ആത്മീയ ലാക്കുകളിൽ എത്തിച്ചേരാനാകുന്ന വിധം
1. പല യുവ ക്രിസ്ത്യാനികളും ഏത് ആത്മീയ ലാക്കുകൾ വെച്ചിരിക്കുന്നു?
1 ഒരു യുവ ക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ വെച്ചിരിക്കുന്ന ലാക്കുകളെ യഹോവയോടുള്ള സ്നേഹവും ‘ഒന്നാമതു രാജ്യം അന്വേഷിക്കുക’ എന്ന് എല്ലാ ക്രിസ്ത്യാനികളോടും യേശു പറഞ്ഞ വാക്കുകളും സ്വാധീനിച്ചിരിക്കുന്നു എന്നതിനു സംശയമില്ല. (മത്താ. 6:33) ഒരു പയനിയറായി സേവിക്കുകയോ രാജ്യഘോഷകരുടെ ആവശ്യം ഏറെയുള്ളിടത്തു പ്രവർത്തിക്കുകയോ ചെയ്തുകൊണ്ട് ശുശ്രൂഷ വികസിപ്പിക്കുക എന്നതായിരിക്കാം നിങ്ങളുടെ ലാക്ക്. രാജ്യഹാൾ നിർമാണവേലയിലോ ഒരു ബ്രാഞ്ച് ഓഫീസിലോ മിഷനറി വയലിലോ സ്വമേധയാ പ്രവർത്തിക്കാൻ ചിലർ ലാക്കുവെച്ചിട്ടുണ്ടായിരിക്കാം. എത്ര സംതൃപ്തിദായകവും അഭിനന്ദനാർഹവുമായ ലാക്കുകളാണ് അവ!
2. ആത്മീയ ലാക്കുകളിൽ എത്തിച്ചേരാൻ നിങ്ങളെ എന്തു സഹായിക്കും?
2 ആത്മീയ ലാക്കുകളുടെ ഒരു പട്ടിക എഴുതിയുണ്ടാക്കുന്നത് അവയിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കും. 2004 ജൂലൈ 15 ലക്കം വീക്ഷാഗോപുരം ഇപ്രകാരം പ്രസ്താവിച്ചു: “അമൂർത്തമായ ഒരു ആശയം വാക്കുകളിൽ പകർത്തുമ്പോൾ അതിനു വ്യക്തതയും രൂപവും കൈവരുന്നു. അതുകൊണ്ട്, [നിങ്ങളുടെ] ലാക്കുകൾ ഏതൊക്കെയാണെന്നും അത് എത്തിപ്പിടിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണെന്നും എഴുതിവെക്കാൻ [നിങ്ങൾ] ആഗ്രഹിച്ചേക്കാം.” കൂടാതെ ഇടക്കാല ലാക്കുകൾ വെക്കുന്നത് ദീർഘകാല ലാക്കുകളിൽ എത്തിച്ചേരാൻ യത്നിക്കവേ പുരോഗതി അളക്കാനും ആത്യന്തിക ലക്ഷ്യം മനസ്സിൽ ഉറപ്പിച്ചുനിറുത്താനും നിങ്ങളെ സഹായിക്കും.
3. സ്നാപനത്തിനുള്ള യോഗ്യതയിൽ എത്തിച്ചേരാൻ ഒരുവനെ സഹായിക്കുന്ന ചില ഹ്രസ്വകാല ലാക്കുകൾ ഏവ?
3 ഹ്രസ്വകാല ലാക്കുകൾ: നിങ്ങൾ ഇതുവരെ സ്നാപനമേറ്റിട്ടില്ലെങ്കിൽ ആ ലാക്കിൽ എത്തിച്ചേരാൻ എന്തു ചെയ്യേണ്ടതുണ്ടെന്നു പരിചിന്തിക്കുക. അടിസ്ഥാന ബൈബിൾ സത്യങ്ങളുടെ കൂടുതലായ ഗ്രാഹ്യം സമ്പാദിക്കേണ്ടതുണ്ടായിരിക്കാം. അതിനായി ബൈബിൾ പഠിപ്പിക്കുന്നു പുസ്തകത്തിലെ പരാമർശിത തിരുവെഴുത്തുകളെല്ലാം എടുത്തു നോക്കിക്കൊണ്ട് അതു സമഗ്രമായി പഠിക്കാൻ ലക്ഷ്യം വെക്കുക. (1 തിമൊ. 4:15) ബെഥേൽ കുടുംബാംഗങ്ങളും ഗിലെയാദ് വിദ്യാർഥികളും ചെയ്യുന്നതുപോലെ മുഴുബൈബിളും അതായത് ഉല്പത്തിമുതൽ വെളിപ്പാടുവരെ വായിക്കാനും ലാക്കുവെക്കാവുന്നതാണ്. അതിനുശേഷം അനുദിന ബൈബിൾ വായന ഒരു ശീലമാക്കിത്തീർക്കുക. (സങ്കീ. 1:2, 3) ആത്മീയമായി വളരാൻ അതു നിങ്ങളെ വളരെയേറെ സഹായിക്കും. ഓരോ തവണ ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നതിനു മുമ്പും പിമ്പും ഹൃദയംഗമമായി പ്രാർഥിക്കുക, പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ എല്ലായ്പോഴും ശ്രമിക്കുക.—യാക്കോ. 1:25.
