വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 9/07 പേ. 23-25
  • വനത്തിന്റെ വരദാനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വനത്തിന്റെ വരദാനം
  • ഉണരുക!—2007
  • സമാനമായ വിവരം
  • കുതിച്ചുപൊങ്ങുന്ന പഴം നിങ്ങൾ രുചിച്ചുനോക്കിയിട്ടുണ്ടോ?
    ഉണരുക!—2005
  • പോളിയ ബെറിയുടെ കടുംനീല നിറം
    ഉണരുക!—2017
  • നിഴൽമൂടിയ മഴക്കാടുകൾ
    ഉണരുക!—1997
  • മഴവനങ്ങളെ നശിപ്പിക്കൽ
    ഉണരുക!—1998
കൂടുതൽ കാണുക
ഉണരുക!—2007
g 9/07 പേ. 23-25

വനത്തിന്റെ വരദാനം

ഫിൻലൻഡിലെ ഉണരുക! ലേഖകൻ

കാട്ടുപഴങ്ങൾ പറിക്കുന്നത്‌ യൂറോപ്പിലെ നോർഡിക്‌ രാജ്യങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും വളരെ താത്‌പര്യമുള്ള കാര്യമാണ്‌. ഉദാഹരണത്തിന്‌, ഫിൻലൻഡിൽ കാടിനെ സ്‌നേഹിക്കുന്നവർക്ക്‌ കാനനഭംഗി ആസ്വദിച്ച്‌ സ്വച്ഛന്ദം സഞ്ചരിക്കാനുള്ള അവകാശമുണ്ട്‌. നാശനഷ്ടങ്ങൾ വരുത്തുകയോ സ്വകാര്യവസതികളുടെ സമീപത്തുപോകുകയോ ചെയ്യാത്തിടത്തോളം, വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുപോലും പോകാൻ അവർക്കു സ്വാതന്ത്ര്യമുണ്ട്‌. ഈ സ്വാതന്ത്ര്യം നിയമ പുസ്‌തകങ്ങളിൽ കാണാൻ കഴിയില്ലെങ്കിലും ആചരിച്ചു പഴകിയ ഒരു സ്‌കാൻഡിനേവിയൻ സമ്പ്രദായമാണത്‌. കാട്ടുപൂക്കളും കൂണുകളും ബെറികളുമൊക്കെ ആർക്കും എവിടെനിന്നു വേണമെങ്കിലും പറിച്ചെടുക്കാം എന്നു സാരം.

50 ഇനത്തിൽപ്പെട്ട കാട്ടുബെറികളുടെ നാടാണു ഫിൻലൻഡ്‌. മിക്കതും തിന്നാൻ കൊള്ളുന്നവയും. ബിൽബെറി, ക്ലൗഡ്‌ബെറി, ലിങ്‌ഗൊൻബെറി എന്നിവയാണ്‌ ഏറ്റവും സാധാരണം.a​—⁠ഇതോടൊപ്പമുള്ള ചതുരങ്ങൾ കാണുക.

പല നിറങ്ങളും രുചികളുമുള്ള പഴങ്ങൾ ഭക്ഷണത്തിനു വൈവിധ്യം പകരുന്നു, അവ പോഷകപ്രദവുമാണ്‌. ലൂഓൻനോൻമാര്യാഓപാസ്‌ (കാട്ടുബെറികളിലേക്ക്‌ ഒരു വഴികാട്ടി) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു. “പകലിനു ദൈർഘ്യം കൂടുതലുള്ള [വേനൽക്കാല] മാസങ്ങളിലാണ്‌ നോർഡിക്‌ ബെറികൾ വളരുന്നത്‌; നല്ല നിറവും മണവുമുള്ള ഇവയിൽ ധാതുക്കളും വിറ്റമിനുകളും ധാരാളമായുണ്ട്‌.” മാത്രമല്ല, നാരുകളാൽ സമ്പന്നമാണ്‌ ഈ ബെറികൾ. നാരുകളാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു സമീകരിച്ചു നിറുത്താനും കൊളസ്‌ട്രോൾ കുറയ്‌ക്കാനും സഹായിക്കുന്നു. ബെറികളിൽ അടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്‌ഡുകളും ഫിനോലിക്കുകളും ആരോഗ്യത്തിനു നല്ലതാണെന്നു കരുതപ്പെടുന്നു.

