ബൈബിളിന്റെ വീക്ഷണം
ശാസ്ത്രവും ബൈബിളും യോജിപ്പിലാണോ?
“ഒരു പുതിയ കണ്ടുപിടിത്തം നടത്തുകയും അതിൽ ദൈവത്തിന്റെ കരസ്പർശം കാണാനാകുകയും ചെയ്യുന്ന ആ അസുലഭ നിമിഷങ്ങളാണ് എന്റെ ശാസ്ത്ര ജീവിതത്തെ ധന്യമാക്കുന്നത്!”—ഹെൻട്രി ഷേഫർ, രസതന്ത്ര പ്രൊഫസർ.
പ്രപഞ്ചത്തിലെ പല നിഗൂഢതകളും ശാസ്ത്രം നമുക്കു വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. ക്രമനിബദ്ധത, കൃത്യത, സങ്കീർണത അങ്ങനെ എന്തെല്ലാം! അവ നിരീക്ഷിക്കുന്ന പലർക്കും അതൊക്കെ സർവശക്തനും സർവജ്ഞാനിയുമായ ഒരു സ്രഷ്ടാവിന്റെ അസ്തിത്വത്തിനുള്ള തെളിവുകളാണ്. പ്രകൃതി വിസ്മയങ്ങളെ വിശദീകരിക്കുന്ന വിജ്ഞാനശാഖ എന്നതിനുപുറമേ, ദൈവത്തിന്റെ മനസ്സിലേക്കു തുറക്കുന്ന ഒരു ജാലകമായിട്ടാണ് ഇവർ ശാസ്ത്രത്തെ കാണുന്നത്.
ഈ വീക്ഷണത്തെ ബൈബിളും പിന്താങ്ങുന്നു. ഉദാഹരണത്തിന്, റോമർ 1:20-ൽ ഇങ്ങനെ കാണുന്നു: “ലോകസൃഷ്ടിമുതൽ അവന്റെ (ദൈവത്തിന്റെ) അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദൈവത്ത്വവും അവന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ് വെളിവായിരിക്കുന്നു.” കൂടാതെ, സങ്കീർത്തനം 19:1, 2 ഇപ്രകാരം പറയുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു. പകൽ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.” വിസ്മയങ്ങൾ നിറഞ്ഞ ഈ പ്രപഞ്ചം പക്ഷേ, സ്രഷ്ടാവിനെക്കുറിച്ചുള്ള ചില വസ്തുതകൾ മാത്രമേ വെളിപ്പെടുത്തുന്നുള്ളൂ.
ശാസ്ത്രത്തിന്റെ പരിധിയും പരിമിതിയും
ദൈവത്തെക്കുറിച്ചുള്ള പല സത്യങ്ങളും വിശദീകരിക്കാൻ ശാസ്ത്രം പര്യാപ്തമല്ല. ഒരു ഉദാഹരണത്തിലൂടെ അതു വിശദമാക്കാം: ഒരു കേക്കിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളെക്കുറിച്ചുള്ള സകല വിശദാംശങ്ങളും നൽകാൻ ഒരു ശാസ്ത്രജ്ഞന് കഴിഞ്ഞേക്കും. എന്നാൽ ആ കേക്ക് ഉണ്ടാക്കിയത് എന്തിനാണ്, ആർക്കുവേണ്ടിയാണ് (സാധാരണഗതിയിൽ ഒരു വ്യക്തി അറിയാനാഗ്രഹിക്കുക ഈ കാര്യങ്ങളാണല്ലോ) എന്നൊക്കെ അദ്ദേഹത്തിന്റെ നിരീക്ഷണപരീക്ഷണങ്ങൾ വെളിപ്പെടുത്തുമോ? ഇല്ല! അത് അറിയാൻ കേക്ക് ഉണ്ടാക്കിയ ആളോടുതന്നെ ചോദിക്കേണ്ടിവരും.
അതുപോലെ, ശാസ്ത്രത്തിന് “കുറെ വസ്തുതകൾ നിരത്താൻ കഴിഞ്ഞേക്കും. . . . പക്ഷേ, നാമെല്ലാം അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച്, അതായത് ദൈവം, അനന്തത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്, ശാസ്ത്രം കനത്ത നിശ്ശബ്ദത പാലിക്കുന്നു.” ഓസ്ട്രിയൻ ഭൗതികശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവുമായ എർവിൻ ഷ്റോഡിങ്ങർ പറയുന്നു. ഉദാഹരണത്തിന് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിനു കഴിയില്ല: പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടത് എന്തിന്? ബുദ്ധിയും ചിന്താപ്രാപ്തിയുമുള്ള മനുഷ്യനും മറ്റു ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് എന്തിന്? ദൈവം സർവശക്തനാണെങ്കിൽ തിന്മയും കഷ്ടതയും വെച്ചുപൊറുപ്പിക്കുന്നത് എന്തുകൊണ്ടാണ്? മരിച്ചുപോയവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ? ദൈവത്തിനുമാത്രമേ അവയ്ക്ക് ഉത്തരം നൽകാനാകൂ.
