പ്രകൃതി എന്തു പഠിപ്പിക്കുന്നു?
“മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും. അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.”—ഇയ്യോബ് 12:7, 8.
അടുത്തകാലത്ത് ശാസ്ത്രജ്ഞന്മാരും എഞ്ചിനീയർമാരും അക്ഷരാർഥത്തിൽ സസ്യമൃഗാദികളിൽനിന്ന് ‘ഉപദേശം’ സ്വീകരിച്ചിരിക്കുന്നു. പുതിയ ഉത്പന്നങ്ങൾ നിർമിക്കാനും നിലവിലുള്ള യന്ത്രങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുമായി അവർ ജീവജാലങ്ങളുടെ രൂപസവിശേഷതകൾ പഠനവിധേമാക്കുകയും അതെല്ലാം പകർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. ബയോമിമെറ്റിക്സ് എന്നാണ് ഈ ശാസ്ത്രശാഖയുടെ പേര്. പിൻവരുന്ന ഉദാഹരണങ്ങൾ പരിചിന്തിക്കുമ്പോൾ ‘ഈ രൂപമാതൃകകളുടെയെല്ലാം ബഹുമതി അർഹിക്കുന്നത് ആരാണ്?’ എന്നു സ്വയം ചോദിക്കുക.
തിമിംഗലത്തിന്റെ ചിറകുകളിൽനിന്നു പഠിക്കുന്നു
വിമാനത്തിന്റെ രൂപകൽപ്പനാ വിദഗ്ധർക്ക് കൂനൻ തിമിംഗലത്തിൽനിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ഉണ്ട്, വളരെയധികം. പൂർണവളർച്ചയെത്തിയ ഒരു കൂനൻ തിമിംഗലത്തിനു 30 ടണ്ണോളം ഭാരമുണ്ട്. 12 മീറ്റർ നീളവും അനായാസം വഴങ്ങാത്ത ശരീരവും വലിയ ചിറകുകളുമുള്ള ഇവ വെള്ളത്തിൽ നിഷ്പ്രയാസം തെന്നിനീങ്ങുന്നു. ഉദാഹരണത്തിന് ഇരതേടുമ്പോൾ ഇവ, തുടർച്ചയായി കുമിളകൾ വിട്ടുകൊണ്ട് കവചജീവികളുടെയും മത്സ്യങ്ങളുടെയും അടിയിൽനിന്ന് സർപ്പിളാകൃതിയിൽ മുകളിലേക്കു നീന്തിച്ചെല്ലുന്നു. 1.5 മീറ്റർ മാത്രം വ്യാസംവരുന്ന ഈ കൊച്ചു കുമിളവല, അതിൽ കുടുങ്ങുന്ന ജീവികൾ ജലോപരിതലത്തിൽ ഒരുമിച്ചുവരാൻ ഇടയാക്കുന്നു. അങ്ങനെ കുമിളവല ഒരുക്കുന്ന സ്വാദിഷ്ഠമായ സദ്യ ഇവ ആർത്തിയോടെ അകത്താക്കുന്നു.
അധികം വഴങ്ങാത്ത ശരീരമുള്ള ഈ ജീവി വളരെ ചെറിയ വട്ടത്തിനുള്ളിൽ തിരിയുന്നത് എങ്ങനെയാണ്? അതു ഗവേഷകരെ ശരിക്കും അമ്പരപ്പിച്ചു. അതിന്റെ ചിറകുകളുടെ ആകൃതിയിലാണ് രഹസ്യം ഒളിഞ്ഞിരിക്കുന്നതെന്ന് അവർ കണ്ടെത്തി. വിമാനത്തിന്റെ ചിറകുകളിൽനിന്നു വ്യത്യസ്തമായി അതിന്റെ ചിറകുകളുടെ മുൻഭാഗം കുതകൾ നിറഞ്ഞതാണ്. അവിടെ റ്റ്യൂബർക്കിൾസ് എന്നു വിളിക്കപ്പെടുന്ന മുഴകളുടെ ഒരു നിരതന്നെ ഉണ്ട്.
