മരിച്ചവരുടെഅവസ്ഥ എന്താണ്?
മരിച്ച വ്യക്തിക്ക് മരണത്തെ അതിജീവിക്കുന്ന ഒരു ദേഹി അല്ലെങ്കിൽ ആത്മാവ് ഉണ്ടെന്ന അനുമാനത്തിലാണു മരിച്ചവരിലുള്ള ഭയം വേരൂന്നിയിരിക്കുന്നത്. ഈ ധാരണ തെററാണെന്നു ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നുവെങ്കിൽ, മരിച്ചവർക്കു നിങ്ങളെ ഉപദ്രവിക്കാൻ കഴിയുമോ എന്ന ചോദ്യം ഉദിക്കുന്നേയില്ല. എങ്കിൽപ്പിന്നെ ബൈബിൾ എന്താണു പറയുന്നത്?
മരിച്ചവരുടെ അവസ്ഥ സംബന്ധിച്ചു ബൈബിൾ പറയുന്നു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യന്നു കീഴെ നടക്കുന്ന യാതൊന്നിലും അവർക്കു ഇനി ഒരിക്കലും ഓഹരിയില്ല.”—സഭാപ്രസംഗി 9:5, 6.
ഇതിന്റെ അടിസ്ഥാനത്തിൽ മരിച്ചവർക്കു നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? ഇല്ല എന്നാണു തിരുവെഴുത്തുകൾ പറയുന്നത്. മരിച്ചവർ അബോധാവസ്ഥയിലാണ്. അവർ നിശബ്ദരാണ്. ജീവിച്ചിരിക്കുന്നവരുമായി ആശയവിനിയമം നടത്തുന്നതിനോ സ്നേഹമോ വെറുപ്പോ പോലെ ഏതെങ്കിലും വികാരം പ്രകടിപ്പിക്കുന്നതിനോ അവർക്കു കഴിവില്ല. ഒരു നടപടിയും സ്വീകരിക്കാൻ അവരെക്കൊണ്ടാവില്ല. അവരെ നിങ്ങൾ ഒരുവിധത്തിലും ഭയപ്പെടേണ്ട ആവശ്യമില്ല.
‘കൊള്ളാം, ജഡത്തിന്റെ മരണത്തെയാണു നിങ്ങൾ പരാമർശിക്കുന്നതെങ്കിൽ ഒരുപക്ഷേ അതു ശരിയാണെന്നു വരാം’ എന്നു ചിലർ പറഞ്ഞേക്കാം. ‘എന്നാൽ ഒരു ജഡിക മരണം ജീവന്റെ അന്ത്യമല്ല; അത് ആത്മാവിനെ ശരീരത്തിൽനിന്നു വിടുവിക്കുക മാത്രമാണു ചെയ്യുന്നത്. അങ്ങനെ വിടുവിക്കപ്പെടുന്ന ആത്മാവിന് ജീവിച്ചിരിക്കുന്നവരെ സഹായിക്കുന്നതിനോ ഉപദ്രവിക്കുന്നതിനോ കഴിയും.’ ഭൂവ്യാപകമായി ലക്ഷക്കണക്കിന് ആളുകൾക്ക് അങ്ങനെ തോന്നുന്നു.
ദൃഷ്ടാന്തത്തിന്, ജീവിതം കേവലം സ്ഥിതിമാററമാണെന്നാണു മഡഗാസ്കറിൽ കരുതിപ്പോരുന്നത്. അതുകൊണ്ട് ശവസംസ്കാരവും ശവംതോണ്ടലും വിവാഹത്തെക്കാൾ പ്രധാനമായി പരിഗണിക്കപ്പെടുന്നു. തന്റെ പൂർവികൻമാരുടെ അടുത്തുനിന്നു വന്ന വ്യക്തി മരണത്തിൽ അവരുടെ സമീപത്തേക്കു തിരികെപ്പോകുകയാണെന്നു കരുതിപ്പോരുന്നു. തൻമൂലം ജീവിച്ചിരിക്കുന്നവരുടെ ഭവനങ്ങൾ കാലക്രമേണ ചെതുക്കുപിടിക്കുന്ന തടിയും ഇഷ്ടികയും കൊണ്ടാണ് നിർമിക്കുന്നത്. എന്നാൽ കുഴിമാടം, മരിച്ചവരുടെ “വീട്” സാധാരണഗതിയിൽ കൂടുതൽ പരിഷ്കാരം വരുത്തിയതും ഈടുനിൽക്കുന്നതുമാണ്. ഒരു ശവംതോണ്ടൽ കർമം നടത്തുമ്പോൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കരുതുന്നത് തങ്ങൾക്ക് അനുഗ്രഹം ലഭിക്കുമെന്നാണ്. മരിച്ച ബന്ധുവിന്റെ അസ്ഥികൾ തൊട്ടാൽ തങ്ങൾ സന്താനപുഷ്ടിയുള്ളവരായിത്തീരുമെന്നു സ്ത്രീകൾ കരുതുന്നു. എന്നാൽ വീണ്ടും, ദൈവവചനം എന്താണു പറയുന്നത്?
