ബൈബിൾ പുസ്തക നമ്പർ 25—വിലാപങ്ങൾ
എഴുത്തുകാരൻ: യിരെമ്യാവ്
എഴുതിയ സ്ഥലം: യെരുശലേമിനടുത്ത്
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 607
1. വിലാപങ്ങളുടെ പുസ്തകത്തിന് ഉചിതമായ പേരിട്ടിരിക്കുന്നത് എന്തുകൊണ്ട്?
നിശ്വസ്ത തിരുവെഴുത്തുകളിലെ ഈ പുസ്തകത്തിനു തീർച്ചയായും ഉചിതമായ പേരിട്ടിരിക്കുന്നു. അതു ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ചരിത്രത്തിലെ ആ അനർഥ സംഭവമായ, ബാബിലോനിലെ നെബുഖദ്നേസർ രാജാവിനാലുളള യെരുശലേമിന്റെ പൊ.യു.മു. 607-ലെ നാശത്തിലുളള അഗാധദുഃഖം പ്രകടമാക്കുന്ന ഒരു വിലാപമാണ്. എബ്രായയിൽ ഈ പുസ്തകത്തിന് “എങ്ങനെ” എന്നർഥമുളള അതിന്റെ ആദ്യവാക്കായ എഹ്ഖാ എന്നു പേരിട്ടിരിക്കുന്നു. ഗ്രീക്ക് സെപ്ററുവജിൻറിന്റെ വിവർത്തകൻമാർ ഈ പുസ്തകത്തെ ത്രെനോയ് എന്നു വിളിച്ചു, അതിന്റെ അർഥം “വിലാപഗീതങ്ങൾ, വിലാപങ്ങൾ” എന്നാണ്. ബാബിലോന്യ തൽമൂദ് ക്വിനോത് എന്ന പദം ഉപയോഗിക്കുന്നു, അതിന്റെ അർഥം “വിലാപഗീതങ്ങൾ, ശോകഗാനങ്ങൾ” എന്നാണ്. ലത്തീനിലെഴുതിയ ജെറോമാണ് അതിനു ലാമെന്റേഷനസ് എന്നു പേരിട്ടത്, അതിൽനിന്നാണ് ഇംഗ്ലീഷ് ശീർഷകമുണ്ടാകുന്നത്.
2. വിലാപങ്ങൾ ബൈബിളിൽ ഏതു കൂട്ടത്തിൽ ഉൾപ്പെടുത്തുകയും വെക്കുകയും ചെയ്തിരിക്കുന്നു?
2 ബൈബിളിന്റെ ഇംഗ്ലീഷ് ഭാഷാന്തരങ്ങളിൽ യിരെമ്യാവിനു ശേഷമാണു വിലാപങ്ങൾ ചേർത്തിരിക്കുന്നത്, എന്നാൽ എബ്രായ കാനോനിൽ സാധാരണമായി അത് ഉത്തമഗീതത്തോടും രൂത്തിനോടും സഭാപ്രസംഗിയോടും എസ്ഥേറിനോടുംകൂടെ ഹാഗിയോഗ്രഫായിൽ അഥവാ ലിഖിതങ്ങളിൽ കാണപ്പെടുന്നു—മൊത്തത്തിൽ അഞ്ച് മെഖിലോത്ത് (ചുരുളുകൾ) എന്നറിയപ്പെടുന്ന ഒരു ചെറിയ സമാഹാരമാണിത്. ചില ആധുനിക എബ്രായ ബൈബിളുകളിൽ അതു രൂത്തിനും അല്ലെങ്കിൽ എസ്ഥേറിനും സഭാപ്രസംഗിക്കുമിടയിൽ വെച്ചിരിക്കുന്നു. എന്നാൽ പുരാതന പകർപ്പുകളിൽ അത് ഇന്നത്തെ നമ്മുടെ ബൈബിളിലേതുപോലെ യിരെമ്യാവിനുശേഷമായിരുന്നുവെന്നു പറയപ്പെടുന്നു.
3, 4. യിരെമ്യാവിന്റെ ലേഖകപദവിക്ക് എന്തു തെളിവുണ്ട്?
