അധ്യായം 33
“കൈസരുടെ വസ്തുക്കൾ കൈസർക്ക്”
നമുക്കു കുറെ പണം പുറത്തെടുത്ത് അതിൽ നോക്കാം. നീ പണത്തിൻമേൽ എന്താണു കാണുന്നത്?—ആരാണ് ഈ പണം ഉണ്ടാക്കിയത്?—ഗവൺമെൻറാണ്.
ആളുകൾ ഉപയോഗിക്കുന്ന പണം ആയിരക്കണക്കിനു വർഷങ്ങളിൽ ഗവൺമെൻറുകൾ ഉണ്ടാക്കിയിട്ടുണ്ട്. മഹദ്ഗുരു ഭൂമിയിലായിരുന്നപ്പോൾ റോമൻ ഗവൺമെൻറ് പണം ഉണ്ടാക്കിയിരുന്നു. ആ ഗവൺമെൻറിന്റെ ഭരണാധികാരി ആരായിരുന്നുവെന്നു നിനക്കറിയാമോ?—അദ്ദേഹം കൈസർ എന്നു വിളിക്കപ്പെട്ടിരുന്നു.
റോമൻ ഗവൺമെൻറ് ആ നാളുകളിലെ ജനങ്ങൾക്കുവേണ്ടി അനേകം നല്ല കാര്യങ്ങൾ ചെയ്തു. ഇന്നു ഗവൺമെൻറുകൾ നമുക്കുവേണ്ടി അനേകം നല്ല കാര്യങ്ങൾ ചെയ്യുന്നു. അവ യാത്രയ്ക്കു റോഡുകൾ നിർമിക്കുന്നു. അവ നമ്മെ സംരക്ഷിക്കുന്നതിനു പോലീസുകാർക്കും അഗ്നിശമനപ്രവർത്തകർക്കും ശമ്പളം കൊടുക്കുന്നു.
ഈ കാര്യങ്ങൾ ചെയ്യുന്നതിന് ഒരു ഗവൺമെൻറ് പണം ചെലവിടേണ്ടിവരുന്നു. ഗവൺമെൻറിനു പണം കിട്ടുന്നതെവിടെനിന്നാണെന്നു നിനക്കറിയാമോ?—അതിനു ജനങ്ങളിൽ നിന്നാണ് അതു കിട്ടുന്നത്. ജനങ്ങൾ ഗവൺമെൻറിനു കൊടുക്കുന്ന പണം കരം എന്നു വിളിക്കപ്പെടുന്നു.
അനേകർ കരം കൊടുക്കാനിഷ്ടപ്പെടുന്നില്ല. യേശു ഭൂമിയിലായിരുന്നപ്പോൾ യഹൂദൻമാരിൽ ചിലർ റോമൻ ഗവൺമെൻറിന് ഒരു കരവും കൊടുക്കാനാഗ്രഹിച്ചില്ല. അവർ അങ്ങനെയുളള നികുതികളെ വെറുത്തു. അതുകൊണ്ട് ഒരുദിവസം ചില മനുഷ്യർ മഹദ്ഗുരുവിന്റെ അടുക്കൽവന്ന് അവനോട്: ‘നാം കൈസർക്കു കരം കൊടുക്കണമോ, വേണ്ടയോ?’ എന്നു ചോദിച്ചു.
ഇപ്പോൾ, യേശുവിനെ കുടുക്കാനായിരുന്നു ഈ മനുഷ്യർ ഈ ചോദ്യം ചോദിച്ചത്. എന്തുകൊണ്ടെന്നാൽ ‘ഉവ്വ്, നിങ്ങൾ നികുതികൾ കൊടുക്കണം’ എന്നു യേശു ഉത്തരം പറഞ്ഞിരുന്നുവെങ്കിൽ യഹൂദൻമാരിൽ അനേകർക്കു യേശു പറഞ്ഞത് ഇഷ്ടപ്പെടുകയില്ലായിരുന്നു. എന്നാൽ ‘വേണ്ട, നിങ്ങൾ നികുതികൾ കൊടുക്കേണ്ടയാവശ്യമില്ല’ എന്നു യേശുവിനു പറയാൻ കഴിയുമായിരുന്നില്ല. അതു പറയുന്നതു തെററായിരിക്കുമായിരുന്നു.
അതുകൊണ്ട് യേശു ചെയ്തത് ഇതായിരുന്നു. അവൻ ആ മനുഷ്യരോട്: ‘എന്നെ ഒരു നാണയം കാണിക്കുവിൻ’ എന്നു പറഞ്ഞു. അവർ അവന്റെ അടുക്കൽ ഒരു നാണയം കൊണ്ടുവന്നപ്പോൾ, യേശു അവരോട്: ‘അതിൻമേൽ ആരുടെ ചിത്രവും പേരുമാണുളളത്?’ എന്നു ചോദിച്ചു.
“കൈസരുടേത്” എന്ന് ആ മനുഷ്യർ പറഞ്ഞു.
