മൈലിനിന് ഒരു പുതിയ മുഖം
മൈലിനിന്റെ അമ്മ പറഞ്ഞ പ്രകാരം
പതിനൊന്നു വയസ്സുള്ള എന്റെ പൊന്നുമോൾ മൈലിനിന് ഒരു പുതിയ മുഖം വേണ്ടിവന്നത് എന്തുകൊണ്ട്? ഞാൻ അതു നിങ്ങളോടു പറയട്ടെ.
മൈലിൻ എന്റെ രണ്ടു പെൺമക്കളിൽ ഇളയവളാണ്. 1992 ആഗസ്റ്റ് 5-ന് ക്യൂബയിലെ ഹോൾ-ഗ്വിനിലാണ് അവൾ ജനിച്ചത്. അവളുടെ ഡാഡിയും ചേച്ചിയും ഞാനും അവളുടെ വരവിനായി കാത്തുകാത്തിരിക്കുകയായിരുന്നു. പക്ഷേ ഞങ്ങളുടെ സന്തോഷം പൊടുന്നനെ അസ്തമിച്ചു. അവൾ ജനിച്ച് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എനിക്കു ചിക്കൻപോക്സ് പിടിപെട്ടു. ഒരു മാസത്തിനു ശേഷം മൈലിനിനും അതു പകർന്നു.
ആദ്യമൊക്കെ, അവളുടെ അവസ്ഥ അത്ര ഗുരുതരമല്ലാത്തതുപോലെ തോന്നി. എന്നാൽ പിന്നീട് അതു വളരെ വഷളായി, അവളെ ആശുപത്രിയിൽ കിടത്തേണ്ടിവന്നു. മൈലിനിന് വളരെ നല്ല വൈദ്യപരിചരണം ലഭിച്ചു. പക്ഷേ അവളുടെ പ്രതിരോധവ്യവസ്ഥ തികച്ചും ദുർബലമായിത്തീർന്നിരുന്നതിനാൽ അവൾക്ക് ഒരുതരം അണുബാധയുണ്ടായി. അവളുടെ കുഞ്ഞുമൂക്കിന്റെ ഒരു വശത്തായി അസാധാരണമായ ഒരു ചുവപ്പുനിറം എന്റെ ശ്രദ്ധയിൽപ്പെട്ടു. വളരെ വിരളമായി കാണപ്പെടുന്ന ആക്രമണകാരിയായ ഒരു ബാക്ടീരിയമാണ് അതിന്റെ കാരണമെന്ന് ഡോക്ടർമാർ തിരിച്ചറിഞ്ഞു.
ഉടൻതന്നെ ആന്റിബയോട്ടിക്കുകൾകൊണ്ടുള്ള ചികിത്സ തുടങ്ങിയെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ബാക്ടീരിയ അവളുടെ മുഖം വികൃതമാക്കാൻ തുടങ്ങി. അണുബാധ വരുതിയിൽ നിറുത്താൻ ഡോക്ടർമാർക്കു കഴിഞ്ഞപ്പോഴേക്കും മൈലിനിന്റെ മൂക്കും ചുണ്ടുകളും ഏതാണ്ടു പൂർണമായും, മോണ, താടി എന്നിവ ഭാഗികമായും അതു കാർന്നെടുത്തിരുന്നു. അവളുടെ ഒരു കണ്ണിന്റെ വശത്തായി സുഷിരങ്ങളും വീണിരുന്നു.
ഞാനും ഭർത്താവും അവളെ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി. ഞങ്ങളുടെ കുഞ്ഞുമകൾക്ക് ഇതെങ്ങനെ സംഭവിച്ചു? മൈലിൻ ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അവൾ രക്ഷപ്പെടില്ലെന്നുതന്നെ ഡോക്ടർമാർ കരുതി. ഭർത്താവ് എന്നോട് ഇപ്രകാരം പറഞ്ഞുകൊണ്ടിരുന്നു, “ധൈര്യമായിരിക്കണം, മോളെ നമുക്കു കിട്ടുമെന്നു തോന്നുന്നില്ല.” എന്നിരുന്നാലും, അവളുടെ കുഞ്ഞിക്കൈയിൽ പിടിക്കാനായി ഞാൻ കൈ ഇൻകുബേറ്ററിൽ ഇടുമ്പോൾ അവൾ എന്റെ കൈയിൽ ഇറുക്കി പിടിക്കുമായിരുന്നു. അതുകൊണ്ട് അവൾ അതിജീവിക്കുമെന്നുതന്നെ ഞാൻ വിശ്വസിച്ചു. ഞാൻ ഭർത്താവിനോടു പറഞ്ഞു: “നമ്മുടെ മോൾ മരിക്കില്ല, പക്ഷേ ഈ അവസ്ഥയിൽ മുന്നോട്ടുള്ള അവളുടെ ജീവിതം എങ്ങനെയായിരിക്കും?” ഓരോ പ്രഭാതത്തിലും ഉണർന്നെണീക്കുമ്പോൾ, ഇതൊരു ദുഃസ്വപ്നമായിരുന്നെങ്കിൽ എന്നു ഞങ്ങൾ ആശിച്ചുപോയി.