തിമിംഗലം വെള്ളത്തിലൂടെ പാഞ്ഞുനീങ്ങുമ്പോൾ ഈ മുഴകൾ ഉത്ഥാപകം (lift) വർധിപ്പിക്കുകയും വലിവ് (drag) കുറയ്ക്കുകയും ചെയ്യുന്നു. അതെങ്ങനെ? തിമിംഗലം കുത്തനെ മുകളിലേക്ക് ഉയരുമ്പോൾപ്പോലും വെള്ളം ചിറകുകൾക്കു മുകളിലൂടെ അതിവേഗം കറങ്ങിയൊഴുകാൻ റ്റ്യൂബർക്കിൾസ് ഇടയാക്കുന്നുവെന്ന് നാച്വറൽ ഹിസ്റ്ററി എന്ന മാസിക വിശദീകരിക്കുന്നു. ചിറകിന്റെ മുൻഭാഗം നിരപ്പുള്ളതായിരുന്നെങ്കിൽ അതിന്റെ പിമ്പിൽ ചുഴികൾ രൂപംകൊള്ളുകയും ആവശ്യമായ ഉത്ഥാപകം ലഭിക്കാതെ പോകുകയും ചെയ്യുമായിരുന്നു. അങ്ങനെയാകുമ്പോൾ ഇത്ര ചെറിയ വൃത്തത്തിനുള്ളിൽ മുകളിലേക്കുയരാൻ അതിനു സാധിക്കാതെ വരുമായിരുന്നു.
ഈ കണ്ടുപിടിത്തംകൊണ്ട് എന്തെല്ലാം പ്രയോജനങ്ങളുണ്ട്? തിമിംഗലത്തിന്റെ ചിറകുകളുടെ രൂപമാതൃകയിൽ നിർമിക്കപ്പെടുന്ന വിമാനത്തിന്റെ ചിറകുകൾക്ക് ഫ്ളാപ്പുകളും വായുപ്രവാഹത്തിന്റെ ദിശ മാറ്റാനുള്ള മറ്റ് ഉപകരണങ്ങളും വളരെ കുറച്ചു മാത്രമേ വേണ്ടിവരുകയുള്ളൂ. അത്തരം ചിറകുകൾ സുരക്ഷിതവും അവയുടെ കേടുപാടു തീർക്കുന്നത് എളുപ്പവുമായിരിക്കും. സമീപഭാവിയിൽത്തന്നെ “കൂനൻ തിമിംഗലത്തിന്റെ ചിറകുകളിലുള്ളതുപോലുള്ള മുഴകൾ എല്ലാ ജെറ്റ് വിമാനങ്ങളിലും നമുക്കു കാണാൻ കഴിഞ്ഞേക്കും” എന്നാണ് ബയോമെക്കാനിക്ക്സ് വിദഗ്ധനായ ജോൺ ലോംഗിന്റെ വിശ്വാസം.
കടൽക്കാക്കയുടെ ചിറകുകൾ അനുകരിക്കുന്നു
പക്ഷികളുടെ ചിറകുകളുടെ മാതൃകയിലാണ് വിമാനത്തിന്റെ ചിറകുകൾ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്. എന്നിരുന്നാലും അടുത്തകാലത്ത് എഞ്ചിനീയർമാർ അനുകരണത്തിന്റെ കാര്യത്തിൽ നിർണായകമായ ഒരു ചുവടുവെപ്പ് നടത്തിയിരിക്കുന്നു. “ആകാശത്ത് ചിറകടിച്ചു നിൽക്കാനും കൂപ്പുകുത്താനും ശരവേഗത്തിൽ ഉയർന്നു പറക്കാനുമുള്ള കടൽക്കാക്കയുടെ കഴിവുകൾ സംയോജിപ്പിച്ചുകൊണ്ട് പൈലറ്റില്ലാതെ, റിമോട്ട് കൺട്രോളിന്റെ സഹായത്താൽ പറക്കുന്ന വിമാനത്തിന്റെ ഒരു മാതൃക ഫ്ളോറിഡാ സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നു” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു.
തോൾഭാഗവും ചിറകുകളുടെ മുട്ടുകളും വഴക്കമുള്ളതായതിനാൽ കടൽക്കാക്കകൾക്ക് അമ്പരപ്പിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാഴ്ചവെക്കാൻ കഴിയുന്നു. ചിറകുകളുടെ ഈ മാതൃക അനുകരിച്ചുകൊണ്ട് “24 ഇഞ്ച് നീളമുള്ള ഈ വിമാനം ഒരു കൊച്ചു മോട്ടോർ ഉപയോഗിച്ച്, ചിറകുകളെ ചലിപ്പിക്കുന്ന ഒരു കൂട്ടം ലോഹ കമ്പികളെ നിയന്ത്രിക്കുന്നു” എന്ന് മാസിക പറയുന്നു. വിദഗ്ധമായി രൂപകൽപ്പന ചെയ്യപ്പെട്ട ചിറകുകൾ ഉള്ളതു കാരണം ഇതിന് ആകാശത്തിൽ നിശ്ചലമായി നിൽക്കാനും കൂറ്റൻ കെട്ടിടങ്ങൾക്കിടയിൽക്കൂടി കൂപ്പുകുത്താനും സാധിക്കുന്നു. വൻനഗരങ്ങളിൽ രാസ, ജൈവ ആയുധങ്ങളുടെ തിരച്ചിലിന് ഉപയോഗപ്പെടുത്താനായി ഇത്തരം സവിശേഷതകളുള്ള ഒരു വിമാനം വികസിപ്പിച്ചെടുക്കുന്നതിന്റെ ആവേശത്തിലാണ് യു.എസ്. എയർ ഫോഴ്സ്.
ഗെക്കോയുടെ പാദങ്ങൾ പകർത്തുന്നു
കരയിലുള്ള മൃഗങ്ങളും പഠിപ്പിക്കുന്നതിൽ ഒട്ടും പിന്നിലല്ല. ഉദാഹരണത്തിന്, ഗെക്കോ എന്നറിയപ്പെടുന്ന ചെറിയ പല്ലിക്ക് ചുവരിലൂടെയും മച്ചിലൂടെയും ഓടിനടക്കാനുള്ള കഴിവുണ്ട്. ബൈബിൾ കാലങ്ങളിൽപ്പോലും ഈ ജീവിയുടെ വിസ്മയാവഹമായ കഴിവ് അറിയപ്പെട്ടിരുന്നു. (സദൃശവാക്യങ്ങൾ 30:28) ഭൂഗുരുത്വാകർഷണത്തെ ഭേദിക്കാൻ ഗെക്കോയ്ക്ക് കഴിയുന്നത് എങ്ങനെയാണ്?
സ്ഫടിക സമാന പ്രതലങ്ങളിൽപ്പോലും ഗെക്കോയ്ക്ക് പറ്റിപ്പിടിച്ചിരിക്കാൻ കഴിയുന്നതിന്റെ രഹസ്യം ഒളിഞ്ഞിരിക്കുന്നത് അതിന്റെ പാദത്തെ പൊതിയുന്ന, അതിസൂക്ഷ്മവും രോമസമാനവുമായ സീറ്റകളിലാണ്. അതിന്റെ പാദത്തിലൂടെ പശയൊന്നും പുറത്തേക്കു വരുന്നില്ല, വാൻ ഡർ വോൾസ് ബലങ്ങൾ എന്നറിയപ്പെടുന്ന താരതമ്യേന ശക്തി കുറഞ്ഞ തന്മാത്രാ ബലമാണ് പറ്റിപ്പിടിച്ചിരിക്കാൻ അവയെ സഹായിക്കുന്നത്. ഈ ആകർഷണ ബലങ്ങൾ രണ്ട് ഉപരിതലങ്ങളിലുള്ള തന്മാത്രകൾ പരസ്പരം ഒട്ടിച്ചേരാൻ ഇടയാക്കുന്നു. സാധാരണഗതിയിൽ, ഭൂഗുരുത്വബലം ഈ ബലങ്ങളെക്കാൾ ശക്തമാണ്, അതുകൊണ്ടാണ് ഒരു പല്ലി കയറിപ്പോകുന്നതുപോലെ നിങ്ങൾക്കു ചുവരിലൂടെ കയറിപ്പോകാൻ കഴിയാത്തത്. എന്നാൽ ഗെക്കോയുടെ സൂക്ഷ്മ സീറ്റകൾ, ചുവരുമായി സമ്പർക്കത്തിലാകുന്ന ഉപരിതലത്തിന്റെ വിസ്താരം വർധിപ്പിക്കുന്നു. പാദങ്ങളിലെ ആയിരക്കണക്കിനു സീറ്റകളുടെ വാൻ ഡർ വോൾസ് ബലങ്ങൾ കൂടിച്ചേരുമ്പോൾ കൊച്ചു പല്ലിയുടെ ഭാരത്തെ പിടിച്ചുനിറുത്താൻ ആവശ്യമായ ആകർഷണ ബലം ഉളവാകുന്നു.
ഈ കണ്ടുപിടിത്തംകൊണ്ട് ഉണ്ടായേക്കാവുന്ന പ്രയോജനം എന്താണ്? ഗെക്കോയുടെ പാദങ്ങളെ അനുകരിച്ചുകൊണ്ടു നിർമിക്കുന്ന കൃത്രിമ പദാർഥങ്ങൾ വെൽക്രോയ്ക്കു—പ്രകൃതിയിൽനിന്നുതന്നെ കടമെടുത്ത മറ്റൊരു ആശയംa—പകരം ഉപയോഗിക്കാൻ കഴിയും. “ചികിത്സയിൽ രാസസ്വഭാവമുള്ള ബാൻഡേജുകൾ ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യത്തിൽ” “ഗെക്കോ ടേപ്പ്” വിശേഷാൽ പ്രയോജനപ്രദമായിരിക്കുമെന്ന് ഒരു ഗവേഷകൻ പറഞ്ഞതായി ദി ഇക്കോണൊമിസ്റ്റ് എന്ന മാസിക ഉദ്ധരിക്കുന്നു.
ബഹുമതി അർഹിക്കുന്നത് ആരാണ്?
തേളിനെപ്പോലെ നടക്കുന്ന, എട്ടു കാലുള്ള ഒരു റോബോട്ടിനെ വികസിപ്പിച്ചെടുക്കുന്നതിന്റെ തിരക്കിലാണ് നാഷനൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ. ഒരു ഭീമൻ പ്രാണിയുടെ മാതൃകയിൽ, തടസ്സങ്ങൾ മറികടന്നുപോകാൻ കഴിവുള്ള ആറു കാലുള്ള ഒരു റോബോട്ടിനെ ഫിൻലൻഡിലെ എഞ്ചിനീയർമാർ വികസിപ്പിച്ചെടുത്തു കഴിഞ്ഞു. അന്തരീക്ഷ ഊഷ്മാവിന് അനുസൃതമായി സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന പൈൻകോണുകളുടെ സവിശേഷത അനുകരിച്ചുകൊണ്ട് ചില ഗവേഷകർ ഫ്ളാപ്പുകളോടൂകൂടിയ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരിക്കുന്നു. ബോക്സ്ഫിഷിന്റെ അസാധാരണ രൂപഘടന അനുകരിച്ചുകൊണ്ട് പ്രതിരോധം പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള കാർ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒരു വാഹന നിർമാണ കമ്പനി. എബെലോൺ എന്ന ജീവിയുടെ പുറംതോടിന് ഷോക്ക് അബ്സോർബറായി വർത്തിക്കാനുള്ള കഴിവുണ്ട്, കനം കുറഞ്ഞതും എന്നാൽ നല്ല ഉറപ്പുള്ളതുമായ രക്ഷാകവചങ്ങൾ നിർമിക്കാനുള്ള ഉദ്ദേശ്യത്തിൽ ഗവേഷകർ എബെലോണിന്റെ ഈ സവിശേഷതയെപ്പറ്റി പഠിച്ചുകൊണ്ടിരിക്കുകയാണ്.
ഫലപ്രദമായ എത്രയെത്ര ആശയങ്ങളുടെ ഭണ്ഡാരമാണ് പ്രകൃതി. ആയിരക്കണക്കിനു ജൈവവ്യവസ്ഥകൾ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു ഡേറ്റാബേസിനു ഗവേഷകർ രൂപംകൊടുത്തുകഴിഞ്ഞു. “രൂപസംവിധാനത്തോടു ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പ്രകൃതിയിൽനിന്നു പരിഹാരം” കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് ഈ ഡേറ്റാബേസ് പരിശോധിക്കാൻ കഴിയുമെന്ന് ദി ഇക്കോണൊമിസ്റ്റ് പറയുന്നു. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ജൈവവ്യവസ്ഥകൾ “ജൈവ പേറ്റന്റുകൾ” എന്നാണ് അറിയപ്പെടുന്നത്. സാധാരണഗതിയിൽ, ഒരു പുതിയ ആശയമോ യന്ത്രമോ നിയമപരമായി രജിസ്റ്റർ ചെയ്യുന്ന വ്യക്തിയോ കമ്പനിയോ ആണ് അതിന്റെ പേറ്റന്റ് ഉടമ. ജൈവ പേറ്റന്റുകളുടെ ഡേറ്റാബേസിനെക്കുറിച്ചു ചർച്ചചെയ്യവേ, ദി ഇക്കോണൊമിസ്റ്റ് പറയുന്നു: “ബയോമിമെറ്റിക് സൂത്രങ്ങളെ ‘ജൈവ പേറ്റന്റുകൾ’ എന്നു വിളിക്കുകവഴി, ഫലത്തിൽ പ്രകൃതിയാണ് പേറ്റന്റ് ഉടമയെന്നു ഗവേഷകർ ഊന്നിപ്പറയുകയാണു ചെയ്യുന്നത്.”
ഈ ഉജ്ജ്വല ആശയങ്ങൾ പ്രകൃതി സ്വായത്തമാക്കിയത് എങ്ങനെയാണ്? കോടിക്കണക്കിനു വർഷങ്ങൾ എടുത്ത പരിണാമപരമായ പരീക്ഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ് പ്രകൃതിയിൽ കാണുന്ന വിദഗ്ധമായ രൂപകൽപ്പനകളെന്നു പല ഗവേഷകരും അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും മറ്റു ഗവേഷകർ വ്യത്യസ്തമായ ഒരു നിഗമനത്തിൽ എത്തിച്ചേരുന്നു. മൈക്രോബയോളജിസ്റ്റായ മൈക്കിൾ ബീഹി 2005-ൽ ദ ന്യൂയോർക്ക് ടൈംസിൽ ഇപ്രകാരം എഴുതി: “[പ്രകൃതിയിൽ] സമൃദ്ധമായി കാണുന്ന രൂപകൽപ്പനകൾ ബോധ്യംവരുത്തുന്നതും ലളിതവുമായ ഒരു ന്യായം സമർഥിക്കുന്നു: അത് താറാവിനെപ്പോലെയാണിരിക്കുന്നതും നടക്കുന്നതും കരയുന്നതുമെങ്കിൽ, അത് താറാവല്ലെന്നു തെളിയിക്കാൻ അനിഷേധ്യമായ തെളിവുകളുടെ അഭാവത്തിൽ, അതൊരു താറാവാണെന്ന് ആധികാരികമായി പറയാൻ നമുക്കു കഴിയും.” അദ്ദേഹത്തിന്റെ നിഗമനം എന്തായിരുന്നു? “രൂപരചന കണ്ടില്ലെന്നു നടിക്കരുത് കാരണം അത്രയ്ക്കും പ്രകടമാണത്.”
ഏറെ സുരക്ഷിതവും കാര്യക്ഷമവുമായ ചിറകുകൾ വിമാനത്തിനുവേണ്ടി രൂപകൽപ്പന ചെയ്യുന്ന ഒരു എഞ്ചിനീയർ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. വിവിധോദ്ദേശ്യങ്ങളുള്ള ബാൻഡേജ്, ഏറെ സുഖപ്രദമായ വസ്ത്രങ്ങൾ, കൂടുതൽ കാര്യക്ഷമതയുള്ള വാഹനം—ഇവയുടെയെല്ലാം ഉപജ്ഞാതാക്കളും തങ്ങളുടെ രൂപകൽപ്പനയ്ക്കുള്ള ബഹുമതി അർഹിക്കുന്നു. വാസ്തവത്തിൽ, മറ്റുള്ളവരുടെ രൂപകൽപ്പനകൾ പകർത്തുകയും യഥാർഥ രൂപസംവിധായകനെ അംഗീകരിക്കാനോ ആദരിക്കാനോ പരാജയപ്പെടുകയും ചെയ്യുന്ന ഒരു നിർമാതാവ് ഒരു കുറ്റവാളിയായി വീക്ഷിക്കപ്പെട്ടേക്കാം.
എഞ്ചിനീയറിങ്ങിലെ സങ്കീർണമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു പ്രകൃതിയിലെ രൂപകൽപ്പനകളുടെ ഒരു ഏകദേശ രൂപം പകർത്തുന്ന വിദഗ്ധരായ ഗവേഷകർ ബുദ്ധിവൈഭവം തുളുമ്പുന്ന ‘ഒറിജിനൽ’ ആശയങ്ങൾക്കുള്ള ബഹുമതി ബുദ്ധിഹീനമായ പരിണാമത്തിനു നൽകുന്നത് ന്യായയുക്തമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? കേവലം രൂപമാതൃകയുണ്ടാക്കുന്നതിന് വിദഗ്ധനായ ഒരു രൂപസംവിധായകൻ ആവശ്യമാണെങ്കിൽ, ഒറിജിനലിന്റെ കാര്യത്തിലോ? യഥാർഥത്തിൽ, വിദഗ്ധനായ ഒരു അധ്യാപകനാണോ അതോ അദ്ദേഹത്തിന്റെ വിദ്യകൾ കേവലം പകർത്തുന്ന ഒരു വിദ്യാർഥിയാണോ കൂടുതൽ ബഹുമതി അർഹിക്കുന്നത്?
യുക്തിസഹമായ ഒരു നിഗമനം
പ്രകൃതിയിൽ കാണുന്ന രൂപകൽപ്പനയ്ക്കുള്ള തെളിവുകൾ ശ്രദ്ധാപൂർവം പരിശോധിച്ചിരിക്കുന്ന അനേകർ സങ്കീർത്തനക്കാരന്റെ അഭിപ്രായത്തോടു യോജിക്കുന്നു. അവൻ ഇങ്ങനെ എഴുതി: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.” (സങ്കീർത്തനം 104:24) ബൈബിൾ എഴുത്തുകാരനായ പൗലൊസും സമാനമായ ബോധ്യം പ്രകടിപ്പിച്ചു. അവൻ എഴുതി: “അവന്റെ [ദൈവത്തിന്റെ] നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.”—റോമർ 1:19, 20.
എന്നിരുന്നാലും, പരിണാമത്തിലൂടെയായിരിക്കാം ദൈവം പ്രകൃതിയിലെ അത്ഭുതകരമായ സൃഷ്ടികൾ ഉളവാക്കിയതെന്നു ബൈബിളിനെ ആദരിക്കുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ആത്മാർഥഹൃദയരായ പലരും ന്യായവാദം ചെയ്യുന്നു. ബൈബിൾ അതു സംബന്ധിച്ച് എന്താണു പഠിപ്പിക്കുന്നത്?
[അടിക്കുറിപ്പ്]
a ബർഡോക് ചെടിയുടെ കായ്കളിലുള്ള കൊളുത്തുകളുടെ രൂപമാതൃക അടിസ്ഥാനമാക്കി നിർമിച്ചിട്ടുള്ളതും വസ്തുക്കൾ പരസ്പരം ഒട്ടിച്ചേരാൻ സഹായിക്കുന്നതുമായ ഉത്പന്നമാണ് വെൽക്രോ.
[5-ാം പേജിലെ ആകർഷക വാക്യം]
ഉജ്ജ്വലമായ ഇത്രയധികം ആശയങ്ങൾ പ്രകൃതി സ്വായത്തമാക്കിയത് എങ്ങനെയാണ്?
[6-ാം പേജിലെ ആകർഷക വാക്യം]
പ്രകൃതിയുടെ പേറ്റന്റ് ഉടമ ആരാണ്?
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
രൂപമാതൃക ഉണ്ടാക്കുന്നതിന് വിദഗ്ധനായ ഒരു രൂപസംവിധായകൻ ആവശ്യമാണെങ്കിൽ ഒറിജിനലിന്റെ കാര്യത്തിലോ?
ഗെക്കോയുടെ പാദങ്ങളിൽ അഴുക്കു പിടിക്കുന്നില്ല, അവ കാൽപ്പാടുകൾ അവശേഷിപ്പിക്കുന്നുമില്ല. ടെഫ്ളോൺ ഒഴികെ ഏതു പ്രതലത്തിലും ഇവയുടെ പാദങ്ങൾക്ക് അനായാസം ഒട്ടിപ്പിടിക്കാനും വേറിട്ടുപോരാനും കഴിയും. ഗവേഷകർ ഇവയെ പകർത്താൻ ശ്രമിക്കുന്നു
അമ്പരപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന ഈ വിമാനത്തിന്റെ ചിറകുകൾ കടൽക്കാക്കയുടെ ചിറകുകളുടെ മാതൃക യിലാണു നിർമി ച്ചിരിക്കുന്നത്
ബോക്സ്ഫിഷിന്റെ അസാധാരണ രൂപഘടന അനുകരിച്ചുകൊണ്ട് പ്രതിരോധം പരമാവധി കുറയ്ക്കുന്ന വിധത്തിലുള്ള കാർ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ഒരു വാഹന നിർമാണ കമ്പനി
[കടപ്പാട്]
വിമാനം: Kristen Bartlett/ University of Florida; ഗെക്കോയുടെ പാദം: Breck P. Kent; ബോക്സ് ഫിഷും കാറും: Mercedes-Benz USA
[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
സഹജജ്ഞാനമുള്ള സഞ്ചാരികൾ
സഞ്ചാരമാർഗം കണ്ടെത്തുന്നതിൽ പല ജീവികളും സഹജജ്ഞാനം പ്രകടമാക്കുന്നു. (സദൃശവാക്യങ്ങൾ 30:24, 25) രണ്ട് ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.
◼ ഉറുമ്പിന്റെ ട്രാഫിക് രഹസ്യം ആഹാരം തേടിപ്പോകുന്ന ഉറുമ്പുകൾ വഴിതെറ്റാതെ കൂട്ടിൽ തിരിച്ചെത്തുന്നത് എങ്ങനെയാണ്? സഞ്ചാരപഥം പ്രത്യേക ഗന്ധമുള്ള ഫിറോമോൺകൊണ്ട് അടയാളപ്പെടുത്തുന്നതിനു പുറമേ ചില ഉറുമ്പുകൾ ക്ഷേത്രഗണിത തത്ത്വങ്ങൾ ഉപയോഗിച്ചു വഴിത്താര സൃഷ്ടിക്കുന്നത് കൂട് കണ്ടുപിടി ക്കുന്നത് എളുപ്പമാക്കി ത്തീർക്കുന്നുവെന്ന് യുണൈറ്റഡ് കിങ്ഡത്തിലെ ഗവേഷകർ കണ്ടെത്തി. ഉദാഹരണത്തിന് ഫറവോൻ ഉറുമ്പുകൾ “കൂട്ടിൽനിന്ന് പുറത്തേക്കു പോകുമ്പോൾ 50 മുതൽ 60 വരെ ഡിഗ്രി കോണിൽ രണ്ടായി പിരിയുന്ന വഴിത്താരകൾ സൃഷ്ടിക്കുന്നു” എന്ന് ന്യൂ സയന്റിസ്റ്റ് പറയുന്നു. ഈ വിധത്തിൽ സഞ്ചാരപഥം സൃഷ്ടിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്? കൂട്ടിലേക്കുള്ള മടക്കയാത്രയിൽ പാത രണ്ടായി പിരിയുന്നിടങ്ങളിൽ എത്തുമ്പോൾ, ചെറിയ തോതിൽ മാത്രം വ്യതിചലിക്കുന്ന പാത ഉറുമ്പുകൾ സ്വതവേ തിരഞ്ഞെടുക്കുന്നു. ഈ പാതയാകട്ടെ എല്ലായ്പോഴും കൂട്ടിലേക്കു നയിക്കുന്നതായിരിക്കും. ആ ലേഖനം പറയുന്നപ്രകാരം, “ഇടയ്ക്കിടെ രണ്ടായി പിരിയുന്ന രൂപമാതൃക യിലുള്ള ഈ സഞ്ചാരമാർഗം, അതിലൂടെയുള്ള ഉറുമ്പുകളുടെ സഞ്ചാരം സുഗമമാക്കിത്തീർക്കുന്നു, പ്രത്യേകിച്ചും രണ്ടു ദിശയിലേക്കും ഒരേസമയം സഞ്ചാരമുള്ളപ്പോൾ. തന്നെയുമല്ല തെറ്റായ ദിശയിൽ സഞ്ചരിക്കുന്നതു മൂലമുണ്ടാകുന്ന ഊർജനഷ്ടം പരമാവധി കുറയ്ക്കുന്നതിനും അത് ഉപകരിക്കുന്നു.”
◼ പക്ഷികളുടെ ദിക്സൂചകങ്ങൾ ദീർഘദൂരം സഞ്ചരിക്കുന്ന ദേശാടന പക്ഷികൾ ഏതു കാലാവസ്ഥയിലും അവയുടെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിച്ചേരുന്നു. അത് എങ്ങനെയാണു സാധിക്കുന്നത്? പക്ഷികൾക്ക് ഭൂമിയുടെ കാന്തിക മണ്ഡലം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. എന്നിരുന്നാലും, ഭൂമിയുടെ “കാന്തിക മണ്ഡല രേഖകളുടെ ദിശ ഓരോ പ്രദേശത്തും വ്യത്യാസ പ്പെട്ടിരിക്കുമെന്നും അത് എല്ലായ്പോഴും ഉത്തരദിക്കിനു നേർക്കായിരിക്കില്ലെന്നും” സയൻസ് എന്ന മാസിക പറയുന്നു. തെറ്റായ ദിശയിൽ പറക്കുന്നതിൽനിന്നും ദേശാടന പക്ഷികളെ തടയുന്നത് എന്താണ്? ദിവസവും വൈകുന്നേരം സൂര്യാസ്തമയത്തിന്റെ ദിശ നോക്കി പക്ഷികൾ അവയുടെ ആന്തരിക ദിക്സൂചകം ട്യൂൺ ചെയ്യുന്നു. അക്ഷാംശരേഖയ്ക്കും കാലങ്ങൾക്കും അനുസൃതമായി സൂര്യാസ്തമയ ത്തിന്റെ സ്ഥാനം മാറുന്നതിനാൽ, “കാലത്തെ സംബന്ധിച്ച് സൂചന നൽകുന്ന ഒരു ജൈവ ഘടികാരത്തിന്റെ” സഹായത്താൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ അവയ്ക്ക് സാധിക്കുന്നുവെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു എന്ന് ആ മാസിക പറയുന്നു.
ഉറുമ്പിനെ ക്ഷേത്രഗണിത തത്ത്വങ്ങൾ പഠിപ്പിച്ചത് ആരാണ്? ദിക്സൂചകവും ജൈവ ഘടികാരവും ഇവ നൽകുന്ന സൂചനകൾ വ്യാഖ്യാനിക്കാൻ പ്രാപ്തിയുള്ള തലച്ചോറും പക്ഷികൾക്ക് നൽകിയത് ആരാണ്? ബുദ്ധിഹീനമായ പരിണാമമോ ബുദ്ധിവൈഭവമുള്ള ഒരു സ്രഷ്ടാവോ?
[കടപ്പാട്]
© E.J.H. Robinson 2004