യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കിഷ്ടമാണെന്ന് ഞാൻ എങ്ങനെ പറയും?
“മനസ്സിലെ ഇഷ്ടം ആദ്യം തുറന്നുപറയേണ്ടത് ആരാണ്, പുരുഷനോ സ്ത്രീയോ? അതൊന്ന് അറിഞ്ഞിരുന്നെങ്കിൽ . . .” —ലോറ.a
അദ്ദേഹത്തെ നിങ്ങൾ അടുത്തകാലത്തു പരിചയപ്പെട്ടതാണ്, അല്ലെങ്കിൽ കുറെ നാളുകളായി പരിചയമുള്ളതാണ്. അദ്ദേഹത്തെ വെറും സുഹൃത്ത് എന്നതിലുപരിയായി കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മനസ്സിലും നിങ്ങളോട് ഒരു ഇഷ്ടമുണ്ടെന്നു നിങ്ങൾ മനസ്സിലാക്കുന്നു, പക്ഷേ തുറന്നു പറയാൻ എന്തോ ഒരു ധൈര്യക്കുറവ്. അങ്ങനെയാണെങ്കിൽ ഞാൻതന്നെ മുൻകൈയെടുത്ത് അങ്ങോട്ടു പറയുന്നതായിരിക്കില്ലേ നല്ലത് എന്നു നിങ്ങൾ ചിന്തിക്കുന്നു.b
എന്നാൽ, ആ വിഷയത്തിലേക്കു കടക്കുന്നതിനു മുമ്പ് നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സമൂഹത്തിലുള്ളവരുടെയും വികാരങ്ങൾകൂടി നമുക്കൊന്നു കണക്കിലെടുക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു വിവാഹ ഇണയെ കണ്ടെത്തേണ്ടത് മാതാപിതാക്കൾ ആയിരിക്കണമെന്നു പ്രാദേശിക കീഴ്വഴക്കങ്ങൾ നിഷ്കർഷിക്കുന്നുണ്ടോ?c പ്രണയവും വിവാഹവുമൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നു നിങ്ങൾ ചിന്തിച്ചേക്കാം, ശരിയാണ്. എന്നിരുന്നാലും, മറ്റുള്ളവരെ വ്രണപ്പെടുത്തിയേക്കാവുന്ന സംഗതികൾ കഴിവതും ഒഴിവാക്കാൻ ക്രിസ്ത്യാനികൾ ശ്രമിക്കുന്നു. ചില കാര്യങ്ങൾ ചെയ്യുന്നത് തെറ്റല്ലെങ്കിൽപ്പോലും കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വികാരങ്ങൾ കൂടി പരിഗണിക്കാൻ അവർ ആഗ്രഹിക്കുന്നു.
എന്നിരുന്നാലും ഇന്ന് അനേകം ദേശങ്ങളിൽ, വിവാഹം കഴിക്കണോ എന്നു തീരുമാനിക്കുന്നതിനു മുമ്പ് യുവതീയുവാക്കൾ സ്വന്ത ഇഷ്ടപ്രകാരം അടുത്തു പരിചയപ്പെടുന്നത് അഥവാ കോർട്ടിങ് നടത്തുന്നതു സാധാരണമാണ്. എന്നാൽ, ചോദ്യം ഇതാണ്: ഒരു പുരുഷനോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്താൻ സ്ത്രീ മുൻകൈയെടുക്കുന്നതു തെറ്റായിരിക്കുമോ? ഇവിടെയും, കുടുംബത്തിന്റെയും സമൂഹത്തിന്റെയും വികാരങ്ങൾക്കു വിലകൽപ്പിക്കേണ്ടതുണ്ട്. അത് അവരെ ഞെട്ടിക്കുകയോ ഇടറിക്കുകയോ ചെയ്യുമോ?
