ഞാൻ പ്രത്യാശ കണ്ടെത്തി—എനിക്ക് അത് ഏറ്റവും ആവശ്യമായിരുന്നപ്പോൾ!
ഞാൻ വെള്ളത്തിൽ കമിഴ്ന്നടിച്ചു കിടക്കുകയാണ്. തലപൊക്കി ശ്വസിക്കാൻ ശ്രമിച്ചു, പക്ഷേ കഴുത്ത് അനങ്ങുന്നില്ല. ഞാൻ ഭയന്നുപോയി. ഒന്നു തിരിയാൻ ശ്രമിച്ചുനോക്കി, എന്നാൽ കൈയും കാലും അനങ്ങുന്നില്ല. അപ്പോഴേക്കും ശ്വാസകോശത്തിൽ വെള്ളം കയറാനും തുടങ്ങി. 1991-ലെ ആ വേനൽക്കാല ദിവസം എന്റെ ജീവിതമാകെ മാറ്റിമറിച്ചു.
ഞാൻ ജനിച്ചത് വടക്കുകിഴക്കൻ ഹംഗറിയിലെ സെറെഞ്ച് പട്ടണത്തിലാണ്, വളർന്നത് ടിസാലാഡോനി എന്ന ഗ്രാമത്തിലും. 1991 ജൂണിൽ കൂട്ടുകാരോടൊപ്പം ഞാൻ ടിസാ നദിയിലെ പരിചിതമല്ലാത്ത ഒരു ഭാഗത്തേക്കു പോയതാണ്. ആഴമുണ്ടെന്നു കരുതി ഞാൻ വെള്ളത്തിലേക്കു എടുത്തു ചാടി. അത് വലിയൊരു അബദ്ധമായിരുന്നു! എന്റെ കഴുത്തിലെ മൂന്നു കശേരുക്കൾ പൊട്ടി, സുഷുമ്നാനാഡിക്കു പരിക്കുപറ്റി. അനങ്ങാൻവയ്യാതെ വെള്ളത്തിൽ കിടക്കുന്ന എന്നെ കണ്ട കൂട്ടുകാരൻ, ശ്രദ്ധയോടെ എന്നെ എടുത്തു കരയിൽ എത്തിച്ചു.
അപ്പോഴും എനിക്കു ബോധമുണ്ടായിരുന്നു. കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി. ആരോ അടിയന്തിരസേവന വിഭാഗത്തെ വിളിച്ചു. ഒരു ഹെലികോപ്റ്റർ വന്ന് എന്നെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർമാർ എന്റെ നട്ടെല്ല് ശരിയാക്കിയ ശേഷം പൂർണസുഖം പ്രാപിക്കുന്നതിനു തലസ്ഥാനനഗരമായ ബുഡാപെസ്റ്റിലേക്ക് എന്നെ മാറ്റി. അവിടെ ഞാൻ മൂന്നു മാസം കിടന്നു. എന്റെ കഴുത്തിനു കീഴോട്ട് തളർന്നുപോയി, തല മാത്രമേ അനക്കാൻ കഴിയുമായിരുന്നുള്ളൂ. അങ്ങനെ 20-ാം വയസ്സിൽ ഞാൻ പൂർണമായി മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയിലായി. എനിക്ക് അങ്ങേയറ്റം നിരാശതോന്നി, മരിച്ചാൽ മതിയെന്നായി.
എന്നെ തിരികെ വീട്ടിൽ കൊണ്ടുവന്നു. അപ്പോഴേക്കും എന്റെ മാതാപിതാക്കൾക്ക് എന്നെ ശുശ്രൂഷിക്കാനുള്ള പരിശീലനം കിട്ടിയിരുന്നെങ്കിലും എന്റെ ഈ അവസ്ഥ അവരെ ശാരീരികമായും മാനസികമായും തളർത്തി. ഒരു വർഷം കഴിഞ്ഞപ്പോൾ ഞാൻ കടുത്ത വിഷാദത്തിന് അടിമയായി. ആ സമയത്ത് എനിക്കു വിദഗ്ധരിൽനിന്ന് കൗൺസിലിംഗ് ലഭിച്ചു. അത് ശാരീരിക അവസ്ഥയെക്കുറിച്ചുള്ള എന്റെ വീക്ഷണം മാറ്റാൻ എന്നെ സഹായിച്ചു.
