തങ്ങളുടെ മതവിശ്വാസത്തെ കുറിച്ച് ധൈര്യപൂർവം സംസാരിക്കുന്ന യുവജനങ്ങൾ
യഹോവയുടെ സാക്ഷികൾക്കിടയിൽ അനേകം യുവജനങ്ങളുണ്ട്. അവർ ദൈവത്തെ സ്നേഹിക്കുകയും ബൈബിളിൽ അവൻ വെച്ചിരിക്കുന്ന നിലവാരങ്ങൾക്ക് അനുസരിച്ചു ജീവിക്കാൻ കഠിനമായി ശ്രമിക്കുകയും ചെയ്യുന്നു. ഈ യുവജനങ്ങൾ തങ്ങളുടെ വിശ്വാസത്തെ പ്രതി അഭിമാനം കൊള്ളുന്നവരാണ്. യാതൊരു മടിയും കൂടാതെ അവർ സ്കൂളിലുള്ളവരുമായി അത് പങ്കിടുകയും ചെയ്യുന്നു. ചില ഉദാഹരണങ്ങൾ പരിശോധിക്കുക.
◼ ആറാം ഗ്രേഡിൽ പഠിച്ചുകൊണ്ടിരിക്കവേ ഹോളി എന്ന പെൺകുട്ടിക്കും സഹപാഠികൾക്കും ഒരു ഉപന്യാസം എഴുതാനുള്ള നിയമനം ലഭിച്ചു. “അക്രമരഹിത മാർഗത്തിലൂടെ നിങ്ങൾ എങ്ങനെ ഭീകരപ്രവർത്തനത്തിന് അന്തം വരുത്തും?” എന്ന ചോദ്യത്തെ അധികരിച്ചായിരുന്നു അത്. ഭാവി സംബന്ധിച്ചുള്ള തന്റെ ബൈബിളധിഷ്ഠിത പ്രത്യാശയെ കുറിച്ച് എഴുതാനുള്ള ഒരു അവസരമായി ഹോളി അതിനെ വീക്ഷിച്ചു. ചരിത്രത്തിലുടനീളം ‘മനുഷ്യൻ മനുഷ്യന്റെ മേൽ അവന്റെ ദോഷത്തിന്നായി അധികാരം’ ചെലുത്തിയിരിക്കുന്നതായി അവൾ വിശദീകരിച്ചു. (സഭാപ്രസംഗി 8:9) തുടർന്ന് മനുഷ്യവർഗത്തിന്റെ ഏക യഥാർഥ പ്രത്യാശയായ ദൈവരാജ്യത്തിലേക്ക് അവൾ ശ്രദ്ധ ക്ഷണിച്ചു. “യേശു ദൈവരാജ്യത്തിന്റെ നിയമിത രാജാവായിരിക്കുന്നതിനാൽ, ഭീകരപ്രവർത്തനം ഉൾപ്പെടെ സകല പ്രശ്നങ്ങളും ഉന്മൂലനം ചെയ്യപ്പെടും,” അവൾ എഴുതി. യാതൊരു മാനുഷ ഭരണാധികാരികൾക്കും സാധ്യമല്ലാത്ത നേട്ടങ്ങൾ കൈവരിക്കാൻ യേശുവിനു കഴിയുന്നത് എങ്ങനെയെന്നു ഹോളി വിശദമാക്കി. അവൾ എഴുതി: “ഭൂമിയിലായിരുന്നപ്പോൾ, താൻ എങ്ങനെയുള്ള ഒരു ഭരണാധിപനായിരിക്കും എന്ന് യേശു പ്രകടമാക്കുകയുണ്ടായി. അവൻ സ്നേഹമുള്ളവനായിരുന്നു. ജനങ്ങളോട് അവന് കരുതലുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്തുകൊണ്ട് അവൻ തനിക്കുണ്ടായിരുന്ന ശക്തി പ്രകടമാക്കി. മരിച്ചുപോയവരെ ജീവനിലേക്കു തിരികെ വരുത്താൻ ഒരു മാനുഷ ഗവൺമെന്റിനും സാധിക്കില്ല. എന്നാൽ ദൈവരാജ്യത്തിന് അതു സാധിക്കും.” ഹോളിയുടെ ഉപന്യാസത്തിന്റെ ഉപസംഹാര പ്രസ്താവന ഇതായിരുന്നു: “പരിഹാരം മനുഷ്യന്റെ പക്കലല്ല ദൈവത്തിന്റെ പക്കലാണുള്ളത്.”