ഒരു സ്ത്രീ ഇക്കാര്യത്തിൽ മുൻകൈ എടുക്കണമോ എന്നതിന്മേൽ ബൈബിൾ കൂടുതലായി എന്തു വെളിച്ചമാണു വീശുന്നത്? ബൈബിൾ കാലങ്ങളിൽ നടന്ന ഒരു സംഭവം പരിചിന്തിക്കുക. രൂത്ത് എന്ന ദൈവഭക്തയായ സ്ത്രീ വിവാഹാഭ്യർഥനയുമായി ബോവസ് എന്നു പേരുള്ള ഒരു പുരുഷനെ സമീപിച്ചു. യഹോവയാം ദൈവം അവളുടെ ശ്രമത്തെ അനുഗ്രഹിക്കുകയും ചെയ്തു! (രൂത്ത് 3:1-13) രൂത്ത് വെറുമൊരു കൊച്ചുപെൺകുട്ടി ആയിരുന്നില്ല, ഒരു വിധവയായിരുന്ന അവൾ വിവാഹം കഴിക്കാൻ പ്രായമുള്ള സ്ത്രീയായിരുന്നു എന്നതിനു സംശയമില്ല. മാത്രമല്ല, അവൾ അദ്ദേഹത്തെ സമീപിച്ചത് വെറും കുട്ടിക്കളി എന്ന മട്ടിലോ ശൃംഗരിക്കുക എന്ന ലക്ഷ്യത്തിലോ അല്ലായിരുന്നു. മറിച്ച്, അവൾ വിവാഹം സംബന്ധിച്ച ദൈവിക നിയമങ്ങൾ അപ്പാടെ അനുസരിക്കുകയായിരുന്നു.—ആവർത്തനപുസ്തകം 25:5-10.
ഒരുപക്ഷേ നിങ്ങൾക്ക് വിവാഹം കഴിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനുള്ള പ്രായമുണ്ടായിരിക്കാം, ഒരു യുവാവ് നിങ്ങളുടെ ഹൃദയത്തിൽ കയറിക്കൂടിയിട്ടുമുണ്ടായിരിക്കാം. എന്നിരുന്നാലും, നിങ്ങൾക്കു തോന്നുന്ന അതേ ഇഷ്ടം അയാൾക്ക് ഇങ്ങോട്ടില്ലെങ്കിൽ നിങ്ങളുടെ ഹൃദയം തുറക്കുന്നത് സൂക്ഷിച്ചുചെയ്യേണ്ട, അപകടം പിടിച്ച ഒരു കാര്യമാണ്. അത് നിങ്ങളുടെ ഹൃദയം അടർത്തി മറ്റൊരാളുടെ കയ്യിൽ വെച്ചുകൊടുക്കുംപോലെയാണ്. അയാൾ അത് ആർദ്രതയോടെ താലോലിക്കുമോ, അതോ തറയിലേക്ക് ഇട്ടുകളയുമോ? ഇവിടെ, അനാവശ്യമായ ജാള്യവും ഉള്ളുലയ്ക്കുന്ന നൊമ്പരവും ഒഴിവാക്കുന്നതിന് ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതായിരിക്കും ഏറ്റവും നല്ലത്.
വിവേകത്തോടെ പ്രവർത്തിക്കുക
പ്രണയാഭിലാഷങ്ങളുടെ ചിറകിലേറി ദിവാസ്വപ്നവും കണ്ടിരിക്കാൻ എളുപ്പമാണ്. ആ സ്വപ്നങ്ങൾ നിങ്ങളെ വിവാഹദിനത്തിലേക്കും പിന്നീടുള്ള ജീവിതത്തിലേക്കും ഒക്കെ കൂട്ടിക്കൊണ്ടു പോയെന്നുവരാം. ഇത്തരം ഭാവനാവിലാസങ്ങൾ നിങ്ങളെ കോരിത്തരിപ്പിച്ചേക്കാമെങ്കിലും അവ വെറും മായക്കാഴ്ചകളാണ്. നിങ്ങൾക്കു പൂവണിയിക്കാനാവാത്ത തീവ്രാഭിലാഷങ്ങൾ മനസ്സിൽ കോരിനിറയ്ക്കാൻ അവയ്ക്കു കഴിയും. എന്നാൽ, “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 13:12) പകൽക്കിനാവുകൾക്ക് നിങ്ങളുടെ ന്യായബോധത്തെ വികലമാക്കാനും കഴിയും. എന്നാൽ, സദൃശവാക്യങ്ങൾ 14:15 ഇപ്രകാരം പറയുന്നു: “സൂക്ഷ്മബുദ്ധിയോ [വിവേകിയോ] തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” വിവേകി ആയിരിക്കുകയെന്നാൽ, സാമാന്യബോധം അഥവാ വ്യക്തമായ പ്രായോഗിക ചിന്തയും പിഴവറ്റ ന്യായബോധവും പ്രകടമാക്കുക എന്നാണ്. എന്നാൽ, നിങ്ങളിലെ പ്രണയനിർഭരമായ ഹൃദയത്തിന് ഈ അവസരത്തിൽ വിവേകത്തോടെ പ്രവർത്തിക്കാൻ കഴിയുന്നത് എങ്ങനെയാണ്?
