യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്ക് ഇത്ര മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
“ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾക്ക് [എന്റെ ബോയ്ഫ്രണ്ട്] മിക്കപ്പോഴും എന്നോടു വഴക്കിടാറുണ്ട്. പക്ഷേ, അദ്ദേഹത്തെ പിരിയാൻ എനിക്കാവില്ല, അത്രയ്ക്ക് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ടുപോയി.”—കാത്റിൻ.a
“പുറമേ [മുറിവൊന്നും] ഉണ്ടായിരുന്നില്ല. എന്നാൽ ഉള്ളിൽ ഞാൻ ആകെ തകർന്നിരുന്നു.”—ബോയ്ഫ്രണ്ടിന്റെ അടിയേറ്റ ആൻഡ്രേയാ.
തികച്ചും പരിചിതമായ ഒരു സാഹചര്യം: ഒരു പെൺകുട്ടി ആകർഷക വ്യക്തിത്വത്തിന് ഉടമയായ, മര്യാദക്കാരൻ എന്നു തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുമായി ഡേറ്റിങ്ങിൽ ഏർപ്പെടുന്നു. എന്നാൽ ക്രമേണ ചെറുപ്പക്കാരനിൽ ചില മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. മധുരമൊഴികൾ പരുഷ പരിഹാസത്തിനും അവമതിക്കുന്ന വിമർശനങ്ങൾക്കും വഴിമാറുന്നു. ആദ്യമൊക്കെ അതിനെ നയമില്ലാത്തതെങ്കിലും കേവലം ഇഷ്ടക്കൂടുതൽ നിമിത്തമുള്ള കളിയാക്കലായേ അവൾ കണക്കാക്കുന്നുള്ളൂ. എന്നാൽ വാക്കുകൾ കൊണ്ടുള്ള മുറിവേൽപ്പിക്കലും കോപാവേശവും പശ്ചാത്താപ പ്രകടനങ്ങളുമൊക്കെ തുടർക്കഥയായി മാറുന്നു. എന്തുകൊണ്ടോ താനാണ് ഇതിനൊക്കെ ഉത്തരവാദി എന്നാണ് പെൺകുട്ടിയുടെ വിചാരം. കാര്യങ്ങൾക്കു മാറ്റം വരുമെന്നു ചിന്തിച്ചുകൊണ്ട് അവൾ എല്ലാം നിശ്ശബ്ദം സഹിക്കുകയാണ്. പക്ഷേ, അവളുടെ പ്രതീക്ഷകൾ അസ്ഥാനത്താകുന്നു. അവളുടെ കൂട്ടുകാരൻ ആക്രോശിക്കാനും ബഹളംവെക്കാനുമൊക്കെ തുടങ്ങുന്നു. അത്തരമൊരു സന്ദർഭത്തിൽ അയാൾ അവളെ അക്രമാസക്തമായി പിടിച്ചുതള്ളുക പോലും ചെയ്യുന്നു. അടുത്ത തവണ പ്രഹരമായിരിക്കുമോ എന്ന് അവൾ ഭയപ്പെടുന്നു.b
പ്രണയിതാവിൽനിന്നുള്ള ശാരീരികമോ വാഗ്രൂപേണയോ ഉള്ള ദുഷ്പെരുമാറ്റം അനുഭവിക്കുന്നവർക്ക് തുടർച്ചയായ വിമർശനം, വേദനിപ്പിക്കുന്ന സംസാരം, കോപം എന്നിവ സഹിക്കേണ്ടി വന്നേക്കാം. നിങ്ങൾ അത്തരം ഒരവസ്ഥയിലാണോ? (“ചില മുന്നറിയിപ്പിൻ അടയാളങ്ങൾ” എന്ന ചതുരം കാണുക.) അങ്ങനെയാണെങ്കിൽ ദുഃഖവും നാണക്കേടും നിമിത്തം എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങുകയായിരിക്കാം നിങ്ങൾ.
