വാർധക്യം സുരക്ഷിതമാക്കാൻ
മുറ്റത്ത് ഓടിക്കളിക്കുകയാണ് ഒരു പെൺകുട്ടി. പെട്ടെന്ന് അവൾ കാലിടറി വീഴുന്നു. പക്ഷേ അടുത്തനിമിഷംതന്നെ അവൾ വീണിടത്തുനിന്ന് ചാടിയെഴുന്നേറ്റ് ചുറ്റുമൊന്നു നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പുവരുത്തി കളി തുടരുന്നു. ഇനി, മറ്റൊരു രംഗം: പ്രായമായ ഒരു സ്ത്രീ വീട്ടിനുള്ളിൽ കാലുതെറ്റി വീഴുന്നു. ആ വീഴ്ചയിൽ ഇടുപ്പെല്ല് തകർന്ന് അവർ ആശുപത്രിയിലായി. പിന്നെ ശസ്ത്രക്രിയ, ചികിത്സ, അങ്ങനെ മാസങ്ങൾ കടന്നുപോയി. ഇപ്പോൾ അവർക്ക് എന്തുചെയ്യാനും പേടിയാണ്. ശരീരമനങ്ങി ഒന്നും ചെയ്യാത്തതുകൊണ്ട് അവരുടെ ആരോഗ്യം വല്ലാതെ ക്ഷയിച്ചു.
ഒരു പാശ്ചാത്യരാജ്യത്ത് ഓരോ വർഷവും മുപ്പതു ശതമാനത്തിലേറെ വൃദ്ധജനങ്ങൾക്ക് (65-ഉം അതിൽക്കൂടുതലും പ്രായമുള്ള) വീഴ്ചയുടെ ഫലമായി പരിക്കേൽക്കുന്നതായി അവിടെനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആ പ്രായക്കാർക്കിടയിലെ അപകടമരണങ്ങളുടെ മുഖ്യകാരണം ഇത്തരം വീഴ്ചകളാണെന്നു പറയാം! വാർധക്യത്തെക്കുറിച്ച് ബൈബിൾ പറയുന്നത് എത്രയോ സത്യം! “അന്നു അവർ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികൾ ഉള്ളതായി തോന്നും.”—സഭാപ്രസംഗി 12:5.
ഇങ്ങനെയൊക്കെയാണെങ്കിലും, വാർധക്യം സുരക്ഷിതമാക്കാനും ആസ്വാദ്യമാക്കാനും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. ആരോഗ്യവും ഓജസ്സും നിലനിറുത്തുകയാണ് അതിലൊന്ന്. വീട്ടിനുള്ളിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതാണ് മറ്റൊരു മാർഗം.
ആരോഗ്യവും ഓജസ്സും സംരക്ഷിക്കാം
പ്രായമാകുമ്പോൾ ശരീരാവയവങ്ങളുടെ ഏകോപന പ്രാപ്തി ദുർബലമാകും; കാഴ്ച മങ്ങും. ബാലൻസ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെ. അസ്ഥികളുടെയും പേശികളുടെയും ബലക്കുറവ് ആരോഗ്യം ഒന്നുകൂടെ ക്ഷയിപ്പിക്കും. എന്നാൽ വ്യായാമം പതിവാക്കുകയും ആരോഗ്യഭക്ഷണം ശീലിക്കുകയും ചെയ്താൽ ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ കുറയ്ക്കാം. “ശരീരം കൂനിപ്പോകാതിരിക്കാനും കായികബലം നിലനിറുത്താനും ബാലൻസു മെച്ചപ്പെടുത്താനും സന്ധികൾക്കു വഴക്കമുണ്ടാകാനും സഹായിക്കുന്നതരം വ്യായാമങ്ങൾ ചെയ്യേണ്ടത് പ്രധാനമാണ്.” പറയുന്നത് ഫിസിയോ തെറാപ്പിസ്റ്റായ നീറ്റ.