കാട്ടിൽ പോയി ബെറികൾ പറിക്കുന്നതുകൊണ്ടു നേട്ടങ്ങൾ എന്തെങ്കിലുമുണ്ടോ? “അതു ചെലവു ചുരുക്കാൻ സഹായിക്കുന്നു; കാരണം ബെറികൾക്കു കടയിൽ നല്ല വില കൊടുക്കണം. മാത്രമല്ല, ബെറികൾ സ്വന്തമായി പറിച്ചെടുക്കുമ്പോൾ അത്‌ കേടായതല്ലെന്നു നിങ്ങൾക്കറിയാം,” ബെറികൾ പറിക്കുന്ന യുക്കാ പറയുന്നു. മറ്റൊരു പ്രയോജനത്തെക്കുറിച്ചു പറയുകയാണ്‌ അദ്ദേഹത്തിന്റെ ഭാര്യ നീനാ: “ബെറികൾ പറിക്കാനായി പോകുമ്പോൾ കുടുംബം ഒന്നിച്ച്‌ കാട്ടിൽ ഒരു പിക്‌നിക്‌ പോകുന്നതുപോലെയാണു ഞങ്ങൾക്ക്‌.”

“പക്ഷേ കുട്ടികൾ കൂടെയുണ്ടെങ്കിൽ ശ്രദ്ധിക്കണം; അല്ലെങ്കിൽ അവർ പരിചയമില്ലാത്ത ബെറികൾ പറിച്ചു കഴിക്കുകയോ കൂട്ടംവിട്ടു പോകുകയോ ഒക്കെ ചെയ്യും,” നീനാ പറയുന്നു. കുട്ടികളുടെമേൽ ഒരു കണ്ണുണ്ടായിരിക്കുന്നതു പ്രധാനമാണ്‌, കാരണം ചില ബെറികൾ വിഷമുള്ളതാണ്‌.

നോർഡിക്‌ വംശജരിൽ മിക്കവരെയും പോലെതന്നെ കാടും അതിന്റെ അന്തരീക്ഷവും ഒരുപാടു പ്രിയപ്പെടുന്നവരാണു യുക്കായും നീനായും. “കാട്‌ എനിക്ക്‌ എന്തിഷ്ടമാണെന്നോ. അവിടത്തെ പ്രശാന്തതയും വൃത്തിയും ശുദ്ധവായുവും അങ്ങനെ എല്ലാം. അവിടെയായിരിക്കുമ്പോൾ മനസ്സിന്‌ എന്തെന്നില്ലാത്ത കുളിർമ തോന്നും. കുട്ടികളുടെ സന്തോഷം ഒന്നു കാണേണ്ടതുതന്നെയാണ്‌,” നീനാ തുടരുന്നു. വനത്തിലെ പ്രശാന്തത കുടുംബ ചർച്ചകൾക്കും ധ്യാനത്തിനും പറ്റിയ ഹൃദ്യമായ ഒരു വേദിയൊരുക്കുന്നു എന്നാണു യുക്കായും നീനായും പറയുന്നത്‌.

പറിച്ചെടുത്ത ഉടനെ ബെറികൾക്ക്‌ നല്ല സ്വാദായിരിക്കും, പോഷകഗുണവും ഏറും. പക്ഷേ ബെറികൾ പെട്ടെന്നു ചീത്തയാകും എന്നതാണു വസ്‌തുത. മഞ്ഞുകാലത്തെ ഉപയോഗത്തിനുവേണ്ടി അവ കേടാകാതെ സൂക്ഷിച്ചുവെക്കണം. പണ്ടൊക്കെ ആളുകൾ ബെറി നിലവറയിൽ സൂക്ഷിച്ചിരുന്നു. ഇന്നിപ്പോൾ സാധാരണമായി ഫ്രീസറിലാണു വെക്കുന്നത്‌. ബെറികൾ ജാമുകളും ജ്യൂസുകളുമാക്കി സൂക്ഷിക്കാറുമുണ്ട്‌.