ഇത്തരം സാഹചര്യങ്ങൾ നിങ്ങൾ കരുതാനിടയുള്ളതു പോലെ അത്ര അസാധാരണമൊന്നുമല്ല. ഡേറ്റിങ്ങിൽ ഏർപ്പെടുന്ന അഞ്ചുപേരിൽ ഒരാൾക്കു വീതം ഏതെങ്കിലും തരത്തിലുള്ള ദ്രോഹം നേരിടേണ്ടിവരുന്നു എന്നാണ് ഗവേഷകർ കണക്കാക്കുന്നത്. വേദനിപ്പിക്കുന്നതും പരുഷവുമായ സംസാരം കൂടെ പരിഗണിച്ചാൽ അത് 5-ൽ 4 ആയി ഉയരും. പൊതുവേ ആളുകൾ കരുതുന്നതുപോലെ സ്ത്രീകൾ മാത്രമല്ല ഇത്തരത്തിൽ ദ്രോഹിക്കപ്പെടുന്നത്. ഡേറ്റിങ് പങ്കാളിയാൽ ദ്രോഹിക്കപ്പെടുന്ന “സ്ത്രീപുരുഷന്മാരുടെ അനുപാതം ഏറെക്കുറെ തുല്യമാണ്” എന്നാണ് അക്രമത്തെ കുറിച്ച് ബ്രിട്ടനിൽ നടന്ന ഒരു പഠനം കാണിക്കുന്നത്.c
പ്രേമബന്ധത്തിൽ അത്തരം മോശമായ പെരുമാറ്റത്തിന് എന്താണു കാരണം? നിങ്ങൾക്ക് അങ്ങനെ സംഭവിക്കുന്നെങ്കിൽ എന്താണു ചെയ്യേണ്ടത്?
ദൈവത്തിന്റെ വീക്ഷണം വെച്ചുപുലർത്തുക
ദൈവം അത്തരമൊരു സാഹചര്യത്തെ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്നതാണ് നിങ്ങൾ ആദ്യം തിരിച്ചറിയേണ്ട സംഗതി. അപൂർണ മനുഷ്യർ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും എന്നതു ശരിതന്നെ. (യാക്കോബ് 3:2) പരസ്പരം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആളുകൾ തമ്മിൽ പോലും ഇടയ്ക്കൊക്കെ വിയോജിപ്പുകൾ ഉണ്ടാകും എന്നും പ്രതീക്ഷിക്കാവുന്നതാണ്. ദൃഷ്ടാന്തത്തിന്, പക്വമതികളായ ക്രിസ്ത്യാനികൾ ആയിരുന്നിട്ടും അപ്പൊസ്തലനായ പൗലൊസും ബർന്നബാസും തമ്മിൽ ഒരിക്കൽ ‘ഉഗ്രവാദമുണ്ടായി.’ (പ്രവൃത്തികൾ 15:38) അതുകൊണ്ട് നിങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ ഇടയ്ക്കിടെ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം.
നിങ്ങളുടെ ബോയ്ഫ്രണ്ട് ഒരിക്കലും വിമർശനാത്മകമായി യാതൊന്നും പറയുകയില്ല എന്നു പ്രതീക്ഷിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല. നിങ്ങൾ വിവാഹത്തെ കുറിച്ചു ചിന്തിക്കുന്നവരാണെന്നിരിക്കെ നിങ്ങളുടെ ഏതെങ്കിലും ശീലമോ സ്വഭാവവിശേഷമോ അയാൾക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിൽ അത് നിങ്ങളോടു തുറന്നുപറയുന്നതായിരിക്കില്ലേ സ്നേഹപൂർവകമായ സംഗതി? വിമർശനം വേദനിപ്പിച്ചേക്കാം എന്നതു സത്യംതന്നെ. (എബ്രായർ 12:11) എന്നാൽ സ്നേഹത്താൽ പ്രചോദിതമായ, സ്നേഹപൂർവമുള്ള വിമർശനം ഒരിക്കലും വേദനിപ്പിക്കുന്ന പരുഷ സംസാരമല്ല.—സദൃശവാക്യങ്ങൾ 27:6.