യു. എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൺ സർവീസസിന്റെ ഒരു പ്രസിദ്ധീകരണം പറയുന്നത് ഇങ്ങനെ: “ആരോഗ്യാവസ്ഥ എങ്ങനെയുള്ളതാണെങ്കിലും, കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് പ്രായമുള്ളവർക്ക് ഏറെ ഗുണം ചെയ്യും. നിൽക്കാനോ നടക്കാനോ ബുദ്ധിമുട്ടുള്ളവർക്കും വ്യായാമം ചെയ്യാം. ഒന്നും ചെയ്യാതിരിക്കുന്നത് പലപ്പോഴും ദോഷമേ ചെയ്യൂ.”a ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന്റെ പ്രയോജനങ്ങൾ പലതാണ്: ഹൃദ്രോഗം, സന്ധിവേദന, ഓസ്റ്റിയോപൊറോസിസ്, വിഷാദം എന്നിവയെ ചെറുക്കാം. രക്തചംക്രമണം, ദഹനം, ഉറക്കം എന്നിവ മെച്ചപ്പെടുത്താം. ഇനി, നിങ്ങൾക്ക് ആത്മവിശ്വാസവും ഉണർവും നൽകാനും വ്യായാമങ്ങൾക്കാകും.
വ്യായാമം ചെയ്യുന്ന ശീലം നിങ്ങൾക്കില്ലെങ്കിൽ ഡോക്ടറെ കണ്ടതിനുശേഷം അതു തുടങ്ങുന്നതായിരിക്കും ബുദ്ധി. വ്യായാമത്തിനിടെ തലചുറ്റലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്. ഈ ആപത്സൂചനകൾ നിസ്സാരമായി കാണരുത്! എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. വർഷത്തിലൊരിക്കൽ കണ്ണ് ടെസ്റ്റുചെയ്യുന്നതും നന്നായിരിക്കും.
ഇനി, ഭക്ഷണത്തിന്റെ കാര്യം. എളുപ്പം പാചകം ചെയ്യാൻ കഴിയുന്ന റെഡിമെയ്ഡ് ഭക്ഷണങ്ങൾ ഇന്ന് വിപണിയിലുണ്ട്. ഇവയിൽ പോഷകമൂല്യം തീരെ കുറവായിരിക്കും എന്നതിനാൽ അങ്ങനെയുള്ള ആഹാരം ഒഴിവാക്കുക. അസ്ഥിബലത്തിന് വിറ്റാമിൻ ഡി-യും കാൽസ്യവും അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് അവ ധാരാളമായി അടങ്ങിയ ആഹാരസാധനങ്ങൾ പ്രായമായവർ നിർബന്ധമായും കഴിക്കണം. തവിടുനീക്കാത്ത ധാന്യങ്ങൾ, കൊഴുപ്പ് അധികം അടങ്ങിയിട്ടില്ലാത്ത പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ വിറ്റാമിൻ ഡി-യും കാൽസ്യവും ധാരാളമുണ്ട്. ആഹാരശീലങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമുമ്പ് ഡോക്ടറോട് അഭിപ്രായം ചോദിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്തുകൊണ്ട് എന്തൊക്കെ ഭക്ഷണം കഴിക്കാം, എന്തൊക്കെ ഒഴിവാക്കണം എന്നീ കാര്യങ്ങളിൽ വേണ്ട നിർദേശങ്ങൾ നൽകാൻ അദ്ദേഹത്തിനാകും.
ധാരാളം വെള്ളം കുടിക്കുകയും വേണം. പ്രായമായവർക്കിടയിൽ—പ്രത്യേകിച്ചും ഒറ്റയ്ക്ക് താമസിക്കുന്നവരും നഴ്സിങ് ഹോമുകളിൽ കഴിയുന്നവരുമായ വൃദ്ധജനങ്ങൾക്കിടയിൽ—സാധാരണ കണ്ടുവരുന്ന ഒരു പ്രശ്നമാണ് നിർജലീകരണം. ഇത് വളരെ ഗുരുതരമാണ്. ശരീരകോശങ്ങളിൽ ആവശ്യത്തിനു വെള്ളമില്ലാതെ വരുന്നത് വീഴ്ചയ്ക്കു കാരണമായേക്കാം. ചിന്തകൾ കുഴഞ്ഞുപോകുക, തൊലിയിൽ ചുളിവുകൾ വീഴുക, മലബന്ധം, അണുബാധ എന്നിങ്ങനെയുള്ള ദോഷങ്ങൾ വേറെയും. ചില കേസുകളിൽ മരണംപോലും സംഭവിക്കാം.
