ലോകത്തെ വീക്ഷിക്കൽ
◼ “നമ്മുടെ ഗ്രഹത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ ആവാസസ്ഥലം ആഴക്കടൽ ആണ്, ഒപ്പം ഏറ്റവും നിഷ്ഠുരമായവയിലൊന്നും. എന്നാൽ എവിടെ നോക്കിയാലും ജീവന്റെ തുടിപ്പുകൾ കാണാനാകുന്നു, ചിലപ്പോൾ അതിസമൃദ്ധമായിപ്പോലും.”—ന്യൂ സയന്റിസ്റ്റ്, ബ്രിട്ടൻ.
◼ “സ്കൂളുകളിലെ ശാസ്ത്ര ക്ലാസ്സുകളിൽ പരിണാമ സിദ്ധാന്തത്തിനു പകരമായി [ബൂദ്ധിപൂർവകമായ രൂപകൽപ്പന പഠിപ്പിക്കുന്നത്] ഭരണഘടനാ വിരുദ്ധമാണെന്ന്” അമേരിക്കയിലെ പെൻസിൽവേനിയയിലുള്ള ഹാരിസ്ബർഗിലെ ഒരു ഫെഡറൽ കോടതിയിലെ ജഡ്ജി അടുത്തകാലത്തെ ഒരു കേസിൽ വിധിച്ചു. സമാനമായ കേസുകൾക്കു വിധി പ്രഖ്യാപിക്കാനുള്ള ഒരു അടിസ്ഥാനമായി ഇതു വർത്തിക്കും.—ന്യൂയോർക്ക് ടൈംസ്, അമേരിക്ക.
◼ 2005-ൽ നടന്ന ഒരു സർവേ അനുസരിച്ച്, “51 ശതമാനം അമേരിക്കക്കാരും പരിണാമ സിദ്ധാന്തത്തെ നിരാകരിക്കുന്നു.”—ന്യൂയോർക്ക് ടൈംസ്, അമേരിക്ക.
◼ ഓസ്ട്രേലിയയിലെ ബ്രിസ്ബനിലുള്ള ഒരു മൃഗശാലയിലെ 175 വയസ്സും 150 കിലോഗ്രാം ഭാരവുമുള്ള ഗാലപഗോസ് വർഗത്തിൽപ്പെട്ട ഹാരിയറ്റ് എന്ന ഭീമാകാരൻ ആമയാണ് “ജീവിച്ചിരിക്കുന്ന ജന്തുക്കളിൽ ഏറ്റവും പ്രായമുള്ളതായി അറിയപ്പെടുന്നത്.”—ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ.
◼ ധാന്യച്ചെടികളുടെ വേരുകൾ നശിപ്പിക്കുന്ന ഒരുതരം പുഴുവിനെതിരെ (western corn rootworm) ചില ഇനം ചോളങ്ങൾ തന്നെത്താൻ എങ്ങനെ പ്രതിരോധിക്കുന്നു എന്ന് സ്വിസ് ഗവേഷകർ കണ്ടെത്തി. അവ പ്രത്യേകതരത്തിലുള്ള ഗന്ധം മണ്ണിലേക്കു നിർഗമിപ്പിക്കുന്നു. ഇത് വളരെ ചെറിയ മറ്റൊരിനം പുഴുക്കളെ (thread worms) ആകർഷിക്കുകയും ഇവ വേരുകളെ നശിപ്പിക്കുന്ന പുഴുവിന്റെ ലാർവകളെ കൊല്ലുകയും ചെയ്യുന്നു.—ദി വെൽറ്റ്, ജർമനി.
ക്യാമറക്കണ്ണിലുടക്കിയ കൂന്തൽ മത്സ്യം
ജപ്പാനു തെക്കുഭാഗത്തായി, ബോനിൻ ദ്വീപുകൾക്ക് അടുത്തുവെച്ച് ശാസ്ത്രജ്ഞന്മാർ ഒരു ഭീമൻ കൂന്തൽ മത്സ്യത്തിന്റെ ചിത്രം ക്യാമറയിൽ പകർത്തി, അതിന്റെ ആവാസകേന്ദ്രത്തിൽവെച്ച് ഇങ്ങനെ ചിത്രമെടുക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. ചെറിയ കൂന്തൽ മത്സ്യവും ചെമ്മീൻ പൾപ്പും കോർത്ത ചൂണ്ടകളും ഒപ്പം ക്യാമറകളും കടലിൽ ഇറക്കിയാണ് അവർ ഇതു സാധിച്ചത്. ഏതാണ്ട് 900 മീറ്റർ താഴ്ചയിൽ കാണപ്പെട്ട ഭീമൻ കൂന്തൽ മത്സ്യത്തിന് ഉദ്ദേശം 8 മീറ്റർ നീളമുള്ളതായി കണക്കാക്കുന്നു.