ഞങ്ങൾ ആശുപത്രിയിൽ ആയിരുന്നപ്പോൾ ഞങ്ങളുടെ മൂത്തമകൾ ആറുവയസ്സുകാരി മൈഡെലിസ് എന്റെ മാതാപിതാക്കളുടെ കൂടെയായിരുന്നു. തന്റെ കുഞ്ഞനുജത്തി വീട്ടിലേക്കു മടങ്ങിവരുന്നതും കാത്ത് അക്ഷമയോടെ ഇരിക്കുകയായിരുന്നു അവൾ. വലിയ നീല കണ്ണുകളുള്ള ഒരു സുന്ദരിക്കുട്ടിയായി മൈലിൻ വീട്ടിൽനിന്നും പോകുന്നതാണ് മൈഡെലിൻ കണ്ടത്. എന്നാൽ, അവൾ പിന്നീടു കണ്ടത് പേടിപ്പെടുത്തുന്ന ഒരു രൂപമായിരുന്നു.
‘എന്റെ കുഞ്ഞ് ഇത്രയെല്ലാം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?’
ഒന്നര മാസം കഴിഞ്ഞപ്പോൾ മൈലിനിനെ ആശുപത്രിയിൽനിന്നു വിട്ടു. നഗരത്തിലുള്ള ഞങ്ങളുടെ വീട്ടിലേക്കു ഞങ്ങൾ തിരികെ പോയില്ല, കാരണം ആരും അവളെ കാണാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. അതുകൊണ്ട് നാട്ടിൻപുറത്ത് എന്റെ മാതാപിതാക്കളുടെ കൃഷിയിടത്തിനടുത്തുള്ള ഒറ്റപ്പെട്ട ഒരു കൊച്ചുവീട്ടിൽ ഞങ്ങൾ താമസം തുടങ്ങി.
ആദ്യമൊക്കെ കുറച്ചുനാൾ, മൈലിനിന്റെ വായ് ഉണ്ടായിരുന്ന ഭാഗത്തുള്ള ഒരു ദ്വാരത്തിലൂടെ ഞാൻ കുറേശ്ശേ മുലപ്പാൽ നൽകുമായിരുന്നു. പക്ഷേ അവൾക്കു വലിച്ചു കുടിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, മുഖത്തെ വടുക്കൾ ഉണങ്ങാൻ തുടങ്ങിയപ്പോൾ ആ ദ്വാരവും ഏതാണ്ട് അടയാറായി. ഒരു കുപ്പിയിൽ ദ്രവരൂപത്തിലുള്ള ആഹാരം നൽകാൻ മാത്രമേ പിന്നെ എനിക്കു കഴിഞ്ഞുള്ളൂ. അവൾക്ക് ഒരു വയസ്സ് ആയപ്പോൾ ഞങ്ങൾ ഹോൾ-ഗ്വിനിലേക്കു മടങ്ങി, അവിടെ മുഖത്തെ ദ്വാരം വലുതാക്കാൻ ഡോക്ടർമാർ നാലു ശസ്ത്രക്രിയകൾ നടത്തി.