വീട് സുരക്ഷിതമാക്കുക
പ്രായംചെന്നവരിൽ മിക്കവരും വീഴുന്നത് വീട്ടിനുള്ളിൽത്തന്നെയാണ്. ചില മുൻകരുതലുകൾ എടുത്താൽ ഈ അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. ചില നിർദേശങ്ങളിതാ:
കുളിമുറി:
● പെട്ടെന്നു വഴുതിവീഴാത്ത വിധത്തിൽവേണം കുളിമുറിയുടെ തറ പാകപ്പെടുത്താൻ.
● ബാത്ത് ടബ്ബുകളുടെ പ്രതലവും മിനുസമുള്ളതായിരിക്കരുത്. ഇരുന്നുകുളിക്കുന്ന സ്റ്റൂളോ കസേരയോ, ടാപ്പിനടുത്ത് അല്ലെങ്കിൽ ബക്കറ്റിനടുത്ത് ആണെന്ന് ഉറപ്പുവരുത്തുക. ഹാൻഡ് ഷവർ ഉണ്ടെങ്കിൽ പ്രായമായവർക്ക് ഏറെ സൗകര്യമായിരിക്കും.
● കുളിമുറിക്കുള്ളിലും ടോയ്ലറ്റിലും പിടിച്ചെഴുന്നേൽക്കാൻ തക്കവിധമുള്ള കൈപ്പിടികൾ ഉണ്ടായിരിക്കണം; അത് നല്ല ഉറപ്പുള്ളതുമായിരിക്കണം. വീട്ടിൽ ഒരു യൂറോപ്യൻ ക്ലോസറ്റുള്ളതും നല്ലതാണ്. അതാകുമ്പോൾ വലിയ ആയാസമില്ലാതെ ഇരിക്കാനും എഴുന്നേൽക്കാനും പറ്റും.
● രാത്രി നേർത്ത വെളിച്ചമുള്ള ലൈറ്റ് തെളിച്ചിടാം. അല്ലെങ്കിൽ ടോർച്ച് ഉപയോഗിക്കാം.
ഗോവണിപ്പടികൾ:
● ഗോവണിപ്പടികൾ ഉറപ്പും ബലവുമുള്ളതായിരിക്കണം; പടികൾ വ്യക്തമായി കാണുമാറ് നല്ല വെളിച്ചമുണ്ടായിരിക്കണം; പടികളിൽ സാധനങ്ങൾ വെക്കരുത്.
● പടികളിൽ ഇരുവശവും ബലമുള്ള കൈവരി ഉണ്ടായിരിക്കണം. ഗോവണിയുടെ മുകളിലും താഴെയും തെന്നാത്ത തരത്തിലുള്ള ചവിട്ടികൾ ഇടുന്നതും സ്വിച്ച് ബോർഡുകൾ വയ്ക്കുന്നതും നല്ലതാണ്.
● നട കയറിയിറങ്ങുന്നത് പ്രായമായവരുടെ കാലുകൾക്ക് ബലം നൽകും. എന്നാൽ ബാലൻസ് തെറ്റി വീഴുമെന്നുള്ളവർ ഒറ്റയ്ക്ക് നട കയറാതിരിക്കുന്നതാവും നല്ലത്.
കിടപ്പുമുറി:
● തട്ടിത്തടയാതെ നടക്കാൻ പാകത്തിലായിരിക്കണം മുറിയിൽ കട്ടിലും മറ്റു ഫർണിച്ചറുകളും ഇടേണ്ടത്.
● വസ്ത്രം മാറുകയും മുടി ചീകുകയുമൊക്കെ ചെയ്യുന്നിടത്ത് ഒരു കസേരയിടുന്നത് നല്ലതാണ്.
● കിടക്കയ്ക്ക് അരികിൽ ബെഡ് ലാംപോ ടോർച്ചോ ഉണ്ടായിരിക്കാൻ ശ്രദ്ധിക്കുക.
അടുക്കള:
● കിച്ചൺ സ്ലാബിൽ സാധനങ്ങൾ നിരത്തിവെക്കരുത്. പാചകം ചെയ്യുമ്പോൾ അത് അസൗകര്യമാകും.
● അടുക്കളയുടെ തറ മിനുസമുള്ളതായിരിക്കരുത്.
● ഷെൽഫുകൾ വളരെ ഉയരത്തിലോ തീരെ താഴെയോ ആയിരിക്കരുത്. അതാകുമ്പോൾ പരസഹായമില്ലാതെ സാധനങ്ങൾ എടുക്കാനും വെക്കാനും കഴിയും. സാധനങ്ങൾ എടുക്കാൻ ഏണിയോ സ്റ്റൂളോ കസേരയോ ഉപയോഗിക്കരുത്.