ഒന്നാമതായി, “പരിജ്ഞാനത്തോടെ പ്രവർത്തിക്കു”വാൻ ശ്രമിക്കുക. (സദൃശവാക്യങ്ങൾ 13:16) ഒരു യുവതിയുടെ അഭിപ്രായം ശ്രദ്ധിക്കുക: “ഒരു വ്യക്തിയെ അടുത്തറിയാതെ നിങ്ങൾക്ക് അയാളെ ഉള്ളുതുറന്നു സ്നേഹിക്കാനാവില്ല.” അതുകൊണ്ട് മറ്റൊരാൾക്കു നിങ്ങളുടെ ഹൃദയം തുറന്നുകൊടുക്കുന്നതിനു മുമ്പ് അയാൾ ചെയ്യുന്ന കാര്യങ്ങളും സംസാരിക്കുന്ന വിധവും ഒക്കെ നന്നായി മനസ്സിലാക്കുക. അദ്ദേഹം മറ്റുള്ളവരോട് എങ്ങനെ ഇടപെടുന്നു എന്നു നിരീക്ഷിക്കുക. “അയാൾ ഏതുതരക്കാരനാണ് എന്ന് അയാളെ അടുത്തറിയാവുന്ന മുതിർന്നവരോടും കൂട്ടുകാരോടും ചോദിക്കുക,” എന്ന് ഒരു യുവാവു നിർദേശിക്കുന്നു. അദ്ദേഹം ക്രിസ്തീയ സഭയിൽ “നല്ല സാക്ഷ്യംകൊണ്ടവൻ” ആണോ? (പ്രവൃത്തികൾ 16:2) ഇസബെൽ എന്നു പേരുള്ള ഒരു യുവതി ഇപ്രകാരം പറയുന്നു: “ഒരു കൂട്ടത്തോടൊപ്പം പുറത്തുപോകുന്നതും അദ്ദേഹത്തിന്റെ കുടുംബത്തെ പരിചയപ്പെടുന്നതും സഹായകമായിരുന്നേക്കാം.” അതേ, ഒരു കൂട്ടത്തോടൊപ്പം ആയിരിക്കുമ്പോൾ അധികം സംഭ്രമമോ ഉത്കണ്ഠയോ ഇല്ലാതെ നിങ്ങൾക്കു മറ്റേ വ്യക്തിയെ നിരീക്ഷിക്കാൻ കഴിയും.
ഈ വിധത്തിൽ ഒരു വ്യക്തിയെ അടുത്തറിയുന്നതിനു സമയവും ക്ഷമയും ആവശ്യമാണ് എന്നതു ശരിതന്നെ. എന്നാൽ, ഇങ്ങനെ ചെയ്യുന്നത് ആ വ്യക്തിയുടെ മനോഭാവം, സ്വഭാവം, ഗുണഗണങ്ങൾ എന്നിവയൊക്കെ അടുത്തറിയാൻ നിങ്ങളെ സഹായിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നുകിൽ നിങ്ങൾക്ക് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾക്ക് ‘പച്ചക്കൊടി കാണിക്കാം,’ അല്ലെങ്കിൽ അവയ്ക്കു തിരശ്ശീലയിടാം. സദൃശവാക്യങ്ങൾ 20:11 ഇപ്രകാരം പറയുന്നു: “ബാല്യത്തിലെ [അല്ലെങ്കിൽ യുവത്വത്തിലെ] ക്രിയകളാൽ തന്നേ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്നു അറിയാം.” അതേ, ഇന്നല്ലെങ്കിൽ നാളെ അയാളുടെ ഉള്ളിലിരിപ്പ് പ്രവൃത്തികളിലൂടെ വ്യക്തമാകും.