ആകട്ടെ, ദൈവം ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിട്ടുണ്ടോ? ഉണ്ട്, ബൈബിളിന്റെ താളുകളിൽ. (2 തിമൊഥെയൊസ് 3:16) പക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം, ‘ബൈബിൾ ദൈവത്തിൽനിന്നുള്ളതാണ് എന്നതിന് എന്താണുറപ്പ്?’ ശാസ്ത്രത്തിന്റെ തലത്തിൽനിന്നു നോക്കുമ്പോൾ, പ്രപഞ്ചസൃഷ്ടികളെക്കുറിച്ച് ശാസ്ത്രം തെളിയിച്ചിട്ടുള്ള വസ്തുതകളും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളും തമ്മിൽ പൊരുത്തമുണ്ടായിരിക്കണം. അതായത്, ദൈവത്തിന്റെ സൃഷ്ടികളും ബൈബിളും തമ്മിൽ ഒത്തുനോക്കുമ്പോൾ വൈരുധ്യങ്ങൾ ഉണ്ടാകാൻ പാടില്ല. അത് അങ്ങനെതന്നെയാണോ? ചില ഉദാഹരണങ്ങൾ നോക്കാം.
ശാസ്ത്രം തെളിയിക്കുന്നതിനുമുമ്പേ. . .
ബൈബിളിലെ പുസ്തകങ്ങൾ രചിക്കപ്പെട്ടുകൊണ്ടിരുന്ന കാലത്ത് ആളുകൾ പൊതുവെ വിശ്വസിച്ചിരുന്നത്, നിരവധി ദേവീദേവന്മാർ പ്രപഞ്ചത്തിൽ അധിവസിക്കുന്നുണ്ടെന്നും അവരാണ് സൂര്യചന്ദ്രാദികളെയും ഋതുഭേദങ്ങളെയും ഉർവരതയെയുമൊക്കെ നിയന്ത്രിക്കുന്നതെന്നുമാണ്. പ്രകൃതിനിയമങ്ങളെക്കുറിച്ച് അവർക്ക് അറിയില്ലായിരുന്നു. എന്നാൽ അന്നു ജീവിച്ചിരുന്ന, ദൈവത്തിന്റെ പ്രവാചകന്മാരുടെ വിശ്വാസം എന്തായിരുന്നു? പ്രകൃതിയെ നേരിട്ടു നിയന്ത്രിക്കാൻ സ്രഷ്ടാവായ യഹോവയ്ക്ക് കഴിയുമെന്നും ചില സന്ദർഭങ്ങളിൽ അവൻ അങ്ങനെ ചെയ്തിട്ടുണ്ടെന്നും ആ എബ്രായ പ്രവാചകന്മാർക്ക് അറിയാമായിരുന്നു. (യോശുവ 10:12-14; 2 രാജാക്കന്മാർ 20:9-11) ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസറായ ജോൺ ലെനോക്സ് പറയുന്നതുപോലെ, ആ ദൈവദാസന്മാർക്ക് ഇടയ്ക്കുവെച്ച് തങ്ങളുടെ ധാരണ തിരുത്തേണ്ട ഒരു ഗതികേട് ഉണ്ടാകുമായിരുന്നില്ല. കാരണം, “ഇങ്ങനെയുള്ള ദേവഗണങ്ങളിൽ അവർ ഒരിക്കലും വിശ്വസിച്ചിരുന്നില്ല; ഏക ദൈവത്തിലാണ് അവർ വിശ്വസിച്ചിരുന്നത്, സ്വർഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ സത്യദൈവത്തിൽ. അത്തരം അന്ധവിശ്വാസങ്ങളിൽനിന്ന് അവരെ രക്ഷിച്ചതും അതാണ്.”
സത്യദൈവത്തിലുള്ള വിശ്വാസം എങ്ങനെയാണ് അവരെ അന്ധവിശ്വാസങ്ങളിൽനിന്നു രക്ഷിച്ചത്? പ്രപഞ്ചത്തെ നിയന്ത്രിക്കാൻ താൻ നിയമങ്ങൾ വെച്ചിട്ടുണ്ടെന്ന കാര്യം സത്യദൈവം അവർക്കു വെളിപ്പെടുത്തിക്കൊടുത്തിരുന്നു. ഉദാഹരണത്തിന്, 3,500-ലധികം വർഷംമുമ്പ് യഹോവയാം ദൈവം തന്റെ ദാസനായ ഇയ്യോബിനോട്, “ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?” എന്നു ചോദിച്ചു. (ഇയ്യോബ് 38:33) യഹോവ ‘ആകാശത്തിനും ഭൂമിക്കും നിയമങ്ങൾ’ നൽകിയിരിക്കുന്നതായി ബി.സി. ഏഴാം നൂറ്റാണ്ടിൽ യിരെമ്യാപ്രവാചകൻ രേഖപ്പെടുത്തി.—യിരെമ്യാവു 33:25, പി.ഒ.സി. ബൈബിൾ.