മറ്റു ചില നിർദേശങ്ങൾ:
● ബാത്ത്റൂം പോലെ രാത്രിയിൽ പോകാനിടയുള്ള സ്ഥലങ്ങളിലും അവിടേക്കുള്ള വഴികളിലും ലൈറ്റ് തെളിച്ചിടുക.
● ഉറക്കച്ചടവോടെ എഴുന്നേറ്റു പോകുമ്പോൾ വീഴാൻ സാധ്യതയുള്ളതിനാൽ ഊന്നുവടിയോ വാക്കറോ ഉപയോഗിക്കുക.
● വീലുകളില്ലാത്തതും കൈപ്പിടിയുള്ളതുമായ കസേരകൾ ഉപയോഗിക്കുക. അവ പാകത്തിന് ഉയരമുള്ളതായിരിക്കണം. അപ്പോൾ ഇരിക്കാനും എഴുന്നേൽക്കാനും എളുപ്പമായിരിക്കും.
● കീറിത്തുടങ്ങിയ കാർപ്പെറ്റ്, പൊട്ടിയ ടൈലുകൾ എന്നിവയിൽ തട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അവ മാറ്റാൻ ശ്രദ്ധിക്കുക. നടക്കുന്ന വഴിയിൽ ഇലക്ട്രിക് വയറുകളോ ടെലിഫോൺ വയറുകളോ ഒന്നും വീണുകിടക്കാൻ പാടില്ല.
● കാർപ്പെറ്റിൽ തുണികൊണ്ടുള്ള ചവിട്ടികൾ ഇട്ടാൽ തട്ടിവീഴാൻ സാധ്യതയുണ്ട്. മിനുസമുള്ള തറയിൽ ഇടുന്ന ചവിട്ടികൾ തെന്നിമാറാത്ത തരത്തിലുള്ളതായിരിക്കണം.
● ഗ്രിപ്പില്ലാത്തതോ ലൂസായതോ പൊട്ടിയതോ ആയ ചെരിപ്പുകൾ ഉപയോഗിക്കരുത്. ഹീലുള്ള ചെരിപ്പുകളും അപകടം ചെയ്യും.
● ചില മരുന്നുകൾ ബോധക്ഷയം ഉണ്ടാക്കുകയോ മന്ദത വരുത്തുകയോ ചെയ്യും. ഏതെങ്കിലും മരുന്നു കഴിച്ചാൽ അങ്ങനെ ഉണ്ടാകുന്നെങ്കിൽ ഡോക്ടറെ അറിയിക്കാൻ മടിക്കരുത്. ഡോക്ടർ മരുന്നിന്റെ ഡോസ് കുറച്ചുതരുകയോ അതു മാറ്റിത്തരുകയോ ചെയ്യും.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും തനിയെ ചെയ്യാൻ പറ്റില്ലെന്നു തോന്നുന്നെങ്കിൽ കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ സഹായം തേടാം. ഇവയൊന്നും പിന്നത്തേക്ക് മാറ്റിവെക്കേണ്ട കാര്യങ്ങളല്ല.
മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുന്ന സഹായങ്ങൾ
പ്രായമായ മാതാപിതാക്കളോ മുത്തശ്ശീമുത്തശ്ശന്മാരോ സുഹൃത്തുക്കളോ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ അവരുടെ സുരക്ഷയ്ക്കായി നിങ്ങൾക്ക് എന്തൊക്കെ ചെയ്യാനാകും? മേൽപ്പറഞ്ഞ നിർദേശങ്ങൾ നയപൂർവം അവരുമൊത്തു പരിചിന്തിക്കുക. അവർ ശ്രദ്ധിക്കാതെ പോയിട്ടുള്ള എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ വേണ്ട ക്രമീകരണങ്ങൾ ചെയ്യാൻ സഹായിക്കുക. ആവശ്യമെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ നേരത്തെ ആഹാരം അവർക്ക് പാകം ചെയ്തുകൊടുക്കാം. പ്രായമായവർക്ക് പതിവായ വ്യായാമം അത്യന്താപേക്ഷിതമായതിനാൽ അക്കാര്യത്തിലും അവരെ സഹായിക്കാനാകും. വേണമെങ്കിൽ അവരെയും കൂട്ടി ഒന്നു നടക്കാൻ പോകാം. ഇതിനുവേണ്ടി പ്രത്യേകം സമയം മാറ്റിവെക്കണമെന്നില്ല. നിങ്ങൾക്ക് പുറത്തുപോകേണ്ടതുള്ളപ്പോൾ അവരെയും ഒപ്പം കൂട്ടിയാൽ മതി. കൂട്ടിന് ഒരാളുണ്ടെങ്കിൽ പുറത്തുപോകാൻ പ്രായമായവരിൽ പലർക്കും ഇഷ്ടമാണ്. വയോജനങ്ങളുടെ പരിരക്ഷാർഥം ചിലയിടങ്ങളിൽ ‘ഹോംകെയർ പദ്ധതികൾ’ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹോം നഴ്സിങ്, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കിവരുന്നു. നിങ്ങൾ താമസിക്കുന്ന പ്രദേശത്ത് ഇങ്ങനെയുള്ള സേവനങ്ങൾ ലഭ്യമാണെങ്കിൽ അതേക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ നിങ്ങളുടെ ഡോക്ടർക്ക് കഴിഞ്ഞേക്കും.