“മഞ്ഞുകാലത്തിന്റെ അത്യന്തം കുളിരാർന്ന നാളുകളിൽ, കഴിഞ്ഞുപോയ വേനലിന്റെ ഓർമച്ചെപ്പു തുറന്നുതരുകയും വരുംവേനലിനെ വരവേൽക്കാൻ ആകാംക്ഷ ഉണർത്തുകയും ചെയ്യുന്ന ആ ഭരണികൾ പുറത്തെടുക്കുന്നത്‌ എന്തൊരു അനുഭൂതിയാണെന്നോ!” സ്‌വെൻസ്‌ക ബെർബോക്കൻ (ബെറികളെക്കുറിച്ചുള്ള സ്വീഡീഷ്‌ പുസ്‌തകം) എന്ന പുസ്‌തകത്തിൽ ഒരു സ്വീഡീഷ്‌ എഴുത്തുകാരൻ പറഞ്ഞതാണത്‌. പ്രാതലിന്‌ തൈരിന്റെയോ കുറുക്കിന്റെയോ ഒക്കെക്കൂടെ കഴിക്കാൻ ഇത്‌ ഒന്നാന്തരമാണ്‌. കാട്ടുബെറികൾ ഉപയോഗിച്ച്‌ സ്വാദേറിയ പലഹാരങ്ങളും ഉണ്ടാക്കാം. ഇതുകൊണ്ട്‌ ഉണ്ടാക്കുന്ന ജെല്ലി പല വിഭവങ്ങൾക്കും നിറം പകരും.

നിരവധി ആളുകൾ കടകളിൽനിന്നു ബെറി വാങ്ങുന്നു. പക്ഷേ ആകാശത്തു മേഘങ്ങളൊഴിഞ്ഞ ഒരു ദിവസം പ്രശാന്തത തളംകെട്ടിനിൽക്കുന്ന വനാന്തരങ്ങളിലൂടെ ശുദ്ധവായുവും ശ്വസിച്ച്‌ പഴുത്തുതുടുത്ത ഈ മധുരക്കനികൾ പറിച്ചു നടക്കുന്നത്‌ ഒന്നു ഭാവനയിൽ കാണുക. പ്രകൃതി കനിഞ്ഞുനൽകിയ ഈ പഴങ്ങൾ കാൽക്കാശ്‌ ചെലവില്ലാതെ ഊണുമേശയിൽ എത്തുന്നത്‌ ചില്ലറക്കാര്യമൊന്നുമല്ല! അപ്പോൾ സങ്കീർത്തനക്കാരന്റെ വാക്കുകൾ നാം ഓർത്തുപോകുന്നു: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാൽ നിറെഞ്ഞിരിക്കുന്നു.”​—⁠സങ്കീർത്തനം 104:24.

[അടിക്കുറിപ്പുകൾ]

a മാംസളമായ ചെറുപഴങ്ങളെ കുറിക്കാനാണ്‌ ഈ ലേഖനത്തിൽ ഞങ്ങൾ “ബെറി” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌. സസ്യശാസ്‌ത്രപ്രകാരം, ഒറ്റ അണ്ഡാശയത്തിൽനിന്ന്‌ ഉണ്ടാകുന്ന, ധാരാളം വിത്തുകളുള്ള, മാംസളമായ പഴങ്ങളെയാണ്‌ “ബെറി” എന്ന പദംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ആ നിർവചനം അനുസരിച്ച്‌ വാഴപ്പഴവും തക്കാളിയും ബെറികളാണ്‌.

