യുവജനങ്ങളേ—നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങൾ എന്താണ്?
1 അർഥവത്തായ വേലയും നേടിയെടുക്കാവുന്ന ലക്ഷ്യങ്ങളും സന്തുഷ്ടി കൈവരിക്കുന്നതിൽ എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് യഹോവയ്ക്കറിയാം. (ഉല്പത്തി 1:28; 2:15, 19 കാണുക.) ഇന്ന്, യഹോവ തന്റെ ജനത്തിന് പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള നിയമനം നൽകിയിരിക്കുന്നു. പറുദീസയിലെ നിത്യജീവൻ നേടുക എന്ന ആത്യന്തിക ലക്ഷ്യവും നമുക്കുണ്ട്. എങ്കിലും, നമ്മുടെ ഊർജവും വിഭവങ്ങളും തെറ്റായ ദിശയിലേക്കു തിരിച്ചുവിടാതിരിക്കണമെങ്കിൽ നാം പുരോഗമനാത്മകമായ ആത്മീയ ലക്ഷ്യങ്ങൾ വെക്കേണ്ടതുണ്ട്.—1 കൊരി. 9:26.
2 യുവജനങ്ങൾക്ക് പ്രായോഗിക ലക്ഷ്യങ്ങൾ: യുവജനങ്ങൾക്ക്, തങ്ങളുടെ വ്യക്തിപരമായ പ്രാപ്തികൾക്കനുസൃതമായി എത്തിപ്പിടിക്കാൻ സാധിക്കുന്ന ആത്മീയ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കണം. (1 തിമൊ. 4:15) ചില കൊച്ചുകുട്ടികൾ വായിക്കാൻ പഠിക്കുന്നതിനു മുമ്പുതന്നെ ബൈബിൾ പുസ്തകങ്ങളുടെ പേരുകൾ കാണാതെ ചൊല്ലുക എന്ന ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. കുടുംബാധ്യയനത്തിലൂടെ കുട്ടികൾ യോഗങ്ങൾക്കു തയ്യാറാകാൻ പഠിക്കുന്നു. ഇതവരെ, അർഥവത്തായ അഭിപ്രായങ്ങൾ പറയുക, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേർ ചാർത്തുക തുടങ്ങിയ ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നതിനു സഹായിക്കുന്നു. കുട്ടികൾ തങ്ങളുടെ മാതാപിതാക്കളോടൊത്തു വയൽസേവനത്തിനു പോകുമ്പോൾ, സ്നാപനമേൽക്കാത്ത പ്രസാധകർ എന്ന ലക്ഷ്യത്തിലേക്കു പുരോഗമിക്കവേ സാക്ഷ്യം നൽകുന്നതിൽ പങ്കുപറ്റാൻ പഠിക്കുന്നു. മാതാപിതാക്കൾ, സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും ലക്ഷ്യം നന്നേ ചെറുപ്പത്തിൽത്തന്നെ മക്കളുടെ മുമ്പാകെ വെക്കേണ്ടതുണ്ട്.
3 നിങ്ങൾ കൗമാരപ്രായക്കാരനാണെങ്കിൽ, നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങളിൽ എന്ത് ഉൾപ്പെട്ടിരിക്കണം? ജീവിതത്തിലെ യഥാർഥ പ്രാധാന്യമുള്ള ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇപ്പോൾ “നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” (സഭാ. 12:1; സങ്കീ. 71:17) സ്കൂളിലെ അവധി സമയങ്ങളിൽ എന്തുകൊണ്ടു നിങ്ങൾക്കു സഹായപയനിയറിങ് ചെയ്തുകൂടാ? നിരന്തരപയനിയർ എന്ന നിലയിൽ മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ പ്രദേശത്തെ അല്ലെങ്കിൽ മറ്റേതെങ്കിലും സ്ഥലത്തെ ഒരു അന്യഭാഷാ കൂട്ടത്തെയോ സഭയെയോ ഭാവിയിൽ സഹായിക്കുന്നതിനുവേണ്ടി ഒരു പുതിയ ഭാഷ പഠിക്കുന്നതിനെ സംബന്ധിച്ചെന്ത്? ഇപ്പോൾ ബെഥേലിലോ സഞ്ചാര മേൽവിചാരകന്മാരായോ മിഷനറിമാരായോ സേവിച്ചുകൊണ്ടിരിക്കുന്ന അനേകരും സ്കൂളിലായിരുന്നപ്പോൾത്തന്നെ പ്രത്യേക മുഴുസമയ ശുശ്രൂഷ തങ്ങളുടെ ലക്ഷ്യമാക്കിയിരുന്നു. നിങ്ങൾക്കും എന്തുകൊണ്ട് അപ്രകാരം ചെയ്തുകൂടാ?
4 ഇളം പ്രായത്തിൽത്തന്നെ യേശുവിന്റെ മാതൃക പിൻപറ്റാൻ കഠിനശ്രമം ചെയ്യുക. വെറും 12 വയസ്സുണ്ടായിരുന്നപ്പോൾത്തന്നെ അവൻ യാതൊരു മടിയും കൂടാതെ ആത്മീയ കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു. (ലൂക്കൊ. 2:42-49, 52) വ്യക്തിപരമായ പഠനം, ക്രമമായ ബൈബിൾ വായന, യോഗങ്ങളിലും ശുശ്രൂഷയിലും പങ്കുപറ്റുകവഴി പക്വമതികളായ ക്രിസ്ത്യാനികളുമായി ക്രമമായി സഹവസിക്കൽ തുടങ്ങിയ പ്രയോജനപ്രദമായ ലക്ഷ്യങ്ങൾ നിങ്ങളുടെ മുമ്പാകെ വെക്കുന്നത്, യേശു ചെയ്തതുപോലെ മറ്റുള്ളവരെ ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുന്നതിൽ പ്രാവീണ്യം നേടാൻ നിങ്ങളെ സഹായിക്കും.