ഈ സമയത്തെല്ലാം ഞാൻ സ്വയം ചോദിക്കുമായിരുന്നു, ‘എന്റെ കുഞ്ഞ് ഇത്രയെല്ലാം സഹിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്?’ ഉത്തരം തേടി ഞാൻ ആത്മവിദ്യാകേന്ദ്രങ്ങളിൽ പോകുകയും എന്റെ ദേവബിംബങ്ങളോടു പ്രാർഥിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇതൊന്നും എനിക്കൊരു സാന്ത്വനവും പകർന്നില്ല. ചില ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുറിപ്പെടുത്തുന്ന വാക്കുകൾ എന്നെ കൂടുതൽ കുഴക്കി. ചിലർ പറഞ്ഞു, “ഇങ്ങനെയൊക്കെ സംഭവിക്കാൻ അനുവദിച്ചതിന് ദൈവത്തിനു തക്കതായ കാരണം കാണും.” മറ്റു ചിലർ പറഞ്ഞു, “ഇതു ദൈവശിക്ഷയാണെന്ന് ഉറപ്പാണ്.” മൈലിൻ വളരുമ്പോൾ അവളോട് എന്തു പറയുമെന്നോർത്ത് ഞാൻ ഒരുപാട് ആകുലപ്പെട്ടിരുന്നു. കുഞ്ഞായിരുന്നപ്പോൾ അവൾ ഒരിക്കൽ ഡാഡിയോടു ചോദിച്ചു, “എല്ലാവർക്കും മൂക്ക് ഉണ്ടല്ലോ ഡാഡി, എനിക്കു മാത്രം എന്താ ഇല്ലാത്തത്?” അതിന് ഉത്തരം നൽകാൻ കഴിയാതെ അദ്ദേഹം പുറത്തുപോയി പൊട്ടിക്കരഞ്ഞു. എന്താണു സംഭവിച്ചതെന്ന് അവളോടു വിശദീകരിക്കാൻ ഞാൻ ശ്രമിച്ചു. അവളുടെ മൂക്കും വായുമൊക്കെ ഒരു പൂച്ചി തിന്നുകളഞ്ഞതാണെന്ന് ഞാൻ അവളോടു പറഞ്ഞിരുന്നത് അവൾ ഇപ്പോഴും ഓർക്കുന്നു.
പ്രത്യാശയ്ക്കുള്ള ഒരു അടിസ്ഥാനം
എനിക്ക് അങ്ങേയറ്റത്തെ നിരാശ തോന്നിയ ഒരു സമയത്ത്, യഹോവയുടെ സാക്ഷികളിൽ ഒരാളായ എന്റെ അയൽക്കാരിയെ കുറിച്ചു ഞാൻ ഓർത്തു. എന്റെ കുഞ്ഞ് ഇത്രമാത്രം ദുരിതം അനുഭവിക്കാൻ ദൈവം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ബൈബിളിൽനിന്നു കാണിച്ചുതരാൻ ഞാൻ അവരോട് ആവശ്യപ്പെട്ടു. ഞാൻ ഇങ്ങനെയും ചോദിച്ചു, “ഈ രോഗം, ഞാൻ ചെയ്ത എന്തെങ്കിലും പ്രവൃത്തിക്ക് ദൈവത്തിൽനിന്നുള്ള ശിക്ഷയാണെങ്കിൽ അതിനു മൈലിനിനെ ശിക്ഷിക്കുന്നത് എന്തിനാണ്?”
എന്റെ അയൽക്കാരി, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയുംa എന്ന പുസ്തകം ഉപയോഗിച്ച് എന്നോടൊപ്പം ബൈബിൾ പഠിക്കാൻ ആരംഭിച്ചു. മൈലിനിനു സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദി ദൈവമല്ലെന്നും അവൻ ഞങ്ങൾക്കു വേണ്ടി യഥാർഥത്തിൽ കരുതുന്നുവെന്നും ക്രമേണ ഞാൻ മനസ്സിലാക്കിത്തുടങ്ങി. (യാക്കോബ് 1:13; 1 പത്രൊസ് 5:7) യേശുക്രിസ്തുവിന്റെ കരങ്ങളിലെ സ്വർഗീയ രാജ്യഭരണം എല്ലാവിധ കഷ്ടതകളെയും ഉന്മൂലനം ചെയ്യുമെന്നുള്ള വിസ്മയകരമായ പ്രത്യാശയെ ഞാൻ നിധിപോലെ കരുതാൻ തുടങ്ങി. (മത്തായി 6:9, 10; വെളിപ്പാടു 21:3-5) ഈ അറിവ് എന്നെ ബലപ്പെടുത്തുകയും യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്കു ഹാജരാകാൻ പ്രചോദിപ്പിക്കുകയും ചെയ്തു. ആദ്യമൊക്കെ, എന്റെ ഈ പുതിയ ആത്മീയ താത്പര്യം ഭർത്താവിന് ഇഷ്ടമായിരുന്നില്ല. എന്നിരുന്നാലും, ബൈബിൾ പഠിക്കുന്നതിൽനിന്ന് അദ്ദേഹം എന്നെ തടഞ്ഞില്ല. കാരണം ഞങ്ങൾ നേരിടുന്ന ദുരന്തം താങ്ങാൻ എനിക്ക് അതു സഹായകമായിരുന്നു.