ഞാൻ ജീവിതത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ തുടങ്ങി. ജീവിതത്തിന് ഒരു ഉദ്ദേശ്യമുണ്ടോ? എനിക്ക് ഈ ദുരന്തം എന്തുകൊണ്ടു സംഭവിച്ചു? ഉത്തരത്തിനായി മാസികകളും പുസ്തകങ്ങളും ഞാൻ വായിച്ചു. ബൈബിൾ വായിക്കാനും ഞാൻ ശ്രമിച്ചു, പക്ഷേ അത് മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നതുകൊണ്ട് ഞാൻ വായന നിറുത്തി. ഇതെക്കുറിച്ച് ഞാൻ ഒരു പുരോഹിതനോട് സംസാരിച്ചു, പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ തൃപ്തികരമായിരുന്നില്ല.
അങ്ങനെയിരിക്കെ 1994-ലെ വസന്തകാലത്ത്, രണ്ട് യഹോവയുടെ സാക്ഷികൾ എന്റെ അച്ഛനെ സന്ദർശിച്ചു. എന്നോടു സംസാരിക്കാൻ അദ്ദേഹം അവരോടു പറഞ്ഞു. ഭൂമി പറുദീസയാക്കാനും രോഗവും ദുരിതവും തുടച്ചുനീക്കാനും ഉള്ള ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അവർ വിശദീകരിച്ചപ്പോൾ ഞാൻ ശ്രദ്ധയോടെ കേട്ടു. അത് വളരെ ആകർഷകമായി തോന്നി, പക്ഷേ എനിക്കു ചില സംശയങ്ങളുണ്ടായിരുന്നു. എങ്കിലും ഞാൻ അവരിൽനിന്ന് രണ്ടു ബൈബിൾപഠന പുസ്തകങ്ങൾ സ്വീകരിച്ചു, രണ്ടും വായിച്ചു തീർത്തു. പിന്നീട്, സാക്ഷികൾ എന്നെ ബൈബിൾ പഠിക്കാൻ സഹായിക്കാമെന്നു പറഞ്ഞു, ഞാൻ സമ്മതിച്ചു. അവർ എന്നെ പ്രാർഥിക്കാനും പ്രോത്സാഹിപ്പിച്ചു.
ദൈവം എന്നെക്കുറിച്ചു കരുതുന്നുവെന്ന് എനിക്കു ബോധ്യം വന്നു
ബൈബിൾപഠനം പുരോഗമിക്കവെ എന്റെ മിക്ക ചോദ്യങ്ങൾക്കും ബൈബിളിൽനിന്ന് നേരിട്ട് ഉത്തരം കിട്ടി. ദൈവം എന്നെക്കുറിച്ചു കരുതുന്നുവെന്ന് എനിക്കു ബോധ്യം വന്നു. ഒടുവിൽ, രണ്ടു വർഷത്തെ ബൈബിൾപഠനത്തിനു ശേഷം 1997 സെപ്റ്റംബർ 13-ന് വീട്ടിലെ ബാത്ത്ടബ്ബിൽ ഞാൻ സ്നാനമേറ്റു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളിൽ ഒന്നായിരുന്നു അത്.
2007-ൽ ബുഡാപെസ്റ്റിലെ അംഗവൈകല്യമുള്ളവർക്കായുള്ള അഭയകേന്ദ്രത്തിൽ ഞാൻ സ്ഥിരതാമസമാക്കി. ഞാൻ പഠിച്ച അത്ഭുതകരമായ കാര്യങ്ങൾ പങ്കുവെയ്ക്കാൻ അത് എനിക്കു ധാരാളം അവസരങ്ങൾ നൽകി. താടികൊണ്ടു പ്രവർത്തിപ്പിക്കാവുന്ന, മോട്ടോർ ഘടിപ്പിച്ച പ്രത്യേക വീൽചെയറിന്റെ സഹായത്താൽ, നല്ല കാലാവസ്ഥയുള്ളപ്പോൾ എനിക്കു പുറത്തുപോയി ആളുകളോടു സംസാരിക്കാൻ കഴിയുന്നുണ്ട്.