[24, 25 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

ബിൽബെറി (വാക്‌സിനിയം മിർറ്റിലസ്‌)

ജനപ്രീതിയാർജിച്ച ഈ മധുരക്കനി വോർട്ട്‌ൽബെറി എന്ന പേരിലും അറിയപ്പെടുന്നു. പലപ്പോഴും ഇതുകൊണ്ട്‌ സോസും പുഡ്ഡിങ്ങും ജാമും ജ്യൂസും ഉണ്ടാക്കാറുണ്ട്‌. ബിൽബെറി-പൈ പോലുള്ള പലഹാരങ്ങൾ ഉണ്ടാക്കാനും ഇവ ഉപയോഗിച്ചുവരുന്നു. പുതുമ നഷ്ടപ്പെടാത്ത ബിൽബെറികൾ പാലിന്റെ കൂടെ കഴിക്കാൻ നല്ല സ്വാദാണ്‌. എന്നാൽ ആരും അറിയാതെ ബിൽബെറി അകത്താക്കാമെന്നു കരുതേണ്ട കേട്ടോ. കാരണം ഇതു കഴിച്ചു കഴിഞ്ഞാൽ വായ്‌ക്കും ചുണ്ടിനും നീല നിറമായിരിക്കും. ഇതിനെ ‘ഗോസിപ്പ്‌ ബെറി’ എന്നും വിളിക്കാറുണ്ട്‌.

[25-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ക്ലൗഡ്‌ബെറി (റുബസ്‌ ചേമേമോറസ്‌)

ചതുപ്പുനിലങ്ങളിൽ ഈ ബെറി തഴച്ചുവളരുന്നു. ഫിൻലൻഡിൽ വടക്കൻ പ്രദേശങ്ങളിലാണ്‌ ഇതു സാധാരണമായി കണ്ടുവരുന്നത്‌. വിറ്റമിൻ എ-യുടെയും സി-യുടെയും കലവറയായ ഈ പഴം നല്ല നീരുള്ളതും പോഷകഗുണമുള്ളതുമാണ്‌. ഒരു ഓറഞ്ചിൽ ഉള്ളതിന്റെ മൂന്നു മുതൽ നാലു വരെ ഇരട്ടി വിറ്റമിൻ സി ഇതിൽ അടങ്ങിയിട്ടുണ്ട്‌. ക്ലൗഡ്‌ബെറിക്ക്‌ വലിയ മൂല്യം കൽപ്പിക്കപ്പെടുന്നു. ചതുപ്പിലെ പൊന്ന്‌ എന്ന്‌ ഇതിനെ വിളിക്കാറുണ്ട്‌. പല പലഹാരങ്ങളിലും സ്വാദുവർധകമായി ഇതു ചേർക്കാറുണ്ട്‌. മാത്രമല്ല ലഹരിപാനീയം ഉണ്ടാക്കാനും ഉപയോഗിക്കാം.

[കടപ്പാട്‌]

Reijo Juurinen/Kuvaliiteri

[25-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ലിങ്‌ഗൊൻബെറി (വാക്‌സിനിയം വൈറ്റിസ്‌-ഇഡേയ)

ക്രാൻബെറിയുടെ അടുത്ത ബന്ധുവായ ഈ പഴം ഫിൻലൻഡിലും സ്വീഡനിലുമുള്ള എല്ലാവർക്കും പരിചയമുണ്ട്‌. ലിങ്‌ഗൊൻബെറിയുടെ ജെല്ലി ഊണുമേശയിലെ നല്ലൊരു കൂട്ടുവിഭവമാണ്‌. ചുവപ്പുനിറത്തിലുള്ള ഈ പഴം സോസും പുഡ്ഡിങ്ങും ജ്യൂസും മറ്റു പലഹാരങ്ങളും ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്‌. ഈ പഴത്തിൽ ഒരു ആസിഡ്‌ അടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ ഇത്‌ പെട്ടെന്നു കേടാകില്ല. ആസിഡിന്റെ അംശം ഉള്ളതിനാൽ ഇതിന്‌ രൂക്ഷമായ രുചിയുണ്ട്‌. ആദ്യം ആർക്കും അതത്ര ഇഷ്ടപ്പെട്ടെന്നു വരില്ല.

[25-ാം പേജിലെ ചതുരം]

അതത്ര എളുപ്പമല്ല!