4. ബെഥേൽസേവനമോ മിഷനറിസേവനമോ പോലുള്ള ദീർഘകാല ലാക്കുകൾ വെച്ചിരിക്കുന്ന ക്രിസ്ത്യാനികൾക്ക് ഏത് ഹ്രസ്വകാല ലാക്കുകൾ വെക്കാവുന്നതാണ്?
4 നിങ്ങൾ സ്നാപനമേറ്റ ആളാണെങ്കിൽ കൂടുതലായ എന്തെല്ലാം ലാക്കുകൾ വെക്കാവുന്നതാണ്? പ്രസംഗവേലയിലെ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തേണ്ടതുണ്ടോ? ഉദാഹരണത്തിന്, വയൽശുശ്രൂഷയിൽ തിരുവെഴുത്തുകൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനായിത്തീരാൻ നിങ്ങൾക്കു ലക്ഷ്യം വെക്കാനാകുമോ? (2 തിമൊ. 2:15) നിങ്ങൾക്ക് ശുശ്രൂഷ എങ്ങനെ വികസിപ്പിക്കാവുന്നതാണ്? നിങ്ങളുടെ പ്രായത്തിനും സാഹചര്യങ്ങൾക്കും അനുസൃതമായി നിശ്ചിത ഹ്രസ്വകാല ലാക്കുകൾ വെക്കുക, അത് ദീർഘകാല ലാക്കുകളിൽ എത്തിച്ചേരാൻ നിങ്ങളെ സഹായിക്കും.
5. ബെഥേൽ സേവനം എന്ന ലാക്കിൽ എത്തിച്ചേരുന്നതിന് ഹ്രസ്വകാല ലാക്കുകൾ ഒരു സഹോദരനെ സഹായിച്ചത് എങ്ങനെ?
5 ഒരു വിജയകഥ: യഹോവയുടെ സാക്ഷികളുടെ ഒരു ബ്രാഞ്ച് ഓഫീസ് സന്ദർശിച്ച റ്റോണി എന്ന 19-കാരന്റെ മനസ്സിൽ ബെഥേലിൽ സേവിക്കണമെന്ന ആഗ്രഹമുണർന്നു. വഴിപിഴച്ച ജീവിതരീതി ആയിരുന്നു അവന്റേത്. അവൻ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചിട്ടുപോലുമില്ലായിരുന്നു. എന്നാൽ അവൻ തന്റെ ജീവിതത്തെ യഹോവയുടെ വഴികളുമായി അനുരൂപപ്പെടുത്താൻ തീരുമാനിക്കുകയും സ്നാപനത്തിനു യോഗ്യതപ്രാപിക്കാൻ ലാക്കുവെക്കുകയും ചെയ്തു. ആ ലാക്കിൽ എത്തിച്ചേർന്ന ശേഷം അവൻ സഹായ പയനിയറിങ്ങും തുടർന്ന് സാധാരണ പയനിയറിങ്ങും ലക്ഷ്യംവെച്ചു. അവ ഓരോന്നും ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തീയതി അവൻ കലണ്ടറിൽ കുറിച്ചിടുകയും ചെയ്തു. കുറച്ചുകാലത്തെ പയനിയറിങ്ങിനുശേഷം ബെഥേലിലേക്ക് ക്ഷണം ലഭിച്ചപ്പോൾ അവനുണ്ടായ ആ സന്തോഷം ഒന്നോർത്തു നോക്കൂ!
6. ആത്മീയ ലാക്കുകളിൽ എത്തിച്ചേരാൻ നിങ്ങളെ എന്തു സഹായിക്കും?
6 ഒന്നാമതു രാജ്യം അന്വേഷിക്കവേ നിങ്ങൾക്കും ആത്മീയ ലാക്കുകളിൽ എത്തിച്ചേരാനാകും. “നിന്റെ പ്രവൃത്തികളെ” പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ സമർപ്പിക്കുകയും അവയിൽ എത്തിച്ചേരുന്നതിന് ശുഷ്കാന്തിയോടെ ശ്രമിക്കുകയും ചെയ്യുക.—സദൃ. 16:3; 21:5.