5 പ്രചോദനം അനിവാര്യം
“സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നു.” (സദൃശവാക്യങ്ങൾ 13:16) ആരോഗ്യസംരക്ഷണം സംബന്ധിച്ച് അടിസ്ഥാന അറിവു നേടുന്നത് നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യശീലങ്ങളിൽ വേണ്ട മാറ്റം വരുത്താൻ നിങ്ങളെ പ്രചോദിപ്പിക്കും.
അറിവു സമ്പാദിക്കുക. പലയിടങ്ങളിലും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ ഏജൻസികളും, ആരോഗ്യബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും അനുബന്ധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുകയും ചെയ്യാറുണ്ട്. അവയെല്ലാം പ്രയോജനപ്പെടുത്തുക. അങ്ങനെ ആരോഗ്യപരിരക്ഷയെക്കുറിച്ച് അറിവുള്ളവരായിരിക്കുക. തുറന്ന മനസ്സോടെ നിർദേശങ്ങൾ സ്വീകരിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുക.
നിങ്ങളുടെ നല്ല ആരോഗ്യശീലങ്ങൾ നിങ്ങളുടെ മക്കൾക്കും അവരുടെ മക്കൾക്കും പ്രയോജനം ചെയ്യും. ശുചിത്വം, ആഹാരശീലം, ഉറക്കം, വ്യായാമം, രോഗപ്രതിരോധം എന്നീ കാര്യങ്ങളിൽ നിങ്ങൾ വെക്കുന്ന നല്ല മാതൃക നിങ്ങളുടെ മക്കളും പിൻപറ്റും.—സദൃശവാക്യങ്ങൾ 22:6.
അവശ്യം വേണ്ട ഒരു ഘടകം. ആരോഗ്യകരമായ ജീവിതശൈലി പിൻപറ്റാൻ ആഗ്രഹംമാത്രം പോരാ. കാലങ്ങളായുള്ള ദുശ്ശീലങ്ങൾ അത്ര എളുപ്പത്തിൽ ഉപേക്ഷിക്കാനാവില്ല. ചെറിയ മാറ്റങ്ങൾ വരുത്തണമെങ്കിൽപ്പോലും ശക്തമായ ചോദന ഉണ്ടായിരിക്കണം. രോഗം പിടിപെടുമെന്നോ മരിക്കുമെന്നോ ഉള്ള അറിവുപോലും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ചിലരെ പ്രേരിപ്പിക്കണമെന്നില്ല. എന്നാൽ ജീവിതത്തിന് ഉത്കൃഷ്ടമായ ഒരു ഉദ്ദേശ്യമുണ്ടെന്ന വസ്തുത തിരിച്ചറിയാനായാൽ അവർക്ക് അതിനു കഴിഞ്ഞേക്കും.
നല്ല ആരോഗ്യമുണ്ടെങ്കിലേ പരസ്പരം സഹായിക്കാൻ ദമ്പതികൾക്കാകൂ. ആരോഗ്യമുള്ളവരായിരുന്നാൽ മാത്രമേ മാതാപിതാക്കൾക്ക് കുട്ടികളെ സഹായിക്കാനും പരിശീലിപ്പിക്കാനും കഴിയൂ. പ്രായമായ മാതാപിതാക്കളെ പരിപാലിക്കാൻ മക്കളും ആരോഗ്യമുള്ളവരായിരിക്കണം. ഇനി, സമൂഹത്തിന് ഒരു ഭാരമാകാതെ പ്രയോജനമുള്ള പൗരന്മാരായി ജീവിക്കണമെന്നാണ് നമ്മുടെയെല്ലാം ആഗ്രഹം. അതുകൊണ്ടുതന്നെ നാം ആരോഗ്യത്തോടിരുന്നേ മതിയാകൂ. ഈ ആഗ്രഹങ്ങളിലെല്ലാം അന്തർലീനമായിരിക്കുന്നത് എന്താണ്? മറ്റുള്ളവരോടുള്ള സ്നേഹവും പരിഗണനയും.
ഇതിനെക്കാൾ ശക്തമായ മറ്റൊരു പ്രചോദകഘടകമുണ്ട്: നമ്മുടെ സ്രഷ്ടാവിനോടുള്ള കൃതജ്ഞതയും ഭക്തിയും. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ജീവൻ അവൻ തന്ന സമ്മാനമാണെന്ന് അറിയാം. അതുകൊണ്ടുതന്നെ ആ ജീവൻ സംരക്ഷിക്കാൻ അവർ ആഗ്രഹിക്കുന്നു. (സങ്കീർത്തനം 36:9) മാത്രമല്ല, ആരോഗ്യമുണ്ടെങ്കിലേ ദൈവത്തെ ഊർജസ്വലതയോടെ സേവിക്കാൻ നമുക്കു കഴിയൂ. ആരോഗ്യസംരക്ഷണത്തിനായി വേണ്ടതെല്ലാം ചെയ്യാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതല്ലേ? (g11-E 03)
നല്ല ആരോഗ്യശീലങ്ങൾ പിൻപറ്റൂ, ജീവിതം ആസ്വദിക്കൂ!