3 പുസ്തകം എഴുത്തുകാരന്റെ പേർ പറയുന്നില്ല. എന്നിരുന്നാലും, അതു യിരെമ്യാവായിരുന്നുവെന്നതിനു സംശയമൊന്നുമില്ല. ഗ്രീക്ക് സെപ്ററുവജിൻറിൽ ഈ പുസ്തകത്തിന് ഇങ്ങനെയൊരു ആമുഖമുണ്ട്: “ഇസ്രായേൽ അടിമയായി പിടിക്കപ്പെടുകയും യെരുശലേം ശൂന്യമാക്കപ്പെടുകയും ചെയ്തശേഷം, യിരെമ്യാവ് ഇരുന്നു കരയുകയും യെരുശലേമിനെ സംബന്ധിച്ച ഈ വിലാപത്തോടെ വിലപിക്കുകയും ഇങ്ങനെ പറയുകയും ചെയ്തു.” ജെറോം ഈ വാക്കുകൾ വ്യാജമാണെന്നു കരുതി തന്റെ ഭാഷാന്തരത്തിൽനിന്ന് ഒഴിവാക്കി. എന്നിരുന്നാലും, വിലാപങ്ങൾ യിരെമ്യാവിന്റേതാണെന്നു പറയുന്നതു യഹൂദൻമാരുടെ അംഗീകൃത പാരമ്പര്യമാണ്. മററുളളവയുടെ കൂട്ടത്തിൽ സിറിയക് ഭാഷാന്തരവും ലാററിൻ വൾഗേററും യോനാഥാന്റെ തർഗുമും ബാബിലോണിയൻ തൽമൂദും ഇതു സ്ഥിരീകരിക്കുന്നു.
4 യിരെമ്യാവ് വിലാപങ്ങൾ എഴുതിയില്ലെന്നു തെളിയിക്കാൻ ചില വിമർശകർ ശ്രമിച്ചിട്ടുണ്ട്. വിശുദ്ധബൈബിളിന്റെ ഒരു ഭാഷ്യം (ഇംഗ്ലീഷ്) യിരെമ്യാവിന്റെ ലേഖകപദവിയുടെ തെളിവെന്ന നിലയിൽ “പ്രസ്പഷ്ടമായി ഒരു ദൃക്സാക്ഷിയുടെ തൂലികാചിത്രങ്ങളായ 2-ഉം 4-ഉം അധ്യായങ്ങളിലെ യെരുശലേമിനെക്കുറിച്ചുളള വ്യക്തമായ വർണനകൾ, ഉടനീളമുളള കവിതകളുടെ തീവ്ര സഹാനുഭൂതിയോടുകൂടിയ സ്വഭാവം, പ്രവാചകാത്മാവ് എന്നിവയും, യിരെമ്യാവിന്റെ സവിശേഷതകളായ അവയുടെ ശൈലി, പദബന്ധം, ആശയം എന്നിവയും”a എടുത്തുപറയുന്നു. ‘കണ്ണു കണ്ണുനീരൊഴുക്കുന്ന’ അങ്ങേയററത്തെ സങ്കടവും (വിലാ. 1:16; 2:11; 3:48, 49; യിരെ. 9:1; 13:17; 14:17) പ്രവാചകൻമാരുടെയും പുരോഹിതൻമാരുടെയും അഴിമതി മുഖാന്തരം അവരോടുളള വെറുപ്പും (വിലാ. 2:14; 4:13, 14; യിരെ. 2:34; 5:30, 31; 14:13, 14) പോലെ അനേകം സമാന്തര പ്രയോഗങ്ങൾ വിലാപങ്ങളിലും യിരെമ്യാവിലുമുണ്ട്. വിലാപങ്ങളുടെ ദുഃഖപൂർണമായ ശൈലിക്കു യിരെമ്യാവ് തികച്ചും പ്രാപ്തനായിരുന്നുവെന്നു യിരെമ്യാവു 8:18-22-ലെയും 14:17, 18-ലെയും ഭാഗങ്ങൾ പ്രകടമാക്കുന്നു.
5. ഏതു ന്യായവാദത്താൽ നാം എഴുത്തിന്റെ കാലം നിഗമനംചെയ്യുന്നു?
5 എഴുത്തിന്റെ കാലം പൊ.യു.മു. 607-ലെ യെരുശലേമിന്റെ പതനത്തിനുശേഷമാണെന്നു പൊതുവേ അംഗീകരിക്കപ്പെടുന്നു. നഗരത്തിന്റെ ഉപരോധത്തിന്റെയും ദഹിപ്പിക്കലിന്റെയും ഭീതി യിരെമ്യാവിന്റെ മനസ്സിൽ അപ്പോഴും പച്ചപിടിച്ചുനിന്നിരുന്നു, അവന്റെ മനോവേദന വ്യക്തമായി പ്രകാശിപ്പിച്ചിരിക്കുന്നു. സങ്കടത്തിന്റെ ഒരൊററ മുഖം ഏതെങ്കിലും നിശ്ചിത സ്ഥലത്തു പൂർണമായി വെളിപ്പെടുത്തുന്നില്ല, എന്നാൽ ഓരോന്നും പല കവിതകളിൽ വീണ്ടും വീണ്ടും മടങ്ങിവരുന്നുവെന്ന് ഒരു ഭാഷ്യകാരൻ പ്രസ്താവിക്കുന്നു. അനന്തരം അവൻ പറയുന്നു: “ഈ ആശയകോലാഹലം . . . ഈ പുസ്തകം അറിയിക്കാനുദ്ദേശിക്കുന്ന സംഭവങ്ങളോടും വികാരങ്ങളോടും അത് അടുത്തുപററിനിൽക്കുന്നുവെന്നതിന്റെ അതിശക്തമായ തെളിവുകളിലൊന്നാണ്.”b
6. വിലാപങ്ങളുടെ ശൈലിയിലും ഘടനയിലും കൗതുകകരമായിരിക്കുന്നത് എന്ത്?
6 വിലാപങ്ങളുടെ ഘടന ബൈബിൾപണ്ഡിതനു വലിയ താത്പര്യമുളളതാണ്. അഞ്ച് അധ്യായങ്ങളുണ്ട്, അതായത് അഞ്ച് ഭാവഗീതങ്ങൾ. ആദ്യത്തെ നാലെണ്ണം ചിത്രാക്ഷരിയാണ്, ഓരോ വാക്യവും തുടർച്ചയായി എബ്രായ അക്ഷരമാലയിലെ 22 അക്ഷരങ്ങളിലൊന്നുകൊണ്ടു തുടങ്ങുന്നു. മറിച്ച്, മൂന്നാമത്തെ അധ്യായത്തിന് 66 വാക്യങ്ങളുണ്ട്, തന്നിമിത്തം മൂന്നു തുടർച്ചയായ വാക്യങ്ങൾ ഒരേ അക്ഷരംകൊണ്ടു തുടങ്ങിയിട്ടാണ് അടുത്ത അക്ഷരത്തിലേക്കു മാറുന്നത്. അഞ്ചാമത്തെ കവിതയ്ക്ക് 22 വാക്യങ്ങളുണ്ടെങ്കിലും അതു ചിത്രാക്ഷരിയല്ല.
7. യിരെമ്യാവ് ഏതു ദുഃഖം പ്രകടമാക്കുന്നു, എന്നാൽ ഏതു പ്രത്യാശ നിലനിൽക്കുന്നു?
7 വിലാപങ്ങൾ നെബുഖദ്നേസരിനാലുളള യെരുശലേമിന്റെ ഉപരോധത്തിലും പിടിച്ചടക്കലിലും നാശത്തിലും ആഴമായ ദുഃഖം പ്രകടമാക്കുന്നു. അതിന്റെ വ്യക്തതയും സങ്കടഭാവവും മററ് ഏതു സാഹിത്യത്തിലേതിനെക്കാളും മികച്ചുനിൽക്കുന്നു. എഴുത്തുകാരൻ താൻ വീക്ഷിക്കുന്ന ശൂന്യതയിലും ദുരിതത്തിലും സമ്മിശ്രതയിലും അഗാധദുഃഖം പ്രകടിപ്പിക്കുന്നു. ക്ഷാമവും വാളും മററു ഭീകരതകളും നഗരത്തിനു ഭയങ്കരമായ കഷ്ടപ്പാടു വരുത്തിക്കൂട്ടിയിരിക്കുന്നു—എല്ലാം ജനത്തിന്റെയും പ്രവാചകൻമാരുടെയും പുരോഹിതൻമാരുടെയും പാപങ്ങൾ നിമിത്തം ദൈവത്തിൽനിന്നുളള നേരിട്ടുളള ശിക്ഷയായിട്ടാണ്. എന്നിരുന്നാലും, യഹോവയിലുളള പ്രത്യാശയും വിശ്വാസവും നിലനിൽക്കുന്നു, പുനഃസ്ഥാപനത്തിനുളള പ്രാർഥനകൾ അവനോടായി നടത്തപ്പെടുന്നു.
വിലാപങ്ങളുടെ ഉളളടക്കം
8. ഒന്നാം കവിതയിൽ ഏതു ശൂന്യമാക്കൽ വർണിച്ചിരിക്കുന്നു, മൂർത്തീകരിക്കപ്പെട്ട യെരുശലേം ആശയപ്രകടനം നടത്തുന്നത് എങ്ങനെ?
8 “അയ്യോ, ജനപൂർണ്ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ?” അങ്ങനെ ആദ്യ കവിത അതിന്റെ വിലാപം തുടങ്ങുന്നു. സീയോൻപുത്രി ഒരു പ്രഭ്വി ആയിരുന്നു, എന്നാൽ അവളുടെ കാമുകർ അവളെ ഉപേക്ഷിച്ചിരിക്കുന്നു, അവളുടെ ജനം പ്രവാസത്തിലേക്കു പോയിരിക്കുന്നു. അവളുടെ പടിവാതിലുകൾ ശൂന്യമാക്കപ്പെട്ടിരിക്കുന്നു. യഹോവ അവളുടെ ലംഘനങ്ങളുടെ പെരുപ്പം നിമിത്തം അവളെ ശിക്ഷിച്ചിരിക്കുന്നു. അവൾക്ക് അവളുടെ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. അവളുടെ ശത്രുക്കൾ അവളുടെ വീഴ്ചയെ ചൊല്ലി ചിരിച്ചിരിക്കുന്നു. അവൾ ഒരു വിസ്മയാവഹമായ രീതിയിൽ കീഴോട്ടുപോയിരിക്കുന്നു, അവൾക്ക് ആശ്വാസകൻ ഇല്ല. അവളുടെ ശേഷിച്ച ജനം പട്ടിണിയിലാണ്. അവൾ (മൂർത്തീകരിക്കപ്പെട്ട യെരുശലേം) ചോദിക്കുന്നു: “എനിക്കു അവൻ വരുത്തിയ വ്യസനംപോലെ ഒരു വ്യസനമുണ്ടോ?” അവൾ തന്റെ കൈകൾ നീട്ടി പറയുന്നു: “യഹോവ നീതിമാൻ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു.” (1:1, 12, 18) അവൾ തന്റെ ആഹ്ലാദിക്കുന്ന ശത്രുക്കളുടെമേൽ അനർഥം വരുത്താൻ യഹോവയോട് അപേക്ഷിക്കുന്നു, അവൻ അവളോടു ചെയ്തതുപോലെതന്നെ.
9. (എ) യെരുശലേമിൻമേൽ ആരിൽനിന്ന് അനർഥം വന്നിരിക്കുന്നു? (ബി) അവളുടെമേൽ കുന്നിക്കപ്പെട്ട പുച്ഛത്തെയും നഗരത്തിലെ ഭയജനകമായ അവസ്ഥകളെയും കുറിച്ചു യിരെമ്യാവു പറയുന്നത് എങ്ങനെ?
9 “അയ്യോ! യഹോവ സീയോൻപുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറെച്ചതെങ്ങനെ?” (2:1) ഇസ്രായേലിന്റെ ഭൂഷണത്തെ ഭൂമിയിൽ തളളിയിട്ടത് യഹോവതന്നെയാണെന്നു രണ്ടാമത്തെ കവിത പ്രകടമാക്കുന്നു. ഉത്സവവും ശബത്തും വിസ്മരിക്കപ്പെടാൻ അവൻ ഇടയാക്കിയിരിക്കുന്നു. അവൻ തന്റെ യാഗപീഠവും വിശുദ്ധമന്ദിരവും തളളിക്കളഞ്ഞിരിക്കുന്നു. ഹാ, യെരുശലേമിലെ പരിതാപകരമായ കാഴ്ചകൾ! യിരെമ്യാവ് ഉദ്ഘോഷിക്കുന്നു: “എന്റെ ജനത്തിൻ പുത്രിയുടെ നാശം നിമിത്തം ഞാൻ കണ്ണുനീർ വാർത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉളളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു.” (2:11) യെരുശലേം പുത്രിയെ അവൻ എന്തിനോട് ഉപമിക്കണം? അവൻ സീയോൻ പുത്രിയെ എങ്ങനെ ആശ്വസിപ്പിക്കണം? അവളുടെ സ്വന്തം പ്രവാചകൻമാർ വിലകെട്ടവരും സംതൃപ്തിയേകാത്തവരുമെന്നു തെളിഞ്ഞിരിക്കുന്നു. ഇപ്പോൾ കടന്നുപോകുന്നവൻ അവളെ നോക്കി പുച്ഛഭാവത്തിൽ ചിരിക്കുന്നു: “സൌന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതുതന്നെയോ”? (2:15) അവളുടെ ശത്രുക്കൾ തങ്ങളുടെ വായ്കൾ തുറന്നു ചൂള കുത്തുകയും പല്ലുകടിക്കുകയും ചെയ്തിരിക്കുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: ‘അവളെ വിഴുങ്ങിക്കളയാൻ നാം കാത്തിരുന്ന ദിവസം ഇതുതന്നെ.’ അവളുടെ മക്കൾ ക്ഷാമം നിമിത്തം മോഹാലസ്യപ്പെടുന്നു, സ്ത്രീകൾ സ്വന്തം സന്താനങ്ങളെ ഭക്ഷിക്കുന്നു. ശവങ്ങൾ തെരുവുകളിൽ ചിതറിക്കിടക്കുന്നു. “യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല.”—2:16, 22.
10. പ്രത്യാശക്കുളള ഒരു അടിസ്ഥാനമെന്ന നിലയിൽ, ദൈവത്തിന്റെ ഏതു ഗുണങ്ങൾ യിരെമ്യാവു പറയുന്നു?
10 അറുപത്താറു വാക്യങ്ങളുളള മൂന്നാമത്തെ കവിത ദൈവത്തിന്റെ കരുണയിലുളള സീയോന്റെ പ്രത്യാശയെ ഊന്നിപ്പറയുന്നു. അടിമത്തവും ശൂന്യതയും വരുത്തിയിരിക്കുന്നതു യഹോവയാണെന്നു പ്രവാചകൻ അനേകം രൂപകങ്ങളാൽ പ്രകടമാക്കുന്നു. സാഹചര്യത്തിന്റെ കഠോരതയിൽ തന്റെ ക്ലേശം ഓർക്കാൻ എഴുത്തുകാരൻ ദൈവത്തോട് അപേക്ഷിക്കുകയും യഹോവയുടെ സ്നേഹദയയിലും കരുണയിലും വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു. തുടർച്ചയായ മൂന്നു വാക്യങ്ങളിൽ “നല്ല” എന്ന പദമുണ്ട്, യഹോവയിൽനിന്നുളള രക്ഷക്കായി കാത്തിരിക്കുന്നതിന്റെ ഔചിത്യം കാണിച്ചുതരുകയും ചെയ്യുന്നു. (3:25-27) യഹോവ ദുഃഖത്തിനിടയാക്കിയിരിക്കുന്നു, എന്നാൽ അവൻ കരുണയും കാണിക്കും. എന്നാൽ ഇപ്പോൾ മത്സരം ഏററുപറഞ്ഞിട്ടും യഹോവ ക്ഷമിച്ചിട്ടില്ല; അവൻ തന്റെ ജനത്തിന്റെ പ്രാർഥനകളെ തടയുകയും അവരെ വെറും “ചവറും എച്ചിലും” ആക്കുകയും ചെയ്തിരിക്കുന്നു. (3:45) തന്റെ ശത്രുക്കൾ ഒരു പക്ഷിക്കുവേണ്ടിയെന്നപോലെ തന്നെ വേട്ടയാടിയെന്നു കയ്പേറിയ കണ്ണുനീരോടെ പ്രവാചകൻ ഓർക്കുന്നു. എന്നിരുന്നാലും, യഹോവ കുഴിയിലായിരുന്ന അവനോട് അടുത്തുചെല്ലുകയും “ഭയപ്പെടേണ്ട” എന്നു പറയുകയും ചെയ്തു. ശത്രുവിന്റെ നിന്ദക്ക് ഉത്തരം കൊടുക്കാൻ അവൻ യഹോവയോട് അപേക്ഷിക്കുന്നു: “നീ അവരെ കോപത്തോടെ പിന്തുടർന്നു, യഹോവയുടെ ആകാശത്തിൻകീഴിൽനിന്നു നശിപ്പിച്ചുകളയും.”—3:57, 66.
11. യഹോവയുടെ ഉഗ്രകോപം സീയോന്റെമേൽ ഏതു വിധങ്ങളിൽ പകർന്നിരിക്കുന്നു, എന്തുകൊണ്ട്?
11 “അയ്യോ, പൊന്നു മങ്ങിപ്പോയി, നിർമ്മലതങ്കം മാറിപ്പോയി.” (4:1) നാലാമത്തെ കവിത യഹോവയുടെ ആലയത്തിന്റെ മങ്ങലേററ മഹത്ത്വത്തെക്കുറിച്ചു വിലപിക്കുന്നു, അതിന്റെ കല്ലുകൾ തെരുക്കളിൽ ചിതറിവീണിരിക്കുന്നു. സീയോന്റെ വിലയേറിയ പുത്രൻമാർ മൺഭരണികൾ പോലെ വിലയില്ലാത്തവരായിത്തീർന്നിരിക്കുന്നു. വെളളമോ അപ്പമോ ഇല്ല, ആഡംബരത്തിൽ വളർത്തപ്പെട്ടവർ ‘കുപ്പകളെ ആലിംഗനംചെയ്യേണ്ടിവരുന്നു.’ (4:5) ശിക്ഷ സോദോമിന്റെ പാപത്തിന്റേതിലും വലുതുപോലുമാണ്. ഒരു കാലത്തു ‘ഹിമത്തെക്കാൾ നിർമലരും പാലിനെക്കാൾ വെളുത്തവരു’മായിരുന്ന നാസീർവ്രതക്കാർ “കരിക്കട്ടെയെക്കാൾ കറുത്തിരിക്കുന്നു,” എല്ലാവരും ചുരുണ്ടുപോയിരിക്കുന്നു. (4:7, 8) സ്ത്രീകൾ സ്വന്തം കുഞ്ഞുങ്ങളെ വേവിച്ച ഒരു കാലത്തു ക്ഷാമത്താൽ മരിക്കുന്നതിനെക്കാൾ മെച്ചമായിരുന്നു വാളിനാൽ കൊല്ലപ്പെടുന്നത്! യഹോവ തന്റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു. അവിശ്വസനീയമായതു സംഭവിച്ചിരിക്കുന്നു—ശത്രു യെരുശലേമിന്റെ പടിവാതിലിങ്കലേക്കു വന്നിരിക്കുന്നു! എന്തുകൊണ്ട്? നീതിയുളള രക്തം ചൊരിഞ്ഞ “പ്രവാചകൻമാരുടെ പാപങ്ങളും പുരോഹിതൻമാരുടെ അകൃത്യങ്ങളും ഹേതുവായി.” (4:13) യഹോവയുടെ മുഖം അവരുടെനേരെ അല്ല. എന്നിരുന്നാലും, സീയോന്റെ പുത്രിയുടെ അകൃത്യം പൂർത്തിയായിരിക്കുന്നു, അവൾ വീണ്ടും പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുകയില്ല. ഹാ, ഏദോം പുത്രിയേ, ഇപ്പോൾ യഹോവയുടെ കയ്പിൻപാനപാത്രം കുടിക്കാനുളള ഊഴം നിന്റേതാണ്!
12. അഞ്ചാം കവിതയിൽ ഏതു വിനീതമായ അഭ്യർഥന നടത്തുന്നു?
12 അഞ്ചാം കവിത തന്റെ അനാഥജനത്തെ ഓർക്കാൻ യഹോവയോടുളള ഒരു അഭ്യർഥനയോടെ തുടങ്ങുന്നു. യെരുശലേമിലെ നിവാസികൾ സംസാരിക്കുന്നതായി ചിത്രീകരിക്കപ്പെടുന്നു. അവരുടെ പൂർവപിതാക്കൻമാരാണു പാപംചെയ്തിരിക്കുന്നത്, ഇപ്പോൾ അവരുടെ അകൃത്യമാണു ജനം വഹിക്കേണ്ടത്. വെറും ദാസൻമാർ അവരുടെമേൽ ഭരിക്കുന്നു, അവർ വിശപ്പിന്റെ കഠിനവേദനകളാൽ ദണ്ഡനമേൽക്കുകയാണ്. അവരുടെ ഹൃദയാഹ്ലാദം നിലച്ചുപോയിരിക്കുന്നു, അവരുടെ നൃത്തം വിലാപമായി മാറിയിരിക്കുന്നു. അവർ ഹൃദയത്തിൽ രോഗികളാണ്. അവർ വിനീതമായി യഹോവയോട് ഇങ്ങനെ സമ്മതിക്കുന്നു: “യഹോവേ, നീ ശ്വാശ്വതനായും നിന്റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.” അവർ ഇങ്ങനെ വിളിച്ചുപറയുന്നു: “യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന്നു ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങൾക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ. അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?”—5:19-22.
എന്തുകൊണ്ടു പ്രയോജനപ്രദം
13. വിലാപങ്ങൾ ഏതു വിശ്വാസം പ്രകടമാക്കുന്നു, എന്നിരുന്നാലും ദൈവത്തിന്റെ കാർക്കശ്യം പ്രകടമാക്കുന്നതിൽ അതു പ്രയോജനകരമായിരിക്കുന്നത് എന്തുകൊണ്ട്?
13 വിലാപങ്ങളുടെ പുസ്തകം ദൈവത്തിലുളള യിരെമ്യാവിന്റെ പൂർണവിശ്വാസത്തെ വെളിപ്പെടുത്തുന്നു. ഏതെങ്കിലും മാനുഷിക ഉറവിൽനിന്നുളള ആശ്വാസത്തിന്റെ പ്രത്യാശ അശേഷമില്ലാതെ സങ്കടത്തിന്റെയും ഞെരിക്കുന്ന പരാജയത്തിന്റെയും ആഴങ്ങളിൽതന്നെ പ്രവാചകൻ അഖിലാണ്ഡത്തിന്റെ വലിയ ദൈവമായ യഹോവയുടെ കൈയാലുളള രക്ഷക്കുവേണ്ടി നോക്കിപ്പാർത്തിരിക്കുന്നു. വിലാപങ്ങൾ സകല സത്യാരാധകരെയും അനുസരണത്തിനും നിർമലതക്കും പ്രചോദിപ്പിക്കേണ്ടതാണ്, അതേ സമയം ഏററവും വലിയ നാമത്തെയും അതു പ്രതിനിധാനംചെയ്യുന്നതിനെയും അനാദരിക്കുന്നവർക്കു ഭയാവഹമായ മുന്നറിയിപ്പുമായിരിക്കുന്നു. ഇത്ര സങ്കടകരവും ഹൃദയസ്പർശിയുമായ ഭാഷയിൽ ശൂന്യമായ മറെറാരു നഗരത്തെക്കുറിച്ചും വിലപിക്കുന്നതായി ചരിത്രം പ്രകടമാക്കുന്നില്ല. മത്സരികളും ശാഠ്യക്കാരും അനുതാപമില്ലാത്തവരുമായി തുടരുന്നവരോടുളള ദൈവത്തിന്റെ കാർക്കശ്യം വർണിച്ചിരിക്കുന്നതു തീർച്ചയായും പ്രയോജനകരമാണ്.
14. ഏതു ദിവ്യമുന്നറിയിപ്പുകളും പ്രവചനങ്ങളും നിവൃത്തിയേറിയിരിക്കുന്നതായി വിലാപങ്ങൾ പ്രകടമാക്കുന്നു, ഈ പുസ്തകം മററു നിശ്വസ്ത എഴുത്തുകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?
14 അനേകം ദിവ്യ മുന്നറിയിപ്പുകളുടെയും പ്രവചനങ്ങളുടെയും നിവൃത്തി കാണിച്ചുതരുന്നതിലും വിലാപങ്ങൾ പ്രയോജനകരമാണ്. (വിലാ. 1:2—യിരെ. 30:14; വിലാ. 2:15—യിരെ. 18:16; വിലാ. 2:17—ലേവ്യ. 26:17; വിലാ. 2:20—ആവ. 28:53) കൂടാതെ വിലാപങ്ങൾ ആവർത്തനപുസ്തകം 28:63-65-ന്റെ നിവൃത്തിക്കു സുവ്യക്തമായ സാക്ഷ്യം നൽകുന്നുവെന്നും കുറിക്കൊളളുക. തന്നെയുമല്ല, ഈ പുസ്തകത്തിൽ വിശുദ്ധ തിരുവെഴുത്തുകളുടെ മററു ഭാഗങ്ങളെ നിരവധി പ്രാവശ്യം പരാമർശിച്ചിരിക്കുന്നു. (വിലാ. 2:15—സങ്കീ. 48:2; വിലാ. 3:24—സങ്കീ. 119:57) ജനത്തിന്റെ സ്വന്തം ലംഘനങ്ങൾ നിമിത്തമാണ് അനർഥം വന്നതെന്നു പ്രകടമാക്കുന്നതിൽ ദാനീയേൽ 9:5-14, വിലാപങ്ങൾ 1:5-നെയും 3:42-നെയും പിന്താങ്ങുന്നു.
15. ഏതു “പുതുനാളുകളി”ലേക്കു വിലാപങ്ങൾ വിരൽചൂണ്ടുന്നു?
15 യെരുശലേമിന്റെ ശോകപര്യവസായിയായ ദുരവസ്ഥ തീർച്ചയായും ഹൃദയഭേദകമാണ്! ഇതിനെല്ലാമിടയിൽ, യഹോവ സ്നേഹദയയും കരുണയും പ്രകടമാക്കുമെന്നും അവൻ സീയോനെ ഓർക്കുമെന്നും അവളെ തിരികെ കൊണ്ടുവരുമെന്നുമുളള ഉറപ്പു മുഴക്കുന്നു. (വിലാ. 3:31, 32; 4:22) ദാവീദ്, ശലോമോൻ എന്നീ രാജാക്കൻമാർ യെരുശലേമിൽ ഭരിച്ചിരുന്ന പണ്ടത്തെ നാളുകൾ പോലെയുളള “നല്ലകാല”ത്തെക്കുറിച്ചുളള [“പുതുനാളുകൾ” NW] പ്രത്യാശയും അതു പ്രകടമാക്കുന്നു. ഒരു നിത്യ രാജ്യത്തിനുവേണ്ടി ദാവീദിനോടു ചെയ്ത യഹോവയുടെ ഉടമ്പടി ഇപ്പോഴുമുണ്ട്! “അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയത്” ആകുന്നു. അവ യഹോവയെ സ്നേഹിക്കുന്നവരിൽ അവന്റെ നീതിയുളള രാജ്യഭരണത്തിൻകീഴിൽ സകല ജീവികളും നന്ദിയോടെ “യഹോവ എന്റെ ഓഹരി” എന്ന് ഉദ്ഘോഷിക്കുന്നതുവരെ തുടരും.—5:21; 3:22-24.
[അടിക്കുറിപ്പുകൾ]
a ജെ. ആർ. ഡമ്മലോവ് സംവിധാനംചെയ്ത 1952, പേജ് 483.
b വിലാപങ്ങളുടെ പുസ്തകത്തിലെ പഠനങ്ങൾ (ഇംഗ്ലീഷ്), 1954, നോർമൻ കെ. ഗോട്ട്വാൾഡ്, പേജ് 31.