ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഏകാന്തത “ഒറ്റയ്ക്കെങ്കിലും ഏകാന്തതയില്ലാതെ” എന്ന ലേഖനപരമ്പര വായിച്ചശേഷം നിങ്ങൾക്ക് എഴുതിയേ തീരൂ എന്നെനിക്കു തോന്നി. (2004 ജൂലൈ 8) ഈ ലേഖനങ്ങൾ ആദ്യം കണ്ടപ്പോൾ എനിക്കത്ര താത്പര്യമൊന്നും തോന്നിയില്ല. എന്നാൽ ഇതു വായിച്ചു തുടങ്ങിയപ്പോൾ, മറ്റുള്ളവരോട് ഉള്ളുതുറക്കുന്ന ശീലം എനിക്കില്ലെന്നു ഞാൻ തിരിച്ചറിഞ്ഞു. ഇതിൽ തന്നിരിക്കുന്ന നിർദേശങ്ങൾ എനിക്കു വേണ്ടതുതന്നെ ആയിരുന്നു.
എ. വി., ഐക്യനാടുകൾ
എനിക്കു പെട്ടെന്ന് അപസ്മാരം മൂർച്ഛിക്കാറുണ്ട്, വിഷാദവുമുണ്ട്. മരുന്നു കഴിക്കുന്നതിനാൽ ഞാൻ മിക്കസമയത്തും ഉറക്കമാണ്. അതുകൊണ്ട് പലപ്പോഴും എനിക്ക് ഒറ്റയ്ക്കാണെന്നുള്ള തോന്നൽ ഉണ്ടാകുകയും ഏകാന്തത അനുഭവപ്പെടുകയും ചെയ്യുന്നു. നമുക്ക് ഏകാന്തത അനുഭവപ്പെടുന്ന സമയത്തും നാം ഒറ്റയ്ക്കല്ല എന്നു മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു.
ജെ. സി., ഐക്യനാടുകൾ
എന്നെ തനിച്ചാക്കിയിട്ട് ഭർത്താവ് ബിസിനസ് കാര്യങ്ങൾക്കായി യാത്രയായപ്പോൾ ഞാൻ വളരെ നിഷേധാത്മകമായി പെരുമാറിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. ഏകാന്തതയെ ഒരു സാധാരണ സംഗതിയായി വീക്ഷിക്കുകയും പക്വതയുള്ള ഒരു സുഹൃത്തിനോടു സംസാരിക്കുകയും ചെയ്യാനുള്ള നിങ്ങളുടെ നിർദേശങ്ങൾ എന്നെ വളരെ സഹായിച്ചു.
ജെ. എച്ച്., ചെക്ക് റിപ്പബ്ലിക്ക്
സുവിശേഷകരുടെ ആവശ്യം അധികമുള്ള ഒരു പ്രദേശത്തേക്ക് ഉടൻതന്നെ ഞാൻ താമസം മാറ്റാനിരിക്കുകയാണ്. ഞാൻ അങ്ങനെ ചെയ്യുന്നതിൽ എന്റെ അമ്മയ്ക്കു സന്തോഷമേയുള്ളൂ. എന്നാൽ ചിലപ്പോഴൊക്കെ അമ്മയ്ക്ക് ഏകാന്തത അനുഭവപ്പെടുന്നു. എനിക്ക് എന്തുചെയ്യാൻ കഴിയും എന്നു ചിന്തിച്ചിരിക്കുമ്പോഴാണ് തക്കസമയത്ത് ഈ ലേഖനങ്ങൾ ലഭിച്ചത്. ശുശ്രൂഷയിലെ എന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് അമ്മയുമായി ക്രമമായി ആശയവിനിമയം നടത്താൻ ഞാൻ ഇപ്പോൾ തീരുമാനിച്ചു.
എൻ. കെ., ജപ്പാൻ
ജനസംഖ്യാശാസ്ത്രം “ജനസംഖ്യാശാസ്ത്രവും ബൈബിളും ഭാവിയും” എന്ന ലേഖനത്തിൽ ഇസ്രായേല്യർ ഈജിപ്തുവിട്ടത് 215 വർഷത്തിനു ശേഷമാണെന്നു നിങ്ങൾ പറയുന്നു. (2004 ജൂൺ 8) എന്നാൽ പുറപ്പാടു 12:40, 41-ൽ അതു 430 വർഷമാണെന്നു പറയുന്നുണ്ടല്ലോ.
