1. ദുരിതങ്ങൾക്കു കാരണക്കാരൻ ദൈവമാണോ?
സത്യം അറിയേണ്ടതിന്റെ കാരണം
ദുരിതങ്ങൾക്കു കാരണം ദൈവമാണെന്നു പലരും വിചാരിക്കുന്നു. അതുകൊണ്ടാണ് അവർ ദൈവത്തെ ആരാധിക്കാത്തത്.
ചിന്തിക്കാനായി
ദുരിതങ്ങൾക്കു കാരണം ദൈവമാണെന്നാണു പല മതനേതാക്കന്മാരും നേരിട്ടോ അല്ലാതെയോ ആളുകളെ പഠിപ്പിക്കുന്നത്. ഉദാഹരണത്തിന്, ചിലർ ഇങ്ങനെ പറയുന്നു:
പ്രകൃതിദുരന്തങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയാണ്.
ദൈവത്തിനു സ്വർഗത്തിൽ കുറെ മാലാഖമാരെ ആവശ്യമുള്ളതുകൊണ്ടാണ് കുട്ടികൾ മരിക്കുന്നത്.
ദുരിതങ്ങൾ മാത്രം സമ്മാനിക്കുന്ന യുദ്ധങ്ങളിൽ, ദൈവം പക്ഷംപിടിച്ച് പോരാടുന്നു.
ദൈവത്തെക്കുറിച്ച് മതനേതാക്കന്മാർ പഠിപ്പിക്കുന്ന ഇക്കാര്യങ്ങൾ തെറ്റാണെങ്കിലോ? അവർക്കു ശരിക്കും ദൈവത്തിന്റെ അംഗീകാരമുണ്ടോ?
കൂടുതൽ അറിയാൻ
jw.org വെബ്സൈറ്റിലെ ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.
ബൈബിൾ പറയുന്നത്
നമുക്കു ദുരിതങ്ങൾ വരുത്തുന്നതു ദൈവമല്ല.
ദൈവമാണെങ്കിൽ ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ ഗുണങ്ങൾക്കു കടകവിരുദ്ധമായിരിക്കും അത്. ഉദാഹരണത്തിന്:
“ദൈവത്തിന്റെ വഴികളെല്ലാം നീതിയുള്ളവ. ദൈവം . . . നീതിയും നേരും ഉള്ളവൻതന്നെ.”—ആവർത്തനം 32:4.
“ദുഷ്ടത പ്രവർത്തിക്കുന്നതിനെക്കുറിച്ച് ദൈവത്തിനു ചിന്തിക്കാനേ കഴിയില്ല; തെറ്റു ചെയ്യുന്നതിനെക്കുറിച്ച് സർവശക്തന് ആലോചിക്കാൻപോലും പറ്റില്ല.”—ഇയ്യോബ് 34:10.
“സർവശക്തൻ നീതി നിഷേധിക്കില്ലെന്നു തീർച്ചയാണ്.”—ഇയ്യോബ് 34:12.
തന്നെ മോശമായി ചിത്രീകരിക്കുന്ന മതങ്ങളെ ദൈവം തള്ളിക്കളയുന്നു.
ഈ കൂട്ടത്തിൽ, ദുരിതങ്ങൾക്കു കാരണക്കാരൻ ദൈവമാണെന്നു പഠിപ്പിക്കുന്ന മതങ്ങളും, യുദ്ധങ്ങൾക്കും അക്രമങ്ങൾക്കും കൂട്ടുനിൽക്കുന്ന മതങ്ങളും ഉൾപ്പെടുന്നുണ്ട്.
“പ്രവാചകന്മാർ എന്റെ (ദൈവത്തിന്റെ) നാമത്തിൽ നുണകളാണു പ്രവചിക്കുന്നത്. ഞാൻ അവരെ അയയ്ക്കുകയോ അവരോടു കല്പിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജദർശനവും . . . സ്വന്തം ഹൃദയത്തിലെ വഞ്ചനയും ആണ്.”—യിരെമ്യ 14:14.
മതകാപട്യത്തെ യേശു കുറ്റംവിധിച്ചു.
“എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക. ആ ദിവസം പലരും എന്നോട് ഇങ്ങനെ ചോദിക്കും: “കർത്താവേ, കർത്താവേ, ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചിച്ചില്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണിച്ചില്ലേ?” എന്നാൽ ഞാൻ അവരോട്, ‘എനിക്കു നിങ്ങളെ അറിയില്ല. ധിക്കാരികളേ, എന്റെ അടുത്തുനിന്ന് പോകൂ!’ എന്നു തീർത്തുപറയും.”—മത്തായി 7:21-23.