എന്നാൽ ആക്രോശവും അടിയും ഇടിയും അധിക്ഷേപവുമൊക്കെ അതിൽനിന്നു വളരെ വ്യത്യസ്തമാണ്. “കോപം, ക്രോധം, ഈർഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുർഭാഷണം” എന്നിവയെ ബൈബിൾ കുറ്റം വിധിക്കുന്നു. (കൊലൊസ്സ്യർ 3:8) അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ അടിച്ചമർത്തുകയോ ചെയ്തുകൊണ്ട് ആരെങ്കിലും “അധികാരം” ദുരുപയോഗം ചെയ്യുമ്പോൾ യഹോവ കോപാകുലനാകുന്നു. (സഭാപ്രസംഗി 4:1; 8:9) വാസ്തവത്തിൽ ദൈവവചനം ഭർത്താക്കന്മാർക്ക് ഈ കൽപ്പന നൽകുന്നു: “ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്ത ശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു . . . ആരും തന്റെ ജഡത്തെ ഒരുനാളും പകെച്ചിട്ടില്ലല്ലോ; . . . അതിനെ പോററി പുലർത്തുകയത്രേ ചെയ്യുന്നത്.” (എഫെസ്യർ 5:28, 29) തന്റെ കോർട്ടിങ് പങ്കാളിയോട് മോശമായി സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്ന ഒരുവൻ ഒരു വിവാഹ ഇണയാകാൻ യോഗ്യനല്ല എന്നു പ്രകടമാക്കുകയാണ്. തന്നെയുമല്ല, അയാൾ യഹോവയാം ദൈവത്തിന്റെ അപ്രീതിക്കു പാത്രമായിത്തീരുകയും ചെയ്യുന്നു!
അതു നിങ്ങളുടെ കുറ്റമല്ല!
തങ്ങളുടെ മോശമായ പെരുമാറ്റത്തിന് അതിന് ഇരയായവരെയാണ് ഇത്തരക്കാർ മിക്കപ്പോഴും പഴിക്കാറുള്ളത്. അതുകൊണ്ട് കൂട്ടുകാരന്റെ കോപത്തിനു കാരണക്കാരി നിങ്ങൾതന്നെ ആണെന്ന് ഒരുപക്ഷേ തോന്നിയേക്കാം. എന്നാൽ അതും നിങ്ങളും തമ്മിൽ കാര്യമായ ബന്ധമൊന്നും ഉണ്ടായിരിക്കണമെന്നില്ല. മിക്കപ്പോഴും, മോശമായി പെരുമാറുന്നവർ അക്രമവും ദുഷിച്ച സംസാരവും സാധാരണ സംഗതികളായി കരുതപ്പെട്ടിരുന്ന ഒരു അന്തരീക്ഷത്തിൽ വളർന്നു വന്നിട്ടുള്ളവരാണ്.d ചില രാജ്യങ്ങളിൽ നിലനിൽക്കുന്ന പുരുഷ മേധാവിത്വ സംസ്കാരം യുവജനങ്ങളെ ബാധിക്കുന്നുണ്ട്. ഒരുതരം പരുക്കൻ പൗരുഷം പ്രകടിപ്പിക്കാൻ പ്രേരിപ്പിക്കുന്നതിൽ സമപ്രായക്കാർക്കും പങ്കുണ്ടായിരുന്നേക്കാം. ആത്മവിശ്വാസം ഇല്ലാത്തതിനാൽ, നിങ്ങൾ പറയുന്നതും ചെയ്യുന്നതുമെല്ലാം വെല്ലുവിളിയായി അയാൾക്കു തോന്നിയേക്കാം.
സാഹചര്യം എന്തുതന്നെ ആയിരുന്നാലും മറ്റൊരാൾ വൈകാരികമായി പൊട്ടിത്തെറിക്കുന്നതിന് നിങ്ങൾ ഉത്തരവാദിയാകുന്നില്ല. വേദനിപ്പിക്കുന്ന തരത്തിലുള്ള പരുഷമായ സംസാരവും അക്രമവും ഒരിക്കലും ന്യായീകരിക്കാവുന്നതുമല്ല.
നിങ്ങളുടെ ചിന്താഗതിക്കു മാറ്റംവരുത്തുക
എന്നിരുന്നാലും കാര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ വീക്ഷണഗതിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടതുണ്ടായിരിക്കാം. എങ്ങനെ? ഒരു പെൺകുട്ടി വളർന്നു വന്നത് അക്രമവും വ്രണപ്പെടുത്തുന്ന സംസാരവും നിത്യസംഭവമായിട്ടുള്ള സാഹചര്യത്തിലാണെങ്കിൽ ദുഷ്പെരുമാറ്റത്തിൽ അവൾക്ക് യാതൊരു അസ്വാഭാവികതയും തോന്നാനിടയില്ല. ക്രിസ്ത്യാനികൾക്കു നിരക്കാത്ത അത്തരം പെരുമാറ്റത്തോടു വെറുപ്പു പ്രകടിപ്പിക്കുന്നതിനു പകരം അവൾ അതിനോടു സഹിഷ്ണുത പുലർത്തിയേക്കാം. ഒരുപക്ഷേ, അത് അവൾക്ക് ആകർഷണീയമായി പോലും തോന്നിയേക്കാം. ഉവ്വ്, വളരെ മാന്യമായി പെരുമാറുന്ന പുരുഷന്മാർ തങ്ങളെ ബോറടിപ്പിക്കുന്നുവെന്ന് ദുഷ്പെരുമാറ്റത്തിന്റെ ചില ഇരകൾ സമ്മതിച്ചു പറഞ്ഞിട്ടുണ്ട്. ഇനി, തങ്ങളുടെ ബോയ്ഫ്രണ്ടിന്റെ സ്വഭാവം മാറ്റിയെടുക്കാൻ കഴിയും എന്നു പാഴ്കിനാവ് കാണുന്നവരാണ് മറ്റു ചില പെൺകുട്ടികൾ.
