ലോകത്തെ വീക്ഷിക്കൽ
◼ 2005 ആയിരുന്നു “ഉത്തരാർധഗോളത്തിലെ ഏറ്റവും ചൂടുകൂടിയ വർഷം.” കൂടാതെ “ലോകത്തിൽ മൊത്തം രേഖപ്പെടുത്തിയിരിക്കുന്നതിൽ വെച്ച് ഏറ്റവും ചൂടുകൂടിയ രണ്ടാമത്തെ വർഷവും” അതുതന്നെയാണ്. “[രേഖപ്പെടുത്തിയിട്ടുള്ളതിലേക്കും] ഏറ്റവും ചൂടു കൂടിയ 10 വർഷത്തിൽ 8-ഉം കഴിഞ്ഞ ദശാബ്ദത്തിലായിരുന്നു.”—ബിബിസി ന്യൂസ്, ബ്രിട്ടൻ.
◼ അറ്റ്ലാന്റിക് മേഖലയിൽ രേഖപ്പെടുത്തിയിരിക്കുന്നതിലേക്കും “അതിവിനാശകമെന്നു പറയാവുന്ന” “ഏറ്റവും കൂടുതൽ ചുഴലിക്കൊടുങ്കാറ്റുകൾ” ഉണ്ടായിട്ടുള്ളത് 2005-ൽ ആണ്. 14 ചുഴലിക്കൊടുങ്കാറ്റുകളിൽ ഏഴെണ്ണത്തിനും മണിക്കൂറിൽ 177 കിലോമീറ്ററിലധികം വേഗം ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു.—യു.എസ്. നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫിയറിക് അഡ്മിനിസ്ട്രേഷൻ.
◼ “1850-ൽ അമേരിക്കൻ ഐക്യനാടുകളിലെ മൊണ്ടാനാ ഗ്ലാസിയർ നാഷണൽ പാർക്കിൽ 150 ഹിമാനികൾ (glaciers) ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 27 ആയി ചുരുങ്ങിയിരിക്കുന്നു.” —ദ വാൾ സ്ട്രീറ്റ് ജേർണൽ, യു.എസ്.എ.
◼ “ആഗോളതപനം എന്ന പ്രശ്നം പരിഹരിക്കാനായി തങ്ങളുടെ നാടിന്റെ സാമ്പത്തികനില തകരാറിലാക്കാൻ ഒരു രാജ്യവും തയാറാകുകയില്ലെന്നത് ഒരു നഗ്നസത്യമാണ്.”—ടോണി ബ്ലെയർ, ബ്രിട്ടീഷ് പ്രധാനമന്ത്രി.
കത്തോലിക്കർ ‘വീടുതോറും’ പോകണമെന്നോ?
സാവൊ പൗലൊയിലെ ആർച്ചു ബിഷപ്പായ ക്ലൗഡ്യൂ യൂംസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ 14 വർഷക്കാലയളവിൽ ബ്രസീലിലെ കത്തോലിക്കരുടെ അനുപാതം 83 ശതമാനത്തിൽനിന്നും 67 ആയി കുറഞ്ഞിരിക്കുന്നു. “മാമോദീസ മുങ്ങിയ സഭാംഗങ്ങൾക്കിടയിൽ സമഗ്രമായി സുവിശേഷം പ്രസംഗിക്കാൻ വിവിധ കാരണങ്ങളാൽ സഭയ്ക്കു കഴിയാതെപോകുന്നതു” നിമിത്തമാണതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. അദ്ദേഹം ഇങ്ങനെ തുടരുന്നു: “സ്ഥിരമായി പള്ളിയിൽ വരുന്നവരോടു മാത്രമല്ല മറിച്ച് വീടുകളിലും സ്കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും പോയി നാം വിശ്വാസികളോടു പ്രസംഗിക്കേണ്ടതുണ്ട്.” മിഷനറിമാരായി പരിശീലനം സിദ്ധിച്ച അൽമായർ ഇതു ചെയ്യേണ്ടതുണ്ടെന്ന് സാവൊ പൗലൊയിലെ ഫോല്യാ ഓൺലൈൻ ദിനപത്രം പറയുന്നു. ബ്രസീലിലും ലാറ്റിൻ അമേരിക്കയുടെ ശേഷിച്ച ഭാഗങ്ങളിലും കത്തോലിക്കാ സഭ നേരിടുന്ന വലിയ ഒരു പ്രശ്നം ആവശ്യത്തിനു പുരോഹിതന്മാരില്ല എന്നതാണ്.