“ഡിനോസറുകൾ പുല്ലു തിന്നിരുന്നു”
അസ്സോസിയേറ്റഡ് പ്രസ്സിന്റെ റിപ്പോർട്ടനുസരിച്ച് “ഡിനോസറുകൾ പുല്ലു തിന്നിരുന്നു” എന്നു കണ്ടുപിടിച്ചത് ശാസ്ത്രജ്ഞന്മാർക്ക് വലിയൊരു അത്ഭുതമായി. ഇന്ത്യയിൽ കണ്ടെത്തിയ, സൗറോപോഡിന്റെ ചാണകഫോസിൽ വിശകലനം ചെയ്തപ്പോഴാണ് ഇതു മനസ്സിലായത്. ഇതിലിത്ര അത്ഭുതപ്പെടാൻ എന്തിരിക്കുന്നു? റിപ്പോർട്ട് വിശദീകരിക്കുന്നു: “ഡിനോസറുകൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമായി വളരെ നാളുകൾക്കു ശേഷമാണ് പുല്ല് മുളച്ചത്” എന്നാണു പൊതുവേ കരുതിയിരുന്നത്. കൂടാതെ സൗറോപോഡുകൾക്ക് “പുല്ലു ചവയ്ക്കാൻ ആവശ്യമായ പ്രത്യേകതരം പല്ലുകൾ ഇല്ലായിരുന്നുവെന്നും” വിശ്വസിച്ചിരുന്നു. “[സൗറോപോഡുകൾ] പുല്ലു തിന്നുമെന്നതുതന്നെ മിക്കവർക്കും അചിന്തനീയമായിരുന്നു” എന്നാണ് ഈ കണ്ടുപിടിത്തം നടത്തിയ സംഘത്തെ നയിച്ച ജീവാശ്മസസ്യ ശാസ്ത്രജ്ഞയായ കാരളൈൻ സ്ട്രോംബെർഗ് പറയുന്നത്.
തേനീച്ചകൾ പറക്കുന്നതെങ്ങനെ?
തേനീച്ചകൾക്കു പറക്കാൻ സാധിക്കില്ലെന്ന് എഞ്ചിനീയർമാർ തെളിയിച്ചിരിക്കുന്നുവെന്ന് തമാശയായി പറയാറുണ്ട്. ഇത്രയധികം “ഭാര”മുള്ള ചെറുപ്രാണികളെ വായുവിൽ പൊക്കി നിറുത്താനാവശ്യമായ ശക്തി അവയുടെ ചിറകടിയിൽനിന്ന് ഉണ്ടാക്കാനാവില്ലെന്നാണു വിചാരിച്ചിരുന്നത്. തേനീച്ചകളുടെ പറക്കൽസൂത്രം കണ്ടുപിടിക്കുന്നതിനായി എഞ്ചിനീയർമാർ “ചിറകടിച്ചു പറക്കുന്ന തേനീച്ചകളുടെ ഫോട്ടോ—ഒരു സെക്കൻഡിൽ 6,000 പ്രാവശ്യം വീതം—എടുത്തു” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക പറയുന്നു. തേനീച്ചകളുടെ ടെക്നിക്കിനെ “അസാധാരണം” എന്നാണ് അവർ വിശേഷിപ്പിച്ചത്. ഗവേഷക സംഘത്തിലെ ഒരംഗം വിശദീകരിക്കുന്നു: “ചിറകുകൾ 90 ഡിഗ്രി വക്രാകാരത്തിൽ പിന്നോട്ടുവന്നിട്ട് തിരിച്ച് മുന്നോട്ടു വരവേ അതു തിരിയുന്നു. ഒരു സെക്കൻഡിൽ 230 പ്രാവശ്യം ഇതാവർത്തിക്കുന്നു. പ്രൊപ്പല്ലറിനോടൊപ്പം അതിന്റെ ഇലയുംകൂടി തിരിയുന്നതിനു സമാനമാണിത്.” അവരുടെ ഈ കണ്ടുപിടിത്തം പ്രൊപ്പല്ലറുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്താനും കൂടുതൽ വിദഗ്ധമായി നിയന്ത്രിക്കാവുന്ന വിമാനങ്ങൾ ഉണ്ടാക്കാനും എഞ്ചിനീയർമാരെ സഹായിച്ചേക്കും.
പാട്ടുകാരായ ചുണ്ടെലികൾ
“ചുണ്ടെലികൾക്കു പാടാൻ കഴിയും, മാത്രമല്ല ഭാവി ഇണകൾക്കു വേണ്ടിയുള്ള അവരുടെ പാട്ട് പക്ഷികളുടെ പാട്ടുകളോളം തന്നെ സങ്കീർണവുമാണ്” എന്ന് ന്യൂ സയന്റിസ്റ്റ് മാസിക പ്രസ്താവിക്കുന്നു. ചുണ്ടെലിയുടെ പാട്ടുകൾ മനുഷ്യന്റെ ചെവിക്കു കേൾക്കാനാവാത്ത അൾട്രാസോണിക് ആവൃത്തിയിൽ ഉള്ളവയാണ്. ഒരുപക്ഷേ ഇതുവരെ ഇവ ശ്രദ്ധിക്കപ്പെടാതെ പോയതിന്റെ കാരണം ഇതാവാം. ആൺ ചുണ്ടെലികളുടെ ആലാപനത്തിൽ ‘ഗാന’ത്തിന്റെ നിർവചനത്തിനു യോജിച്ച ഘടകങ്ങൾ (phrases and motifs) ഒത്തുചേർന്നിരിക്കുന്നതായി അമേരിക്കയിലെ മിസ്സൗറിയിലുള്ള സെന്റ് ലൂയിസിലെ ഗവേഷകർ കണ്ടെത്തി. ഇതു ചുണ്ടെലികളെ പാട്ടുകാരായ സസ്തനികളുടെ ക്ലബ്ബിലെ അംഗങ്ങളാക്കി. തിമിംഗലങ്ങളും, ഡോൾഫിനുകളും ചില വവ്വാലുകളും പിന്നെ മനുഷ്യരുമാണ് പാട്ടുകാരായി അറിയപ്പെടുന്ന മറ്റു സസ്തനികൾ.