്ചയായും നിങ്ങളുടെ കരുതലിനെ സൂചിപ്പിക്കുന്നു. ഇടയ്ക്കു കയറി പറയാതെ, വിമർശിക്കാതെ നല്ല ഒരു ശ്രോതാവ് ആയിരിക്കുന്നത് നിങ്ങൾക്കു കുട്ടിയോട് ആദരവും വാത്സല്യവും ഉണ്ടെന്നും നിങ്ങൾ അവനെ വളരെ വിലമതിക്കുന്നുവെന്നും പ്രകടമാക്കുന്നു.” അത്തരം സ്നേഹപുരസ്സരമായ ശ്രദ്ധ, ഒരു മുത്തശ്ശനോ മുത്തശ്ശിക്കോ പേരക്കുട്ടിക്കു നൽകാൻ കഴിയുന്നതിലേക്കും ഏറ്റവും നല്ല സമ്മാനങ്ങളിലൊന്നായിരിക്കും.
മുത്തശ്ശീമുത്തശ്ശന്മാരുടെ പരമ്പരാഗത ധർമങ്ങളെ കേന്ദ്രീകരിച്ചുള്ള സംഗതികളായിരുന്നു നാം ഇതുവരെ ചർച്ച ചെയ്തത്. എന്നാൽ ഇന്നത്തെ പല മുത്തശ്ശീമുത്തശ്ശന്മാർക്കും വളരെ ഭാരമേറിയ ഒരു ചുമട് വഹിക്കേണ്ടി വരുന്നു.
[6-ാം പേജിലെ ആകർഷകവാക്യം]
“എന്നെ കുറിച്ചുതന്നെയുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ—ഞാൻ സ്നേഹിക്കപ്പെടുന്നുവെന്നും അതുകൊണ്ടുതന്നെ സ്നേഹിക്കാൻ കൊള്ളാവുന്നവൾ ആണെന്നുമൊക്കെ—ഞാൻ മനസ്സിലാക്കിയതു വല്യമ്മച്ചിയിൽ നിന്നായിരുന്നു.”
[6-ാം പേജിലെ ചതുരം]
ദൂരത്തുള്ള മുത്തശ്ശീമുത്തശ്ശന്മാർക്ക് ചില നിർദേശങ്ങൾ
• പേരക്കുട്ടികളുടെ വീഡിയോ ടേപ്പുകളോ ഫോട്ടോകളോ അയച്ചു തരാൻ മക്കളോട് ആവശ്യപ്പെടുക.
• പേരക്കുട്ടികൾക്കു “കത്തുകൾ” ഓഡിയോ കാസെറ്റിൽ റെക്കോർഡ് ചെയ്ത് അയച്ചുകൊടുക്കുക. ചെറിയ കുട്ടികൾക്കാണെങ്കിൽ ബൈബിൾ കഥകളോ താരാട്ടു പാട്ടുകളോ നിങ്ങൾതന്നെ വായിച്ച് അല്ലെങ്കിൽ പാടി റെക്കോർഡു ചെയ്ത് അയച്ചു കൊടുക്കാവുന്നതാണ്.
• പേരക്കുട്ടികൾക്കു കാർഡുകളും കത്തുകളും അയയ്ക്കുക. സാധിക്കുമെങ്കിൽ ക്രമമായി കത്തുകളിലൂടെ അവരുമായി സമ്പർക്കം പുലർത്തുക.
• ചെലവു താങ്ങാൻ കഴിയുമെങ്കിൽ ദൂരത്തുള്ള പേരക്കുട്ടികളോടു ഫോണിൽ ബന്ധപ്പെടുക. കൊച്ചു കുട്ടികളോടു സംസാരിക്കുമ്പോൾ “രാവിലെ എന്താ കഴിച്ചത്?” എന്നതുപോലുള്ള കൊച്ചുകൊച്ചു ചോദ്യങ്ങൾ ചോദിച്ചുകൊണ്ടു സംഭാഷണം തുടങ്ങാവുന്നതാണ്.
• സാധിക്കുമെങ്കിൽ പതിവായി ഹ്രസ്വ സന്ദർശനങ്ങൾ നടത്തുക.
• പേരക്കുട്ടികളെയും കൊണ്ട് വീട്ടിൽ വരാനുള്ള ഏർപ്പാടുകൾ ചെയ്യാൻ മക്കളോടു പറയുക. മൃഗശാലകൾ, കാഴ്ചബംഗ്ലാവുകൾ, പാർക്കുകൾ എന്നിവ സന്ദർശിക്കുന്നതു പോലുള്ള രസകരമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാവുന്നതാണ്.
[5-ാം പേജിലെ ചിത്രം]
പല മുത്തശ്ശീമുത്തശ്ശന്മാരും പേരക്കുട്ടികളുടെ പരിപാലനത്തിൽ സഹായിക്കുന്നു
[7-ാം പേജിലെ ചിത്രം]
കുട്ടിയെ വളർത്തുന്ന രീതികളെ ചൊല്ലി സംഘർഷങ്ങൾ ഉളവായേക്കാം
[7-ാം പേജിലെ ചിത്രം]
കുടുംബ ചരിത്രം കുട്ടികൾക്കു കൈമാറുന്നതിൽ മുത്തശ്ശീമുത്തശ്ശന്മാർ മിക്കപ്പോഴും പങ്കു വഹിക്കുന്നു