കുടുംബങ്ങൾക്കുവേണ്ടി | യുവജനങ്ങൾ
ഏകാന്തത എങ്ങനെ തരണം ചെയ്യാം?
പ്രശ്നം
“എനിക്ക് രണ്ട് കൂട്ടുകാരികളുണ്ടായിരുന്നു. എന്നെ ഒഴിവാക്കിക്കൊണ്ട് അവർ ഒരുമിച്ചാണ് കാര്യങ്ങൾ ചെയ്തിരുന്നത്. അവർ കൂടിവരുമ്പോഴൊക്കെ തങ്ങൾ ആസ്വദിച്ച കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് ചിരിക്കുന്നത് ഞാൻ കേൾക്കാറുണ്ട്. ഒരിക്കൽ അവരിൽ ഒരാളെ ഞാൻ ഫോണിൽ വിളിച്ചപ്പോൾ, മറ്റാരോ ആണ് ഫോൺ എടുത്തത്. ആ സംസാരത്തിന് ഇടയിലും ഫോണിലൂടെ എന്റെ കൂട്ടുകാരികളുടെ കളിചിരികൾ ഞാൻ കേട്ടു. അവർ ഇരുവരും മാത്രം ആസ്വദിക്കുന്ന ആ സന്തോഷം എനിക്ക് കേൾക്കാൻ മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. അത് എന്നെ മുമ്പത്തെക്കാൾ അധികം ഏകാന്തതയിലാഴ്ത്തി.”—മരിയa
നിങ്ങൾക്ക് എപ്പോഴെങ്കിലും ഏകാന്തതയോ ഒറ്റപ്പെടലോ അനുഭവപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ ബൈബിളിനു നിങ്ങളെ സഹായിക്കാൻ കഴിയും. ആദ്യം ഏകാന്തതയെക്കുറിച്ച് ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കാം.
നിങ്ങൾ അറിയേണ്ടത്
മിക്കവർക്കും ഏകാന്തത അനുഭവപ്പെടുന്നു. പ്രശസ്തരായ ആളുകൾ പോലും ഇതിൽ ഉൾപ്പെടുന്നു. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കാരണം, ഒരു വ്യക്തിക്ക് ഏകാന്തത അനുഭവപ്പെടുന്നുണ്ടോ എന്ന് നിർണയിക്കുന്നത്, ആ വ്യക്തിക്കുള്ള സുഹൃത്തുക്കളുടെ എണ്ണമല്ല. പകരം ഉള്ള സുഹൃദ്ബന്ധങ്ങളുടെ ആഴം എത്രത്തോളം ഉണ്ടെന്നുള്ളതാണ്. പ്രശസ്തനായ ഒരു വ്യക്തിയുടെ ചുറ്റിലും എപ്പോഴും ആളുകൾ ഉണ്ടായേക്കാമെങ്കിലും യഥാർഥസുഹൃത്തുക്കൾ ഇല്ലാത്തതിനാൽ ഒറ്റപ്പെടൽ അനുഭവപ്പെട്ടേക്കാം.
ഏകാന്തത നിങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കാം. 148 ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഒരു പഠനത്തിൽ ഗവേഷകർ പിൻവരുന്ന നിഗമനത്തിൽ എത്തി. സമൂഹവുമായി തീരെ ഇടപഴകാത്ത ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാൾക്ക് അകാലമരണം സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. മാത്രമല്ല, “അമിതവണ്ണം മൂലം ഒരു വ്യക്തിക്ക് ഉണ്ടാകാവുന്ന ദൂഷ്യഫലത്തിന്റെ രണ്ടു മടങ്ങിനോടും” ഒരു വ്യക്തി “ദിവസവും 15 സിഗരറ്റ് വലിക്കുന്നതിനോടും” ആണ് ഗവേഷകർ ഏകാന്തതയെ താരതമ്യപ്പെടുത്തിയത്.
