ബൈബിളിന്റെ വീക്ഷണം
ദുശ്ശീലങ്ങളെ മറികടക്കാൻ സാധിക്കുമോ?
എഴുത്തുകാരനായ മാർക് ട്വയിൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “പുകവലി നിറുത്തുന്നതാണ് ലോകത്തിൽ ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം. ആയിരക്കണക്കിനു പ്രാവശ്യം ഞാൻ പുകവലി നിറുത്തിയിട്ടുള്ളതുകൊണ്ട് എനിക്ക് അതു നന്നായി അറിയാം.” ഫലിതരൂപേണയുള്ളതെങ്കിലും നിരാശ നിഴലിക്കുന്ന ട്വയിനിന്റെ ആ പ്രസ്താവനയോടു പലരും യോജിച്ചേക്കാം. അത്തരം ശീലങ്ങൾ ധർമവിരുദ്ധവും ദോഷകരവുമാണെന്ന് അവർക്കു നന്നായി അറിയാം. എന്നാൽ അവയെ ചെറുക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് വളരെ പ്രയാസമാണെന്ന് അവർ തിരിച്ചറിയുന്നു. അത്തരം ശീലങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടാകാം. അതുകൊണ്ടുതന്നെ അവയ്ക്കു മാറ്റം വരുത്താനുള്ള ശ്രമം അത്യന്തം ദുഷ്കരമായിരുന്നേക്കാം. അത്തരം തൃഷ്ണകളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ആയാസകരവും ഒരുപക്ഷേ വേദനാജനകം പോലും ആയിരുന്നേക്കാം.
ഒരിക്കലും മറികടക്കാനാവാത്തവിധം തങ്ങൾ അനിയന്ത്രിത വാഞ്ഛകൾക്കും അധമ മോഹങ്ങൾക്കും അടിപ്പെട്ടുപോയി എന്നാണ് മിക്കപ്പോഴും കുറ്റപ്പുള്ളികൾ കരുതുന്നത് എന്ന് ഒരു ജയിലിലെ ചികിത്സകനായ ഡോക്ടർ ആന്തണി ഡാനിയേൽസ് പറയുന്നു. ഒരാൾക്ക് എന്തിലെങ്കിലും ആസക്തി ജനിച്ചു കഴിഞ്ഞാൽ പിന്നെ “അയാൾക്ക് അതിന്റെ നീരാളിപ്പിടിത്തത്തിൽനിന്നു രക്ഷപ്പെടുക സാധ്യമല്ല” എന്നാണ് അവരുടെ വാദം. അത്തരം ന്യായവാദം ശരിയാണെങ്കിൽ നമ്മുടെ ഏതൊരു തൃഷ്ണയെയും തൃപ്തിപ്പെടുത്താനുള്ള ശ്രമം ഒരു കുറ്റമല്ല. പക്ഷേ, നമ്മുടെ അന്തർചോദനകൾക്കും അഭിലാഷങ്ങൾക്കും നിസ്സഹായതയോടെ കീഴ്പെടുകയല്ലാതെ മറ്റൊരു മാർഗവുമില്ല എന്നതു ശരിയാണോ? അതോ ചീത്ത ശീലങ്ങളെ മറികടക്കുക സാധ്യമാണോ? ആധികാരികമായ ഉത്തരത്തിനായി നമുക്കു ബൈബിളിലേക്കു നോക്കാം.