ജർമനിയിൽ നിയമാംഗീകാരം
ജർമനിയിലെ ലൈപ്സിഗിലുള്ള ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് കോർട്ട് 2006 ഫെബ്രുവരി 10-ന് പുറപ്പെടുവിച്ച ഒരു വിജ്ഞാപനത്തിൽ, ജർമനിയിലെ യഹോവയുടെ സാക്ഷികൾ എന്ന മതസംഘടനയെ ബെർലിൻ സ്റ്റേറ്റ് ഒരു പബ്ലിക് കോർപ്പറേഷനായി അംഗീകരിക്കണമെന്ന് വിധിപ്രഖ്യാപിച്ചു. അങ്ങനെ 15 വർഷം ദീർഘിച്ച ഒരു നിയമയുദ്ധത്തിന് വിരാമമായി. ഈ കാലഘട്ടത്തിലുടനീളം ഫെഡറൽ കോൺസ്റ്റിറ്റ്യൂഷണൽ കോർട്ട് ഉൾപ്പെടെയുള്ള നിരവധി ജർമൻ കോടതികൾ ഈ കേസ് പരിഗണിക്കുകയുണ്ടായി. ഒരു പബ്ലിക് കോർപ്പറേഷൻ എന്ന നിലയിൽ യഹോവയുടെ സാക്ഷികൾ എന്ന മതസംഘടനയ്ക്ക് രാജ്യത്തെ മറ്റു പ്രമുഖ മതവിഭാഗങ്ങൾക്കുള്ള നികുതിയൊഴിവുകൾക്കും മറ്റ് ആനുകൂല്യങ്ങൾക്കും അർഹതയുണ്ട്.
ഇന്റർനെറ്റ് ജ്വരം ബാധിച്ച യുവ ചൈനക്കാർ
ഹോങ്കോങ്ങിലെ സൗത്ത് ചൈന മോർണിങ് പോസ്റ്റ് എന്ന വർത്തമാനപ്പത്രം പറയുന്നതനുസരിച്ച് “ചൈനയിലെ യുവജനങ്ങൾക്കിടയിൽ ഇന്റർനെറ്റ് ഗെയിം ആസക്തി വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.” മറ്റു പൗരസ്ത്യ ദേശങ്ങളായ ഹോങ്കോങ്, ജപ്പാൻ, കൊറിയൻ റിപ്പബ്ലിക് എന്നിവിടങ്ങളിലെ യുവജനങ്ങൾക്കിടയിലും ഈ പ്രതിഭാസം ദൃശ്യമാണ്. പത്രം ഇങ്ങനെ തുടരുന്നു: “മാതാപിതാക്കളുടെ അതിരു കവിഞ്ഞ പ്രതീക്ഷ, സർവകലാശാലകളിൽ പ്രവേശനം ലഭിക്കാനുള്ള കടുത്ത മത്സരം എന്നിവയിലൂടെ സമൂഹം കുട്ടികളുടെമേൽ കടുത്ത സമ്മർദം ചെലുത്തുന്നു. ഇതിനോടെല്ലാമുള്ള അമർഷമാണ് പരിസരം മറന്ന് ഇന്റർനെറ്റ് ഗെയിമുകളിൽ മുഴുകുന്നതിലൂടെ അവർ പ്രകടമാക്കുന്നത്.” ചൈനയിലെ 60 ലക്ഷത്തോളം കുട്ടികൾക്ക് ഈ ആസക്തിയെ തരണം ചെയ്യാൻ സഹായം ആവശ്യമാണെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു.