3. നല്ല ആളുകൾക്ക് എന്തുകൊണ്ടാണ് ദുരിതങ്ങളുണ്ടാകുന്നത്?
സത്യം അറിയേണ്ടതിന്റെ കാരണം
നല്ല ആളുകൾക്കു ദുരിതം ഉണ്ടാകുന്നതു നമ്മുടെ നീതിബോധത്തിനു നിരക്കുന്നതല്ല. നല്ല വ്യക്തിയായി ജീവിച്ചിട്ട് എന്തു കാര്യം എന്നുപോലും അപ്പോൾ ആളുകൾ ചിന്തിച്ചുപോകും.
ചിന്തിക്കാനായി
ചില ആളുകൾ പുനർജന്മചക്രത്തിൽ വിശ്വസിക്കുന്നവരാണ്. അവർ പറയുന്നത്, നല്ലതു ചെയ്യുന്നവർക്ക് അടുത്ത ജന്മത്തിൽ നല്ല ജീവിതം കിട്ടുമെന്നാണ്. എന്നാൽ മോശം കാര്യങ്ങൾ ചെയ്യുന്നവർക്ക് അടുത്ത ജന്മത്തിൽ മോശം ജീവിതവും. ഈ വിശ്വാസമനുസരിച്ച് ഈ ജന്മത്തിൽ നല്ല കാര്യങ്ങൾ ചെയ്താൽപ്പോലും മുൻജന്മപാപത്തിന്റെ ഫലം അനുഭവിക്കേണ്ടിവരും. പക്ഷേ,
ഒരാൾക്കു മുൻജന്മപാപങ്ങളെക്കുറിച്ച് ഓർമയില്ലെങ്കിൽ ഇപ്പോൾ അയാൾ അതിന്റെ പേരിൽ ദുരിതം അനുഭവിക്കുന്നതിൽ അർഥമുണ്ടോ?
കഴിഞ്ഞ ജന്മത്തിൽ ചെയ്തതിന്റെ ഫലമാണ് ഈ ജന്മത്തിൽ അനുഭവിക്കേണ്ടിവരുന്നതെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ കഷ്ടപ്പെട്ട് ആരോഗ്യം നോക്കുന്നതും അപകടം വരാതെ നോക്കുന്നതും.
കൂടുതൽ അറിയാൻ
jw.org വെബ്സൈറ്റിലെ ദൈവം കഷ്ടപ്പാട് അനുവദിക്കുന്നത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.
ബൈബിൾ പറയുന്നത്
ദുരിതങ്ങൾ ദൈവത്തിൽനിന്നുള്ള ശിക്ഷയല്ല.
മറിച്ച് അവ പലതും, നമ്മൾ ഒരു പ്രത്യേകസമയത്ത് ഒരു പ്രത്യേകസ്ഥലത്ത് ആയിരിക്കുന്നതുകൊണ്ട് യാദൃച്ഛികമായി സംഭവിക്കുന്നതാണ്.
“വേഗമുള്ളവർ ഓട്ടത്തിലും ബലമുള്ളവർ പോരാട്ടത്തിലും എപ്പോഴും വിജയിക്കുന്നില്ല. എപ്പോഴും ജ്ഞാനികൾക്കല്ല ഭക്ഷണം, ബുദ്ധിമാന്മാർക്കല്ല സമ്പത്ത്. അറിവുള്ളവർ എപ്പോഴും വിജയിക്കുന്നുമില്ല. കാരണം, സമയവും അപ്രതീക്ഷിതസംഭവങ്ങളും അവരെയെല്ലാം പിടികൂടുന്നു.”—സഭാപ്രസംഗകൻ 9:11.
നമ്മുടെ പാപാവസ്ഥ ദുരിതങ്ങൾക്ക് വഴിവെക്കുന്നു.
മോശമായ എന്തെങ്കിലുമൊരു പ്രവൃത്തിയെ കുറിക്കാനാണ് “പാപം” എന്ന പദം മിക്കപ്പോഴും ആളുകൾ ഉപയോഗിക്കുന്നത്. എന്നാൽ ബൈബിളിൽ പാപം എന്ന പദം, എല്ലാ ആളുകൾക്കും പാരമ്പര്യമായി കൈമാറിക്കിട്ടിയ ഒരു പ്രത്യേക അവസ്ഥയെ കുറിക്കാനും ഉപയോഗിച്ചിരിക്കുന്നു.
“ഞാൻ കുറ്റമുള്ളവനായല്ലോ ജനിച്ചത്; അമ്മ എന്നെ ഗർഭം ധരിച്ച നിമിഷംമുതൽ ഞാൻ പാപിയാണ്.”—സങ്കീർത്തനം 51:5, അടിക്കുറിപ്പ്.
പാപത്തിന്റെ ദാരുണമായ ഫലം.
പാപം സ്രഷ്ടാവുമായുള്ള നമ്മുടെ ബന്ധത്തിനു മാത്രമല്ല ദൈവത്തിന്റെ മറ്റു സൃഷ്ടികളുമായി നമുക്കുള്ള ബന്ധത്തിനും വിള്ളൽ വീഴ്ത്തിയിരിക്കുകയാണ്. അതു നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും മനുഷ്യകുലത്തിനു മൊത്തത്തിലും ദുരിതങ്ങൾ വരുത്തിവെച്ചിരിക്കുന്നു.
“ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്.”—റോമർ 7:21.
“സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദന അനുഭവിച്ച് കഴിയുകയാണ്.”—റോമർ 8:22.