അധ്യായം 23
വേലയുടെ അനുഗ്രഹം
നീഎന്തു ചെയ്യാനാണു കൂടുതൽ ഇഷ്ടപ്പെടുന്നത്, ജോലിചെയ്യാനോ കളിക്കാനോ?—നമുക്കെല്ലാം കളി ആസ്വാദ്യമാണെന്നുളളതു സത്യംതന്നെ. എന്നാൽ നാം എല്ലാ സമയത്തും കളിച്ചാൽ അതു യഥാർഥത്തിൽ നന്നായിരിക്കുമോ?—ഒരുത്തരും ഒരിക്കലും ജോലിചെയ്തില്ലെങ്കിൽ എന്തു സംഭവിക്കുമെന്നുളളതിനെക്കുറിച്ചു നീ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?—
നീ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചു ചിന്തിക്കുക. അത് എവിടെനിന്നു വരുന്നുവെന്നു നിനക്കറിയാമോ?—അതിലധികവും ചെടികളിലും വൃക്ഷങ്ങളിലുമാണു വളരുന്നത്. എന്നാൽ ആരും അവയെ പരിപാലിക്കാതിരിക്കുകയും പഴങ്ങളും സസ്യങ്ങളും പറിച്ചെടുക്കാതിരിക്കുകയുമാണെങ്കിൽ നീ എന്തു തിന്നും? നിനക്കു കഴിക്കാൻ ഭക്ഷണം ലഭിക്കുമാറ് ആളുകൾ ജോലിചെയ്യുന്നതു നല്ലതല്ലയോ?—
നീ താമസിക്കുന്ന വീടു നോക്കുക. നിനക്കു കിടന്നുറങ്ങാൻ ഒരു കിടക്കയുണ്ടോ?—ഇരിക്കാൻ കസേരകളും ഒരു മേശയുമുണ്ടോ?—ഈ വസ്തുക്കളുണ്ടാക്കാൻ ആരെങ്കിലും ജോലിചെയ്തതിൽ നീ സന്തുഷ്ടനല്ലയോ?
മഹദ്ഗുരു ജോലിയെക്കുറിച്ച് എന്തു വിചാരിച്ചു? നമുക്കു കാണാം.
ഒരു ബാലനായിരുന്നപ്പോൾപ്പോലും അവൻ ഒരു മരപ്പണിശാലയിൽ ജോലിചെയ്തിരുന്നു. അവൻ മരംകൊണ്ട് ഉപകരണങ്ങൾ നിർമിച്ചു. യോസേഫ് ഒരു തച്ചനായിരുന്നു; അവൻ യേശുവിനെ അവന്റെ സ്വന്തംപുത്രനായി വളർത്തി. അതുകൊണ്ടാണു ബൈബിൾ യേശുവിനെ “തച്ചന്റെ മകൻ” എന്നു വിളിക്കുന്നത്. ആ നാളുകളിൽ ഒരു ബാലൻ അവന്റെ അപ്പൻ ചെയ്യുന്ന അതേ ജോലികൾ ചെയ്യാൻ പഠിക്കുമായിരുന്നു.—മത്തായി 13:55.
ആദ്യം അതു യേശുവിനു പ്രയാസമായിരുന്നിരിക്കണം. എന്നാൽ, പരിചയിച്ചതോടെ അവൻ നന്നായി ജോലിചെയ്യാൻ പഠിച്ചു. യേശുവും ഒരു തച്ചനായിത്തീർന്നു.—മർക്കോസ് 6:3.
ഈ ജോലി യേശുവിന് ഉല്ലാസം കൈവരുത്തിയെന്നു നീ വിചാരിക്കുന്നുണ്ടോ?—ആളുകൾക്ക് ഉപയോഗിക്കുന്നതിനു നല്ല മേശകളും കസേരകളും മററു വസ്തുക്കളും ഉണ്ടാക്കാൻ നിനക്കു കഴിഞ്ഞാൽ നീ സന്തുഷ്ടനായിരിക്കുമോ?—ഒരുവൻ “തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതു” നല്ലതാണെന്നു ബൈബിൾ പറയുന്നു. നിനക്കു കളിയിൽനിന്നു ലഭിക്കാത്ത ഒരുതരം ഉല്ലാസമാണു വേല നൽകുന്നത്. കളിക്കുന്നതു തെററല്ല, എന്നാൽ എല്ലാ സമയത്തും കളിക്കുന്നതു നന്നല്ല.—സഭാപ്രസംഗി 3:22.
യേശു അവന്റെ ജീവിതകാലം മുഴുവൻ ആശാരിയായി ജോലിചെയ്തില്ല. അവൻ ഭൂമിയിൽ ചെയ്യുന്നതിന് ഒരു പ്രത്യേക വേല യഹോവയാംദൈവം കൊടുത്തു. ആ വേല എന്തായിരുന്നുവെന്നു നിനക്കറിയാമോ?—യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ ദൈവരാജ്യത്തിന്റെ സുവാർത്ത ഘോഷിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാൽ ഇതിനുവേണ്ടി ഞാൻ ലോകത്തിലേക്ക് അയയ്ക്കപ്പെട്ടു.” ഉവ്വ്, യേശു ചെയ്യുന്നതിനു ദൈവം അവന് ഒരു പ്രസംഗവേല കൊടുത്തു.—ലൂക്കോസ് 4:43.
ഈ വേല ചെയ്യുന്നതുസംബന്ധിച്ചു യേശു എങ്ങനെ വിചാരിച്ചു? അവൻ അതു ചെയ്യാനാഗ്രഹിച്ചോ?—
യേശു ഇങ്ങനെ പറഞ്ഞു: “എന്റെ ആഹാരം എന്നെ അയച്ചവന്റെ ഇഷ്ടം ഞാൻ ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമാകുന്നു.” നിനക്കു പ്രിയംകരമായ ഭക്ഷണം കഴിക്കുന്നതു നിനക്ക് എത്രയധികം ഇഷ്ടമാണ്?—ദൈവം യേശുവിനു കൊടുത്ത വേല ചെയ്യുന്നത് അവന് എത്രയധികം ഇഷ്ടമായിരുന്നുവെന്നതിന്റെ ഒരു ആശയം ഇതു നിനക്കു നല്കുന്നു.—യോഹന്നാൻ 4:34.
നാം ജോലിചെയ്യാൻ പഠിക്കുമ്പോൾ നാം സന്തുഷ്ടരായിരിക്കത്തക്കവണ്ണമാണു ദൈവം നമ്മെ ഉണ്ടാക്കിയത്. മനുഷ്യൻ “തന്റെ കഠിനവേലിയിൽ സന്തോഷിക്കുന്നത്” അവനുളള തന്റെ ദാനമാണെന്ന് അവൻ പറയുന്നു. അതുകൊണ്ടു നീ ചെറുപ്പമായിരിക്കുമ്പോൾ നീ ജോലിചെയ്യാൻ പഠിക്കുന്നുവെങ്കിൽ നിന്റെ മുഴുജീവിതവും കൂടുതൽ ആസ്വാദ്യമായിരിക്കും.—സഭാപ്രസംഗി 5:19.
ഒരു ബാലന് ഒരു വലിയ മമനുഷ്യന്റെ വേലചെയ്യാൻ കഴിയുമെന്ന് അതിനർഥമില്ല. എന്നാൽ നമുക്കെല്ലാം കുറെ ജോലിചെയ്യാൻ കഴിയും. നമുക്കു ഭക്ഷിക്കാനുണ്ടായിരിക്കുന്നതിനും താമസിക്കാൻ വീടുണ്ടായിരിക്കുന്നതിനും നിന്റെ പിതാവ് ദിവസേന ജോലി ചെയ്യുന്നു. നിന്റെ പിതാവ് ഏതുതരം ജോലിയാണു ചെയ്യുന്നതെന്നു നിനക്കറിയാമോ?—അദ്ദേഹം തനിക്കുവേണ്ടി മാത്രമല്ല ജോലിചെയ്യുന്നത്; മുഴുകുടുംബത്തിന്റെയും നൻമയ്ക്കുവേണ്ടിയാണ്. നിന്റെ അമ്മ നമ്മുടെ ഭക്ഷണം തയ്യാറാക്കാൻ ജോലിചെയ്യുന്നു. അമ്മ നമ്മുടെ വീടും നമ്മുടെ വസ്ത്രവും ശുചിയാക്കി സൂക്ഷിക്കുന്നു.
മുഴുകുടുംബത്തിനും അനുഗ്രഹമായിരിക്കുന്നതായി നിനക്കു ചെയ്യാൻ കഴിയുന്ന ഏതു ജോലിയുണ്ട്?—നിനക്കു മേശ ക്രമീകരിക്കുന്നതിനും പാത്രങ്ങൾ കഴുകുന്നതിനും നിന്റെ മുറിവൃത്തിയാക്കുന്നതിനും നിന്റെ കളിപ്പാട്ടങ്ങൾ പെറുക്കിവെക്കുന്നതിനും സഹായിക്കാൻ കഴിയും. ഒരുപക്ഷേ, നീ ഇപ്പോൾത്തന്നെ അവയിൽ ചിലതു ചെയ്യുന്നുണ്ടായിരിക്കും. ആ വേല യഥാർഥത്തിൽ ഒരു അനുഗ്രഹമാണോ?—
അതുപോലെയുളള ജോലി ഒരു അനുഗ്രഹമായിരിക്കുന്നതെങ്ങനെയെന്നു നമുക്കു കാണാം. നീ കളിച്ചുകഴിയുമ്പോൾ കളിപ്പാട്ടങ്ങൾ എടുത്തുവെക്കേണ്ടതാണ്. അതു പ്രധാനമാണെന്നു നീ പറയുന്നതെന്തുകൊണ്ട്?—അതു വീടു ഭംഗിയുളളതാക്കിത്തീർക്കുന്നതിനു സഹായിക്കുന്നു. അതിന് അപകടങ്ങളെ തടയാൻ കഴിയുമെന്നുളളതുകൊണ്ടും പ്രധാനമാണ്. നീ നിന്റെ കളിപ്പാട്ടങ്ങൾ പെറുക്കിവെക്കുന്നില്ലെങ്കിൽ നിന്റെ അമ്മ ഒരു ദിവസം കൈനിറയെ സാധനങ്ങളുമായി വന്ന് അവയിലൊന്നിൽ ചവിട്ടിയേക്കാം. അമ്മ ഇടറിവീണു തലയിൽ പരുക്കേറേറക്കാം. അമ്മ ആസ്പത്രിയിൽ പോകേണ്ടതായും വന്നേക്കാം. അതു ഭയങ്കരമായിരിക്കയില്ലയോ?—അതുകൊണ്ട് നീ കളികഴിഞ്ഞു കളിപ്പാട്ടങ്ങൾ മാററിവെക്കുമ്പോൾ അതു നമുക്കെല്ലാം ഒരു അനുഗ്രഹമാണ്.
കുട്ടികൾക്കുളള മററു ജോലികളുമുണ്ട്. ഞാൻ സ്കൂൾജോലിയെക്കുറിച്ചാണു ചിന്തിക്കുന്നത്. സ്കൂളിൽവച്ചു നീ വായിക്കാൻ പഠിക്കുന്നു. ചില കുട്ടികൾ വായന രസകരമാണെന്നു കണ്ടെത്തുന്നു; എന്നാൽ ചിലർ അതു പ്രയാസമാണെന്നു പറയുന്നു. അത് ആദ്യം പ്രയാസമായി തോന്നിയാലും നീ നന്നായി വായിക്കാൻ പഠിച്ചാൽ നീ സന്തുഷ്ടനായിരിക്കും. നിനക്കു വായിക്കാനറിയാമെങ്കിൽ നിനക്കു പഠിക്കാൻ കഴിയുന്ന രസാവഹമായ അനേകം കാര്യങ്ങളുണ്ട്. നീ തനിയെ ദൈവത്തിന്റെ സ്വന്തം പുസ്തകമായ ബൈബിൾ വായിക്കാൻ പ്രാപ്തനാകും. അതുകൊണ്ട്, നീ നിന്റെ സ്കൂൾ ജോലി നന്നായി ചെയ്യുമ്പോൾ അതു യഥാർഥത്തിൽ ഒരു അനുഗ്രഹമാണ്. അല്ലയോ?—
ജോലി ഒഴിവാക്കാൻ ശ്രമിക്കുന്ന ചിലയാളുകളുണ്ട്. അങ്ങനെ ചെയ്യുന്ന ചിലയാളുകളെ നിനക്കറിയാമായിരിക്കും. എന്നാൽ ദൈവം നമ്മെ ജോലിചെയ്യാൻവേണ്ടി ഉണ്ടാക്കിയതുകൊണ്ടു നാം ജോലി ആസ്വദിക്കാൻ പഠിക്കേണ്ട ആവശ്യമുണ്ട്.
സഹായകങ്ങളായ ചില സംഗതികളാണിവ. നിനക്കു ചെയ്യാൻ വേലയുളളപ്പോൾ നിന്നോടുതന്നെ ഇങ്ങനെ ചോദിക്കുക: ഇപ്പോൾ ഇതു ചെയ്യേണ്ട ആവശ്യമെന്താണ്? ചിലത് എന്തുകൊണ്ടു പ്രധാനമാണെന്നു നീ അറിയുമ്പോൾ അതു ചെയ്യുക അധികം എളുപ്പമാണ്. വേല വലുതോ ചെറുതോ ആയിരുന്നാലും അതു നന്നായി ചെയ്യുക. നീ അതു ചെയ്യുന്നുവെങ്കിൽ നിനക്കു നിന്റെ കൈകളുടെ പ്രവൃത്തിയിൽ സന്തോഷിക്കാൻ കഴിയും. അപ്പോൾ ജോലി യഥാർഥത്തിൽ ഒരു അനുഗ്രഹമാണെന്നു നീ സ്വയം അറിയും.
(ഒരു നല്ല വേലക്കാരനായിത്തീരുന്നതിനു ബൈബിളിന് ഒരാളെ സഹായിക്കാൻ കഴിയും. കൊലോസ്യർ 3:23; സദൃശവാക്യങ്ങൾ 10:4; 22:29; സഭാപ്രസംഗി 3:12, 13, 22 എന്നിവിടങ്ങളിൽ അതു പറയുന്നതു വായിക്കുക.)