ആർ. സി., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: പുറപ്പാടു 12:40 (NW) ഇങ്ങനെ പറയുന്നു: “ഈജിപ്തിൽ പാർത്ത ഇസ്രായേൽമക്കളുടെ വാസകാലം നാനൂറ്റി മുപ്പതു സംവത്സരമായിരുന്നു.” “ഇസ്രായേൽ മക്കളുടെ വാസകാലം” എന്നു പറയുന്നത് യഹൂദന്മാർ ഈജിപ്തിൽ പാർത്ത കാലഘട്ടം മാത്രമല്ല എന്നത് ശ്രദ്ധിക്കുക. മറിച്ച്, തെളിവനുസരിച്ച് അബ്രാഹാം കനാനിൽ പ്രവേശിച്ചതു മുതലുള്ള മുഴു കാലഘട്ടവും അതിൽ ഉൾപ്പെടുന്നു. ഈ 430 വർഷം അബ്രാഹാമ്യ ഉടമ്പടി പ്രാബല്യത്തിൽ വന്ന അന്നുതുടങ്ങി എന്ന് അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കി. (ഗലാത്യർ 3:16, 17) അതായത് അബ്രാഹാം കനാനിൽ പ്രവേശിച്ച പൊ.യു.മു. 1943-ൽ. ഈ സംഭവം യഹൂദന്മാർ ഈജിപ്തിലേക്കു മാറിപ്പാർത്തതിന് 215 വർഷം മുമ്പായിരുന്നെന്ന് ബൈബിൾ കാലക്കണക്കുകൾ സൂചിപ്പിക്കുന്നു. അപ്പോൾ തുടർന്നുള്ള 215 വർഷം യഹൂദന്മാർ ‘ഈജിപ്തിൽ പാർത്തു.’—യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” (ഇംഗ്ലീഷ്) ഒന്നാം വാല്യത്തിലെ “കാലഗണന” (Chronology) എന്ന ഭാഗം കാണുക. (g05 3/22)
മോശമായി പെരുമാറുന്ന ബോയ്ഫ്രണ്ട് “യുവജനങ്ങൾ ചോദിക്കുന്നു . . . എന്നോടുള്ള ഈ മോശമായ പെരുമാറ്റം എങ്ങനെ തടയാം?” എന്ന ലേഖനത്തിനു നന്ദി. (2004 ജൂലൈ 8) എനിക്ക് ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള ബന്ധം ശാരീരികമായും വൈകാരികമായും അപകടമുയർത്തുന്ന ഒന്നായിരുന്നു. എനിക്ക് അയാളെ വലിയ പേടിയായിരുന്നു. ഫലമോ? ദുഷ്പെരുമാറ്റമെല്ലാം സഹിച്ച് ഞാൻ ആ ബന്ധം തുടർന്നു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, എന്റെ മാതാപിതാക്കളുടെയും ക്രിസ്തീയ മൂപ്പന്മാരുടെയും യഹോവയാം ദൈവത്തിന്റെയും സഹായത്തോടെ ആ ബന്ധം അവസാനിപ്പിക്കാൻ എനിക്കു കഴിഞ്ഞു. ഈ ലേഖനം ഇത്തരം ദുരവസ്ഥ അനുഭവിക്കുന്നവർക്ക് ഒരു വലിയ സഹായമായിരിക്കും.
ജെ. എ., ഐക്യനാടുകൾ
തന്നോടു മോശമായി പെരുമാറുന്ന ഒരു പുരുഷനെ വിവാഹം ചെയ്യുന്നതിൽനിന്ന് ഈ ലേഖനം ഇതു വായിക്കുന്ന ഒരു സ്ത്രീയെ തടയും എന്നു ഞാൻ പ്രത്യാശിക്കുന്നു. വൈകാരികവും ശാരീരികവും ആയുള്ളതും വാക്കാലുള്ളതും ആയ ദുഷ്പെരുമാറ്റങ്ങൾക്കു വളംവെച്ചുകൊടുക്കാതെ മുളയിലേ നുള്ളേണ്ടതാണ്! ഈ പാഠം ഞാൻ പഠിച്ചത് കയ്പേറിയ അനുഭവത്തിലൂടെയാണ്.
റ്റി. ജി., കാനഡ