മനുഷ്യവർഗം മരിക്കണമെന്ന ഉദ്ദേശ്യമില്ലായിരുന്നു
ജീവിക്കുന്നതിനുവേണ്ടിയാണ് മനുഷ്യനെ യഹോവയാം ദൈവം സൃഷ്ടിച്ചത് എന്നു മനസ്സിലാക്കുന്നതു രസകരമാണ്. അനുസരണക്കേടിന്റെ ഫലമായി മാത്രമാണ് അവൻ മരണത്തെക്കുറിച്ചു സംസാരിച്ചത്. (ഉല്പത്തി 2:17) ദുഃഖകരമെന്നു പറയട്ടെ, ആദ്യമനുഷ്യനും സ്ത്രീയും പാപം ചെയ്യുകതന്നെയുണ്ടായി. തത്ഫലമായി മരണകരമായ അവകാശമെന്ന നിലയിൽ പാപം സകലരിലേക്കും വ്യാപിച്ചു. (റോമർ 5:12) അതുകൊണ്ട്, ആദ്യ മനുഷ്യജോഡി പാപം ചെയ്തതുമുതൽ മരണം ഒരു ജീവിത യാഥാർഥ്യമായിരിക്കുന്നുവെന്നു നിങ്ങൾക്കു പറയാൻ കഴിയും. അതേ, കയ്പേറിയ ഒരു ജീവിത യാഥാർഥ്യംതന്നെ. നാം ജീവിക്കുന്നതിനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്. ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം മരണത്തെ അന്ത്യമെന്ന നിലയിൽ അഭിമുഖീകരിക്കുന്നതു പ്രയാസകരമായിരിക്കുന്നതിനു കാരണമെന്താണ് എന്നത് ഈ വസ്തുത വിശദീകരിക്കുന്നു.
ബൈബിൾ വിവരണം പറയുന്നതനുസരിച്ച്, അനുസരണക്കേടു മരണത്തിൽ കലാശിക്കുമെന്നുള്ള ദൈവത്തിന്റെ മുന്നറിയിപ്പിനു വിരുദ്ധമായി പറഞ്ഞുകൊണ്ടു സാത്താൻ ആദ്യ മനുഷ്യജോഡിയെ ചതിക്കാൻ ശ്രമിച്ചു. (ഉല്പത്തി 3:4) കാലം കടന്നുപോകവേ സംഗതി വ്യക്തമായി—മനുഷ്യർക്കു സംഭവിക്കുമെന്നു ദൈവം പറഞ്ഞതുപോലെതന്നെ അവർ മരിക്കുന്നു എന്ന്. അങ്ങനെ, നൂററാണ്ടുകളായി സാത്താൻ വേറൊരു നുണകൊണ്ട് പ്രതികരിക്കുന്നു: മരിക്കുമ്പോൾ മമനുഷ്യന്റെ എന്തോ ആത്മീയ ഭാഗം ശരീരത്തെ വിട്ടുപോകുന്നു എന്ന്. ‘ഭോഷ്കിന്റെ അപ്പൻ’ എന്ന് യേശു വർണിച്ച സാത്താനു ചേർന്ന ഒന്നാണ് അത്തരം വഞ്ചിക്കൽ. (യോഹന്നാൻ 8:44) എന്നാൽ അതിനു നേരെവിപരീതമായി, മരണത്തിനു ബദലായി ദൈവം നൽകുന്നത് പ്രോത്സാഹജനകമായ ഒരു വാഗ്ദത്തമാണ്.