ഏകാന്തതയ്ക്ക് നിങ്ങളുടെ മനോബലം ക്ഷയിപ്പിക്കാനാകും. നല്ലൊരു കൂട്ടുകാരനെ കിട്ടാത്തതിനാൽ കിട്ടിയ കൂട്ടുമായി ഒത്തുപോകാൻ നിങ്ങൾ തീരുമാനിച്ചേക്കാം. യുവാവായ അലൻ പറയുന്നു: “നിങ്ങൾ ഏകാന്തത അനുഭവിക്കുന്നതിനാൽ ഏതുവിധേനയും മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ആഗ്രഹിച്ചേക്കാം. ഒരു സുഹൃത്തുപോലും ഇല്ലാതിരിക്കുന്നതിനേക്കാൾ നല്ലതാണല്ലോ അൽപം മോശമായ ഒരു സൗഹൃദം എങ്കിലും ഉണ്ടായിരിക്കുന്നത്.”
ഏകാന്തതയെ തുരത്താൻ സാങ്കേതികവിദ്യക്കാകില്ല. “നൂറിലധികം ആളുകൾക്ക് ഇ-മെയിൽ അയയ്ക്കുമ്പോൾപോലും ഏകാന്തത നമ്മളെ പിടിമുറുക്കിയേക്കാം” എന്ന് യുവതിയായ നാറ്റ്ലി പറയുന്നു. ടൈലർ എന്ന കൗമാരക്കാരനും സമാനമായ അഭിപ്രായമാണുള്ളത്. “മെസേജ് അയയ്ക്കുന്നത് ഒരു ലഘുഭക്ഷണംപോലെയാണെങ്കിൽ ഒന്നിച്ചിരുന്നുള്ള സംഭാഷണം വിഭവസമൃദ്ധമായ ഒരു സദ്യപോലെയാണ്. ലഘുഭക്ഷണം നിങ്ങൾ ആസ്വദിക്കുമെങ്കിലും നിങ്ങളെ പൂർണമായി തൃപ്തിപ്പെടുത്താൻ ഒരു നല്ല സദ്യക്കേ കഴിയൂ.”
നിങ്ങൾക്കു ചെയ്യാനാകുന്നത്
നല്ലതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഉദാഹരണത്തിന്, ഫോട്ടോ പങ്കുവെക്കാവുന്ന വെബ്സൈറ്റ് തുറന്നപ്പോൾ നിങ്ങളെ ക്ഷണിച്ചിട്ടില്ലാത്ത ഒരു കൂടിവരവിൽ നിങ്ങളുടെ സുഹൃത്തുക്കളുടെയെല്ലാം ചിത്രങ്ങൾ നിങ്ങൾ കാണുകയാണെന്ന് ഇരിക്കട്ടെ. ഈ സാഹചര്യത്തിൽ അവർ മനപ്പൂർവം ഒഴിവാക്കിയതാണെന്ന് വേണമെങ്കിൽ ചിന്തിക്കാം. അല്ലെങ്കിൽ, അതിലെ നല്ല വശം കണ്ടുപിടിക്കാൻ ശ്രമിക്കാം. നടന്ന സംഭവത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് അറിയില്ലെന്നിരിക്കെ, എന്തിന് തെറ്റായ നിഗമനത്തിൽ എത്തിച്ചേരണം? പകരം നിങ്ങളെ ഒഴിവാക്കാനുണ്ടായ കാര്യത്തെപ്പറ്റി മെച്ചപ്പെട്ട രീതിയിൽ ചിന്തിക്കാൻ ശ്രമിക്കുക. മിക്കപ്പോഴും, നിങ്ങളെ ഒഴിവാക്കിയ ആ സാഹചര്യമല്ല പകരം ആ സാഹചര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടാണ് ഏകാന്തതയ്ക്ക് കാരണമാകുന്നത്.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 15:15.