വാഞ്ഛകളും പ്രവൃത്തികളും
നമ്മുടെ പ്രവർത്തനങ്ങൾക്ക് ദൈവമുമ്പാകെ നാം തന്നെയാണ് ഉത്തരവാദികൾ എന്ന് ബൈബിൾ വ്യക്തമാക്കുന്നു. (റോമർ 14:12) മാത്രമല്ല, നാം അവന്റെ നീതിയുള്ള നിലവാരങ്ങൾക്കൊത്ത് ജീവിക്കാൻ അവൻ നമ്മോട് ആവശ്യപ്പെടുകയും ചെയ്യുന്നു. (1 പത്രൊസ് 1:15) നമ്മുടെ സ്രഷ്ടാവ് എന്ന നിലയിൽ നമുക്ക് മെച്ചമായത് എന്താണെന്ന് അവനറിയാം. ഈ ലോകത്തിൽ സാധാരണമായ പല ശീലങ്ങളെയും അവന്റെ തത്ത്വങ്ങൾ കുറ്റംവിധിക്കുന്നു. (1 കൊരിന്ത്യർ 6:9, 10; ഗലാത്യർ 5:19-21) എന്നിരുന്നാലും അപൂർണ മനുഷ്യരോട് അവൻ സഹാനുഭൂതിയുള്ളവനാണ്, അവരെക്കൊണ്ടു സാധിക്കുന്നതേ അവൻ അവരിൽനിന്നു പ്രതീക്ഷിക്കുന്നുള്ളൂ.—സങ്കീർത്തനം 78:38; 103:13, 14.
അതുകൊണ്ട് സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?” (സങ്കീർത്തനം 130:3) ഉവ്വ്, ‘മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ള’താണ് എന്ന് യഹോവയ്ക്കു നന്നായി അറിയാം. (ഉല്പത്തി 8:21) നമ്മുടെ ജനിതക പൈതൃകം, സഹജമായ ദൗർബല്യങ്ങൾ, പൂർവാനുഭവങ്ങൾ എന്നിവ നിമിത്തം എല്ലാ ദുഷിച്ച ചിന്തകളെയും ആഗ്രഹങ്ങളെയും ഒഴിവാക്കാൻ നമുക്കു കഴിയാതെ പോകുന്നു. അതുകൊണ്ട് സ്നേഹപൂർവം, യഹോവ നമ്മിൽനിന്നു പൂർണത ആവശ്യപ്പെടുന്നില്ല.—ആവർത്തനപുസ്തകം 10:12, 13; 1 യോഹന്നാൻ 5:3.
എന്നാൽ, ദൈവം കാണിക്കുന്ന ഈ പരിഗണന തെറ്റായ ആഗ്രഹങ്ങളെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്നു നമ്മെ ഒഴിവുള്ളവരാക്കുന്നില്ല. തനിക്കു തന്നോടുതന്നെ ഒരു പോരാട്ടം ഉണ്ട് എന്ന് പൗലൊസ് പറഞ്ഞു. എന്നാൽ അവൻ ഒരിക്കലും ആ പോരാട്ടത്തിൽനിന്നു തോറ്റുപിന്മാറിയില്ല. (റോമർ 7:21-24) ‘ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നത്’ എന്ന് അവൻ പറഞ്ഞു. ഏതു ലക്ഷ്യത്തിൽ? ‘താൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്.’ (1 കൊരിന്ത്യർ 9:27) അതേ, നമ്മുടെ തെറ്റായ ചായ്വുകൾക്കും ശീലങ്ങൾക്കും എതിരെ പൊരുതി അവയുടെമേൽ വിജയം വരിക്കുന്നതിന് ആത്മനിയന്ത്രണം അനിവാര്യമാണ്.
മാറ്റം സാധ്യമാണ്
നല്ല ശീലങ്ങൾ എന്നപോലെ ദുഷിച്ച ശീലങ്ങളും കാലക്രമേണ ആർജിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നവയാണ് എന്ന് പെരുമാറ്റരീതികളെ കുറിച്ചു പഠിക്കുന്ന ശാസ്ത്രജ്ഞർ പറയുന്നു. അതു ശരിയാണെങ്കിൽ ആർജിച്ച ദുശ്ശീലങ്ങൾ തീർച്ചയായും ഉപേക്ഷിക്കാനും സാധിക്കും. എങ്ങനെ? “ആ പ്രത്യേക ശീലം ഉപേക്ഷിക്കുന്നതിന്റെ പ്രയോജനത്തെ കുറിച്ചു ചിന്തിക്കുക,” സമ്മർദ നിയന്ത്രണത്തെ കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ എഴുത്തുകാർ പറയുന്നു. എന്നിട്ട്, “അങ്ങനെയൊരു മാറ്റം വരുത്തുന്നത് ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്തും എന്നതിന്റെ ഒരു പട്ടിക തയ്യാറാക്കുക.” അതേ, ദുഷിച്ച ശീലം ഉപേക്ഷിക്കുന്നതിന്റെ പ്രയോജനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാറ്റം വരുത്താൻ നമ്മെ പ്രചോദിപ്പിക്കും.