അതുകൊണ്ട്, സമയത്തിനുമുമ്പേ ഇഷ്ടം വെളിപ്പെടുത്താനുള്ള പ്രലോഭനത്തെ ബുദ്ധിപൂർവം ചെറുക്കുക. നിങ്ങൾ ചിന്തിക്കാതെ തിടുക്കത്തിൽ നടത്തിയ അഭ്യർഥന മറ്റേയാൾ ഇരുംകൈയും നീട്ടി സ്വീകരിച്ചെന്നിരിക്കട്ടെ, പിന്നീട്, അയാൾ ഒരു ഉത്തമ ഇണയാകാൻ പറ്റിയ ആളല്ലെന്ന് ഒരുപക്ഷേ നിങ്ങൾ കണ്ടെത്തുന്നെങ്കിലോ?d ഒരിക്കൽ അയാളോടുള്ള പ്രണയം വെളിപ്പെടുത്തിയതിനുശേഷം നിങ്ങൾ ആ ബന്ധത്തിൽനിന്നു പിന്മാറുന്നെങ്കിൽ അത് ആ യുവാവിനെ വേദനിപ്പിച്ചേക്കാം, ഒരുപക്ഷേ അയാളെ ആകെ തകർത്തുകളഞ്ഞെന്നു വരാം.
നിങ്ങൾ നൽകുന്ന പ്രതിച്ഛായ
നിങ്ങളുടെ മനസ്സിൽ കയറിക്കൂടിയ ആ ചെറുപ്പക്കാരൻ നിങ്ങളെയും നല്ലവണ്ണം നിരീക്ഷിക്കുന്നുണ്ടായിരിക്കും! ദൈവിക ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്ന രീതിയിലാണോ നിങ്ങളുടെ പെരുമാറ്റം? “മാന്യമായി വസ്ത്രധാരണം നടത്താത്ത ധാരാളം പെൺകുട്ടികളെ ഞാൻ കണ്ടിട്ടുണ്ട്,” ഇസബെൽ പറയുന്നു. “ആത്മീയ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയുടെ ഹൃദയം കവരണമെങ്കിൽ നിങ്ങൾ മാന്യമായി വസ്ത്രധാരണം നടത്തേണ്ടതുണ്ട്.” ഫാഷൻ ലോകത്തിന്റെ പുതുപുത്തൻ അഭിരുചികൾ എന്തുതന്നെയായിക്കൊള്ളട്ടെ, നിങ്ങൾ “യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ” അണിഞ്ഞൊരുങ്ങുമ്പോൾ ദൈവിക ഗുണങ്ങളുള്ള ഒരു പുരുഷന്റെ കണ്ണിൽ നിങ്ങളുടെ അഴകു വർധിക്കുകതന്നെ ചെയ്യും.—1 തിമൊഥെയൊസ് 2:9.
“വാക്കിലും [അഥവാ സംസാരത്തിലും] . . . മാതൃകയായിരി”ക്കാൻ ബൈബിൾ യുവ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ് 4:12) നിങ്ങൾ സംസാരിക്കുന്ന വിധം നിങ്ങളെക്കുറിച്ചു വളരെയധികം വെളിപ്പെടുത്തുന്നു. ഇഷ്ടപ്പെടുന്ന യുവാവിനോടു സംസാരിക്കാൻ അവസരം ലഭിക്കുമ്പോൾ നിങ്ങൾ എന്തു ചെയ്യണം? അയാൾ ലജ്ജാലുവാണെങ്കിൽ അയാൾക്ക് അസ്വസ്ഥതയും പരിഭ്രമവും ഒക്കെ ഉണ്ടായിരിക്കും. അബി എന്ന യുവതി ഇങ്ങനെ പറയുന്നു: “അദ്ദേഹം എങ്ങനെ പ്രതികരിക്കും എന്ന് അറിയണമെങ്കിൽ നിങ്ങൾതന്നെ സംഭാഷണം തുടങ്ങേണ്ടതുണ്ടായിരിക്കാം.”