അടച്ചു കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുക. നിങ്ങൾ ഒറ്റയ്ക്കായിരിക്കുമ്പോൾ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ആളുകൾ എന്നെ ഒരിക്കലും ക്ഷണിക്കാറില്ല. മറ്റുള്ളവർ എല്ലായ്പോഴും എന്നെ ഒഴിവാക്കുന്നു’. അത്തരത്തിലുള്ള നിഷേധാത്മകചിന്തകൾ ഏകാന്തതയുടെ ‘നിലയില്ലാക്കയത്തിൽ മുങ്ങിത്താഴാൻ’ മാത്രമേ ഉപകരിക്കുകയുള്ളൂ. അത്തരം ധാരണകൾക്ക് നമ്മളെ വിഷമവൃത്തത്തിലാക്കാൻ കഴിയും. അതായത്, ഉപേക്ഷിക്കപ്പെട്ടവനാണെന്ന തോന്നൽ ആദ്യം നിങ്ങൾക്കുണ്ടാകുന്നു. അപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തും. ഇത് നിങ്ങളെ ഏകാന്തതയിൽ കൊണ്ടെത്തിക്കുന്നു. അത് വീണ്ടും, ഉപേക്ഷിക്കപ്പെട്ടവനാണെന്ന തോന്നൽ നിങ്ങളിൽ ഉളവാക്കുന്നു.—ബൈബിൾതത്ത്വം: സദൃശവാക്യങ്ങൾ 18:1.
നിങ്ങളെക്കാൾ പ്രായമുള്ളവരെ സുഹൃത്തുക്കളായി തിരഞ്ഞെടുക്കുക. ബൈബിളിൽ ദാവീദിനെക്കുറിച്ച് പറയവെ, അവന്റെ കൗമാരത്തിലാണ് തന്നെക്കാൾ 30 വയസ്സ് അധികമുള്ള യോനാഥാനെ കണ്ടുമുട്ടിയത്. അവർ തമ്മിൽ പ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും ദാവീദും യോനാഥാനും ഉറ്റസുഹൃത്തുക്കളായിരുന്നു. (1 ശമൂവേൽ 18:1) നിങ്ങൾക്കും ഇതുപോലെ പ്രായമുള്ളവരെ സുഹൃത്തുക്കളാക്കാൻ കഴിയും. 21 വയസ്സുള്ള കിയേറ പറയുന്നു: “എന്നെക്കാൾ അധികം പ്രായമുള്ളവരെ സുഹൃത്തുക്കളാക്കുന്നതിന്റെ മൂല്യം ഞാൻ ഈയിടെയാണ് മനസ്സിലാക്കിയത്. എന്നെക്കാൾ ദശകങ്ങൾ പ്രായമുള്ള ഉറ്റസുഹൃത്തുക്കൾ എനിക്കുണ്ട്. കാര്യങ്ങളെക്കുറിച്ചുള്ള പക്വതയാർന്നതും ദൃഢതയാർന്നതും ആയ കാഴ്ചപ്പാട് അവർക്കുള്ളത് ഞാൻ അതിയായി വിലമതിക്കുന്നു.”—ബൈബിൾതത്ത്വം: ഇയ്യോബ് 12:12.
ഏകാന്തതയ്ക്കും പ്രയോജനങ്ങളുണ്ടെന്ന് ചിന്തിക്കുക. അൽപ്പസമയത്തേക്കെങ്കിലും തനിച്ചാകുമ്പോൾ ചിലർക്ക് ഏകാന്തത അനുഭവപ്പെടുന്നു. എന്നാൽ നിങ്ങൾ തനിച്ചാണ് എന്ന കാരണത്താൽ നിങ്ങൾക്ക് ഏകാന്തത അനുഭവപ്പെടേണ്ടതില്ല. ദൃഷ്ടാന്തത്തിന്, യേശുവിന് ആളുകളുമായി ഇടപഴകുന്നത് ഇഷ്ടമാണെങ്കിലും, ഒറ്റയ്ക്കായിരിക്കുന്ന സമയങ്ങളും അവൻ ആസ്വദിച്ചിരുന്നു. (മത്തായി 14:23; മർക്കോസ് 1:35) നിങ്ങൾക്കും അത് പകർത്താവുന്നതാണ്. അതുകൊണ്ട്, ഒറ്റയ്ക്കായിരിക്കുന്ന അവസരങ്ങൾ ഒരു കുറവായി കാണാതെ നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ധ്യാനിക്കാൻ ആ ഏകാന്തനിമിഷങ്ങൾ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ. അങ്ങനെ ചെയ്യുന്നെങ്കിൽ, മറ്റുള്ളവർക്ക് നിങ്ങൾ കൂടുതൽ പ്രിയങ്കരായിത്തീരും.—സദൃശവാക്യങ്ങൾ 13:20. ◼
a ചില പേരുകൾ മാറ്റം വരുത്തിയിരിക്കുന്നു.