ഇതിൽ ഏതെങ്കിലും നിങ്ങളുടെ കാര്യത്തിൽ സത്യമാണെങ്കിൽ നിങ്ങൾ ഈ സംഗതിയിൽ ‘മനസ്സു പുതുക്കി രൂപാന്തരപ്പെടേണ്ടതുണ്ട്.’ (റോമർ 12:2) പ്രാർഥന, പഠനം, ധ്യാനം എന്നിവയിലൂടെ ദുഷ്പെരുമാറ്റം സംബന്ധിച്ച യഹോവയുടെ വീക്ഷണം നിങ്ങൾ ഉൾക്കൊള്ളുകയും അത്തരം സ്വഭാവത്തോടു വെറുപ്പു വളർത്തിയെടുക്കുകയും വേണം. മോശമായ പെരുമാറ്റം നിങ്ങൾ സഹിക്കേണ്ടതാണ് എന്ന ധാരണ തെറ്റാണെന്നു തിരിച്ചറിയുക. എളിമ—സ്വന്തം പരിമിതികൾ സംബന്ധിച്ച ബോധം—നട്ടുവളർത്തുന്നത്, കൂട്ടുകാരന്റെ കോപപ്രകൃതത്തിനു മാറ്റം വരുത്താനുള്ള പ്രാപ്തി നിങ്ങൾക്കില്ലെന്നു കാണാൻ നിങ്ങളെ സഹായിക്കും. മാറ്റം വരുത്തേണ്ടത് അയാളുടെ ഉത്തരവാദിത്വമാണ്!—ഗലാത്യർ 6:5.
അപകർഷബോധം നിമിത്തമാണ് ചില പെൺകുട്ടികൾ ദുഷ്പെരുമാറ്റം സഹിക്കുന്നത്. തുടക്കത്തിൽ നാം പരാമർശിച്ച കാത്റിൻ പറയുന്നു: “അദ്ദേഹമില്ലാത്ത ജീവിതത്തെ കുറിച്ചു സങ്കൽപ്പിക്കാൻ പോലും എനിക്കാകില്ല. ഏതായാലും ഇതിലും മെച്ചപ്പെട്ട ഒരുവനെ എനിക്കു കിട്ടാൻ പോകുന്നില്ല.” ഹെൽഗാ എന്നു പേരായ ഒരു പെൺകുട്ടിയും തന്റെ ബോയ്ഫ്രണ്ടിനെ കുറിച്ചു സമാനമായി പറഞ്ഞു, “എന്നെ അടിക്കാൻ ഞാൻ അദ്ദേഹത്തെ അനുവദിച്ചിരുന്നു. ആരും നിങ്ങളെ ശ്രദ്ധിക്കാത്തതിലും എത്രയോ ഭേദമാണ് അത്.”
അത്തരം വീക്ഷണങ്ങൾ ആരോഗ്യാവഹമായ ഒരു ബന്ധത്തിനുള്ള നല്ല അടിത്തറയാണെന്നു തോന്നുന്നുണ്ടോ? നിങ്ങൾ സ്വയം സ്നേഹിക്കുന്നില്ലെങ്കിൽ വാസ്തവത്തിൽ മറ്റുള്ളവരെ സ്നേഹിക്കാൻ നിങ്ങൾക്കു കഴിയുമോ? (മത്തായി 19:19) ആത്മാഭിമാനം സംബന്ധിച്ചു സമനിലയുള്ള വീക്ഷണം വളർത്തിയെടുക്കാൻ പരിശ്രമിക്കുക.e ദുഷ്പെരുമാറ്റം സഹിക്കുന്നത് ഒരിക്കലും അതിനു സഹായകമാവില്ല. ഈറേനാ എന്ന പെൺകുട്ടി അനുഭവത്തിൽനിന്നു പഠിച്ചതുപോലെ ദുഷ്പെരുമാറ്റം സഹിക്കുന്നത് “നിങ്ങളുടെ ആത്മാഭിമാനം കവർന്നെടുക്കും.”