വിദേശത്തുനിന്നുള്ള സഹായം
മൈലിനിന് രണ്ടു വയസ്സായപ്പോൾ, മെക്സിക്കോയിലുള്ള ഒരു പ്രശസ്തനായ പ്ലാസ്റ്റിക് സർജൻ അവളുടെ കേസിനെ കുറിച്ച് അറിയാനിടയാകുകയും അവൾക്ക് സൗജന്യ ചികിത്സ നൽകാമെന്ന് ഏൽക്കുകയും ചെയ്തു. ആദ്യത്തെ ശസ്ത്രക്രിയകൾ നടന്നത് 1994-ൽ ആയിരുന്നു. ഞാനും മൈലിനിനും മെക്സിക്കോയിൽ ഏതാണ്ട് ഒരു വർഷം താമസിച്ചു. തുടക്കത്തിൽ ഞങ്ങൾക്ക് യഹോവയുടെ സാക്ഷികളെ കണ്ടുമുട്ടാനായില്ല, അതിനാൽ ക്രിസ്തീയ യോഗങ്ങൾക്കു ഹാജരാകാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. ഇത് എന്നെ ആത്മീയമായി ഏറെ ദുർബലപ്പെടുത്തി. അങ്ങനെയിരിക്കെ, അവിടത്തെ ഒരു സാക്ഷി ഞങ്ങളുമായി സമ്പർക്കത്തിൽ വന്നു, തുടർന്ന് സാധ്യമാകുമ്പോഴെല്ലാം ഞങ്ങൾ സഹവിശ്വാസികളുമായി സഹവസിക്കാൻ തുടങ്ങി. ക്യൂബയിലേക്കു തിരിച്ചുവന്നു കഴിഞ്ഞു ഞാൻ ബൈബിളധ്യയനം തുടരുകയും ആത്മീയമായി ഉന്മേഷം വീണ്ടെടുക്കുകയും ചെയ്തു.
അപ്പോഴും എന്റെ ഭർത്താവ് ബൈബിളിൽ തത്പരനായിരുന്നില്ല. അദ്ദേഹത്തിന്റെ താത്പര്യം ഉണർത്തുക എന്ന ഉദ്യമത്തിന്റെ ഭാഗമായി, എനിക്കു കൂറേക്കൂടി നന്നായി മനസ്സിലാകാൻ വേണ്ടി, ചില ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ എന്നെ വായിച്ചുകേൾപ്പിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടാൻ തുടങ്ങി. കാലക്രമേണ അദ്ദേഹം ഒരു ബൈബിളധ്യയനം സ്വീകരിക്കാൻ പ്രചോദിതനായി. കാരണം മെക്സിക്കോയിലേക്ക് ആവർത്തിച്ചുള്ള ദീർഘയാത്രകൾ ഞങ്ങളുടെ കുടുംബബന്ധം ശിഥിലമാക്കുമോ എന്നൊരു ഭയാശങ്ക അദ്ദേഹത്തിനുണ്ടായിരുന്നു. ആത്മീയമായി ഐക്യമുള്ളവരായിരിക്കുന്നത് വേർപിരിഞ്ഞു നിൽക്കേണ്ടി വരുന്ന സമയത്തു സഹിച്ചുനിൽക്കാൻ ഞങ്ങളെ കൂടുതൽ സഹായിക്കുമെന്ന് അദ്ദേഹം വിചാരിച്ചു. അത് ശരിയായിരുന്നു. എന്റെ ഭർത്താവും മൂത്ത മകളും ഞാനും 1997-ൽ സ്നാപനമേറ്റ് യഹോവയുടെ സാക്ഷികളായിത്തീർന്നു.