റിപ്പോർട്ടിന്റെ അടിയിൽ അധ്യാപിക ഇപ്രകാരം എഴുതി: “ഒന്നാന്തരം! നല്ലതുപോലെ ചിന്തിച്ചു തയ്യാറാക്കിയ, ബോധ്യം വരുത്തുന്ന വിവരങ്ങൾ.” ഹോളി നൽകിയിരുന്ന തിരുവെഴുത്തു പരാമർശങ്ങളും അധ്യാപികയിൽ മതിപ്പുളവാക്കി. യഹോവയുടെ സാക്ഷികൾ വാരംതോറും നടത്തിവരുന്ന, പ്രസംഗ-പഠിപ്പിക്കൽ പരിശീലനവേദിയായ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിനെ കുറിച്ച് തന്റെ അധ്യാപികയോടു സംസാരിക്കാൻ ഇതു ഹോളിക്ക് അവസരം നൽകി. ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ ഒരു പ്രതി അവളുടെ അധ്യാപിക സന്തോഷത്തോടെ സ്വീകരിച്ചു.
◼ സ്കൂളിലെ ഉപന്യാസ രചനയിൽ തന്റെ വിശ്വാസങ്ങളെ കുറിച്ചെഴുതാൻ ജെസീക്കയ്ക്കും കഴിഞ്ഞിട്ടുണ്ട്. “എന്റെ വിശ്വാസങ്ങളെ കുറിച്ച് മൂന്ന് ഉപന്യാസങ്ങൾ എഴുതാൻ എനിക്കു സാധിച്ചു,” അവൾ പറയുന്നു. “അതിലൊന്ന് യഹോവയുടെ സാക്ഷികളും മതപരമായ അവകാശങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതായിരുന്നു. താത്പര്യമുള്ളവർക്കു വായിക്കാനായി അധ്യാപിക അത് സ്കൂൾ ലൈബ്രറിയിൽ പ്രദർശിപ്പിച്ചു. ഈ അടുത്തകാലത്ത് ഞാൻ എന്റെ സ്നാപനത്തെ കുറിച്ചും ആ ദിവസം എനിക്ക് എത്ര പ്രധാനമായിരുന്നു എന്നതിനെ കുറിച്ചും എഴുതുകയുണ്ടായി. ഉപന്യാസത്തിന്റെ രൂപരേഖ ആദ്യം ഞങ്ങൾ തയ്യാറാക്കുമായിരുന്നു. എന്നിട്ട്, ക്ലാസ്സിൽ എല്ലാവർക്കും വായിക്കാനായി കുട്ടികൾ അത് പരസ്പരം കൈമാറുമായിരുന്നു. അങ്ങനെ സഹപാഠികൾക്ക് എന്റേതും വായിക്കാൻ അവസരം കിട്ടി. ഒരു പെൺകുട്ടി പറഞ്ഞു: ‘വളരെ നന്നായിരിക്കുന്നു. യഹോവയുടെ സാക്ഷികളിൽ ഒരാൾ ആയിരിക്കുക എന്നതിനൊപ്പം വന്നുചേരുന്ന ഉത്തരവാദിത്വങ്ങളെ കുറിച്ച് അറിയാൻ കഴിഞ്ഞത് സഹായകമായി. നിന്റെ സ്നാപനത്തിന് അഭിനന്ദനങ്ങൾ!’ മറ്റൊരു പെൺകുട്ടി പറഞ്ഞു: ‘വിസ്മയകരമായിരിക്കുന്നു നിന്റെ വിവരണം! നിന്റെ വിശ്വാസം ഇത്ര ശക്തമായിരിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്!’ ഒരു ആൺകുട്ടി എഴുതി: ‘നീ വിവേകമതിയാണ്. അഭിനന്ദനങ്ങൾ.’”