അതുകൊണ്ടു യേശു ഇങ്ങനെ പറഞ്ഞു: “അപ്പോൾ തീർച്ചയായും കൈസരുടെ വസ്തുക്കൾ കൈസർക്കും ദൈവത്തിന്റെ വസ്തുക്കൾ ദൈവത്തിനും കൊടുക്കുവിൻ.”—ലൂക്കോസ് 20:19-26.
അതു നല്ല ഒരു ഉത്തരമായിരുന്നില്ലേ?—ഒരുത്തർക്കും അതിൽ ഒരു തെററും കാണാൻ കഴിഞ്ഞില്ല. കൈസർ ആളുകൾക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ ഈ കാര്യങ്ങൾക്കുവേണ്ടി കൈസർ ഉണ്ടാക്കിയ പണം അവനു കൊടുക്കുന്നത് ഉചിതം മാത്രമാണ്. അതുകൊണ്ടു നാം സ്വീകരിക്കുന്ന കാര്യങ്ങൾക്കുവേണ്ടി ഗവൺമെൻറിനു നികുതികൾ കൊടുക്കുന്നത് ഉചിതമാണെന്നു യേശു ഇപ്രകാരം പ്രകടമാക്കി.
നീ നികുതികൾ കൊടുക്കത്തക്ക പ്രായമുളളവനല്ലായിരിക്കാം. എന്നാൽ നീ ഗവൺമെൻറിനു കൊടുക്കേണ്ട ചിലതുണ്ട്. അത് എന്താണെന്നു നിനക്കറിയാമോ?—അതു ഗവൺമെൻറിന്റെ നിയമങ്ങളോടുളള അനുസരണമാണ്.
ദൈവമാണ് ഇതു നമ്മോടു പറയുന്നത്. അവന്റെ വചനം ഇങ്ങനെ പറയുന്നു: ‘ശ്രേഷ്ഠാധികാരങ്ങളോട് അനുസരണമുളളവരായിരിക്കുവിൻ.’ ‘ശ്രേഷ്ഠാധികാരങ്ങൾ’ ആരാണ്?—ഗവൺമെൻറിൽ അധികാരമുളള മനുഷ്യർ. അതുകൊണ്ട് നാം യഥാർഥത്തിൽ നിയമം അനുസരിക്കണം. ദൈവം അങ്ങനെ പറയുന്നു.—റോമർ 13:1, 2.
ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. തെരുവിൽ കടലാസ്സോ മററു ചപ്പുചവറുകളോ എറിയരുതെന്ന് ഒരു നിയമമുണ്ടായിരിക്കാം. നീ ആ നിയമം അനുസരിക്കണമോ?—ഉവ്വ്, നീ അതു അനുസരിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നു.
നാം പോലീസുകാരേയും അനുസരിക്കേണ്ടതാണോ?—ആളുകളെ സംരക്ഷിക്കാൻ ഗവൺമെൻറ് പോലീസുകാർക്കു ശമ്പളം കൊടുക്കുന്നുണ്ട്. അവരെ അനുസരിക്കുന്നതു ഗവൺമെൻറിനെ അനുസരിക്കുന്നതുപോലെയാണ്.
നീ ഒരു തെരുവു കുറുകെ കടക്കാനൊരുങ്ങുമ്പോൾ ഒരു പോലീസുകാരൻ “നിൽക്കൂ!” എന്നു പറയുന്നുവെങ്കിൽ നീ എന്തു ചെയ്യണം?—ഏതായാലും മററുളളവർ കുറുകെ ഓടിയാലോ, നീ ഓടണമോ?—നീയാണു നിൽക്കുന്ന ഏകനെങ്കിലും നീ നിൽക്കണം. നാം അനുസരിക്കണമെന്നു ദൈവം പറയുന്നു.
പരിസരത്തു കുഴപ്പം ഉണ്ടായിരിക്കാം; ഒരു പോലീസുകാരൻ “തെരുവുകളിൽനിന്നു മാറിനിന്നുകൊളളണം. പുറത്തു പോകരുത്” എന്നു പറഞ്ഞേക്കാം. എന്നാൽ നീ ആക്രോശം കേട്ടേക്കാം. എന്താണു നടക്കുന്നതെന്നു സംശയിക്കയും ചെയ്തേക്കാം. കാണാൻ നീ പുറത്തു പോകണമോ?—അതു ‘ശ്രേഷ്ഠാധികാരങ്ങളെ’ അനുസരിക്കുകയായിരിക്കുമോ?—
അനേകം സ്ഥലങ്ങളിൽ ഗവൺമെൻറ് സ്കൂളുകൾ പണിയുന്നു. അത് അധ്യാപകൻമാർക്കു ശമ്പളം കൊടുക്കുന്നു. അധ്യാപകൻ പറയുന്നതു കുട്ടികൾ ചെയ്യുമ്പോൾ അതു ക്ലാസ്സ് മുറിയിൽ സമാധാനം കൈവരുത്തുന്നു. അതുകൊണ്ടു നീ അധ്യാപകനെ അനുസരിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നുവെന്നു നീ വിചാരിക്കുന്നുവോ?—
“നിന്റെ അധ്യാപകനെ അനുസരിക്കുക” എന്നു പറയുന്ന തിരുവെഴുത്തു ബൈബിളിലില്ല. എന്നാൽ നീ അനുസരിക്കണമെന്നു ബൈബിൾ പ്രകടമാക്കുന്നു. ഗവൺമെൻറ് ആളുകളെ സംരക്ഷിക്കാൻ പോലീസുകാരനു ശമ്പളം കൊടുക്കുന്നതുപോലെ അതു പഠിപ്പിക്കാൻ അധ്യാപകനു ശമ്പളം കൊടുക്കുന്നു. അതുകൊണ്ട് ഒരു പോലീസുകാരനെയോ അധ്യാപകനെയോ അനുസരിക്കുന്നതു ഗവൺമെൻറിനെ അനുസരിക്കുന്നതുപോലെയാണ്.
അല്ലെങ്കിൽ നമുക്ക് അതിനെ ഈ വിധത്തിൽ വീക്ഷിക്കാം. ദൈവം കുട്ടികളോട്, ‘അവരുടെ അപ്പനെയും അമ്മയെയും ബഹുമാനിക്കാൻ’ പറയുന്നു. എന്നാൽ അധ്യാപകൻ നിന്നെ പരിപാലിക്കുന്നതിനു നിന്റെ പിതാവും മാതാവും നിന്നെ സ്കൂളിൽ അയച്ചിരിക്കുകയാണ്. അതുകൊണ്ടു നീ നിന്റെ മാതാപിതാക്കളെ വീട്ടിൽവച്ച് അനുസരിക്കുന്നതുപോലെ നിന്റെ അധ്യാപകനെ അനുസരിക്കുന്നത് ഉചിതമാണ്?—എഫേസ്യർ 6:1.
ഞാൻ എല്ലായ്പോഴും നിന്നോടുകൂടെയില്ല. അതുകൊണ്ടു നീ അധ്യാപകനെ അനുസരിക്കുന്നുണ്ടോയെന്നു ഞാൻ കാണുകയില്ലായിരിക്കാം. എന്നാൽ ദൈവം കാണുന്നുണ്ട്. എന്നാൽ നാം യഥാർഥത്തിൽ പ്രസാദിപ്പിക്കാനാഗ്രഹിക്കുന്നതു ദൈവത്തെയാണ്, അല്ലയോ?—കൂടാതെ, നീ പോലീസുകാരനെ അനുസരിക്കുന്നണ്ടോയെന്നു ഞാൻ കാണുന്നില്ലായിരിക്കാം. എന്നാൽ ആരു കാണുന്നുണ്ട്?—ദൈവം കാണുന്നുണ്ട്. എപ്പോഴും അത് ഓർക്കുക.
നമ്മുടെ ജീവിതത്തിൽ ദൈവമാണ് ഒന്നാമതു വരുന്നതെന്നും ഓർക്കുക. നാം ഗവൺമെൻറിനെ അനുസരിക്കുന്നു. എന്തുകൊണ്ടെന്നാൽ നാം അതു ചെയ്യാനാണു ദൈവം ആവശ്യപ്പെടുന്നത്. എന്നാൽ നാം ചെയ്യരുതെന്നു ദൈവം പറയുന്ന കാര്യങ്ങൾ ചെയ്യാൻ അവർ നമ്മോടു പറയുന്നുവെങ്കിലോ?—ആരെങ്കിലും “നീ ദൈവത്തെ അനുസരിക്കേണ്ടതില്ല” എന്നു നമ്മോടു പറയുന്നുവെങ്കിൽ നാം അതു ശ്രദ്ധിക്കാൻ ദൈവം നമ്മോടാവശ്യപ്പെടുന്നുണ്ടോ?—
അതു യേശുവിന്റെ അപ്പോസ്തലൻമാർക്കു സംഭവിച്ചു. അപ്പോസ്തലൻമാർ എന്തു ചെയ്തു? നീ എന്തുചെയ്യുമായിരുന്നു?—“നാം മനുഷ്യരെക്കാൾ ദൈവത്തെ അധിപതിയായി അനുസരിക്കേണ്ടതാകുന്നു” എന്ന് അവർ ഉത്തരം പറഞ്ഞു.—പ്രവൃത്തികൾ 5:29.
(നിയമത്തോടുളള ആദരവു ബൈബിളിൽ പഠിപ്പിക്കപ്പെടുന്നു. തീത്തോസ് 3:1; മത്തായി 5:41; 1 പത്രോസ് 2:12-14 എന്നിവിടങ്ങളിൽ എഴുതിയിരിക്കുന്നതു വായിക്കുക.)