എന്തു വാഗ്ദത്തം?
അനേകർക്കും ലഭിക്കാൻപോകുന്ന പുനരുത്ഥാനം എന്ന വാഗ്ദത്തമാണത്. “പുനരുത്ഥാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം അനസ്താസിസ് ആണ്. അതിന്റെ അക്ഷരീയ അർഥം “വീണ്ടുമുള്ള എണീററു നിൽപ്പ്” എന്നാണ്. അത് മരണത്തിൽനിന്ന് ഉയിർപ്പിക്കുന്നതിനെ പരാമർശിക്കുന്നു. അതേ, മനുഷ്യൻ മരിച്ചുകിടക്കുന്നു എന്നാൽ, ദൈവത്തിന് തന്റെ ശക്തിയാൽ ഒരു വ്യക്തിയെ വീണ്ടും ഉയിർപ്പിക്കാൻ കഴിയും. മനുഷ്യനു ജീവൻ നഷ്ടപ്പെടുന്നു എന്നാൽ, അവനു വീണ്ടും ജീവൻ നൽകാൻ ദൈവത്തിനു കഴിയും. “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു” എന്ന് ദൈവപുത്രനായ യേശുക്രിസ്തു പറഞ്ഞു. (യോഹന്നാൻ 5:28, 29) അപ്പോസ്തലനായ പൗലോസ് “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു . . . ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു” എന്നു പ്രകടമാക്കി. (പ്രവൃത്തികൾ 24:15) ക്രിസ്തീയയുഗത്തിനു മുമ്പുണ്ടായിരുന്ന, ദൈവത്തിന്റെ ഒരു വിശ്വസ്ത ദാസനായിരുന്ന ഇയ്യോബും പുനരുത്ഥാനത്തിലുള്ള തന്റെ വിശ്വാസം ഇങ്ങനെ പ്രഖ്യാപിച്ചു: “മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാററം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു. നീ [ദൈവം] വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും.”—ഇയ്യോബ് 14:14, 15.
മരിച്ചവർ ആത്മ രൂപത്തിൽ ജീവിച്ചിരിക്കുന്നുവെന്നതു നുണയാണെന്ന് പുനരുത്ഥാനത്തെക്കുറിച്ചുള്ള വ്യക്തമായ വാഗ്ദാനം തെളിയിക്കുന്നില്ലേ? മരിച്ചവർ സ്വർഗത്തിലോ ഏതെങ്കിലും ആത്മീയ ലോകത്തിലോ ജീവിച്ചിരുന്ന് അവിടത്തെ അസ്തിത്വം ആസ്വദിക്കുകയാണെങ്കിൽ പുനരുത്ഥാനംകൊണ്ടുള്ള പ്രയോജനമെന്തായിരിക്കും? അവർ അതിനോടകംതന്നെ തങ്ങളുടെ പ്രതിഫലം നേടുകയോ നിർദിഷ്ട സ്ഥാനത്ത് എത്തിച്ചേരുകയോ ചെയ്തിരിക്കില്ലേ? ദൈവവചനത്തിന്റെ പഠനം വെളിപ്പെടുത്തുന്നത് മരിച്ചവർ യഥാർഥത്തിൽ മരിച്ചിരിക്കുന്നു, അബോധാവസ്ഥയിലാണ്, നിദ്രയിലാണ് എന്നും നമ്മുടെ സ്നേഹനിധിയായ യഹോവയാം ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ—ഒരു പറുദീസയിൽ—പുനരുത്ഥാനം മുഖേന എഴുന്നേൽപ്പിക്കപ്പെടുന്നതുവരെ അവർ അതേ അവസ്ഥയിൽ തുടരുമെന്നുമാണ്. എന്നാൽ, മരണത്തിന്റെ അർഥം ജഡത്തിന്റെയും ആത്മാവിന്റെയും വേർതിരിക്കൽ അല്ലാതിരിക്കയും, ആത്മാവ് തുടർന്നു ജീവിക്കാതിരിക്കയും ചെയ്യുന്നെങ്കിൽ ആത്മലോകത്തിൽനിന്ന് ആശയവിനിയമം നടത്തുന്നുവെന്നു തോന്നിക്കുന്നപോലത്തെ സംഭവങ്ങൾ സംബന്ധിച്ചെന്ത്?