എങ്ങനെ തുടങ്ങണം? നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണെങ്കിലോ? എങ്കിൽ അയാളുടെ മനസ്സിൽ പതിയുന്ന ചിത്രം, നിങ്ങൾ സ്വന്തം കാര്യത്തിൽ മാത്രം തത്പരയും യാതൊരു കാര്യബോധമില്ലാത്തവളും ആണെന്നായിരിക്കും. ബൈബിൾ ഇപ്രകാരം നിർദേശിക്കുന്നു: “ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം.” (ഫിലിപ്പിയർ 2:4) അയാളെ കുറിച്ചോ അയാൾക്കു താത്പര്യമുള്ള കാര്യങ്ങളെ കുറിച്ചോ ഉചിതമായ ചില ചോദ്യങ്ങൾ ചോദിക്കുന്നത്, മടികൂടാതെ സംസാരിക്കാൻ കുറച്ചൊക്കെ അയാളെ സഹായിച്ചേക്കാം.
ഇത് ‘വഞ്ചന’ കാണിക്കാനും ‘വ്യാജം’ പറയാനും ഉള്ള സമയമല്ല, എന്നുവെച്ചാൽ ആ വ്യക്തിയെക്കുറിച്ചു മുഖസ്തുതി പറയാനുള്ള അവസരമല്ല എന്നർഥം. (സങ്കീർത്തനം 120:2) വിവേചനയുള്ള ഒരു പുരുഷന് നിങ്ങളുടെ അത്തരം സംസാരത്തിന്റെ പൊള്ളത്തരം മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരിക്കില്ല. അയാൾ കേൾക്കാൻ ആഗ്രഹിക്കുന്നുവെന്ന് നിങ്ങൾക്കു തോന്നുന്ന കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതും ഒഴിവാക്കുക. നിങ്ങളുടെ സംഭാഷണം കൂടുതൽ ഗൗരവതരമായ കാര്യങ്ങളിലേക്കു തിരിയുമ്പോൾ, വ്യക്തിപരമായ ആത്മീയ ലക്ഷ്യങ്ങളെക്കുറിച്ചും മറ്റും സംസാരിച്ചു തുടങ്ങുമ്പോൾ ഇതു വിശേഷാൽ പ്രധാനമാണ്. സ്വാഭാവികമായി പെരുമാറുക, നാട്യമോ ജാടയോ ഇല്ലാതെ, നേരോടും പരമാർഥതയോടുംകൂടെ ഇടപെടുക. അപ്പോൾ നിങ്ങൾക്കു മനസ്സിലാകും നിങ്ങൾ ഒരേ തൂവൽപ്പക്ഷികളാണോ എന്ന്.
പ്രതികരണമില്ലെങ്കിലോ?
ശരി, നിങ്ങൾ വിനയത്തോടെയും മാന്യതയോടെയും ഇടപെട്ടിട്ടും അപ്പുറത്തുനിന്ന് പ്രണയത്തിന്റെ ഒരു നേരിയ സ്പന്ദനംപോലും കേൾക്കാനാകുന്നില്ലെങ്കിലോ? ഒരുപക്ഷേ, ഇതിനോടകം ആഴ്ചകളും മാസങ്ങളും കടന്നുപോയിരിക്കാം, പക്ഷേ അദ്ദേഹത്തിനു നിങ്ങളോടുള്ള താത്പര്യത്തിന്റെ ലക്ഷണങ്ങൾ ഒന്നും കാണുന്നില്ല. ഒരുപക്ഷേ അദ്ദേഹത്തിന് അതു പറയാൻ മടിയായിരിക്കും എന്നു നിങ്ങൾ നിഗമനം ചെയ്യുമോ? ഇങ്ങനെ ഒരു അവസരത്തിൽ സ്വയം ചോദിക്കുക: ‘അത്ര ലജ്ജാലുവാണെങ്കിൽ, അദ്ദേഹം വിവാഹത്തിനു സജ്ജനായിരിക്കുമോ?, ഞാൻ അദ്ദേഹത്തെ വിവാഹം കഴിക്കുകയാണെങ്കിൽ അദ്ദേഹം കുടുംബത്തിന്റെ ശിരഃസ്ഥാനം ഏറ്റെടുക്കുമോ, അതോ അതും ഞാൻതന്നെ ചെയ്യാൻ പ്രതീക്ഷിക്കുമോ?’ (1 കൊരിന്ത്യർ 11:3) പരിചിന്തിക്കേണ്ട മറ്റൊരു ചോദ്യമുണ്ട്, ‘അദ്ദേഹത്തിന് ശരിക്കും ലജ്ജതന്നെയാണോ, അതോ എന്നോടു പ്രേമം ഇല്ല എന്നാണോ?’ ഒടുവിൽപ്പറഞ്ഞ നിഗമനത്തിൽ എത്തിച്ചേരുന്നത് നിങ്ങളെ വല്ലാതെ നൊമ്പരപ്പെടുത്തിയേക്കാം. പക്ഷേ ഓർക്കുക, ഇപ്പോൾ ഈ നൊമ്പരം ഏറ്റുവാങ്ങുന്നെങ്കിൽ, നിങ്ങളെ പ്രണയിനിയാക്കാൻ താത്പര്യമില്ലാത്ത ഒരാളോട് നിങ്ങളുടെ പ്രണയാഭിലാഷങ്ങൾ അറിയിക്കുമ്പോഴുള്ള ജാള്യം ഒഴിവാക്കാൻ നിങ്ങൾക്കു കഴിയും.
