ബൈബിൾ പുസ്തക നമ്പർ 24—യിരെമ്യാവ്
എഴുത്തുകാരൻ: യിരെമ്യാവ്
എഴുതിയ സ്ഥലം: യഹൂദയും ഈജിപ്തും
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 580
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. 647-580
1. യിരെമ്യാവ് എപ്പോൾ, ആരാൽ, നിയോഗിക്കപ്പെട്ടു?
പ്രവാചകനായ യിരെമ്യാവ് അപകടകരവും പ്രക്ഷുബ്ധവുമായ കാലങ്ങളിലാണു ജീവിച്ചത്. അവൻ പൊ.യു.മു. 647-ൽ, ദൈവഭയമുണ്ടായിരുന്ന യഹൂദയിലെ യോശീയാരാജാവിന്റെ വാഴ്ചയുടെ 13-ാം സംവത്സരത്തിൽ യഹോവയാൽ നിയോഗിക്കപ്പെട്ടു. യഹോവയുടെ ആലയത്തിന്റെ അററകുററപ്പണിക്കിടയിൽ യഹോവയുടെ ന്യായപ്രമാണപുസ്തകം കണ്ടുകിട്ടുകയും രാജാവിനെ വായിച്ചുകേൾപ്പിക്കുകയും ചെയ്തു. അവൻ അതു പ്രായോഗികമാക്കുന്നതിനു കഠിനപ്രയത്നം ചെയ്തു, എന്നാൽ അവനു കൂടിയാൽ താത്കാലികമായി മാത്രമേ വിഗ്രഹാരാധനയിലേക്കുളള വീഴ്ചയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞുളളു. 55 വർഷം ഭരിച്ചിരുന്ന, യോശീയാവിന്റെ പിതാമഹനായ മനശ്ശെയും വെറും 2 വർഷത്തെ വാഴ്ചക്കുശേഷം കൊല്ലപ്പെട്ട അവന്റെ പിതാവായ ആമോനും ദുഷ്ടമായി പ്രവർത്തിച്ചിരുന്നു. അവർ ജനങ്ങളെ അശുദ്ധമായ ലഹരിക്കൂത്തുകൾക്കും ക്രൂരകർമങ്ങൾക്കും പ്രോത്സാഹിപ്പിച്ചിരുന്നു, തന്നിമിത്തം അവർ “ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതും” ഭൂതദൈവങ്ങൾക്കു നരബലികളർപ്പിക്കുന്നതും പതിവാക്കിയിരുന്നു. മനശ്ശെ നിർദോഷരക്തംകൊണ്ടു യെരുശലേമിനെ നിറച്ചിരുന്നു.—യിരെ. 1:2; 44:19; 2 രാജാ. 21:6, 16, 19-23; 23:26, 27.
2. യിരെമ്യാവിന്റെ വേല എന്തായിരുന്നു, അവന്റെ പ്രവചിക്കലിന് ഏതു സംഭവബഹുലമായ വർഷങ്ങൾ എടുത്തു?
2 യിരെമ്യാവിന്റെ ജോലി അനായാസമായ ഒന്നായിരുന്നില്ല. അവൻ യഹൂദയുടെയും യെരുശലേമിന്റെയും ശൂന്യമാക്കൽ, യഹോവയുടെ മഹനീയമായ ആലയത്തിന്റെ ചുട്ടെരിക്കൽ, തന്റെ ജനത്തിന്റെ അടിമത്തം എന്നിങ്ങനെ മിക്കവാറും അവിശ്വസനീയമായ സംഭവങ്ങൾ മുൻകൂട്ടിപ്പറയുന്നതിൽ യഹോവയുടെ പ്രവാചകനായി സേവിക്കേണ്ടതുണ്ടായിരുന്നു! യെരുശലേമിനെക്കുറിച്ചുളള അവന്റെ പ്രവചിക്കൽ യെഹോവാഹാസ്, യെഹോയാക്കീം, യെഹോയാഖീൻ (കൊന്യാവ്) സിദെക്കീയാവ് എന്നീ ദുഷ്ടരാജാക്കൻമാരുടെ വാഴ്ചക്കാലത്തു 40 വർഷം തുടരേണ്ടിയിരുന്നു. (യിരെ. 1:2, 3) പിന്നീട് ഈജിപ്തിൽ അവൻ അവിടത്തെ യഹൂദ അഭയാർഥികളുടെ വിഗ്രഹാരാധനകളെക്കുറിച്ചു പ്രവചിക്കേണ്ടിയിരുന്നു. അവന്റെ പുസ്തകം പൊ.യു.മു. 580-ൽ പൂർത്തീകരിക്കപ്പെട്ടു. അങ്ങനെ യിരെമ്യാവ് ഉൾപ്പെടുത്തിയത് 67 വർഷത്തെ സംഭവബഹുലമായ ഒരു കാലഘട്ടത്തെയാണ്.—52:31.
3. (എ) യിരെമ്യാവിന്റെ പുസ്തകത്തിന്റെ കാനോനികത്വവും വിശ്വാസ്യതയും എബ്രായ കാലങ്ങളിൽ എങ്ങനെ സ്ഥാപിക്കപ്പെട്ടു? (ബി) ഇതു സംബന്ധിച്ച് ഏതു കൂടുതലായ സാക്ഷ്യം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ കാണാം?
3 എബ്രായയിൽ പ്രവാചകന്റെയും അവന്റെ പുസ്തകത്തിന്റെയും പേർ യിർമെയാ അല്ലെങ്കിൽ യിർമെയാഹു എന്നാണ്. സാധ്യതയനുസരിച്ച് അതിന്റെ അർഥം “യഹോവ ഉയർത്തുന്നു; അല്ലെങ്കിൽ യഹോവ അഴിക്കുന്നു [ഗർഭാശയത്തിൽനിന്നായിരിക്കാനിടയുണ്ട്]” എന്നാണ്. ഈ പുസ്തകം എബ്രായ തിരുവെഴുത്തുകളുടെ സകല പുസ്തകപ്പട്ടികകളിലുമുണ്ട്, അതിന്റെ കാനോനികത്വം പൊതുവേ അംഗീകരിക്കപ്പെടുന്നു. യിരെമ്യാവിന്റെ സ്വന്തം ആയുഷ്കാലത്തുതന്നെ നടന്ന നാടകീയമായ നിരവധി പ്രവചനനിവൃത്തികൾ അതിന്റെ വിശ്വാസ്യതയെ പൂർണമായി സാക്ഷ്യപ്പെടുത്തുന്നു. തന്നെയുമല്ല, യിരെമ്യാവ് ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽ പല പ്രാവശ്യം പേരിനാൽ പരാമർശിക്കപ്പെടുന്നുണ്ട്. (മത്താ. 2:17, 18; 16:14; 27:9) യേശു യിരെമ്യാവിന്റെ പുസ്തകം പഠിച്ചിരുന്നുവെന്നത് അവൻ ആലയത്തെ ശുദ്ധീകരിച്ചപ്പോൾ യിരെമ്യാവു 7:11-ലെ ഭാഷയും യെശയ്യാവു 56:7-ലെ ഭാഷയും സംയോജിപ്പിച്ചതിനാൽ തെളിയുന്നു. (മർക്കൊ. 11:17; ലൂക്കൊ. 19:46) യേശുവിന്റെ നിർഭയത്വവും ധൈര്യവും നിമിത്തം ചിലയാളുകൾ അവൻ യിരെമ്യാവ് ആണെന്നു വിചാരിക്കുകപോലും ചെയ്തു. (മത്താ. 16:13, 14) ഒരു പുതിയ ഉടമ്പടിയെക്കുറിച്ചുളള യിരെമ്യാവിന്റെ പ്രവചനം (യിരെ. 31:31-34) പൗലൊസിനാൽ എബ്രായർ 8:8-12-ലും 10:16, 17-ലും പരാമർശിക്കപ്പെടുന്നു. “പ്രശംസിക്കുന്നവൻ യഹോവയിൽ പ്രശംസിക്കട്ടെ” എന്നു പറഞ്ഞതിൽ പൗലൊസ് യിരെമ്യാവ് 9:24 ഉദ്ധരിക്കുകയാണ്. (1 കൊരി. 1:31, NW) വെളിപ്പാടു 18:21-ൽ ബാബിലോന്റെ വീഴ്ചയെക്കുറിച്ചുളള യിരെമ്യാവിന്റെ ദൃഷ്ടാന്തത്തിന്റെ (യിരെ. 51:63, 64) ഏറെ ശക്തമായ ഒരു ബാധകമാക്കൽപോലുമുണ്ട്.
4. പുരാവസ്തുശാസ്ത്രം ഈ രേഖയെ പിന്താങ്ങുന്നത് എങ്ങനെ?
4 പുരാവസ്തുശാസ്ത്രസംബന്ധമായ കണ്ടുപിടിത്തങ്ങളും യിരെമ്യാവിലെ രേഖയെ പിന്താങ്ങുന്നു. ദൃഷ്ടാന്തത്തിന്, പൊ.യു.മു. 617-ൽ നെബുഖദ്നേസർ (നെബുഖദ്രേസർ) യെരുശലേം പിടിച്ചടക്കിയതിനെക്കുറിച്ച് ഒരു ബാബിലോന്യദിനവൃത്താന്തം പറയുന്നു, അന്ന് അവൻ രാജാവിനെ (യെഹോയാഖീൻ) പിടിക്കുകയും തനിക്ക് ഇഷ്ടമുളള ഒരാളെ (സിദെക്കീയാവ്) നിയമിക്കുകയും ചെയ്തു.—24:1; 29:1, 2; 37:1.a
5. (എ) യിരെമ്യാവിനെ സംബന്ധിച്ചുതന്നെ എന്തറിയപ്പെടുന്നു? (ബി) അവന്റെ എഴുത്തിന്റെ ശൈലി സംബന്ധിച്ച് എന്തു പറയാൻ കഴിയും?
5 മോശ ഒഴിച്ചുളള മററ് ഏതു പുരാതന പ്രവാചകന്റേതിനെക്കാളും പൂർണമായ യിരെമ്യാവിന്റെ ജീവചരിത്രം നമുക്കുണ്ട്. യിരെമ്യാവ് തന്നേക്കുറിച്ചുതന്നെ വളരെയധികം വെളിപ്പെടുത്തുന്നു, താഴ്മയും ഹൃദയനിർമലതയും കലർന്ന, അജയ്യമായ സ്ഥൈര്യവും ധൈര്യവും അവന്റെ വിചാരങ്ങളും വികാരങ്ങളുംതന്നെ. അവൻ ഒരു പ്രവാചകൻമാത്രമല്ല, പിന്നെയോ ഒരു പുരോഹിതനും തിരുവെഴുത്തുകളുടെ ഒരു സമാഹർത്താവും ഒരു സൂക്ഷ്മചരിത്രകാരനും കൂടെയായിരുന്നു. ജനനത്താൽ അവൻ “ബെന്യാമീൻദേശത്തു” യെരുശലേമിനു വടക്കുളള, രാജ്യത്തെ ഒരു പുരോഹിതനഗരമായ അനാഥോത്തിലെ പുരോഹിതനായ ഹിൽക്കിയാവിന്റെ പുത്രനായിരുന്നു. (1:1) യിരെമ്യാവിന്റെ എഴുത്തിന്റെ ശൈലി വ്യക്തവും ഋജുവും അനായാസം മനസ്സിലാകുന്നതുമാണ്. ദൃഷ്ടാന്തങ്ങളും ഭാവനാചിത്രങ്ങളും ധാരാളമുണ്ട്, പുസ്തകത്തിൽ ഗദ്യവും പദ്യവുമുണ്ട്.
യിരെമ്യാവിന്റെ ഉളളടക്കം
6. പ്രവചനത്തിന്റെ വിഷയം ക്രമീകരിച്ചിരിക്കുന്നത് എങ്ങനെ?
6 വിഷയം ക്രമീകരിച്ചിരിക്കുന്നതു കാലാനുക്രമത്തിലല്ല, പിന്നെയോ വിഷയക്രമത്തിലാണ്. അങ്ങനെ, വിവരണം കാലവും ചുററുപാടുകളും സംബന്ധിച്ച് അനേകം മാററങ്ങൾ വരുത്തുന്നു. ഒടുവിൽ, യെരുശലേമിന്റെയും യഹൂദയുടെയും ശൂന്യമാക്കലുകൾ 52-ാം അധ്യായത്തിൽ സവിസ്തരം വർണിക്കപ്പെടുന്നു. ഇതു പ്രവചനത്തിലധികത്തിന്റെയും നിവൃത്തി പ്രകടമാക്കുക മാത്രമല്ല, തുടർന്നുവരുന്ന വിലാപങ്ങളുടെ പുസ്തകത്തിന്റെ പശ്ചാത്തലം ഒരുക്കുകയും ചെയ്യുന്നു.
7. യിരെമ്യാവ് എങ്ങനെ ഒരു പ്രവാചകനായിത്തീർന്നു, യഹോവ അവന് എങ്ങനെ ഉറപ്പുകൊടുക്കുന്നു?
7 യഹോവ യിരെമ്യാവിനെ നിയോഗിക്കുന്നു (1:1-19). യിരെമ്യാവ് ഒരു പ്രവാചകനാകാനാഗ്രഹിച്ചതുകൊണ്ടോ ഒരു പുരോഹിതകുടുംബത്തിൽ ജനിച്ചതുകൊണ്ടോ ആണോ അവൻ നിയമിക്കപ്പെട്ടത്? യഹോവതന്നെ വിശദീകരിക്കുന്നു: “നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പെ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തുവന്നതിന്നു മുമ്പെ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.” ഇതു യഹോവയിൽനിന്നുളള ഒരു നിയമനമാണ്. യിരെമ്യാവ് പോകാൻ സന്നദ്ധനാണോ? താഴ്മയോടെ അവൻ “ഞാൻ ബാലനല്ലോ” എന്ന് ഒഴികഴിവു പറയുന്നു. യഹോവ അവനു വീണ്ടും ഉറപ്പുകൊടുക്കുന്നു: “ഞാൻ എന്റെ വചനങ്ങളെ നിന്റെ വായിൽ തന്നിരിക്കുന്നു; നോക്കുക: നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു.” യിരെമ്യാവ് ഭയപ്പെടരുത്. “അവർ നിന്നോടു യുദ്ധംചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.”—1:5, 6, 9, 10, 19.
8. (എ) യെരുശലേം എന്തിൽ അവിശ്വസ്തയായിരിക്കുന്നു? (ബി) യഹോവ എങ്ങനെ അനർഥം വരുത്തും?
8 യെരുശലേം, ഒരു അവിശ്വസ്ത ഭാര്യ (2:1–6:30). യഹോവയുടെ വചനം യിരെമ്യാവിന് ഏതു ദൂതാണ് എത്തിച്ചുകൊടുക്കുന്നത്? യെരുശലേം അവളുടെ ആദ്യസ്നേഹം മറന്നിരിക്കുന്നു. അവൾ ജീവനുളള വെളളത്തിന്റെ ഉറവായ യഹോവയെ വിട്ടുപോകുകയും അന്യദൈവങ്ങളുമായി വ്യഭിചാരംചെയ്യുകയും ചെയ്തിരിക്കുന്നു. ചുവന്ന ഒരു വിശിഷ്ടമുന്തിരിവളളിയിൽനിന്ന് അവൾ “കാട്ടുമുന്തിരിയുടെ തൈ”യായി മാറിയിരിക്കുന്നു. (2:21) അവളുടെ വസ്ത്രങ്ങൾ സാധുക്കളായ നിർദോഷികളുടെ ദേഹികളാൽ രക്തപങ്കിലമായിരിക്കുന്നു. വേശ്യയായ ഇസ്രായേൽപോലും യഹൂദയെക്കാൾ നീതിയുളളവളെന്നു തെളിഞ്ഞിരിക്കുന്നു. താൻ ഈ വിശ്വാസഘാതകപുത്രൻമാരുടെ ഭർത്താവാം ഉടമയായിരിക്കുന്നതുകൊണ്ടു മടങ്ങിവരാൻ ദൈവം അവരെ ആഹ്വാനംചെയ്യുന്നു. എന്നാൽ അവർ വഞ്ചകിയായ ഒരു ഭാര്യയെപ്പോലെയാണ്. അവർ തങ്ങളുടെ മ്ലേച്ഛ കാര്യങ്ങളെ നീക്കംചെയ്യുകയും തങ്ങളുടെ ഹൃദയങ്ങളെ പരിച്ഛേദനകഴിക്കുകയും ചെയ്യുമെങ്കിൽ അവർക്കു മടങ്ങിവരാവുന്നതാണ്. “സീയോന്നു കൊടി ഉയർത്തുവിൻ,” എന്തെന്നാൽ യഹോവ വടക്കുനിന്ന് ഒരു അനർഥം വരുത്തും. (4:6) തകർച്ചക്കു പിന്നാലെ തകർച്ച! കുററിക്കാട്ടിൽനിന്നുളള ഒരു സിംഹത്തെപ്പോലെ, മരുഭൂമിയിലൂടെ വീശുന്ന പൊളളിക്കുന്ന കാററുപോലെ, യഹോവയുടെ വധാധികൃതൻ ഒരു ചുഴലിക്കാററുപോലെയുളള രഥങ്ങളോടെ വരും.
9. (എ) ശാഠ്യം കാട്ടുന്ന യെരുശലേമിനെ സംബന്ധിച്ചു യിരെമ്യാവിന് എന്തു വചനമുണ്ട്? (ബി) സമാധാനത്തിനുവേണ്ടിയുളള അവരുടെ മുറവിളിക്ക് എന്തു പ്രയോജനമാണുളളത്?
9 യെരുശലേമിലൂടെ ചുററിക്കറങ്ങുക. നിങ്ങൾ എന്തു കാണുന്നു? ലംഘനങ്ങളും അവിശ്വസ്തതയും മാത്രം! ജനം യഹോവയെ നിരസിച്ചിരിക്കുന്നു, യിരെമ്യാവിന്റെ വായിലെ അവന്റെ വചനം വിറകുകഷണങ്ങൾപോലെ അവരെ വിഴുങ്ങിക്കളയാൻ ഒരു തീ ആയിത്തീരേണ്ടതാണ്. ഒരു അന്യദൈവത്തെ സേവിക്കാൻ അവർ യഹോവയെ വിട്ടുപോയതുപോലെ, ഒരു വിദേശത്ത് അവർ അന്യരെ സേവിക്കാൻ അവൻ ഇടയാക്കും. ശാഠ്യക്കാർ! അവർക്കു കണ്ണുകളുണ്ട്, എന്നാൽ കാണാൻ പാടില്ല, ചെവികളുണ്ട്, എന്നാൽ കേൾക്കാൻ പാടില്ല. എത്ര ഭയാനകം! പ്രവാചകൻമാരും പുരോഹിതൻമാരും യഥാർഥത്തിൽ വ്യാജം പ്രവചിക്കുന്നു, “എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു” എന്നു യഹോവ പറയുന്നു. (5:31) വടക്കുനിന്ന് അനർഥം അടുത്തുവരുന്നു, എന്നിട്ടും “അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു.” “സമാധാനം ഇല്ലാതിരിക്കെ, സമാധാനം, സമാധാനം” എന്ന് അവർ പറയുന്നു. (6:13, 14) എന്നാൽ പെട്ടെന്നുതന്നെ വിനാശകൻ വരും. യഹോവ യിരെമ്യാവിനെ അവരുടെയിടയിൽ ഒരു ലോഹപരിശോധകനാക്കിവെച്ചിരിക്കുന്നു, എന്നാൽ കിട്ടവും തളളിക്കളഞ്ഞ വെളളിയും മാത്രമല്ലാതെ ഒന്നുമില്ല. അവർ തികച്ചും വഷളരാണ്.
10. യെരുശലേമിനു ശീലോയുടെയും എഫ്രയീമിന്റെയും അതേ വിധി നേരിടേണ്ടതെന്തുകൊണ്ട്?
10 ആലയം സംരക്ഷണമല്ലെന്നു മുന്നറിയിപ്പ് (7:1–10:25). യഹോവയുടെ വചനം യിരെമ്യാവിലേക്കു വരുന്നു, അവൻ ആലയപടിവാതിൽക്കൽ പ്രഖ്യാപനം നടത്തേണ്ടതാണ്. അകത്തു പ്രവേശിക്കുന്നവരോട് അവൻ ഉദ്ഘോഷിക്കുന്നതു കേൾക്കുക: ‘യഹോവയുടെ മന്ദിരത്തെക്കുറിച്ചു നിങ്ങൾ വീമ്പിളക്കുന്നു, എന്നാൽ നിങ്ങൾ എന്താണു ചെയ്യുന്നത്? അനാഥരെയും വിധവമാരെയും ഞെരുക്കുന്നു, നിർദോഷരക്തം ചൊരിയുന്നു, മററു ദൈവങ്ങളുടെ പിന്നാലെ നടക്കുന്നു, മോഷ്ടിക്കുന്നു, കൊലപാതകംചെയ്യുന്നു, വ്യഭിചാരം ചെയ്യുന്നു, കളളസത്യംചെയ്യുന്നു, ബാലിനു ബലിയർപ്പിക്കുന്നു! കപടഭക്തർ! നിങ്ങൾ യഹോവയുടെ ആലയത്തെ “കളളൻമാരുടെ ഗുഹ” ആക്കിത്തീർത്തിരിക്കുന്നു. യഹോവ ശീലോവിനോടു ചെയ്തത് ഓർക്കുക. യഹൂദയേ, അവൻ അതുതന്നെ നിങ്ങളുടെ മന്ദിരത്തോടു ചെയ്യും. വടക്ക് എഫ്രയീമിനെ (ഇസ്രായേൽ) തളളിക്കളഞ്ഞതുപോലെ അവൻ നിങ്ങളെ തളളിക്കളയും.’—യിരെ. 7:4-11; 1 ശമൂ. 2:12-14; 3:11-14; 4:12-22.
11. യഹൂദക്കുവേണ്ടി പ്രാർഥിക്കാൻ പാടില്ലാത്തത് എന്തുകൊണ്ട്?
11 യഹൂദക്കുവേണ്ടി പ്രാർഥിക്കാനാവില്ല. എന്തിന്, ജനം “ആകാശരാജ്ഞിക്ക്” ബലിയർപ്പിക്കാൻ അപ്പം ചുടുകയാണ്! സത്യമായി, “തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊൾകയോ ചെയ്യാത്ത ജാതിയാകുന്നു ഇതു; വിശ്വസ്തത നശിച്ചു.” (യിരെ. 7:18, 28) യഹൂദാ യഹോവയുടെ ആലയത്തിൽ മ്ലേച്ഛകാര്യങ്ങൾ വെക്കുകയും തന്റെ പുത്രൻമാരെയും പുത്രിമാരെയും ഹിന്നോം താഴ്വരയിലെ തോഫെത്തിലുളള ഉന്നതസ്ഥലങ്ങളിൽ ദഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. നോക്കൂ! അതു “കുലത്താഴ്വര” എന്നു വിളിക്കപ്പെടും. അവരുടെ മൃതദേഹങ്ങൾ പക്ഷികൾക്കും മൃഗങ്ങൾക്കും തീററിയായിത്തീരും. (7:32) യഹൂദയിൽനിന്നും യെരുശലേമിൽനിന്നും സന്തോഷവും ആഹ്ലാദവും അററുപോകണം.
12. സമാധാനത്തിനു പകരം, യഹൂദയെയും അവളുടെ സ്വീകൃത ദൈവങ്ങളെയും എന്തു പിടികൂടണം?
12 അവർ സമാധാനത്തിനും സൗഖ്യത്തിനുംവേണ്ടി പ്രത്യാശിക്കുകയായിരുന്നു, എന്നാൽ നോക്കൂ! ഭീതി! ചിതറിക്കലും നിർമൂലനാശവും വിലാപവും അവരുടെ ശാഠ്യത്തിന്റെ ഫലമായിരിക്കും. ‘യഹോവ ജീവനുളള ദൈവവും ശാശ്വത രാജാവുമാകുന്നു.’ ആകാശങ്ങളോ ഭൂമിയോ നിർമിക്കാത്ത ദൈവങ്ങളെ സംബന്ധിച്ചാണെങ്കിൽ, അവയിൽ ആത്മാവില്ല. അവ മായയും പരിഹാസ്യവേലയുമാകുന്നു, അവ നശിക്കും. (10:10-15) യഹോവ ഭൂവാസികളെ എറിഞ്ഞുകളയും. ശ്രദ്ധിക്കുക! യഹൂദാനഗരങ്ങളെ ശൂന്യമാക്കാനിരിക്കുന്ന വടക്കേദേശത്തുനിന്നുളള ഒരു വലിയ ആരവം. പ്രവാചകൻ സമ്മതിക്കുന്നു: ‘തന്റെ ചുവടുകളെ നയിക്കാൻ ഭൗമികമനുഷ്യന് ആവില്ല,’ താൻ നാസ്തിയായിപ്പോകാതിരിക്കാൻ തിരുത്തലിനുവേണ്ടി അവൻ പ്രാർഥിക്കുന്നു.—10:23.
13. യിരെമ്യാവ് യഹൂദക്കുവേണ്ടി പ്രാർഥിക്കുന്നതിനു വിലക്കു കൽപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട്, അപകടത്തിന്റെ ഒരു നാഴികയിൽ യഹോവ യിരെമ്യാവിനെ ബലപ്പെടുത്തുന്നത് എങ്ങനെ?
13 നിയമലംഘികൾ ശപിക്കപ്പെടുന്നു (11:1–12:17). യഹൂദാ യഹോവയുമായുളള അതിന്റെ ഉടമ്പടിയുടെ വാക്കുകൾ അനുസരിച്ചിട്ടില്ല. ജനം സഹായത്തിനായി വിളിക്കുന്നതു പ്രയോജനരഹിതമാണ്. യിരെമ്യാവ് യഹൂദക്കുവേണ്ടി പ്രാർഥിക്കരുത്, എന്തുകൊണ്ടെന്നാൽ ഒരിക്കൽ തഴച്ചുവളർന്നിരുന്ന ഈ ഒലിവുമരത്തിനു യഹോവ “തീവെച്ചുകളഞ്ഞു.” (11:16) അനാഥോത്തിലെ യിരെമ്യാവിന്റെ സഹപൗരൻമാർ അവനെ നശിപ്പിക്കാൻ ഗൂഢാലോചന നടത്തുന്നതുകൊണ്ടു ബലത്തിനും സഹായത്തിനുംവേണ്ടി പ്രവാചകൻ യഹോവയിലേക്കു തിരിയുന്നു. അനാഥോത്തിനോടു പ്രതികാരംചെയ്യുമെന്നു യഹോവ വാഗ്ദത്തംചെയ്യുന്നു. ‘ദുഷ്ടന്റെ വഴി ശുഭമായിരിക്കുന്നത് എന്തുകൊണ്ട്?’ എന്നു യിരെമ്യാവു ചോദിക്കുന്നു. ‘അനുസരണംകെട്ട ജനതയെ ഞാൻ പറിച്ചു നശിപ്പിച്ചുകളയും’ എന്നു യഹോവ അവന് ഉറപ്പുകൊടുക്കുന്നു.—12:1, 17.
14. (എ) യെരുശലേം ഗുണപ്പെടാത്തതാണെന്നും അവൾക്കെതിരായ ന്യായവിധി അഴിവില്ലാത്തതാണെന്നും ഏതു ദൃഷ്ടാന്തങ്ങളാൽ യഹോവ അറിയിക്കുന്നു? (ബി) യഹോവയുടെ വചനങ്ങൾ ഭക്ഷിക്കുന്നതിൽനിന്നു യിരെമ്യാവിന് എന്തു ഫലമുണ്ടാകുന്നു?
14 യെരുശലേം ഗുണപ്പെടാത്തതും നാശത്തിനു വിധിക്കപ്പെട്ടതും (13:1–15:21). ഒരു ചണക്കച്ച തന്റെ അരയിൽ ചുററാനും അനന്തരം അതു യൂഫ്രട്ടീസിനരികെ ഒരു പാറയുടെ വിളളലിൽ ഒളിച്ചുവെക്കാനും തന്നോടു യഹോവ കൽപ്പിച്ചത് യിരെമ്യാവ് വിവരിക്കുന്നു. അതു കുഴിച്ചെടുക്കാൻ യിരെമ്യാവു വന്നപ്പോൾ അതു പാഴായിപ്പോയിരുന്നു. “അതു ഒന്നിനും കൊളളരുതാതെ ആയിരുന്നു.” അങ്ങനെ യഹോവ “യെഹൂദയുടെ ഗർവ്വവും യെരുശലേമിന്റെ മഹാഗർവ്വവും” നശിപ്പിക്കാനുളള തന്റെ തീരുമാനം വിശദമാക്കി. (13:7, 9) അവൻ മദ്യം നിറച്ച വലിയ ഭരണികൾപോലെ അവരുടെ മദ്യലഹരിയിൽ അവരെ ഒന്നിച്ചു തകർത്തു തരിപ്പണമാക്കും. “കൂശ്യന്നു തന്റെ ത്വക്കും പുളളിപ്പുലിക്കു തന്റെ പുളളിയും മാററുവാൻ കഴിയുമോ?” (13:23) അങ്ങനെതന്നെ, യെരുശലേം നന്നാക്കാനാവാത്തതാണ്. യിരെമ്യാവ് ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്. മോശയും ശമുവേലും അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കാൻ യഹോവയുടെ മുമ്പാകെ വന്നാലും അവൻ കേൾക്കുകയില്ല, എന്തുകൊണ്ടെന്നാൽ അവൻ യെരുശലേമിനെ നാശത്തിന് അർപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യഹോവ യിരെമ്യാവിന്റെ നിന്ദകർക്കെതിരെ അവനെ ബലപ്പെടുത്തുന്നു. യിരെമ്യാവു യഹോവയുടെ വചനങ്ങൾ കണ്ടെത്തി ഭക്ഷിക്കുന്നു, അതു ‘സന്തോഷത്തിലും ഹൃദയത്തിന്റെ ആനന്ദത്തിലും’ കലാശിക്കുന്നു. (15:16) ഇതു വ്യർഥ തമാശക്കുളള സമയമല്ല, പിന്നെയോ യഹോവയിൽ ആശ്രയിക്കുന്നതിനുളള സമയമാണ്. അവൻ യിരെമ്യാവിനെ ജനത്തിനെതിരെ ബലവത്താക്കപ്പെട്ട ഒരു ചെമ്പുമതിൽ ആക്കുമെന്നു വാഗ്ദത്തം ചെയ്തിട്ടുണ്ട്.
15. (എ) കാലങ്ങൾ എത്ര ഗൗരവമുളളതാണ്, ഏതു കൽപ്പനയാൽ യഹോവ ഇതിന് ഊന്നൽ കൊടുക്കുന്നു? (ബി) ജനം യഹോവയുടെ നാമം എങ്ങനെ അറിയാനിടയാകും, അവരുടെ പാപം അവനെ കബളിപ്പിക്കാത്തത് എന്തുകൊണ്ട്?
15 യഹോവ മീൻപിടുത്തക്കാരെയും വേട്ടക്കാരെയും അയയ്ക്കും (16:1–17:27). ആസന്നമായിരുന്ന ശൂന്യമാക്കലിന്റെ വീക്ഷണത്തിൽ യഹോവ യിരെമ്യാവിനോടു കൽപ്പിക്കുന്നു: “ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുതു. നിനക്കു പുത്രൻമാരും പുത്രിമാരും ഉണ്ടാകയും അരുതു.” (16:2) അതു ജനത്തോടുകൂടെ വിലപിക്കാനോ വിരുന്നു കഴിക്കാനോ ഉളള കാലമല്ല, എന്തെന്നാൽ യഹോവ അവരെ ദേശത്തുനിന്ന് എറിഞ്ഞുകളയാറായിരിക്കുകയാണ്. പിന്നീടു യഹോവ ‘അവരെ വീശിപ്പിടിക്കാൻ മീൻപിടുത്തക്കാരെയും അവരെ വേട്ടയാടാൻ വേട്ടക്കാരെയും’ അയയ്ക്കുമെന്നും വാഗ്ദത്തംചെയ്യുന്നു. അവൻ ഇതെല്ലാം നിറവേററുന്നതിനാൽ “[അവന്റെ] നാമം യഹോവ എന്നു അവർ അറിയും.” (16:16, 21) യഹൂദയുടെ പാപം ജനത്തിന്റെ ഹൃദയങ്ങളിൽ ഒരു ഇരുമ്പുനാരായംകൊണ്ട്, അതേ ഒരു വജ്രമുനകൊണ്ടു കൊത്തപ്പെടുന്നു. “ഹൃദയം എല്ലാററിനെക്കാളും കപടവും വിഷമവുമുളളതു,” എന്നാൽ യഹോവക്കു ഹൃദയത്തെ പരിശോധിക്കാൻ കഴിയും. ആർക്കും യഹോവയെ കബളിപ്പിക്കാൻ കഴിയില്ല. വിശ്വാസത്യാഗികൾ “ജീവനുളള വെളളത്തിന്റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു.” (17:9, 13) യഹൂദാ ശബത്തുദിവസത്തെ വിശുദ്ധീകരിക്കുകയില്ലെങ്കിൽ യഹോവ അവളുടെ പടിവാതിലുകളെയും ഗോപുരങ്ങളെയും തീകൊണ്ടു വിഴുങ്ങിക്കളയും.
16. കുശവനാലും അയാളുടെ കളിമൺപാത്രങ്ങളാലും യഹോവ എന്തു വിശദമാക്കുന്നു?
16 കുശവനും കളിമണ്ണും (18:1–19:15). കുശവന്റെ വീട്ടിലേക്കു ചെല്ലാൻ യഹോവ യിരെമ്യാവിനോടു കൽപ്പിക്കുന്നു. അവിടെ പാഴായ ഒരു കളിമൺപാത്രത്തെ കുശവൻ എങ്ങനെ തിരിച്ച് തന്റെ ഇഷ്ടംപോലെ മറെറാരു പാത്രമാക്കുന്നുവെന്ന് അവൻ നിരീക്ഷിക്കുന്നു. പിന്നീടു യഹോവ പൊളിക്കുന്നതിനോ പണിയുന്നതിനോ അധികാരമുളള കുശവൻ താനാണെന്ന് ഇസ്രായേൽഗൃഹത്തോടു പ്രഖ്യാപിക്കുന്നു. അടുത്തതായി, കുശവന്റെ ഒരു കുടം ഹിന്നോം താഴ്വരയിലേക്കു കൊണ്ടുപോകാനും അവിടെ ജനം തങ്ങളുടെ പുത്രൻമാരെയും പുത്രിമാരെയും ബാലിനു ഹോമയാഗമായി തീയിൽ ദഹിപ്പിച്ചുകൊണ്ടു സ്ഥലത്തെ നിർദോഷരക്തംകൊണ്ടു നിറച്ചിരിക്കുന്നതിനാൽ യഹോവയിൽനിന്നുളള അനർഥം പ്രഖ്യാപിക്കാനും അവൻ യിരെമ്യാവിനോടു പറയുന്നു. അനന്തരം യഹോവ യെരുശലേമിനെയും യഹൂദയിലെ ജനത്തെയും തകർക്കുന്നതിന്റെ പ്രതീകമായി യിരെമ്യാവു കുടം ഉടയ്ക്കണം.
17. യിരെമ്യാവിന് ഏതു ക്ലേശകരമായ അനുഭവം ഉണ്ടാകുന്നു, ഇത് അവനെ നിശ്ശബ്ദനാക്കുന്നുവോ?
17 പീഡനത്തിൻകീഴിൽ വിട്ടുപോകുന്നില്ല (20:1-18). യിരെമ്യാവിന്റെ ധീരമായ പ്രസംഗത്താൽ പ്രകോപിതനായി ആലയ പ്രമാണിയായ പശ്ഹൂർ ഒരു രാത്രിയിൽ യിരെമ്യാവിനെ ആമത്തിലിടുന്നു. വിമോചിതനായപ്പോൾ യിരെമ്യാവു പശ്ഹൂരിന്റെ ബാബിലോനിലെ അടിമത്തത്തെയും മരണത്തെയും മുൻകൂട്ടിപ്പറയുന്നു. യിരെമ്യാവിനെതിരെ കൊണ്ടുവന്ന പരിഹാസത്താലും നിന്ദയാലും ദുഃഖിതനായി യിരെമ്യാവു വിട്ടുപോകുന്നതിനെക്കുറിച്ചു ചിന്തിക്കുന്നു. എന്നിരുന്നാലും അവനു മൗനമായിരിക്കാൻ കഴിയുന്നില്ല. യഹോവയുടെ വചനം തന്റെ ‘അസ്ഥികളിൽ അടയ്ക്കപ്പെട്ടു ഹൃദയത്തിൽ തീകത്തുംപോലെ’ ആകുന്നു, തന്നിമിത്തം അവൻ സംസാരിക്കാൻ നിർബന്ധിതനാകുന്നു. തന്റെ ജനനദിവസത്തെ ശപിക്കുന്നുവെങ്കിലും “യഹോവെക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിപ്പിൻ! അവൻ ദരിദ്രന്റെ പ്രാണനെ ദുഷ്ടൻമാരുടെ കയ്യിൽനിന്നു വിടുവിച്ചിരിക്കുന്നു” എന്ന് അവൻ ഉദ്ഘോഷിക്കുന്നു.—20:9, 13.
18. യിരെമ്യാവു സിദെക്കീയാവിനെ എന്തറിയിക്കുന്നു?
18 ഭരണാധികാരികൾക്കെതിരെ യഹോവയുടെ രോഷം (21:1–22:30). സിദെക്കീയാവിൽനിന്നുളള ഒരു അന്വേഷണത്തിന് ഉത്തരമായി നഗരത്തിനെതിരെയുളള യഹോവയുടെ ക്രോധത്തെക്കുറിച്ചു യിരെമ്യാവ് അവന് അറിയിപ്പു കൊടുക്കുന്നു: ബാബിലോൻരാജാവ് അതിനെതിരെ ഉപരോധം ഏർപ്പെടുത്തും, അതു മഹാമാരിയാലും വാളിനാലും ക്ഷാമത്താലും തീയാലും നശിപ്പിക്കപ്പെടും. ശല്ലൂം (യെഹോവാഹാസ്) പ്രവാസത്തിൽവെച്ചു മരിക്കും. യെഹോയാക്കീമിന് ഒരു ആൺകഴുതയുടെ ശവസംസ്കാരം ലഭിക്കും, അവന്റെ പുത്രനായ കൊന്യാവു (യെഹോയാഖീൻ) ബാബിലോനിൽ മരിക്കത്തക്കവണ്ണം യഹൂദയിൽനിന്നു വലിച്ചെറിയപ്പെടും.
19. “നീതിയുളേളാരു മുള”യെക്കുറിച്ചു യിരെമ്യാവ് എന്തു പ്രവചിക്കുന്നു, രണ്ടു കൊട്ട അത്തിപ്പഴത്താൽ എന്തു വിശദമാക്കപ്പെടുന്നു?
19 “നീതിയുളേളാരു മുള”യിലുളള പ്രത്യാശ (23:1–24:10). യഹോവ കളള ഇടയൻമാർക്കു പകരം യഥാർഥ ഇടയൻമാരെയും “രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തു”ന്ന ദാവീദിന്റെ വംശത്തിലുളള ഒരു “നീതിയുളള മുള”യെയും വാഗ്ദാനംചെയ്യുന്നു. അവന്റെ പേർ? “അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും.” അവൻ ചിതറിപ്പോയ ശേഷിപ്പിനെ കൂട്ടിച്ചേർക്കും. (23:5, 6) പ്രവാചകൻമാർ യഹോവയുടെ ഉററ സംഘത്തിൽ നിന്നിരുന്നുവെങ്കിൽ അവർ ജനം കേൾക്കാനും തങ്ങളുടെ വഷളായ വഴിവിട്ടു പിന്തിരിയാനുമിടയാക്കുമായിരുന്നു. പകരം അവർ ‘തങ്ങളുടെ വ്യാജങ്ങൾ നിമിത്തം എന്റെ ജനം അലഞ്ഞുനടക്കാനിടയാക്കുന്നു.’ (23:22, 32) നോക്കൂ, “രണ്ടുകൊട്ട അത്തിപ്പഴം.” ദൈവപ്രീതിയിൽ തങ്ങളുടെ സ്വദേശത്തേക്കു മടങ്ങുന്ന ഒരു വിശ്വസ്തശേഷിപ്പിനെയും ഒരു അനർഥകരമായ അന്ത്യത്തിലേക്കു വരുന്ന മറെറാരു വർഗത്തെയും ചിത്രീകരിക്കാൻ യിരെമ്യാവു നല്ല അത്തിപ്പഴത്തെയും ചീത്ത അത്തിപ്പഴത്തെയും ഉപയോഗിക്കുന്നു.—24:1, 5, 8-10.
20. യഹോവ ബാബിലോനെ തന്റെ ദാസനായി ഉപയോഗിക്കുന്നത് എങ്ങനെ, എന്നാൽ ക്രമത്തിൽ അവളുടെ വിധി എന്തായിരിക്കും?
20 ജനതകളുമായുളള യഹോവയുടെ വ്യവഹാരം (25:1-38). ഈ അധ്യായം കൂടുതൽ വിശദമായി 45-49 വരെയുളള അധ്യായങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ന്യായവിധികളുടെ ഒരു സംഗ്രഹമാണ്. യഹോവ ഇപ്പോൾ മൂന്നു സമാന്തരപ്രവചനങ്ങളാൽ ഭൂമിയിലെ സകല ജനതകൾക്കും അനർഥം പ്രഖ്യാപിക്കുന്നു. യഹൂദയെയും ചുററുപാടുമുളള ജനതകളെയും ശൂന്യമാക്കാനുളള യഹോവയുടെ ദാസനായി നെബുഖദ്രേസർ തിരിച്ചറിയിക്കപ്പെടുന്നു, “ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതുസംവത്സരം സേവിക്കും.” പിന്നെ ബാബിലോന്റെ ഊഴമായിരിക്കും, അവൾ ‘ശാശ്വത ശൂന്യമായിത്തീരും.’—25:1-14.
21. യഹോവയുടെ ക്രോധത്തിന്റെ പാനപാത്രം ആർ കുടിക്കേണ്ടതാണ്, എന്തു ഫലത്തോടെ?
21 രണ്ടാമത്തെ പ്രവചനം യഹോവയുടെ ക്രോധമാകുന്ന വീഞ്ഞിൻ പാനപാത്രത്തിന്റെ ദർശനമാണ്. യിരെമ്യാവ് ഈ പാനപാത്രം ജനതകളുടെ അടുക്കലേക്കു കൊണ്ടുപോകേണ്ടതാണ്, “അവർ കുടിച്ചു ഞാൻ അവരുടെ ഇടയിൽ അയക്കുന്ന വാൾ നിമിത്തം ചാഞ്ചാടി ഭ്രാന്തൻമാരായിത്തീരും,” അവരുടെമേൽ വരുന്ന യഹോവയാലുളള നാശം നിമിത്തംതന്നെ. ആദ്യമായി യെരുശലേമിനും യഹൂദക്കും! പിന്നീട് ഈജിപ്തിലേക്ക്, തിരികെ ഫെലിസ്ത്യയിലേക്ക്, അപ്പുറം ഏദോമിലേക്ക്, സോരിലേക്ക്, സമീപത്തും ദൂരത്തുമുളള ദേശങ്ങളിലേക്ക്, കൂടാതെ “ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നേ; ശേശക്ക്രാജാവോ അവരുടെ ശേഷം കുടിക്കേണം.” അവർ ‘കുടിച്ചു ലഹരിപിടിച്ചു വീഴണം.’ ആരും ഒഴിവാക്കപ്പെടുകയില്ല.—25:15-29.
22. ഏതു വലിയ അനർഥത്തിൽ യഹോവയുടെ ഉഗ്രകോപം പ്രകടിതമാകും?
22 മൂന്നാമത്തെ പ്രവചനത്തിൽ, യിരെമ്യാവു മഹനീയമായ കാവ്യാത്മക ഔന്നത്യത്തിലേക്ക് ഉയരുന്നു. “യഹോവ ഉയരത്തിൽനിന്നു ഗർജിച്ചു. . . സകലഭൂവാസികൾക്കും നേരെ.” ഒരു ശബ്ദം, ഒരു അനർഥം, ഒരു വലിയ കൊടുങ്കാററ്! “യഹോവയുടെ നിഹതൻമാർ ഭൂമിയുടെ ഒരററം മുതൽ മറെറ അററം വരെ വീണുകിടക്കും.” വിലാപമില്ല, ശവസംസ്കാരമില്ല. അവർ നിലത്തെ വളംപോലെയായിരിക്കും. ആട്ടിൻകൂട്ടത്തിലെ ശ്രേഷ്ഠൻമാരോടുകൂടെ വ്യാജ ഇടയൻമാർ സംഹരിക്കപ്പെടും. അവർക്കു രക്ഷയില്ല. അവരുടെ ഉൽക്രോശം ശ്രദ്ധിക്കുക! യഹോവതന്നെ “അവരുടെ മേച്ചൽപുറത്തെ പാഴാക്കുന്നു. . . യഹോവയുടെ ഉഗ്ര കോപം നിമിത്തം.”—25:30-38.
23. (എ) യിരെമ്യാവിനെതിരെ ഏതു ഗൂഢാലോചന നടത്തപ്പെടുന്നു, അവന്റെ പ്രതിവാദമെന്താണ്, അവനെ കുററവിമുക്തനാക്കുന്നതിന് ഏതു മുൻ വഴക്കങ്ങളെ പരാമർശിക്കുന്നു? (ബി) വരാനിരിക്കുന്ന ബാബിലോന്യ അടിമത്തം യിരെമ്യാവ് അഭിനയിക്കുന്നത് എങ്ങനെ, ഹനന്യാവിനെക്കുറിച്ചുളള ഏതു പ്രവചനത്തിനു നിവൃത്തിയുണ്ടാകുന്നു?
23 യിരെമ്യാവു നിർദോഷീകരിക്കപ്പെടുന്നു (26:1–28:17). ഭരണാധിപൻമാരും ജനവും യിരെമ്യാവിനെ വധിക്കാൻ ഗൂഢാലോചന നടത്തുന്നു. യിരെമ്യാവു പ്രതിവാദം നടത്തുന്നു. അവൻ സംസാരിച്ചിരിക്കുന്നതു യഹോവയുടെ വചനമാണ്. അവർ അവനെ കൊല്ലുന്നുവെങ്കിൽ അവർ ഒരു നിർദോഷിയായ മനുഷ്യനെയായിരിക്കും കൊല്ലുന്നത്. വിധിയോ: നിർദോഷി. യിരെമ്യാവിന്റെ കേസ് ചർച്ചചെയ്യുമ്പോൾ പ്രായമേറിയ പുരുഷൻമാർ പ്രവാചകൻമാരായ മീഖായുടെയും ഊരീയാവിന്റെയും മുൻവഴക്കങ്ങൾ അവതരിപ്പിക്കുന്നു. അടുത്തതായി നാടകളും നുകങ്ങളും ഉണ്ടാക്കി അവന്റെ കഴുത്തിൽ വെക്കാനും അനന്തരം ഭരണാധിപൻമാരുടെ മൂന്നു തലമുറക്കാലത്തു ചുററുപാടുമുളള ജനതകൾ ബാബിലോൻരാജാവിനെ സേവിക്കേണ്ടതാണെന്നുളളതിനു ലക്ഷ്യങ്ങളായി അവർക്ക് അയച്ചുകൊടുക്കാനും യഹോവ യിരെമ്യാവിനോടു കൽപ്പിക്കുന്നു. വ്യാജപ്രവാചകൻമാരിലൊരാളായ ഹനന്യാവ് യിരെമ്യാവിനെ എതിർക്കുന്നു. ബാബിലോന്റെ നുകം തകർക്കപ്പെടുമെന്ന് അവൻ പ്രഖ്യാപിക്കുകയും മരംകൊണ്ടുളള നുകം ഒടിച്ചുകൊണ്ട് ഇതു ചിത്രീകരിക്കുകയും ചെയ്യുന്നു. യഹോവ യിരെമ്യാവിനെക്കൊണ്ട് ഇരുമ്പുനുകങ്ങൾ ഉണ്ടാക്കിച്ചുകൊണ്ടു തന്റെ പ്രവചനത്തിന് അടിവരയിടുകയും ഹനന്യാവ് ആ വർഷം മരിക്കേണ്ടതാണെന്നു മുൻകൂട്ടിപ്പറയുകയും ചെയ്യുന്നു. ഹനന്യാവു മരിക്കുന്നു.
24. (എ) യിരെമ്യാവ് ബാബിലോനിലെ പ്രവാസികൾക്ക് ഏതു സന്ദേശം അയയ്ക്കുന്നു? (ബി) യഹോവ ആരുമായി ഒരു പുതിയ ഉടമ്പടി ചെയ്യും, ഇതു മുൻ ഉടമ്പടിയെക്കാൾ മഹത്തരമാണെന്ന് എങ്ങനെ തെളിയും?
24 ബാബിലോനിലെ പ്രവാസികൾക്ക് ആശ്വാസം (29:1–31:40). യിരെമ്യാവു യെഖൊന്യാവിനോടൊപ്പം (യെഹോയാഖീൻ) ബാബിലോനിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികൾക്ക് എഴുതുന്നു: അവിടെ പാർപ്പിൻ, എന്തുകൊണ്ടെന്നാൽ യഹോവ നിങ്ങളെ തിരികെ കൊണ്ടുവരുന്നതിനു മുമ്പ് 70 വർഷത്തെ പ്രവാസകാലഘട്ടം വരാൻ പോകുന്നു. അവരുടെ മടങ്ങിവരവിനെക്കുറിച്ച് ഒരു പുസ്തകത്തിൽ എഴുതാൻ യഹോവ യിരെമ്യാവിനോടു കൽപ്പിക്കുന്നു: യഹോവ അവരുടെ നുകം തകർക്കും, “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേൽപ്പിപ്പാനുളള രാജാവായ ദാവീദിനെയും സേവിക്കും.” (30:9) റാഹേൽ കരയാതെ തന്റെ ശബ്ദം അടക്കണം, കാരണം അവളുടെ മക്കൾ “ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും.” (31:16) ഇപ്പോൾ യഹോവയുടെ ആശ്വാസദായകമായ ഒരു പ്രഖ്യാപനം! അവൻ യഹൂദാഗൃഹത്തോടും ഇസ്രായേൽ ഗൃഹത്തോടും ഒരു പുതിയ ഉടമ്പടി ചെയ്യും. ഇത് അവർ ലംഘിച്ച ഉടമ്പടിയെക്കാൾ വളരെ മഹത്തരമായിരിക്കും! യഹോവ തന്റെ നിയമം ഉളളിൽ, ആഴത്തിൽ, അവരുടെ ഹൃദയങ്ങളിൽ എഴുതും. “ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.” ഏററവും ചെറിയവൻമുതൽ ഏററവും വലിയവൻവരെ എല്ലാവരും യഹോവയെ അറിയും. അവൻ അവരുടെ അകൃത്യം ക്ഷമിക്കും. (31:31-34) അവരുടെ നഗരം യഹോവക്കു വിശുദ്ധമെന്ന നിലയിൽ പുനർനിർമിക്കപ്പെടും.
25. ഇസ്രായേലിന്റെ പുനഃസ്ഥാപനത്തിന്റെ സുനിശ്ചിതത്തിന് എങ്ങനെ ഉറപ്പുകൊടുത്തിരിക്കുന്നു, യഹോവയുടെ വചനം ഏതു സുവാർത്ത കൊണ്ടുവരുന്നു?
25 ദാവീദുമായുളള യഹോവയുടെ ഉടമ്പടി തീർച്ച (32:1–34:22). നെബുഖദ്രേസരിന്റെ അന്തിമ യെരുശലേം ഉപരോധക്കാലത്തു യിരെമ്യാവ് തടങ്കലിലാണ്. എന്നിരുന്നാലും, യഹോവ തീർച്ചയായും ഇസ്രായേലിനെ പുനഃസ്ഥാപിക്കുമെന്നുളളതിന്റെ ഒരു അടയാളമായി യിരെമ്യാവ് അനാഥോത്തിൽ ഒരു വയൽ വാങ്ങുകയും ആധാരങ്ങൾ ഒരു മൺപാത്രത്തിൽ ഇട്ടുവെക്കുകയും ചെയ്യുന്നു. യഹോവയുടെ വചനം ഇപ്പോൾ സുവാർത്ത കൊണ്ടുവരുന്നു: യഹൂദയും യെരുശലേമും വീണ്ടും സന്തോഷിക്കും, യഹോവ ദാവീദിനോടുളള തന്റെ ഉടമ്പടി നിവർത്തിക്കും. എന്നാൽ സിദെക്കീയാവേ, ബാബിലോൻരാജാവ് ഈ നഗരത്തെ ചുട്ടെരിക്കുകയും താങ്കൾതന്നെ ബാബിലോനിലെ അടിമത്തത്തിലേക്കു പോകുകയും ചെയ്യുമെന്നു മുന്നറിയിപ്പു സ്വീകരിച്ചുകൊളളുക. തങ്ങളുടെ അടിമകളെ സ്വതന്ത്രരാക്കാമെന്നു സമ്മതിച്ചിട്ടു തങ്ങളുടെ ഉടമ്പടി ലംഘിച്ചിരിക്കുന്ന അടിമകളുടെ ഉടമകൾക്ക് അയ്യോ കഷ്ടം!
26. രേഖാബ്യരോട് യഹോവ എന്തു വാഗ്ദാനംചെയ്യുന്നു, എന്തുകൊണ്ട്?
26 രേഖാബിനോടുളള യഹോവയുടെ വാഗ്ദാനം (35:1-19). യെഹോയാക്കീം രാജാവിന്റെ നാളുകളിൽ യഹോവ യിരെമ്യാവിനെ രേഖാബ്യരുടെ അടുക്കലേക്ക് അയയ്ക്കുന്നു. ഇവർ യെരുശലേമിൽ ബാബിലോന്യരുടെ ആദ്യ സമീപനസമയത്തുതന്നെ യെരുശലേമിൽ അഭയംതേടി. യിരെമ്യാവ് അവർക്കു വീഞ്ഞു കുടിക്കാൻ കൊടുക്കുന്നു. 250 വർഷം മുമ്പു കൊടുക്കപ്പെട്ടിരുന്ന തങ്ങളുടെ പൂർവപിതാവായ യോനാദാബിന്റെ കൽപ്പന നിമിത്തം അവർ അതു നിരസിക്കുന്നു. തീർച്ചയായും യഹൂദയുടെ അവിശ്വസ്തഗതിയിൽനിന്നു ശ്രദ്ധേയമായ മാററം! “എന്റെ മുമ്പാകെ നില്പാൻ രേഖാബിന്റെ മകനായ യോനാദാബിനു ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെവരികയില്ല” എന്നു യഹോവ അവരോടു വാഗ്ദാനംചെയ്യുന്നു.—35:19.
27. യിരെമ്യാവിന്റെ പ്രവചനങ്ങൾ വീണ്ടും എഴുതേണ്ടത് ആവശ്യമാക്കിത്തീർക്കുന്നത് എന്ത്?
27 യിരെമ്യാവു പുസ്തകം വീണ്ടും എഴുതുന്നു (36:1-32). അന്നുവരെയുളള തന്റെ സകല പ്രവചനവചനങ്ങളും ഒരു പുസ്തകത്തിൽ എഴുതാൻ യഹോവ യിരെമ്യാവിനോടു കൽപ്പിക്കുന്നു. യിരെമ്യാവ് ഇതു ബാരൂക്കിനു പറഞ്ഞുകൊടുക്കുന്നു, അനന്തരം അവൻ ഒരു ഉപവാസദിവസം യഹോവയുടെ ആലയത്തിൽവെച്ച് അവ ഉച്ചത്തിൽ വായിക്കുന്നു. യെഹോയാക്കീം രാജാവ് ഈ ചുരുൾ കൊണ്ടുവരാൻ ആളയയ്ക്കുകയും അതിന്റെ ഒരു ഭാഗം വായിച്ചുകേൾക്കുമ്പോൾ കുപിതനായി വലിച്ചുകീറി തീയിലിടുകയും ചെയ്യുന്നു. യിരെമ്യാവിനെയും ബാരൂക്കിനെയും അറസ്ററുചെയ്യാൻ അവൻ കൽപ്പിക്കുന്നു, എന്നാൽ യഹോവ അവരെ ഒളിപ്പിക്കുകയും ചുരുളിന്റെ ഒരു പകർപ്പ് എഴുതാൻ യിരെമ്യാവിനോടു പറയുകയും ചെയ്യുന്നു.
28. (എ) യിരെമ്യാവ് ഏതു സ്ഥിരമായ പ്രവചനങ്ങൾ ഉച്ചരിക്കുന്നു? (ബി) എബേദ്-മേലേക്കിന്റെ പ്രവർത്തനഗതി പ്രഭുക്കന്മാരുടേതിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
28 യെരുശലേമിന്റെ അവസാനനാളുകൾ (37:1–39:18). രേഖ സിദെക്കീയാവിന്റെ വാഴ്ചയിലേക്കു തിരികെപോകുന്നു. യഹൂദക്കുവേണ്ടി യഹോവയോടു പ്രാർഥിക്കാൻ രാജാവ് യിരെമ്യാവിനോട് ആവശ്യപ്പെടുന്നു. യെരുശലേമിന്റെ വിനാശം തീർച്ചയാണെന്നു പറഞ്ഞുകൊണ്ടു പ്രവാചകൻ നിരസിക്കുന്നു. യിരെമ്യാവ് അനാഥോത്തിലേക്കു പോകാൻ ശ്രമിക്കുന്നു, എന്നാൽ ഒരു പലായിതനെന്ന നിലയിൽ യിരെമ്യാവിനെ പിടിക്കുകയും അടിക്കുകയും അനേകം ദിവസം തടവിലിടുകയും ചെയ്യുന്നു. അവനെ വരുത്താൻ സിദെക്കീയാവ് ആളയയ്ക്കുന്നു. യഹോവയിൽനിന്ന് അരുളപ്പാടുണ്ടോ? തീർച്ചയായുമുണ്ട്! “നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും.” (37:17) യിരെമ്യാവിന്റെ തുടർച്ചയായ വിനാശത്തിന്റെ പ്രവചനങ്ങളാൽ കുപിതനായി പ്രഭുക്കൻമാർ അവനെ ഒരു ചെളിക്കുഴിയിൽ ഇടുന്നു. രാജഗൃഹത്തിലെ ഒരു ഷണ്ഡനായ എത്യോപ്യക്കാരൻ എബേദ്-മേലേക്ക് ദയാപൂർവം അവനുവേണ്ടി മധ്യസ്ഥംവഹിക്കുന്നു, തന്നിമിത്തം യിരെമ്യാവ് സാവധാനത്തിലുളള മരണത്തിൽനിന്നു വിടുവിക്കപ്പെടുന്നു. എന്നാൽ അവൻ കാവൽപുരമുററത്തു ബന്ധനത്തിൽ കഴിയുന്നു. വീണ്ടും സിദെക്കീയാവ് യിരെമ്യാവിനെ തന്റെ മുമ്പാകെ വിളിച്ചുവരുത്തുന്നു: ‘ബാബിലോൻരാജാവിനു കീഴടങ്ങുക, അല്ലെങ്കിൽ അടിമത്വത്തെയും യെരുശലേമിന്റെ നാശത്തെയും അഭിമുഖീകരിച്ചുകൊളളുക’ എന്നു പറയപ്പെടാൻവേണ്ടി മാത്രം.—38:17, 18.
29. ഇപ്പോൾ യെരുശലേമിന് എന്ത് അനർഥം ഭവിക്കുന്നു, എന്നാൽ യിരെമ്യാവും എബേദ്-മേലേക്കും എങ്ങനെ കഴിയുന്നു?
29 യെരുശലേമിന്റെ ഉപരോധം 18 മാസം നീണ്ടുനിൽക്കുന്നു, പിന്നീടു സിദെക്കീയാവിന്റെ 11-ാമാണ്ടിൽ നഗരം ഭേദിക്കപ്പെടുന്നു. രാജാവ് അവന്റെ സൈന്യവുമായി പലായനംചെയ്യുന്നു, എന്നാൽ പിടികൂടപ്പെടുന്നു. അവന്റെ പുത്രൻമാരും പ്രഭുക്കൻമാരും അവന്റെ കൺമുമ്പാകെ കൊല്ലപ്പെടുന്നു. അവനെ കണ്ണുകുത്തിപ്പൊട്ടിച്ചു വിലങ്ങുവെച്ചു ബാബിലോനിലേക്കു കൊണ്ടുപോകുന്നു. നഗരം ചുട്ടെരിക്കപ്പെടുകയും ശൂന്യമാക്കപ്പെടുകയും ചെയ്യുന്നു, ചുരുക്കംചില ദരിദ്രരൊഴിച്ച് എല്ലാവരും ബാബിലോനിലെ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുന്നു. നെബുഖദ്നേസരിന്റെ കൽപ്പനപ്രകാരം യിരെമ്യാവു കാവൽപുരമുററത്തുനിന്നു വിടുവിക്കപ്പെടുന്നു. അവന്റെ വിമോചനത്തിനുമുമ്പ് എബേദ്-മേലേക്കിനെ വിടുവിക്കാമെന്നുളള യഹോവയുടെ വാഗ്ദത്തത്തെക്കുറിച്ച് അവനോടു യിരെമ്യാവു പറയുന്നു, ‘എന്തുകൊണ്ടെന്നാൽ അവൻ യഹോവയിൽ ആശ്രയിച്ചു.’—39:18.
30. ശേഷിച്ചിരുന്ന ജനം യിരെമ്യാവിന്റെ ബുദ്ധ്യുപദേശം അനുസരിക്കുന്നതിൽ പരാജയപ്പെടുന്നത് എങ്ങനെ, യിരെമ്യാവ് ഈജിപ്തിൽ ഏതു വിനാശത്തിന്റെ വിധി അറിയിക്കുന്നു?
30 മിസ്പയിലെയും ഈജിപ്തിലെയും അന്തിമസംഭവങ്ങൾ (40:1–44:30). യിരെമ്യാവ് ഗദല്യാവിനോടുകൂടെ മിസ്പയിൽ കഴിയുന്നു. ബാബിലോന്യർ ശേഷിച്ച ജനത്തിൻമേൽ ഗദല്യാവിനെ ഗവർണറാക്കുന്നു. രണ്ടു മാസംകഴിഞ്ഞ് ഗദല്യാവു കൊല ചെയ്യപ്പെടുന്നു. ജനം യിരെമ്യാവിന്റെ ബുദ്ധ്യുപദേശം തേടുന്നു. അവൻ അവരോടു ദൈവവചനം അറിയിക്കുന്നു: ‘ഈ ദേശത്തുനിന്നു യഹോവ നിങ്ങളെ പിഴുതുമാററുകയില്ല. ബാബിലോൻരാജാവു നിമിത്തം ഭയപ്പെടരുത്, എന്നിരുന്നാലും നിങ്ങൾ ഈജിപ്തിലേക്കു പോകുന്നുവെങ്കിൽ നിങ്ങൾ മരിക്കും!’ അവർ യിരെമ്യാവിനെയും ബാരൂക്കിനെയും കൊണ്ട് ഈജിപ്തിലേക്കു പോകുന്നു. ഈജിപ്തിലെ തഹ്പനേസിൽവെച്ചു യിരെമ്യാവ് യഹോവയുടെ കുററവിധി അറിയിക്കുന്നു: ബാബിലോൻരാജാവ് ഈജിപ്തിൽ തന്റെ സിംഹാസനം സ്ഥാപിക്കും. ഇസ്രായേൽ ഈജിപ്തിലെ ദൈവങ്ങളെ ആരാധിക്കുന്നതും “ആകാശരാജ്ഞിക്ക്” ബലിയർപ്പണം പുനരാരംഭിക്കുന്നതും നിഷ്പ്രയോജനകരമാണ്. യഹോവ യെരുശലേമിനെ അതിന്റെ വിഗ്രഹാരാധന നിമിത്തം എങ്ങനെ നശിപ്പിച്ചുവെന്ന് അവർ മറന്നുപോയോ? ഈജിപ്തിൽ യഹോവ അവരുടെമേൽ അനർഥം വരുത്തും, അവർ യഹൂദയിലേക്കു മടങ്ങിവരില്ല. ഒരു അടയാളമെന്നോണം, യഹോവ ഹോഫ്രാ ഫറവോനെത്തന്നെ അയാളുടെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുകയാണ്.
31. ബാരൂക്കിന് എന്ത് ഉറപ്പുകൊടുക്കപ്പെടുന്നു?
31 ബാരൂക്കിന്റെ ഭാഗധേയം (45:1-5). ബാരൂക്ക് യഹോവയുടെ ആവർത്തിച്ചുളള വിനാശ വിധി കേൾക്കുന്നതിൽ ദുഃഖിതനാണ്. തനിക്കായിട്ടു “വലിയ കാര്യങ്ങൾ ആഗ്രഹി”ക്കുന്നതിനു പകരം പണിയുകയും ഇടിച്ചുകളയുകയും ചെയ്യുന്ന യഹോവയുടെ പ്രവൃത്തിയെക്കുറിച്ച് ഒന്നാമതു ചിന്തിക്കാൻ അവനോടു പറയപ്പെടുന്നു. (45:5) അവൻ സകല അനർഥത്തിൽനിന്നും രക്ഷിക്കപ്പെടും.
32. “യഹോവയുടെ വാൾ” ആർക്കെതിരെ വരും?
32 ജനതകൾക്കെതിരെ യഹോവയുടെ വാൾ (46:1–49:39). യിരെമ്യാവ് കാർക്കേമിശിലും മററുളളിടങ്ങളിലുംവെച്ച് ഈജിപ്തിൻമേൽ ബാബിലോനു ലഭിക്കുന്ന വിജയങ്ങളെക്കുറിച്ചു പറയുന്നു. ജനതകൾ നിർമൂലമാക്കപ്പെടുന്നുവെങ്കിലും യാക്കോബ് ശേഷിക്കും, എന്നാലും ശിക്ഷ കിട്ടാതിരിക്കയില്ല. “യഹോവയുടെ വാൾ” ഫെലിസ്ത്യർക്കെതിരെയും അഹങ്കാരിയായ മോവാബിനെതിരെയും വീമ്പിളക്കുന്ന അമ്മോനെതിരെയും എദോമിനും ദമാസ്കസിനും കേദാരിനും ഹാസോറിനുമെതിരെയും വരും. (47:6) ഏലാമിന്റെ വില്ല് ഒടിഞ്ഞുപോകും.
33. (എ) പൊൻ പാനപാത്രമായ ബാബിലോന് എന്തു സംഭവിക്കും? (ബി) അതുകൊണ്ടു ദൈവജനം എങ്ങനെ പ്രവർത്തിക്കണം?
33 ബാബിലോനെതിരായ യഹോവയുടെ വാൾ (50:1–51:64). യഹോവ ബാബിലോനെക്കുറിച്ചു സംസാരിക്കുന്നു. അതു ജാതികളുടെ ഇടയിൽ പറയുക. യാതൊന്നും മറച്ചുവെക്കരുത്. ബാബിലോൻ കീഴടക്കപ്പെടുകയും അവളുടെ ദൈവങ്ങൾ ലജ്ജിതരാകുകയും ചെയ്തിരിക്കുന്നു. അവളിൽനിന്ന് ഓടിപ്പോകുക. സർവഭൂമിയിലെയും ജനതകളെ തകർത്തിരിക്കുന്ന ഈ ചുററികതന്നെ തകർക്കപ്പെട്ടിരിക്കുന്നു. അടിമയാക്കപ്പെട്ട ഇസ്രായേലിന്റെയും യഹൂദയുടെയും മർദകനായ “അഹങ്കാരിയേ,” സൈന്യങ്ങളുടെ യഹോവയാണ് അവരെ വീണ്ടും വാങ്ങുന്നതെന്ന് അറിയുക. ബാബിലോൻ ഓളിയിടുന്ന ജന്തുക്കളുടെ ആവാസസ്ഥലമായിരിക്കും. “ദൈവം സൊദോമും ഗൊമോരയും . . . നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല.” (50:31, 40) ബാബിലോൻ യഹോവയുടെ കൈയിൽ ജനതകളെ മത്തുപിടിപ്പിക്കാനുളള ഒരു പൊൻപാനപാത്രം ആയിരിക്കുന്നു. എന്നാൽ പെട്ടെന്ന് അവൾ വീണുപോയി, തന്നിമിത്തം അവൾതന്നെ തകർന്നുപോയിരിക്കുന്നു. ജനങ്ങളേ, അവളെ ചൊല്ലി മുറയിടുവിൻ. അവൾക്കു നാശം വരുത്താൻ യഹോവ മേദ്യയിലെ രാജാക്കൻമാരുടെ ആവേശമുണർത്തിയിരിക്കുന്നു. ബാബിലോനിലെ ബലവാൻമാർ യുദ്ധം നിർത്തിയിരിക്കുന്നു. അവർ സ്ത്രീകളെപ്പോലെയായിരിക്കുന്നു. ബാബിലോൻപുത്രി ഒരു മെതിക്കളംപോലെ കഠിനമായി ചവിട്ടിമെതിക്കപ്പെടും. “അവർ . . . ഉണരാതവണ്ണം നിത്യനിദ്ര കൊളേള”ണം. സമുദ്രം ഉയർന്നുവന്നു ബാബിലോനെ ഒട്ടേറെ തിരമാലകളാൽ മൂടിയിരിക്കുന്നു. “എന്റെ ജനമേ, അതിന്റെ നടുവിൽനിന്നു പുറപ്പെടുവിൻ; യഹോവയുടെ ഉഗ്രകോപത്തിൽനിന്നു നിങ്ങൾ ഓരോരുത്തൻ താന്താന്റെ പ്രാണനെ രക്ഷിച്ചുകൊൾവിൻ.” (51:39, 45) മുറവിളി, ബാബിലോനിൽനിന്നുളള ആരവം, ശ്രദ്ധിക്കുക! ബാബിലോന്റെ യുദ്ധായുധങ്ങൾ തകർക്കപ്പെടണം, എന്തുകൊണ്ടെന്നാൽ യഹോവ പ്രതിക്രിയ ചെയ്യുന്ന ഒരു ദൈവമാകുന്നു. അവൻ കണിശമായും പ്രതികാരംചെയ്യും.
34. ഏത് അടയാളം ബാബിലോന്റെ പതനത്തെ വിശദമാക്കുന്നു?
34 യിരെമ്യാവ് സെരായാവിനോടു കൽപ്പിക്കുന്നു: ‘ബാബിലോനിലേക്കു പോയി ബാബിലോനെതിരായ ഈ പ്രവചനവാക്കുകൾ ഉച്ചത്തിൽ വായിക്കുക. പിന്നീടു പുസ്തകത്തിൽ ഒരു കല്ലുകെട്ടി യൂഫ്രട്ടീസിന്റെ നടുവിലേക്ക് എറിയുക. “ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാൻ അതിനുവരുത്തുന്ന അനർഥത്തിൽനിന്ന് അതു പൊങ്ങിവരികയില്ല; അവർ ക്ഷയിച്ചുപോകും” എന്നു പറയേണം’—51:61-64.
35. ഏതു രേഖ ഇപ്പോൾ തുടർന്നു നിർമിക്കുന്നു?
35 യെരുശലേമിന്റെ പതനത്തിന്റെ രേഖ (52:1-34). ഈ രേഖ 2 രാജാക്കൻമാർ 24:18-20; 25:1-21, 27-30 എന്നിവിടങ്ങളിൽ മുമ്പ് ഉൾപ്പെടുത്തിയ രേഖയോടു മിക്കവാറും സമാനമാണ്.
എന്തുകൊണ്ടു പ്രയോജനപ്രദം
36. (എ) യിരെമ്യാവിൽ നാം തീക്ഷ്ണതയുടെ ഏതു ധീരമായ ദൃഷ്ടാന്തം കാണുന്നു? (ബി) ഏതു വിധങ്ങളിൽ ബാരൂക്കും രേഖാബ്യരും എബേദ്-മേലേക്കും നമുക്കു നല്ല ദൃഷ്ടാന്തങ്ങളായിരിക്കുന്നു?
36 ഈ നിശ്വസ്ത പ്രവചനം മുഴുവനായി പരിപുഷ്ടിപ്പെടുത്തുന്നതും പ്രയോജനകരവുമാകുന്നു. പ്രവാചകന്റെതന്നെ ധീരമായ ദൃഷ്ടാന്തം കാണുക. ദൈവവിചാരമില്ലാത്ത ഒരു ജനത്തോടു ജനസമ്മതിയില്ലാത്ത ഒരു സന്ദേശം പ്രഘോഷിക്കുന്നതിൽ അവൻ ഭയരഹിതനായിരുന്നു. അവൻ ദുഷ്ടൻമാരുമായുളള കൂട്ടായ്മയെ നിരസിച്ചു. അവൻ മുഴുഹൃദയത്തോടെ യഹോവയുടെ വേലക്കു തന്നെത്താൻ അർപ്പിച്ചുകൊണ്ടും ഒരിക്കലും വിരമിക്കാതെയും യഹോവയുടെ സന്ദേശത്തിന്റെ അടിയന്തിരതയെ വിലമതിച്ചു. അവൻ ദൈവവചനം തന്റെ അസ്ഥികളിൽ ഒരു തീപോലെയാണെന്നു കണ്ടെത്തി. അത് അവന്റെ ഹൃദയത്തിന്റെ ആനന്ദവും സന്തോഷവുമായിരുന്നു. (യിരെ. 15:16-20; 20:8-13) യഹോവയുടെ വചനത്തിനുവേണ്ടി നമുക്ക് അത്രതന്നെ തീക്ഷ്ണതയുളളവരായിരിക്കാം! ബാരൂക്ക് യിരെമ്യാവിനു കൊടുത്തതുപോലെ, നമുക്കും ദൈവദാസൻമാർക്കു വിശ്വസ്തപിന്തുണ കൊടുക്കാം. രേഖാബ്യരുടെ ആത്മാർഥമായ അനുസരണം നമുക്കും വിശിഷ്ടമായ മാതൃകയാണ്, പീഡിതനായ പ്രവാചകനോടുളള എബേദ്-മേലേക്കിന്റെ ദയാപൂർവകമായ പരിഗണനയും അങ്ങനെതന്നെ.—36:8-19, 32; 35:1-19; 38:7-13; 39:15-18.
37. യിരെമ്യാവിന്റെ ഒരു പരിചിന്തനം യഹോവയുടെ പ്രവചനശക്തിയിലുളള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നത് എങ്ങനെ?
37 യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം അതിശയനീയമായ കൃത്യതയോടെ നിറവേറി. ഇതു തീർച്ചയായും യഹോവയുടെ പ്രവാചകശക്തിയിലുളള വിശ്വാസം ബലിഷ്ഠമാക്കുന്നു. ദൃഷ്ടാന്തത്തിന്, സിദെക്കീയാവിന്റെ അടിമത്തവും യെരുശലേമിന്റെ നാശവും (21:3-10; 39:6-9), ശല്ലൂം രാജാവിന്റെ (യെഹോവാഹാസ്) സിംഹാസനഭ്രഷ്ടും അടിമത്തത്തിൽവെച്ചുളള മരണവും (യിരെ. 22:11, 12; 2 രാജാ. 23:30-34; 2 ദിന. 36:1-4) കൊന്യാവുരാജാവിനെ (യെഹോയാഖീൻ) ബാബിലോനിലേക്ക് അടിമയായി പിടിച്ചുകൊണ്ടുപോകുന്നതും (യിരെ. 22:24-27; 2 രാജാ. 24:15, 16) കളളപ്രവാചകനായ ഹനന്യാവിന്റെ ഒരു വർഷത്തിനകമുളള മരണവും (യിരെ. 28:16, 17) പോലെ, യിരെമ്യാവുതന്നെ അതിജീവിച്ചിരുന്നു കണ്ട പ്രവചനനിവൃത്തികൾ എടുക്കുക. ഈ പ്രവചനങ്ങളെല്ലാം മാത്രമല്ല, അവയിൽ കൂടുതലും യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ നിവർത്തിച്ചു. പിന്നീടുളള പ്രവാചകൻമാരും യഹോവയുടെ ദാസൻമാരും യിരെമ്യാവിന്റെ പ്രവചനം ആധികാരികവും പ്രയോജനകരവുമാണെന്നു കണ്ടെത്തി. ദൃഷ്ടാന്തത്തിന്, യെരുശലേമിന്റെ ശൂന്യകാലം 70 വർഷങ്ങളായിരിക്കണമെന്നു യിരെമ്യാവിന്റെ എഴുത്തുകളിൽനിന്നു ദാനിയേൽ മനസ്സിലാക്കി. 70 വർഷത്തിന്റെ അവസാനത്തിൽ യിരെമ്യാവിന്റെ വാക്കുകൾക്കുണ്ടായ നിവൃത്തിയിലേക്ക് എസ്രാ ശ്രദ്ധ ക്ഷണിച്ചു.—ദാനീ. 9:2; 2 ദിന. 36:20, 21; എസ്രാ 1:1; യിരെ. 25:11, 12; 29:10.
38. (എ) യേശുവും പരാമർശിച്ച ഏത് ഉടമ്പടി യിരെമ്യാവിന്റെ പ്രവചനത്തിൽ ഊന്നിപ്പറയപ്പെടുന്നു? (ബി) ഏതു രാജ്യ പ്രത്യാശ പ്രഘോഷിക്കപ്പെടുന്നു?
38 തന്റെ ശിഷ്യൻമാരുമായി കർത്താവിന്റെ സന്ധ്യാഭക്ഷണത്തിന്റെ ആഘോഷം സ്ഥാപിച്ച അവസരത്തിൽ യേശു പുതിയ ഉടമ്പടിയെ സംബന്ധിച്ച യിരെമ്യാവിന്റെ പ്രവചനനിവൃത്തിയെ സൂചിപ്പിച്ചു. അങ്ങനെ അവൻ “എന്റെ രക്തത്തിലെ പുതിയ നിയമ”ത്തെ പരാമർശിച്ചു, അതിനാലാണ് അവരുടെ പാപങ്ങൾ ക്ഷമിക്കപ്പെടുകയും ആത്മീയ ജനത എന്ന നിലയിൽ അവർ ശേഖരിക്കപ്പെടുകയും ചെയ്തത്. (ലൂക്കൊ. 22:20; യിരെ. 31:31-34) പുതിയ ഉടമ്പടിയിലേക്കു വരുത്തപ്പെട്ട ആത്മജനനം പ്രാപിച്ചവരെയാണു ക്രിസ്തു സ്വർഗത്തിൽ തന്നോടുകൂടെ ഭരിക്കാൻ രാജ്യത്തിനുവേണ്ടിയുളള ഉടമ്പടിയിലേക്ക് എടുക്കുന്നത്. (ലൂക്കൊ. 22:29; വെളി. 5:9, 10; 20:6) യിരെമ്യാവിന്റെ പ്രവചനത്തിൽ ഈ രാജ്യത്തെ പല പ്രാവശ്യം പരാമർശിക്കുന്നുണ്ട്. അവിശ്വസ്ത യെരുശലേമിനെസംബന്ധിച്ച അപലപനങ്ങൾക്കെല്ലാമിടയിൽ യിരെമ്യാവ് ഈ പ്രത്യാശാകിരണം ചൂണ്ടിക്കാട്ടി: “ഞാൻ ദാവീദിന്നു നീതിയുളേളാരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും . . . എന്നു യഹോവയുടെ അരുളപ്പാടു.” അതെ, “യഹോവ നമ്മുടെ നീതി” എന്നു വിളിക്കപ്പെടുന്ന ഒരു രാജാവ്.—യിരെ. 23:5, 6.
39. യിരെമ്യാവു മുൻകൂട്ടിപ്പറഞ്ഞ ഒരു ശേഷിപ്പിന്റെ ബാബിലോനിൽനിന്നുളള മടങ്ങിവരവ് എന്തിന് ഉറപ്പു കൊടുക്കുന്നു?
39 വീണ്ടും യിരെമ്യാവ് ഒരു പുനഃസ്ഥാപനത്തെക്കുറിച്ചു പറയുന്നു: “അവർ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കു എഴുന്നേല്പിപ്പാനുളള രാജാവായ ദാവീദിനെയും സേവിക്കും.” (30:9) ഒടുവിൽ, അവൻ യഹോവ ഇസ്രായേലിനെയും യഹൂദയെയും കുറിച്ചു പ്രസ്താവിച്ച നല്ല വചനത്തെക്കുറിച്ചു പറയുന്നു, തത്ഫലമായി ദാവീദിന്റെ സന്തതിയെ പെരുക്കത്തക്കവണ്ണവും “അവന്റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാൻ ഒരു മകൻ” ഉണ്ടായിരിക്കത്തക്കവണ്ണവും “ആ നാളുകളിലും ആ കാലത്തും [യഹോവ] ദാവീദിന്നു നീതിയുളേളാരു മുളയായവനെ മുളെപ്പിക്കും.” (33:15, 21) ഒരു ശേഷിപ്പു ബാബിലോനിൽനിന്നു മടങ്ങിപ്പോയതുപോലെ ഉറപ്പായി ഈ നീതിയുളള “മുള” സർവഭൂമിയിലും നീതിയും ന്യായവും നടത്തും.—ലൂക്കൊ. 1:32.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2, പേജുകൾ 326, 480.