യാഥാർഥ്യത്തെ അഭിമുഖീകരിക്കൽ
തങ്ങൾ ആരോഗ്യാവഹമല്ലാത്ത ഒരു ബന്ധത്തിലാണ് ഏർപ്പെട്ടിരിക്കുന്നത് എന്നു സമ്മതിക്കുന്നത് ചിലരെ സംബന്ധിച്ചു കഠിനമായ ഒരു കാര്യമായിരിക്കാം, ശക്തമായ പ്രേമാത്മക ബന്ധം വികാസം പ്രാപിച്ചിട്ടുണ്ടെങ്കിൽ വിശേഷിച്ചും. പക്ഷേ സത്യത്തിനു നേരെ കണ്ണടച്ചിട്ടു യാതൊരു കാര്യവുമില്ല. ഒരു ബൈബിൾ സദൃശവാക്യം ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) ഹാനാ എന്നു പേരായ ഒരു യുവതി അനുസ്മരിക്കുന്നു, “നിങ്ങൾ ഒരുവനുമായി സ്നേഹത്തിൽ ആയിരിക്കുമ്പോൾ ഫലത്തിൽ അന്ധയായതുപോലെ തന്നെയാണ്. അയാളുടെ നല്ല ഗുണങ്ങൾ മാത്രമേ നിങ്ങൾ കാണുകയുള്ളൂ.” എന്നാൽ നിങ്ങൾ ദുഷ്പെരുമാറ്റത്തിനു വിധേയയാക്കപ്പെടുന്നെങ്കിൽ അയാളുടെ തനിനിറം മനസ്സിലാക്കുന്നതു പ്രധാനമാണ്. ബോയ്ഫ്രണ്ട് നിങ്ങളെ ഭീഷണിപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യുന്നെങ്കിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് തിരിച്ചറിയുക. നിങ്ങളുടെ വികാരങ്ങളെ അടിച്ചമർത്തുകയോ അയാളെ ന്യായീകരിക്കുകയോ സ്വയം പഴിക്കുകയോ അരുത്. ദുഷ്പെരുമാറ്റം തിരുത്തപ്പെടുന്നില്ലെങ്കിൽ അതിന്റെ തോതും തീവ്രതയും വർധിക്കുകയേ ഉള്ളൂ എന്ന് അനുഭവങ്ങൾ പ്രകടമാക്കുന്നു. നിങ്ങളുടെ സുരക്ഷിതത്വം അങ്ങേയറ്റം അപകടത്തിലായേക്കാം!
തീർച്ചയായും, ആത്മനിയന്ത്രണം ഇല്ലാത്തവരുമായുള്ള അടുപ്പത്തിന് പോകാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. (സദൃശവാക്യങ്ങൾ 22:24) അതുകൊണ്ട് നല്ല പരിചയമില്ലാത്ത ഒരാൾ ഡേറ്റിങ്ങിൽ ഏർപ്പെടാൻ നിങ്ങളോട് ആവശ്യപ്പെടുന്നെങ്കിൽ അയാളെ കുറിച്ച് ഒരന്വേഷണം നടത്തുന്നത് ജ്ഞാനപൂർവകമായിരിക്കും. ആദ്യം ഒരു കൂട്ടത്തോടൊപ്പം സഹവസിക്കാമെന്ന് എന്തുകൊണ്ടു പറഞ്ഞുകൂടാ? വളരെ പെട്ടെന്ന് പ്രേമാത്മക വികാരങ്ങൾ വളർത്തിയെടുക്കാതെ അയാളെ കുറിച്ചു മനസ്സിലാക്കാൻ അതു സഹായകമായിരിക്കും. അയാളുടെ കൂട്ടുകാർ ആരാണ്? ഏതു തരത്തിലുള്ള സംഗീതവും സിനിമകളും കമ്പ്യൂട്ടർ ഗെയിമുകളും കായിക വിനോദങ്ങളുമാണ് അയാൾ ഇഷ്ടപ്പെടുന്നത്? അയാളുടെ സംഭാഷണത്തിൽ ആത്മീയ കാര്യങ്ങൾ സംബന്ധിച്ച താത്പര്യത്തിന്റെ സൂചനയുണ്ടോ? എന്നിങ്ങനെയുള്ള അർഥവത്തായ ചോദ്യങ്ങൾ സ്വയം ചോദിക്കുക. അയാളെ കുറിച്ച് അറിയാവുന്നവരോട് അന്വേഷിക്കുക, പ്രത്യേകിച്ച് സഭയിലെ മൂപ്പന്മാരെ പോലെയുള്ളവരോട്. ദൈവിക നടത്തയുടെയും പക്വതയുടെയും കാര്യത്തിൽ അയാൾ മറ്റുള്ളവരാൽ ‘നല്ല സാക്ഷ്യമുള്ള’ വ്യക്തിയാണോ എന്ന് അവർ പറഞ്ഞുതരും.—പ്രവൃത്തികൾ 16:2.
