യഹോവയുടെ സാക്ഷികൾ വിദ്യാഭ്യാസത്തെ വീക്ഷിക്കുന്ന വിധം
എല്ലാ മാതാപിതാക്കളെയുംപോലെ, യഹോവയുടെ സാക്ഷികളും തങ്ങളുടെ കുട്ടികളുടെ ഭാവിയിൽ തത്പരരാണ്. അതുകൊണ്ട് അവർ വിദ്യാഭ്യാസത്തിനു വളരെ പ്രാധാന്യം കൽപ്പിക്കുന്നു. “സമൂഹത്തിൽ പ്രയോജനമുള്ള അംഗങ്ങളായിത്തീരാൻ വിദ്യാഭ്യാസം ആളുകളെ സഹായിക്കേണ്ടതാണ്. തങ്ങളുടെ സാംസ്കാരിക പൈതൃകത്തോടു മതിപ്പു വളർത്തിയെടുക്കാനും കൂടുതൽ സംതൃപ്തിദായകമായ ജീവിതം നയിക്കാനും അത് അവരെ സഹായിക്കേണ്ടതാണ്.”
ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയയിൽ നിന്നുള്ള ഈ ഉദ്ധരണി സൂചിപ്പിക്കുന്നതുപോലെ, സ്കൂൾ പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അനുദിന ജീവിതത്തിനായി കുട്ടികളെ പരിശീലിപ്പിക്കുകയെന്നതാണ്. ഒരുനാൾ കുടുംബ ആവശ്യങ്ങൾക്കായി കരുതാൻ അവരെ പ്രാപ്തരാക്കുന്നതും അതിൽ ഉൾപ്പെടുന്നു. അതൊരു വിശുദ്ധ ഉത്തരവാദിത്വമാണെന്നു യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്ത കുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്നു ബൈബിൾ തന്നെയും പറയുന്നുണ്ട്. (1 തിമൊഥെയൊസ് 5:8) സ്കൂളിൽ ചെലവഴിക്കുന്ന വർഷങ്ങൾ ജീവിതത്തിൽ ഏറ്റെടുക്കാൻ പോകുന്ന ഉത്തരവാദിത്വങ്ങൾക്കായി കുട്ടികളെ സജ്ജരാക്കുന്നു. തദനുസരണം, വിദ്യാഭ്യാസത്തെ വളരെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നു സാക്ഷികൾക്കു തോന്നുന്നു.
“സമൂഹത്തിൽ പ്രയോജനമുള്ള അംഗങ്ങളായിത്തീരാൻ വിദ്യാഭ്യാസം ആളുകളെ സഹായിക്കേണ്ടതാണ്. തങ്ങളുടെ സാംസ്കാരിക പൈതൃകത്തോടു മതിപ്പു വളർത്തിയെടുക്കാനും കൂടുതൽ സംതൃപ്തിദായകമായ ജീവിതം നയിക്കാനും അത് അവരെ സഹായിക്കേണ്ടതാണ്.”—ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ” എന്ന ബൈബിൾ കൽപ്പനയ്ക്കു ചേർച്ചയിൽ ജീവിക്കാൻ സാക്ഷികൾ ശ്രമിക്കുന്നു. (കൊലൊസ്സ്യർ 3:23) സ്കൂൾ ഉൾപ്പെടെ അനുദിന ജീവിതത്തിന്റെ എല്ലാ വശങ്ങളിലും ഈ തത്ത്വം ബാധകമാണ്. അങ്ങനെ, ഉത്സാഹത്തോടെ പഠിക്കാനും സ്കൂളിൽ തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ജോലികൾ ഗൗരവമായെടുക്കാനും സാക്ഷികൾ തങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.
“നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്വിൻ.”—കൊലൊസ്സ്യർ 3:23.
ഒരുവൻ വസിക്കുന്ന ദേശത്തെ നിയമങ്ങൾക്കു കീഴടങ്ങിയിരിക്കാനും ബൈബിൾ പഠിപ്പിക്കുന്നു. അതുകൊണ്ട്, ഒരു നിശ്ചിത പ്രായംവരെ സ്കൂൾ പഠനം നിർബന്ധിതമായിരിക്കുന്നിടത്തു യഹോവയുടെ സാക്ഷികൾ ആ നിയമം അനുസരിക്കുന്നു.—റോമർ 13:1-7.
ആരോഗ്യാവഹമായ വിനോദം, സംഗീതം, ഹോബികൾ, ശാരീരിക വ്യായാമം, ഗ്രന്ഥശാലകളും കാഴ്ചബംഗ്ലാവുകളും സന്ദർശിക്കൽ എന്നിവയെല്ലാം സന്തുലിത വിദ്യാഭ്യാസത്തിൽ പ്രധാന പങ്കു വഹിക്കുന്നു
അനുദിന ജീവിതത്തിനുവേണ്ടി പരിശീലിപ്പിക്കപ്പെടുന്നതിന്റെ പ്രാധാന്യം ലഘൂകരിക്കുന്നില്ലെന്നിരിക്കെ, വിദ്യാഭ്യാസത്തിന്റെ ഏക അല്ലെങ്കിൽ പ്രഥമ ലക്ഷ്യം അതല്ലെന്നു ബൈബിൾ കാണിക്കുന്നു. വിജയപ്രദമായ വിദ്യാഭ്യാസം, കുട്ടികളിൽ ജീവിക്കുന്നതിലുള്ള സന്തോഷം ഊട്ടിവളർത്തുകയും നല്ല സമനിലയുള്ള വ്യക്തികളെന്ന നിലയിൽ സമൂഹത്തിൽ നിലകൊള്ളാൻ അവരെ സഹായിക്കുകയും ചെയ്യണം. അതുകൊണ്ട്, ക്ലാസ്സ് മുറിക്കു വെളിയിലുള്ള പ്രവർത്തനങ്ങളുടെ തിരഞ്ഞെടുപ്പു വളരെ പ്രധാനമാണെന്നു യഹോവയുടെ സാക്ഷികൾ കരുതുന്നു. ആരോഗ്യാവഹമായ വിനോദം, സംഗീതം, ഹോബികൾ, ശാരീരിക വ്യായാമം, ഗ്രന്ഥശാലകളും കാഴ്ചബംഗ്ലാവുകളും സന്ദർശിക്കൽ തുടങ്ങിയവ സന്തുലിത വിദ്യാഭ്യാസത്തിൽ പ്രധാന പങ്കു വഹിക്കുന്നതായി അവർ വിശ്വസിക്കുന്നു. അതിനുപുറമേ, പ്രായംചെന്നവരെ ആദരിക്കാനും അവരെ സഹായിക്കാൻ അവസരം തേടാനും അവർ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കുന്നു.
അനുബന്ധ വിദ്യാഭ്യാസം സംബന്ധിച്ചെന്ത്?
നൂതന സാങ്കേതികവിദ്യ നിമിത്തം തൊഴിൽ കമ്പോളം നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. തത്ഫലമായി, നിർദിഷ്ട പരിശീലനം ലഭിക്കാത്ത മേഖലകളിലോ തൊഴിൽ രംഗത്തോ ഒട്ടേറെ ചെറുപ്പക്കാർക്കു വേല ചെയ്യേണ്ടതായിവരുന്നു. സ്ഥിതിഗതികൾ അങ്ങനെയായിരിക്കെ അവരുടെ തൊഴിൽ ശീലങ്ങളും വ്യക്തിപരമായ പരിശീലനവും വിശിഷ്യ, മാറ്റത്തോടു പൊരുത്തപ്പെട്ടുപോകാനുള്ള അവരുടെ കഴിവും അവരെ സംബന്ധിച്ചിടത്തോളം ഏറെ മൂല്യവത്തായിരിക്കും. തദനുസരണം, നവോത്ഥാന ഉപന്യാസകർത്താവായ മൊണ്ടെയ്ൻ പറഞ്ഞതുപോലെ, ‘വിവരങ്ങൾ നിറച്ച തലയ്ക്കു പകരം സുനിർമിതമായ തലയുള്ള’ മുതിർന്നവരായി വിദ്യാർഥികൾ വളരുന്നതാണു മെച്ചം.
സമ്പന്ന-ദരിദ്ര ദേശങ്ങളെ ബാധിക്കുന്ന തൊഴിലില്ലായ്മ, വേണ്ടത്ര യോഗ്യത നേടാത്ത യുവജനങ്ങൾക്കു മിക്കപ്പോഴും ഭീഷണിയാണ്. അതുകൊണ്ട്, നിയമം ആവശ്യപ്പെടുന്ന ചുരുങ്ങിയ പരിശീലനത്തിലും കൂടുതൽ പരിശീലനം തൊഴിൽ കമ്പോളം ആവശ്യപ്പെടുന്നുവെങ്കിൽ, അനുബന്ധ വിദ്യാഭ്യാസം സംബന്ധിച്ചു തീരുമാനമെടുക്കുന്നതിന് അത്തരം കൂടുതലായ പഠനങ്ങളുടെ സാധ്യതയുള്ള നേട്ടങ്ങളും കോട്ടങ്ങളും കണക്കിലെടുത്തുകൊണ്ടു തങ്ങളുടെ കുട്ടികൾക്കു മാർഗനിർദേശം നൽകുന്നതു മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ്.
എന്നിരുന്നാലും, ജീവിത വിജയത്തിൽ ഭൗതിക സമൃദ്ധിയിലുമധികം ഉൾപ്പെട്ടിരിക്കുന്നുവെന്നു നിങ്ങൾ സമ്മതിക്കാനാണു സാധ്യത. ജീവിതകാലം മുഴുവൻ ജീവിതവൃത്തിയിൽ മുഴുകിയിരുന്ന സ്ത്രീ-പുരുഷന്മാർക്കു സമീപകാലങ്ങളിൽ തൊഴിൽ നഷ്ടപ്പെട്ടതോടെ സർവവും നഷ്ടപ്പെട്ടു. തൊഴിലാസക്തരായിരുന്നതു നിമിത്തം ചില മാതാപിതാക്കൾ തങ്ങളുടെ കുടുംബ ജീവിതവും കുട്ടികളോടൊപ്പം ചെലവഴിക്കാമായിരുന്ന സമയവും ബലികഴിക്കുകയും കുട്ടികളെ കരുപ്പിടിപ്പിക്കാനുള്ള അവസരം കളഞ്ഞുകുളിക്കുകയും ചെയ്തിരിക്കുന്നു.
നമ്മെ യഥാർഥത്തിൽ സന്തുഷ്ടരാക്കുന്നതിനു ഭൗതിക സമൃദ്ധിയെക്കാൾ അധികം ആവശ്യമാണെന്ന വസ്തുത സന്തുലിത വിദ്യാഭ്യാസം പരിഗണനയിലെടുക്കണം. ‘“മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു” എന്നു എഴുതിയിരിക്കുന്നു’ എന്ന് യേശുക്രിസ്തു പ്രസ്താവിച്ചു. (മത്തായി 4:4) ക്രിസ്ത്യാനികളെന്ന നിലയിൽ, ധാർമികവും ആത്മീയവുമായ ഗുണങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന്റെയും ഭൗതിക ആവശ്യങ്ങൾക്കായി കരുതുന്നതിനു സ്വയം സജ്ജരാകുന്നതിന്റെയും പ്രാധാന്യത്തെ യഹോവയുടെ സാക്ഷികൾ വിലമതിക്കുന്നു.