◼ മെലീസ്സയ്ക്ക് 11 വയസ്സ് ഉണ്ടായിരുന്നപ്പോൾ തന്റെ വിശ്വാസത്തെ കുറിച്ച് സംസാരിക്കാനുള്ള ഒരു കനകാവസരം അവൾക്കു ലഭിച്ചു. “പ്രതിരോധ വ്യവസ്ഥയെ കുറിച്ചു സംസാരിക്കുന്നതിന് സ്കൂൾ നേഴ്സ് ഞങ്ങളുടെ സയൻസ് ക്ലാസ്സിൽ വന്നു. രക്തപ്പകർച്ചയെ സംബന്ധിച്ച ചില കാര്യങ്ങളും ആ ക്ലാസ്സിൽ പരിചിന്തിക്കുകയുണ്ടായി. രക്തത്തെ കുറിച്ചുള്ള നമ്മുടെ വീഡിയോകളിൽ ഒന്ന് കൊണ്ടുവരട്ടേയെന്ന് ക്ലാസ്സ് കഴിഞ്ഞപ്പോൾ ഞാൻ സയൻസ് അധ്യാപകനോടു ചോദിച്ചു. അടുത്ത ദിവസം ഞാൻ അതു സ്കൂളിൽ കൊണ്ടുപോയി. എന്റെ അധ്യാപകൻ അതു വീട്ടിൽ കൊണ്ടുപോയി കുടുംബത്തോടൊപ്പമിരുന്നു കണ്ടു. അടുത്ത ദിവസം അദ്ദേഹം അതു സ്കൂളിൽ കൊണ്ടുവന്ന് എന്റെ ക്ലാസ്സിനെയും മറ്റൊരു ക്ലാസ്സിനെയും കാണിച്ചു. യഹോവയുടെ സാക്ഷികൾ ഇത്ര ശ്രമം ചെലുത്തിയിരുന്നില്ലെങ്കിൽ രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ ഇത്ര അനായാസേന ലഭിക്കുമായിരുന്നില്ല എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം സാക്ഷികൾക്ക് അനുകൂലമായി ക്ലാസ്സിനോടു സംസാരിക്കുകയുണ്ടായി. വീഡിയോ തിരികെ തരുമ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു: ‘സ്കൂൾ ലൈബ്രറിയിലേക്ക് ഒരെണ്ണം കിട്ടാൻ വഴിയുണ്ടോ?’ ഞാൻ അദ്ദേഹത്തിന് ഒരു കോപ്പി നൽകി. അദ്ദേഹം എന്തെന്നില്ലാത്ത ഉത്സാഹത്തിലായിരുന്നു, ഞാനും!”
സ്രഷ്ടാവിനെ ഓർക്കുക എന്ന ബൈബിൾ ആഹ്വാനത്തിനു ചെവികൊടുക്കുന്ന, യഹോവയുടെ അനേകംവരുന്ന യുവസാക്ഷികളിൽപ്പെട്ടവരാണ് ഹോളിയും ജെസീക്കയും മെലീസ്സയും. (സഭാപ്രസംഗി 12:1) നിങ്ങളും അങ്ങനെ ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാണെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 27:11; എബ്രായർ 6:10.
യുവജനങ്ങളായ നിങ്ങൾ സഹപാഠികളോടും അധ്യാപകരോടും നിങ്ങളുടെ വിശ്വാസത്തെ കുറിച്ചു പറയുമ്പോൾ, യഹോവയാം ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച് ശക്തമായ ഒരു സാക്ഷ്യം നൽകുകയാണു ചെയ്യുന്നത്. അതു നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും, ദൈവത്തിന്റെ ദാസന്മാരിൽ ഒരാളാണ് നിങ്ങൾ എന്ന പദവിയിൽ നിങ്ങൾക്ക് അഭിമാനം തോന്നാൻ അത് ഇടയാക്കും. (യിരെമ്യാവു 9:24) സ്കൂളിൽ സാക്ഷീകരിക്കുന്നത് ഒരു സംരക്ഷണം കൂടിയാണ്. ജെസീക്ക പറയുന്നതു ശ്രദ്ധിക്കുക: “ബൈബിളിനു ചേർച്ചയിലല്ലാത്ത കാര്യങ്ങൾ ചെയ്യാൻ വിദ്യാർഥികൾ എന്നെ നിർബന്ധിക്കില്ല. എന്റെ വിശ്വാസങ്ങളെ കുറിച്ചു സംസാരിക്കുന്നതിന്റെ ഒരു പ്രയോജനമാണത്.” (g04 9/8)
[22-ാം പേജിലെ ചിത്രങ്ങൾ]
ഹോളി
[22, 23 പേജുകളിലെ ചിത്രങ്ങൾ]
ജെസീക്ക
[23-ാം പേജിലെ ചിത്രങ്ങൾ]
മെലീസ്സ