നിങ്ങൾ ഇപ്പോൾത്തന്നെ ദ്രോഹകരമായ ഒരു ബന്ധത്തിൽ ഉൾപ്പെട്ടിരിക്കുകയാണെങ്കിൽ എന്തുചെയ്യാൻ കഴിയും? ഒരു ഭാവി ലേഖനം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നതായിരിക്കും. (g04 5/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b വാഗ്രൂപേണയും ശാരീരികമായും ദ്രോഹത്തിന് ഇരയാകുന്നവർക്കു വേണ്ടിയാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അക്രമികളെ സഹായിക്കാൻ പര്യാപ്തമായ ബുദ്ധിയുപദേശം 1996 ഒക്ടോബർ 22, 1997 മാർച്ച് 22 ലക്കങ്ങളിലെ “വ്രണപ്പെടുത്തുന്ന വാക്കുകളിൽനിന്ന് സുഖപ്പെടുത്തുന്ന വാക്കുകളിലേക്ക്,” “മുട്ടാളത്തം—എന്താണ് അതിന്റെ ദോഷം?” എന്നീ ലേഖനങ്ങളിൽ കാണാം.
c മോശമായ പെരുമാറ്റത്തിന് ഇരയായവരെ ഈ ലേഖനത്തിൽ സ്ത്രീകളായി പരാമർശിക്കുകയാണ്. എന്നാൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്ന തത്ത്വങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ബാധകമാണ്.
d 1996 ഒക്ടോബർ 22 ലക്കത്തിലെ “ദൂഷണത്തിന്റെ വേരുകൾ അനാവരണം ചെയ്യൽ” എന്ന ലേഖനം കാണുക.
e യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 12-ാം അധ്യായം കാണുക.
[19-ാം പേജിലെ ചതുരം]
ചില മുന്നറിയിപ്പിൻ അടയാളങ്ങൾ
◼ നിങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോഴും മറ്റ് അവസരങ്ങളിലും അയാൾ കൂടെക്കൂടെ നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും താഴ്ത്തിക്കെട്ടി സംസാരിക്കുന്നു
◼ അയാൾ മിക്കപ്പോഴും നിങ്ങളുടെ ആഗ്രഹങ്ങളും വികാരങ്ങളും അവഗണിക്കുന്നു
◼ നിങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാൻ ശാഠ്യം പിടിക്കുകയും എല്ലായ്പോഴും നിങ്ങൾക്കു വേണ്ടി തീരുമാനങ്ങളെടുക്കുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളെയും നിയന്ത്രിക്കാൻ ശ്രമിക്കുന്നു
◼ ആക്രോശിക്കുന്നു, ഉന്തുകയും തള്ളുകയും ചെയ്യുന്നു, ഭീഷണിപ്പെടുത്തുന്നു
◼ അനുചിതമായ സ്നേഹപ്രകടനങ്ങൾക്കു പ്രേരിപ്പിക്കുന്നു
◼ നിങ്ങൾ എന്തു ചെയ്യുമ്പോഴും അയാൾക്ക് ഇഷ്ടക്കേട് വല്ലതും തോന്നുമോ എന്നു ചിന്തിച്ചുവേണം ചെയ്യാൻ
[18-ാം പേജിലെ ചിത്രം]
സ്ഥിരമായ വിമർശനവും അവഹേളനവും അനാരോഗ്യകരമായ ബന്ധത്തിന്റെ സൂചനയാണ