‘നമ്മുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിക്കാ’നുള്ള അപ്പൊസ്തലനായ പൗലൊസിന്റെ അനുശാസനത്തെ കുറിച്ചു ചിന്തിക്കുക. (എഫെസ്യർ 4:22, 23) ഇവിടെ ആത്മാവ് എന്നു പറയുന്നത് നമ്മുടെ പ്രമുഖ മാനസിക ചായ്വാണ്. ദൈവത്തോട് അടുത്തുചെല്ലുകയും അവന്റെ നിലവാരങ്ങളോട് വിലമതിപ്പു നട്ടുവളർത്തുകയും ചെയ്തുകൊണ്ട് ആ ആത്മാവിന് മാറ്റം വരുത്തുക. യഹോവയ്ക്കു പ്രസാദകരമായതാണു ചെയ്യുന്നത് എന്ന തിരിച്ചറിവ് ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നിങ്ങളെ പ്രോത്സാഹിപ്പിക്കും.—സങ്കീർത്തനം 69:30-33; സദൃശവാക്യങ്ങൾ 27:11; കൊലൊസ്സ്യർ 1:9, 10.
വർഷങ്ങളോളം നമ്മുടെ ജീവിതത്തെ അടക്കി ഭരിച്ച ദുശ്ശീലങ്ങളെ മറികടക്കുന്നത് ദുഷ്കരമായിരിക്കും. അതിനു വേണ്ടിവന്നേക്കാവുന്ന പോരാട്ടത്തെ നിസ്സാരമായി കാണരുത്. പിൻവാങ്ങലും പരാജയവും തീർച്ചയായും ഉണ്ടായേക്കാം. എന്നാൽ കാലാന്തരത്തിൽ കാര്യങ്ങൾ മെച്ചപ്പെടും എന്നതിൽ ഉറപ്പുണ്ടായിരിക്കുക. നിങ്ങൾ എത്രത്തോളം ശ്രമം ചെലുത്തുന്നുവോ അത്രത്തോളം പുതിയ സ്വഭാവം നിങ്ങളിൽ പ്രകടമായിരിക്കും.
ദൈവത്തെ സ്നേഹിക്കുന്ന ഒരുവന് അവനിൽനിന്നുള്ള സഹായവും അനുഗ്രഹവും സംബന്ധിച്ച് ഉറപ്പുണ്ടായിരിക്കാനാകും. അപ്പൊസ്തലനായ പൗലൊസ് പറയുന്നു: “ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു . . . അവൻ പോക്കുവഴിയും ഉണ്ടാക്കും.” (1 കൊരിന്ത്യർ 10:13) വളരെ പെട്ടെന്നുതന്നെ യഹോവയാം ദൈവം ഈ ദുഷ്ട വ്യവസ്ഥിതിയെയും ഇതിന്റെ അധഃപതിച്ച പ്രലോഭനങ്ങളെയും മോഹങ്ങളെയും തൃഷ്ണകളെയും നശിപ്പിച്ചുകളയും. (2 പത്രൊസ് 3:9-13; 1 യോഹന്നാൻ 2:16, 17) ഈ നാശത്തെ അതിജീവിക്കുന്ന എല്ലാ അപൂർണ മനുഷ്യർക്കും ക്രമേണ, ശാരീരികവും മാനസികവും വൈകാരികവുമായ എല്ലാ വ്യാധികളിൽനിന്നും എന്നേക്കും പൂർണമായി മുക്തി നേടാനാകും. “മുമ്പിലെത്തവ ആരും ഓർക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല” എന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 65:17) “മുമ്പിലെത്തവ”യിൽ നിസ്സംശയമായും വ്യസനകാരണമായ വാഞ്ഛകളും ആഗ്രഹങ്ങളും ഉൾപ്പെടുന്നു. ചീത്ത ശീലങ്ങളെ ചെറുക്കുന്നതിൽ ഇന്നു നമ്മുടെ പരമാവധി ചെയ്യുന്നതിനുള്ള മഹത്തായ ഒരു കാരണമല്ലേ ഇത്? (g04 4/8)
[27-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ദുശ്ശീലങ്ങൾ എങ്ങനെ ഒഴിവാക്കാം?
