യുവജനങ്ങൾ ചോദിക്കുന്നു
എന്റെ ലക്ഷ്യങ്ങൾ എങ്ങനെ കൈവരിക്കാം?
പിൻവരുന്നവയിൽ എന്തു നേടാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?
● കൂടുതൽ ആത്മവിശ്വാസം
● കൂടുതൽ സുഹൃത്തുക്കൾ
● കൂടുതൽ സന്തോഷം
വാസ്തവത്തിൽ ഇവ മൂന്നും നിങ്ങൾക്കു സമ്പാദിക്കാനാകും. എങ്ങനെ? ലക്ഷ്യങ്ങൾ വെക്കുകയും അവ കൈവരിക്കുകയും ചെയ്തുകൊണ്ട്. അത് എങ്ങനെ ചെയ്യാമെന്നാണ് തുടർന്നു പറയുന്നത്.
കൂടുതൽ ആത്മവിശ്വാസം കൊച്ചുകൊച്ചു ലക്ഷ്യങ്ങൾ വെക്കുകയും അവ കൈവരിക്കുകയും ചെയ്യുമ്പോൾ വലിയ ലക്ഷ്യങ്ങൾ വെക്കാനുള്ള ധൈര്യം ലഭിക്കും. കൂട്ടുകാരിൽനിന്നുള്ള സമ്മർദങ്ങൾ ഉൾപ്പെടെ ദൈനംദിന വെല്ലുവിളികൾ നേരിടാനുള്ള ആത്മവിശ്വാസവും നിങ്ങൾക്കുണ്ടാകും. മറ്റുള്ളവർ നിങ്ങളുടെ മനോധൈര്യം കണ്ട് നിങ്ങളെ ബഹുമാനിക്കും. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് നിങ്ങളെ നിർബന്ധിക്കാൻ പലരും പിന്നെ മുതിർന്നെന്നുവരില്ല. നിങ്ങളുടെ നിലപാടുകളെ അവർ മാനിക്കും.—മത്തായി 5:14-16 താരതമ്യം ചെയ്യുക.
കൂടുതൽ സുഹൃത്തുക്കൾ ലക്ഷ്യങ്ങൾ വെച്ചു പ്രവർത്തിക്കുന്നവരോടൊപ്പം—ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരും അവ നേടിയെടുക്കാൻ പ്രയത്നിക്കുന്നവരുമായ വ്യക്തികൾ—ആയിരിക്കാൻ പൊതുവെ ആളുകൾ ഇഷ്ടപ്പെടുന്നു. സാധാരണഗതിയിൽ, നിങ്ങൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങളിൽ മതിപ്പുതോന്നി നിങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നവർ അവ കൈവരിക്കാൻ നിങ്ങളെ സഹായിക്കും.—സഭാപ്രസംഗി 4:9, 10.
കൂടുതൽ സന്തോഷം ലക്ഷ്യബോധമില്ലാതെയുള്ള ജീവിതം വിരസമായിരിക്കും. എന്നാൽ ലക്ഷ്യങ്ങൾ വെക്കുകയും അവ കൈവരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് വലിയ സംതൃപ്തി തോന്നും. “ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്” എന്ന് ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു ക്രിസ്ത്യാനിയായ പൗലോസ് പറയുകയുണ്ടായി. (1 കൊരിന്ത്യർ 9:26) ലക്ഷ്യം എത്ര വലുതായിരിക്കുന്നോ അതു കൈവരിക്കുമ്പോഴുണ്ടാകുന്ന സംതൃപ്തിയും അത്ര വലുതായിരിക്കും!
അപ്പോൾ, ഇതൊന്നു പരീക്ഷിച്ചുനോക്കരുതോ? വലതുവശത്തുള്ള പേജ് വെട്ടിയെടുത്ത് മടക്കുക; നൽകിയിരിക്കുന്ന പടികൾ പിൻപറ്റുക.a (g10-E 10)
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org /ype എന്ന വെബ്സൈറ്റിൽ കാണാവുന്നതാണ്
[അടിക്കുറിപ്പ്]
a ഏതാനും ആഴ്ചകൊണ്ട് അല്ലെങ്കിൽ മാസങ്ങൾകൊണ്ട് നേടിയെടുക്കാവുന്ന കൊച്ചുകൊച്ചു ലക്ഷ്യങ്ങൾക്കുള്ള പടികളാണ് ഇവിടെ നിർദേശിച്ചിരിക്കുന്നത്. ഇതിലെ തത്ത്വങ്ങൾ വലിയ വലിയ ലക്ഷ്യങ്ങൾക്കും ബാധകമാണ്.
