ദൈവം ജീവൻ ഉളവാക്കിയത് പരിണാമത്തിലൂടെയോ?
“കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ജനപ്രീതിയാർജിച്ചതോടെ, ക്രിസ്തീയമെന്ന് അവകാശപ്പെടുന്ന പല സഭകളും ദൈവവിശ്വാസത്തെയും പരിണാമ സിദ്ധാന്തത്തെയും കോർത്തിണക്കാനുള്ള വഴികൾ ആലോചിച്ചു തുടങ്ങി.
പരിണാമത്തിലൂടെയായിരിക്കണം ദൈവം ജീവൻ ഉളവാക്കിയതെന്ന് പ്രമുഖ “ക്രൈസ്തവ” മതവിഭാഗങ്ങളിൽ ഭൂരിപക്ഷവും ഇന്ന് അംഗീകരിക്കുന്നതായി കാണപ്പെടുന്നു. നിർജീവ രാസവസ്തുക്കളിൽനിന്നു ജീവൻ സ്വതവേ ആവിർഭവിച്ച് ഒടുവിൽ മനുഷ്യവർഗം ഉളവാകുന്ന വിധത്തിൽ വികാസം പ്രാപിക്കാൻ തക്കവണ്ണം ദൈവം പ്രപഞ്ചത്തെ മുൻകൂട്ടി പ്രോഗ്രാം ചെയ്തുവെന്നു ചിലർ പഠിപ്പിക്കുന്നു. ആസ്തികത്വ പരിണാമം എന്നറിയപ്പെടുന്ന ഈ ആശയത്തെ പിന്താങ്ങുന്നവർ വിശ്വസിക്കുന്നത് പരിണാമ പ്രക്രിയ ആരംഭിച്ചതിൽപ്പിന്നെ ദൈവം അതിൽ ഇടപെട്ടിട്ടില്ലെന്നാണ്. സസ്യമൃഗാദികളിൽ ഭൂരിപക്ഷം വർഗങ്ങളും പരിണാമത്തിലൂടെ ഉളവാകാൻ ദൈവം അനുവദിച്ചുവെങ്കിലും ആ പ്രക്രിയ തുടർന്നുപോകാൻ സഹായിക്കുന്നതിന് ഇടയ്ക്കൊക്കെ അവൻ അതിൽ ഇടപെട്ടുവെന്നാണ് മറ്റുള്ളവർ പൊതുവേ വിശ്വസിക്കുന്നത്.
പരിണാമ സിദ്ധാന്തവും ക്രിസ്തുവിന്റെ പഠിപ്പിക്കലും കൈകോർത്തുപോകുമോ?
പരിണാമ സിദ്ധാന്തം യഥാർഥത്തിൽ ബൈബിൾ പഠിപ്പിക്കലുകളുമായി യോജിപ്പിലാണോ? പരിണാമം ശരിയാണെങ്കിൽ, ആദ്യ മനുഷ്യനായ ആദാമിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾ വിവരണം അക്ഷരാർഥത്തിൽ എടുക്കേണ്ട ഒന്നല്ലെന്നു വരും. കൂടിപ്പോയാൽ ധാർമിക പാഠം പ്രദാനം ചെയ്യുന്ന വെറുമൊരു കഥയായി വീക്ഷിക്കാനേ കഴിയൂ. (ഉല്പത്തി 1:26, 27; 2:18-24) പ്രസ്തുത ബൈബിൾ വിവരണത്തെ യേശു അങ്ങനെയാണോ വീക്ഷിച്ചത്? യേശുവിന്റെ പ്രസ്താവന ശ്രദ്ധിക്കുക, “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതുനിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അതുകൊണ്ടു അവർ മേലാൽ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”—മത്തായി 19:4-6.
ഉല്പത്തി 2-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന സൃഷ്ടിപ്പിൻ വിവരണത്തിൽനിന്നും ഉദ്ധരിക്കുകയായിരുന്നു യേശു. ആദ്യത്തെ വിവാഹം ഒരു സാങ്കൽപ്പിക കഥയാണെന്നു യേശു വിശ്വസിച്ചിരുന്നെങ്കിൽ, വിവാഹത്തിന്റെ പവിത്രതയെ സംബന്ധിച്ചുള്ള അവന്റെ പഠിപ്പിക്കലിനു പിൻബലമേകാൻ അവൻ അതു പരാമർശിക്കുമായിരുന്നോ? ഒരിക്കലുമില്ല. അത് ഒരു യഥാർഥ ചരിത്ര സംഭവമാണെന്ന് അറിയാമായിരുന്നതുകൊണ്ടാണ് അവൻ ഉല്പത്തി വിവരണത്തിലേക്കു ശ്രദ്ധ ക്ഷണിച്ചത്.—യോഹന്നാൻ 17:17.
യേശുവിന്റെ ശിഷ്യന്മാരും ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം വിശ്വസിച്ചിരുന്നു. ഉദാഹരണത്തിന്, ലൂക്കൊസിന്റെ സുവിശേഷത്തിൽ ആദാംവരെ പിമ്പോട്ടുള്ള യേശുവിന്റെ വംശാവലി രേഖപ്പെടുത്തിയിരിക്കുന്നു. (ലൂക്കൊസ് 3:23-38) ആദാം ഒരു സാങ്കൽപ്പിക കഥാപാത്രമായിരുന്നുവെങ്കിൽ ഈ വംശാവലി പട്ടിക ഏതു ഘട്ടത്തിൽവെച്ചാണ് കെട്ടുകഥയുടെ പരിവേഷമണിഞ്ഞത്? ഈ കുടുംബവൃക്ഷത്തിന്റെ തായ്വേര് സാങ്കൽപ്പികമായിരുന്നുവെങ്കിൽ, താൻ ദാവീദിന്റെ വംശത്തിൽ ജനിച്ച മിശിഹായാണെന്ന യേശുവിന്റെ അവകാശവാദം എത്രത്തോളം വിശ്വസനീയമായിരിക്കുമായിരുന്നു? (മത്തായി 1:1) താൻ “ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു”ണ്ടെന്നു സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ് പറഞ്ഞു. വ്യക്തമായും, അവൻ ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം വിശ്വസിച്ചിരുന്നു.—ലൂക്കൊസ് 1:4.
പൗലൊസ് അപ്പൊസ്തലന് യേശുക്രിസ്തുവിലുണ്ടായിരുന്ന വിശ്വാസം ഉല്പത്തി വിവരണത്തിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടിരുന്നു. അവൻ എഴുതി: “മനുഷ്യൻമൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻമൂലം ഉണ്ടായി. ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യർ 15:21, 22) “ഏകമനുഷ്യനാൽ [ആദാമിലൂടെ] പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു” എന്നു ബൈബിൾ പറയുന്നു. അക്ഷരാർഥത്തിൽ ആദാം മുഴു മനുഷ്യവർഗത്തിന്റെയും പൂർവപിതാവല്ലായിരുന്നെങ്കിൽ ആദാമിൽനിന്ന് അവകാശപ്പെടുത്തിയ പാപത്തിന്റെ പരിണതഫലങ്ങളെ തുടച്ചുനീക്കാൻ യേശു മരിക്കേണ്ടതുണ്ടായിരുന്നോ?—റോമർ 5:12; 6:23.
ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണത്തിലുള്ള വിശ്വാസം ദുർബലപ്പെടുത്തുന്നത് ക്രിസ്തീയ വിശ്വാസത്തിന്റെതന്നെ അടിത്തറയിളക്കുന്നതിനു തുല്യമാണ്. പരിണാമ സിദ്ധാന്തവും ക്രിസ്തുവിന്റെ പഠിപ്പിക്കലുകളും കോർത്തിണക്കുക സാധ്യമല്ല. ഇവ രണ്ടും സമന്വയിപ്പിക്കാൻ നടത്തുന്ന ഏതൊരു ശ്രമവും “ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ അലഞ്ഞുഴലുന്ന” ദുർബലമായ ഒരു വിശ്വാസം ഉടലെടുക്കുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ.—എഫെസ്യർ 4:14.
ഉറച്ച അടിസ്ഥാനമുള്ള വിശ്വാസം
നൂറ്റാണ്ടുകളോളം അപകീർത്തിക്കും വിമർശനത്തിനും വിധേയമായിട്ടുണ്ടെങ്കിലും ബൈബിൾ എല്ലായ്പോഴും സത്യമെന്നു തെളിഞ്ഞിരിക്കുന്നു. ചരിത്രം, ആരോഗ്യം, ശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബൈബിൾ പ്രതിപാദിക്കുമ്പോൾ, ആ വിവരങ്ങൾ വിശ്വസനീയമാണെന്നു വീണ്ടുംവീണ്ടും തെളിഞ്ഞിട്ടുണ്ട്. മാനുഷിക ബന്ധങ്ങൾ സംബന്ധിച്ചുള്ള അതിന്റെ ബുദ്ധിയുപദേശങ്ങൾ ആശ്രയയോഗ്യവും കാലം മങ്ങലേൽപ്പിക്കാത്തതുമാണ്. മാനുഷിക തത്ത്വശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും പുല്ലുപോലെ പൊട്ടിമുളയ്ക്കുകയും കാലം കടന്നുപോകുന്നതോടെ വാടിക്കരിഞ്ഞു പോകുകയും ചെയ്യുന്നു, എന്നാൽ ദൈവത്തിന്റെ വചനമോ “എന്നേക്കും നിലനില്ക്കും.”—യെശയ്യാവു 40:8.
പരിണാമത്തെക്കുറിച്ചുള്ള പഠിപ്പിക്കൽ കേവലം ശാസ്ത്ര സിദ്ധാന്തത്തിന്റെ മണ്ഡലത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല. പൊട്ടിമുളയ്ക്കുകയും പിന്നീട് ദശാബ്ദങ്ങളോളം തഴച്ചു വളരുകയും ചെയ്ത ഒരു മാനുഷിക തത്ത്വശാസ്ത്രമാണത്. എന്നിരുന്നാലും, പ്രകൃതിയിലെ രൂപസംവിധാനത്തിന്റെ വർധിച്ചുവരുന്ന തെളിവുകൾ ഖണ്ഡിക്കാനുള്ള ശ്രമത്തിൽ, അടുത്തകാലത്ത് ഡാർവിന്റെ പരിണാമ സിദ്ധാന്തംതന്നെ ‘പരിണാമ’ത്തിനു—വാസ്തവത്തിൽ ഉത്പരിവർത്തനങ്ങൾക്ക്—വിധേയമായിരിക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഈ ലക്കത്തിലെ മറ്റു ലേഖനങ്ങൾ വായിക്കുന്നതിലൂടെ നിങ്ങൾക്ക് അതിനു സാധിക്കും. കൂടാതെ, ഈ പേജിലും 32-ാം പേജിലും കാണിച്ചിരിക്കുന്ന പ്രസിദ്ധീകരണങ്ങളും നിങ്ങൾക്ക് വായിക്കാവുന്നതാണ്.
ഈ വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തിക്കഴിയുമ്പോൾ, കഴിഞ്ഞ കാലത്തെക്കുറിച്ചു ബൈബിൾ പറയുന്ന കാര്യങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം ബലപ്പെടുന്നതായി നിങ്ങൾ തിരിച്ചറിഞ്ഞേക്കാം. അതിലും പ്രധാനമായി, ഭാവിയെക്കുറിച്ചുള്ള ബൈബിൾ വാഗ്ദാനങ്ങളിലുള്ള വിശ്വാസവും ശക്തിപ്പെടും. (എബ്രായർ 11:1) “ആകാശവും ഭൂമിയും . . . ഉണ്ടാക്കി”യവനായ യഹോവയെ സ്തുതിക്കാൻ നിങ്ങൾ പ്രേരിതരായിത്തീരുകയും ചെയ്യും.—സങ്കീർത്തനം 146:6.
കൂടുതലായ വായനയ്ക്ക്
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം ബൈബിളിന്റെ ആധികാരികതയെ സാക്ഷ്യപ്പെടുത്തുന്ന ചില ഉദാഹരണങ്ങൾ ഈ ലഘുപത്രികയിൽ ചർച്ചചെയ്തിരിക്കുന്നു
Is There a Creator Who Cares About You? കൂടുതൽ ശാസ്ത്രീയ തെളിവുകൾ പരിശോധിക്കുക. കരുതലുള്ള ഒരു ദൈവം ഇത്രമാത്രം കഷ്ടപ്പാട് അനുവദിക്കുന്നതിന്റെ കാരണവും മനസ്സിലാക്കുക
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ഈ പുസ്തകത്തിന്റെ 3-ാം അധ്യായത്തിൽ “ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യം എന്ത്?” എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താം
[10-ാം പേജിലെ ആകർഷക വാക്യം]
യേശു ഉല്പത്തിയിലെ സൃഷ്ടിപ്പിൻ വിവരണം വിശ്വസിച്ചിരുന്നു. അവന്റെ വിശ്വാസം തെറ്റായിരുന്നോ?
[9-ാം പേജിലെ ചതുരം]
പരിണാമം എന്നാൽ എന്ത്?
“ക്രമാനുഗതമായി ഒരു നിശ്ചിത ദിശയിൽ പരിവർത്തനം സംഭവിക്കുന്ന പ്രക്രിയ” എന്ന് “പരിണാമം” നിർവചിക്കപ്പെടുന്നു. എന്നാൽ ഇത് പരിണാമത്തിനു കൊടുത്തിരിക്കുന്ന നിരവധി നിർവചനങ്ങളിൽ ഒന്നു മാത്രമാണ്. ഈ പദം വ്യത്യസ്ത വിധങ്ങളിൽ ഉപയോഗിക്കപ്പെടുന്നു. അചേതന വസ്തുക്കളിലെ വലിയ മാറ്റങ്ങളെ—പ്രപഞ്ചത്തിന്റെ വികാസത്തെ—കുറിക്കാനും അതുപോലെ സചേതന വസ്തുക്കളിലെ ചെറിയ മാറ്റങ്ങളെ—സസ്യമൃഗാദികൾ പരിസ്ഥിതിയുമായി ഇണങ്ങിച്ചേരുന്ന വിധത്തെ—കുറിക്കാനും ഈ പദം ഉപയോഗിക്കാറുണ്ട്. എന്നിരുന്നാലും ഈ പദം സർവസാധാരണമായി ഉപയോഗിക്കുന്നത്, അചേതന രാസവസ്തുക്കളിൽനിന്നും ജീവൻ ആവിർഭവിച്ച് പ്രജനനശേഷിയുള്ള കോശങ്ങളായി രൂപംകൊള്ളുകയും ഈ കോശങ്ങൾ ക്രമേണ കൂടുതൽ സങ്കീർണമായ ജീവരൂപങ്ങളായി വികാസം പ്രാപിക്കുകയും അങ്ങനെ ഉരുത്തിരിഞ്ഞ ജീവരൂപങ്ങളിൽ ഏറ്റവും ബുദ്ധിശക്തിയുള്ളത് മനുഷ്യനാണെന്നുമുള്ള സിദ്ധാന്തത്തെ പരാമർശിക്കാനാണ്. ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന “പരിണാമം” എന്ന പദത്തിനു മൂന്നാമതു കൊടുത്തിരിക്കുന്ന അർഥമാണുള്ളത്.
[10-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Space photo: J. Hester and P. Scowen (AZ State Univ.), NASA