പൂച്ചി തിന്നുകളഞ്ഞില്ലായിരുന്നെങ്കിൽ ഡാഡിയെയും ചേച്ചിയെയും വിട്ടിട്ട് ഇവിടെ വന്നുനിൽക്കേണ്ടിവരില്ലായിരുന്നു എന്ന് മെക്സിക്കോയിൽ പോയി താമസിക്കുമ്പോൾ ആദ്യമൊക്കെ മൈലിൻ പറയുമായിരുന്നു. ഇത്ര ദീർഘമായ സമയത്തേക്ക് കുടുംബാംഗങ്ങൾ വേർപിരിഞ്ഞു താമസിക്കേണ്ടിവരുന്നത് ഹൃദയഭേദകമായിരുന്നു. എന്നിരുന്നാലും, യഹോവയുടെ സാക്ഷികളുടെ മെക്സിക്കോയിലെ ബ്രാഞ്ച് ഓഫീസ് അഥവാ ബെഥേൽ സന്ദർശിച്ചത് ഞാൻ വിശേഷാൽ സ്മരിക്കുന്നു. ഞങ്ങൾക്ക് ഏറെ പ്രോത്സാഹനം പകർന്ന ഒന്നായിരുന്നു അത്. ഇനി ശസ്ത്രക്രിയ വേണ്ടെന്ന് മൈലിൻ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു—ആ പ്രാവശ്യത്തെ വരവിൽ നടത്തുന്ന അഞ്ചാമത്തെ ശസ്ത്രക്രിയയായിരുന്നു അത്—കാരണം സുഖം പ്രാപിക്കൽ പ്രക്രിയ വളരെ വേദനാജനകമായിരുന്നു. എന്നാൽ അവൾ ധൈര്യമായിരിക്കുകയും ശസ്ത്രക്രിയ നടത്താൻ അനുവദിക്കുകയും ചെയ്യുകയാണെങ്കിൽ ആശുപത്രിയിൽനിന്നു വരുമ്പോൾ അവൾക്കു വേണ്ടി ഒരു പാർട്ടി നടത്താമെന്ന് ബ്രാഞ്ച് ഓഫീസിൽ സേവിക്കുന്ന ചില സാക്ഷികൾ അവളോടു പറഞ്ഞു. അങ്ങനെ അവൾ ശസ്ത്രക്രിയയ്ക്കു സമ്മതിച്ചു.
ഇനി മൈലിൻ അവളുടെ വികാരങ്ങൾ പങ്കുവെക്കട്ടെ: “ബെഥേലിൽ ഒരു പാർട്ടി വെക്കുന്നതിനെ കുറിച്ച് ഓർത്തപ്പോൾ ഞാൻ സന്തോഷംകൊണ്ടു തുള്ളിച്ചാടി. അതുകൊണ്ട് ശസ്ത്രക്രിയയുടെ സമയത്ത് ഞാൻ ധൈര്യമായിട്ടിരുന്നു. പാർട്ടി നല്ല രസമായിരുന്നു. ഒരുപാട് സഹോദരന്മാരും സഹോദരിമാരും ഉണ്ടായിരുന്നു. അവർ എനിക്ക് ഒത്തിരി കാർഡുകൾ തന്നു, അതെല്ലാം എന്റെ കൈയിൽ ഇപ്പോഴുമുണ്ട്. അവിടെനിന്നും കിട്ടിയ പ്രോത്സാഹനങ്ങൾ പിന്നീടുള്ള ശസ്ത്രക്രിയകൾക്കു വിധേയയാകാൻ എനിക്കു ധൈര്യംതന്നു.”