ചിന്തിക്കാൻ:
● ഒരേ സമയം നിരവധി ലക്ഷ്യങ്ങൾ വെക്കണോ?—ഫിലിപ്പിയർ 1:10.
● ലക്ഷ്യങ്ങൾ വെക്കുകയെന്നാൽ ജീവിതത്തിലെ ഓരോ നിമിഷവും മുൻകൂട്ടി പ്ളാൻ ചെയ്യണമെന്നാണോ?—ഫിലിപ്പിയർ 4:5.
[21, 22 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ലക്ഷ്യങ്ങൾ കൈവരിക്കാം ലക്ഷ്യങ്ങൾ വെക്കുക
തീയതി സദൃശവാക്യങ്ങൾ 4:25, 26 1
“വലിയ ലക്ഷ്യങ്ങൾ വെക്കാൻ മടിക്കേണ്ട. മറ്റുള്ളവർക്ക് അവ കൈവരിക്കാനായിട്ടുണ്ടെങ്കിൽ നിങ്ങൾക്കും കഴിയും.”—റോബിൻ.
1. വെക്കാനാകുന്ന ലക്ഷ്യങ്ങളെപ്പറ്റി ചിന്തിക്കുക. തലപുകഞ്ഞ് ആലോചിക്കുകയൊന്നും വേണ്ട! മനസ്സിൽ തോന്നുന്ന ഐഡിയകളൊക്കെ എഴുതാം. 10-ഓ 20-ഓ എണ്ണം എഴുതാൻ പറ്റുമോയെന്ന് നോക്കുക.
2. ഓരോന്നും വിലയിരുത്തുക. ഏതു ലക്ഷ്യത്തിലെത്താനാണ് ഏറ്റവും ഉത്സാഹം തോന്നുന്നത്? ഏറ്റവും ബുദ്ധിമുട്ടുള്ളത് ഏതാണ്? കൈവരിക്കാനായാൽ ഏറ്റവും അഭിമാനം തോന്നാൻ ഇടയാക്കുന്നത് ഏതായിരിക്കാം? ഓർക്കുക: ഏറ്റവും പ്രധാനപ്പെട്ടതായി നിങ്ങൾക്കു തോന്നുന്ന ലക്ഷ്യങ്ങൾതന്നെയാണ് ഏറ്റവും നല്ല ലക്ഷ്യങ്ങൾ.
3. മുൻഗണനാക്രമത്തിലാക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ നേടാനാകുന്ന കൊച്ചുകൊച്ചു ലക്ഷ്യങ്ങൾ ആദ്യം വെക്കുക. അടുത്തതായി കുറെക്കൂടെ വലിയ ലക്ഷ്യങ്ങൾ വെക്കാം (ആഴ്ചകൾകൊണ്ടോ മാസങ്ങൾകൊണ്ടോ നേടാവുന്നത്). ഓരോന്നും മുൻഗണനാക്രമത്തിൽ അക്കമിട്ടെഴുതുക.
സാമ്പിൾ
സുഹൃദ്ബന്ധം എന്റെ പ്രായത്തിലല്ലാത്ത ഒരു സുഹൃത്തിനെ സമ്പാദിക്കുക. പഴയ ഒരു സൗഹൃദം പുതുക്കുക.
ആരോഗ്യം ആഴ്ചയിൽ ഒന്നര മണിക്കൂർ വ്യായാമം ചെയ്യുക. ദിവസവും എട്ടുമണിക്കൂർ ഉറങ്ങുക.
സ്കൂൾ കണക്കിന് കൂടുതൽ മാർക്ക് വാങ്ങുക. കോപ്പിയടിക്കാനുള്ള സമ്മർദത്തെ ചെറുക്കുക.