എന്റെ സഭയിലെ ഒരു കുടുംബത്തിന്റെ സഹായത്താൽ, തലയുടെ ചലനങ്ങൾക്കനുസരിച്ച് പ്രവർത്തിപ്പിക്കാവുന്ന ഒരു ലാപ്ടോപ് വാങ്ങി. സഭയിലെ സഹോദരങ്ങൾ വീടുതോറും പ്രവർത്തിക്കുമ്പോൾ ആളില്ലാത്ത വീടുകളെക്കുറിച്ച് എന്നെ അറിയിക്കാറുണ്ട്. അവരെ ഇന്റർനെറ്റ് ഉപയോഗിച്ച് ഫോൺ ചെയ്യാനും അവർക്ക് കത്തുകൾ അയയ്ക്കാനും ഈ ലാപ്ടോപ് എന്നെ സഹായിക്കുന്നു. മറ്റുള്ളവരെ ഇങ്ങനെ സഹായിക്കുന്നത് എന്റെ സംസാരപ്രാപ്തി വർധിപ്പിച്ചിരിക്കുന്നു, എന്നെക്കുറിച്ചുതന്നെ അധികം ചിന്തിക്കാതിരിക്കാനും അത് എന്നെ സഹായിക്കുന്നു.
താടികൊണ്ടു പ്രവർത്തിപ്പിക്കാവുന്ന, മോട്ടോർ ഘടിപ്പിച്ച പ്രത്യേക വീൽചെയറിന്റെ സഹായത്താൽ ഇന്റർനെറ്റിലൂടെ ബൈബിൾസന്ദേശം പങ്കുവെക്കുന്നു
ക്രിസ്തീയയോഗങ്ങൾക്കു ഹാജരാകാനും എനിക്കു കഴിയുന്നുണ്ട്. രാജ്യഹാളിൽ എത്തുമ്പോൾ എന്റെ ക്രിസ്തീയസഹോദരന്മാർ ശ്രദ്ധാപൂർവം എന്നെ വീൽചെയർ സഹിതം എടുത്ത് ഒന്നാം നിലയിലുള്ള യോഗസ്ഥലത്തേക്കു കൊണ്ടുപോകും. യോഗത്തിന്റെ സമയത്ത്, സദസ്യരോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ എന്റെ അടുത്തിരിക്കുന്ന സഹോദരൻ എനിക്കുവേണ്ടി കൈപൊക്കും. ഞാൻ ഉത്തരം പറയുമ്പോൾ സഹോദരൻ എന്റെ ബൈബിളോ പഠിക്കുന്ന പ്രസിദ്ധീകരണമോ എനിക്കു കാണത്തക്കവിധം പിടിച്ചുതരും.
എനിക്ക് ഇപ്പോഴും വേദനയുണ്ട്, മിക്ക കാര്യങ്ങൾക്കും ഇപ്പോഴും സഹായം ആവശ്യമാണ്. അതുകൊണ്ട് ഞാൻ പലപ്പോഴും വൈകാരികമായി തളർന്നു പോകാറുണ്ട്. എന്നാൽ യഹോവയാം ദൈവവുമായുള്ള സ്നേഹബന്ധത്തിൽനിന്നു ഞാൻ ആശ്വാസം കണ്ടെത്തുന്നു. എന്റെ വിഷമങ്ങൾ പകരുമ്പോൾ ദൈവം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയാം. ബൈബിൾവായനയിൽനിന്നും ക്രിസ്തീയ സഹോദരീസഹോദരന്മാരിൽനിന്നും എനിക്ക് ബലം ലഭിക്കുന്നു. അവരുടെ സൗഹൃദം, അവർ നൽകുന്ന വൈകാരികപിന്തുണ, എനിക്കുവേണ്ടിയുള്ള അവരുടെ പ്രാർഥനകൾ ഇവയെല്ലാം മാനസികവും വൈകാരികവും ആയി സമനില പാലിക്കാൻ എന്നെ സഹായിക്കുന്നു.
എനിക്ക് ഏറ്റവും ആവശ്യമായിരുന്നപ്പോൾ യഹോവ എനിക്ക് ആശ്വാസമേകി. ഒരു പുതിയലോകത്തിൽ പൂർണാരോഗ്യം നേടാമെന്നുള്ള പ്രത്യാശയും അവൻ എനിക്കു നൽകി. എന്നോടു കാണിച്ച അസാധാരണമായ സ്നേഹത്തിനും ദയയ്ക്കും, ‘നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിക്കാൻ’ സാധിക്കുന്ന കാലത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുന്നു!—പ്രവൃത്തികൾ 3:6-9.