ബൈബിളിന്റെ വീക്ഷണം
മരിച്ചുപോയവരെ നിങ്ങൾക്കു സഹായിക്കാനാകുമോ?
“[മരിച്ചവർ] ശുദ്ധീകരണം പ്രാപിച്ച് ദൈവത്തെ കാണാനുള്ള സ്വർഗീയസൗഭാഗ്യം ആസ്വദിക്കേണ്ടതിന് സഭ അതിന്റെ തുടക്കംമുതലേ . . . അവർക്കായി മധ്യസ്ഥ പ്രാർഥനകൾ നടത്തിപ്പോരുന്നു.”—“കാറ്റെക്കിസം ഓഫ് ദ കാത്തലിക്ക് ചർച്ച്.”
മരിച്ചവരുടെ അവസ്ഥ എന്താണ്? ഈ ചിന്ത മനുഷ്യവർഗത്തെ ഒന്നടങ്കം വ്യാകുലപ്പെടുത്തുന്നു. പ്രിയപ്പെട്ട ഒരാളെ മരണം തട്ടിയെടുത്തപ്പോൾ ഒരുപക്ഷേ നിങ്ങൾക്കും തീവ്രദുഃഖവും നികത്താനാവാത്ത ശൂന്യതയും അനുഭവപ്പെട്ടിട്ടുണ്ടായിരിക്കാം. മരണമടഞ്ഞവർ ബോധമുള്ളവരായിത്തന്നെ തുടരുകയാണോ, അവർ വേദനകൊണ്ടു പുളയുകയാണോ അതോ പ്രശാന്തത അനുഭവിക്കുകയാണോ, അവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാനാകുമോ എന്നൊക്കെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.
വിവിധ മതങ്ങളിൽപ്പെട്ടവർ തങ്ങൾക്കു മരിച്ചവരെ സഹായിക്കാനാകുമെന്നു വിശ്വസിക്കുന്നു. ഉദാഹരണത്തിന്, പ്രിയപ്പെട്ട ഒരാളുടെ മൃതദേഹം ഗംഗാനദീതീരത്തു ദഹിപ്പിക്കുകയും ചിതാഭസ്മം നദിയിൽ ഒഴുക്കുകയും ചെയ്താൽ മരിച്ച വ്യക്തിയുടെ ആത്മാവിനു നിശ്ചയമായും നിത്യമോക്ഷം ലഭിക്കുമെന്നു ഹൈന്ദവർ വിശ്വസിക്കുന്നു. ഇനി, കിഴക്കൻ ഏഷ്യയിൽ ബുദ്ധമതക്കാർ പണം, വസ്ത്രം, കാർ, വീട് തുടങ്ങിയവയുടെ കടലാസുകോലങ്ങൾ കത്തിക്കുന്നു; പരലോകത്ത് എത്തുമ്പോൾ ഒരു വ്യക്തിക്ക് അവയെല്ലാം ഉപയോഗിക്കാനാകുമെന്ന വിശ്വാസമാണ് ഇതിനു പിന്നിൽ. മരിച്ച വ്യക്തിയെ സന്തോഷിപ്പിക്കാനായി ശവകുടീരത്തിങ്കൽ മദ്യം ഒഴിക്കുന്ന രീതി ആഫ്രിക്കയിലുണ്ട്.
“കഠിന പാപം” ചെയ്ത ഒരു വ്യക്തി പശ്ചാത്തപിക്കാതെ മരിച്ചുപോകുകയാണെങ്കിൽ അയാൾക്കു ദൈവാംഗീകാരം നഷ്ടപ്പെടുന്നുവെന്നാണു കത്തോലിക്കാ വിശ്വാസം. ഈ അവസ്ഥയെയാണ് “‘നരകം’ എന്നു വിളിക്കുന്നത്.” നേരെമറിച്ച്,
ദൈവാംഗീകാരമുള്ള ഒരു വ്യക്തിക്ക് സ്വർഗത്തിൽ ദൈവത്തോടൊപ്പം “പരമാനന്ദം” ആസ്വദിക്കാനുള്ള പ്രത്യാശയുണ്ട്. എന്നാൽ അതിനുമുമ്പ്, ഗുരുതരമല്ലാത്ത തെറ്റുകൾക്കുള്ള ശിക്ഷയെന്ന നിലയിൽ “ശുദ്ധീകരണ അഗ്നി”യിലൂടെ കടന്നുപോകുന്നതിനും അങ്ങനെ ശുദ്ധീകരിക്കപ്പെടുന്നതിനുമായി അയാൾ ശുദ്ധീകരണസ്ഥലത്ത് കഴിയേണ്ടതുണ്ട്. അവിടെ ആയിരിക്കുന്ന വ്യക്തിയെ മധ്യസ്ഥ പ്രാർഥനകളും കുർബാനകളും മുഖാന്തരം സഹായിക്കാനാകുമെന്നാണു സഭയുടെ വിശ്വാസം. സാധാരണഗതിയിൽ അത്തരം ശുശ്രൂഷകൾക്കായി പരേതന്റെ ബന്ധുക്കളും സുഹൃത്തുക്കളും പണം കൊടുക്കേണ്ടതുണ്ട്.
പ്രിയപ്പെട്ടവർ യാതന അനുഭവിക്കുന്നുണ്ടെങ്കിൽ അതു ലഘൂകരിക്കാൻ എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നതു സ്വാഭാവികം മാത്രമാണ്. അവരെ സഹായിക്കുക സാധ്യമാണെങ്കിൽ, അതെങ്ങനെ ചെയ്യണം എന്നതു സംബന്ധിച്ചു വ്യക്തമായ നിർദേശങ്ങൾ ദൈവംതന്നെ നൽകുമായിരുന്നില്ലേ? മരിച്ചവരെ സഹായിക്കാനാകുമോ എന്നതു സംബന്ധിച്ച് ബൈബിൾ എന്തു പഠിപ്പിക്കുന്നുവെന്നു നമുക്കു നോക്കാം.
മരിച്ചവരുടെ അവസ്ഥ
ആത്മാവ് അമർത്യമാണെന്ന വിശ്വാസമാണ് മേൽപ്പറഞ്ഞ ആചാരാനുഷ്ഠാനങ്ങൾക്കെല്ലാം ആധാരം. ശരീരത്തിന്റെ മരണശേഷവും മനുഷ്യനിലുള്ള എന്തോ ഒന്ന് തുടർന്നും ജീവിക്കുന്നുവെന്ന ഈ വിശ്വാസം ബൈബിളധിഷ്ഠിതമാണോ? ബൈബിൾ ഇങ്ങനെ പറയുന്നു, “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല. ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.” (സഭാപ്രസംഗി 9:5, 6, 10) ഇവിടെ ‘പാതാളം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഷീയോൾ എന്ന എബ്രായ പദം മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെയാണ് അർഥമാക്കുന്നത്.
ബോധപൂർവകമായ അവസ്ഥയ്ക്ക് മരണത്തോടെ എന്തു മാറ്റം സംഭവിക്കുന്നു എന്നതിനെക്കുറിച്ച് നിശ്വസ്ത സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”—സങ്കീർത്തനം 146:4.
ബൈബിളിന്റെ പ്രസ്താവനകൾ ആധികാരികവും ന്യായയുക്തവുമാണ്. ഇതു ചിന്തിക്കുക: സ്നേഹവാനായ ഒരു പിതാവ്, പാരമ്പര്യമായി പകർന്നുകിട്ടിയ പാപപൂർണമായ ചായ്വുകളുടെ പേരിൽ തന്റെ മക്കളെ ദണ്ഡിപ്പിക്കുമോ? (ഉല്പത്തി 8:21) തീർച്ചയായും ഇല്ല. അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗീയ പിതാവ് അത്തരമൊരു കാര്യം ചെയ്യുമോ? വ്യാജ ദൈവങ്ങൾക്കുള്ള യാഗാർപ്പണമെന്ന നിലയിൽ മക്കളെ അഗ്നിയിൽ ദഹിപ്പിക്കുന്ന പുറജാതീയ ആചാരം പുരാതന ഇസ്രായേലിലെ ചിലർ കടമെടുത്തപ്പോൾ, “അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല” എന്നു പറഞ്ഞുകൊണ്ട് മ്ലേച്ഛമായ അത്തരമൊരു ആചാരത്തെ യഹോവ കുറ്റംവിധിച്ചു.—യിരെമ്യാവു 7:31.
പാപത്തിനുള്ള ശിക്ഷ മരണമാണ് അല്ലാതെ മരണശേഷമുള്ള ദണ്ഡനമല്ല. “പാപത്തിന്റെ ശമ്പളം മരണമത്രേ” എന്നും “മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു” എന്നും തിരുവെഴുത്തുകൾ പറയുന്നു.—റോമർ 5:12; 6:7, 23.
മരിച്ചവർ യാതന അനുഭവിക്കുന്നില്ല. ഗാഢനിദ്രയിലെന്നതുപോലെ അവർ യാതൊന്നും അറിയുന്നില്ല, പരമാനന്ദമോ തീവ്രവേദനയോ ഒന്നും. അതുകൊണ്ടുതന്നെ മരിച്ചവരെ സഹായിക്കാൻ ആളുകൾ നടത്തുന്ന എല്ലാ ശ്രമങ്ങളും ബൈബിൾ പഠിപ്പിക്കലുകൾക്കു വിരുദ്ധമാണെന്ന കാര്യത്തിൽ തർക്കമില്ല.
മരിച്ചവർക്ക് എന്തു പ്രത്യാശ?
മരിച്ചുപോയ പ്രിയപ്പെട്ടവർ എന്നേക്കും അബോധാവസ്ഥയിൽത്തന്നെ തുടരുമെന്നല്ല ഇതിനർഥം. യഥാർഥത്തിൽ അവർക്കു ശോഭനമായ ഒരു ഭാവി പ്രത്യാശയുണ്ട്
.
പ്രിയ സ്നേഹിതനായ ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുവരുന്നതിനുമുമ്പ് “ഞാൻ അവനെ ഉണർത്തുവാൻ പോകുന്നു” എന്നു യേശു പറഞ്ഞു. (യോഹന്നാൻ 11:11) മറ്റൊരു അവസരത്തിൽ, “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം” ചെയ്യുമെന്നും അവൻ പറഞ്ഞു. (യോഹന്നാൻ 5:28, 29) പുനരുത്ഥാനം പ്രാപിക്കുന്നവർ കഴിഞ്ഞകാല പാപങ്ങളിൽനിന്നെല്ലാം മോചനം നേടിയിട്ടുണ്ടായിരിക്കും. അതുകൊണ്ടുതന്നെ മുമ്പു ജീവിച്ചിരുന്നപ്പോൾ ചെയ്ത തെറ്റുകൾക്കായി അവർ യാതന അനുഭവിക്കേണ്ടി വരുകയില്ല. പൂർണതയുള്ള അവസ്ഥകളിൽ ജീവിതം ആസ്വദിക്കാനുള്ള അവസരം അവർക്കുണ്ടായിരിക്കും. എത്ര മഹത്തായ പ്രത്യാശ!
ഈ പ്രത്യാശ നിങ്ങൾക്ക് ആകർഷകമായി തോന്നുന്നുവോ? എങ്കിൽ, ഇതിനോടു ബന്ധപ്പെട്ട ബൈബിൾ വാഗ്ദാനങ്ങൾ ആശ്രയയോഗ്യമാണെന്ന കാര്യം ഉറപ്പുവരുത്താൻ താമസിക്കരുത്. നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
◼ മരിച്ചവർ എന്തെങ്കിലും അറിയുന്നുണ്ടോ?—സങ്കീർത്തനം 146:4; സഭാപ്രസംഗി 9:5, 6, 10.
◼ മരിച്ചവർ നരകാഗ്നിയിൽ യാതന അനുഭവിക്കാൻ ദൈവം അനുവദിക്കുമോ?—യിരെമ്യാവു 7:31.
◼ മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?—യോഹന്നാൻ 5:28, 29.