ആത്മീയത ദിവസവും 15 മിനിറ്റ് ബൈബിൾ വായിക്കുക. ഈ ആഴ്ചതന്നെ എന്റെ വിശ്വാസത്തെക്കുറിച്ച് ക്ലാസ്സിലെ ആരോടെങ്കിലും സംസാരിക്കുക.
പ്ളാൻ ചെയ്യുക സദൃശവാക്യങ്ങൾ 21:5 2
“ലക്ഷ്യങ്ങൾ വെക്കുന്നത് വലിയൊരു കാര്യമാണ്. പക്ഷേ അവ നേടാൻ നല്ല പ്ളാനിങ് ആവശ്യമാണ്. അല്ലാത്തപക്ഷം ലക്ഷ്യങ്ങൾ ലക്ഷ്യങ്ങളായിത്തന്നെ അവശേഷിക്കും.”—ഡെറിക്.
നിങ്ങൾ വെച്ചിരിക്കുന്ന ഓരോ ലക്ഷ്യത്തിന്റെയും കാര്യത്തിൽ പിൻവരുന്നതു ചെയ്യുക:
1. ലക്ഷ്യം എഴുതുക.
2. അന്തിമ തീയതി തീരുമാനിക്കുക. ഇങ്ങനെയൊരു തീയതി ഇല്ലെങ്കിൽ ഒരിക്കലും ആ ലക്ഷ്യം കൈവരിക്കാനായെന്നുവരില്ല!
3. പടികൾ പ്ളാൻ ചെയ്യുക.
4. തടസ്സങ്ങളെക്കുറിച്ചു ചിന്തിക്കുക. അവ എങ്ങനെ തരണംചെയ്യാമെന്നും ആസൂത്രണം ചെയ്യുക.
5. തീരുമാനം മാറ്റില്ലെന്ന് ഉറപ്പിക്കുക. ലക്ഷ്യം കൈവരിക്കാൻ പരമാവധി ശ്രമിക്കുമെന്ന് പ്രതിജ്ഞ ചെയ്യുക. തീയതി വെച്ച് അതിൽ ഒപ്പിടുക.
എന്റെ ചെന്നൈ യാത്രയ്ക്കുവേണ്ടി തമിഴ് പഠിക്കുക ജൂലൈ 1
പടികൾ
1. തമിഴ് പഠന സഹായി വാങ്ങുക.
2. ആഴ്ചയിൽ പുതിയ പത്തു വാക്കുകൾ പഠിക്കുക.
3. തമിഴ് അറിയാവുന്നവർ സംസാരിക്കുന്നത് ശ്രദ്ധിക്കുക.
4. വ്യാകരണവും ഉച്ചാരണവും തിരുത്തിത്തരാൻ അറിവുള്ളവരോട് ആവശ്യപ്പെടുക.
തടസ്സങ്ങൾ
അടുത്തെങ്ങും തമിഴ് സംസാരിക്കുന്നവർ ഇല്ല.
എങ്ങനെ തരണംചെയ്യാം?
തമിഴ് ചാനലുകളിലെ നല്ല പരിപാടികൾ കാണുക.
.... .....
ഒപ്പ്
ശ്രമം തുടങ്ങുക! യോഹന്നാൻ 13:17 3
“ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾ വെച്ച ലക്ഷ്യം പെട്ടെന്ന് മറന്നുപോകാനിടയുണ്ട്. അതുകൊണ്ട് ലക്ഷ്യത്തിൽ മനസ്സുറപ്പിച്ചുനിറുത്തുകയും ലക്ഷ്യപ്രാപ്തിയിലേക്കു മുന്നേറുകയും വേണം.”—എറിക്ക.