ആത്മമണ്ഡലത്തിൽ നിന്നുള്ള ആശയവിനിമയം
ആത്മമണ്ഡലത്തിൽനിന്നു ലഭിച്ചുവെന്നു കരുതപ്പെടുന്ന ആശയവിനിമയങ്ങളെക്കുറിച്ച് അസംഖ്യം കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുണ്ട്. വാസ്തവത്തിൽ അവയുടെ തുടക്കം എന്താണ്? “സാത്താൻതാനും പ്രഭാപൂർണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ട്. അതിനാൽ അവന്റെ ശുശ്രൂഷകരും നൻമയുടെ പ്രതിനിധികളായി വേഷംകെട്ടുന്നതിൽ അതിശയിക്കാനില്ല” എന്നു ബൈബിൾ മുന്നറിയിപ്പു നൽകുന്നു. (2 കൊരിന്ത്യർ 11:14, 15, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) മനുഷ്യരെ എളുപ്പത്തിൽ വഞ്ചിക്കുന്നതിനും വഴിതെററിക്കുന്നതിനും ഭൂതങ്ങൾ (മത്സരികളായ ദൂതൻമാർ) ജീവിച്ചിരിക്കുന്നവരുമായി ചിലപ്പോഴെല്ലാം സഹായികളെന്നു നടിച്ച് ആശയവിനിയമം നടത്തിയിട്ടുണ്ട്.
ഈ വഞ്ചനാത്മകമായ പ്രചാരണത്തെക്കുറിച്ച് അപ്പോസ്തലനായ പൗലോസ് കൂടുതൽ മുന്നറിയിപ്പു നൽകുന്നു: “ചിലർ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും [“പഠിപ്പിക്കലുകളെയും,” NW] ആശ്രയിച്ചു . . . വിശ്വാസം ത്യജിക്കും.” (1 തിമൊഥെയൊസ് 4:1) അതുകൊണ്ട് മരിച്ചവരിൽനിന്നു ലഭിച്ചതായി പറയപ്പെടുന്ന ഏതു പ്രതികരണവും “നൻമയുടെ പ്രതിനിധികളായി” വേഷംകെട്ടുകയും മതപരമായ ഒരു നുണയ്ക്കു പിന്തുണ നൽകുകയും ചെയ്യുന്ന ഭൂതങ്ങളിൽനിന്ന് ആയിരിക്കാനേ സാധ്യതയുള്ളൂ. അങ്ങനെ അന്ധവിശ്വാസങ്ങൾക്ക് അടിമകളാക്കിക്കൊണ്ട് ആളുകളെ അവർ ദൈവവചനത്തിന്റെ സത്യത്തിൽനിന്ന് അകററിക്കളയുകയാണു ചെയ്യുന്നത്.
മരിച്ചവർക്ക് എന്തെങ്കിലും പറയുന്നതിനോ ചെയ്യുന്നതിനോ അനുഭവിക്കുന്നതിനോ കഴിയുകയില്ലെന്ന് ഉറപ്പുനൽകിക്കൊണ്ടു സങ്കീർത്തനം 146:3, 5 ഇങ്ങനെ പ്രസ്താവിക്കുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു [“ആത്മാവ് പുറത്തുപോകുന്നു,” NW]; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.” “പുറത്തുപോകുന്ന”ത് എന്ത് ആത്മാവ് ആണ്? അത് ഒരു വ്യക്തിയെ ശ്വസനത്തിലൂടെ നിലനിർത്തുന്ന ജീവശക്തിയാണ്. അതുകൊണ്ട്, ശ്വാസോച്ഛ്വാസം നിലയ്ക്കുന്നതോടെ മരിച്ച വ്യക്തിയുടെ ഇന്ദ്രിയങ്ങളുടെ പ്രവർത്തനവും നിലയ്ക്കുന്നു. അയാൾ ഒരു പൂർണ അബോധാവസ്ഥയിലായിത്തീരുന്നു. അതുകൊണ്ട്, ജീവിച്ചിരിക്കുന്നവരുടെമേൽ ആധിപത്യം ചെലുത്തുന്നതിന് അയാൾക്കു സാധിക്കുകയില്ല.
അക്കാരണത്താലാണ് ബൈബിൾ മമനുഷ്യന്റെ മരണത്തെ മൃഗത്തിന്റെ മരണത്തോടു താരതമ്യം ചെയ്യുന്നത്. മരണത്തിൽ ഇരുവരും അബോധാവസ്ഥയിൽ എത്തിച്ചേരുന്നുവെന്നും അവർ നിർമിക്കപ്പെട്ട പൊടിയിലേക്കു തിരികെ പോകുന്നുവെന്നും അതു പ്രസ്താവിക്കുന്നു. “മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിന്നും ശ്വാസം ഒന്നത്രേ; മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ. എല്ലാം ഒരു സ്ഥലത്തേക്കു തന്നേ പോകുന്നു; എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു” എന്നു സഭാപ്രസംഗി 3:19, 20 പറയുന്നു.
മരിച്ചവരുമായി ആശയവിനിയമം നടത്തുന്നതിനും അവരാൽ സ്വാധീനിക്കപ്പെടുന്നതിനും കഴിയുമെന്ന് ചിന്തിക്കത്തക്കവിധം ആളുകളെ വഞ്ചിക്കാൻ ഭൂതങ്ങൾക്കു കഴിയുമെന്ന് അറിഞ്ഞുകൊണ്ട് യഹോവയാം ദൈവം തന്റെ ജനമായിരുന്ന പുരാതന ഇസ്രായേല്യർക്കു മുന്നറിയിപ്പു നൽകി: “പ്രശ്നക്കാരൻ, മുഹൂർത്തക്കാരൻ, ആഭിചാരകൻ, ക്ഷുദ്രക്കാരൻ, മന്ത്രവാദി, വെളിച്ചപ്പാടൻ, ലക്ഷണം പറയുന്നവൻ, അഞ്ജനക്കാരൻ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുതു. ഈ കാര്യങ്ങൾ ചെയ്യുന്നവനെല്ലാം യഹോവക്കു വെറുപ്പു ആകുന്നു.”—ആവർത്തനപുസ്തകം 18:10-12.
സ്പഷ്ടമായും, മരിച്ചവർക്ക് ജീവിച്ചിരിക്കുന്നവരെ ഉപദ്രവിക്കാനാകുമെന്ന ആശയം ദൈവത്തിൽനിന്നുള്ളതല്ല. അവൻ സത്യദൈവമാണ്. (സങ്കീർത്തനം 31:5; യോഹന്നാൻ 17:17) തന്നെ “ആത്മാവിലും സത്യത്തിലും” ആരാധിക്കുന്ന സത്യസ്നേഹികൾക്കുവേണ്ടി അവൻ ഒരു മഹനീയ ഭാവിയാണു കരുതിയിരിക്കുന്നത്.—യോഹന്നാൻ 4:23, 24.
യഹോവ, സത്യവും സ്നേഹവുമുള്ള ദൈവം
മരിച്ച് അടക്കപ്പെട്ട ദശലക്ഷങ്ങൾ നീതിയുള്ള പുതിയ ലോകത്തിലേക്ക് നിത്യജീവന്റെ പ്രത്യാശയോടെ പുനരുത്ഥാനം ചെയ്യപ്പെടുമെന്ന് “ഭോഷ്ക്കു പറയാൻ കഴിയാത്ത” നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവ്, വാഗ്ദത്തം ചെയ്തിരിക്കുന്നു! (തീത്തോസ് 1:1, 2, NW; യോഹന്നാൻ 5:28) പുനരുത്ഥാനത്തെക്കുറിച്ചുള്ള സ്നേഹനിർഭരമായ ഈ വാഗ്ദത്തം യഹോവക്കു തന്റെ സൃഷ്ടിയായ മമനുഷ്യന്റെ ക്ഷേമത്തിൽ ആഴമായ താത്പര്യമുണ്ടെന്നു തെളിയിക്കുന്നു. മരണം, ദുഃഖം, വേദന എന്നിവ തുടച്ചുമാററുന്നതിന് അവനു ഹൃദയംഗമമായ താത്പര്യമുണ്ടെന്നും ഇതു പ്രകടമാക്കുന്നു. അതുകൊണ്ട് മരിച്ചവരെ ഭയപ്പെടേണ്ടതിന്റെയോ അവരെയും അവരുടെ ഭാവിയെയുംകുറിച്ച് അനാവശ്യമായി വ്യാകുലപ്പെടേണ്ടതിന്റെയോ യാതൊരാവശ്യവുമില്ല. (യെശയ്യാവു 25:8, 9; വെളിപ്പാടു 21:3, 4) നമ്മുടെ സ്നേഹവാനും നീതിയുള്ളവനുമായ ദൈവത്തിന് അവരെ ഉയിർപ്പിക്കാൻ കഴിയും. അവൻ അങ്ങനെ ചെയ്യുകതന്നെ ചെയ്യും. അങ്ങനെ മരണവേദന അവൻ തുടച്ചുമാററും.