1. ചീത്ത ശീലങ്ങൾ തിരിച്ചറിയുകയും അതു സമ്മതിക്കുകയും ചെയ്യുക. നിങ്ങളോടുതന്നെ ചോദിക്കുക, ‘ഈ ശീലംകൊണ്ട് എനിക്കു യഥാർഥത്തിൽ പ്രയോജനം ഉണ്ടോ? അതു മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ? അത് എന്റെ ആരോഗ്യത്തെയോ സാമ്പത്തികനിലയെയോ ക്ഷേമത്തെയോ കുടുംബത്തെയോ മനസ്സമാധാനത്തെയോ ബാധിക്കുന്നുണ്ടോ? അത് ഒഴിവാക്കിയാൽ എനിക്ക് എന്തു മെച്ചമുണ്ടാകും?’
2. ദുഷിച്ച ശീലത്തിനു പകരം ഗുണകരമായ എന്തെങ്കിലും ശീലം നട്ടുവളർത്തുക. ദൃഷ്ടാന്തത്തിന്, നിങ്ങൾ ഇന്റർനെറ്റ് ഉപയോഗിച്ചുകൊണ്ടോ ഒരുപക്ഷേ ആരോഗ്യാവഹമല്ലാത്ത കാര്യങ്ങൾ വായിച്ചുകൊണ്ടോ ധാരാളം സമയം ചെലവഴിക്കാറുണ്ടോ? അങ്ങനെയെങ്കിൽ ആ സമയം ആരോഗ്യാവഹമായ വായന, പഠനം അല്ലെങ്കിൽ പരിശീലനം എന്നിവയ്ക്കുവേണ്ടി മാറ്റിവെക്കുക.
3. നിങ്ങളുടെ പുരോഗതി നിരീക്ഷിക്കുക. ഓരോ ദിവസവും ഏതാനും നിമിഷം നിങ്ങളുടെ പുരോഗതിയെ കുറിച്ചു ചിന്തിക്കുക. നിങ്ങൾ പിന്നാക്കം പോയിട്ടുണ്ടെങ്കിൽ അതിലേക്കു നയിച്ച സാഹചര്യം വിലയിരുത്തുക.
4. മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. നിങ്ങൾ ആ ശീലം ഉപേക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് നിങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും അറിയിക്കുക. നിങ്ങൾ ആ തീരുമാനത്തിൽനിന്നു വ്യതിചലിക്കുന്നതായി കാണുന്നെങ്കിൽ അക്കാര്യം ഓർമിപ്പിക്കാൻ അവരോടു പറയുക. ആ ശീലം ഉപേക്ഷിക്കുന്നതിൽ വിജയിച്ചിട്ടുള്ളവരോടു സംസാരിക്കുക.—സദൃശവാക്യങ്ങൾ 11:14, NW.
5. സമനിലയും യാഥാർഥ്യബോധവും പ്രകടമാക്കുക. പെട്ടെന്നുള്ള വിജയം പ്രതീക്ഷിക്കരുത്. കാലങ്ങളായുള്ള ചില ശീലങ്ങൾ ഉപേക്ഷിക്കാൻ കുറെയധികം സമയം എടുത്തേക്കാം.
6. ദൈവത്തോടു പ്രാർഥിക്കുക. ദൈവത്തിന്റെ സഹായത്താൽ ഏതു ദുഷിച്ച ശീലവും ഉപേക്ഷിക്കാൻ നിങ്ങൾക്കു കഴിയും.—സങ്കീർത്തനം 55:22; ലൂക്കൊസ് 18:27.