എത്രയും വേഗം തുടങ്ങുക. സ്വയം ചോദിക്കുക: ‘ലക്ഷ്യം കൈവരിക്കാനുള്ള ആദ്യപടിയായി ഇന്ന് എന്തു ചെയ്യാം?’ ചെയ്യേണ്ട എല്ലാ കാര്യങ്ങളും നിങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലായിരിക്കാം; എന്നുകരുതി ശ്രമം തുടങ്ങാൻ വൈകരുത്. “ശരിയായ കാലാവസ്ഥയ്ക്കു കാക്കുന്നവൻ ഒരിക്കലും വിത്തിടുകയില്ല. എല്ലാ മഴക്കാറും മഴ പെയ്യിക്കുമെന്നു ഭയക്കുന്നവൻ ഒരിക്കലും വിള കൊയ്യുകയുമില്ല” എന്ന് ബൈബിൾ പറയുന്നു. (സഭാപ്രസംഗി 11:4, പരിശുദ്ധ ബൈബിൾ: ഈസി-റ്റു-റീഡ് വേർഷൻ) ഇന്നുതന്നെ ചെയ്യാവുന്ന ഒരു കാര്യം കണ്ടുപിടിക്കുക; എത്ര നിസ്സാരമായിരുന്നാലും അതു ചെയ്യുക.
ലക്ഷ്യങ്ങൾ ദിവസവും വിലയിരുത്തുക. ഓരോ ലക്ഷ്യത്തിന്റെയും പ്രാധാന്യം സ്വയം ഓർമിപ്പിക്കുക. ഓരോ പടിയും പൂർത്തിയാകുമ്പോൾ അതിനു നേരെ ✔ അടയാളമിടുക, അല്ലെങ്കിൽ അന്നത്തെ തീയതി എഴുതുക.
വഴക്കം കാട്ടുക. എത്ര നന്നായി പ്ളാൻ ചെയ്താലും, ഇടയ്ക്ക് ചില മാറ്റങ്ങൾ വേണ്ടിവരും. അതിൽ വിഷമിക്കാനില്ല. ലക്ഷ്യത്തിലേക്കു മുന്നേറുക.
ഭാവനയിൽ കാണുക. മനസ്സിനെ മുന്നോട്ടു പായിച്ച്, ലക്ഷ്യം കൈവരിക്കുന്നത് വിഭാവന ചെയ്യുക. അതിന്റെ സംതൃപ്തി സങ്കൽപ്പിച്ചുനോക്കുക. ഇനി, മനസ്സിനെ പിന്നോട്ടു പായിച്ച് കടന്നുപോകാനുള്ള ഓരോ പടിയും മനസ്സിൽ കാണുക. ആ പടികൾ ഒന്നൊന്നായി കടന്ന് ഒടുവിൽ ലക്ഷ്യത്തിലെത്തുന്നത് സങ്കൽപ്പിക്കുക! വലിയ ചാരിതാർഥ്യം തോന്നുന്നില്ലേ? അപ്പോൾ ഇനി ഒട്ടും വൈകേണ്ട!
[ചിത്രം]
ലക്ഷ്യങ്ങൾ ബ്ളൂപ്രിന്റുപോലെയാണ്—അവ യാഥാർഥ്യമാക്കാൻ ശ്രമം വേണം!
[21-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത് 4
“ജീവിതത്തിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിൽ നമുക്ക് പെട്ടെന്ന് മടുപ്പു തോന്നും. എന്നാൽ ലക്ഷ്യങ്ങൾ വെക്കുകയും അവ കൈവരിക്കുകയും ചെയ്യുമ്പോൾ നമുക്ക് വലിയ അഭിമാനം തോന്നും.”—റിഡ്.
“ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിച്ച വിധത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയുന്നില്ലെങ്കിൽ സ്വയം പഴിക്കരുത്. അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. ലക്ഷ്യം കൈവരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുക.”—കോറി.
“നിങ്ങൾ വെച്ചിരിക്കുന്ന അതേ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളവരുമായി സംസാരിക്കുക. നിങ്ങളെ പ്രോത്സാഹിപ്പിക്കാനും പ്രായോഗികമായ നിർദേശങ്ങൾ നൽകാനും അവർക്കു കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വീട്ടിലുള്ളവരോട് പറയുക. ആവശ്യമായ പിന്തുണ നൽകാൻ അവർക്കു കഴിയും.”—ജൂലിയ.
[20-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മുറിക്കുക
മടക്കുക