ദൈവത്തിന്റെ പ്രവാചകന്മാർ ബൈബിളിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ വിശ്വസിച്ചിരുന്നവർക്ക്, ക്ഷിപ്രകോപികളായ സാങ്കൽപ്പിക ദേവതകളല്ല, സ്രഷ്ടാവ് വെച്ചിരിക്കുന്ന നിയതമായ നിയമങ്ങളാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ, ദൈവഭക്തരായ ആ മനുഷ്യർ ദൈവത്തിന്റെ കരവേലയായ സൂര്യചന്ദ്രാദികളെ വണങ്ങുകയോ അവയോട് ഭക്ത്യാദരവു കാണിക്കുകയോ ചെയ്തില്ല. (ആവർത്തനപുസ്തകം 4:15-19) പകരം അവർ ദൈവത്തിന്റെ ജ്ഞാനവും ശക്തിയും മറ്റു ഗുണങ്ങളും പ്രതിഫലിപ്പിക്കുന്ന ആ ആകാശഗോളങ്ങളെ തങ്ങളുടെ പഠനവിഷയമാക്കി.—സങ്കീർത്തനം 8:3-9; സദൃശവാക്യങ്ങൾ 3:19, 20.
ഇന്നത്തെ പല ശാസ്ത്രജ്ഞന്മാരെയും പോലെ ആ എബ്രായരും പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടെന്ന് വിശ്വസിച്ചിരുന്നു. “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന് ഉല്പത്തി 1:1-ൽ കാണുന്നു. അതുപോലെ, ഏകദേശം 3,500 വർഷംമുമ്പ് ദൈവം തന്റെ ദാസനായ ഇയ്യോബിനോട്, താൻ ഭൂമിയെ ‘നാസ്തിത്വത്തിന്മേൽ തൂക്കിയിരിക്കുന്നതായി’ അഥവാ ദൃശ്യമായ ഒരു താങ്ങില്ലാതെ ശൂന്യാകാശത്തിൽ നിറുത്തിയിരിക്കുന്നതായി പറഞ്ഞു. (ഇയ്യോബ് 26:7) കൂടാതെ, ഭൂമി ഒരു ഗോളമാണ് എന്ന വസ്തുത ഏകദേശം 2,500 വർഷംമുമ്പ് യെശയ്യാപ്രവാചകൻ രേഖപ്പെടുത്തി.—യെശയ്യാവു 40:22.a
അതെ, പ്രകൃതിയെക്കുറിച്ച് ശാസ്ത്രം കണ്ടെത്തിയിട്ടുള്ള വസ്തുതകളും ബൈബിളും തമ്മിൽ യാതൊരു പൊരുത്തക്കേടും ഇല്ലെന്നുമാത്രല്ല, അവ പരസ്പര പൂരകങ്ങൾപോലുമാണ്. ദൈവത്തെക്കുറിച്ചുള്ള പല സത്യങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന ഉപാധികളാണ് രണ്ടും. ഇതിൽ ഒന്നു തിരസ്കരിക്കുന്നെങ്കിൽ ദൈവത്തെക്കുറിച്ച് അറിയാനുള്ള ഒരു മാർഗം അടച്ചുകളയുകയായിരിക്കും നാം!—സങ്കീർത്തനം 119:105; യെശയ്യാവു 40:26. (g11-E 02)
[അടിക്കുറിപ്പ്]]
a ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചും ബൈബിളിന്റെ കൃത്യതയെക്കുറിച്ചും കൂടുതൽ കാര്യങ്ങൾ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകവും ജീവൻ സൃഷ്ടിക്കപ്പെട്ടതോ? (ഇംഗ്ലീഷ്) എന്ന ലഘുപത്രികയും കാണുക.
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
● സൃഷ്ടിജാലം ദൈവത്തെക്കുറിച്ച് നമ്മോട് എന്തു പറയുന്നു?—റോമർ 1:20.
● ദൈവത്തെക്കുറിച്ച് ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്ത ചില കാര്യങ്ങൾ ഏവ?—2 തിമൊഥെയൊസ് 3:16.
● സത്യദൈവത്തിന്റെ പ്രവാചകന്മാർക്ക് സൃഷ്ടിജാലങ്ങളെക്കുറിച്ച് അന്ധവിശ്വാസങ്ങൾ ഇല്ലാതിരുന്നത് എന്തുകൊണ്ട്?—യിരെമ്യാവു 33:25.
[19-ാം പേജിലെ ആകർഷകവാക്യം]
നിയതമായ നിയമങ്ങളാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നത്—‘ആകാശത്തിനും ഭൂമിക്കും നൽകിയിരിക്കുന്ന നിയമങ്ങൾ.’—യിരെമ്യാവു 33:25