പുരോഗമനവും സഹിച്ചുനിൽക്കാനുള്ള സഹായവും
മൈലിനിന് ഇപ്പോൾ 11 വയസ്സുണ്ട്. അവളുടെ മുഖത്തിന്റെ രൂപം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തിൽ ഇതുവരെ 20 ശസ്ത്രക്രിയകൾ ചെയ്തിട്ടുണ്ട്. ഇതെല്ലാം അവൾക്കു വളരെ സഹായകമായിരുന്നെങ്കിലും ഇപ്പോഴും അവൾക്ക് വായ് മുഴുവൻ തുറക്കാൻ കഴിയില്ല. എന്നിരുന്നാലും, ധൈര്യവും ക്രിയാത്മകതയും നിഴലിക്കുന്ന ഒരു മനോഭാവമാണ് അവൾക്ക് എല്ലായ്പോഴും ഉണ്ടായിരുന്നിട്ടുള്ളത്. ആത്മീയ കാര്യങ്ങളോടും അവൾ വളരെയധികം വിലമതിപ്പു കാണിച്ചിരിക്കുന്നു. ആറു വയസ്സു മുതൽ അവൾ ഞങ്ങളുടെ പ്രാദേശിക സഭയിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തിയിരുന്നു. 2003 ഏപ്രിൽ 27-ന് അവൾ സ്നാപനമേറ്റു. ഒരുസമയത്ത് അവൾ മൂന്നു ബൈബിളധ്യയനങ്ങൾ വരെ നടത്തിയിട്ടുണ്ട്. ഒരിക്കൽ, മെക്സിക്കോയിൽ വെച്ച് അവൾ ഒരാളോടു സംസാരിക്കുകയും അദ്ദേഹം അവളോടൊത്ത് ബൈബിൾ പഠിക്കാമെന്നു സമ്മതിക്കുകയും ചെയ്തു. മൈലിൻ അദ്ദേഹത്തെ ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകത്തിനും മറ്റു സഭായോഗങ്ങൾക്കും ക്ഷണിച്ചപ്പോൾ അദ്ദേഹം വന്ന് അതീവ താത്പര്യത്തോടെ സംബന്ധിക്കുകയും ചെയ്തു.
മൈലിൻ വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ചിലർ അവളുടെ മുഖത്തേക്കു നോക്കിയിട്ട് പൊള്ളലേറ്റതാണോ എന്നു ചോദിക്കാറുണ്ട്. വരാനിരിക്കുന്ന പറുദീസയിൽ യഹോവയാം ദൈവം അവൾക്ക് ഒരു പുതിയ മുഖം നൽകുമെന്നുള്ള ബൈബിളധിഷ്ഠിത പ്രത്യാശ ആളുകളുമായി പങ്കുവെക്കാൻ അവൾ ഈ അവസരം ഉപയോഗിക്കുന്നു.—ലൂക്കൊസ് 23:43.
ശസ്ത്രക്രിയകൾ മൂലം അവൾ അനുഭവിച്ച വേദനയും മറ്റു കുട്ടികളിൽനിന്ന് അവൾക്കു സഹിക്കേണ്ടിവന്ന പരിഹാസത്തിന്റെ നൊമ്പരങ്ങളും വിവരിക്കാൻ വാക്കുകളില്ല. ആ സമയത്തെല്ലാം സഹിച്ചുനിൽക്കാൻ അവളെ സഹായിച്ചത് എന്താണ്? പൂർണ ഉറപ്പോടെ മൈലിൻ പറയുന്നു: “യഹോവ എനിക്ക് എത്ര യാഥാർഥ്യമാണെന്നോ! സഹിച്ചുനിൽക്കാനുള്ള ശക്തിയും ധൈര്യവും ഒക്കെ അവൻ എനിക്കു തരുന്നുണ്ട്. എനിക്ക് ഇനി ശസ്ത്രക്രിയകൾ ഒന്നും വേണ്ട. കാരണം എനിക്കുവേണ്ടി ഇനി കാര്യമായിട്ടൊന്നും ചെയ്യാൻ ഡോക്ടർമാർക്ക് കഴിയില്ല. ഞാൻ ജനിച്ചപ്പോൾ ആയിരുന്നതുപോലെ എന്നെ മാറ്റിയെടുക്കാൻ അവർക്ക് ഏതായാലും കഴിയില്ലല്ലോ. പക്ഷേ യഹോവ പുതിയ ലോകത്തിൽ എനിക്കൊരു പുതിയ മുഖം തരാൻ പോകുകയാണെന്ന് എനിക്കറിയാം, അപ്പോൾ ഞാൻ വീണ്ടുമൊരു സുന്ദരിക്കുട്ടിയായി മാറും.” (g04 5/22)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[26-ാം പേജിലെ ആകർഷക വാക്യം]
‘യഹോവ പുതിയ ലോകത്തിൽ എനിക്കൊരു പുതിയ മുഖം തരാൻ പോകുകയാണ്’
[27-ാം പേജിലെ ആകർഷക വാക്യം]
ദൈവമല്ല കുറ്റക്കാരൻ എന്നു ക്രമേണ ഞാൻ മനസ്സിലാക്കിത്തുടങ്ങി