ഞങ്ങളുടെ വായനക്കാരിൽനിന്ന്
രോഗങ്ങൾ എന്നേക്കുമായി വിടപറയുമ്പോൾ! (2007 ജനുവരി) “ചിലർ ഫലപ്രദമല്ലാത്തതോ ഹാനികരംപോലുമോ ആയ ചികിത്സകൾക്കായി തങ്ങളുടെ പണവും സമയവും പാഴാക്കുന്നു” എന്ന് നിങ്ങൾ എഴുതിയിരുന്നു. പകരചികിത്സകളാണു നിങ്ങൾ ഉദ്ദേശിച്ചതെന്നു തോന്നുന്നു; കാരണം ചില പകരചികിത്സകളുടെ ഫലപ്രദത്വത്തെയും സുരക്ഷയെയും നിങ്ങളുടെ ലേഖനം ചോദ്യംചെയ്തിരുന്നു. വ്യവസ്ഥാപിത ചികിത്സാരീതികൾ ഏറെ സുരക്ഷിതവും ഫലപ്രദവുമാണെന്നാണോ ഉണരുക! ഉദ്ദേശിക്കുന്നത്? യു.എസ്. ജനറൽ അക്കൗണ്ടിങ് ഓഫീസ് പറയുന്നതനുസരിച്ച് അങ്ങനെയല്ലെന്നു വിശ്വസിക്കാൻ തെളിവുകൾ ധാരാളമുണ്ട്.
ജി. സി., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: പരക്കെ അംഗീകരിക്കപ്പെടുന്ന പല ചികിത്സകളും ഒരുകാലത്ത് സുരക്ഷിതവും ഫലപ്രദവുമെന്നു കരുതിയിരുന്നെങ്കിലും പിൽക്കാലത്ത് സുരക്ഷിതമല്ലെന്നു തെളിഞ്ഞിട്ടുണ്ട്. വ്യവസ്ഥാപിത ചികിത്സാരീതികളുടെയും പകരചികിത്സകളുടെയും കാര്യത്തിൽ ഇതു സംഭവിച്ചിട്ടുണ്ട്. ചികിത്സ ഏതു ഗണത്തിൽ പെടുന്നതാണെങ്കിലും, ചികിത്സയുടെ പ്രയോജനങ്ങളെയും അപകടങ്ങളെയും കുറിച്ച് ന്യായമായ വിവരങ്ങൾ മനസ്സിലാക്കുകയും അത് ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് ഉചിതം. വ്യക്തിപരമായ തീരുമാനം ഉൾപ്പെട്ടിരിക്കുന്ന സംഗതിയാണിത്. ഞങ്ങൾ പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതുപോലെ, “ഉണരുക!” ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. മാത്രമല്ല ആരോഗ്യകാര്യങ്ങളിൽ മറ്റുള്ളവർ എടുക്കുന്ന തീരുമാനത്തെ ക്രിസ്ത്യാനികൾ വിമർശിക്കാറുമില്ല. ഞങ്ങളുടെ ലേഖനങ്ങൾ ചൂണ്ടിക്കാണിച്ചതുപോലെ ആത്യന്തികമായി നോക്കുമ്പോൾ, പകരചികിത്സയ്ക്കോ വ്യവസ്ഥാപിത ചികിത്സയ്ക്കോ മാനവരാശിയുടെ എല്ലാ രോഗങ്ങളും സുഖപ്പെടുത്താനാവില്ല. രോഗങ്ങൾ പഴങ്കഥകളാകുന്ന ഒരു കാലം കൊണ്ടുവരാൻ ദൈവരാജ്യത്തിനു മാത്രമേ കഴിയൂ.—വെളിപ്പാടു 21:3-5.
ഞാൻ ഒരുനാൾ ‘മാനിനെപ്പോലെ ചാടും’ (2006 ആഗസ്റ്റ്) ഫ്രാൻചെസ്ക്കോ ആബാറ്റേമാർക്കോയുടെ ക്ഷമയും എളിമയും എന്നെ ഇരുത്തി ചിന്തിപ്പിച്ചു. യഹോവയെ സേവിക്കുന്നതിനായി അദ്ദേഹം ശാരീരിക വൈകല്യത്തെ തരണം ചെയ്തുവെന്നു മാത്രമല്ല നിഷേധാത്മക വികാരങ്ങളെ മറികടക്കാൻ തന്റെ പരമാവധി യത്നിക്കുകയും ചെയ്തു. നാം ഏതുതരം സാഹചര്യത്തിലൂടെ കടന്നുപോയാലും കഴിവിന്റെ പരമാവധി യഹോവയെ സേവിക്കാൻ നമുക്കാകുമെന്ന കാര്യം മനസ്സിൽ പിടിക്കാൻ അദ്ദേഹത്തിന്റെ അനുഭവം എന്നെ സഹായിച്ചിരിക്കുന്നു. ദൈവവചനം പ്രാവർത്തികമാക്കിയത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ അദ്ദേഹത്തെ സഹായിച്ചത് എങ്ങനെയെന്നു മനസ്സിലാക്കിയത് എനിക്കു വലിയ പ്രോത്സാഹനമായി.
എൻ. ജി., കംബോഡിയ
മറികടക്കാൻ തടസ്സങ്ങൾ ധാരാളമുണ്ടായിരുന്നു ഫ്രാൻചെസ്ക്കോയ്ക്ക്. എന്നിട്ടും സത്യം കണ്ടെത്തിയതിനുശേഷം എല്ലാ തടസ്സങ്ങളും തരണം ചെയ്തു മുന്നോട്ടു പോകാൻ അദ്ദേഹം മനസ്സു കാണിച്ചു. നിശ്ചയദാർഢ്യത്തിന്റെ പര്യായമാണ് അദ്ദേഹം! അദ്ദേഹത്തിന്റെ ജീവിതകഥ എന്നെപ്പോലെതന്നെ മറ്റുള്ളവർക്കും പ്രചോദനമാകുമെന്നു പ്രത്യാശിക്കുന്നു.
എം. ഡി., ദക്ഷിണാഫ്രിക്ക
ഈ ലേഖനം എനിക്ക് ഒരുപാട് ഇഷ്ടമായി! ഫ്രാൻചെസ്ക്കോയെ നേരിൽക്കണ്ട്, ദൈവസേവനത്തോടുള്ള ബന്ധത്തിൽ കൂടുതൽ ചെയ്യാൻ അദ്ദേഹത്തിന്റെ അനുഭവം എന്നെ എത്രമാത്രം പ്രോത്സാഹിപ്പിച്ചുവെന്ന് പറയാൻ കഴിഞ്ഞെങ്കിൽ എന്ന് ആശിച്ചുപോകുകയാണു ഞാൻ.
ജെ. ബി., ഐക്യനാടുകൾ
ഫ്രാൻചെസ്ക്കോ, തീക്ഷ്ണതയുടെയും സഹിഷ്ണുതയുടെയും കാര്യത്തിൽ താങ്കൾ വെച്ച നല്ല മാതൃകയ്ക്കു നന്ദി. പുതിയ ലോകത്തിൽ താങ്കൾ മാനിനെപ്പോലെ ചാടും എന്നെനിക്ക് ഉറപ്പുണ്ട്. താങ്കളെ ഒരുപാടു സ്നേഹിക്കുന്ന, താങ്കൾക്കായി പ്രാർഥിക്കുന്ന സഹോദരീസഹോദരന്മാർ ഉണ്ടെന്ന കാര്യം മനസ്സിൽ പിടിക്കുക.
എസ്. ജി., റഷ്യ