വാഗ്ദത്തം ചെയ്യപ്പെട്ട ആ പുതിയ ലോകത്തിലെ ഭൂമിയുടെ അവസ്ഥകൾ സംബന്ധിച്ചുള്ള വിവരണങ്ങൾ ദൈവവചനമായ ബൈബിളിന്റെ ഏടുകളിൽ ജ്വലിച്ചുനിൽക്കുന്നു. (സങ്കീർത്തനം 37:29; 2 പത്രൊസ് 3:13) അത് സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സഹമനുഷ്യരോടുള്ള സ്നേഹത്തിന്റെയും സമയമായിരിക്കും. (സങ്കീർത്തനം 72:7; യെശയ്യാവു 9:7; 11:6-9; മീഖാ 4:3, 4) സകലർക്കും സുരക്ഷിതമായ നല്ല ഭവനങ്ങളും സന്തുഷ്ടിദായകമായ വേലയും ഉണ്ടായിരിക്കും. (യെശയ്യാവു 65:21-23) എല്ലാവർക്കും ഭക്ഷിക്കാൻ ധാരാളം നല്ല വസ്തുക്കൾ ഉണ്ടായിരിക്കും. (സങ്കീർത്തനം 67:6; 72:16) സകലരും സമ്പൂർണ ആരോഗ്യം ആസ്വദിക്കും. (യെശയ്യാവു 33:24; 35:5, 6) അപ്പോസ്തലൻമാരും വേറെ ഒരു പരിമിത സംഖ്യയും സ്വർഗത്തിൽ യേശുവിനോടൊപ്പം വാഴുമ്പോൾ മററുള്ളവരുടെ ദേഹികൾ മരണത്തിനു ശേഷം സ്വർഗത്തിൽ അനുഗൃഹീതമായ അവസ്ഥയിലായിരിക്കുന്നതിനെക്കുറിച്ച് ബൈബിൾ യാതൊരു സൂചനയും നൽകുന്നില്ല. (വെളിപ്പാടു 5:9, 10; 20:6) മരിച്ചുപോയ കോടിക്കണക്കിനാളുകൾ മരണാനന്തരം ജീവിക്കുന്നുവെങ്കിൽ അത് തികച്ചും വിചിത്രമായിരിക്കും.
എന്നാൽ മരിച്ചവർ ജീവനുള്ള ദേഹികളായി മേലാൽ സ്ഥിതിചെയ്യുന്നില്ല എന്ന ബൈബിളിന്റെ സ്പഷ്ടമായ പഠിപ്പിക്കൽ മനസ്സിലാക്കുമ്പോൾ അതു വിചിത്രം എന്നു നാം പറയില്ല. അവർക്കു നിങ്ങളെ ഉപദ്രവിക്കാനാവില്ല. സ്മാരകക്കല്ലറകളിലുള്ളവർ പുനരുത്ഥാനത്തിനുള്ള ദൈവത്തിന്റെ സമയം വരുന്നതുവരെ അബോധാവസ്ഥയിൽ കേവലം വിശ്രമിക്കയാണ്. (സഭാപ്രസംഗി 9:10; യോഹന്നാൻ 11:11-14, 38-44) പിന്നെ നമ്മുടെ പ്രത്യാശകളും അഭിലാഷങ്ങളും ദൈവത്തിന്റെ കരങ്ങളിലാണ്. “അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം.”—യെശയ്യാവു 25:9.
[7-ാം പേജിലെ ചിത്രം]
ദൈവവചനം സ്പഷ്ടമായി കാണിക്കുന്നപ്രകാരം മരിച്ചവർ പുനരുത്ഥാനംവരെ തികച്ചും നിഷ്ക്രിയാവസ്ഥയിലാണ്