ആത്മീയ ലാക്കുകൾ വെക്കുക
1 നിത്യതയിലുടനീളം യഹോവയെ സ്തുതിക്കുക എന്നത് എത്ര വലിയ ഒരു പദവിയായിരിക്കും! ആ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്, നമുക്ക് ഇപ്പോൾ ആത്മീയ ലാക്കുകൾ വെക്കാനും അവയിൽ എത്തിച്ചേരാനും ശ്രമിക്കാം. നമ്മുടെ ഊർജം ജ്ഞാനപൂർവം ഉപയോഗിക്കാൻ ഇതു നമ്മെ പ്രാപ്തരാക്കുന്നു. (1 കൊരി. 9:26) നിങ്ങൾക്ക് എത്തിച്ചേരാവുന്ന ലാക്കുകൾ ഏതൊക്കെയാണ്?
2 ബൈബിൾ പഠനം: ഓരോ സഭായോഗത്തിനുംവേണ്ടി നിങ്ങൾ തയ്യാറാകുന്നുണ്ടോ? ഉണ്ടെങ്കിൽ, ഗവേഷണത്തിനും ധ്യാനത്തിനുമായി നിങ്ങൾ സമയം മാറ്റിവെക്കാറുണ്ടോ? ഉദാഹരണത്തിന്, പ്രതിവാര വീക്ഷാഗോപുര അധ്യയനത്തിനും സഭാ പുസ്കാധ്യയനത്തിനും വേണ്ടി തയ്യാറാകുമ്പോൾ, നിങ്ങൾ കേവലം ഉത്തരങ്ങൾക്കടിയിൽ വരയ്ക്കുന്നതേ ഉള്ളോ, അതോ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കുകയും നൽകിയിരിക്കുന്ന വിശദീകരണങ്ങളുടെ കാരണങ്ങളെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നുണ്ടോ? ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ നിയമിത ബൈബിൾ വായനാ ഭാഗത്തുനിന്നുള്ള ഏതാനും ആശയങ്ങളെ കുറിച്ച് ആഴ്ചതോറും ഗവേഷണം ചെയ്യുക എന്ന ലാക്ക് നിങ്ങൾക്കു വെക്കാനാകുമോ? അത്തരം ആത്മീയ ഗവേഷണത്തിനു സമയവും ശ്രമവും ആവശ്യമാണ്, എന്നാൽ അതു സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തും.—സദൃ. 2:4, 5.
3 സഭായോഗങ്ങൾ: അഞ്ചു സഭായോഗങ്ങളിലും ക്രമമായി സംബന്ധിക്കുക എന്നതാണ് വെക്കാവുന്ന മറ്റൊരു ലാക്ക്. സഹോദരങ്ങളുമായി സഹവസിക്കാൻ കഴിയുമാറ് നേരത്തേ എത്തുന്നതും പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കെടുക്കുന്നതും സഭയെ മാനസികവും വൈകാരികവുമായി കെട്ടുപണി ചെയ്യാനുതകുന്നു. ഓരോ യോഗത്തിലും ഉത്തരങ്ങൾ പറയാനും പറയുന്ന ഉത്തരങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്താനും നമുക്കു ശ്രമിക്കാവുന്നതാണ്. ഒരുപക്ഷേ ഖണ്ഡികയിലെ ഒരു വാക്യത്തിന്റെ പ്രസക്തി എന്താണെന്നു വിശദീകരിക്കുകയോ വിവരം ദൈനംദിന ജീവിതത്തിൽ എങ്ങനെ ബാധകമാകുന്നുവെന്നു ചൂണ്ടിക്കാട്ടുകയോ ചെയ്യാവുന്നതാണ്.—എബ്രാ. 10:24, 25.
4 വയൽസേവനം: ലാക്കുകൾ വെക്കുമ്പോൾ നമ്മുടെ ശുശ്രൂഷ കൂടുതൽ മെച്ചപ്പെടുന്നു. ഓരോ മാസവും സേവനത്തിൽ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന മണിക്കൂർ സംബന്ധിച്ച് നിങ്ങൾ വ്യക്തിപരമായ ഒരു ലാക്കു വെക്കാറുണ്ടോ? അതു സഹായകമെന്നു ചിലർ കണ്ടെത്തുന്നു. അല്ലെങ്കിൽ, വീടുതോറുമുള്ള വേലയിൽ ബൈബിൾ ഉപയോഗിക്കുന്നതോ കൂടുതൽ ഫലപ്രദമായ മടക്കസന്ദർശനങ്ങൾ നടത്തുന്നതോ ബൈബിൾ അധ്യയനങ്ങൾ ആരംഭിക്കാൻ ശ്രമിക്കുന്നതോ അധ്യയനങ്ങളിൽ കൂടുതൽ ഫലകരമായി പഠിപ്പിക്കുന്നതോ പോലെ ശുശ്രൂഷയുടെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിങ്ങൾക്കു പുരോഗതി വരുത്താൻ കഴിയുമോ?
5 മാതാപിതാക്കളേ, യഹോവയുടെ സേവനത്തിൽ ലാക്കുകൾ വെക്കാൻ നിങ്ങൾ കുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ടോ? ഒരു പയനിയറോ ബെഥേൽ അംഗമോ ആയി സേവിക്കുന്നത് യഹോവയോടുള്ള വിലമതിപ്പിന്റെ ആഴം പ്രകടമാക്കാനുള്ള ഒരു മികച്ച മാർഗമാണെന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക.—സഭാ. 12:1.
6 നാം നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ആത്മീയ ലാക്കുകൾ വെച്ച് അവയിൽ എത്തിച്ചേരാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, ദൈവസേവനത്തിലെ നമ്മുടെ സന്തോഷം വർധിക്കുകയും അതു മറ്റുള്ളവർക്കു പ്രോത്സാഹനത്തിന്റെ ഒരു ഉറവായിത്തീരുകയും ചെയ്യും.—റോമ. 1:12.