നിങ്ങളോടുള്ള ഇഷ്ടത്തിന്റെ സൂചനകൾ അദ്ദേഹം നൽകുന്നുണ്ട് എന്നു തോന്നുന്നെങ്കിലോ? അതൊന്നു പറയാൻ അദ്ദേഹം ഇത്ര വൈകുന്നതെന്താണ്, ഞാൻ ഒന്നു സൂചിപ്പിച്ചാൽ അതു പറയാൻ അദ്ദേഹത്തിന് എളുപ്പമായിരിക്കും എന്ന് നിങ്ങൾ ചിന്തിക്കാൻ തുടങ്ങുന്നു. ഒരുപക്ഷേ ശരിയായിരിക്കാം. ഈ സന്ദർഭത്തിൽ, നിങ്ങൾ മുൻകൈയെടുക്കാൻ തീരുമാനിക്കുന്നെങ്കിൽ ശ്രദ്ധിക്കുക, കാരണം ഇതു സൂക്ഷിച്ചുചെയ്യേണ്ട ഒരു കാര്യമാണ്. നിങ്ങൾ എന്താണ് പറയാൻ പോകുന്നത് എന്നതിനെക്കുറിച്ചു മാത്രമല്ല, പറയാൻ പറ്റിയ സമയം എപ്പോഴായിരിക്കും എന്നുള്ളതും വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, അദ്ദേഹത്തിന്റെ മനസ്സിൽ ഇടംപിടിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന്റെ സൂചനയായി “എനിക്കിഷ്ടമാണ്” എന്നുമാത്രം തിടുക്കത്തിൽ പറഞ്ഞിട്ടു പോരുന്നതിലും മെച്ചമായ ഒരു രീതിയിൽ കാര്യം അവതരിപ്പിക്കാൻ നിങ്ങൾ തീരുമാനിച്ചേക്കാം. അദ്ദേഹത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നുവെന്ന് വളരെ സ്വാഭാവികവും ഉചിതവുമായ ഒരു ചുറ്റുപാടിൽവെച്ച് ഒരുപക്ഷേ നിങ്ങൾക്കു പറയാൻ കഴിയും. കാര്യം അവതരിപ്പിക്കുന്ന വിധത്തിന് കുറ്റവും കുറവും ഒക്കെ ഉണ്ടായിരിക്കാമെങ്കിലും വിഷമിക്കാനൊന്നുമില്ല. വാക്കുകൾ അത്ര മികച്ചതല്ലെങ്കിൽക്കൂടി അവയ്ക്കു പിന്നിലെ നിഷ്കപടമായ വികാരം നിങ്ങൾക്കു വേണ്ടി സംസാരിക്കും. പക്ഷേ ഒന്നോർക്കുക: നിങ്ങൾ വെളിപ്പെടുത്തുന്നത് അടുത്തു പരിചയപ്പെടാനുള്ള ആഗ്രഹമാണ്. അല്ലാതെ ആ വ്യക്തിയെ വിവാഹജീവിതത്തിലേക്കു ക്ഷണിക്കുകയല്ല. എങ്കിൽപ്പോലും, അദ്ദേഹം ഇതു കേട്ട് അമ്പരന്നുപോയേക്കാം. അതുകൊണ്ട് നിങ്ങൾ പറഞ്ഞതു നന്നായി ഉൾക്കൊള്ളാനുള്ള സമയം അദ്ദേഹത്തിനു നൽകുക.
ഇനി, നിങ്ങൾ ഈ ചെറുപ്പക്കാരനെക്കുറിച്ചു നന്നായി മനസ്സിലാക്കി എന്നിരിക്കട്ടെ. അദ്ദേഹം ദയാലുവും പരിഗണനയുള്ളവനും ആണെന്ന് നിങ്ങൾ കണ്ണാലെ കാണുകയും ചെയ്തു. അദ്ദേഹത്തിൽനിന്നു പരുഷമായ, അപമാനപ്പെടുത്തുന്നതരം പ്രതികരണം ഉണ്ടാകുമെന്നും നിങ്ങൾ ഭയക്കേണ്ടതില്ല. എന്നാൽ നിങ്ങളുടെ അഭ്യർഥനയെ അദ്ദേഹം ദയാപുരസ്സരം എന്നാൽ ദൃഢതയോടെ നിരസിക്കുന്നെങ്കിലോ? ഇത്തരം സന്ദർഭത്തിൽ ഒരു യുവാവ് എങ്ങനെ പെരുമാറണം? ഒരു ഭാവി ലേഖനം ഈ ചോദ്യങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതായിരിക്കും. (g04 10/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഈ ലേഖനം യുവതികളെ മനസ്സിൽക്കണ്ടുകൊണ്ട് തയ്യാറാക്കിയതാണെങ്കിലും കോർട്ടിങ്ങിനെക്കുറിച്ചു ചിന്തിക്കുന്ന യുവാക്കളും മറ്റുള്ളവരും ഇതിലെ തിരുവെഴുത്തു ബുദ്ധിയുപദേശം സഹായകമാണെന്നു കണ്ടെത്തും.
c മാതാപിതാക്കളുടെ ഇഷ്ടത്തിനു നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ വിജയകരമായിരിക്കില്ലെന്ന് ഒരുപക്ഷേ ചിലർ ചിന്തിച്ചേക്കാം. എന്നാൽ അത് അങ്ങനെ ആയിരിക്കണമെന്നില്ല. ഉദാഹരണത്തിന്, ബൈബിൾ കാലങ്ങളിൽ യിസ്ഹാക്കിന്റെയും റിബെക്കായുടെയും വിവാഹം അവരുടെ മാതാപിതാക്കൾ തീരുമാനിച്ചതായിരുന്നു. എന്നാൽ യിസ്ഹാക്കിന് “അവളിൽ സ്നേഹമായി” എന്നു ബൈബിൾ പറയുന്നു. (ഉല്പത്തി 24:67) ഇതിൽനിന്നു നാം എന്തു മനസ്സിലാക്കണം? പ്രാദേശിക കീഴ്വഴക്കങ്ങൾ ദൈവിക നിയമത്തിനു വിരുദ്ധമല്ലാത്തിടത്തോളം അവ കാറ്റിൽപ്പറത്താൻ നാം തിടുക്കം കാട്ടരുത്.—പ്രവൃത്തികൾ 5:29.
d യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിലെ 28 മുതൽ 31 വരെയുള്ള അധ്യായങ്ങളിൽ, ഒരാൾ നിങ്ങൾക്ക് യോജിച്ച വിവാഹ ഇണയാണോ എന്നു കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ കാണാൻ കഴിയും.
[24-ാം പേജിലെ ചിത്രം]
അദ്ദേഹത്തിന്റെ പെരുമാറ്റം ശ്രദ്ധിക്കുമ്പോൾ അദ്ദേഹത്തോടുള്ള നിങ്ങളുടെ വികാരങ്ങൾക്കു മാറ്റം വന്നേക്കാം
[24-ാം പേജിലെ ചിത്രം]
നിങ്ങൾക്ക് ആരോടെങ്കിലും പ്രണയം തോന്നുന്നെങ്കിൽ ആ വ്യക്തിയെ അറിയാവുന്ന ഉത്തരവാദിത്വമുള്ള മുതിർന്നവരുമായി സംസാരിക്കുക