രസകരമെന്നു പറയട്ടെ, നമ്മുടെ സ്രഷ്ടാവായ ദൈവത്തെ ‘വയോധികൻ’ എന്ന് ബൈബിൾ വിശേഷിപ്പിച്ചിട്ടുണ്ട്. (ദാനീയേൽ 7:9) ആ ദൈവം പ്രായമായവരെ, വിശേഷിച്ച് വൃദ്ധമാതാപിതാക്കളെ, ബഹുമാനിക്കണമെന്ന് നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നൊരു കൽപ്പനതന്നെയുണ്ട്. (പുറപ്പാടു 20:12) “നരച്ചവന്റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം” എന്നും ദൈവം പറഞ്ഞിരിക്കുന്നു. (ലേവ്യപുസ്തകം 19:32) അതെ, പ്രായമായവരെ ബഹുമാനിക്കുന്നത് നമുക്ക് ദൈവഭയം ഉണ്ടെന്നതിന്റെ തെളിവാണ്. അതുകൊണ്ട്, വയോജനങ്ങളെ സഹായിക്കുന്നതും പരിചരിക്കുന്നതും കേവലം ഒരു കടമയായി കാണാതിരിക്കുക! ജീവിതത്തിന്റെ സായംകാലത്ത് അവർക്കൊരു കൈത്താങ്ങാകാൻ കഴിഞ്ഞാൽ അതിന്റെ സംതൃപ്തി വലുതായിരിക്കും. പ്രായമായവർ തങ്ങൾക്കു ലഭിക്കുന്ന സഹായത്തെ വിലമതിക്കുമ്പോൾ അവർക്ക് കൂടുതൽ സഹായവും പരിചരണവും നൽകാൻ അതു മറ്റുള്ളവർക്ക് പ്രചോദനമാകും. (g11-E 02)
[അടിക്കുറിപ്പ്]
a പതിവായി വ്യായാമം ചെയ്യുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ 2005 മേയ് 22 (ഇംഗ്ലീഷ്) ലക്കം ഉണരുക!-യിലുണ്ട്.
[25-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
അടിയന്തിര സാഹചര്യങ്ങളിൽ ഇലക്ട്രോണിക് സഹായം
ചില രാജ്യങ്ങളിൽ, വൃദ്ധജനങ്ങൾക്ക് അടിയന്തിര സാഹചര്യത്തിൽ (ഉദാഹരണത്തിന് അവർ വീഴുകയോ മറ്റോ ചെയ്യുമ്പോൾ) ആരോഗ്യക്ഷേമ പ്രവർത്തകരെ തത്ക്ഷണം വിവരം അറിയിക്കാൻ സഹായിക്കുന്ന ഒരുതരം ഇലക്ട്രോണിക് ഉപകരണം ലഭ്യമാണ്. കഴുത്തിൽ തൂക്കിയിടുകയോ കൈത്തണ്ടയിൽ കെട്ടുകയോ ചെയ്യാവുന്ന ഈ ഉപകരണത്തിന്റെ ബട്ടൺ ഒന്ന് അമർത്തുകയേവേണ്ടൂ, തത്ക്ഷണം സഹായം ലഭിക്കും. തനിയെ ജീവിക്കുന്നവർക്ക് ഇത് വലിയൊരു സഹായമാണ്!