കാട്ടുബെറികൾ പെറുക്കുന്നത്‌ ഹൃദ്യവും സംതൃപ്‌തിദായകവും ആയ ഒരനുഭവമാണ്‌ എന്നതിനു സംശയമില്ല.b പക്ഷേ എല്ലായ്‌പോഴും അതത്ര എളുപ്പമല്ല. വീട്ടിലെ ആവശ്യത്തിനും വിൽപ്പനയ്‌ക്കും വേണ്ടി ബെറികൾ പെറുക്കുന്നവരാണ്‌ ലാപ്‌ലാൻഡിൽനിന്നുള്ള പാസിയും ഭാര്യ റ്റൂയീറും. ചിലപ്പോഴൊക്കെ ബെറി പെറുക്കുമ്പോൾ കൊതുകുകളും ഈച്ചകളും കൂട്ടമായെത്തി അവരെ വളയും. “വലിയ ശല്യമാണ്‌ അവയെക്കൊണ്ട്‌. നമ്മുടെ കണ്ണിലും വായിലും ഒക്കെ പോകും,” റ്റൂയീർ പറയുന്നു. അനുയോജ്യമായ വസ്‌ത്രങ്ങൾ ധരിക്കുകയും കീടരോധകങ്ങൾ ഉപയോഗിക്കുകയും ചെയ്‌താൽ ഇവയിൽനിന്ന്‌ ഒരു പരിധിവരെ സംരക്ഷണം നേടാം എന്നൊരു ആശ്വാസമുണ്ട്‌.

വിജനമായ സ്ഥലത്തുകൂടെയുള്ള യാത്ര ദുർഘടമായിരിക്കും; ചതുപ്പുനിലത്തിന്റെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. ഉറച്ച മണ്ണാണെന്നു കരുതി കാലെടുത്തു വെക്കുന്നത്‌ ഒരുപക്ഷേ ചെളിക്കുണ്ടിലേക്കായിരിക്കും. മാത്രമല്ല ബെറികൾ പെറുക്കുന്നതിൽ നല്ല അധ്വാനമുണ്ടെന്നാണു പാസിയും റ്റൂയീറും പറയുന്നത്‌. മണിക്കൂറുകളോളം കുനിഞ്ഞുനിന്നു ബെറി പെറുക്കുമ്പോൾ നടുവിനും കാലിനും വേദന തോന്നും.

ബെറികൾ കണ്ടുപിടിക്കുന്നതും അത്ര എളുപ്പമല്ല. “നിറയെ ബെറികളുള്ള ഒരു സ്ഥലം കണ്ടെത്തണമെങ്കിൽ ഒത്തിരി അന്വേഷിക്കേണ്ടിവരും,” പാസി പറയുന്നു. “പലപ്പോഴും അന്വേഷിച്ചു നടക്കുന്നതാണ്‌ ബെറികൾ പെറുക്കുന്നതിനെക്കാൾ ഞങ്ങളെ ക്ഷീണിപ്പിക്കുന്നത്‌,” റ്റൂയീറാണ്‌ അതു പറഞ്ഞത്‌. പെറുക്കിയതിനുശേഷം ബെറികൾ വൃത്തിയാക്കിയെടുക്കുന്നതും പണിതന്നെ!

ഈ ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ട്‌ ചിലർ, രോമക്കുപ്പായമണിഞ്ഞ കാടിന്റെ മക്കൾക്കായി, അതേ മൃഗങ്ങൾക്കായി, ബെറികൾ നീക്കിവെക്കുന്നു. എങ്കിലും പാസിയെയും റ്റൂയീറിനെയും പോലെ പലരും വർഷംതോറും വനാന്തരങ്ങളിലൂടെയും ചതുപ്പിലൂടെയും ബെറികൾ തേടി അലയുന്നു. അവരെ സംബന്ധിച്ചിടത്തോളം, ചെയ്യേണ്ടിവരുന്ന ത്യാഗങ്ങൾ ബെറികൾ പെറുക്കുന്നതിന്റെ സന്തോഷത്തിന്റെ മുന്നിൽ ഒന്നുമല്ല.

[അടിക്കുറിപ്പ്‌]

b എല്ലാ ബെറികളും മനുഷ്യനു കഴിക്കാൻ പറ്റിയതല്ല. ചിലതു വിഷമുള്ളതാണ്‌. കാട്ടുബെറികൾ പെറുക്കുന്നതിനു മുമ്പ്‌ നല്ലതേതെന്നു കണ്ടുപിടിക്കാൻ പഠിക്കണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക