മുഖ്യലേഖനം
ബൈബിൾ ഒരു നല്ല പുസ്തകം മാത്രമോ?
ഏതാണ്ട് 2,000 വർഷം മുമ്പ് എഴുതപ്പെട്ട പുസ്തകമാണ് ബൈബിൾ. അതിനു ശേഷം എണ്ണമറ്റ പുസ്തകങ്ങൾ രംഗപ്രവേശം ചെയ്തെങ്കിലും ബൈബിൾ മാത്രം അരങ്ങൊഴിയാതെ നിൽക്കുന്നു. ഏതാനും കാര്യങ്ങൾ നോക്കാം.
ശക്തരായ ഭരണാധികാരികൾ അഴിച്ചുവിട്ട ക്രൂരമായ ആക്രമണങ്ങളെ ബൈബിൾ അതിജീവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, മധ്യകാലഘട്ടങ്ങളിലെ ചില “ക്രിസ്തീയ” ദേശങ്ങളിൽ, നാട്ടുഭാഷയിലുള്ള ബൈബിൾ കൈവശം വെക്കുകയോ വായിക്കുകയോ ചെയ്യുന്ന ഒരുവനെ മതനിന്ദകനോ സമുദായവിരോധിയോ ആയി വീക്ഷിച്ചിരുന്നെന്ന് ഒരു പുസ്തകം (An Introduction to the Medieval Bible) പറയുന്നു. സാധാരണക്കാരുടെ ഭാഷയിലേക്ക് ബൈബിൾ പരിഭാഷ ചെയ്യുകയോ ബൈബിൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്ത പണ്ഡിതന്മാരുടെ ജീവൻ അപകടത്തിലായിരുന്നു. ചിലരെ കൊല്ലുകപോലും ചെയ്തിട്ടുണ്ട്.
ഇത്രയധികം എതിർപ്പുകളുണ്ടായിട്ടും ഏറ്റവും അധികം വിതരണം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകമായി ബൈബിൾ നിലകൊണ്ടു, ആ നിലയിൽ തുടരുകയും ചെയ്യുന്നു. ബൈബിൾ മുഴുവനായോ ഭാഗികമായോ 2,800-ലധികം ഭാഷകളിൽ 500 കോടിയിലേറെ കോപ്പികൾ അച്ചടിച്ചിട്ടുണ്ട്. ഇത്, ഇക്കാലത്ത് പ്രചാരത്തിലുള്ള തത്ത്വചിന്ത, ശാസ്ത്രം തുടങ്ങിയ ഏത് മേഖലകളിലെയും പുസ്തകങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണ്. മാത്രമല്ല, അവയെല്ലാം എളുപ്പം കാലഹരണപ്പെട്ടുപോകുകയും ചെയ്യുന്നു.
ചില ഭാഷകളിലേക്ക് ബൈബിൾ പരിഭാഷ ചെയ്തപ്പോൾ അത്, ആ ഭാഷതന്നെ നിലനിൽക്കാനും അതിന് കൂടുതൽ പുരോഗതിയുണ്ടാകാനും സഹായിച്ചു. ഉദാഹരണത്തിന്, മാർട്ടിൻ ലൂഥർ ജർമൻ ഭാഷയിലേക്ക് ബൈബിൾ പരിഭാഷ ചെയ്തത് ആ ഭാഷയെ വളരെയധികം സമ്പന്നമാക്കി. ജയിംസ് രാജാവിന്റെ ഭാഷാന്തരം ബൈബിളിന്റെ ആദ്യപതിപ്പിനെ ഇംഗ്ലീഷ് ഭാഷയിലെ “എക്കാലത്തെയും ഏറ്റവും സ്വാധീനശക്തിയുള്ള ഒരേയൊരു പുസ്തകം” എന്നാണ് പറയുന്നത്.
ബൈബിൾ, “മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാത്രമല്ല കല, സാഹിത്യം, നിയമം, രാഷ്ട്രീയം തുടങ്ങി പാശ്ചാത്യസംസ്കാരത്തിന്റെ എണ്ണിയാലൊടുങ്ങാത്ത മേഖലകളെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്” എന്ന് ഒരു ബൈബിൾവിജ്ഞാനകോശം ( The Oxford Encyclopedia of the Books of the Bible) പറയുന്നു.
ബൈബിളിനെ മറ്റ് എല്ലാ പുസ്തകങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്ന ചില സവിശേഷതകളാണ് ഇവ. ആകട്ടെ, ബൈബിൾ ഇത്ര ജനപ്രീതി ആർജിച്ചത് എങ്ങനെ? അനേകം ആളുകൾ അതിനുവേണ്ടി ജീവൻ ത്യജിക്കാൻ തയാറായത് എന്തുകൊണ്ട്? ചില കാരണങ്ങൾ നമുക്ക് നോക്കാം: സന്മാർഗത്തെയും ആത്മീയതയെയും സംബന്ധിച്ച അതിന്റെ പഠിപ്പിക്കലുകളിൽ അസാധാരണമായ ജ്ഞാനം അടങ്ങിയിട്ടുണ്ട്. മനുഷ്യർ അനുഭവിക്കുന്ന കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും അടിസ്ഥാനകാരണം അത് വിശദീകരിക്കുന്നു. സന്തോഷകരമെന്നു പറയട്ടെ, ഈ പ്രശ്നങ്ങളെല്ലാം അവസാനിക്കുമെന്ന് അത് വാഗ്ദാനം ചെയ്യുകയും അവ എങ്ങനെ സംഭവിക്കുമെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു.
ബൈബിൾ സാന്മാർഗികവും ആത്മീയവും ആയ ഉൾക്കാഴ്ച പകരുന്നു
നാട്ടുനടപ്പനുസരിച്ച് വിദ്യാഭ്യാസം പ്രധാനമാണ്. പക്ഷെ, “നിങ്ങളുടെ പേരിന്റെ അറ്റത്ത് വാലായി കുറച്ച് ഇംഗ്ലീഷ് അക്ഷരങ്ങൾ ഉണ്ടെന്നുള്ളത് സന്മാർഗനിഷ്ഠ സംബന്ധിച്ച് നല്ല തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾക്ക് പ്രാപ്തിയുണ്ട് എന്ന് ഉറപ്പു നൽകുന്നില്ല” എന്ന് കനഡയിലെ ഒരു പത്രത്തിന്റെ (Ottawa Citizen) മുഖപ്രസംഗം അഭിപ്രായപ്പെട്ടു. വാസ്തവത്തിൽ, ഉന്നതവിദ്യാഭ്യസം നേടിയ ആളുകൾ (ബിസിനസ്സ് രംഗം, ഗവണ്മെന്റ് തലം തുടങ്ങിയവയിലുള്ള നേതാക്കന്മാർ) വഞ്ചിക്കുകയും തട്ടിപ്പുനടത്തുകയും മോഷ്ടിക്കുകയും ചെയ്യുന്നത് അവരിലുള്ള “വിശ്വാസം തകരാൻ” ഇടയാക്കിയതായി ഒരു പൊതുജനസമ്പർക്ക സ്ഥാപനമായ ഈഡൽമാൻ പ്രസിദ്ധീകരിച്ച ഒരു ആഗോളപഠനം വ്യക്തമാക്കുന്നു.
സാന്മാർഗികവും ആത്മീയവും ആയ വിദ്യാഭ്യാസം നൽകുന്നതിലും ബൈബിൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് നമുക്ക് “നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും” സംബന്ധിച്ച ഉൾക്കാഴ്ചയും നൽകുന്നു. (സദൃശവാക്യങ്ങൾ 2:9) ഉദാഹരണത്തിന്, 23 വയസ്സുള്ള സ്റ്റീഫൻ പോളണ്ടിലെ ഒരു ജയിലിൽ തടവിലായി. അവിടെയായിരുന്നപ്പോൾ അദ്ദേഹം ബൈബിൾ പഠിക്കാൻ തുടങ്ങുകയും അതിന്റെ പ്രായോഗികജ്ഞാനം മനസ്സിലാക്കുകയും ചെയ്തു. ‘ഇപ്പോൾ എനിക്ക് “നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക” എന്നതിന്റെ അർഥം മനസ്സിലാകുന്നുണ്ട്. കൂടാതെ, വികാരങ്ങളെ നിയന്ത്രിക്കാൻ വിശേഷിച്ച് എന്റെ അമിതമായ ദേഷ്യം അടക്കാൻ ഞാൻ പഠിച്ചിരിക്കുന്നു’ എന്ന് അദ്ദേഹം പറയുന്നു.—എഫെസ്യർ 4:31; 6:2.
സദൃശവാക്യങ്ങൾ 19:11-ൽ കാണുന്ന പിൻവരുന്ന തത്ത്വം സ്റ്റീഫൻ ജീവിതത്തിൽ പ്രാവർത്തികമാക്കി: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” ഇപ്പോൾ, പ്രകോപനപരമായ ഒരു സാഹചര്യമുണ്ടായാൽ അദ്ദേഹം അതിനെ ശാന്തമായി വിശകലനം ചെയ്യുകയും ഉൾപ്പെട്ടിരിക്കുന്ന ബൈബിൾ തത്ത്വങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. “ബൈബിളാണ് ഏറ്റവും നല്ല മാർഗദർശി എന്ന് ഞാൻ കണ്ടെത്തിയിരിക്കുന്നു” സ്റ്റീഫൻ പറയുന്നു.
മുൻവിധിക്കാരിയായ ഒരു സ്ത്രീ യഹോവയുടെ സാക്ഷികളിൽ ഒരാളായ മരിയയെ പരസ്യമായി അവഹേളിക്കുകയും അതിന്റെ ഫലമായി ആളുകൾ തടിച്ചുകൂടുകയും ചെയ്തു. അപ്പോൾ, മറുത്ത് ഒരു അക്ഷരം പറയുന്നതിനു പകരം മരിയ ശാന്തയായി തന്റെ വഴിക്ക് പോയി. സ്വന്തം പെരുമാറ്റത്തിൽ മനസ്സാക്ഷിക്കുത്ത് അനുഭവപ്പെട്ട ആ സ്ത്രീ തന്റെ ഖേദം അറിയിക്കാൻ അപ്പോൾമുതൽ യഹോവയുടെ സാക്ഷികളെ അന്വേഷിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ, ഒരു മാസം കഴിഞ്ഞ് അവർ യാദൃച്ഛികമായി മരിയയെ കാണാൻ ഇടയായി. കണ്ടപാടെ ആ സ്ത്രീ അവളെ കെട്ടിപ്പിടിക്കുകയും തന്റെ മോശമായ പെരുമാറ്റത്തെപ്രതി മാപ്പ് ചോദിക്കുകയും ചെയ്തു. അവളുടെ മതവിശ്വാസമാണ് ഇത്ര ശാന്തതയും ആത്മനിയന്ത്രണവും പ്രകടമാക്കാൻ കാരണമായതെന്ന് ആ സ്ത്രീ മനസ്സിലാക്കി. ഫലമോ? മുൻവിധിക്കാരിയായിരുന്ന ആ സ്ത്രീയും അവളുടെ കുടുംബത്തിലെ അഞ്ചു പേരും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തീരുമാനിച്ചു.
ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ നീതീകരിക്കപ്പെടുന്നു എന്ന് യേശുക്രിസ്തു പറഞ്ഞു. (ലൂക്കോസ് 7:35) ബൈബിളിലെ തത്ത്വങ്ങൾ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രായോഗികമാണെന്ന് ഇത് തെളിയിക്കുന്നു. അവ നമ്മളിലെ ഏറ്റവും മികച്ചത് പുറത്തുകൊണ്ടുവരുന്നു, “അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു,” “ഹൃദയത്തെ സന്തോഷിപ്പിക്കുന്നു,” ധാർമികവും ആത്മീയവും ആയ നൈർമല്യംകൊണ്ട് ‘കണ്ണുകളെ പ്രകാശിപ്പിക്കുകയും ചെയ്യുന്നു.’—സങ്കീർത്തനം 19:7, 8.
മനുഷ്യരുടെ കഷ്ടപ്പാടുകളുടെയും പോരാട്ടങ്ങളുടെയും കാരണം ബൈബിൾ വിശദീകരിക്കുന്നു
ഒരു മഹാവ്യാധി പൊട്ടിപ്പുറപ്പെട്ടാൽ ഗവേഷകർ അതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കാറുണ്ട്. അതുപോലെ, മനുഷ്യരുടെ കഷ്ടപ്പാടുകളുടെയും ഭിന്നതകളുടെയും കാരണവും കണ്ടെത്തേണ്ടതുണ്ട്. ഇവിടെയും ബൈബിൾ നമ്മുടെ സഹായത്തിന് എത്തുന്നു. കുഴപ്പങ്ങൾ തുടങ്ങിയ കാലത്തേക്ക് അതായത്, മനുഷ്യചരിത്രത്തിന്റെ ആരംഭത്തിലേക്ക് അതിന്റെ വിവരണം നമ്മളെ കൊണ്ടുപോകുന്നു.
ആദ്യമനുഷ്യജോഡി ദൈവത്തിന് എതിരെ മത്സരിച്ചപ്പോൾ മനുഷ്യന്റെ ദുരിതങ്ങൾ തുടങ്ങിയെന്ന് ബൈബിളിന്റെ ആദ്യപുസ്തകമായ ഉൽപത്തി വെളിപ്പെടുത്തുന്നു. മറ്റ് കാര്യങ്ങൾക്കൊപ്പം അവർ നമ്മുടെ സ്രഷ്ടാവിനു മാത്രം അവകാശപ്പെട്ട, സാന്മാർഗികനിലവാരങ്ങൾ വെക്കാനുള്ള അധികാരം സ്വയം ഏറ്റെടുത്തു. (ഉൽപത്തി 3:1-7) അന്നുതൊട്ട് മനുഷ്യവർഗം സ്വതന്ത്രചിന്താഗതിയുടെ അതേ പാത പിന്തുടരുന്നു. അതിന്റെ ഫലം എന്താണ്? സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും അനുഭവങ്ങളല്ല പകരം, ഏറ്റുമുട്ടലുകളുടെയും അടിച്ചമർത്തലിന്റെയും ധാർമികവും ആത്മീയവും ആയ വിയോജിപ്പുകളുടെയും സംഘർഷങ്ങളുടെയും ഒരു നീണ്ട ചരിത്രരേഖയാണ് മനുഷ്യവർഗം ഉണ്ടാക്കിവെച്ചിരിക്കുന്നത്. (സഭാപ്രസംഗി 8:9) ‘മനുഷ്യന്നു തന്റെ കാലടികളെ നേരെ ആക്കുന്നത് സ്വാധീനമല്ല’ എന്ന് ബൈബിൾ പ്രസ്താവിക്കുന്നത് എത്രയോ ശരിയാണ്! (യിരെമ്യ 10:23) എന്നാൽ, ഒരു ‘സന്തോഷവാർത്ത’യുണ്ട്: ധാർമികസ്വാതന്ത്ര്യം തേടിയുള്ള മനുഷ്യവർഗത്തിന്റെ അപകടകരമായ പരീക്ഷണങ്ങൾ കഴിയാറായിരിക്കുന്നു. അല്ല, ഏതാണ്ട് കഴിഞ്ഞിരിക്കുന്നു!
ബൈബിൾ പ്രത്യാശ പകരുന്നു
ബൈബിൾ ഇങ്ങനെ ഉറപ്പുതരുന്നു. ദൈവം, തന്റെ അധികാരത്തെയും നിയമങ്ങളെയും ആദരിക്കുന്ന ആളുകളെ സ്നേഹിക്കുന്നതുകൊണ്ട് ദുഷ്ടതയും അതിന്റെ ഫലമായി ഉണ്ടാകുന്ന യാതനയും എന്നേക്കും അനുവദിക്കുകയില്ല. ദുഷ്ടന്മാർ ‘സ്വന്തവഴിയുടെ ഫലം അനുഭവിക്കും.’ (സദൃശവാക്യങ്ങൾ 1:30, 31) നേരെമറിച്ച്, ‘സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കുകയും സമാധാനസമൃദ്ധിയിൽ ആനന്ദിക്കുകയും’ ചെയ്യും.—സങ്കീർത്തനം 37:11.
“സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നുമത്രേ അവൻ (ദൈവം) ആഗ്രഹിക്കുന്നത്”—1 തിമൊഥെയൊസ് 2:3, 4.
‘ദൈവരാജ്യം’ മുഖേന സമാധാനപൂർണമായ ഭൂമിയെ സംബന്ധിച്ച തന്റെ ഉദ്ദേശ്യം ദൈവം നിറവേറ്റും. (ലൂക്കോസ് 4:43) ആ രാജ്യം ഒരു ലോകഗവൺമെന്റാണ്. അതിലൂടെ, ദൈവം മനുഷ്യവർഗത്തിന്മേലുള്ള തന്റെ നിയമാനുസൃതപരമാധികാരം പ്രയോഗിക്കും. മാതൃകാപ്രാർഥനയിൽ, “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം . . . ഭൂമിയിലും ആകേണമേ” എന്ന് അപേക്ഷിച്ചപ്പോൾ യേശു ഈ രാജ്യത്തെ ഭൂമിയുമായി ബന്ധപ്പെടുത്തി.—മത്തായി 6:10.
അതെ, തങ്ങളെ ഭരിക്കാനുള്ള യോഗ്യത യഥാർഥത്തിൽ സ്രഷ്ടാവിനാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ദൈവരാജ്യത്തിന്റെ പ്രജകൾ ദൈവേഷ്ടം ചെയ്യും. അഴിമതി, അത്യാഗ്രഹം, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, വർഗീയ മുൻവിധികൾ, യുദ്ധങ്ങൾ എല്ലാം പഴങ്കഥയാകും. ഒരു ലോകം, ഒരു ഗവണ്മെന്റ്, എല്ലാവർക്കും ഒരേ ധാർമിക-ആത്മീയ നിലവാരങ്ങൾ.—വെളിപാട് 11:15.
ആ പുതിയ ലോകം കാണാനുള്ള ഒരേയൊരു മാർഗം വിദ്യാഭ്യാസം നേടുകയാണ്. ‘സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെന്നും ദൈവം ആഗ്രഹിക്കുന്നു’ എന്ന് 1 തിമൊഥെയൊസ് 2:3, 4 പറയുന്നു. ആ സത്യത്തിൽ, ദൈവരാജ്യത്തിന്റെ ഭരണഘടന എന്ന് നമ്മൾ വിളിക്കുന്ന ബൈബിൾപഠിപ്പിക്കലുകൾ അതായത്, രാജ്യം ഭരണം നടത്താൻ ഉപയോഗിക്കുന്ന നിയമങ്ങളും തത്ത്വങ്ങളും ഉൾപ്പെടുന്നു. യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിൽ ഇതിന്റെ ഒളിമിന്നലുകൾ കാണാം. (മത്തായി 5-7 അധ്യായങ്ങൾ) ഈ അധ്യായങ്ങൾ വായിക്കുമ്പോൾ, യേശുവിന്റെ ജ്ഞാനം എല്ലാവരും ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ആ കാലം ഒന്ന് സങ്കൽപ്പിച്ച് നോക്കൂ!
ലോകത്ത് ഏറ്റവും അധികം വിതരണം ചെയ്യപ്പെടുന്ന പുസ്തകമാണ് ബൈബിൾ എന്നതിൽ അതിശയിക്കേണ്ടതുണ്ടോ? ലവലേശമില്ല! ദൈവനിശ്വസ്തതയാണ് അതിന്റെ പഠിപ്പിക്കലുകളുടെ മുഖമുദ്ര. എല്ലാ രാഷ്ട്രങ്ങളിലും ഭാഷകളിലും പെട്ട ആളുകൾ തന്നെക്കുറിച്ച് അറിയണമെന്നും തന്റെ രാജ്യം കൊണ്ടുവരുന്ന അനുഗ്രഹങ്ങളിൽനിന്ന് പ്രയോജനം നേടണമെന്നും ദൈവം തീവ്രമായി ആഗ്രഹിക്കുന്നു. അതിന്റെ പ്രതിഫലനമാണ് ഈ പുസ്തകം നേടിയിരിക്കുന്ന വിപുലമായ പ്രചാരം!—പ്രവൃത്തികൾ10:34,35. ◼ (g16-E No. 2)